ഉന്മാദ ദേശീയതയുടെ നൂറു വർഷങ്ങൾ

ആർ.എസ്.എസ് രൂപവത്കരിക്കപ്പെട്ടിട്ട് 100 വർഷം തികഞ്ഞു. ഇക്കാലത്തെ ഹിന്ദുത്വയുടെ രൂപപരിണാമങ്ങളെക്കുറിച്ചും അത് ഇന്ത്യൻ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക രംഗത്തു വരുത്തിയ മാറ്റങ്ങളെക്കുറിച്ചും എഴുതുകയാണ് ലേഖകൻ. എങ്ങനെയൊക്കെയാണ് ഇന്ത്യ വർഗീയമായി ധ്രുവീകരിക്കപ്പെട്ടത്? തിരിച്ചുപോക്ക് സാധ്യമാണോ? 1925ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ ഏതാനും ഹിന്ദു യുവാക്കളെയുമായി ആരംഭം കുറിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ് ഇന്ത്യയിലെ ഏറ്റവും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആർ.എസ്.എസ് രൂപവത്കരിക്കപ്പെട്ടിട്ട് 100 വർഷം തികഞ്ഞു. ഇക്കാലത്തെ ഹിന്ദുത്വയുടെ രൂപപരിണാമങ്ങളെക്കുറിച്ചും അത് ഇന്ത്യൻ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക രംഗത്തു വരുത്തിയ മാറ്റങ്ങളെക്കുറിച്ചും എഴുതുകയാണ് ലേഖകൻ. എങ്ങനെയൊക്കെയാണ് ഇന്ത്യ വർഗീയമായി ധ്രുവീകരിക്കപ്പെട്ടത്? തിരിച്ചുപോക്ക് സാധ്യമാണോ?
1925ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ ഏതാനും ഹിന്ദു യുവാക്കളെയുമായി ആരംഭം കുറിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ് ഇന്ത്യയിലെ ഏറ്റവും സുസ്ഥിരവും സുശിക്ഷിതവുമായ അതിതീവ്ര ഹിന്ദുത്വ പ്രസ്ഥാനമായി, രാജ്യത്തെ അടക്കിഭരിക്കുന്ന അപ്രതിരോധ്യമെന്ന് തോന്നാവുന്ന അവസ്ഥയിലേക്ക് വളർന്നിരിക്കുന്നു. ബാല്യത്തിലേ ഹാഫ് ട്രൗസറുടുത്ത് ശാഖയിൽ പങ്കെടുത്ത് പരിശീലനം നേടി, സംഘത്തിന്റെ രാഷ്ട്രീയവേദിയായ ബി.ജെ.പിയിലൂടെ ഗുജറാത്ത് സംസ്ഥാന മുഖ്യമന്ത്രി പദവിയിലെത്തി, 2014ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് കടന്നുവന്ന നരേന്ദ്ര മോദിയാണ് മൂന്നാമൂഴത്തിലും ഇന്ത്യയുടെ പ്രധാനമന്ത്രി. രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് സംഘിന്റെ ലക്ഷ്യവും വാഗ്ദാനവുമെങ്കിലും 2024 ലോക്സഭ ഇലക്ഷനിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമോ ദേശീയ ജനാധിപത്യ സഖ്യത്തിന് ഭരണഘടന ഭേദഗതിക്കാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ ലഭിക്കാതെ പോയതിനാൽ ആ കടമ്പ കടക്കാനായില്ല.
എന്നുകരുതി ലക്ഷ്യം ആർ.എസ്.എസ് ഉപേക്ഷിച്ചിട്ടില്ല. അനുപേക്ഷ്യമായ ഭൂരിപക്ഷം ലഭിക്കുമ്പോൾ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടന്നിരിക്കും. തൽക്കാലം അത് സാധ്യമായില്ലെന്നുവെച്ച് പ്രഖ്യാപിത ലക്ഷ്യത്തിൽനിന്ന് ആർ.എസ്.എസ് പിന്മാറിയിട്ടില്ല. എന്നു മാത്രമല്ല, ഭരണഘടനയെ മറികടന്ന് എക്സിക്യൂട്ടിവിനെ പൂർണമായി ഹൈന്ദവവത്കരിക്കാനും ജുഡീഷ്യറിയെ അപ്പാടെ മാറ്റിയെടുക്കാനുമുള്ള തീവ്രശ്രമം പുരോഗമിക്കുകയാണ്. സുപ്രീംകോടതിയുടെ മതനിരപേക്ഷ സ്വഭാവമുള്ള പല വിധികളും മാറിയ പരിതഃസ്ഥിതിയിൽ തിരുത്തപ്പെടുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ജനാധിപത്യത്തിന്റെ ആത്മാവ് എന്നാകിലും തീർത്തും സംഘശാഖയുടെ സ്വഭാവത്തോടെ ഇലക്ഷൻ കമീഷൻ പരിവർത്തനം ചെയ്യപ്പെട്ടതിന്റെ ഫലമായി പ്രതിപക്ഷത്തിന് വോട്ടുചെയ്യാൻ സാധ്യതയുള്ള ദശലക്ഷങ്ങളാണ് വോട്ടേഴ്സ്ലിസ്റ്റിൽനിന്ന് എസ്.ഐ.ആറിന്റെ മറവിൽ വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്.
ഈ കുത്സിത നടപടിയുടെ പേരോ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പട്ടിക ശുദ്ധീകരിക്കുക എന്നും. ഏറ്റവുമൊടുവിൽ സുപ്രീംകോടതിപോലും അതിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. അസമിൽ ലക്ഷക്കണക്കിന് ന്യൂനപക്ഷ സമുദായക്കാരെയാണ് ബുൾഡോസർ പ്രയോഗത്തിലൂടെ ഭവനരഹിതരാക്കി രാജ്യത്തുനിന്ന് പുറന്തള്ളാനോ സാധ്യമായില്ലെങ്കിൽ തടങ്കൽപാളയത്തിൽ തള്ളിവിടാനോ തകൃതിയായ നടപടികൾ പുരോഗമിക്കുന്നത്. മനുഷ്യത്വരഹിതമായ ഈ ചെയ്തികൾെക്കതിരെ ശബ്ദമുയർത്താൻ ഇൻഡ്യ മുന്നണിപോലും ധൈര്യപ്പെടാത്തതാണ് സാഹചര്യം. മിക്ക ലോകരാഷ്ട്രങ്ങളും ജനാധിപത്യപരവും ഭരണഘടനാപരവുമായി ഉറപ്പുനൽകിയിട്ടുള്ളതാണ് ആരാധനാ സ്വാതന്ത്ര്യം. യോഗി ആദിത്യനാഥിന്റെ യു.പിയിൽ നൂറ്റാണ്ടുകളോ പതിറ്റാണ്ടുകളോ പഴക്കമുള്ള നിയമാനുസൃതം നിർമിക്കപ്പെട്ട മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ മണിക്കൂറുകൾക്കകം നിലംപരിശാക്കാൻ ഒരു കോടതിയും കേന്ദ്രസർക്കാറും തടസ്സമല്ല എന്നതാണ് അവസ്ഥ. പ്രവാചകന്റെ ജന്മദിനത്തിൽ ‘I Love Mohammed’ എന്ന് സ്വന്തം വീടിന്റെയോ കടകളുടെയോ മുന്നിൽ എഴുതിവെച്ചവർ കൂട്ടത്തോടെ അറസ്റ്റിൽ; ബാനറിന്റെ മേൽ കരി ഒഴിച്ചവർ നിർബാധം വിഹരിക്കുകയും.

മുസ്ലിംകൾ മതനിയമപ്രകാരം അറുത്ത മാംസമേ ഭുജിക്കാവൂ എന്ന ശാസനപ്രകാരം അപ്രകാരം തയാറാക്കപ്പെട്ട മാംസ പാക്കറ്റുകളുടെ മേൽ ഹലാൽ എന്ന് രേഖപ്പെടുത്തിയാൽ കടുത്ത ദേശദ്രോഹം, ഹലാൽ മാംസം വിളമ്പുന്ന ഹോട്ടലുകൾക്കുനേരെ ആക്രമണം. തീർത്തും നിർദോഷമായ ഏർപ്പാടിനെതിരെപോലും ഭീകരമായ പ്രചാരണങ്ങൾ, സർക്കാർ വിലക്കുകൾ. കേരളത്തിൽ നേരത്തേ വ്യാപകമായി പ്രചരിക്കപ്പെട്ട ‘ലവ് ജിഹാദ്’ മിഥ്യയാണെന്ന് അന്വേഷിച്ച പൊലീസും പരിശോധിച്ച കോടതിയും വിധിച്ചിട്ടും ഉത്തരേന്ത്യയിൽ വ്യാപകമായി ദുഷ്പ്രചാരണം തുടരുകയാണ്.
ആൺ-പെൺ സങ്കലനം വിദ്യാലയങ്ങൾ മുതൽ ഓഫിസുകൾ വരെയുള്ള ഇടങ്ങളിൽ നിർബാധം തുടരുമ്പോൾ ജാതി-മതങ്ങൾക്കതീതമായ പ്രണയവും വിവാഹവും വിവിധ മതസ്ഥർക്കിടയിൽ സ്വാഭാവികമാണ്. അതിന് ഒരു മതത്തിന്റെയും അനുമതിയില്ലെങ്കിലും രക്ഷിതാക്കൾക്കുപോലും തടയാനാവുന്നില്ലെങ്കിലും അമുസ്ലിം യുവതികളെ മതംമാറ്റി വിവാഹംചെയ്ത് സമുദായത്തിന്റെ ആൾബലംകൂട്ടാനുള്ള പദ്ധതിയാണത്രെ നടക്കുന്നത്. ലവ് ജിഹാദ് ഇതിവൃത്തമാക്കിയുള്ള ചലച്ചിത്രത്തിന് ഔദ്യോഗിക പ്രോത്സാഹനവും പ്രചാരണവും ലഭിച്ചു. മറുവശത്ത് ഹൈന്ദവ മതാചാരങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ‘ഹാൽ’ സിനിമക്ക് കടുംവെട്ടുകൾ നിർദേശിച്ചു പ്രദർശനം തടഞ്ഞുവെച്ചിരിക്കുകയാണ് സെൻസർ ബോർഡ്. ഫിലിം സെൻസർ ബോർഡും മറ്റൊരു സംഘശാഖയായി മാറിയെങ്കിൽ പറഞ്ഞിട്ടെന്ത് കാര്യം?
വിദ്യാഭ്യാസം ഭരണഘടനാപരമായി കൺകറന്റ് പട്ടികയിൽപെട്ടതാണെങ്കിലും സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെ കേന്ദ്രം കാവിവത്കരണം ശീഘ്രഗതിയിൽ തുടരുന്നു. ഐതിഹ്യവും പുരാണങ്ങളും ചരിത്രമായി പഠിപ്പിക്കപ്പെടുമ്പോൾ യഥാർഥ ചരിത്രം പൂർണമായി തമസ്കരിക്കപ്പെടുന്നു. ഏഴ് നൂറ്റാണ്ടിലധികം കാലം ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികൾ ചരിത്ര പാഠപുസ്തകങ്ങളിൽനിന്ന് നിശ്ശേഷം ഔട്ട്. ദേശീയ സ്മാരകങ്ങളായി രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് സന്ദർശകരെ ഹഠാദാകർഷിച്ചുവരുന്ന താജ്മഹലും ചെങ്കോട്ടയും മുഗൾ ഗാർഡനും പഴയ ഹൈന്ദവ രാജാക്കന്മാരുടെ നിർമിതിയാണെന്ന പച്ചക്കള്ളം പറയാനും ആളുണ്ട്. താജ്മഹൽ ശിവക്ഷേത്രമായിരുന്നെന്ന കണ്ടുപിടിത്തമാണ് പുതിയത്. അത്യാധുനിക ശാസ്ത്ര കണ്ടുപിടിത്തങ്ങൾ വരെ തങ്ങളുടെ പൂർവികരുടെ കാലത്ത് ഭാരതത്തിൽ ഉണ്ടായിരുന്നുവെന്ന് ഇളം തലച്ചോറുകളിൽ അടിച്ചുകയറ്റാൻ സാമാന്യ ഔചിത്യബോധംപോലും തടസ്സമല്ല. ഇതും ഇതുപോലുള്ള അസംബന്ധങ്ങളും കുത്തിനിറച്ച പാഠ്യപദ്ധതികൾ നടപ്പാക്കിയാലേ പ്രധാനമന്ത്രിയുടെ പി.എം ശ്രീ ഫണ്ട് സംസ്ഥാനങ്ങൾക്ക് അനുവദിക്കൂ എന്ന് തീരുമാനിച്ചതിനാൽ കേരളത്തിലെ സി.പി.എം നിയന്ത്രിത ഇടതു സർക്കാർപോലും മുട്ടുമടക്കാൻ തീരുമാനിച്ചതായാണ് വാർത്ത.
2019ൽ ബി.ജെ.പി സ്വന്തമായി കേവല ഭൂരിപക്ഷം നേടിയതോടെ ഹിഡൻ അജണ്ട ഓപൺ അജണ്ടയാക്കി ഫാഷിസത്തിലേക്കുള്ള കുതിപ്പ് ത്വരിതപ്പെടുത്തി അമിത്ഷായും യോഗി ആദിത്യനാഥും ഹിമന്ദ ശർമയും സമാനമനസ്കരും നരേന്ദ്ര മോദിയെ മുൻനിർത്തി രംഗം കൊഴുപ്പിക്കുമ്പോൾ മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യ ഭരണഘടന ഉറപ്പാക്കിയ മൗലികാവകാശങ്ങൾക്കും പുല്ലുവില. സുപ്രീംകോടതിയിൽനിന്ന് വല്ലപ്പോഴും വരുന്ന വിലക്കുകൾപോലും വെല്ലുവിളിക്കപ്പെടുന്നതാണ് അനുഭവം. മൂന്നാമൂഴത്തിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നൽകാൻ വിസമ്മതിച്ച സമ്മതിദായകരെ വോട്ടേഴ്സിൽനിന്ന് പുറംതള്ളാൻ ചതുരോപായങ്ങളും പയറ്റുന്ന ഇലക്ഷൻ കമീഷന്റെ പാവക്കൂത്താണ് ഒടുവിലത്തെ വിശേഷം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ധീരമായ ചെറുത്തുനിൽപ് തുടരുമ്പോൾ അദ്ദേഹത്തെയും പിന്തുണക്കുന്നവരെയും പൂട്ടാൻ ഇ.ഡിയും ഐ.ടിയും മറ്റ് ഭരണയന്ത്രങ്ങളും അതീവ ജാഗ്രതയോടെ കർമനിരതരാണ്.
ചുരുക്കത്തിൽ ശതവാർഷികം ആഘോഷിക്കുന്ന ആർ.എസ്.എസ് പ്രഖ്യാപിച്ച ലക്ഷ്യപ്രാപ്തിയിലേക്ക് കുതിക്കുകയാണ് രാജ്യത്തിന്റെ പാർലമെന്റും എക്സിക്യൂട്ടിവും ഒരു പരിധിവരെ ജുഡീഷ്യറിയും ഫോർത്ത് എസ്റ്റേറ്റും. അതിനെ പിന്തുണക്കുന്ന ഫെഡറലിസത്തിന്റെ കടക്കൽ കത്തിവെച്ചു ഒരു രാജ്യം, ഒരു ജനത ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ, ഒരു കക്ഷി എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ കാര്യമായ തടസ്സമൊന്നും മുന്നിലില്ല. 2029ലെ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് ഹിന്ദുരാഷ്ട്ര സ്വപ്നം പൂർണമായി പൂവണിയുമെന്ന പ്രതീക്ഷയിൽതന്നെയാണ് ആർ.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി, യുവമോർച്ച, ബജ്റംഗ് ദൾ, മഹിളാ മോർച്ച, എ.ബി.വി.പി, ഭാരതീയ മസ്ദൂർ സംഘ് തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളും ശതക്കണക്കിൽ പ്രാദേശിക വകഭേദങ്ങളുമടങ്ങിയ സംഘ്പരിവാർ. ലോകത്തിലേറ്റവും വലിയ സംഘടന എന്നവകാശപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന് 2025 മാർച്ചിലെ കണക്ക് പ്രകാരം രാജ്യമൊട്ടാകെ 73,117 ശാഖകളുണ്ട്. നിയമസഭയിൽ ബി.ജെ.പിക്ക് ഒരംഗംപോലുമില്ലാത്ത കേരളത്തിൽ ആർ.എസ്.എസ് ശാഖകളുടെ എണ്ണം 5142 വരും.

അനധികൃത കൈയേറ്റമാരോപിച്ച് ന്യൂഡൽഹി ജഹാംഗീർപുരിയിലെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നു (ചിത്രം -പി.ടി.ഐ)
1975 ജൂണിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആർ.എസ്.എസിനെ നിരോധിക്കുകയും ചെയ്തതോടെയാണ് കേരളത്തിലടക്കം സംഘിന് അഭൂതപൂർവമായ വളർച്ചയുണ്ടായതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. സി.പി.ഐ ഇന്ദിരയോടൊപ്പം നിലയുറപ്പിക്കുകയും സി.പി.എമ്മിന്റെ ചെറുത്തുനിൽപ് നാമമാത്രമാവുകയുംചെയ്ത ഘട്ടത്തിൽ ആർ.എസ്.എസ് നിഗൂഢമായും എന്നാൽ, തന്ത്രപരമായും അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണൻ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ പരമാവധി പണിയെടുക്കുകയായിരുന്നു. തദ്ഫലമായി 1977 മാർച്ചിൽ ഇന്ദിര ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ ഭാരതീയ ജനസംഘമടക്കം പ്രമുഖ പ്രതിപക്ഷ കക്ഷികൾ ലയിച്ച് ജനതാ പാർട്ടി രൂപവത്കരിച്ചു, അടൽ ബിഹാരി വാജ്പേയി, ലാൽ കൃഷ്ണ അദ്വാനി എന്നീ ഹിന്ദുത്വ അതികായർ നേതൃനിരയിലെത്തി, തെരഞ്ഞെടുപ്പിൽ വിജയിച്ച ജനതാ പാർട്ടിക്കുവേണ്ടി മൊറാർജി ദേശായി മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ രണ്ടുപേരും വിദേശകാര്യം, ഇൻഫർമേഷൻ വകുപ്പുകളിലൂടെ ചുമതലക്കാരായി സ്ഥാനമേൽക്കുകയുംചെയ്തു.
ജനത സർക്കാർ ആഭ്യന്തര ഭിന്നതയിൽ ആടിയുലഞ്ഞ് രണ്ടു വർഷത്തിനകം നിലംപതിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യായി പുനർജനിക്കുകയായിരുന്നു കാവിപ്പട. അതാണിപ്പോൾ കേന്ദ്രഭരണവും 20 സംസ്ഥാനങ്ങളുടെ ഭരണവും ഒറ്റക്കും കൂട്ടായും കൈയടക്കിയ ഹിന്ദുത്വ ബ്രിഗേഡ്. ഇപ്രകാരം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യാ രാജ്യത്തെ നൂറ് വർഷത്തെ നിരന്തര പ്രയത്നത്തിലൂടെ ആർ.എസ്.എസിന് പിടിയിലൊതുക്കാൻ സാധിച്ചതിന്റെ കാരണങ്ങൾ പഠിക്കാൻ ശ്രമിക്കുമ്പോൾ ഇനി പറയുന്ന വസ്തുതകൾ കാണാതിരുന്നുകൂടാ.

ഒന്ന്, മധ്യേഷ്യയിൽനിന്ന് കടന്നുവന്ന ആര്യന്മാരുടെ അധിനിവേശക്കാലത്ത് വിരചിതമായ വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും അതിസമർഥമായി എഴുതിച്ചേർത്ത വർണാശ്രമ ധർമത്തിലൂടെ സൃഷ്ടിച്ചെടുത്ത ജാതിചിന്തയാണ് ഹിന്ദുത്വത്തിന്റെ ആത്മാവ്. ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ അലംഘനീയമെന്ന് രേഖപ്പെട്ട സവർണ അവർണ ഭേദങ്ങളെ മൗലികമായി എതിർത്ത് തോൽപിക്കാൻ ഏറ്റവും ധീരരായ നവോത്ഥാന നായകർക്കുപോലും സാധിച്ചില്ല. ജനിക്കുന്നത് ബ്രാഹ്മണ കുലത്തിലാണെങ്കിൽ അയാൾ ദിവ്യനും ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്തവനുമായി സ്ഥാപിക്കപ്പെട്ടു. ക്ഷത്രിയനാണെങ്കിൽ ഭരിക്കാനും പൊരുതാനുമുള്ള അർഹത ജന്മസിദ്ധമാണ്. വൈശ്യന് സാമ്പത്തികരംഗം പതിച്ചുകൊടുത്തു. ശൂദ്രനോ മൂന്ന് മേൽജാതിക്കാരുടെയും സേവകനും. അതിലും താഴെവരുന്ന കാക്കത്തൊള്ളായിരം ജാതികളും ഉപജാതികളും മനുഷ്യരെന്ന പേരിനുപോലും അർഹരല്ല.
മൗലികമായ എല്ലാതരം വിപ്ലവങ്ങൾക്കും മാറ്റങ്ങൾക്കും മുന്നിലുള്ള തടസ്സമായ ഈ വിചാരധാരയെ അരക്കിട്ടുറപ്പിക്കുന്നതാണ് വി.ഡി. സവർക്കർ, കേശവ ബലിറാം ഹെഡ്ഗേവാർ, മാധവസദാശിവ ഗോൾവാൾക്കർ എന്നിവരുടെയെല്ലാം രചനകൾ. മൗലികമായി ഈ ചിന്തയെ നിരാകരിക്കാൻ നവോത്ഥാന നായകരായി വിശേഷിപ്പിക്കപ്പെടുന്ന സ്വാമി വിവേകാനന്ദൻ, മദൻമോഹൻ മാളവ്യ പോലുള്ളവർക്കുപോലും സാധിച്ചില്ല. ജാതിയെ മൗലികമായി തള്ളിപ്പറഞ്ഞ ശ്രീനാരായണഗുരുവിന്റെ ചിന്തകളാവട്ടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതുമില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ, ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ നയിച്ച, രാഷ്ട്രപിതാവായി ഇന്നും സമാദരിക്കപ്പെടുന്ന മഹാത്മാ ഗാന്ധിപോലും മൗലികമായി വർണാശ്രമധർമത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് അയിത്തത്തിനും ജാതീയ വിവേചനങ്ങൾക്കുമെതിരെ പൊരുതിയത്. വർണാശ്രമം മൗലികമായി വിളംബരംചെയ്യുന്ന ഭഗവദ്ഗീതക്ക് ഗാന്ധിജിയുടെ വ്യാഖ്യാനമായ ‘അനാസക്തിയോഗം’ ഇത് സ്ഥിരീകരിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിന്റെ വേദഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ബി.ആർ. അംബേദ്കർ ബുദ്ധമതത്തിലേക്ക് പരിവർത്തിതനായ ദലിതനായത് യാദൃച്ഛികമല്ലെന്നോർക്കുക.
സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്റു, മൗലാന അബുൽകലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയ നേതാക്കളുടെയും സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെയും മതനിരപേക്ഷ പ്രതിബദ്ധത നാഷനൽ കോൺഗ്രസിൽ ഹിന്ദുത്വധാരയുടെ കടന്നുകയറ്റത്തെ ഒരളവോളം പ്രതിരോധിച്ചു എന്ന വസ്തുത വിസ്മരിക്കുന്നില്ല. അതേസമയം സോഷ്യലിസ്റ്റ് സിംഹങ്ങളായിരുന്ന ജോർജ് ഫെർണാണ്ടസ്, രാം വിലാസ് പാസ്വാൻ, നിതീഷ്കുമാർ മുതൽപേർ ഒടുവിൽ ബി.ജെ.പി പാളയത്തിലാണ് ചെന്നെത്തിയതെന്ന സത്യം മറക്കരുത്.
രണ്ട്, ഏഴു നൂറ്റാണ്ടിലധികം ഇന്ത്യ ഭരിച്ച മുസ്ലിം രാജാക്കന്മാരാകട്ടെ, രണ്ട് നൂറ്റാണ്ടുകാലം വാണ ബ്രിട്ടീഷ് ക്രൈസ്തവരാകട്ടെ ഹിന്ദു ഭൂരിപക്ഷത്തിന്റെ വിശ്വാസാചാരങ്ങളെ സ്പർശിക്കാനേ മിനക്കെട്ടില്ല. ഹിന്ദുക്കളുടെ ശത്രുവായി ചിത്രീകരിക്കപ്പെടുന്ന മുഗൾ ചക്രവർത്തി ഔറംഗസീബ് ആലംഗീറിനെക്കുറിച്ചുപോലും ഹിന്ദു ധർമത്തെ തൊട്ടുകളിച്ചതായി ആരോപണമില്ല. മൈസൂർ ഭരിച്ച ടിപ്പു സുൽത്താൻ മലബാറിലൂടെ നടത്തിയ തേരോട്ടത്തിനിടയിൽ നായന്മാരെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്നതായ ആരോപണം ഹൈന്ദവ ചരിത്രകാരന്മാർ തന്നെ നിരാകരിച്ചതാണ്. ഹിന്ദു സ്ത്രീകളെ മാറ് മറപ്പിക്കാൻ നിർബന്ധിച്ചതാണ് ടിപ്പു ചെയ്ത കുറ്റം.

രാജാക്കന്മാർക്കും ഭരണാധികാരികൾക്കും ഭരണത്തിന്റെ നിലനിൽപും സാമ്രാജ്യ വികസനവുമായിരുന്നു സാമാന്യ അജണ്ട. സാമൂഹിക പരിവർത്തനം അവരുടെ അജണ്ട ആയിരുന്നില്ല. അതേസമയം, മധ്യേഷ്യയിൽനിന്നും പേർഷ്യയിൽനിന്നും വന്നെത്തിയ സൂഫികളായ മതപ്രബോധകരാണ് നിരന്തര ബോധവത്കരണത്തിലൂടെ അധഃസ്ഥിതർക്ക് മുന്നിൽ മോചനമാർഗം തുറന്നുകൊടുത്തത്. അവരിൽ വലിയ വിഭാഗം ഇസ്ലാമിലേക്ക് കടന്നുവന്നുവെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ ടി.ഡബ്ല്യൂ. ആർനോൾഡ് തന്റെ ‘പ്രീച്ചിങ് ഓഫ് ഇസ്ലാം’ എന്ന ബൃഹത് ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അപ്പോഴും മേൽജാതിക്കാർ പരമ്പരാഗത വിശ്വാസാചാരങ്ങളിൽതന്നെ നിലകൊണ്ടു.
മൂന്ന്, സ്വാതന്ത്ര്യസമരം നയിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിന് സാമൂഹിക പരിഷ്കരണം അജണ്ട ആയിരുന്നില്ല. ഗാന്ധിജിയെപ്പോലുള്ളവർ സർവമത സമാന വാദത്തെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും ഉറച്ച ഹിന്ദുത്വവാദികളായിരുന്ന ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, സർദാർ വല്ലഭ് ഭായി പട്ടേൽ, പുരുഷോത്തംദാസ് ടണ്ഡൻ തുടങ്ങിയവരെല്ലാം കോൺഗ്രസിന്റെ നേതൃനിരയിലിരുന്നവരാണ്. കോടികൾ ചെലവിട്ട് പട്ടേൽ പ്രതിമ സ്ഥാപിക്കാൻ സംഘ്പരിവാറിന് പ്രചോദനവും ഈ വസ്തുതയാണ്. എതിർക്കാൻ കോൺഗ്രസ് ധൈര്യപ്പെടാത്തതും അതിന്റേതായ സൂചനകൾ നൽകുന്നു.
നാല്, മതത്തെ അടിസ്ഥാനപ്പെടുത്തി രാജ്യം വിഭജിക്കണമെന്ന ആവശ്യം ഓൾ ഇന്ത്യ മുസ്ലിം ലീഗും മുഹമ്മദലി ജിന്നയും 1940ലാണ് പ്രമേയം മുഖേന ആവശ്യപ്പെട്ടതെങ്കിൽ അതിനുമുമ്പ് ഹിന്ദു മഹാസഭ മേധാവി വി.ഡി. സവർക്കർ 1937ൽ അഹ്മദാബാദിൽ ചേർന്ന മഹാസഭ സമ്മേളനത്തിൽ പ്രഖ്യാപിച്ചതിങ്ങനെ: ഇന്ത്യ ഹിന്ദുരാഷ്ട്രമായിരിക്കുമെന്ന് സങ്കൽപിക്കുക വയ്യ. മറിച്ച് മുഖ്യമായും അത് രണ്ട് രാഷ്ട്രമാണ്. ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും (Quoted by K.L. Gauba ‘The consequences of Pakistan’ -Lion press, Lahore 1946) ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വി.ഡി. സവർക്കറുടെ പ്രതിമ സ്ഥാപിച്ച ആർ.എസ്.എസ് നിയന്ത്രിത സർക്കാറിന് സവർക്കറെ തള്ളിപ്പറയാനാവുമോ? അദ്ദേഹത്തിനു മുമ്പ് 1933ൽ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്ന ഭായി പരമാനന്ദ് രാജ്യവിഭജനത്തിന്റെ രൂപരേഖ അവതരിപ്പിച്ചതിങ്ങനെ: ‘‘സിന്ധിനപ്പുറമുള്ള പ്രദേശങ്ങൾ അഫ്ഗാനിസ്താനിൽ ലയിക്കുക, വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ മുസൽമാന്മാരുടെ ഭരണം നിലവിൽ വരുക -ഇതാണ് തന്റെ ആശയം.

ഉത്തർപ്രദേശിൽ നടന്ന ‘ഐ ലവ് മുഹമ്മദ്’ പ്രക്ഷോഭത്തിൽനിന്ന്
ഈ പ്രദേശങ്ങളിലുള്ള ഹിന്ദുക്കൾ അവിടെനിന്ന് വിട്ടുപോരണം. അതേസമയം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള മുസ്ലിംകൾ ഈ പ്രദേശങ്ങളിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും വേണം. (ഭായി പരമാനന്ദ ‘ദ സ്റ്റോറി ഓഫ് മൈ ലൈഫ് (സെൻട്രൽ ഹിന്ദു യുവക് സഭ –ലാഹോർ 1934.) ഇവ്വിധം ഹിന്ദു-മുസ്ലിം ധ്രുവീകരണം ശക്തിപ്പെട്ടതിന്റെ സ്വാഭാവിക പരിണതിയാണ് ദ്വിരാഷ്ട്ര നിർമിതി. അതിന്റെ ഉത്തരവാദിത്തം മുഴുവൻ ഒരു സമുദായത്തിന്റെ പിടലിയിൽ വെച്ചുകെട്ടി 1947നുശേഷം ജനിച്ച തലമുറകളോടുപോലും പാകിസ്താനിലേക്ക് പോവൂ എന്നാക്രോശിക്കുന്ന ദേശീയതാഭ്രാന്തിന് ഒരു നീതീകരണവുമില്ല.
അഞ്ച്, ഹിന്ദുത്വ രാഷ്ട്രീയത്തെ കേവലം മതരാഷ്ട്രവാദമായി ചുരുക്കിക്കെട്ടി ഇസ്ലാമിക പ്രബോധനത്തെ സമാന്തര മതരാഷ്ട്രവാദമായി അവതരിപ്പിക്കുന്ന മാർക്സിസ്റ്റ് പ്രചാരണം ഫലത്തിൽ ആർ.എസ്.എസിനെയും ഹിന്ദു രാഷ്ട്രവാദത്തെയും ലഘൂകരിക്കുന്നതാണ്. ആർ.എസ്.എസ് ഉയർത്തിപ്പിടിക്കുന്ന തീവ്ര ഹിന്ദുത്വം മതപരമെന്നതിനേക്കാൾ ആത്യന്തിക ദേശീയതാ വാദമാണ്. ‘നിങ്ങൾ ഏത് മതത്തിൽ വിശ്വസിച്ചാലും സംഘത്തിന് പ്രശ്നമില്ല. ഭാരതത്തെ മാതാവായംഗീകരിച്ച് പൂജിക്കണം’ എന്നതാണ് സംഘ്പരിവാറിന്റെ സ്ഥിരമായ നിലപാട്. അത് സ്വീകരിക്കുന്നില്ലെന്നതാണ് മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള അവരുടെ വെറുപ്പിന് ആധാരവും.

സർദാർ വല്ലഭ് ഭായി പട്ടേൽ,മുഹമ്മദലി ജിന്ന
അതിനാൽ തീവ്ര ഹിന്ദുത്വ ദേശീയതയാണ്, കേവലമായ വർഗീയതയല്ല സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയെന്ന് മനസ്സിലാക്കി, സർവരെയും ഉൾക്കൊള്ളുന്ന മാനവികതയുടെയും സാമൂഹിക നീതിയുടെയും പ്രതലത്തിൽനിന്നുള്ള പ്രതിരോധവും മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്ട്രീയ സാമൂഹിക പ്രചാരണവും പ്രവർത്തനവുമാണ് ആർ.എസ്.എസിന്റെ ദേശീയത ഭ്രാന്തിന്റെ ബദൽമാർഗം. ഇന്ത്യൻ നാഷനൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ആർ.ജെ.ഡി, ഇടതു കക്ഷികൾ, ന്യൂനപക്ഷ കൂട്ടായ്മകൾ എന്നിവ അടങ്ങുന്ന ഇൻഡ്യ മുന്നണി ഈയടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുകയും സക്രിയമാവുകയും ചെയ്താൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ-സിഖ് സമൂഹങ്ങളും ദലിത്-ആദിവാസി വിഭാഗങ്ങളും ഗണ്യമായ അളവിൽ മുന്നണിക്ക് പിന്നിൽ അണിനിരക്കും.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അതിന്റെ സൂചനകൾ കണ്ടു. വോട്ട് ചോരിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മാർച്ചിന് ലഭിച്ച ആവേശകരമായ ജനകീയ പിന്തുണയും പ്രത്യാശാജനകമാണ്. വിദ്വേഷം മൈനസ് സംഘ്പരിവാർ: വട്ടപ്പൂജ്യം എന്നതാണ് യഥാർഥ സമവാക്യം. എങ്കിലും ഒന്നര പതിറ്റാണ്ട് നീണ്ട അതിതീവ്ര ഹിന്ദുത്വ വാഴ്ചക്കാലത്ത് ‘ശുദ്ധി’ചെയ്തെടുത്ത ഭരണയന്ത്രത്തെയും ഒരളവോളം ജുഡീഷ്യറിയെയും വികല വിദ്യാഭ്യാസ പദ്ധതികളിലൂടെ ഒലുമ്പിയെടുത്ത യുവ മസ്തിഷ്കങ്ങളെയും കഴുകി പൂർവാവസ്ഥയിലേക്ക് കൊണ്ടുവരുക ക്ഷിപ്രസാധ്യമാവില്ല.

