കണ്ണാടി

വാസ്തവത്തിൽ വില കൽപിക്കുന്നുണ്ടോ സ്വകാര്യതക്ക്? നിർമമം ഒന്നു നോക്കൂ സ്വന്തം ബ്ലോഗ്, വ്ലോഗ്. അല്ലെങ്കിൽ സ്വന്തം ട്വിറ്റർ കൈ, ഫേസ്ബുക്ക് താൾ, ഇൻസ്റ്റ. എവിടെയും തുറന്നുകാട്ടിനാണു വെമ്പൽ. അതിനാണ് മുന്തിയ വില –കർത്താവിനും കാണിക്കും. സ്വയം പരസ്യപ്പെടുത്തുന്ന നിത്യവാണിഭത്തിൽ സ്വയം നഗ്നമാകലിന്റെ നിറവേറ്റത്തിലാണ് സാഫല്യം. വിചിത്രമായൊരു ചുഴിമുഖത്താണ് നാം. സ്വകാര്യതക്കായി അലമുറയിടുന്നു, സ്വയം മലർക്കെ തുറന്നിട്ടിട്ട്. ഉറക്കെ പ്രഖ്യാപിക്കുന്നു തുറസ്സിലാണ് ഞാൻ, എന്റെ നേര്. മറുനിമിഷം പരിതപിക്കുന്നു, ഈ സുതാര്യതയിൽ മറ്റുള്ളോർ എടങ്ങേറിടുന്നെന്ന്. നഗ്നമാക്കുമ്പോൾ ദൃശ്യമാവുന്നതൊക്കെ,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വാസ്തവത്തിൽ വില കൽപിക്കുന്നുണ്ടോ സ്വകാര്യതക്ക്? നിർമമം ഒന്നു നോക്കൂ സ്വന്തം ബ്ലോഗ്, വ്ലോഗ്. അല്ലെങ്കിൽ സ്വന്തം ട്വിറ്റർ കൈ, ഫേസ്ബുക്ക് താൾ, ഇൻസ്റ്റ. എവിടെയും തുറന്നുകാട്ടിനാണു വെമ്പൽ. അതിനാണ് മുന്തിയ വില –കർത്താവിനും കാണിക്കും. സ്വയം പരസ്യപ്പെടുത്തുന്ന നിത്യവാണിഭത്തിൽ സ്വയം നഗ്നമാകലിന്റെ നിറവേറ്റത്തിലാണ് സാഫല്യം.
വിചിത്രമായൊരു ചുഴിമുഖത്താണ് നാം. സ്വകാര്യതക്കായി അലമുറയിടുന്നു, സ്വയം മലർക്കെ തുറന്നിട്ടിട്ട്. ഉറക്കെ പ്രഖ്യാപിക്കുന്നു തുറസ്സിലാണ് ഞാൻ, എന്റെ നേര്. മറുനിമിഷം പരിതപിക്കുന്നു, ഈ സുതാര്യതയിൽ മറ്റുള്ളോർ എടങ്ങേറിടുന്നെന്ന്. നഗ്നമാക്കുമ്പോൾ ദൃശ്യമാവുന്നതൊക്കെ, അഴിച്ചിട്ടയാൾ വിവക്ഷിച്ച രീതിയിൽ മാത്രം കണ്ടോളണം. മറ്റൊരുതരം കാഴ്ചക്കുമില്ല സ്വാതന്ത്ര്യം, മറ്റാർക്കും. അങ്ങനെ സ്വേച്ഛാപരമായി ഏകശിലാരൂപം കൽപിക്കുന്നു കാഴ്ചക്ക്, സ്വാതന്ത്ര്യത്തിന്.
വാസ്തവത്തിൽ വില കൽപിക്കുന്നുണ്ടോ സ്വകാര്യതക്ക്? നിർമമം ഒന്നു നോക്കൂ സ്വന്തം ബ്ലോഗ്, വ്ലോഗ്. അല്ലെങ്കിൽ സ്വന്തം ട്വിറ്റർ കൈ, ഫേസ്ബുക്ക് താൾ, ഇൻസ്റ്റപ്പുറം. എവിടെയും തുറന്നുകാട്ടിനാണു വെമ്പൽ. അതിനാണ് മുന്തിയ വില –കർത്താവിനും കാണിക്കും. സ്വയം പരസ്യപ്പെടുത്തുന്ന നിത്യവാണിഭത്തിൽ സ്വയം നഗ്നമാകലിന്റെ നിറവേറ്റത്തിലാണ് സാഫല്യം. അതുകൊണ്ട്, എല്ലാവർക്കും എല്ലാം തുറന്നുകാട്ടണം, തുറന്നുകിട്ടണം. അതുവഴിയുള്ള പുകഴും, പകിട്ടും, പിന്നെ പണവും കൊണ്ടുത്തരുമെന്ന് കരുതും. ശാന്തിയും തൃപ്തിയും. നേരോ?
അതൃപ്തിയും അശാന്തിയും സമൃദ്ധം. ഉള്ളിലും പുറത്തും. എനിക്കെന്തു വേണ്ടൂ? എത്ര കണ്ട്? വാസ്തവത്തിൽ അതുവേണ്ടതുണ്ടോ? വ്യക്തതയില്ല മിക്ക മനസ്സിനും. അനിശ്ചിതങ്ങളുടെ ധൂമവലയിലാണിന്ന് മനുഷ്യൻ. അശാന്തി മായിക്കാൻ, തന്നെപ്പറ്റി തന്നോട് നുണപറഞ്ഞ് തന്നെത്താൻ ആശ്വസിപ്പിക്കുന്നു –സ്വാനുഭവങ്ങളുടെ പച്ചനേരിന് നേരെ വാതിലടച്ച്, ലോകത്തെ സൗകര്യാർഥം ചുരുക്കിക്കണ്ട്. അങ്ങനെ വരിക്കുന്ന ഒരാന്ധ്യമുണ്ട്– ഉള്ളിലെ ഉത്കണ്ഠകളോട്, പുറെത്ത യാഥാർഥ്യങ്ങളോട്. തെളിഞ്ഞ ഗ്രാഹ്യത്തിന് സ്വയം മെനക്കെടാതെ അപ്പണിക്ക് പുറംകരാർ കൊടുക്കുന്നു. ദർഘാസ് എടുക്കുന്ന ദല്ലാളിന് രൂപം പലത്: ആൾരൂപം, പ്രസ്ഥാന രൂപം, ആത്മീയ പദ്ധതി രൂപം. യൂട്യൂബ്, വാട്സ്ആപ്, വൈറസുകൾ വേറെയും. ജീവിതമിങ്ങനെ രണ്ടാംതരമാകുന്നു, മൗലികതയും ആധികാരികതയുമില്ലാത്ത അനുകരണം, ആജ്ഞാനുവർത്തനം. ചുരുക്കത്തിൽ, ദല്ലാളരുടെ കോളനിദേശങ്ങളാണ് മിക്കവരും, സ്വയമോരോ സ്വതന്ത്ര റിപ്പബ്ലിക്കെന്ന് ധരിച്ചുകൊണ്ട്. ഇൗ കൺകെട്ടിൽ, സ്വകാര്യത അസംബന്ധമാക്കുന്നു, അകത്തുനിന്നും പുറത്തുനിന്നും.
എങ്ങാനും ഒരു കളവു നടന്നാൽ ആദ്യം പരതും, ചുറ്റിടത്തെ സി.സി.ടി.വി- കാക്കിപ്പട മാത്രമല്ല കാണിപ്പടയും. പരസ്യമായ ഒളിനോട്ടത്തിന് പൊതുസമ്മതിയുള്ള യന്തിരാവതാരം. കേരളമെന്ന ഠ-വട്ടത്തിൽ ഇന്നത് സർവവ്യാപി. പീടികയിൽ, അങ്ങാടിയിൽ, തെരുവിടങ്ങളിൽ, പുരനീളെ. സുരക്ഷയുടെ ന്യായമറയിൽ ആർക്കും വെക്കാവുന്ന ഒളികണ്ണ്. അതൊരു പ്രശ്നമായി തോന്നുന്നില്ലാർക്കും. (മുഖംമൂടിയില്ലാത്ത കള്ളന്മാർക്കല്ലാതെ) പറയാനുണ്ടോ പിന്നെ സൈബർേഡാമിന്റെ കഥ? കേരളത്തെ അടങ്കം ഒളികൺപാർക്കുന്ന ഭരണകൂട വ്യാളി. രാജനഗ്നത വിളിച്ചുപറഞ്ഞ കുട്ടിക്കിനി വാ പൂട്ടാം –അവനടക്കം പ്രജകളത്രയും 24 X 7 നഗ്നമാക്കപ്പെട്ടിടത്ത്. അപ്പോൾ സുരക്ഷക്ക്, സ്വകാര്യതയെ ബലികൊടുക്കാമെന്നാണോ?
ഉവ്വുവെന്ന് ചാടിപ്പറയും, ഭരണകൂടം. അതേറ്റുചൊല്ലും, സാമാന്യബുദ്ധി. തൊട്ടുപിന്നാലെ വരും ടിപ്പണി: സുരക്ഷയില്ലെങ്കിൽ സ്വകാര്യതയുമില്ല. എങ്കിൽപ്പിന്നെ പറയാൻമാത്രം എന്തുണ്ടു കാര്യം സ്വകാര്യതക്ക്? ആ ചോദ്യമുഖത്ത് ഉരുട്ടിപ്പിരട്ടാണ് സുപ്രീം കോടതിക്കും. ഒരു വായ്ക്ക് സ്വകാര്യത മൗലികാവകാശമാക്കുന്നു. മറുവായ്ക്ക് സുരക്ഷപ്പേരിൽ ഒളികൺമുറയെ ശരിവയ്ക്കുന്നു. സാധ്യമാണോ ഈ ഇരട്ടത്താപ്പിലൊരു സന്തുലനം?
ഞാണിന്മേൽ കളിയാണത്. എങ്ങോട്ടും വഴുതാം, ഏതു നിമിഷവും. വീണാൽപ്പിന്നെ തിരിച്ചുകേറ്റമില്ല, ഞാണിലേക്ക്. സന്തുലനവിദ്യയൊക്കെ ഞാണിൽ മാത്രം, നിലത്തില്ല. അവ്വിധമാണ് കോടതിക്ക് പുറത്തെ വ്യവഹാരം. പഴയോരും പുതിയ താപ്പിൽ പഴകുന്ന കാലത്തെ നടപ്പുകഥ നോക്കാം. നവയുവതക്ക് സ്വകാര്യത ‘ഇഷ്ടപ്പടി ജീവിക്കാനുള്ള അവകാശ’മാണ്. ആരുടെ ഇഷ്ടം? നാവിൻ തുഞ്ചത്തുണ്ട് അവർക്കുത്തരം: ‘എന്റെ’.
? എല്ലാവരും ആ നിലപാട് പുലർത്തിയാൽ
-പുലർത്തിക്കോട്ടെ.
? ഇഷ്ടങ്ങൾ തമ്മിൽ സംഘർഷത്തിലാവില്ലേ
-ആയേക്കാം.
? അപ്പോൾ, സ്വന്തം ഇഷ്ടം കുഴപ്പത്തിലാവില്ലേ
-ഇല്ല.
? അതെങ്ങനെ ശരിയാവും
-എന്റെ ഇഷ്ടത്തെ ഞാൻ സംരക്ഷിക്കും, അതെന്റെ ഉത്തരവാദിത്തമാണ്.
? മറ്റുള്ളോരും അതുതന്നെയല്ലേ ചെയ്ക
-ചെയ്തോട്ടെ.
? അതുമൂലമുള്ള സംഘർഷം സ്വന്തം ഇഷ്ടം നടപ്പാവുന്നതിനു തടസ്സമാവില്ലേ
-എന്റെ ഇഷ്ടത്തിനു വേണ്ടിയുള്ള പോരാട്ടവും ആ ഇഷ്ടത്തിന്റെ ഭാഗമാണ്.
അതാണ് സാരം: ഏതിഷ്ടവും സ്വയം സാധൂകരിക്കുന്നു, ഏതു പ്രതിബന്ധത്തിനു മുന്നിലും. ഈ മനോഭാവമുള്ളവർക്ക് അതിൽ ആത്മവിശ്വാസമുണ്ട്, അതിയായ. ഞങ്ങളെ ഞങ്ങടെ വഴിക്ക് വെറുതെ വിടൂ എന്നു പറയുമ്പോൾത്തന്നെ ഒറ്റക്ക് വിടൂ എന്നവർ പറയുന്നില്ല. കാരണം, അവരുടെ സ്വകാര്യത സ്വയം സാക്ഷാത്കാരമാണ് –മറ്റുള്ളോർക്ക് മുന്നിലെ. അതിലൊരു പ്രദർശന തൽപരതയുണ്ട്. മറ്റുള്ളോരില്ലെങ്കിൽ പ്രദർശനമില്ല, സാക്ഷാൽക്കാരവും. കാണിക്കാനുള്ളതാണ് സ്വകാര്യത എന്നിടത്ത് ഇടപെടലിനോടും കടന്നുകയറ്റത്തോടുമുള്ള ചെറുത്തുനിൽപ് ദുർബലമാവുന്നു. അഥവാ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിരോധമല്ലാതാവുന്നു.
ചഞ്ചലാശയമാണ് സ്വകാര്യത. അർഥവും ധ്വനിയും മാറിവരും, ചരിത്രപരവും സാംസ്കാരികവുമായ ഭൂമിക മാറുന്തോറും. ഘാതകരും ദുർമാർഗികളുമായിരുന്നു പണ്ട് എവിടെയും സ്വകാര്യ മണ്ഡലത്തിന് വിപൽക്കരം. കാരണം, അവർ സാമൂഹികതക്ക് ഹാനികരം. 19ാം നൂറ്റാണ്ടോടെ ഭരണകൂടവും ഈ പ്രതിപ്പട്ടികയിലായി, പലേടത്തും. മെല്ലെ മെല്ലെ ആധുനിക ജീവിതത്തിന് അവശ്യം വേണ്ട പവിത്ര മൂല്യമായി സ്വകാര്യത. പരിഷ്കൃത മനുഷ്യന് ഏറ്റവും വിലപ്പെട്ട അവകാശം. അങ്ങനെയാണ് പോയ നൂറ്റാണ്ട് പാതിയോടെ സംരക്ഷിത അവകാശമായി അതിനെ കണക്കാക്കിത്തുടങ്ങിയത്. കാമ്പു കാരുന്ന ഒരു വൈരുധ്യം അതിൽ പതിയിരിപ്പുണ്ടായിരുന്നു.
പരമ്പരാഗത സങ്കൽപത്തിൽ, സ്വകാര്യതയുടെ ഭദ്രമേടയായിരുന്നു കുടുംബം. ഭരണകൂടത്തിന് നേർക്ക് പൗരർക്കുള്ള പരിച, ഹൃദയശൂന്യ ലോകത്ത് വ്യക്തിക്കുള്ള പറുദീസ... ഓമായം അങ്ങനെ പലതുണ്ടായിരുന്നു കുടുംബത്തിന്. ഇന്നുമുണ്ട്, പക്ഷേ, പഴയ ഭദ്രതയില്ല ധ്വനിക്ക്. ‘വ്യക്തിപരം രാഷ്ട്രീയപരമാണ്.’ അര നൂറ്റാണ്ട് മുമ്പുയർന്ന ആ വിളംബരം സാമ്പ്രദായിക സ്വകാര്യതയുടെ ഉടുമുണ്ട് ചീന്തി. അതോടെ സ്വകാര്യ മണ്ഡലത്തിലും തുറന്നു, സമരമുഖം. പഴയ സങ്കൽപനം സംശയാസ്പദം. അന്തേവാസികൾക്ക് പല പ്രകാരേണ ഹാനികരം. അതുകൊണ്ട് വിമർശമെയ്യേണ്ടത് രാഷ്ട്രീയാവശ്യമായി –കുടുംബകത്തേക്ക്, വ്യക്തിബന്ധങ്ങളിലേക്ക്, വ്യക്തിയിലേക്ക്. അത് സ്വകാര്യ മണ്ഡലത്തെക്കുറിച്ച വിചാരിപ്പുകൾ മാറ്റിമറിച്ചു. കൂടുതൽ വൈയക്തികമായ പൊതു ആവിഷ്‍കരണങ്ങൾ കൂടുതൽ ആത്മാർഥം. ആധികാരികം എന്നായി ഗണന. പരസ്യമാക്കപ്പെടുന്ന വൈയക്തികാംശങ്ങൾക്ക് പൊതുവില കൂടുതൽ. അങ്ങനെയങ്ങനെ, സ്വകാര്യത കൂടുതൽ ശകലീകൃതമാവുകയായി, കൂടുതൽ കൂടുതൽ നഗ്നവും.
മൂലധനത്തിന്റെ ആഗോളീകരണം വേരു പടർത്തിയതോടെ കാതലായി മാറുകയായി, കഥ. 1990കൾ തൊട്ട് വിവര സ്വകാര്യതയായി (ഡേറ്റാ പ്രൈവസി) ഈ സമീക്ഷയുടെ അച്ചുതണ്ട്. വ്യക്തിവിവരങ്ങൾ എത്രകണ്ട് പകരാം, പകർത്താം? വിവര സ്വകാര്യതക്കുള്ള വ്യക്തിയുടെ അവകാശം സ്വകാര്യ മണ്ഡലത്തിന്റെ അതിരുഭേദനം പോലെതന്നെ പ്രധാനമായി. തന്നത്താനുള്ള തുറന്നുകാട്ടലും പുറത്തുനിന്നുള്ള തുരന്നുകയറലും –ചിരിപ്പിക്കുന്ന ഈ ദ്വന്ദ്വരാശിയിലാണിന്ന് സ്വകാര്യതയുടെ രാഷ്ട്രീയം.
ഇന്റർനെറ്റും നവമാധ്യമങ്ങളും വരുംമുമ്പേ വന്നുകഴിഞ്ഞിരുന്നു ഈ ‘ഭാവി’ പ്രശ്നം. കമ്പ്യൂട്ടർ ശൃംഖലകളോ ഡേറ്റാ വ്യവസായമോ അല്ല കാരണം. പുതിയ ചരിത്രസന്ധിയിൽ സ്വകാര്യ മണ്ഡലം പൊതുവെ ഒരു മൗലികമാറ്റത്തിന്റെ ഉരുൾമുഴക്കം ഉൾപ്പേറിയിരുന്നു, പുറമേക്ക് മറിച്ചു ഭാവിച്ചെങ്കിലും. വരാനുള്ളത് പക്ഷേ, വയറ്റിൽ തങ്ങില്ല.
വേൾഡ് വൈഡ് വെബ് ഭൂമിക്ക് ചിലന്തിവലയിടും മുമ്പ് ചാരവൃത്തിയായിരുന്നു മനുഷ്യരാശിയിലെ ഏറ്റവും വലിയ ഒളികണ്ണ്. കണ്ണും കാതുമറിയാതെ കാണുകയും കേൾക്കുകയും ചെയ്യുന്ന അധികാര ദല്ലാൾവേല. പക്ഷേ, കണ്ടതും കേട്ടതും എല്ലായ്പോഴും അക്കണ്ടതും അക്കേട്ടതുമാവണമെന്നില്ല. ഈ തിരിച്ചറിവ് ചാരപ്പണിക്കുതന്നെ വരുത്തി, വ്യതിയാനം. കണ്ണിനും കാതിനും പകരം സസൂക്ഷ്മമായ ചോർത്തൽ യന്ത്രങ്ങൾ. അതു പരിണമിച്ച് ദൂരദർശിനികളും ഡ്രോൺ വിമാനവും ചാര ഉപഗ്രഹവുമൊക്കെയായി. വിദൂരത്തിരുന്ന് ചിന്താഗതി ചോർത്തുന്ന ‘ടെലിപതി ബഗിങ്’ വരെയുണ്ടിന്ന് അപസർപ്പണത്തിൽ.

ഒക്കെയും സ്വകാര്യതയുടെ ചോരണമാണെങ്കിൽ, സമാന്തരം പ്രവേശിക്കുന്നു റിയാലിറ്റി ടെലിവിഷൻ. അന്യരുടെ സ്വകാര്യതയിലേക്കുള്ള നോട്ടക്കൊതിക്ക് അംഗീകാരമുള്ള സമൂഹ വിരേചനം. പതിവുപോലെ, അമേരിക്ക മാതൃക കാട്ടി -An American Family എന്ന ടി.വി പരിപാടി. പാറ്റ് ലോണ്ടേഴ്സ്, മാർഗരറ്റ് വിൽകിൻസ് കുടുംബങ്ങളിലേക്ക് കാമറ കണ്ണിട്ടപ്പോൾ പൊതുജീവിതവും സ്വകാര്യജീവിതവും എന്ന വേർതിരിവ് പിഴുതെറിയുകയായി സമൂഹം. ഇപ്പറഞ്ഞ രണ്ടു കുടുംബങ്ങളും പൊടുന്നനെ പ്രശസ്തരായി. ചെയ്ത സവിശേഷമായ എന്തിന്റെയെങ്കിലും പേരിലല്ല, സ്വകാര്യതയിൽ തങ്ങൾ എന്തെന്നു നഗ്നമാക്കിയ വകയിൽ. അതാണ് നാന്ദി– ഏറ്റുപറച്ചിലും തുറന്നുകാട്ടലും പൊതുവേദി നിറയ്ക്കുന്ന ‘കുമ്പസാര’കാലത്തിന്റെ. ‘മാലോകരുടെ കണ്ണ്’ മറ്റുള്ളോരുടെ സ്വകാര്യങ്ങളിലേക്ക് ക്ഷണിച്ചുവരുത്തുന്ന സംസ്കാരത്തിന്റെ. ഒളിനോട്ടം ഇനി ഒളിയല്ല, തെളിവിലുള്ള നോട്ടം.
അമേരിക്കയിൽനിന്ന് ലോകർ പകർപ്പെടുത്തു; ലേശം വൈകിയെങ്കിലും പകിട്ടൊട്ടും കുറയാതെ മലയാളക്കരയും. അതിന്റെ നടപ്പുകോലമാണ് ഏഷ്യാനെറ്റിന്റെ ‘ബിഗ് ബോസ്’. താരഭീമൻ മോഹൻലാൽ വന്നാണ് നാട്ടാരെ പ്രലോഭിപ്പിക്കുന്നത്, വാ, വന്നൊന്ന് ഒളിനോക്കെന്ന്. ഇതേ വിദ്വാന്റെ സ്വന്തം അന്തഃപുരത്തിലേക്ക് ഒരൊറ്റ നാളത്തെ നോക്കനുവദിക്കുന്ന പ്രശ്നമില്ല. ഒക്കെ മറ്റുള്ളോരുടെ പുരയിലേക്കാവാം, ആവണം. ഒളിനോട്ട സൂക്കേടിനെ വസൂലാക്കുന്ന വ്യവസായത്തിന്റെ ദല്ലാൾപ്പണിക്കുള്ള യോഗ്യത, താരമൂല്യം.
ചുരുക്കിയാൽ, സ്വകാര്യത പലപ്രകാരേണ മരിച്ചുകൊണ്ടിരിക്കുന്നു. അഥവാ വധിച്ചുകൊണ്ടിരിക്കുന്നു. നിമിഷംപ്രതിയുള്ള ആഗോള സൊറവലയിലാണ് നാം. നിരർഗളം ഉതിരുന്ന അതിനില്ല പൊതു, സ്വകാര്യം എന്നിങ്ങനെ ഇടവിഭജനം. സർവവ്യാപിയായ ഡിജിറ്റൽ ലോകത്തേക്കൊന്നു നോക്കൂ –ഒളിച്ചല്ല, തെളിച്ച്. ബോധ്യമാവും, സ്വകാര്യതക്ക് പകരം മനുഷ്യൻ കൈപ്പറ്റിയിരിക്കുന്നു, നവസൗകര്യങ്ങളും മനോസുഖവും വ്യാജ സുരക്ഷയും. ഈ ക്രയവിക്രയത്തിന്റെ സാർവത്രികതയിൽ ആത്യന്തിക ആർഭാടമായിരിക്കുന്നു, സ്വകാര്യത. അത്രക്ക് ദുഷ്‍കരമാണിന്ന് ജീവിതത്തിൽ സ്വകാര്യത പുലർത്താൻ, സ്വകാര്യമായി ജീവിക്കാൻ. അപ്പോൾപിന്നെ അസ്വാഭാവികത എന്തുണ്ട്, സ്വന്തമെല്ലാം പരസ്യപ്പെടുത്തുന്നതിൽ, അന്യാധീനപ്പെടുന്നതിൽ?
ഉടുതുണി തലയിൽ കെട്ടാം: (എന്നിട്ടതിന്മേൽ ഉത്കണ്ഠയരുതെന്നു മാത്രം) ദിഗംബരത്വത്തിൽ കുഴപ്പമൊന്നുമില്ലെന്ന് എമ്പണ്ടേ കാട്ടിത്തന്നിരുന്നു, ജൈന തീർഥങ്കരന്മാർ. മനോദിശ ആ സാകല്യ വഴിക്കാണോ? മർമചോദ്യം അവിടെത്തന്നെയാണ്: ദിക്കുകൾ അവനവനിലേക്ക് ചുരുണ്ടുമടങ്ങുകയും ദിശ പ്രതിനിമിഷം ഭ്രമിക്കയും ചെയ്യുന്ന നവീന ജീവിതത്തിൽ നിഷ്കപടം നഗ്നരാവാനുള്ള മനസ്സ് എത്രയാൾക്കുണ്ട്? സ്വകാര്യതയുടെ രാഷ്ട്രീയം മുഖക്കണ്ണാടി കൂടിയാണ്.