ഉടമ്പടി

കഷണ്ടിയോഗമില്ലാത്തോർക്ക് വെള്ളി വീണുതുടങ്ങുക നാൽപതുകളിലാണ്. അത്രടം, പ്രായത്തെപ്പറ്റി അത്ര ചിന്തയുണ്ടാവില്ല. പിന്നീട് പക്ഷേ, വർഷമേറുന്തോറും വ്യഗ്രതയായിത്തുടങ്ങുന്നു വയസ്സ്. ആവേഗങ്ങൾ തെല്ലു കുറഞ്ഞുവരും ആയാസങ്ങൾ മെല്ലെ ഏറിയും.പ്രായമേറലിന്റെ ശാസ്ത്രംതന്നെ പറയുന്നുണ്ട്, ഉടലിന്റെയും ഉള്ളിന്റെയും ശേഷിയിൽ വന്നണയുന്ന നേർത്ത വ്യത്യാസങ്ങളുടെ കഥ. ഗ്രാഫിലെ മിക്ക രേഖകളും നടാടെ കീഴോട്ടു ചൂണ്ടിത്തുടങ്ങുന്നു, മുന. ശേഷിപ്പത് തിരശ്ചീനം, മിക്കവാറും. രേഖകളുടെ അവരോഹണം മന്ദമാക്കാനായെന്നു വരും, മുടക്കാനാവില്ല. ഈ തിരിച്ചറിവല്ല പക്ഷേ മിക്കവരെയും തുടർന്നു നയിക്കാറ്. പ്രാതികൂല്യത്തിന്റെ നേർമുഖത്ത്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കഷണ്ടിയോഗമില്ലാത്തോർക്ക് വെള്ളി വീണുതുടങ്ങുക നാൽപതുകളിലാണ്. അത്രടം, പ്രായത്തെപ്പറ്റി അത്ര ചിന്തയുണ്ടാവില്ല. പിന്നീട് പക്ഷേ, വർഷമേറുന്തോറും വ്യഗ്രതയായിത്തുടങ്ങുന്നു വയസ്സ്. ആവേഗങ്ങൾ തെല്ലു കുറഞ്ഞുവരും ആയാസങ്ങൾ മെല്ലെ ഏറിയും.പ്രായമേറലിന്റെ ശാസ്ത്രംതന്നെ പറയുന്നുണ്ട്, ഉടലിന്റെയും ഉള്ളിന്റെയും ശേഷിയിൽ വന്നണയുന്ന നേർത്ത വ്യത്യാസങ്ങളുടെ കഥ. ഗ്രാഫിലെ മിക്ക രേഖകളും നടാടെ കീഴോട്ടു ചൂണ്ടിത്തുടങ്ങുന്നു, മുന. ശേഷിപ്പത് തിരശ്ചീനം, മിക്കവാറും. രേഖകളുടെ അവരോഹണം മന്ദമാക്കാനായെന്നു വരും, മുടക്കാനാവില്ല. ഈ തിരിച്ചറിവല്ല പക്ഷേ മിക്കവരെയും തുടർന്നു നയിക്കാറ്. പ്രാതികൂല്യത്തിന്റെ നേർമുഖത്ത് മനുഷ്യനൊരു പ്രച്ഛന്നമുഖമുണ്ടല്ലോ –സങ്കോചം അകത്തൊളിപ്പിച്ച് പുറമേക്ക് പിടിക്കുന്ന സുധീരമുഖം. ഗത്യന്തരമില്ലാണ്ടല്ലേ ഈ മുഖവുറ?
അമേരിക്കയിൽ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കവി (സംശയിക്കേണ്ട, അമേരിക്ക തന്നെ) ജോർജ് ഒപെൻ വിസ്മയം കൂറിയിട്ടുണ്ട്, ‘‘ഒരു കൊച്ചു കുട്ടിക്കുമേൽ എത്ര വിചിത്രമായ കാര്യങ്ങളാണീ സംഭവിക്കുന്നത്...’’ (Of Being Numerous). ക്ഷമിക്കണം, ബാല്യമല്ല വിവക്ഷ. മുതിർന്നുപോയൊരു ദേഹക്കൂടിൽപ്പെട്ട് അന്ധാളിക്കുന്ന ആ കുട്ടിയെക്കുറിച്ചാണ് –മനസ്സ്. തഴമ്പുവീണ കൈത്തലവും ഞരമ്പെഴുന്ന കൈത്തണ്ടയും നോക്കി ആ ‘കുട്ടി’ പലപ്പോഴും ആശ്ചര്യപ്പെടാറില്ലേ, എനിക്കിതെന്താണീ സംഭവിക്കുന്നതെന്ന്?
45-50 പിന്നിട്ടവർക്കറിയാം, ഇടപ്രായത്തിലെ മുതിരലിലുള്ള മറിമായം, മാറ്റങ്ങളുടെ താന്തോന്നിത്തം. മാറിക്കോട്ടെ. എന്നുകരുതി ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ വേണ്ടേ, മാറ്റത്തിന്? ആ ചോദ്യത്തിന് ഒന്നേയുള്ളൂ ഉത്തരം; കാലത്തിന്റെ കരകൗശലത്തിനില്ല ക്രമവും ചിട്ടയും. ഉണ്ടായിരുന്നേൽ അതോടു സമരസപ്പെട്ട് നീങ്ങാൻ കഴിഞ്ഞേനേ. മറിച്ച്, സുരക്ഷിതത്വത്തിന്റെ വ്യാജബോധത്തിലേക്ക് താരാട്ടി മയക്കിയിട്ട് ഓർക്കാപ്പുറത്ത് ഓരോരോ കുതിപ്പും തളപ്പും. അങ്ങനെയാണ് പ്രായത്തിന്റെ ലീല. ഒപ്പമെത്താൻ മനസ്സിന് ശ്വാസനേരം തരാതുള്ള വിക്രിയകൾ. നിനച്ചിരിക്കാതുള്ള മാറ്റങ്ങളിൽ ഉടലുപെടുമ്പോൾ, അറിയാതെ മിഴിച്ചുപോവും, ഉള്ള്: ‘ഞാനിതെവിടെയാ?’
ഗണിതശാസ്ത്രജ്ഞൻ സ്റ്റാനിസ്വാഫ് ഊലം ആത്മകഥയിൽ പകുത്തിട്ടുണ്ട് സ്വന്തം ജീവിതത്തെ രണ്ടു പാതികളായി: ‘‘ഒന്നാം പാതിയിൽ, കൂട്ടത്തിലെ ഏറ്റവും ഇളയത് ഞാനായിരുന്നു, സദാ. രണ്ടാം പാതിയിൽ ഞാനായി ഏറ്റവും മൂത്തത്, സദാ. എവിടെയായിരുന്നു ഈ മാറ്റത്തിന്റെ അതിർരേഖ, ഒരു പിടിയുമില്ല’’ (Adventures of A Mathematician). ഗണിതജ്ഞനെന്നല്ല ആർക്കും പിടിതരില്ല പ്രായസംക്രാന്തി.
ജീവനവഴിയിൽ കാലേക്കൂട്ടി സാഫല്യം കിട്ടിയോരിലാണ് ഊലത്തിന്റെ ഇപ്പറഞ്ഞ തോന്നൽ ശക്തമാവുക. കൂട്ടരിൽ ഏറ്റവും ഇളുപ്പമെന്നു തോന്നിക്കെ, പ്രായാതീതമായ സ്വന്തം ശേഷിക്ക് ചുറ്റിലായി വ്യക്തിത്വം ചമയ്ക്കുക സ്വാഭാവികം. പിന്നീട് ഇളമയിളഞ്ഞ് മുതുമ വരുമ്പോൾ ആ നിർമിത വ്യക്തിത്വത്തിന്റെ പ്രഭാവലയം ഇളയുന്നു. അതുകൊണ്ടുതന്നെ, തനിക്കേറ്റം യുക്തമായ ജീവിതവേഗമേതെന്ന് തീരെ ചെറുപ്പത്തിലേ ഉറപ്പിക്കാതിരിക്കയാണ് നന്ന്. ഉദാഹരണത്തിന് പ്രായം ഇരുപതുകളിലെങ്കിൽ ഒരുപാടങ്ങ് വ്യായാമപടുവാകാതിരിക്കുക, ആഹാരത്തിൽ ഒരുപാടങ്ങ് നിഷ്ഠെവക്കാതിരിക്കുക. കാരണം, നന്നേ ചെറുതിലേ അത്രക്ക് ‘ബലം പിടിച്ചാൽ’ അവരോഹണവും നേരത്തേ തുടങ്ങും. നിയന്ത്രണങ്ങൾ ലേശം മുന്നോട്ടുനീക്കിയാൽ അവരോഹണവും നീട്ടിെവക്കാം.
ഇളമയിലേ ആരോഗ്യപടുവായാലും ഉരുപ്പടി വേറൊന്ന് ഒപ്പമുണ്ട് –മനസ്സ്. അതിന്റെ ആയവും വ്യയവും ഒന്നു വേറെ. ‘‘ഏതാണ്ട് മൂന്നു കൊല്ലം മുമ്പ്...’’ അങ്ങനെയാവും 20-30 വയസ്സിൽ പല ഓർമകളും പറഞ്ഞുതുടങ്ങുക. പിന്നെ, എപ്പഴോ തെല്ലൊരു മാറ്റം വന്നുതുടങ്ങുന്നു, പറച്ചിലിൽ: ‘‘പത്തിരുപത് കൊല്ലം മുമ്പ്..’’ മൂന്ന്, പത്തിരുപതായി തുടങ്ങുമ്പോഴാണ് വയസ്സ് പത്തിരുപത് കൂടിയെന്നോർക്കുക. പ്രായമാകൽ ഒരു സവാരിയാണ്, കുണ്ടും കുഴിയും വളവും തിരിവുമൊക്കെയുള്ള പോക്ക്. പോകുമ്പോൾ അറിയില്ല പോകയാണെന്ന്. അറിയുമ്പോൾ പോകില്ല അഴൽക്കുത്ത്. അത് അങ്ങനെയായതിന് കാരണം ഒരു വിച്ഛേദനമാണ് –ശരിക്കുള്ള വയസ്സും സ്വയം തോന്നുന്ന വയസ്സും തമ്മിലെ വിടവ്.
പലരും പറയാറുണ്ട്, ‘‘മനസ്സാ ഞാൻ ചെറുപ്പമാ.’’ മോഹചിന്ത അല്ലെങ്കിൽ പ്രച്ഛന്നനിരാശ –അങ്ങനെ പറഞ്ഞു ചിരിക്കാം. പക്ഷേ, ഈ പറച്ചിലിൽ പതിയിരിപ്പുണ്ട് ഒരു കുഞ്ഞുനേര്: നാഡീശാസ്ത്രം അതിനെ Proprioception എന്നാ വിളിക്കുക –സ്വന്തം ഉടലനക്കത്തെക്കുറിച്ച ഉടമയുടെ ഉൾക്കാഴ്ച. ചലിക്കുമ്പോൾ, കൈകാലുകളുടെ സ്ഥാനവും വേഗവും ചലനരീതികളും സംബന്ധിച്ച അവബോധം. അതു കുറഞ്ഞുവന്നാൽ പ്രവൃത്തികളെ സ്വാഭാവികതയോടെ നിയന്ത്രിക്കാനാവാതാവും, ബോധപൂർവശ്രമം വേണ്ടിവരും. ഇതേമാതിരി പ്രായത്തെക്കുറിച്ചുമുണ്ട് ഒരു സ്വാവബോധം. പക്ഷേ 40 വയസ്സിന് ചുറ്റിലായി അത് മങ്ങിത്തുടങ്ങുന്നു. 18ൽ വയസ്സ് പതിനെട്ടായിത്തന്നെ തോന്നും, 35ൽ മുപ്പത്തഞ്ചായും. എന്നാൽ, 53ൽ സംഗതി 35 ആയി തോന്നുന്നവരുണ്ട്. 60ൽ 45 ആയും. 70 കഴിഞ്ഞവരിൽ നടത്തിയ പഠനങ്ങൾ ചിലതുണ്ട്, രസകരം. ശരാശരി 10-12 വയസ്സ് ചെറുപ്പമായാണ് മിക്കവരും സ്വയം കരുതിയത്. 73കാരന് 60, 76കാരിക്ക് 65 എന്നിങ്ങനെ. ഉള്ളാലെ തോന്നുന്ന പ്രായത്തിനും ശരിയായ പ്രായത്തിനുമിടയിൽ ദല്ലാളാകേണ്ടിവരുന്നു ഉടലിന്റെ ഉടമക്ക്, എന്നാൽ ദേഹം കൂടുതൽ വൃദ്ധമാകുന്തോറും മനസ്സ് ഈ വിടവടയ്ക്കുന്നു. ധനനിക്ഷേപത്തിന്റെ ആഗോള ഗുരുവായ വാറൻ ബഫറ്റിന്റെ ശ്രദ്ധേയമായ ഒരു സൂചനയുണ്ട്: ‘‘90 വയസ്സുവരെ വാർധക്യം തോന്നിയതേയില്ല. അതു കഴിഞ്ഞപ്പോൾ പൊടുന്നനെ തോന്നിത്തുടങ്ങി’’ (വാറൻ ബഫറ്റ്/ സ്റ്റീവ് ജേക്കബ്). ആളിന് 94 കഴിഞ്ഞു. ബാർക് ഷയർ ഹാതവേയുടെ തലപ്പത്തുനിന്ന് ഒഴിയാൻ ഭാവമില്ല. തോന്നേണ്ട പ്രായമായെന്ന്?

കോളജിൽ ഒപ്പം പഠിച്ച പഴയ ചങ്ങാതിയെ അടുത്തിടെ കണ്ടുമുട്ടി. കൊല്ലം 26 കഴിഞ്ഞു. മനസ്സിലുണ്ടായിരുന്ന രൂപമേയല്ലവന്. പ്രായമേറിയിരിക്കുന്നു –മനസ്സ് മന്ത്രിച്ചു. ഇതേ ഏറ്റം അവനെ കാണുന്നയാൾക്കുമുണ്ടെന്ന് പക്ഷേ അതേ മനസ്സ് മിണ്ടുന്നുമില്ല! രണ്ടാം ചിന്തയിലോർമിച്ചു, അല്ലാ, രണ്ടാൾക്കും ഒരേ പ്രായമല്ലേ? സംസാരത്തിൽ മുഴുകിയതും നേര് വീണ്ടും മറന്നു. ഇതാണ് സിരകളുടെ ഇരട്ടത്താപ്പ്. പ്രൂസ്തിന്റെ Time Regained ലെ ആഖ്യാതാവ് ഒരുപറ്റം വൃദ്ധർ ഇരിക്കുന്ന മുറിയിൽ ചെന്നപ്പോൾ, ആദ്യമൊന്നും അവരെ മനസ്സിലാവുന്നില്ല. തെല്ല് കഴിഞ്ഞതും വെളിപാടുപോലെ അയാൾ തിരിച്ചറിയുകയായി, ഒക്കെയും തന്റെ ചങ്ങാതികൾ, തന്നേപ്പോലെ കിഴവായവർ. ‘‘...ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു, എന്താണ് കിഴവെന്ന്. കലണ്ടറുകളിൽ നോക്കി, കത്തുകൾക്ക് തീയതിയിട്ട്, സുഹൃത്തുക്കൾ വിവാഹിതരാവുന്നതു കണ്ട്, പിന്നെ അവരുടെ മക്കളെ കാൺകെ... പേടികൊണ്ടോ, മടികൊണ്ടോ, എന്താണ് ഇതിന്റെയെല്ലാം അർഥമെന്ന് മനസ്സിലാക്കാതെ, യാഥാർഥ്യങ്ങളിൽ െവച്ചേറ്റം ദീർഘമായി അമൂർത്താടിസ്ഥാനത്തിൽ നാം വിചാരിക്കുന്ന കിഴമ...’’ ഇതളിതളായി നുള്ളിനുള്ളി പ്രൂസ്ത് കാട്ടിത്തരുന്ന തിരിച്ചറിവിനുള്ളിൽ അമൂർത്തമായൊരു ധാരണാപുടം കൂടിയുണ്ട് –അയാൾ പറയാതെ പറയുന്നത്; പ്രായമേറലിന്റെ നിസ്സഹായത.
ഒന്നു കുനിയുമ്പോൾ കാൽമുട്ട് ഏതോ പൂട്ടിലകപ്പെട്ട പോലൊരു ‘കിട്’. അവിടന്ന് നിവരുമ്പോൾ തൊണ്ടക്കുഴിയിൽനിന്ന് അറിയാതെ പൊന്തുന്നൊരു ‘ഓഹ്’. ഉടലിന്റെ ആയാസങ്ങൾക്കിടയിലും മനുഷ്യാവസ്ഥയുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പൊന്താൻ അത്ര പ്രയാസമുണ്ടാവില്ല ഉള്ളിനെന്ന് തോന്നും. ഉറപ്പുണ്ടോ?
ഉവ്വെന്നും ഇല്ലെന്നും പറയാവുന്നൊരു വിഷമസന്ധിയുണ്ടിവിടെ, ഒരുതരം ‘ഉവ്വില്ല’. നേരാണ്, അറിവ് ശേഖരിച്ചുകൂട്ടും, പ്രായം. അനുഭവങ്ങളുടെ ആവർത്തിക്കുന്ന ക്രമാനുക്രമങ്ങളെക്കുറിച്ച ധാരണ, തോന്നൽ... (അതിൻപടി പ്രവർത്തിക്കുമോ എന്നത് വേറെ കാര്യം) എന്ന പ്രശസ്തമായൊരു വ്യാമോഹമുണ്ട്, വിൽ ഡ്യൂറന്റ് വക: ‘‘കിഴമക്ക് കരുത്തും ഇളമക്ക് വിവേകവുമുണ്ടായിരുന്നെങ്കിൽ...’’ പരിഭാഷ: യുവതയ്ക്ക് കരുത്തുണ്ട്, കിഴവിന്റെ വിവേകമില്ല. നേരാണോ? മുക്കാൽ നൂറ്റാണ്ട് തഴമ്പിച്ച ഒരു ‘ബാഹുബലി’ ഇന്ത്യ ഭരിക്കുന്നു, അതിലും മൂത്ത ‘ഇരട്ടച്ചങ്കൻ’ കേരളവും. കരുത്തുള്ള കിഴമ സദാ വിവേകം ചൊരിയുമെന്ന് പറഞ്ഞ് ചിരിപ്പിച്ചു കൊല്ലരുത്.
തമാശിച്ചതല്ല, ലോകം വെക്കനേ തിരിയുകയാണ്. മുതിർന്ന മനുഷ്യന്റെ സിരാവ്യൂഹത്തിന് ഗോളം തിരിയുന്നതിലും വേഗേന അന്തമില്ലാതെ കണ്ട് ഭ്രമിപ്പിച്ച്, വ്യാമോഹിപ്പിച്ച്. പുതിയ പുതിയ യാദൃച്ഛികതകളെ എളുപ്പം വഴറ്റാൻ കഴിയുന്ന കഥനങ്ങളായി മയപ്പെടുത്തി നോക്കയാണ് നാം, കഷ്ടപ്പെട്ട്. ഇതേസമയം അലസരുമാണ് നാം –സ്വന്തം ധാരണകളും ശഠതകളും ചോദ്യംചെയ്യാൻ മടി. ഉപേക്ഷയില്ലാത്ത ജാഗ്രതയില്ലെങ്കിൽ, സംഭരിച്ച വിവേകം നമ്മെ മടയരാക്കുകയേയുള്ളൂ. മറക്കരുത്, മനുഷ്യസിരകളുടെ അധോഗതി മിക്കപ്പോഴും സ്വയംകൃതാനർഥമാണ്.
പറയാറുണ്ട്, വയസ്സ് വെറുമൊരക്കം. പറയുവത് മിക്കവാറും ഇടപ്രായരാണ്... ഇല്ലം വിടുകയും അമ്മാത്തൊട്ട് എത്താതിരിക്കയും ചെയ്യുവോർ. പക്ഷേ, അക്കത്തിന് അർഥമില്ലാതില്ല. അതാണ് ഒരേകദേശ ധാരണ തരിക, ജനിമൃതികൾക്കിടയിൽ നാം എത്രാം മൈലിലെത്തിയിരിക്കുന്നെന്ന്. മൈൽക്കുറ്റിയോരോന്നും കുശുകുശുക്കും, താണ്ടിയതും തങ്ങിയതും തിണ്ടാട്ടബാക്കിയും. ഇടപ്രായരുടെ വ്യഗ്രതകളിൽ തലനരയും തൊലിവരയും പിന്നെ ഉടവും ചടവും രോമചരവും മാത്രമല്ല, ഇടയ്ക്കിടെ നേരിടുന്നൊരു ഒളിയമ്പുമുണ്ട്: ‘എത്ര വയസ്സായി?’ പ്രായം ഇളയ്ക്കാൻ/ ഒളിക്കാൻ പലരും നിത്യമെടുക്കുന്ന അധ്വാനത്തിന് മിച്ചമൂല്യമില്ലെന്ന് തോന്നിക്കുന്ന മുനക്കുത്ത്, മറ്റുള്ളോർക്ക് പരപീഡന സൗഖ്യത്തിനുള്ള ചുളുവഴി.
മനംമുട്ട് അസാരമെങ്കിൽ ഉരുളക്ക് ഇങ്ങനെയുമാവാം ഉപ്പേരി –ഉള്ളതു പറഞ്ഞാൽ, തീരെ ചെറിയ പ്രായത്തിലാ ഞാൻ പിറന്നത്. കവിയമ്മ ലൂയിസ് ഗ്ലൂക് ഒരഭിമുഖത്തിൽ പറയുന്നുണ്ട്, ‘‘പിറക്കാനായി നാം ഒരുടമ്പടിയുണ്ടാക്കിയിട്ടുണ്ട്, മരണവുമായി. ആ നിമിഷംതൊട്ടു പിന്നെ ചെയ്യുന്നതത്രയും ചതിയാണ്, കരാർ ലംഘനം.’’ മരിപ്പിൽ അവസാനിക്കുമെന്ന അറിവുണ്ട് ജന്മത്തിന്. ജനിച്ചു കഴിഞ്ഞാലോ, പിന്നെങ്ങനെയും മരിക്കാതിരിക്കാനുള്ള പണിയെടുപ്പായി. മുറിവുണക്കുക, അണുബാധ തടയുക, കോശനാശം പരിഹരിക്കുക, ചോരശുദ്ധി നിലനിർത്തുക, ദഹനശോധനകളുടെ സന്തുലനം... ജൈവക്രിയകളത്രയും ഉടമ്പിന്റെ പടവെട്ടാണ്, ഉടമ്പടിക്കെതിരെ. അറിഞ്ഞുകൊണ്ടുള്ള ഈ ഇരട്ടത്താപ്പ് മതിയാക്കിക്കൂടേ? അതു ചോദിച്ചില്ല, ഗ്ലൂക്. ആയമ്മയും അതേ ചതി ചെയ്തു, പോയകൊല്ലം ഉടമ്പടിക്ക് കീഴടങ്ങുവോളം.
പിറക്കും നിമിഷംതൊട്ട് നാം ചതിക്കയാണ്, പ്രാപഞ്ചികമായ അലങ്കോലത്തെ. ജീവിയേതും പ്രക്ഷോഭത്തിലാണ്, താറുമാറിലേക്കുള്ള പ്രകൃതിയുടെ സ്ഥായീചലനത്തിനെതിരെ. പ്രകൃതിക്ക് നമ്മെ ഭസ്മമാക്കണം, പ്രഭവത്തിലുണ്ടായിരുന്നപോലെ, വതവിടുപൊടി. ഒടുവിലത് കാര്യം സാധിക്കയും ചെയ്യും. എങ്കിലും, കഴിയുന്നേടത്തോളം ചെറുക്കുക. അതാണ് പ്രക്ഷോഭകയത്നം. 86ാം വയസ്സിലും സാധകം മുടക്കാതെ, മെലഡിക്ക് ബാല്യമിനിയും ബാക്കിനിർത്തുന്ന യേശുദാസ്. പ്രശസ്തമായി കളിക്കയാണയാൾ. കവിയമ്മ പറഞ്ഞ ആ ഇരട്ടക്കളി, എട്ടു പതിറ്റാണ്ടായി ഉടമ്പടിയോർമിച്ചും മറന്നും. ക്ഷയരോഗത്താൽ മരിച്ചുകൊണ്ടിരിക്കെയാണ് ചെകോവ് പുതിയൊരു പുര കെട്ടാൻ ഒരുമ്പെട്ടത്. വൈകാതെ ചാകുമെന്നറിഞ്ഞുകൊണ്ടുള്ള ചാന്താട്ടം. മനസ്സ് സൃഷ്ടിപരമാകുമ്പോൾ ജീവിതം നിലയ്ക്കുന്നില്ല. നിലപ്പിക്കാനുള്ള നിതാനപ്പണി നമ്മളെടുക്കണ്ട. ജീവിച്ചുപോകാൻ വേണ്ടത് കാരണങ്ങളല്ല, ഒഴികഴിവുകളാണ് –ഉടമ്പടിക്കെതിരെ.
ഓരോ കുറി കണ്ണാടി നോക്കുമ്പോഴും കാണുന്നത് സ്വന്തം ഉടവെങ്കിൽ, ശരിയാണ് അതിത്തിരി നിഷ്ഠുരംതന്നെ. എന്നാൽ, തൊലിപ്പുറത്തിനപ്പുറം നോക്കലാണ് ശീലിക്കുവതെങ്കിൽ –അതുമിത്തിരി കഠിനം തന്നെ– ആ കസർത്തെടുക്കുന്നോർക്ക് വയസ്സേറുന്നില്ല –അത് ഉടമ്പടിയിലെ മറ്റൊരു ചതി. അങ്ങനെ ചില തെരഞ്ഞെടുപ്പുകളാവാം ചതിവിന്റെ ചമയങ്ങളിൽ. പല്ലിന്റെ റൂട്ട്-കനാലും പാർലമെന്ററി ജനാധിപത്യവുംപോലെ, കിട്ടാവുന്നതിൽെവച്ചേറ്റവും മോശം കുറഞ്ഞ ചിലത്, അത്രമാത്രം. ആത്യന്തികമായി തോൽവി ഉറപ്പായ കളിയിൽ, ഈ തെരഞ്ഞെടുപ്പ് ഒരാശ്വാസ സമ്മാനം തരുന്നുണ്ട് –ചിരി. വ്യഗ്രതകളുടെ ഭാരമൊഴിഞ്ഞ മനസ്സിന്റെ അഴവ്. ശരിയാണ്, അവസാന ചിരി ഉടമ്പടിയിലെ എതിർകക്ഷിക്കു തന്നെ, മരണത്തിന്. അതുപക്ഷേ, കാണേണ്ടിവരുന്നില്ലല്ലോ.