Begin typing your search above and press return to search.

റഫിയെയും യേശുദാസിനെയും അനുഗമിച്ച ശബ്‌ദം

Radha Kuppuswamy
cancel
camera_alt

രാധയും ഭർത്താവ് അനന്തകൃഷ്ണനും

മലയാള സംഗീതലോകത്ത് രാധാ കുപ്പുസ്വാമിയെ അധികം പേർ അറിയാനിടയില്ല. മുഹമ്മദ്​ റഫിക്ക്​ ഒപ്പം ലൈവ്​ പാടിയ അനുഗൃഹീത ഗായികയാണ്​ അവർ. യേശുദാസിനൊപ്പം ആദ്യമായി ഗാനമേളാ വേദി പങ്കിട്ട ഗായികകൂടിയായ അവരെക്കുറിച്ച്​ എഴുതുകയാണ്​ പാട്ടുകളുടെ ചരിത്രകാരനായ ലേഖകൻ.

ഇടക്കിടെ ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്തുനോക്കും രാധ; നടന്നതൊന്നും സ്വപ്നമല്ല എന്ന് സ്വയം ബോധ്യപ്പെടുത്താൻ. കാലം ഘനീഭൂതമായി നിൽക്കുന്നു ആ ഗാനമേളച്ചിത്രത്തിൽ. വേദിയിലെ കസേരയിലിരുന്ന് നിറഞ്ഞ സദസ്സിനെ നോക്കി മന്ദഹസിച്ചു പാടുന്നത് സാക്ഷാൽ മുഹമ്മദ് റഫി. ഇതിഹാസതുല്യനായ ഗായകനൊപ്പം പാടുന്നതിന്റെ ആവേശവും ആഹ്ലാദവും ആകാംക്ഷയുമെല്ലാം ഉള്ളിലൊതുക്കി തൊട്ടരികെ യുവഗായിക രാധ കുപ്പുസ്വാമി.

‘‘ജോ വാദാ കിയാ വോ നിഭാനാ പഡേഗാ രോകേ സമാനാ ചാഹേ രോകേ ഖുദായീ തും കോ ആനാ പഡേഗാ...’’ – മുന്നിൽ തുറന്നുവെച്ച പുസ്തകത്തിൽ നോക്കി പ്രണയാർദ്രമായി പാടുകയാണ് റഫി. ഈ പ്രപഞ്ചമോ ദൈവമോ തടസ്സം നിന്നാലും എനിക്ക് തന്ന വാഗ്ദാനം പാലിക്കാതിരിക്കരുത്; വന്നണഞ്ഞേ പറ്റൂ നീ... ഹൃദയത്തിന്റെ ആഴങ്ങളിൽനിന്നുള്ള ആ ക്ഷണത്തിന് ഉടൻ വരുന്നു രാധയുടെ മറുപടി: ‘‘യേ മാനാ ഹമേ ജാൻ സേ ജാനാ പഡേഗാ, പർ യേ സമജ് ലോ തുംനേ ജബ് ഭി പുകാരാ, ഹംകോ ആനാ പഡേഗാ...’’ എപ്പോൾ വിളിച്ചാലും നിന്നരികെയെത്തും ഞാൻ, ആത്മാവ് ഉപേക്ഷിക്കേണ്ടിവന്നാൽ പോലും. ‘താജ് മഹൽ’ (1963) എന്ന ചിത്രത്തിൽ സാഹിർ ലുധിയാൻവി എഴുതി രോഷൻ ചിട്ടപ്പെടുത്തി റഫിയും ലതാ മങ്കേഷ്കറും ചേർന്ന് ശബ്ദം പകർന്ന് അനശ്വരമാക്കിയ പ്രണയഗാനം.

‘‘ഇന്നോർക്കുമ്പോൾ എല്ലാം കിനാവ് പോലെ’’ –രാധയുടെ വാക്കുകൾ. എന്നെങ്കിലും നേരിൽ കാണാൻ പറ്റുമെന്ന് സങ്കൽപിച്ചിട്ടു പോലുമില്ലല്ലോ പ്രിയഗായകനെ. പാലാ സെന്റ് തോമസ് കോളജിലെ റഫിയുടെ ഗാനമേളയിൽ പാടാൻ ‘ഐലൻഡ് രാധ’ എന്നറിയപ്പെടുന്ന ഗായികയെ തേടി വെല്ലിങ്ടൺ ഐലൻഡിലെ രാധ കുപ്പുസ്വാമിയുടെ വീട്ടിലെത്തിയത് ഗായകന്റെ സെക്രട്ടറിയാണ്. റഫി സാഹിബിനൊപ്പം യുഗ്മഗാനം പാടാൻ ഹിന്ദി പാട്ടുകൾ പാടി ശീലമുള്ള ഒരു ഗായികയെ വേണം. ഇതേ ആവശ്യവുമായി കൊച്ചിയിലെ വേറെയും പാട്ടുകാരികളെ ബന്ധപ്പെട്ടിരുന്നു അദ്ദേഹം. റിഹേഴ്സലില്ലാതെ ലൈവ് ആയി പാടേണ്ടിവരുമെന്ന് അറിഞ്ഞപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു എല്ലാവരും. മാത്രമല്ല, അന്ന് സ്റ്റേജിൽ പാടുന്ന സ്ത്രീകളും കുറവാണല്ലോ. ക്ഷണം സ്വീകരിക്കാൻ ഭയമൊന്നും തോന്നിയില്ലെന്ന് രാധ. റഫി സാഹിബിനൊപ്പം വേദി പങ്കിടാൻ മോഹിക്കാത്ത ആരുണ്ട്?

സ്റ്റേജിൽ വെച്ചാണ് ഇഷ്ടഗായകനെ രാധ കുപ്പുസ്വാമി ആദ്യം കാണുന്നത്; 1967 ജനുവരി 19ന്. പാടേണ്ടത് ‘താജ് മഹലി’ലെ പാട്ടാണെന്നറിയുന്നതും ആ നിമിഷങ്ങളിൽതന്നെ. പരിഭ്രമമൊന്നും കൂടാതെ ഗന്ധർവഗായകനെ സ്റ്റേജിൽ അനുഗമിച്ചു രാധ. അന്ന് പാടിയ യുഗ്മഗാനങ്ങളിൽ ‘‘ജോ വാദാ കിയാ’’ മാത്രമേ ഉള്ളൂ ഓർമയിൽ. റഫി സാഹിബ് ആകെ ഏഴ് പാട്ട് പാടി. അഞ്ചു സോളോയും രണ്ടു ഡ്യൂയറ്റും. ‘നാനും ഒരു പെണ്ണി’ൽ പി. സുശീല പാടിയ ‘‘കണ്ണാ കരുമൈ നിറക്കണ്ണാ’’ ആയിരുന്നു ഗാനമേള വേദികളിൽ രാധയുടെ അക്കാലത്തെ ഹിറ്റ് ഗാനം. ആ പാട്ട് പാടാതെ സ്റ്റേജ് വിടാറില്ല രാധ.

മറക്കാനാവാത്ത മറ്റൊരു അനുഭവംകൂടിയുണ്ട് ആ പരിപാടിയുമായി ചേർത്തുവെക്കാൻ. ‘‘ഗാനമേള കഴിഞ്ഞയുടൻ എന്നെ അടുത്തുവിളിച്ച്‌ അഭിനന്ദിച്ചു റഫി സാഹിബ്. റിഹേഴ്‌സൽ ഇല്ലാതെ പാടിയതാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. അടുത്തുണ്ടായിരുന്ന ഫോട്ടോഗ്രാഫറോട് ഗാനമേളയുടെ സ്റ്റിൽ ഫോട്ടോ അച്ഛനെ ഏൽപിക്കാനും ചട്ടംകെട്ടി അദ്ദേഹം; ആ കുട്ടിക്ക് ഈ പടംകൊണ്ട് നല്ലൊരു ഭാവിയുണ്ടാകട്ടെ എന്ന അനുഗ്രഹത്തോടെ.’’ അരനൂറ്റാണ്ടിനു ശേഷവും രാധയുടെ ആൽബത്തിൽ ഭദ്രമായിരിക്കുന്നു ആ പടം. ‘‘ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു നമ്മുടെ ജീവിതത്തിൽ എന്നോർക്കാൻ ആ പടത്തിലേക്കൊന്ന് നോക്കുകയേ വേണ്ടൂ.’’ –രാധ ചിരിക്കുന്നു.

സംഗീതജീവിതം രാധക്കുവേണ്ടി കരുതിവെച്ച അപൂർവ സൗഭാഗ്യങ്ങളിലൊന്നായിരുന്നു ആ ഗാനസന്ധ്യ. യേശുദാസിനൊപ്പം ആദ്യമായി ഗാനമേളാവേദി പങ്കിട്ട ഗായിക എന്ന പദവി അതിനുപുറമെ. ജന്മപുണ്യംപോലൊരു നിയോഗമായിരുന്നു അതും എന്ന് രാധ. റഫി സാഹിബിനും യേശുദാസിനുമൊപ്പം വേദിയിൽ പാടാൻ അവസരം ലഭിച്ചവർ എത്രയുണ്ടാകും?

പാലായിലെ വേദിയിൽ റഫിയോടൊപ്പം രാധ കുപ്പുസ്വാമി

യേശുദാസിനൊപ്പം

1960കളുടെ മധ്യത്തിലാവണം. സിനിമയിൽ പാടി പേരെടുത്തുകൊണ്ടിരിക്കുകയാണ് യേശുദാസ്. ‘‘എറണാകുളം ടൗൺഹാളിലെ ഒരു പരിപാടിയിൽ ദാസേട്ടനൊപ്പം പാടാനുള്ള ക്ഷണവുമായി അച്ഛനെ കാണാനെത്തിയത് ദാസേട്ടന്റെ മാനേജർ പോൾ ആണ്. അന്ന് തൃപ്പൂണിത്തുറ സംഗീത കോളജിൽ പഠിക്കുകയാണ് ഞാൻ. അച്ഛന് സന്തോഷമേയുണ്ടായിരുന്നുള്ളൂ സമ്മതം മൂളാൻ. മകളെ നല്ലൊരു പാട്ടുകാരിയായി കാണാനായിരുന്നല്ലോ അദ്ദേഹത്തിന്റെ മോഹം.’’ യേശുദാസുമൊത്തുള്ള ആദ്യ ഗാനമേളയുടെ മങ്ങിയ ഓർമയേ രാധയുടെ മനസ്സിലുള്ളൂ. കസേരയിൽ ഇരുന്നാണ് ഞങ്ങൾ പാടിയത്. ചില തമിഴ് ഡ്യൂയറ്റുകളും സ്ഥിരമായി പാടാറുള്ള ചില സോളോ ഗാനങ്ങളും പാടി; ‘മഞ്ഞണിപ്പൂനിലാവ്’, ‘പ്രിയതമാ’ ഒക്കെയാണ് അന്ന് പാടുക.’’

ശബ്ദത്തിലൂടെ മാത്രം അറിഞ്ഞിരുന്ന യേശുദാസിനെ നേരിൽ കാണാനും കേൾക്കാനുമായി ഒഴുകിയെത്തിയ സദസ്സ് അദ്ദേഹത്തിന്റെ ആലാപനം കേട്ട് വിസ്മിതനേത്രരായി ഇരിക്കുന്ന ചിത്രം മറക്കാനാവില്ല; അന്നത്തെ യേശുദാസിന്റെ യൗവനയുക്തമായ ശബ്ദവും. നിറഞ്ഞ കൈയടിയോടെയാണ് ഗാനമേളയിലെ ഓരോ പാട്ടും ജനം സ്വീകരിച്ചത്. പിന്നീട് ഇരുപതോളം വേദികളിൽ യേശുദാസിനെ അനുഗമിച്ചിരിക്കും രാധ. തമിഴിലെയും മലയാളത്തിലെയും യുഗ്മഗാനങ്ങളാണ് അധികവും അദ്ദേഹത്തോടൊപ്പം പാടിയിരുന്നത്. ഒരിക്കൽ ‘‘അകലെയകലെ നീലാകാശം’’ പാടിയത് ഓർമയുണ്ട്.

ആദ്യകാല ഗാനമേളകളിൽ യേശുദാസിനെ അനുഗമിച്ചിരുന്ന പ്രതിഭാശാലികളായ ഓർക്കസ്ട്ര കലാകാരന്മാരുടെ പേരുകൾ പ്രശസ്ത വയലിനിസ്റ്റ് റെക്സ് ഐസക്സ് ഓർത്തെടുത്തതിങ്ങനെ:

ഹാര്‍മോണിയം: എ.എം. ജോസ് (നടനും സംവിധായകനുമായ ലാലിന്റെ അമ്മാവന്‍).

ഗിത്താര്‍: മാച്ചി ലോറന്‍സ്, എമില്‍ ഐസക്സ് (റെക്സിന്റെ സഹോദരന്‍); മണി (യേശുദാസിന്റെ അനിയന്‍).

വയലിന്‍: ടെറന്‍സ് ഡിസൂസ, റെക്സ് ഐസക്സ്, അന്നാസ്‌.

ക്ലാരിനെറ്റ്: പപ്പന്‍.

തബല: എ.എം. പോള്‍ (സംവിധായകൻ ലാലിന്റെയും സംഗീത സംവിധായകൻ അലക്സ് പോളിന്റെയും പിതാവ്).

ബോംഗോസ്: ജിമ്മി ലൂയീസ്.

പ്രശസ്ത മേക്കപ്പ് കലാകാരന്‍ പട്ടണം റഷീദിന്റെ പിതാവ് ഹുസൈന്‍ ആയിരുന്നു പെര്‍ക്കഷന്‍ വിഭാഗത്തിന്റെ മുഖ്യ ചുമതലക്കാരന്‍. അടുത്ത അഞ്ചു വര്‍ഷത്തിനിടക്ക് യേശുദാസിന്റെ ഓര്‍ക്കസ്ട്രയില്‍ വേറെയും ആര്‍ട്ടിസ്റ്റുകള്‍ വന്നു; പോയി. തോമസ്‌, ബര്‍ലെ, പീറ്റര്‍, മാന്വല്‍ (ഹാര്‍മോണിയം, ഓര്‍ഗന്‍), ഡഗ്ലസ്‌, സതീശന്‍, ജെര്‍സണ്‍, സുനില്‍ (ഗിത്താര്‍), ലൂബെന്‍, ആന്റപ്പന്‍, പീറ്റര്‍, സാമുവല്‍, എഡ്മണ്ട്, ചാള്‍സ് (വയലിന്‍), സമ്മി എന്ന സാമുവല്‍, മാത്യു (ക്ലാരിനെറ്റ്), ജേക്കബ്‌ ആശാന്‍, കൊച്ചാന്റി, ജേക്കബ്‌ ആന്റണി (തബല), ഏണസ്റ്റ്, ബാബു, ഗായകന്‍ അഫ്സലിന്റെ സഹോദരന്‍ ഷക്കീര്‍ (ബോംഗോസ്, കോംഗോസ്), വി.സി. ജോര്‍ജ്, പി.ആര്‍. മുരളി (ഫ്ലൂട്ട് )... എല്ലാവരും അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍. പലരും ഇന്ന് ഓർമയാണ്. വിവാഹിതയായി ഭർത്താവിനൊപ്പം മധുരയിലേക്ക് തിരിച്ചതോടെ കൊച്ചിയുമായുള്ള രാധയുടെ ബന്ധം അവസാനിച്ചു. യേശുദാസ് എന്ന ഗായകന്റെ ഇതിഹാസതുല്യമായ ഉയർച്ചയെക്കുറിച്ച് കേട്ടും വായിച്ചും അറിഞ്ഞിരുന്നെങ്കിലും അക്കാലത്തൊന്നും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവിസ്മരണീയമായിരുന്നു നീണ്ട ഇടവേളക്ക് ശേഷമുള്ള കൂടിക്കാഴ്ച.

‘‘പതിനഞ്ചു വർഷം മുമ്പാവണം. സിംഗപ്പൂരിലേക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഞാൻ. ആരോ പേരെടുത്തു വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു ദാസേട്ടൻ. ഭാര്യയോടൊപ്പം ദുബായിലേക്ക് പോകുകയാണ് അദ്ദേഹം. ഇത്ര കാലത്തിന് ശേഷവും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു എന്നത് അത്ഭുതമായിരുന്നു. കൂടെ പാടിയ ആദ്യ ഗായിക എന്ന് പറഞ്ഞു പ്രഭ ചേച്ചിക്ക് എന്നെ പരിചയപ്പെടുത്തി അദ്ദേഹം. പ്രഫസർ, എപ്പടിയിരുക്ക് എന്ന് ചോദിക്കാനും മറന്നില്ല. എന്റെ കണ്ണ് നിറച്ച അനുഭവമായിരുന്നു അത്...’’ രാധ കുപ്പുസ്വാമിക്ക് പിറകെ ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ ഗായികമാർ എത്രയെത്ര: ഹേമ, ശാന്ത, രാധ വിശ്വനാഥ്, ജയമ്മ, സുജാത, രാധിക തിലക്, ചിത്ര, ജെൻസി, ആശാലത... ഏറ്റവും പുതിയ തലമുറയിലെ ഗായികമാരിലെത്തിനിൽക്കുന്നു ആ നിര.

കലാഭവന്‍റെ ഗാനമേളയിൽ രാധ പാടുന്നു

ആദ്യ പരിപാടി പള്ളുരുത്തിയിൽ

ജന്മംകൊണ്ട് തമിഴ്നാട്ടുകാരിയാണ് രാധ. സ്വദേശം മധുരക്കടുത്ത ശ്രീവില്ലിപുത്തൂർ. അച്ഛന് കൊച്ചിൻ പോർട്ട് ട്രസ്റ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചതാണ് 1960കളുടെ തുടക്കത്തിൽ എറണാകുളത്ത് വരാൻ കാരണം. തുറമുഖത്ത് വന്നടുക്കുന്ന കപ്പലുകളിലെ ചരക്കുകളുടെ കണക്കുകൾ രേഖപ്പെടുത്തിവെക്കുന്ന ജോലിയായിരുന്നു അച്ഛൻ കുപ്പുസ്വാമിക്ക്. താമസം വില്ലിങ്ടൺ ഐലൻഡിലെ ക്വാർട്ടേഴ്‌സിൽ. പഠിച്ചത് ഗവ. ഗേൾസ് സ്കൂളിലും. കുട്ടിക്കാലത്തേ നന്നായി പാടിയിരുന്നു രാധ. എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂവെങ്കിലും തൃപ്പൂണിത്തുറ സംഗീത കോളജിൽ പ്രവേശനം ലഭിച്ചത് ആലാപന മികവിന്റെ പേരിലാണ്.

പഠിക്കുന്ന കാലത്താണ് ആദ്യത്തെ സ്റ്റേജ് പ്രോഗ്രാം. അരങ്ങേറ്റം പള്ളുരുത്തിയിലെ ഒരു ക്ഷേത്രവേദിയിൽ പിന്നണിഗായകൻ സി.ഒ. ആന്റോയുടെ ട്രൂപ്പിനൊപ്പം. പതിനാറ് വയസ്സേയുള്ളൂ അന്ന്. പിന്നീട് തുടരത്തുടരെ ഗാനമേളകളിൽ പാടി. അച്ഛനാണ് എപ്പോഴും കൂടെ വരിക. ആദ്യകാലത്തെ ഒരു ഗാനമേളയിൽ ഒപ്പമിരുന്ന് ഹാർമോണിയത്തിൽ അകമ്പടി സേവിച്ചയാളെ രാധക്ക് ഓർമയുണ്ട്. ആർ.കെ. ശേഖർ. അസാധ്യ ഹാർമോണിസ്റ്റായിരുന്നു അദ്ദേഹം. കലാഭവൻ, ഓറിയന്റൽ മ്യൂസിക് ക്ലബ്, ആസാദ് ക്ലബ് എന്നിവയുൾ​െപ്പടെ. കൊച്ചിയിലെ അന്നത്തെ പ്രധാന സംഗീതകേന്ദ്രങ്ങളുടെയെല്ലാം ഭാഗമാകാൻ കഴിഞ്ഞു രാധക്ക്. കലാഭവന്റെ ആബേലച്ചന്റെ പ്രോത്സാഹനം മറക്കാനാവില്ല. യേശുദാസിന് പുറമെ മെഹബൂബ്, ജയചന്ദ്രൻ, കമുകറ പുരുഷോത്തമൻ, ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പമെല്ലാം വേദി പങ്കിട്ടിരുന്നു അക്കാലത്ത്.

കൊച്ചിക്കടുത്ത് പെരുമാനൂരിലെ സെന്റ് തോമസ് ഗേൾസ് സ്കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ സംഗീതാധ്യാപികയായി ചേർന്നതും അതേ നാളുകളിൽതന്നെ. അതൊരു മുഴുവൻ സമയ തസ്‌തികയായതിന് പിന്നിൽ മറക്കാനാവാത്ത ഒരനുഭവമുണ്ട്. ‘‘കൊച്ചിയിലെ ഒരു സർക്കാർ പരിപാടിയിൽ പ്രാർഥന പാടാൻ ചെന്നതായിരുന്നു ഞാൻ. ആബേലച്ചനാണ് എന്നെ ആ ദൗത്യം ഏൽപിച്ചത്. പ്രാർഥന പാടിയ എന്നെ മുഖ്യാതിഥിയായിരുന്ന മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാർ ശ്രദ്ധിച്ചു. ആബേലച്ചനോട് എന്നെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയുംചെയ്തു അദ്ദേഹം. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നതിനാൽ താൽക്കാലിക തസ്തികയിൽ ഒതുങ്ങിപ്പോയ കാര്യം പറഞ്ഞപ്പോൾ സി.എച്ച് സാറിന് അലിവ് തോന്നിയിരിക്കണം. അധികം വൈകാതെ അദ്ദേഹം മുൻകൈയെടുത്ത് എന്റെ പോസ്റ്റ് സ്ഥിരമാക്കിത്തന്നു. ആ കടപ്പാട് മറക്കാനാവില്ല.’’

മധുരയിൽവെച്ച് 1973ലായിരുന്നു നല്ലൊരു സംഗീതപ്രേമിയായ പ്രഫ. അനന്തകൃഷ്ണനുമായുള്ള വിവാഹം. ഭാര്യയുടെ സംഗീതയാത്രയിൽ താങ്ങും തണലുമായി ഒപ്പമുണ്ട് അദ്ദേഹം. മധുര കോളജിലെ അധ്യാപകനായിരുന്ന അനന്തകൃഷ്ണൻ രണ്ടായിരത്തിലാണ് വിരമിച്ചത്. മധുരയിലെ എസ്.ഇ.വി ഹൈസ്കൂളിൽ ഏഴു വർഷം അധ്യാപികയായി ജോലിചെയ്ത രാധ പിന്നീട് സ്വന്തം വീട്ടിൽ സംഗീതാധ്യാപനം തുടർന്നു. ധാരാളം ശിഷ്യരെ പാട്ടുവഴിയിലൂടെ കൈപിടിച്ച് നടത്തി. മധുര മീനാംബാൾപുരത്തെ എൽ.ഐ.സി കോളനിയിൽ താമസിക്കുന്നു അനന്തകൃഷ്ണനും രാധയും. എന്തുകൊണ്ട് സിനിമയിൽ അവസരം തേടിയില്ല എന്ന ചോദ്യത്തിന് വിടർന്ന ചിരിയാണ് മറുപടി. നല്ലൊരു ജോലിയും ജീവിതസാഹചര്യങ്ങളും ഉള്ളപ്പോൾ എന്തിന് സിനിമാലോകത്തെ അനിശ്ചിതത്വങ്ങളിലേക്ക് കാലെടുത്തുവെക്കണം എന്ന് തോന്നി. ദക്ഷിണാമൂർത്തി സ്വാമിയും മലേഷ്യ വാസുദേവനുമൊക്കെ നൽകിയ ഉപദേശവും അതുതന്നെ. നിരാശയൊന്നുമില്ല. സംഗീതം എന്നും കൂടെയുണ്ടായിരുന്നല്ലോ. ഇന്നുമുണ്ട്.

‘‘അപൂർവം ആഗ്രഹങ്ങളേ ഇനി ബാക്കിയുള്ളൂ. അതിലൊന്ന് ചിത്രയെ നേരിൽ കണ്ട് ഒന്ന് കെട്ടിപ്പിടിക്കുക എന്നതാണ്. അത്രക്കും ഇഷ്ടമാണ് ആ കുട്ടിയെ. ചിത്രയുടെ ശബ്ദം കേട്ടാണ് എന്നും ഉണരുന്നതും ഉറങ്ങുന്നതും. ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന പാട്ടിന്റെ ഒടുവിൽ ചിത്ര, കൃഷ്ണനെ മനമുരുകി വിളിക്കുന്നത് കണ്ണീരടക്കാതെ കേട്ടുനിൽക്കാനാവില്ല. ഒരുപക്ഷേ എന്റെ ഉള്ളിലും ഒരു ഭക്ത ഉള്ളതുകൊണ്ടാവാം...’’

Show More expand_more
News Summary - Radha Kuppuswamy may not be known to many in the Malayalam music world