ആ മൂല്യങ്ങളിലേക്ക് രാജ്യത്തെ തിരികെയെത്തിക്കണം

ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് വിശദവും സൂക്ഷ്മവുമായി പഠിക്കുകയും എഴുതുകയുംചെയ്ത പണ്ഡിതനാണ് രാം പുനിയാനി. അദ്ദേഹം ഹിന്ദുത്വയുടെ നൂറു വർഷങ്ങളെ പരിശോധിക്കുന്നു. കോളനി ഭരണകാലത്ത് സമൂഹത്തിൽ പരിവർത്തനം സംഭവിച്ചുതുടങ്ങിയതോടെ പുതുതായി വളർന്നുവന്ന വ്യവസായികൾ, കച്ചവടക്കാർ, തൊഴിലാളികൾ, വിദ്യാസമ്പന്നർ തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നിങ്ങനെ ബോധ്യങ്ങളും ഉണർന്നുതുടങ്ങി. മുൻകാലങ്ങളിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് വിശദവും സൂക്ഷ്മവുമായി പഠിക്കുകയും എഴുതുകയുംചെയ്ത പണ്ഡിതനാണ് രാം പുനിയാനി. അദ്ദേഹം ഹിന്ദുത്വയുടെ നൂറു വർഷങ്ങളെ പരിശോധിക്കുന്നു.
കോളനി ഭരണകാലത്ത് സമൂഹത്തിൽ പരിവർത്തനം സംഭവിച്ചുതുടങ്ങിയതോടെ പുതുതായി വളർന്നുവന്ന വ്യവസായികൾ, കച്ചവടക്കാർ, തൊഴിലാളികൾ, വിദ്യാസമ്പന്നർ തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നിങ്ങനെ ബോധ്യങ്ങളും ഉണർന്നുതുടങ്ങി. മുൻകാലങ്ങളിൽ അധികാരം കൈയാളിയ ഭൂവുടമകൾ, രാജാക്കന്മാർ എന്നിവരുടെ സാമൂഹിക മേധാവിത്വം അസ്തമിക്കുന്നതും കണ്ടു. ഉയർന്നെഴുന്നേൽക്കുന്ന വർഗത്തിലെ പുതുമുറവിഭാഗങ്ങൾ ചേർന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, ജസ്റ്റിസ് പാർട്ടി, ഇന്ത്യൻ നാഷനൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുണ്ടാക്കിയപ്പോൾ മറുവശത്ത്, രാജാക്കന്മാരും ജന്മിമാരും ചേർന്ന് മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ, ആർ.എസ്.എസ് എന്നിവക്കും രൂപം നൽകി. പിൻചൊന്ന സംഘടനകൾ ജന്മിത്തമൂല്യങ്ങളെയും സമത്വത്തിലൂന്നിയ സാമൂഹിക പരിവർത്തനത്തെയും എതിർക്കുന്നവയും സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്നവയുമായിരുന്നു.
1925ൽ രൂപം നൽകിയ ആർ.എസ്.എസ് 2025 ഒക്ടോബർ രണ്ടിന് നൂറുവർഷം പൂർത്തിയാക്കി. ഹിന്ദുത്വയാണ് സംഘടനയുടെ രാഷ്ട്രീയം. ഹിന്ദുരാജ്യമാണത് ലക്ഷ്യംവെക്കുന്നത്. ഓരോ സംഘപ്രവർത്തകനുമെടുക്കുന്ന പ്രതിജ്ഞ ഹിന്ദു രാജ്യത്തോട് കടപ്പെട്ടിരിക്കണമെന്നാണ്. ആർ.എസ്.എസിന്റെ അടിസ്ഥാനതല യൂനിറ്റായ ശാഖകൾ അതിദ്രുതമാണ് പ്രസ്ഥാനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശാഖകളിലെത്തുന്ന കുട്ടികൾ -ഇക്കാലത്ത് എല്ലാ പ്രായക്കാരുമുണ്ട്- ദേശീയ കായിക വിനോദങ്ങളായ കബഡി, ഖോ ഖോ തുടങ്ങിയവ കളിക്കുന്നു. ഒപ്പം, അവർക്ക് ശാഖാ ബൗദ്ധിക് എന്ന പേരിൽ പ്രത്യയശാസ്ത്രപരമായ പരിശീലനവും നൽകുന്നു. അതിവിശാലമാണ് ഈ പരിശീലന പരിപാടി. വ്യത്യസ്ത കാലഘട്ടങ്ങളിലായാണ് ഇത് അഭ്യസിപ്പിക്കുന്നത്. പൂർണാർഥത്തിൽ പുരുഷ കേന്ദ്രീകൃതമാണ് സംഘടന. സ്ത്രീകൾക്കായി രാഷ്ട്ര സേവിക സമിതി എന്ന അനുബന്ധ സംഘടനയുണ്ട്. വനിത സംഘടനയുടെ പേരിൽ പക്ഷേ, സ്വയം എന്നതില്ലെന്നത് ശ്രദ്ധേയം.
ശാഖകളിൽ പകർന്നുകൊടുക്കുന്ന പാഠങ്ങളിൽ ഛത്രപതി ശിവജി മഹാരാജ്, റാണ പ്രതാപ് തുടങ്ങിയ ഹിന്ദു രാജാക്കന്മാർ മഹത്ത്വവത്കരിക്കപ്പെടുമ്പോൾ ഔറംഗസേബ്, ബാബർ, ടിപ്പു സുൽത്താൻ തുടങ്ങിയവർ ക്രൂരന്മാരായ വില്ലന്മാരായും അവതരിപ്പിക്കപ്പെടുന്നു. മുസ്ലിം വിദ്വേഷത്തിന്റെ വിത്ത് വിതക്കുന്നത് ഇവിടെവെച്ചാണ്. 83,000 ശാഖകളായി പടർന്നുകഴിഞ്ഞ സംഘടനയുടെ ലക്ഷക്കണക്കിന് സ്വയം സേവകർ (ഭാഗിക സേവനം നൽകുന്ന സന്നദ്ധപ്രവർത്തകർ), നൂറുകണക്കിന് പ്രചാരകുമാർ (മുഴുസമയ പ്രചാരണവുമായി കഴിയുന്ന അവിവാഹിതർ) എന്നിവരുടെ പ്രവർത്തനം സമൂഹ ചിന്തകളിൽ കാര്യമാത്ര സ്വാധീനമുണ്ടാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. മുസ്ലിംകൾക്കെതിരെ, സമീപ പതിറ്റാണ്ടുകളിൽ ക്രൈസ്തവർക്കെതിരെയും വെറുപ്പ് സൃഷ്ടിക്കുകയുംചെയ്തിട്ടുണ്ട്.
സംഘടനയുടെ നൂറാം വാർഷികാഘോഷത്തിന് നാന്ദികുറിച്ചത് സർസംഘ് ചാലക് ഡോ. മോഹൻ ഭാഗവത് ഡൽഹി വിജ്ഞാൻ ഭവനിൽ നടത്തിയ മൂന്ന് പ്രഭാഷണ പരമ്പരകളിലൂടെയാണ് (2025 ആഗസ്റ്റ് 26, 27, 28 തീയതികളിൽ). മറ്റ് മൂന്ന് മെട്രോ നഗരങ്ങളിൽകൂടി ഡോ. ഭാഗവതിന്റെ പ്രഭാഷണങ്ങളുണ്ട്. ഡൽഹി പ്രഭാഷണങ്ങളിൽ ഒരിക്കൽ തന്റെയും മോദിയുടെയും വിരമിക്കൽ ചർച്ചചെയ്ത ഭാഗവത് അങ്ങനെയൊരു സാധ്യതതന്നെ തള്ളുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ, ബി.ജെ.പി സ്വതന്ത്ര സംഘടനയായതിനാൽ തീരുമാനം അവർ തന്നെ എടുക്കേണ്ടത്. ആർ.എസ്.എസിലാകട്ടെ, വിരമിക്കലിന്റെ പാരമ്പര്യവുമില്ല. ജനസംഖ്യ വർധന താഴോട്ടായതിനാൽ ദമ്പതികൾ മൂന്നു മക്കൾ എന്ന രീതി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. രാജ്യത്ത് മുസ്ലിംകൾ ഭൂരിപക്ഷമാകാൻ പോകുന്നുവെന്ന പ്രചാരണത്തിന്റെ തുടർച്ചയായ സാങ്കൽപിക ഭീതി തടയാൻ ലക്ഷ്യമിട്ടാകണം ഈ ഉദ്ബോധനം.
ഹിന്ദുവിന്റെ വിവക്ഷയിൽ മുസ്ലിംകളെയും ക്രൈസ്തവരെയും കൂടി ഉൾച്ചേർക്കാനാകുംവിധം ഹിന്ദുവാരെന്ന് നിർവചിക്കുന്നതായിരുന്നു പ്രഭാഷണങ്ങളുടെ സാരാംശം. മുസ്ലിംകളുടെ അരികുവത്കരണവും ഘെറ്റോവത്കരണവും ഒപ്പം ക്രൈസ്തവർക്കുനേരെ ഒറ്റപ്പെട്ട ആക്രമണവും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ ആക്രമണങ്ങൾ കഴിഞ്ഞ പതിറ്റാണ്ടുകളിൽ അനുക്രമമായി വർധിച്ചുവരികയുമാണ്. പുതിയ നിർവചനത്തിൽ പക്ഷേ, മതം എവിടെയും പരാമർശിക്കുന്നേയില്ല. പകരം, ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവരെയും ഹിന്ദുവെന്ന് വിളിക്കുന്നു! ആർ.എസ്.എസ് തലവന്റെ വാക്കുകളിങ്ങനെ: ‘‘ഹിന്ദവി, ഭാരതീയം, സനാതനം... എല്ലാം പര്യായങ്ങളാണ്. ഈ വാക്കുകളെ തമ്മിൽ ചേർക്കുന്ന ഉള്ളടക്കം ഭൂമിശാസ്ത്രപരമല്ല. കഴിഞ്ഞ 40,000 വർഷങ്ങളായി നമ്മുടെ ഡി.എൻ.എ ഒന്നാണ്.’’
ഹിന്ദു ആരെന്ന് നിർവചിക്കുന്നതിന് സുദീർഘമായൊരു ചരിത്രമുണ്ട്. സിന്ധു നദിക്ക് കിഴക്കായി താമസിക്കുന്നവരെ പറയുന്ന ഭൂമിശാസ്ത്രപരമായ വിഭാഗമായാണ് ഹിന്ദു എന്ന പദം ഉപയോഗിച്ചുതുടങ്ങുന്നത്. ക്രമേണ ഇവിടെ വസിക്കുന്ന ബ്രാഹ്മണ, നാഥ, തന്ത്ര, സിദ്ധ, ആജീവക മതപാരമ്പര്യങ്ങളെല്ലാം ഒന്നിച്ച് ഹിന്ദു മതപരിധിയിലായി. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ ഈ മത വിഭാഗീകരണം കൂടുതൽ ശക്തമായി. ഭൂമിശാസ്ത്ര പരികൽപനയോടെ തുടക്കമായതെങ്കിലും ഹിന്ദു ഇന്ന് പ്രഥമമായി ഒരു മത വിഭാഗമാണ്. ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുമതത്തിൽ ബ്രാഹ്മണ മൂല്യങ്ങളാണ് മൗലിക ഘടകം. ഹിന്ദുമതത്തെ രൂപപ്പെടുത്തുന്ന നിരവധി ഉപവിഭാഗങ്ങളുണ്ടെന്ന് ഏവർക്കുമറിയാം. എന്നാൽ, ‘എസൻഷ്യൽസ് ഓഫ് ഹിന്ദൂയിസം’ എന്ന ഗ്രന്ഥത്തിൽ ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ അവതരിപ്പിച്ച സവർക്കർ ഹിന്ദുവിനെ നിർവചിക്കുന്നത് സിന്ധുനദി മുതൽ കടൽവരെയുള്ള നാടിനെ പിതൃഭൂമിയും പുണ്യഭൂമിയുമായി കാണുന്ന എല്ലാവരുമെന്നാണ്.

മുരളി മനോഹർ ജോഷി,ജെ.പി. നഡ്ഡ
1990ൽ മുരളി മനോഹർ ജോഷി ബി.ജെ.പി പ്രസിഡന്റായപ്പോൾ എല്ലാ ഇന്ത്യക്കാരെയും അദ്ദേഹം ഹിന്ദുക്കളെന്ന് വിളിച്ചു. മുസ്ലിംകൾ അഹ്മദീയ ഹിന്ദുക്കളും ക്രൈസ്തവർ ക്രിസ്തി ഹിന്ദുക്കളുമായിരുന്നു അദ്ദേഹത്തിന്. ഈ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമേൽ ഹിന്ദു സ്വത്വം അടിച്ചേൽപിക്കുന്ന ആദ്യ പടിയായിരുന്നു ഇത്. ഇതാണ് ഭാഗവത് ഒരു പടികൂടി മുന്നോട്ടു കൊണ്ടുപോകുന്നത്. അങ്ങനെ അദ്ദേഹത്തിന് ഹിന്ദവിയും ഭാരതീയവും സനാതനവുമെല്ലാം പര്യായങ്ങളായി. അവ പരസ്പരം വെച്ചുമാറാവുന്നവയെന്ന നിലക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സനാതനമെന്ന പദത്തിനർഥം ശാശ്വതമെന്നാണ്. ഹിന്ദുമതത്തിൽ ആചാരങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും വിശുദ്ധ സ്ഥലങ്ങളുമെല്ലാം മുസ്ലിംകളുടേതിൽനിന്നും ക്രൈസ്തവരുടേതിൽനിന്നും ഭിന്നമാണ്. ഹിന്ദുവെന്ന മതസംജ്ഞക്കുള്ളിലായി ക്രൈസ്തവർക്കും മുസ്ലിംകൾക്കും സ്വയം സങ്കൽപിക്കാനാകില്ല.
എന്നാൽ, തന്റെ ഈ വാദത്തിന് ബലം നൽകി അഹിന്ദുക്കളെ കൂടി ഹിന്ദുമത പരിധിയിലാക്കാൻ ഭാഗവത് ഹിന്ദുക്കളെ നാല് വിഭാഗങ്ങളായി തിരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘‘നാല് വിഭാഗങ്ങളാണ് ഹിന്ദുക്കൾ- സ്വയം ഹിന്ദുക്കളായി കാണുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന ഹിന്ദുക്കൾ, സ്വയം ഹിന്ദുവായി കാണുകയും എന്നാൽ അതിൽ അഭിമാനിക്കാതിരിക്കുകയും ചെയ്യുന്നവർ, ഹിന്ദുവാണെന്നറിഞ്ഞിട്ടും അത് പറയാത്തവർ, സ്വയം ഹിന്ദുക്കളെന്ന് പരിഗണിക്കുകപോലും ചെയ്യാത്തവർ.’’ അഹിന്ദുക്കൾക്കുമേൽ ഹിന്ദുമത സ്വത്വങ്ങൾ അടിച്ചേൽപിക്കാനുള്ള സൂക്ഷ്മമായ മാർഗമാണിത്. പ്രയോഗത്തിൽ, വർഗീയ ശക്തികൾ അടിച്ചേൽപിക്കുന്ന അടിസ്ഥാന യാഥാർഥ്യങ്ങളെ ഭരിക്കുന്നത് സവർക്കറുടെ നിർവചനം തന്നെ.
ആർ.എസ്.എസ് സൈദ്ധാന്തികർ ഹിന്ദുമതം സഹിഷ്ണുതയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് വാദിക്കുമ്പോഴും ഇവിടെ ദൃശ്യമാകുന്ന യാഥാർഥ്യം വേറിട്ടതാണ്. ഭാഗവത് പ്രൗഢമായി പറയുന്നു: ‘‘അപരരുടെ വിശ്വാസങ്ങളെ നൃശംസിക്കാതെ സ്വന്തം മാർഗം പിന്തുടരുന്നതിൽ വിശ്വസിക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപമാനിക്കാതെ അവരുടേതിനെ ആദരിക്കുകയും ചെയ്യുന്നവരാണ് ഹിന്ദു. ഈ പാരമ്പര്യവും സംസ്കാരവും പിന്തുടരുന്നവർ ഹിന്ദുക്കളാണ്...’’ വസ്തുത പറഞ്ഞാൽ, ഈ ഉയർന്ന ചിന്ത മഹാത്മാ ഗാന്ധിയും പിന്തുടർന്നതാണ്. പക്ഷേ, അദ്ദേഹത്തെ വധിച്ചുകളയുന്നത് തുടക്കത്തിൽ ആർ.എസ്.എസ് ശാഖകളിൽ പരിശീലനം നേടിയ നാഥുറാം ഗോദ്സെയാണ്. ഒന്നുകൂടി വിശദമാക്കിയാൽ ഈ നിർവചനങ്ങൾ ഇതര മതസ്ഥരുടെയും ഭക്തരായ വിശ്വാസികൾക്കൊക്കെയും പറഞ്ഞതാണ്.
ആർ.എസ്.എസ് എല്ലാ ഹിന്ദുക്കളുടേതുമാണെന്ന വാദം പക്ഷേ, അത് പുരുഷന്മാരുടെ സംഘടനയാണെന്നു വരുമ്പോൾതന്നെ പൊളിഞ്ഞുവീഴും. ചരിത്രത്തെ കുറിച്ച അതിന്റെ പ്രധാന ആഖ്യാനങ്ങളേറെയും ‘മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരായ വെറുപ്പി’നു മേൽ എടുക്കപ്പെട്ടതാണ്. സ്ത്രീകൾ, ദലിതർ, ഇതര പിന്നാക്കക്കാർ എന്നിവരോടെല്ലാം നിശിതമായ വിവേചനം കാണിക്കുന്ന മനുസ്മൃതി ഉയർത്തിപ്പിടിച്ചവരായിരുന്നു സവർക്കർ അടക്കം ആർ.എസ്.എസിന്റെ മുഖ്യ സൈദ്ധാന്തികരെല്ലാം. ഈ വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം സവിശേഷ സാഹചര്യങ്ങൾക്കുള്ളതാണെന്ന് പറഞ്ഞ് തന്റെ പ്രഭാഷണങ്ങളിൽ ഇത് മൂടിവെക്കാൻ ഭാഗവത് ശ്രമിക്കുന്നു. മറ്റു പ്രത്യയശാസ്ത്രങ്ങളൊക്കെയും ഈ വിഷയങ്ങളിൽ വേറിട്ട നിലപാടുകൾ പുലർത്തുന്നവരാണ്. ഇതര മതങ്ങൾ, താഴ്ന്ന ജാതിക്കാർ, സ്ത്രീകൾ എന്നിവരെ പുറത്തുനിർത്തൽ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനമുദ്രയാണ്. ആർ.എസ്.എസ് ശാഖകളിലൊരിടത്തും മുസ്ലിംകൾ ഭാഗവുമല്ല.
എല്ലാവരെയും ചേർത്തുപിടിക്കുന്ന വിഷയം പക്ഷേ, ബി.ജെ.പി എം.പിമാരുടെ കാര്യവുമായി ചേർത്ത് പരിശോധിക്കണം. മുസ്ലിം, ക്രൈസ്തവ വിഭാഗക്കാരായ ഒറ്റ എം.പിയും ബി.ജെ.പിക്കില്ല. ഭരണകക്ഷിയിൽ പ്രധാനമന്ത്രി മുതൽ താഴോട്ടെല്ലാവരിൽനിന്നും മുസ്ലിം വിദ്വേഷ പ്രസംഗങ്ങൾ വേണ്ടുവോളം ഇപ്പോഴുമുണ്ട്. എൻ.ആർ.സി-സി.എ.എ വഴി അസമിലെ മുസ്ലിംകൾക്ക് വോട്ട് നിഷേധിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ബിഹാറിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) സമൂഹത്തിലെ പാവപ്പെട്ടവരെയും അരികുകളിലുള്ളവരെയും ഇലക്ടറൽ പ്രക്രിയയിൽനിന്ന് സമ്പൂർണമായി പുറന്തള്ളാനുള്ള മറ്റൊരു ശ്രമമാണ്. മൂന്നു പ്രഭാഷണങ്ങളും ഒരർഥത്തിൽ എല്ലാ ഇന്ത്യക്കാർക്കും മേൽ ഹിന്ദു സ്വത്വം അടിച്ചേൽപിക്കുകയെന്ന ആർ.എസ്.എസ് അജണ്ട കൃത്യമായി അടിവരയിടുന്നതാണ്. അതിസമർഥമായി, ഹിന്ദുമത സ്വത്വം ദേശീയ സ്വത്വമായി അവതരിപ്പിക്കപ്പെടുകയാണ്.
ആർ.എസ്.എസും ബി.ജെ.പിയും തമ്മിൽ, വിശിഷ്യാ 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് വിയോജിപ്പുകളുണ്ടെന്ന് ധാരണ വന്നിരുന്നു. ബി.ജെ.പിക്ക് സ്വന്തമായി തെരഞ്ഞെടുപ്പ് നേരിടാനും വിജയിക്കാനും ശേഷിയുണ്ടെന്ന് ജെ.പി. നഡ്ഡ പ്രസ്താവന നടത്തി. അഥവാ, ഇനിയും ആർ.എസ്.എസ് സഹായം വേണ്ടെന്ന്. ആർ.എസ്.എസ് ഈ വിഷയത്തിൽ മൗനം ദീക്ഷിക്കുകയുംചെയ്തു. അതിന്റെ തുടർച്ചയായി, ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നിരവധി സീറ്റുകൾ നഷ്ടമായി. 400 സീറ്റുകളെന്ന മോഹം തകർന്നടിഞ്ഞു. എന്നാൽ, ആർ.എസ്.എസ് പൂർണശക്തിയിൽ പ്രവർത്തിച്ച മഹാരാഷ്ട്രപോലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ അവരതിന് നഷ്ടപരിഹാരംചെയ്തു. ബി.ജെ.പി അധികാരമേറിയിട്ടുപോലും താൻ പ്രധാനമന്ത്രിയായി തുടരുമെന്ന് ആർ.എസ്.എസ് ആസ്ഥാനത്തു ചെന്ന് നരേന്ദ്ര മോദി ഉറപ്പാക്കുന്നതും കണ്ടു.
പ്രായം 75 കഴിയുന്നതോടെ അംഗങ്ങൾ അധികാരസ്ഥാനങ്ങൾ വഹിക്കില്ലെന്നും മാർഗദർശക് മണ്ഡൽ (ഉപദേശക സമിതി) അംഗങ്ങളായി മാത്രം തുടരുമെന്നുമാണ് ബി.ജെ.പിയിലെ വെപ്പ്. ഈ ഭീഷണി സുരക്ഷിതമായി മറികടന്ന മോദി 75ാം ജന്മദിനത്തിൽ രാജിയെന്ന ഭീഷണി ശുഭകരമായി മറികടന്നു. ആർ.എസ്.എസ് അധ്യക്ഷൻ ഡോ. മോഹൻ ഭാഗവതിന് വാഴ്ത്തുപാട്ടുമായി അദ്ദേഹം രാജ്യത്തെ പ്രമുഖ പത്രങ്ങളിൽ ലേഖനമെഴുതി. എന്നുവെച്ചാൽ, ആർ.എസ്.എസ് ബി.ജെ.പിയെ നിയന്ത്രിക്കുന്നത് രണ്ട് സംവിധാനങ്ങൾ വഴിയാണ്. ഒന്ന്, മിക്കവാറും ബി.ജെ.പി നേതാക്കളെല്ലാം ആർ.എസ്.എസ് പരിശീലനക്കളരിയിൽ അഭ്യസിച്ചിറങ്ങിയവരാണ്. പ്രധാനമന്ത്രി മോദിയെപ്പോലെ പലരും അതിന്റെ പ്രചാരകരുമാണ്. ദ്വിതീയമായി, ബി.ജെ.പി സംസ്ഥാന ഘടകങ്ങളുടെ ഓർഗനൈസിങ് സെക്രട്ടറി പദത്തിലെത്തുക ആർ.എസ്.എസ് പ്രചാരകുമാരാണ്. അതോടെ, ബി.ജെ.പിക്ക് ചില സ്വാതന്ത്ര്യമൊക്കെ ഉണ്ടാകുമെങ്കിലും ആർ.എസ്.എസ് തന്നെയാണ് ബി.ജെ.പി രാഷ്ട്രീയത്തിന്റെ നാരായവേരായി വർത്തിക്കുന്നത്.
എന്നാലിപ്പോൾ, ആർ.എസ്.എസ് പാരമ്പര്യം പേറുന്ന ബി.ജെ.പി ഗുരുതര വെല്ലുവിളികൾ നേരിടുകയാണ്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിലും അനുബന്ധ സംവിധാനങ്ങളിലും നടത്തിയ കൃത്രിമത്വങ്ങൾ പുറത്തുവന്നിരിക്കുന്നു. ‘വോട്ട് ചോരി’ അഥവാ, വോട്ട് മോഷണ പ്രചാരണം ജനം ഏറ്റെടുക്കുകയാണ്. ശാഖകളിൽ സ്വഭാവ രൂപവത്കരണത്തിലാണ് പ്രധാന ഊന്നലെന്ന് ആർ.എസ്.എസ് അവകാശവാദം തുടരുമ്പോഴും കേരളത്തിൽ അനന്തുവിന്റെ ഉദാഹരണംപോലുള്ളവ മറ്റു ചിലത് പുറത്തെത്തിക്കുന്നു. എന്തുമാത്രം കുട്ടികൾ ഈ ശാഖകളിൽ പീഡനങ്ങളേറ്റുവാങ്ങിയിട്ടുണ്ടാകും- പറയാനാകില്ല. അനന്തുവിന്റെ സംഭവം ചിലപ്പോൾ മഞ്ഞുമലയുടെ മുകളറ്റം മാത്രമാകാം.

രണ്ടു വിഷയങ്ങളിൽ ബി.ജെ.പി സർക്കാർ നടപടിയുമായി എത്തിയിട്ടുണ്ട്. ഒന്ന്, സർക്കാർ സ്കൂളുകളുടെ മൈതാനങ്ങളിൽ ആർ.എസ്.എസ് ശാഖകൾ നടത്താൻ പറ്റില്ല. ശാഖകളുടെ അനിയന്ത്രിത വ്യാപനവും അവരുടെ വിദ്വേഷ പ്രചാരണങ്ങളും ഒരളവോളം കുറയും. സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാമെന്നും അത് സാംസ്കാരിക സംഘടനയാണെന്നും മോദി സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു. ആർ.എസ്.എസിന്റെ മുഖ്യ രാഷ്ട്രീയ അജണ്ടയെ മറച്ചുപിടിക്കാനുള്ളതാണ് ഈ സാംസ്കാരിക പ്രവർത്തനം. ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സർക്കാർ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ കുറെ പതിറ്റാണ്ടുകളിൽ സ്വത്വവിഷയങ്ങൾ തങ്ങളുടെ പരിപാടികളിലെ ഒന്നാം പരിഗണനയാക്കാൻ ആർ.എസ്.എസ് പ്രോത്സാഹനം നൽകിവന്നിരുന്നു. അത് തുടക്കമിട്ട രാമക്ഷേത്ര പ്രസ്ഥാനം ബാബരി മസ്ജിദ് തകർക്കുന്നതിനും തുടർന്നുള്ള രാജ്യവ്യാപക സംഘർഷങ്ങൾക്കും കാരണമായി. മതന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്ന വിദ്യ ആർ.എസ്.എസ് വശത്താക്കിയെന്ന് തോന്നുന്നു. ക്ഷേത്ര പ്രശ്നത്തിനുശേഷം ഗോമാംസമായി വിഷയം. നൂറിലേറെ മുസ്ലിംകളുടെയും ദലിതുകളുടെയും മരണത്തിന് അത് കാരണമായി. ഇതേസമയം, ലോകത്തെ ഏറ്റവും വലിയ മാംസ കയറ്റുമതി രാജ്യമായി ഇന്ത്യ വളരുകയാണെന്നുകൂടി ഓർക്കണം. രസകരമായത്, ഈ വ്യവസായം ചെയ്യുന്ന പ്രധാന കമ്പനികൾ ഹിന്ദുക്കളുടെയോ ജൈനരുടെയോ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
അതുപോലൊരു നീക്കമാണ് ‘ലവ് ജിഹാദ്’. മുസ്ലിം യുവാക്കളിൽ ഭീതിയും ആധിയും പടർത്തുന്നതിൽ ഇത് വിജയം വരിച്ചിട്ടുണ്ട്. ഹാദിയ വിഷയം പറഞ്ഞുതരുംപോലെ, സമൂഹത്തിൽ സംഘർഷം പടർത്താനുള്ള നിർമിതികളാണിവയെല്ലാം. കേരളത്തിൽ ചില യോഗ കേന്ദ്രങ്ങൾ പുതുതായി വന്നിട്ടുണ്ട്. ഭിന്നമത വിവാഹം നടത്തിയ പെൺകുട്ടികളെ മാതാപിതാക്കളിലേക്ക് തിരികെയെത്തിക്കാൻ അവർ ശ്രമം നടത്തുന്നു. യഥാർഥ അർഥം എന്തായാലും ജിഹാദ് എന്ന പദം സമൂഹത്തിലെ വിവിധ തലങ്ങളിലേക്ക് വ്യാപനം നേടിയിട്ടുണ്ട്: ഭൂമി ജിഹാദ്, തൊഴിൽ ജിഹാദ്, കൊറോണ ജിഹാദ് എന്നിവ വിദ്വേഷ ഫാക്ടറിയിൽ വിരിഞ്ഞ ജിഹാദുകളുടെ ചില ഉദാഹരണങ്ങൾ. മുസ്ലിംകളെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തുന്നതിൽ ഇവ ലക്ഷ്യം കണ്ടുവരുന്നു.
ക്രൈസ്തവരും ഒഴിവാക്കപ്പെടുന്നൊന്നുമില്ല. ഗ്രഹാം സ്റ്റുവാർഡ് സ്റ്റെയിൻസിന്റെ ക്രൂര കൊലപാതകത്തിലും കണ്ഡമാൽ അക്രമങ്ങളിലും തുടക്കം കുറിക്കപ്പെട്ടതാണവ. കാമറക്കണ്ണുകളിൽ പതിയാതെയാണ് പലപ്പോഴും ക്രൈസ്തവ വേട്ട നടക്കുന്നത്. വിദൂരസ്ഥലങ്ങളിൽ പ്രാർഥന നടത്തുന്ന, ഒറ്റപ്പെട്ട ക്രൈസ്തവ പാതിരിമാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്യുന്നു. 2011ലെ ജനസംഖ്യ കണക്കുകൾ പ്രകാരം ക്രൈസ്തവർ 2.30 ശതമാനമേ വരൂ എങ്കിലും ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുന്നുവെന്ന പ്രചാരണം കാട്ടുതീപോലെ പടരുകയാണ്.
ആർ.എസ്.എസ് രാഷ്ട്രീയത്തിൽ ഏറ്റവും അപകടകരമായത് ഭരണം, പൊലീസ്, ഉദ്യോഗസ്ഥർ, ജുഡീഷ്യറി തുടങ്ങി സർക്കാർ സംവിധാനത്തിന്റെ എല്ലാതലങ്ങളിലും അത് നുഴഞ്ഞുകയറി തങ്ങളുടെ വിഭജന രാഷ്ട്രീയം നടപ്പാക്കുന്നുവെന്നതാണ്. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും (മത, അഭിപ്രായപ്രകടന വിഷയങ്ങളിൽ) കുത്തനെ താഴോട്ട് പതിക്കുന്നതാണ് കാഴ്ച. ആഗോള തലത്തിൽ വിവിധ സൂചികകളിലും ഇന്ത്യ താഴോട്ടുതന്നെ. ബി.ജെ.പിയും ആർ.എസ്.എസും തമ്മിൽ നിലവിലുള്ളതായി പറയുന്ന സംഘർഷം ഉപരിപ്ലവം മാത്രമാണ്. എന്നല്ല, അന്തർധാരയായി ഇരുവരുടെയും ലക്ഷ്യങ്ങൾ പരസ്പര ബന്ധിതവുമാണ്. സമീപ വർഷങ്ങളിലായി, രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ജനാധിപത്യ ശക്തികൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിന്റെ തുടർച്ചയായി, ജനാധിപത്യ മനസ്സുള്ള എല്ലാ ശക്തികളും ഒന്നിച്ചുനിന്ന് ആർ.എസ്.എസ്-ബി.ജെ.പി ഹിന്ദുരാഷ്ട്ര അജണ്ടയെ നേരിടണം. നമ്മുടെ സ്വാതന്ത്ര്യ സമരത്തെ രൂപപ്പെടുത്തിയ മൂല്യങ്ങളിലേക്ക് -ഈ മൂല്യങ്ങൾ നമ്മുടെ ഭരണഘടനയിൽ ഉൾച്ചേർന്നതാണ് -രാജ്യത്തെ തിരികെയെത്തിക്കുകയും വേണം.
മൊഴിമാറ്റം: കെ.പി. മൻസൂർ അലി

