തൊലിക്കറുപ്പും തൊലിവെളുപ്പും മുൻവിധികളുടെ മനഃശാസ്ത്രം

ആളുകളുടെ നിറം പൊതുസമൂഹത്തിൽ എങ്ങനെയൊക്കെയാണ് പ്രശ്നമാകുന്നത്? എന്താണ് മുൻവിധികൾ? അത് എങ്ങനെയൊക്കെ പ്രാവർത്തികമാകുന്നു? എന്താണ് മലയാളിയുടെ നിറബോധങ്ങൾ? കറുപ്പും വെളുപ്പും നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായ പ്രകടനങ്ങളും മനോഭാവങ്ങളും പൊതു ഇടങ്ങളിൽ സ്വാഭാവികമെന്നോണം അതിസാധാരണമായിരിക്കുകയാണ്. സാമൂഹിക-ലിംഗവിവേചനങ്ങളിൽ തൊലിയുടെ കറുപ്പ് നിറം മുഖ്യമായ പങ്ക് വഹിക്കുന്നുണ്ട്. തരംതാണ മനോവിചാരമാണ് ഇതെന്ന്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആളുകളുടെ നിറം പൊതുസമൂഹത്തിൽ എങ്ങനെയൊക്കെയാണ് പ്രശ്നമാകുന്നത്? എന്താണ് മുൻവിധികൾ? അത് എങ്ങനെയൊക്കെ പ്രാവർത്തികമാകുന്നു? എന്താണ് മലയാളിയുടെ നിറബോധങ്ങൾ?
കറുപ്പും വെളുപ്പും നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായ പ്രകടനങ്ങളും മനോഭാവങ്ങളും പൊതു ഇടങ്ങളിൽ സ്വാഭാവികമെന്നോണം അതിസാധാരണമായിരിക്കുകയാണ്. സാമൂഹിക-ലിംഗവിവേചനങ്ങളിൽ തൊലിയുടെ കറുപ്പ് നിറം മുഖ്യമായ പങ്ക് വഹിക്കുന്നുണ്ട്. തരംതാണ മനോവിചാരമാണ് ഇതെന്ന് നല്ല ബോധ്യമുണ്ടെങ്കിലും ആ വിചാരത്തിന് പൊതു സമ്മതിയുണ്ടിപ്പോഴും. പഴഞ്ചൊല്ലുകളും അനവധിയായ ഭാഷാ പ്രയോഗങ്ങളും സൈബർ ആക്രമണങ്ങളും സിനിമാഗാനങ്ങളും സംഭാഷണങ്ങളും കഥ-കവിതകളും വാർത്തകളുടെ റിപ്പോർട്ടിങ് രീതികളും പരസ്യങ്ങളുമെല്ലാം ഈ വിചാരങ്ങളെ ഊട്ടിയുറപ്പിക്കുന്നുണ്ട്.
‘‘എല്ലാവരും ചെയ്യുന്നതും, അല്ലെങ്കിൽ പറയുന്നതും’’ കാലക്രമേണ കുറ്റമറ്റതും നൈതികവുമാവുന്ന ഒരു സ്വയംപ്രേരിത പ്രവർത്തനം (ഓട്ടോമാറ്റിക്) ഇതിലുണ്ട്. ധാരണാശേഷി മനുഷ്യനുമാത്രം സാധ്യമാവുന്ന സവിശേഷതയായിരിക്കെ, അവബോധത്തിന്റെ കുറുക്കുവഴികളിലൂടെയുള്ള ഒരു സമൂഹത്തിന്റെയാകെയുള്ള പെരുമാറ്റം എങ്ങനെയാണ് സംഭവിക്കുന്നത്? സങ്കീർണമായ സാഹചര്യങ്ങളെ ചുരുങ്ങിയ സമയംകൊണ്ട് സരളമാക്കി കൈകാര്യം ചെയ്യേണ്ടിവരുന്ന അവസരത്തിൽ മനസ്സ് സ്വീകരിക്കുന്ന കുറുക്കുവഴിയാണ് കോഗ്നിറ്റിവ് ഷോർട്ട് കട്ടുകൾ. ഈ കുറുക്കുവഴികൾ കാര്യക്ഷമമല്ലെങ്കിൽപോലും, സ്ഥിരമായി ഉപയോഗിച്ചുവരുന്നവയും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അംഗീകരിക്കപ്പെടുന്നവയുമാണ്. ‘‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലെടോ?’’, ‘‘കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ, പക്ഷെ ഭയങ്കര ബുദ്ധിയാ’’ എന്നീ സിനിമാ ഫലിതങ്ങൾ ദൈനംദിന സംഭാഷണങ്ങളിൽ പ്രയോഗിക്കുമ്പോഴൊക്കെ ആരുടെയൊക്കെയോ കറുത്ത നിറം അതിനു ക്രൂരമായി വിധേയമാകുന്നുണ്ട്.
മൈക്രോ അഗ്രഷന്റെ സൂക്ഷ്മമായ പ്രവർത്തനങ്ങൾ
വെളുപ്പിനെ ആരാധിക്കുന്ന മാനസികാവസ്ഥയിലേക്ക് പൊതുസമൂഹത്തെ കൊണ്ടെത്തിച്ചതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. അതിലൊന്നാണ് മൈക്രോ അഗ്രഷൻ. പാർശ്വവത്കരിക്കപ്പെട്ട ഗ്രൂപ്പുകളിലെ അംഗങ്ങളോട് ശത്രുതാപരമായതോ നിന്ദ്യമായതോ നിഷേധാത്മകമായതോ ആയ മനോഭാവങ്ങൾ വെച്ചുപുലർത്തുകയും അത് ആന്തരനിരോധനമില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതാണ് മൈക്രോ അഗ്രഷൻ. ചില ഉദാഹരണങ്ങളിലൂടെ മൈക്രോ അഗ്രഷൻ നിത്യജീവിതത്തിന്റെ ഭാഗമാകുന്നത് എങ്ങനെയെന്ന് നോക്കാം. ‘‘കറുത്തതാണേലും അവളുടെ പാട്ട് എത്ര നല്ലതാണ്!’’, ‘‘ഹാവൂ, അമ്മ കറുത്തതാണേലും അച്ഛൻ വഴി മക്കൾക്കൊക്കെ വെളുത്ത നിറമാ കിട്ടിയേക്കുന്നേ!’’, ‘‘ഇത്രേം ഇളം നിറമുള്ള ഡ്രസ്സൊന്നും നിനക്കു ചേരില്ലെന്നേ, ഡാർക്ക് നിറങ്ങളിൽ നിന്റെ മുഖം കുറച്ചൂടെ എടുത്തുകാണും!’’, ‘‘കാണാൻ കൊള്ളാവുന്ന കൊറച്ചു പെമ്പിള്ളേർ ഇത്തവണ ക്ലാസിലുണ്ട്!’’, ‘‘കറുത്ത് തടിച്ച ആ കുട്ടിയില്ലേ, അവളല്ലാതെ ആരാവും ക്രിസ്മസ് ഫാദർ?’’ എന്നിങ്ങനെ എത്രയെത്ര സ്ഥിരം സംഭാഷണങ്ങൾ നമുക്ക് ഓർത്തെടുക്കാനാവും.
മൈക്രോ അഗ്രഷന്റെ സാന്നിധ്യം അത്യന്തം സൂക്ഷ്മമാണ്. പലപ്പോഴും അതൊരു ആക്രമണമാണെന്നുപോലും തിരിച്ചറിയാനാവാത്ത രീതിയിൽ അതീവ സാധാരണമായാണത് സമൂഹത്തിൽ പ്രവർത്തിക്കുക. കേൾക്കുന്നവരിൽ അൽപംപോലും പ്രകോപനമുണ്ടാക്കില്ല. എന്നാൽ, അതിന്റെ അകംപൊരുൾ കീറിമുറിച്ചു വിശകലനംചെയ്യുന്നവരും അതിനെ പ്രതിരോധിക്കുന്നവരും വളരെ വേഗം ‘ഫെമിനിച്ചി’കളായ താന്തോന്നികളായി മാറുന്നു. എവിടന്നാണ് ഇത്രയധികം അമർഷം കറുത്ത നിറത്തിനോട് നമുക്കുണ്ടായി വന്നത്? കറുപ്പും വെളുപ്പുമെന്ന നിറങ്ങൾക്ക് സാഹിത്യം, കല, തത്ത്വചിന്ത, രാഷ്ട്രീയം, ദൈവശാസ്ത്രം എന്നിവയിലൂടെ പല നിലക്കുള്ള പരപ്പും ആഴവുമുള്ള വിശകലനങ്ങൾ നൽകാനാവും. ഈ ലേഖനം സ്ത്രീകളുടെ തൊലിയുടെ നിറത്തിന്റെ സാമൂഹിക മനഃശാസ്ത്ര അന്വേഷണങ്ങളെ മാത്രമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മനഃശാസ്ത്ര സിദ്ധാന്തങ്ങളിൽ ഈ വിശദീകരണത്തിന് ഏറ്റവുമടുത്ത് നിൽക്കുന്നത് മനോവിശ്ലേഷണത്തിന്റെ സാമൂഹികമുഖം തന്നെയാണ്.
മലയാളിയുടെ കൊളോണിയൽ സൈക്കിയുമായി ബന്ധപ്പെടുത്തി ഈ അബോധപ്രേരണകളുടെ അവലോകനത്തിന് ഈ സാഹചര്യത്തിൽ പ്രസക്തിയേറെയാണ്. കൊളോണിയൽ മൂല്യങ്ങളുടെയും ആശയങ്ങളുടെയും അതേപടിയുള്ള ആന്തരികവത്കരണം, തദ്ദേശസംസ്കാരത്തെ അപകർഷതയോടെ കാണുന്നതിലേക്കാണ് എത്തിച്ചത്. വിദ്യാഭ്യാസ-തൊഴിൽ രീതികളിലും സാമൂഹിക ഘടനകളിലും മലയാളിയുടെ സാംസ്കാരിക സ്വത്വത്തെപോലും കൊളോണിയൽ സൈക്കി സ്വാധീനിക്കുന്നുണ്ട്. വ്യക്തികളുടെ സൂക്ഷ്മമായ നിരീക്ഷണങ്ങളിലും തിരഞ്ഞെടുപ്പുകളിലും ഈ ആശ്രിതത്വ മനോഭാവം നിലനിൽക്കുന്നതിന്റെ തെളിവാണ് വെളുപ്പിനോടുള്ള പൊതു ചായ് വെന്നു പറയാം. ഇതിലുമാഴത്തിലാണ് കറുപ്പ് നിറത്തോടുള്ള തദ്ദേശീയമായ ജാതീയ മുൻവിധികളും.
തൊലിവെളുപ്പിനോടുള്ള പക്ഷംചേരൽ വ്യക്തി/ സമൂഹ മനസ്സിൽ അന്തർലീനമായ പലതരം അധികാരശ്രേണികളുടെ മിശ്രണമാണ്. ഒരാളെ കാണുമ്പോൾ അയാളുടെ തൊലിയുടെ നിറം മറ്റെന്തിനേക്കാളും ഏറ്റവുമാദ്യം ശ്രദ്ധിക്കപ്പെടുകയും അതിന്റെ പേരിൽ അയാളുടെ വ്യക്തിത്വത്തെ അനുമാനിക്കുകയും ചെയ്യുന്നത് ആ വ്യക്തിയുടെ വിവേചനാത്മക മനസ്സിനെ പുറത്തുകൊണ്ടുവരുകയും ചെയ്യും. സ്ത്രീകളുടെ തൊലിവെളുപ്പ് കൊണ്ടുണ്ടാവുന്ന അവരോടുള്ള മതിപ്പ് അവരിൽ പലതരം വ്യക്തിഗുണങ്ങളെക്കൂടി അനുമാനിച്ചുണ്ടാക്കുന്നു. തൊലിവെളുപ്പിന്റെ പേരിൽ സ്ത്രീകളുടെ സ്വഭാവസവിശേഷതകളെ നിർണയിക്കുന്ന വിധിയെഴുത്താണിത്. സാമൂഹിക മനഃശ്ശാസ്ത്രത്തിലെ സൂചിത വ്യക്തിത്വ സിദ്ധാന്തം (implicit personality theory) ഇവയുടെ പാരസ്പര്യത്തെ മനസ്സിലാക്കാൻ കൂടുതൽ സഹായിക്കും.

വെളുത്തു ചൊവന്നിരുന്നിട്ടെന്താ? കാക്കാശിന്റെ വിവരമില്ല
1955ലാണ് മനഃശാസ്ത്രത്തിലേക്ക് സൂചിത വ്യക്തിത്വ സിദ്ധാന്തം കടന്നുവരുന്നത്. അപരിചിതരായ വ്യക്തികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെ അടിസ്ഥാനമാക്കി ഇംപ്രഷനുണ്ടാക്കുമ്പോൾ അവരിലെ നിർദിഷ്ട പാറ്റേണുകളും പക്ഷപാതങ്ങളുമാണ് ഇംപ്ലിസിറ്റ് സൂചിത വ്യക്തിത്വ സിദ്ധാന്ത (implicit personality theory)ത്തെ നിർണയിക്കുന്നത്. മറ്റുള്ളവരെ കാണുകയും അറിയുകയുംചെയ്യുന്നത് അവരുടെ ചില ഗുണങ്ങളെ സംബന്ധിച്ചുള്ള മുൻ ധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ്. നിലവിലുള്ളതും ശീലിക്കപ്പെട്ടതുമായ അധികാര ക്രമങ്ങളോടാണ് ഇവയുടെ ചേർന്നുനിൽപ്.
‘‘വെളുത്തു ചൊവന്നിരുന്നിട്ടെന്താ? കാക്കാശിന്റെ വിവരമില്ല’’, ‘‘കണ്ടാ വല്യ സുന്ദരിയാ, പക്ഷേ ഒന്നും നേരെ ചൊവ്വേ ചെയ്യാനറിയില്ല’’, ‘‘കാണാൻ കൊള്ളാമായിട്ടെന്താ, പെണ്ണിന് ചായയിടാൻപോലും അറിയില്ല’’. ഇത്തരം അഭിപ്രായപ്രകടനങ്ങൾ ഒരു വിവേചനവുമില്ലാതെ സാമൂഹിക സംഭാഷണങ്ങളിൽ നിലനിൽക്കുന്നുണ്ട്. തൊലിനിറത്തെ ഒരാളുടെ സ്വഭാവസവിശേഷതകളുമായി എങ്ങനെയാണ് ബന്ധിപ്പിക്കാനാവുക എന്ന് നോക്കാം. (വ്യത്യസ്തങ്ങളായ വ്യക്തിത്വ സവിശേഷതകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന ആത്മനിഷ്ഠപരമായ വിശ്വാസങ്ങളെയാണ് സൂചിത വ്യക്തിത്വ സിദ്ധാന്തം പ്രതിപാദിക്കുന്നത്.)
തൊലിവെളുപ്പുള്ള സ്ത്രീ ബുദ്ധിമതിയും സഹായമനസ്കയും സദ്ഗുണ സമ്പന്നയും സന്തോഷവതിയുമാണെന്ന ധാരണകൾ മുൻവിധിയാണെന്ന് മനസ്സിലാക്കാമല്ലോ. പ്രത്യക്ഷത്തിൽ അവ നിരുപദ്രവകരവും നിസ്സാരവുമാണെന്നു തോന്നും. നമ്മുടെ ജനപ്രിയ സിനിമകളിലെ നായിക-നായകരിൽ തൊലിക്കറുപ്പുള്ളവർ എത്രപേരുണ്ടെന്ന് ശ്രദ്ധിച്ചാൽ മാത്രം ഇത് വ്യക്തമാകും. തൊലി കറുത്തവർക്ക് ചെറുപ്പം മുതൽ നേരിടേണ്ടിവരുന്ന മാനസിക-ശാരീരിക ഉപദ്രവങ്ങൾക്ക് കാരണം നിറത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ വ്യക്തിനിഷ്ഠമായ മുൻധാരണകൾ മാത്രമാണെന്ന് സൂചിത വ്യക്തിത്വ സിദ്ധാന്തം പറയുന്നു. ഒരാളുടെ ഏതെങ്കിലും മികവിന് പ്രാമുഖ്യം കൊടുത്തുകൊണ്ട് അയാൾ ആകെ ‘നല്ലതാണെന്ന്’ ശക്തമായി വിശ്വസിക്കുന്ന ഒരുതരം മുൻവിധിയാണ് ഹാലോ ഇഫക്ട് എന്ന ധാരണപ്പിഴവ്. അധികം ആലോചിച്ചു മെനക്കെടാതെ മുൻവിധികളിൽ വിശ്വസിക്കുന്ന ഈ മനോഭാവം പാർശ്വവത്കൃത സമൂഹത്തെ ദുരിതത്തിലേക്കാണ് എത്തിക്കുന്നത്.
മനുഷ്യധാരണകൾ എല്ലാ സന്ദർഭങ്ങളിലും പൊതുവെ ശരിയും ഉചിതവുമാണെന്ന് തോന്നാം. അവയിൽ പാകപ്പിഴവുകളും തെറ്റുകളും വരാതിരിക്കാൻ നമ്മൾ പലതവണ ശ്രദ്ധിക്കാറുമുണ്ട്. എങ്കിലും ധാരണകളുടെ രൂപപ്പെടലിലുള്ള വിവേചനം അവബോധ മനശ്ശാസ്ത്രജ്ഞർ (cognitive psychologists) കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ധാരണാശക്തിയിൽ ഉണ്ടാവുന്ന തെറ്റുകളും ന്യൂനതകളും പിന്നീടുള്ള തീരുമാനങ്ങളിലും അഭിപ്രായങ്ങളിലും കടന്നുവരും. 1970ലാണ് ഇസ്രായേലി സൈക്കോളജിസ്റ്റ് അമോസ് വെസ്കിയും ഇസ്രായേലി -അമേരിക്കൻ സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊേബൽ ജേതാവുമായ ഡാനിയൽ കാനുമനും മനുഷ്യരുടെ ചിന്തയിലും തീരുമാനങ്ങളിലുമുള്ള ഈ ധാരണാപ്പിഴവുകളെക്കുറിച്ച് നിരീക്ഷിച്ചു തുടങ്ങിയത്. ഇത്തരത്തിലുള്ള വളരെ പ്രധാനപ്പെട്ട ചില ധാരണാപ്പിഴവുകൾ സ്ത്രീകളുടെ തൊലിനിറവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പ്രസക്തമാവുമെന്ന് കരുതുന്നു.
സ്ഥിരീകരണ പക്ഷപാതം (confirmation bias): യുക്തിചിന്തയുടെ മനശ്ശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തിലാണ് കോഗ്നിറ്റിവ് സൈക്കോളജിസ്റ്റായ പീറ്റർ വാസൻ (1966) ധാരണാശക്തിയിലുണ്ടാവുന്ന പിഴവുകളെക്കുറിച്ച് ആദ്യമായി കണ്ടെത്തുന്നത്. മനുഷ്യർ എന്തുകൊണ്ടാണ് യുക്തിപരമായ അബദ്ധങ്ങളിൽ തുടർച്ചയായി ചെന്നുപെടുന്നതെന്ന് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു വാസൻ. യുക്തി ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാനുള്ള പരീക്ഷണത്തിൽ സ്വന്തം ധാരണകൾ തെറ്റാണെന്നു കാണിക്കാൻ തയാറാവാതെ, അവയെ സ്ഥിരീകരിക്കാനുള്ള രീതികളാണ് വാസന്റെ പരീക്ഷണത്തിൽ പങ്കെടുത്തവർ അവലംബിച്ചത്. തങ്ങളുടെ ചിന്തകളുമായി ചേർന്ന് നിൽക്കുന്ന തെളിവുകൾ മാത്രം ശേഖരിച്ച് അതിനെ ബലപ്പെടുത്താനും ഉറപ്പിക്കാനുമാണ് അവർ ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷേ അവർക്ക് വസ്തുനിഷ്ഠമായ തീരുമാനങ്ങളിലേക്കെത്താനാവുന്നില്ല. മനുഷ്യയുക്തിയുടെ പിഴവുകളും ന്യൂനതകളും കൂടെ തിരിച്ചറിയാതെ അവരുടെ തീരുമാനങ്ങൾ പൂർണമാവില്ലെന്ന് ഈ ആശയം ചൂണ്ടിക്കാണിക്കുന്നു. ഈ പിഴവുകൾ ഓരോ വ്യക്തിയുടെയും പരിമിതമായ അറിവും അനുഭവ പരിചയവും അനുസരിച്ചാണിരിക്കുന്നത്. തൊലിയുടെ നിറത്തിന്റെ പേരിലുള്ള വിവേചനം എന്തുകൊണ്ടും നീതിയുക്തവും ഉചിതവുമാണെന്നുള്ള ചിന്തയെ സാധുവാക്കുന്ന എല്ലാ വിവരങ്ങളും കണ്ടെത്തുകയും അതല്ലാത്ത എന്തിനെയും തള്ളുകയും ചെയ്യുന്നതാണ് സ്ഥിരീകരണ പക്ഷപാതം. തൊലിനിറത്തെ പ്രതി ഒരു വൈമനസ്യവുമില്ലാതെ നടത്തുന്ന എല്ലാ അഭിപ്രായങ്ങളും അനുചിതവും അയഥാർഥവുമാണെന്ന് ഇത് വ്യക്തമാക്കുന്നു.
മുന്നറിവുകളുടെ പക്ഷപാതം (anchoring bias): അനുഭവപരിചയമില്ലാത്ത (അനിശ്ചിതമായ) സാഹചര്യങ്ങളിൽ മുന്നറിവുകളുടെ സഹായത്തോടെ നിലപാടെടുക്കേണ്ടി വരുന്ന രീതിയെയാണ് ഈ സങ്കൽപം സൂചിപ്പിക്കുന്നത്. അമോസ് വെസ്കിയും ഡാനിയൽ കാനുമനും മനുഷ്യരുടെ സാമ്പത്തിക തെരഞ്ഞെടുപ്പുകളിലാണ് ഈ മുന്നറിവുകളെ ആശ്രയിക്കുന്ന യുക്തിയിലെ പ്രവണത നിരീക്ഷിച്ചിട്ടുള്ളതെങ്കിലും, വ്യക്തികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ രൂപവത്കരിക്കുന്നതിലും മുമ്പ് ശേഖരിച്ച വിവരങ്ങൾ മുൻവിധിയായി പ്രവർത്തിക്കാറുണ്ട്. കൂടാതെ, ഈ അറിവ് ലഭിച്ചിട്ടുള്ളത് ആരിൽനിന്നാണോ അവർ എത്ര അപ്രസക്തരാണെങ്കിലും അന്യായം ചെയ്യുന്നവരാണെങ്കിലും അവരെ ഇക്കാരണത്താൽ അത്യന്തം പ്രാധാന്യത്തോടെ കണക്കാക്കുകയും ചെയ്യും. ഈ പഠനങ്ങളിൽ, മനുഷ്യരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വതന്ത്രവും യുക്തിപരവുമായ ഓർമകളാലും അനുഭവങ്ങളാലും സ്വാധീനിക്കപ്പെടുന്നുവെന്ന് കണ്ടെത്തി. കൂടാതെ ആളുകൾ ഉചിതമെന്നു കരുതിയെടുത്ത നിർണായകമായ പല തീരുമാനങ്ങളിലും മുൻവിധികൾ കടന്നുകൂടിയേക്കാമെന്നുള്ള അവബോധംതന്നെ ഈ പക്ഷപാത ചിന്തകളെ മറികടക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു. സ്ത്രീകളുടെ തൊലിവെളുപ്പിനെക്കുറിച്ചുള്ള അടിയുറച്ച വിശ്വാസങ്ങളും അഭിപ്രായ-സംഭാഷണരീതികളുമൊക്കെ മുന്നറിവുകളുടെ അടിസ്ഥാനത്തിലാണെന്ന് anchoring bias വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ, അവയുടെ സ്രോതസ്സിന്റെ വിശ്വാസയോഗ്യതയും സംശയത്തിലെടുക്കേണ്ടതാണ്. അപക്വവും അടിസ്ഥാനരഹിതവുമായ മുൻവിവരങ്ങളുമായി ചേർത്തുവെക്കലാണ് തൊലിനിറത്തിന്റെ പേരിലുള്ള വിവേചനപൂർണമായ അഭിപ്രായങ്ങളെന്ന് തിരിച്ചറിഞ്ഞാലേ മൗലികമായ മാനസികൗന്നത്യത്തിലേക്കുയരാൻ കഴിയൂ.
പ്രാതിനിധ്യ പക്ഷപാതം (representativeness bias): അമോസ് വെസ്കിയും ഡാനിയൽ കാനുമനും ഡിസിഷൻ ലാബ് എന്ന പ്രസിദ്ധമായ പരീക്ഷണത്തിലൂടെ കണ്ടെത്തിയ ധാരണപ്പിഴവുകളിൽ ഒന്നാണ് പ്രാതിനിധ്യ പക്ഷപാതം. ഈ സങ്കൽപത്തെ ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം. കറുത്ത നിറമുള്ള ഒരു സ്ത്രീ മോഷണക്കേസിലോ ക്രിമിനൽ കേസിലോ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കോ ലഹരിവിൽപനക്കോ പിടികൂടപ്പെടുകയും, വെളുത്ത നിറമുള്ള മറ്റൊരു സ്ത്രീ സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനത്തു വരികയും, സദ്ഗുണ സമ്പന്നയായി ടെലി സീരിയലുകളിൽ വരുകയും, നായകൻ കാത്തിരിക്കുന്ന ഉത്തമ കാമുകിയാവുകയുംചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. വ്യക്തിയുടെ സവിശേഷ ഗുണങ്ങളെ, സാമാന്യമായ ചില സംഭവങ്ങളെ മാത്രം തിരഞ്ഞെടുത്ത് വിലയിരുത്തുകയും അവയുടെ പേരിൽ വർഗീകരിക്കുകയും ചെയ്യാറുണ്ടല്ലോ. ആ സംഭവങ്ങൾ പിന്നീട് വരാനിരിക്കുന്ന എന്തിനെയും സാമാന്യവത്കരിക്കാനുള്ള മാതൃകയാവുന്നു.
സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ ഐച്ഛികസാധ്യതകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അവയെ ‘അങ്ങനെയാകാം, ഇങ്ങനെയുമാകാം’ എന്ന് പ്രതിനിധാനംചെയ്യുന്ന തരത്തിൽ മുൻകൂട്ടിപ്പറയുന്നത്. ഇത് വളരെ സാധാരണമായ കോഗ്നിറ്റിവ് ഷോർട്ട്കട്ടാണ്. ആ നിമിഷത്തിൽ, ലഭ്യമായ (വസ്തുനിഷ്ഠമായ) സൂചനകളെ നിസ്സാരവത്കരിക്കുന്ന മനഃസ്ഥിതി അങ്ങനെ പ്രകടമാവുന്നു. ഉദാഹരണത്തിന്, മുകളിൽ സൂചിപ്പിച്ച തൊലിവെളുത്ത സ്ത്രീകൾ ഉത്തമ ഭാര്യയായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ, തൊലിവെളുപ്പിന്റെ കൂടെ അവർക്ക് ബുദ്ധിയും കാര്യപ്രാപ്തിയും പാചകവൈദഗ്ധ്യവുമുണ്ടെന്ന് ചിത്രീകരിക്കാറുണ്ട്. പിന്നീട് തൊലിവെളുപ്പുള്ള സ്ത്രീകൾക്കെല്ലാം മേൽപറഞ്ഞ ഗുണങ്ങളുണ്ടെന്ന് ആളുകൾ വർഗീകരിക്കുന്നു. ഓരോ സംഭവങ്ങൾക്കും വ്യക്തികൾക്കും മൗലികമായ ഔചിത്യവും പ്രസക്തിയുമുണ്ടെന്ന് ഈ മുൻവിധിയിൽ വിസ്മരിക്കുകയുംചെയ്യുന്നു. കറുപ്പും വെളുപ്പും തൊലിനിറമുള്ള സ്ത്രീകളെക്കുറിച്ചുള്ള മുൻവിധികൾ, ഏതു സ്ത്രീയെ കാണുമ്പോഴും പ്രയോഗിക്കുന്നത് സമൂഹമനസ്സിന്റെ പ്രാതിനിധ്യപക്ഷപാതപരമായ മനോഭാവമാണ്.
എല്ലാം നേരത്തേ അറിയാമായിരുന്നുവെന്ന മുൻവിധി (hindsight bias): അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണനായ ബറൂഖ് ഫിഷോഫും ഇസ്രായേലി സൈക്കോളജിസ്റ്റായ റൂത്ത് ബേത്ത്-മാറോമും കൂടിയാണ് 1975ൽ അതിസാധാരണമെന്നു കരുതാവുന്ന hindsight bias അഥവാ എല്ലാം നേരത്തേ അറിയാം എന്ന മുൻവിധിയെക്കുറിച്ചുള്ള ആദ്യകാല പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സന്റെ ചൈനയിലേക്കും സോവിയറ്റ് യൂനിയനിലേക്കുമുള്ള സന്ദർശനത്തിന്റെ പരിണാമമെങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ പരീക്ഷണത്തിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. അവരുടെ പ്രവചനത്തെ യഥാർഥത്തിൽ നടന്ന സംഭവങ്ങൾ വ്യക്തമായി സ്വാധീനിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഇവിടെ മനസ്സിലാക്കേണ്ടത് മനുഷ്യരുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് അവരുടെ ഇച്ഛാശക്തിയല്ല, മറിച്ച് ചില ബാഹ്യപരിതഃസ്ഥിതികളാണെന്നാണ്. എല്ലാം മുൻ നിശ്ചയിച്ചും തീരുമാനിക്കപ്പെട്ടുമിരിക്കുന്നെന്നും, വ്യക്തികൾക്ക് അതിൽ ഒരു പങ്കുമില്ലെന്നുമാണ്. ഈ വാദത്തെ determinism എന്നുപറയുന്നു. ഈ ആശയത്തെ പിന്തുണക്കുന്ന ഒരു ധാരണാപ്പിഴവാണ് hindsight bias. ഇതൊക്കെ ഇങ്ങനെ തന്നെയേ വരൂ എന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു; അവളുടെ കറുപ്പുനിറം കണ്ടാൽ അറിഞ്ഞൂടേ വിവരമില്ലെന്ന്; സൗന്ദര്യമേയുള്ളൂ, പരീക്ഷയിൽ ജസ്റ്റ് പാസായിരിക്കുമെന്ന് ഞാൻ പറഞ്ഞപ്പോ നീ സമ്മതിച്ചില്ലല്ലോ എന്നുള്ള അഭിപ്രായങ്ങൾ നമുക്ക് പരിചിതമാണല്ലോ. ഇത് ധാരണപ്പിഴവാണെന്ന് തിരിച്ചറിയുക എന്നത് തന്നെയാണ് തുടക്കം. നമ്മുടെ ചിന്തകളുടെ ഘടന, സ്വഭാവം, ക്രമം എന്നിവയെക്കുറിച്ചുള്ള അവബോധം (metacognition) ഇവിടെ പ്രധാനമാണ്. ധാരണപ്പിഴവുകളെക്കുറിച്ച് ജാഗ്രതയും വൈദഗ്ധ്യവുമുള്ള ഒരാൾക്ക് അനുഭവസമ്പത്തില്ലാത്ത മറ്റൊരാളെക്കാൾ ധാരണപ്പിഴവുകൾ കുറവായിരിക്കും. സംഭവങ്ങളെ വസ്തുനിഷ്ഠമായും വസ്തുതാപരമായും കാണാനും പ്രതികരിക്കാനും അതത് മേഖലയിലെ നൈപുണ്യവും പ്രധാനമാണ്. തൊലിവെളുപ്പിനെ വ്യക്തികളുടെ സ്വഭാവസവിശേഷതകളുമായി ബന്ധിപ്പിച്ച് സമൂഹം നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ തിരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ മുൻവിധികൾ കാട്ടിത്തരുന്നു.
അവബോധ മുൻവിധികൾ എങ്ങനെ മറികടക്കാം?
വ്യക്തികൾക്കും പൊതുസമൂഹത്തിനും സാമൂഹികമായ മുൻ മാതൃകകളെ പൊളിച്ചെഴുതാനാവും. വ്യക്തിപരമായ മുൻവിധികൾ വിവേചനപരമായ പെരുമാറ്റങ്ങളിലേക്കെത്തുന്ന ക്രമവും ശീലവും തിരിച്ചറിയുകയെന്നതാണ് ഒന്നാമത്തെ പടി. തീരുമാനങ്ങൾ എടുക്കുമ്പോഴും അവയുടെ പിറകിലുള്ള ധാരണകളും മൂല്യങ്ങളും ഇതിനായി സ്വയം പരിശോധിക്കാവുന്നതാണ്. മറ്റുള്ളവരുടെ താൽപര്യങ്ങൾക്കും അവരെ പ്രീണിപ്പിക്കാനുമായെടുത്തിട്ടുള്ള തീരുമാനങ്ങൾ പുനഃപരിശോധിക്കാം. യുക്തിപരമായ നിലപാടുകളിലേക്കെത്താൻ പഴയ ക്രമത്തെ പുനർനിർമിക്കാവുന്നതാണ്.
രണ്ടാമത്തെ പടി, വൈജാത്യങ്ങളെ ശ്രദ്ധിച്ചുകൊണ്ട്, അവയുടെ നിലനിൽപ്പിനെ അംഗീകരിക്കലാണ്. ഉദാഹരണമായി, നമ്മുടെ ചുറ്റുവട്ടത്തില്ലാത്ത അനുഭവങ്ങളെ ബോധപൂർവം വായനയിലൂടെയും യാത്രകളിലൂടെയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും സ്വായത്തമാക്കുകയെന്നതാണ്. സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും തിരഞ്ഞെടുക്കുമ്പോൾ ഇത്തരം ശ്രദ്ധ ഉണ്ടാവുന്നത് പ്രധാനമാണ്. തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ കണക്കിലെടുക്കാനും ഈ സൗഹൃദക്കൂട്ടം സഹായിക്കും.
പൊടുന്നനെയുള്ള അഭിപ്രായങ്ങളും തീരുമാനങ്ങളും ഉൾക്കൊള്ളാൻ ശീലിക്കുന്നതാണ് അടുത്ത വഴി. കാര്യങ്ങളെ അപഗ്രഥിച്ചു പ്രതികരണം വൈകിപ്പിക്കുന്നതും നീട്ടിവെക്കുന്നതുമൊക്കെ പക്വതയോടെ സാഹചര്യങ്ങളെ മനസ്സിലാക്കുന്ന പെരുമാറ്റ ക്രമത്തിലേക്കെത്തിക്കും. വിമർശനാത്മകമായ മനസ്സുണ്ടാക്കിയെടുക്കുന്നതും ശീലിച്ച രീതികളെ സ്ഥിരമായി പരിശീലിക്കുന്നതും ശ്രമിക്കാവുന്നതാണ്. ഗാർഹികയിടങ്ങളിലും വിദ്യാഭ്യാസ മേഖലയിലും മാധ്യമരംഗത്തും, സിനിമ-പരസ്യ മേഖലയിലും, നിയമ നിർമാണ രീതികളിലുമെല്ലാം ഔപചാരികമായി വരുത്തേണ്ട മാറ്റങ്ങളാണിനിയുള്ളത്. ജെൻഡർ ക്ലാസുകളിൽ അടിസ്ഥാനപരമായ കാര്യങ്ങളോടൊപ്പംതന്നെ പരോക്ഷമായ, അദൃശ്യമായ വിവേചനങ്ങളെക്കുറിച്ചു പഠിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പംതന്നെ മുൻവിധികളെക്കുറിച്ചുള്ള വ്യക്തിപരമായ അവബോധവും അവയെ മാറ്റാനും തടയാനുമുള്ള രീതികളും ഊർജിതമായി പരിശീലിക്കേണ്ടതുമുണ്ട്.
--------------------
Reference:
Daniel Kahneman (2015). Thinking fast and slow: Master the art of decision making.
Penguin UK.
Prema Kurien (1994). Colonialism and ethnogenesis: A study of Kerala, India.
Theory and Society... Vol. 23, No. 3 (June 1994), pp. 385-417. Springer Nature
Ruth Beth-Marom, Shlomith Dekel, Ruth Gombo, Moshe Shaked and Sarah Lichten Stein,
(1985). An elementary approach to thinking under uncertainty Routledge.
ഡി.സി ബുക്സ് അടുത്ത് പ്രസിദ്ധീകരിക്കുന്ന ‘തൊലിക്കറുപ്പ്: വെറുപ്പിന്റെ ആഴങ്ങൾ’
(എഡിറ്റർ രേഖാരാജ്) എന്ന പുസ്തകത്തിലെ ഒരു ലേഖനമാണിത്