പശി

വായന മരിക്കുന്നെന്നു വിലപിക്കയല്ല, അതിന്റെ സന്നദ്ധഭടരാവുകയാണ് വേണ്ടത്. ഈ രണസേവനത്തിന്റെ അഭ്യാസമുറ നന്നേ സരളം: വായിക്കുക. വായനക്ക് പോംവഴി ഒന്നുമാത്രം: കൂടുതൽ വായന. അതിനുള്ള പശിയാണ് പശി. പശിക്കുന്ന മനുഷ്യാ പുസ്തകം കൈയിലെടുക്കൂ, അതൊരായുധമാണ് –പഴയൊരാഹ്വാനം, ബെർറ്റോൾഡ് ബ്രെഹ്തിന്റെ. അതനുസരിച്ച് ഇന്ന് പഴകാനാവുമോ, പറഞ്ഞയാൾക്കു പോലും –ഓൺലൈൻ വായനയുടെ കാലത്ത് ? താളൊന്നു മറിച്ചുനോക്കാത്തോരുകൂടി വായന മരിച്ചെന്നു കേഴുന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വായന മരിക്കുന്നെന്നു വിലപിക്കയല്ല, അതിന്റെ സന്നദ്ധഭടരാവുകയാണ് വേണ്ടത്. ഈ രണസേവനത്തിന്റെ അഭ്യാസമുറ നന്നേ സരളം: വായിക്കുക. വായനക്ക് പോംവഴി ഒന്നുമാത്രം: കൂടുതൽ വായന. അതിനുള്ള പശിയാണ് പശി.
പശിക്കുന്ന മനുഷ്യാ പുസ്തകം കൈയിലെടുക്കൂ, അതൊരായുധമാണ് –പഴയൊരാഹ്വാനം, ബെർറ്റോൾഡ് ബ്രെഹ്തിന്റെ. അതനുസരിച്ച് ഇന്ന് പഴകാനാവുമോ, പറഞ്ഞയാൾക്കു പോലും –ഓൺലൈൻ വായനയുടെ കാലത്ത് ? താളൊന്നു മറിച്ചുനോക്കാത്തോരുകൂടി വായന മരിച്ചെന്നു കേഴുന്ന ഇക്കാലത്ത്?
പരിദേവനം ഗൗരവത്തിലെടുത്താൽ മറ്റൊരു രൂപത്തിലാവും ചോദ്യം: ഡിജിറ്റൽ വായനയെങ്കിൽ ഡിജിറ്റൽ വായന. അതിനെങ്കിലുമുണ്ടോ വേണ്ടത്ര പശി, മനുഷ്യന്? പ്രശ്നം വായനയുടെ സങ്കേതപ്രതലമോ, വായന എന്ന പ്രതിഭാസം തന്നെയോ?
മുപ്പത്തഞ്ചു കൊല്ലം മുമ്പ്. സക്കർബർഗും ഇലോൺ മസ്കും വയസ്സറിയിക്കും മുമ്പ്. ഒരു പ്രവചനം. തന്നത് കാൾ സാഗൻ, പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ (ജ്യോതിഷികൾ പൊറുക്കുക): ‘‘ഭീമമായ സാങ്കേതികത്വശക്തി ഏതാനും ചിലരുടെ കൈക്കലാവുകയും സ്വന്തം നിശ്ചയങ്ങൾ നിർണയിക്കാനുള്ള ശേഷി ആളുകൾക്ക് നഷ്ടമാവുകയും ചെയ്യുമ്പോൾ മനുഷ്യരാശി ഇരുളിലേക്ക് വഴുതും’’ (ദ ഡീമൺ -ഹോണ്ടഡ് വേൾഡ്).
അതിനും മുമ്പ്, നവമാധ്യമങ്ങൾക്കും സ്മാർട്ഫോണിനും മുമ്പ്. ഒരു മുന്നറിയിപ്പ്. തന്നത് സ്വെൻ ബിർകേട്സ്, പ്രമുഖ പുസ്തകമെഴുത്തുകാരൻ (യന്ത്രസരസ്വതികൾ പൊറുക്കുക): ‘‘ഭൗതികവസ്തുവായ പുസ്തകത്തെ മഴവിൽപ്പാടയായ ഓൺലൈനിന് വിട്ടെറിയുന്നത് ഭീഷണിയാണ് –ശ്രദ്ധയ്ക്ക്, ആഖ്യാന വൈഭവത്തിന്, വായനയുടെ അതിലംഘനശേഷിക്ക്’’ (ഗുട്ടൻബർഗ് എലിജീസ്).
സാഗന്റേത് പ്രവചനസ്വരമെങ്കിൽ സ്വെൻ െവച്ചത് പ്രകടനപത്രിക. അതു ചൂണ്ടിയത് വെബ് ലോകോദയം ഭൂമിക്കിട്ട മായപ്പന്തലിൽ അച്ചടിപ്പുസ്തകങ്ങളുടെ ദുര്യോഗം വരുത്തുന്ന ഹാനി. ഈ പന്തലിപ്പിൽ ഏതാണ്ടെല്ലാംതന്നെ എന്തിന്റെയും ആന്തരീകരണത്തെ നിരുത്സാഹപ്പെടുത്തുന്നു. നമ്മുടെ ഇടപഴക് കൂടുതൽ കൂടുതൽ സർക്യൂട്ടുകളിലൂടെയാവുന്നു. ഈ പരിക്രമണ വിനിമയത്തിന് ഒരാജന്മ പ്രകൃതമുണ്ട് –അതു നമ്മെ പ്രതീതികളിൽ ചുറ്റിച്ചുകൊണ്ടേയിരിക്കും. മായച്ചുറ്റിലാണിന്ന് മനോഭ്രമണം.
ഇത് മുപ്പതു കൊല്ലം മുമ്പ് സൂചനയെങ്കിൽ ഇന്ന് നിത്യാനുഭവം. മറുമരുന്നുണ്ടോ? സ്വെൻ തന്നെ തന്നിരുന്നു. അതിന്റെ കുറിപ്പടി: ‘‘അവധാനവും ധ്യാനാത്മകവുമായ ആ കൈവശത്തിലേയ്ക്ക് മടങ്ങുക –പുസ്തകത്തിലേയ്ക്ക്.’’ ഉപദേശത്തിൽ ഉൺമയുണ്ട്. കാരണം, സജീവ നിമിഷങ്ങളുടെ കേവല പരമ്പരയല്ല ജീവിതം എന്ന നേരുറപ്പിക്കാൻ കഴിയുന്നു, പുസ്തക വായനക്ക്.

ബെർറ്റോൾഡ് ബ്രെഹ്ത്,സ്വെൻ ബിർകേട്സ്
പറയാം, ഇതു പുസ്തകപ്പുഴുക്കളുടെ ശീലരോഗമെന്ന്. ചോദിക്കാം, മാധ്യമമാണോ സന്ദേശമെന്ന്. ജ്വലിക്കുന്ന കവിത കടലാസുതാളിൽ വായിക്കുന്നതും സിലിക്കൺ സ്ക്രീനിൽ വായിക്കുന്നതും തമ്മിലെന്തു വ്യത്യാസമെന്ന്. അതുക്കും മേലെ, ഉരുക്കഴിച്ച ശബ്ദമായി ദൃശ്യമാധ്യമ ദ്വാരാ കേട്ടാലെന്താ കുറവെന്ന്. സർവോപരി, സമൂഹത്തിന്റെ ചേതങ്ങൾക്ക് മാധ്യമം എന്തു പിഴച്ചെന്ന് –എഴുത്തിന്റെ പോരായ്മക്ക് യന്ത്രമോ പ്രതി?
പ്രത്യക്ഷമാത്രയിൽ എത്രയോ യുക്തിഭദ്രം! ക്ഷമിക്കൂ, പ്രത്യക്ഷം തന്നെയായ ഒരു ധാരണപ്പിശകിന്റെ വിത്താണ് ഈ യുക്തിയും. പുസ്തകംപോലെ ഭൗതികദേഹമുള്ള പ്രതലത്തിലൂടെയും അതില്ലാത്ത ഇന്റർനെറ്റിലൂടെയുമുള്ള വായനയുടെ വ്യത്യാസത്തിന് ഈ യുക്തി മറപിടിക്കുന്നു. നാരായം, പെൻസിൽ, പേന, ടൈപ്പ്റൈറ്റർ, അച്ചുകൂടം –കാലത്തിന്റെ പല ഘട്ടങ്ങളിൽ വന്നുപോയ ഉരുപ്പടികളോർമിച്ചാൽ ഈ വ്യത്യാസം മുഖംതരില്ല, കാരണം, അവയെല്ലാം ഉൽപാദനത്തിന്റെ സാങ്കേതികോപാധികളായിരുന്നു. എന്നാൽ, ഇന്റർനെറ്റ്, സ്വീകാരത്തിന്റെ സങ്കേതംകൂടിയാണത്. കാറ്റൊടുങ്ങാ കുരുക്കുപടർപ്പായ ഹൈപ്പർടെക്സ്റ്റ് ഇഴയിടുന്ന ഡിജിറ്റൽ പ്രപഞ്ചം കാതലിലേ പകരുക പ്രതീതിയുടെ അനുഭവമാണ്, വായനക്ക്. കൈത്തലത്തിലെ പുസ്തകം പക്ഷേ, സ്വയമേവ മറ്റൊരു ഭൗതിക പ്രപഞ്ചം. അതിന്റെ ആന്തരികതയുടെയും ആത്മായനത്തിന്റെയും തലം പ്രതീതിലോകത്ത് തമസ്കരിക്കപ്പെടുന്നു.
പുസ്തകം നമ്മെ പ്രതിഷ്ഠിക്കുന്ന തലത്തിന് നിഷ്കൃഷ്ടമായ ഉള്ളടക്കങ്ങളുണ്ട്. നമുക്കുള്ളിലൊരു വിലമതിപ്പുണ്ടവക്ക്. ആ ഹൃദയമൂല്യത്തിന് തെല്ലും മാഴുന്നില്ല ഇന്നും മാറ്റ്. കാരണം, വായിക്കുമ്പോൾ വായന നമ്മുടെ അസ്തിത്വകേന്ദ്രമായി തുടരുന്നു, ഇന്നും. ചരിത്രത്തിൽ എന്നത്തേയുംകാൾ കൂടുതലായി, ഒരുപക്ഷേ.
ഒന്നാമത്, നമ്മുടെ ഡിജിറ്റൽ ജീവിതം വാക്കുകളുടെ മാധ്യസ്ഥ്യത്തിലാണുള്ളത്. എക്സിന്റെ ഒച്ചപ്പാടായാലും ഫേസ്ബുക്കിന്റെ പതിപ്പായാലും ആരൂഢം ‘ടെക്സ്റ്റ്’ തന്നെ. വേറ് ഭാവിക്കുന്ന ഇൻസ്റ്റഗ്രാമും കാമ്പിൽ അങ്ങനെതന്നെ. അവയൊന്നും തരില്ല, ഒരു പുസ്തകത്തിൽ മുങ്ങുന്ന അനുഭവം. തിടുക്കപ്പെട്ട വാക്കും ഓടിച്ചുള്ള നോക്കും മനസ്സിനെ ആഴ്ത്തുന്നില്ല, എവിടെയും. ‘എഫ്.ബി പോസ്റ്റ്’ വായിച്ചോന്നു ചോദിച്ചാൽ ‘വായിച്ചു’ –വിലോമകോമയിട്ട വായന. മനസ്സിന്റെ ഈ എലിയോട്ടത്തിൽ നഷ്ടമാവുന്നതെന്തോ അതിന്റെ പേരാണ് അനുഭവം. സ്മാർട്ഫോൺ മണിയുടെ പ്രലോഭനീയതയിൽ അകപ്പെട്ട ലോകത്ത് അപായപ്പെടുന്ന അനുഭൂതി, നിമഗ്നതയുടെ.
രണ്ട്, യഥാർഥ വായനയുടെ പ്രവാഹസന്നദ്ധത ജീവിതത്തിന് മറ്റൊരു വിധേനയുള്ള നിമജ്ജനം ഒരുക്കുന്നുണ്ട് –ബോധരാശിയുടെ വികാസ സാധ്യത. വലിയ എഴുത്ത് നല്ല മനുഷ്യരെ സൃഷ്ടിക്കുമെന്ന പഴകിപ്പൂതലിച്ച ഭോഷ്ക് ഇന്നും അതുതന്നെ: ഭോഷ്ക്. ധാരാളം നാസികൾ വായിച്ചിരുന്നു, ഗെയ്ഥെയെ. തെളിവുണ്ട്. എന്നിട്ട് നന്നായോ അതിലാരാനും? കുറഞ്ഞപക്ഷം നാസിസം നന്നല്ലെന്നെങ്കിലും തിരിച്ചറിഞ്ഞുവോ? (ഭാരതീയ നാസികൾ എത്ര ഭേദം –പുസ്തകം വായിക്കുന്ന ദുഃസ്വഭാവമേ ഇല്ല).

ഒരു നോവൽ വായിക്കുന്നത് ഉള്ളിലേക്ക് മുന തിരിച്ചുവെച്ച സാന്ദ്രാനുഭവത്തിൽ ഇഴുകാനാണ്. അതിലൊരു സമാന്തര പ്രവൃത്തി നടക്കുന്നുണ്ട്, തൽസമയം –ആന്തരജീവിതത്തിന്റെ. കഥാപാത്രങ്ങളുടെ അനുഭവങ്ങൾ വെറുതെ കണ്ടുപോകയല്ല, ആ പാത്രങ്ങളാവുകയുമാണ് നാം. വായിക്കുമ്പോൾ, തന്നിലെ ഗുപ്തവ്യക്തിത്വങ്ങളെ തിരിച്ചറിയുക കൂടിയാണ് വായനക്കാരൻ. ഡിജിറ്റൽ ശൂന്യതയിലേക്ക് വലിച്ചെടുക്കപ്പെടുമ്പോൾ അങ്ങനെയാണോ കഥ?
ശരിയായ വായനയിൽ കൃതി ഒരപരിചിത ദേശം. അവിടത്തെ സഞ്ചാരത്തിൽ ബോധപൂർവകമായ അർപ്പണം വേണ്ടതുണ്ട്, ആ ദേശകാലങ്ങളിൽ. ആചരിക്കപ്പെടുന്ന ഇച്ഛയാണ് ആ അർപ്പണം. അതില്ലെങ്കിൽ, അനുധാവനം ചെയ്യുന്ന ബാധയാവില്ല ‘ഖസാക്കി’ലെ രവി; േഫ്ലാബേറിന്റെ മദാമ്മ. അതില്ലാതെ ജോയ്സിന്റെ ഇതിഹാസക്കുരുക്കിലോ (യുലീസിസ്), സാഡീ സ്മിത്തിന്റെ ചാരസൂത്രങ്ങളിലോ (ക്രിയേഷൻ ലേയ്ക്) പെട്ടുപോവില്ലാരും. അലക്സാണ്ടർ വെറോണിന്റെ പിന്റോെക്കാപ്പം യൂറേഷ്യയുടെ ഗൂഢവൈപുല്യം താണ്ടില്ലാരും. Xാം തലമുറ ചരിത്രമാഷുമാരും ഹിപ്ഹോപ് കലയാളരും തൊട്ട് ഉള്ളംകോച്ചുന്ന മനുഷ്യക്കടത്തുവരെ പൂന്തിയാടുന്ന ‘കാലിഡോനിയൻ റോഡി’ന്റെ രാവണൻകോട്ടയിൽ പൂണ്ടുപോകില്ലാരും –ഒക്കെയും വെറും 624 താളുകൾക്കിടയിലാണെന്ന് ഓർക്കണം. ആത്മരതിയെന്നല്ല, സ്വാർഥത്തിന്റെ സമസ്ത തൃഷ്ണയും തകർത്തെറിയാൻ ഒരു പുസ്തകത്തിനാവും. സ്വാസ്ഥ്യമേകുന്ന സ്ഥലകാലത്തുടർച്ച തൂത്തെറിയാനും.

കാൾ സാഗൻ
അർഥം –അതാണ് പുസ്തകമെന്ന ഭൗതികയന്ത്രത്തിലെ ഉൾഭൂതം. അത് ഭാഷയുടെ കേവല വാഗ്ദത്തം അല്ല, ഭാഷണത്തിന്റെ തൽക്ഷണ ധ്വനിയുമല്ല. അനുഭവത്തിലാഴുേമ്പാൾ ഉള്ളുനിറയുന്ന പനി-നീരാണ്. പനിച്ചൂടും നീർത്തണവും ചേർന്ന രസലഹരി. വീഞ്ഞാക്കാൻ മുന്തിരിങ്ങ ഞെരിച്ചമർത്തുന്ന യന്ത്രരീതി കണ്ടതാണ് ചലിക്കുന്ന അച്ചിന്റെ മൂശ ചമയ്ക്കാൻ ഗുട്ടൻബർഗിന് പ്രചോദനമായത്. വീഞ്ഞ്, അച്ചടി. രണ്ടിലും യന്ത്രത്തിന്റെ ഉന്നം ഒന്നുതന്നെ: വാറ്റ്, ‘സ്പിരിറ്റി’ന്റെ.
വൻതോതിലെ ഉൽപാദനമാണ് ഇന്റർനെറ്റിലൂടെ മനുഷ്യൻ നടത്തുന്നത്. പക്ഷേ, കഴിഞ്ഞ മുപ്പതാണ്ടിൽ അതിലൂടെ എഴുതപ്പെട്ടതൊക്കെ മാഞ്ഞിരിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ ഗ്രന്ഥാലയം (അലക്സാൻഡ്രിയയിലെ) ചാമ്പലാക്കാനെടുത്തത് ഒരു മുഴുനാൾ. അപ്പണി നിമിഷപ്പതിവാക്കിയാലോ? അതാണ് വെബ് ലോകത്ത് എഴുത്തിന് ഇന്നു സംഭവിക്കുന്നത്. ശിലയും പാപ്പിറസും തോൽപ്പടവും കടലാസും നൂറ്റാണ്ടുകളെ അതിജീവിച്ചു, വായനയുടെ തീൻമേശകളായി ^ആഹരണത്തെ ഒട്ടും ഹരിക്കാതെ, വിഭവങ്ങെള തെല്ലും ഹനിക്കാതെ. ആ താവഴിയിൽ, അച്ചടിച്ച പുസ്തകം ജീവനുള്ള സ്വത്വമാണ്. കടലാസ് അതിന്റെ മാംസം, മഷി ചോരയും. ഒരു പുസ്തകത്താൾ വെറുതെയൊന്നു മറിക്കുന്നതോടു താരതമ്യപ്പെടുത്തിയാൽ രക്തക്കുറവും വിളർച്ചയുമല്ലേ സ്ക്രോളിങ്?
ചെമ്പും ശൈലികവും വിളക്കി ചമച്ചതെങ്കിലും നെറ്റിനെ ഇന്നും വിശേഷിപ്പിക്കുന്ന വാക്കോർക്കുക –അശരീരി. അര നൂറ്റാണ്ടായി ഈ ഭ്രമകൽപന ശിരസ്സു വാഴുന്നു. അതിനെ ഉന്മത്താവേശത്തിൽ നെഞ്ചേറ്റുന്നു, ഡിജിറ്റൽ ആഭിചാരികൾ. സർവം മറന്ന് ഏറ്റുചൊല്ലുന്നു സൈബർ പ്രേമികൾ. പുസ്തകം പക്ഷേ അശരീരിയല്ല, ശരീരം സർവാത്മനാ ഹാജർ. അതിന്റെ വാസ്തുശിൽപത്തെ ഇന്നും നിർവചിക്കുന്ന ‘കോഡെക്സ്’ അടിസ്ഥാനപരമായി സാങ്കേതികം തന്നെയാണ്. പ്രാചീനർ കൈത്തലംപോലെ അതറിഞ്ഞിരുന്നു –കൈക്കോട്ടും കോടാലിയുംപോലെ അവർക്ക് സഹചാരിയായിരുന്ന ‘എഴുത്തില’.
പുസ്തകത്തെ തികവുറ്റതാക്കുന്നത് പുറംമേനിയല്ല –പുറമേയ്ക്കത് അഴക് ഉള്ളതോ ഉലഞ്ഞതോ ആവാം. നോട്ടുതൂക്കമല്ല–വില കൂടിയതോ കുറഞ്ഞതോ ആവാം. ഈടുമല്ല–ഉറ്റതോ അറ്റതോ ആവാം. മറിച്ച്, മനസ്സിനെ അടർത്തിമാറ്റാനുള്ള അതിന്റെ വൈഭവമാണ്. വായിക്കുന്നയാളിന്റെ അകത്തെ പുറത്തിൽനിന്ന് വിച്ഛേദിക്കാനുള്ള ശേഷി. വെബിന്റെ അപശ്രുതിമേളത്തിൽ മുങ്ങിപ്പോവുന്ന പ്രശ്നമില്ലവിടെ. സംഭവബഹുലവും വിചാര ചടുലവും വികാരഭരിതവുമൊക്കെയാവാം ഉള്ളടക്കം. ആ തിരതള്ളൽ മനസ്സിനെ മഥിച്ചെന്നുംവരാം. പക്ഷേ ഒച്ചപ്പൂരത്തിന്റെ മിഥ്യാവേഗങ്ങളിൽ മുക്കുകയില്ലത്.
‘ഓർവെലിന്റെ’ 1984. അതിൽ വിൻസ്റ്റൺ സ്മിത്ത് ടെലിസ്ക്രീനിന്റെ കാന്തവലയിൽനിന്നു കുതറിമാറി സ്വന്തം മനസ്സ് കടലാസു ഡയറിയിൽ കുറിക്കുന്നുണ്ട്. സർവദർശിയായ ഒളികണ്ണായിക്കഴിഞ്ഞിരുന്നില്ല മോണിറ്റർ സ്ക്രീൻ അന്ന്. അൽഗോരിതത്തിന്റെ നിയോൺ ദൈവത്തെ ചെറുക്കുന്ന പ്രതലമാണ് അച്ചടിത്താൾ. കോഡ് ചൊറിഞ്ഞ് ഉള്ളടക്കം റദ്ദാക്കാനുമാവില്ല –ഹാക്കർമാർ ഇന്റർനെറ്റ് ആർക്കൈവിനിട്ട് ചെയ്തമാതിരി. പുസ്തകത്തിനൊരു സുരക്ഷിതത്വമുണ്ട് –കാമറക്കണ്ണിൽനിന്നു തെന്നിമാറി സ്വകാര്യതയിൽ മനം കുറിച്ച സ്മിത്തിന്റെ പോലെ. ആ സ്വാതന്ത്ര്യമാണ് ഓൺലൈൻ വായനയിൽ ഓഫായിപ്പോകുന്നത്. അപഹരിക്കപ്പെടുന്ന സ്വകാര്യത സ്വാതന്ത്ര്യധ്വംസനമാണ് –പിന്നിലെ വാണിഭ താൽപര്യങ്ങൾക്കും ആധിപത്യലാക്കിനുമെല്ലാം അപ്പുറം.
പോയ നൂറ്റാണ്ടിലെ സമഗ്രാധിപത്യ രാഷ്ട്രീയങ്ങളെപ്പറ്റി ഇന്നും നാം പരിതപിക്കുന്നത് പച്ചപ്പരമാർഥിയുടെ മട്ടിലാണ്. ഭൂതകാലത്തിന്റെ മ്ലേച്ഛപരമം സുരക്ഷിതമായി ഉച്ചാടനം ചെയ്തുകഴിഞ്ഞെന്ന കിശോരവിചാരത്തിൽ. സാങ്കേതികത പുരോഗതിയെ സ്വാതന്ത്ര്യമെന്നു പിശകി ധരിച്ചുകൊണ്ട്. ഒരു നിമിഷം...
ഐ.ബി.എം പഞ്ച്കാർഡ് കീശയിലുണ്ടായിരുന്നേൽ എന്തു ചെയ്യുമായിരുന്നു ഹിറ്റ്ലർ? സ്റ്റാലിൻ? മാവോ? ബുഷ്? അത്ര പിന്നാക്കം വേണ്ട, നമ്മുടെ സ്വന്തം ജനായത്ത ഭരണകൂടത്തിന്റെ കൈയിൽ ‘പെഗസസ്’ എന്തായെന്നു മാത്രമോർക്കുക. നെറ്റിസന്മാരുടെയെല്ലാം വിവരങ്ങളുടെ ശേഖരപ്പുരകളായ സെർവറുകൾ ആരുടെ പക്കലാണ്? നാസികൾക്ക് മേൽവിലാസം മാറുന്നെന്നേയുള്ളൂ.
വായന അതിജീവിക്കണമെങ്കിൽ അതിന്റെ പ്രതലം സ്വതന്ത്രമായിരിക്കണം, സുരക്ഷിതവും. അതിന്റെ വിഭവം കൂടുതൽ കൂടുതൽ അപായകരമായ അക്ഷരക്കൂട്ടാവണം. മനുഷ്യൻ എന്ന നിലക്ക് അതിജീവിക്കണമെങ്കിൽ നാം കൂടുതൽ കൂടുതൽ സാക്ഷരരാവണം –വായിക്കാനും എഴുതാനും. കാരണം, ഇന്ന് അഗ്നിപരീക്ഷ നേരിടുന്നത് വായനയും എഴുത്തുമാണ്. നവസാങ്കേതിക പ്രതലങ്ങൾ ഒരുക്കിത്തരുന്ന സുഖസൗകര്യങ്ങളുടെ ഉപഭോഗാലസ്യത്തിലാണ് ഇന്നത്തെ മനുഷ്യൻ. ഇൗ ചാളുവാമയക്കത്തിൽ ഭീതിയുടെ പേക്കിനാവുണർത്തുക. അതാണ് എഴുത്തിന്റെ കാലികധർമം. പക്ഷേ, എത്ര തൂലിക തൂവുന്നുണ്ട് ആ തീമഷി?

ഇലോൺ മസ്ക്, മാർക് സക്കർബർഗ്
പ്രശ്നമത് നേരിടേണ്ടത് വാസ്തവത്തിൽ എഴുത്തുകാർ പോലുമല്ല, വായനക്കാരാണ്. വായനക്ക് വേണ്ടത്ര തീവ്രതയോടെയാണോ നാം ജീവിക്കുന്നത് –വായിക്കെ മാത്രമല്ല അല്ലാത്തപ്പോഴും?
ചോദ്യമത് ഉച്ചരിക്കപ്പെടേണ്ടത് ഉറക്കെയല്ല, സ്വന്തം ഉള്ളിലാണ്. സർവവ്യാപിയും സർവദംശിയും സർവം വിഴുങ്ങിയുമായ വിരാവപ്പൂരത്തിന് രക്തസാക്ഷിയാകാൻ സ്വയം എറിഞ്ഞുകൊടുക്കുമ്പോൾ ആ ചോദ്യമുയരില്ല. വായനക്കുള്ള ബാധ്യത തീറെഴുതിയിട്ട് വായനക്ക് ഒപ്പീസു ചൊല്ലുന്ന കാപട്യത്തിൽ തീരെയും. വായിക്കാൻ ഇല്ലാഞ്ഞല്ല, മനസ്സില്ലാഞ്ഞാണ് മിക്കവരും ഈ ഒഴികഴിവിൽ ഒളിപാർക്കുന്നത്. ഉണർവ് ക്ലേശകരം, ഉറക്കം തൂങ്ങലല്ലോ സുഖപ്രദം.
വായന മരിക്കുന്നെന്നു വിലപിക്കയല്ല, അതിന്റെ സന്നദ്ധഭടരാവുകയാണ് വേണ്ടത്. ഈ രണസേവനത്തിന്റെ അഭ്യാസമുറ നന്നേ സരളം: വായിക്കുക. വായനക്ക് പോംവഴി ഒന്നുമാത്രം: കൂടുതൽ വായന. അതിനുള്ള പശിയാണ് പശി. അതിന്റെ കാളൽ ഉള്ളിലുണ്ടെങ്കിൽ അറിയാതെ കൈയിലെടുക്കും, പുസ്തകം.