ബിഹാർ എന്ന ബൃഹദ് പദ്ധതി

എൻ.ഡി.എ സഖ്യം ബിഹാറിൽ വൻവിജയം നേടി. ഇൻഡ്യ സഖ്യത്തിന് വലിയ തിരിച്ചടി നേരിട്ടു. എന്തുകൊണ്ടാണ് ബിഹാറിൽ ഇങ്ങനെയൊരു ഫലം? എന്താണ് വിജയത്തിനു പിന്നിൽ? തോൽവി എന്തുകൊണ്ട്? –വിശകലനം. ഭരണഘടനാ സംവിധാനങ്ങളുടെ മൂല്യച്യുതിയും നിയമവ്യവസ്ഥയുടെ ലംഘനവും ജനാധിപത്യ ചട്ടക്കൂടുകളുടെ തകർച്ചയും അതിന്റെ പൂർണതയിൽ പ്രതിഫലിപ്പിച്ച ഒരു തെരഞ്ഞെടുപ്പാണ് ബിഹാറിൽ കഴിഞ്ഞത്. അതിനുമാത്രം അനീതിയും അന്യായവും നിറഞ്ഞ ഏകപക്ഷീയമായ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
എൻ.ഡി.എ സഖ്യം ബിഹാറിൽ വൻവിജയം നേടി. ഇൻഡ്യ സഖ്യത്തിന് വലിയ തിരിച്ചടി നേരിട്ടു. എന്തുകൊണ്ടാണ് ബിഹാറിൽ ഇങ്ങനെയൊരു ഫലം? എന്താണ് വിജയത്തിനു പിന്നിൽ? തോൽവി എന്തുകൊണ്ട്? –വിശകലനം.
ഭരണഘടനാ സംവിധാനങ്ങളുടെ മൂല്യച്യുതിയും നിയമവ്യവസ്ഥയുടെ ലംഘനവും ജനാധിപത്യ ചട്ടക്കൂടുകളുടെ തകർച്ചയും അതിന്റെ പൂർണതയിൽ പ്രതിഫലിപ്പിച്ച ഒരു തെരഞ്ഞെടുപ്പാണ് ബിഹാറിൽ കഴിഞ്ഞത്. അതിനുമാത്രം അനീതിയും അന്യായവും നിറഞ്ഞ ഏകപക്ഷീയമായ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു ബിഹാറിലേത്. ജനാധിപത്യത്തെ പരിഹാസ്യമാക്കി ക്രമക്കേടും അഴിമതിയും നിയമലംഘനവും മാത്രം നടത്തി ഒരു തെരഞ്ഞെടുപ്പ് എങ്ങനെ വിജയിക്കാം എന്നാണ് ബിഹാർ കാണിച്ചത്. ബി.ജെ.പിക്ക് ജയിക്കാനായി അടിത്തട്ടിൽ സാമുദായിക സമീകരണത്തിന്റെ പഠനം നടത്തി ഏതൊക്കെ മണ്ഡലങ്ങളിൽ വോട്ട് വെട്ടി മാറ്റലും കൂട്ടിച്ചേർക്കലും നടത്തണമെന്ന് ആസൂത്രണംചെയ്ത് നടപ്പാക്കിയ എസ്.ഐ.ആർ മാത്രമല്ല, കച്ചവടം തുടങ്ങാൻ എന്ന കള്ളം പറഞ്ഞ് വോട്ടെടുപ്പിന്റെ തലേന്നാൾ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ കൈക്കൂലി നൽകിയതു വരെയുള്ള അഴിമതിയുടെയും ക്രമക്കേടുകളുടെയും ഘോഷയാത്രയാണ് ബിഹാർ കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ബിഹാർ ജയിക്കേണ്ടത് രണ്ടു കാരണങ്ങളാൽ അനിവാര്യമായിരുന്നു. അതിന് ഏതറ്റം വരെ പോകാനും അവരൊരുക്കവുമായിരുന്നു. എല്ലാ നിലക്കും ദുർബലമായ ഒരു പ്രതിപക്ഷത്തോട് ഇത്രയും കടുത്ത ജീവൻമരണ പോരാട്ടം നടത്താൻ അവരെ പ്രേരിപ്പിച്ചതും ആ രണ്ടു കാരണങ്ങൾ ആയിരുന്നു.
ഒന്ന് -കേന്ദ്രഭരണത്തിനുള്ള ഭീഷണി അവസാനിപ്പിക്കുക
നരേന്ദ്ര മോദി സർക്കാറിനെ താങ്ങിനിർത്തുന്നത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശവും നിതീഷ് കുമാറിന്റെ ജനതാദൾ-യുവും ആയതിനാൽ ബിഹാറിലെ തോൽവി കേന്ദ്രത്തിൽ മോദി സർക്കാറിനെ അസ്ഥിരമാക്കും. ജനവികാരം ബി.ജെ.പിക്കെതിരെയാണെന്ന് കാണുന്ന നിമിഷം നിരന്തരം ചേരിമാറുന്ന ‘പൾട്ടി ബാബു’ എന്ന തന്റെ വിളിപ്പേരിനെ അന്വർഥമാക്കുന്ന തരത്തിൽ നിതീഷ് കുമാർ ജയിച്ചവരുടെ പക്ഷത്തേക്ക് ചായും. ബിഹാറിൽ മുഖ്യമന്ത്രിപദം കിട്ടാൻ കേന്ദ്രത്തിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കാനും അത്തരമൊരു ഘട്ടത്തിൽ നിതീഷ് തയാറാകും. അതിനാൽ നിതീഷ് കുമാറിനെയും ജനതാദൾ-യുവിനെയും തങ്ങളോടൊപ്പം നിർത്തി തെരഞ്ഞെടുപ്പ് ജയിക്കേണ്ടത് മോദിക്കും അമിത് ഷാക്കും അനിവാര്യമായിത്തീർന്നു.
രണ്ട് -പാർട്ടിയുടെ നിയന്ത്രണം കൈപ്പിടിയിൽ നിലനിർത്തുക
ഒന്നര വർഷത്തോളമായി രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഒരു അഖിലേന്ത്യ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. ജെ.പി. നഡ്ഡയുടെ കാലാവധി കഴിഞ്ഞും പകരം ആൾ വരാത്തതിനാൽ അദ്ദേഹം കസേരയിൽ തുടരുകയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് ആരെ നിയോഗിക്കണം എന്നതിനെ ചൊല്ലി നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുകെട്ടും ആർ.എസ്.എസും തമ്മിലുള്ള തർക്കം കഴിഞ്ഞ ഒരു വർഷമായി തുടരുകയാണ്. മോദിക്കുശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരു വരണം എന്ന തർക്കവുമായി ബന്ധപ്പെട്ട് കൂടിയാണിത്.
ബി.ജെ.പിയെ പൂർണമായും തങ്ങളുടെ വരുതിയിലാക്കിയതിനാൽ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു വിധേയനെ വെക്കണമെന്ന് മോദിയും ഷായും വാശിപിടിക്കുമ്പോൾ അംഗീകരിക്കില്ല എന്ന നിലപാടിലാണ് ബി.ജെ.പിയെ തങ്ങളുടെ നിയന്ത്രണത്തിലേക്ക് തിരികെ കൊണ്ടുവരാൻ നോക്കുന്ന ആർ.എസ്.എസ്. എല്ലാ നേതാക്കളെയും വെട്ടിനിരത്തി മുന്നോട്ടുപോകുന്ന ഇരുവരുടെയും കാലശേഷം ബി.ജെ.പിതന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് പ്രവർത്തന രംഗത്ത് 100 വർഷം തികച്ച സംഘം. സംഘടനാ സംവിധാനങ്ങൾ പൂർണമായും രാജ്യഭരണം എന്നപോലെ മോദിയുടെയും ഷായുടെയും കൈകളിൽ അമർന്നിരിക്കുന്നു. എൻ.ഡി.എക്ക് ക്ഷീണം നേരിടുമെന്ന് ആർ.എസ്.എസ് ആദ്യം കരുതിയിരുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തങ്ങൾ ഉദ്ദേശിച്ച വ്യക്തിയെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാമെന്നാണ് ആർ.എസ്.എസ് ഏറ്റവും ഒടുവിൽ കണക്കുകൂട്ടിയിരുന്നത്. ബിഹാർ കഴിയാൻ കാത്തിരിക്കുകയായിരുന്നു സംഘത്തിന്റെ നോമിനികൾ. ആ നിലക്കുകൂടിയാണ് ബിഹാർ ജയിക്കേണ്ടത് മോദിക്കും അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ കൊതിച്ചിരിക്കുന്ന അമിത്ഷാക്കും അനിവാര്യമായിത്തീർന്നത്.
ഈ കാരണങ്ങളാൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അത്യന്തം അഭിമാന പ്രശ്നമായെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് ബിഹാർ കണ്ടത്. വോട്ടർപട്ടിക തൊട്ടേ തുടങ്ങി അതിനുള്ള ഒരുക്കം. ബി.ജെ.പിയും സഖ്യകക്ഷികളും ജയിക്കുകയും എതിരാളികൾ തോൽക്കുകയും ചെയ്യുന്ന ഒരു വോട്ടർപട്ടിക തയാറാക്കുകയായിരുന്നു പ്രാഥമിക നടപടി. ആഭ്യന്തര മന്ത്രാലയത്തിൽ തന്റെ ഏറ്റവും വിശ്വസ്തനായിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ കൊണ്ട് വളരെ തിരക്കിട്ട് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മാത്രമല്ല, സുപ്രീംകോടതിയെപോലും വരുതിയിൽ നിർത്തിയാണ് 68.66 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റിയും 21 ലക്ഷം ‘പുതിയ’ വോട്ടർമാരെ കൂട്ടിച്ചേർത്തും എൻ.ഡി.എക്ക് ചരിത്രവിജയത്തിനുള്ള നിലമൊരുക്കിയത്.
വെട്ടിമാറ്റിയത് ആരെയെന്നും കൂട്ടിച്ചേർത്തത് ആരെയെന്നും ബൂത്ത് തലത്തിൽ വോട്ടർപട്ടിക പരിശോധിച്ചു കണ്ടുപിടിക്കാനുള്ള സാവകാശം ലഭിക്കും മുമ്പേ പ്രതിപക്ഷ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങേണ്ടി വന്നു. സ്വന്തം ബൂത്തിൽ പുതുതായി തയാറാക്കിയ വോട്ടർപട്ടിക പരിശോധിക്കാൻ സമയം വിനിയോഗിക്കുന്നതിന് പകരം പാർട്ടിയുടെ തെരഞ്ഞെടുപ്പ് കാമ്പയിനിൽ പ്രവർത്തകർക്ക് സജീവമാകേണ്ടി വന്നു. ഇതുമൂലം കേഡർ പാർട്ടികൾ എന്ന് നാം കരുതുന്ന ഇടതുപക്ഷത്തെ സി.പി.ഐ, സി.പി.എം, സി.പി (എം.എൽ) തുടങ്ങിയവർക്കുപോലും വെട്ടിമാറ്റിയവരുടെയും കൂട്ടിച്ചേർത്തവരുടെയും ബൂത്തുതല കണക്കുകൾ സമാഹരിക്കാൻ ആയില്ല. ഒടുവിൽ തെരഞ്ഞെടുപ്പ് നാളിൽ പത്തും അമ്പതും പേർ ഓരോ ബൂത്തിലും വന്ന് മടങ്ങിപ്പോകുന്നത് കണ്ടപ്പോഴാണ് തങ്ങളുടെ ബൂത്തുകളിലും വോട്ടുവെട്ടലും വോട്ട് ചേർക്കലും നടന്നിട്ടുണ്ടെന്ന് മഹാസഖ്യത്തിലെ പാർട്ടികൾ മനസ്സിലാക്കുന്നത്.
ഒരു കോടി വോട്ടർമാർക്ക് 10,000 വീതം കൈക്കൂലി
വോട്ടർപട്ടിക ജയിക്കാവുന്ന പാകത്തിലാക്കി അടങ്ങിയിരുന്നില്ല അമിത് ഷാ. ഭരണവിരുദ്ധ വികാരം അതിനുമാത്രം ശക്തമായി യുവാക്കളിൽ നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സ്ത്രീ വോട്ടർമാരുടെ അക്കൗണ്ടുകളിൽ പതിനായിരം രൂപ വീതം നിക്ഷേപിക്കാനുള്ള 30,000 കോടി വക മാറ്റി ചെലവഴിക്കാൻ നിതീഷ് കുമാറിന് അനുമതി നൽകിയത്. വോട്ടുചെയ്യുന്നതിന്റെ തലേന്നാൾ കിട്ടിയ പതിനായിരംകൊണ്ട് സ്ത്രീ വോട്ടർമാരെങ്കിലും ഭരണവിരുദ്ധ വികാരം മറക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. പ്രതിപക്ഷം പ്രഖ്യാപിക്കുമ്പോൾ സൗജന്യങ്ങൾ എന്നുപറഞ്ഞ് ആക്ഷേപിക്കുകയും പരിഹസിക്കുകയും അതിനെതിരെ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തുകയും ചെയ്ത ബി.ജെ.പി തന്നെ ബിഹാറിൽ വോട്ട് ചെയ്യുന്നതിന് കൈക്കൂലിയായി രണ്ടുനാൾ മുമ്പ് പതിനായിരം രൂപ വീതം ഒരു കോടിയിലേറെ സ്ത്രീ വോട്ടർമാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.
സീറ്റ് നിർണയിക്കുന്നതിൽ മാത്രമല്ല, നിർണയിച്ച സീറ്റുകളിൽ ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും സ്ഥാനാർഥികളുടെ ജയം ഉറപ്പാക്കുന്നതിനും ഏതറ്റം വരെ പോകുമെന്നും ബിഹാർ കാണിച്ചു. ഓരോ മണ്ഡലത്തിലും സ്വന്തം സ്ഥാനാർഥികൾക്ക് പുറമെ മറ്റു പാർട്ടികളുടെ സ്ഥാനാർഥികളെയും അമിത് ഷാ തീരുമാനിക്കുന്ന സാഹചര്യമുണ്ടായി. ബി.ജെ.പി നിർത്തിയ സമുദായക്കാരനെ മറ്റൊരു പാർട്ടി സ്ഥാനാർഥിയാക്കിയ ഗോപാൽ ഗഞ്ച് ഉദാഹരണം. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഗോപാൽ ഗഞ്ചിൽ നിർത്തിയ സ്ഥാനാർഥി പിന്മാറിയത് അമിത് ഷായുടെ വിളി ആ സ്ഥാനാർഥിക്ക് ചെന്നിട്ടാണ്.
ഇങ്ങനെ ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഗതിവിഗതികൾ അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽതന്നെ നടന്നു. സ്വന്തം സ്ഥാനാർഥികൾ തോൽക്കാൻ ഇടയാക്കുന്ന ചെറു പാർട്ടികളുടെയും സ്വതന്ത്രരുടെയും നാമനിർദേശ പത്രിക പിൻവലിപ്പിക്കുന്നിടത്ത് ഒതുങ്ങാതെ എതിരാളികളുടെ വോട്ടുകൾ ഭിന്നിപ്പിക്കാവുന്ന തരത്തിൽ ചെറു പാർട്ടികളെയും സ്വതന്ത്രരെയും സീമാഞ്ചൽപോലുള്ള മേഖലകളിൽ സ്ഥാനാർഥികളാക്കി രംഗത്തിറക്കി.

വിശ്വാസ്യത നഷ്ടപ്പെട്ട വോട്ടുയന്ത്രവും വിവിപാറ്റും
പഴുതടച്ച പ്രചാരണത്തിലും അണുവിട വിട്ടുകൊടുക്കാതെ കോടികൾ ഒഴുക്കി മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും വിലക്കെടുത്തും പ്രതിപക്ഷം തങ്ങളുടെ ബഹുദൂരം പിറകിലാണെന്ന് സ്ഥാപിച്ചു. വോട്ടർപട്ടികയും സ്ഥാനാർഥിനിർണയവും പ്രചാരണവുംകൊണ്ടു തീർന്നില്ല. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ പോൾ ചെയ്ത വോട്ടുകളുടെ വിവിപാറ്റ് സ്ലിപ്പുകൾ വഴിയോരങ്ങളിൽനിന്ന് കിട്ടിത്തുടങ്ങി. ചെങ്കോട്ട സ്ഫോടനത്തിൽ രാജ്യം നടുങ്ങിനിൽക്കുന്ന രാവുകളിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സി.സി.ടി.വി ഓഫാക്കി പാതിരാവുകളിൽ വലിയ പെട്ടികളും ആയി ട്രക്കുകൾ കയറിയിറങ്ങി. ഒടുവിൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ പല ബൂത്തുകളിലെയും പെട്ടികളിൽ ചെയ്ത വോട്ടുകൾ കാണാനില്ലെന്ന് പരാതിയുമായി സ്ഥാനാർഥികൾ രംഗത്തുവന്നു. ബിഹാർ ഷെരീഫിലെ തങ്ങളുടെ മോസ്കോ ആയ 18, 19, 20 വാർഡുകളിലെ 20 ബൂത്തുകളിൽ ചെയ്ത പതിനായിരം വോട്ടുകളിൽ 300 വോട്ടുകൾ മാത്രമാണ് വോട്ടുയന്ത്രത്തിൽ കണ്ടതെന്ന ആവലാതിയുമായി സി.പി.ഐ സ്ഥാനാർഥി ശിവകുമാർ യാദവ് രംഗത്തുവന്നത് ഒരു ഉദാഹരണം.
അടിത്തട്ടിൽ എത്താത്ത മുകൾപ്പരപ്പിലെ ഓളങ്ങൾ
വോട്ടർപട്ടിക തയാറാക്കുന്നത് തൊട്ട് വോട്ടെണ്ണിത്തീരുന്നതു വരെയുള്ള ഒരു ബൃഹദ് പദ്ധതിയായിരുന്നു എൻ.ഡി.എക്ക് ബിഹാർ തെരഞ്ഞെടുപ്പ് എങ്കിൽ നേർവിപരീതമായിരുന്നു മഹാസഖ്യത്തിന്റെ സ്ഥിതി. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയും തേജസ്വി സ്വന്തംനിലക്ക് അതിനുശേഷം നടത്തിയ യാത്രയും മുകൾപ്പരപ്പിൽ സൃഷ്ടിച്ച അനുകൂല ഓളംകൊണ്ട് ഭരണത്തിൽ ഏറുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. കവലകളിലെ ആൾക്കൂട്ടവും റാലികളിലെ ജനബാഹുല്യവും വോട്ടുയന്ത്രങ്ങളിൽ തങ്ങളുടെ ഭൂരിപക്ഷമായി മാറുമെന്നും ബൂത്തു തലത്തിൽ പ്രവർത്തനത്തിന് ആരെയും െവക്കേണ്ടതില്ലെന്നും മഹാസഖ്യം കരുതി. എസ്.ഐ.ആർ അന്തിമപട്ടികയിൽനിന്ന് വെട്ടിമാറ്റിയതും കൂട്ടിച്ചേർത്തതുമായി 90 ലക്ഷം വോട്ടുകളുടെ അന്തരം ഉണ്ടായിട്ട് ഏതൊക്കെ ബൂത്തുകളിലാണ് ആ അന്തരം സംഭവിച്ചതെന്ന് ഒരു ആവർത്തി വോട്ടർപട്ടിക വായിച്ചു നോക്കി കണ്ടെത്താൻപോലും ഒരു സഖ്യകക്ഷിയും മെനക്കെട്ടില്ല. എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി ബി.എൽ.ഒമാർക്കൊപ്പം പോകാൻ നിയോഗിക്കാൻ കമീഷൻ മുന്നോട്ടുവെച്ച വ്യവസ്ഥ സ്വന്തം വോട്ട് ഉറപ്പിക്കാനായി ഉപയോഗപ്പെടുത്താൻപോലും കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും ഇടതു പാർട്ടികളുടെയും നേതാക്കൾക്ക് കഴിഞ്ഞില്ല. അപൂർവമായി ബി.എൽ.ഒമാർക്കൊപ്പം പോയ ബി.എൽ.എമാരെ ഉപയോഗപ്പെടുത്താനും മുതിർന്നില്ല.
വോട്ടെടുപ്പിനു മുമ്പേ തോറ്റ മഹാസഖ്യം
രണ്ട് യാത്രകളുടെ ആവേശം ആ തരത്തിൽ ബൂത്തുതല പ്രവർത്തനങ്ങളിലേക്ക് എത്തിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തെളിവ് സമാഹരിക്കുന്നതിനു പകരം വോട്ടെടുപ്പിന് മുമ്പേ വോട്ടുചോരിയുടെ തെളിവുകൾ കണ്ടെത്താമായിരുന്നു. തങ്ങൾക്ക് ജയിക്കാൻ പാകത്തിൽ ഉണ്ടാക്കിയ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ വോട്ടിനു മുമ്പേ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തുടങ്ങുന്നു മഹാസഖ്യത്തിന്റെ മഹാതോൽവിയുടെ തുടക്കം. അതുകഴിഞ്ഞ് ജാതി സമീകരണവും ഭരണവിരുദ്ധ വികാരവും നോക്കി ഓരോ മണ്ഡലത്തിലും സ്ഥാനാർഥിയെ നിർണയിച്ച് എൻ.ഡി.എ ഒരുപടി മുന്നോട്ടു പോയപ്പോൾ നാമനിർദേശപത്രിക സമർപ്പണത്തിന്റെ അവസാന തീയതി വരെ സീറ്റുകൾക്കായി തമ്മിലടിക്കുകയായിരുന്നു മഹാസഖ്യം.
മുന്നണിക്കുള്ളിൽ ശണ്ഠകൂടി സീറ്റുകൾ അത്രയും തർക്കിച്ച് വാങ്ങിയത് ജയിക്കാനായിരുന്നില്ലെന്നും വിൽക്കാനായിരുന്നു എന്നുമുള്ള വർത്തമാനങ്ങളാണ് പിന്നീട് പട്നയിൽനിന്നും കേട്ടത്. സീറ്റ് ലഭിക്കുമെന്ന് കരുതി വോട്ടർ അധികാർ യാത്ര തൊട്ട് പ്രവർത്തിച്ച കോൺഗ്രസ് നേതാക്കളോട് രണ്ടു മുതൽ ഏഴ് കോടി രൂപ വരെ ടിക്കറ്റിന് നൽകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ട കഥകൾ വാർത്താസമ്മേളനത്തിലൂടെയും അല്ലാതെയും കേട്ടു. 60 സീറ്റ് കോൺഗ്രസ് ചോദിച്ചു വാങ്ങിയത് 35ഉം വിൽക്കാനായിരുന്നു എന്ന് തോന്നിക്കുന്ന തരത്തിൽ ആയിരുന്നു ബിഹാറിൽ കോൺഗ്രസിന്റെ പ്രചാരണ രംഗത്തുള്ള അവസ്ഥ. കേവലം 25 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ഒരു മത്സരം കാഴ്ചവെച്ചതുപോലും. വോട്ടർ അധികാർ യാത്ര കോൺഗ്രസ് നടത്തിയതുപോലും ആർ.ജെ.ഡിയോട് കൂടുതൽ സീറ്റുകൾ വിലപേശി വാങ്ങി വിൽക്കാനായിരുന്നോ എന്നുപോലും ബിഹാറിലെ വോട്ടർമാർ ചോദിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. രണ്ടുമാസം സ്വന്തം പണമിറക്കി പ്രവർത്തകരെ സംഘടിപ്പിച്ച് വോട്ടർ അധികാർ യാത്ര വിജയിപ്പിക്കാൻ തങ്ങൾ നടത്തിയ അധ്വാനം പാഴായതിന്റെ പ്രതികാരം പെയ്ഡ് സീറ്റുകളിൽ പാർട്ടി നിർത്തിയ സ്ഥാനാർഥികളോട് തീർക്കും എന്ന് വാർത്താസമ്മേളനം നടത്തി തന്നെ പല നേതാക്കളും പ്രഖ്യാപിച്ചു. സീറ്റ് വിതരണം നടത്തിയ എ.ഐ.സി.സി ഭാരവാഹികൾക്കെങ്കിലും ഇതെല്ലാം അറിയാമായിരുന്നു.
തമ്മിലടിച്ച് തോൽവി
ഇതുമൂലം സഖ്യത്തിലെ പാർട്ടികൾ തമ്മിലല്ല പാർട്ടികൾക്കുള്ളിലെ അടിയും വോട്ടർമാർ ലൈവ് ആയി കണ്ടു. സീറ്റ് വീതംവെപ്പിനായി എത്തിയ ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കൃഷ്ണ അല്ലാവുരുവിനെയും ബിഹാർ നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാനെയും അടിക്കാൻ കോൺഗ്രസ് പ്രവർത്തകർ എയർപോർട്ട് വരെയെത്തി. കടുത്ത ഭരണവിരുദ്ധ വികാരം കൂട്ടായി പ്രതിഫലിപ്പിക്കാൻ കരുതിയവർപോലും, എന്തിന് തങ്ങൾ ഇവർക്കായി ബൂത്തിൽ പോകണമെന്ന് ചിന്തിപ്പിക്കുന്ന മട്ടിലായിരുന്നു മഹാസഖ്യത്തിലെ നേതാക്കളുടെ പ്രകടനം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പലരെയും അമ്പരപ്പിച്ചിട്ടുണ്ടാകാമെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഒട്ടും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടാവില്ല. വോട്ടെടുപ്പിന്റെ തലേന്നാൾ ബിഹാറിൽനിന്ന് വോട്ട് വെട്ടിമാറ്റിയവരെ കോൺഗ്രസ് ആസ്ഥാനത്തെ വേദിയിൽ കാണിച്ച് ഇങ്ങനെ നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കും എന്ന പ്രതീക്ഷ വേണ്ടെന്ന് വ്യക്തമായി രാഹുൽ പറഞ്ഞിരുന്നതാണ്. എന്നാൽ, ഫലം ഇത്രയും ദയനീയം ആകുമെന്ന് രാഹുൽപോലും കരുതിക്കാണില്ല.

ബിഹാർ ഒരു ഒറ്റപ്പെട്ട തെരഞ്ഞെടുപ്പ് പരീക്ഷണമല്ല. ഒരു രാജ്യവും ഒരു തെരഞ്ഞെടുപ്പും ഒരു പാർട്ടിയും ഉള്ള ഇന്ത്യ എന്ന ബി.ജെ.പിയുടെ ബൃഹദ് പദ്ധതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. എസ്.ഐ.ആർ ആയിരുന്നില്ല ശരിക്കും ബിഹാറിലെ പൈലറ്റ് പ്രോജക്ട്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ആ പൈലറ്റ് പ്രോജക്ട്. തങ്ങൾക്കുമാത്രം ജയിക്കാൻ കഴിയുന്ന ഒരു വോട്ടർപട്ടിക എസ്.ഐ.ആറിലൂടെ ഉണ്ടാക്കി ബിഹാർ മാതൃകയിൽ ബംഗാളും അസമും കേരളവും എല്ലാം തങ്ങളുടെ കാൽക്കീഴിൽ ആക്കുന്നതിനുള്ള പടപ്പുറപ്പാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ഒരുമിച്ച് ചേർന്ന് തുടങ്ങിക്കഴിഞ്ഞു. അത് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ, ബിഹാറിൽനിന്നുള്ള പാഠം പഠിക്കാതെ എസ്.ഐ.ആർ പൂർണമായും അവഗണിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ തദ്ദേശ വോട്ടർപട്ടികയിൽ കൂട്ടലും കിഴിക്കലും നടത്തി മതിമറന്നിരിക്കുകയാണ് കേരളത്തിലെ ഇടതും വലതും മുന്നണികൾ. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എസ്.ഐ.ആർ പട്ടിക ബി.ജെ.പിയും കമീഷനും തയാറാക്കി കഴിഞ്ഞിട്ടുണ്ടാകും.

