Begin typing your search above and press return to search.

ഞാറ്റടി

ഞാറ്റടി
cancel

ഗിൽഗമേഷ്, ഇലീയഡ്, മഹാഭാരതം, എൽഡെർ എഡ്ഡ, ബുക് ഒാഫ് ഈഫാ... അറേബ്യം, യവനം, ഇന്ത്യം, യൂറോപ്യം, ആഫ്രിക്യം –സംസ്കൃതിയേതിലും ഇതിഹാസ തന്തികളെന്തേ ദുരന്തവാഹികളാവുന്നു? അഴലാൻ ഇഷ്ടമില്ലാത്ത മനുഷ്യനെന്തേ ഈ അഴൽക്കനികൾ ഒഴിയാബാധയാകുന്നു? പണ്ടുപണ്ടത്തെ ഇന്നലെ, ദാ കൺമുന്നിലെ ഇന്നിനെ കണ്ടുമുട്ടുന്നു. അതാണ് ദുരന്തപര്യവസായികളുടെ കാന്തബലം.നാൽപത് നൂറ്റാണ്ടു മുമ്പ് ബാബിലോണിൽ ഗിൽഗമേഷിനുണ്ടായ അനുഭവങ്ങൾ ഇന്നും പുലരുന്നു –ലോകത്ത്, നാട്ടിടയിൽ, വ്യക്തിമനസ്സിൽ. ഇരുപത്തിരണ്ട് നൂറ്റാണ്ടു മുമ്പത്തെ കുരുക്ഷേത്രം ഇന്നും അക്ഷൗഹിണി തീർക്കുന്നു –രാഷ്ട്രങ്ങൾക്കിടെ, കുടുംബത്ത്, ഹൃദയത്തിൽ. എഡ്ഡ കാവ്യങ്ങളിലെ സർവനാശങ്ങൾ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഗിൽഗമേഷ്, ഇലീയഡ്, മഹാഭാരതം, എൽഡെർ എഡ്ഡ, ബുക് ഒാഫ് ഈഫാ...

അറേബ്യം, യവനം, ഇന്ത്യം, യൂറോപ്യം, ആഫ്രിക്യം –സംസ്കൃതിയേതിലും ഇതിഹാസ തന്തികളെന്തേ ദുരന്തവാഹികളാവുന്നു? അഴലാൻ ഇഷ്ടമില്ലാത്ത മനുഷ്യനെന്തേ ഈ അഴൽക്കനികൾ ഒഴിയാബാധയാകുന്നു?

പണ്ടുപണ്ടത്തെ ഇന്നലെ, ദാ കൺമുന്നിലെ ഇന്നിനെ കണ്ടുമുട്ടുന്നു. അതാണ് ദുരന്തപര്യവസായികളുടെ കാന്തബലം.നാൽപത് നൂറ്റാണ്ടു മുമ്പ് ബാബിലോണിൽ ഗിൽഗമേഷിനുണ്ടായ അനുഭവങ്ങൾ ഇന്നും പുലരുന്നു –ലോകത്ത്, നാട്ടിടയിൽ, വ്യക്തിമനസ്സിൽ. ഇരുപത്തിരണ്ട് നൂറ്റാണ്ടു മുമ്പത്തെ കുരുക്ഷേത്രം ഇന്നും അക്ഷൗഹിണി തീർക്കുന്നു –രാഷ്ട്രങ്ങൾക്കിടെ, കുടുംബത്ത്, ഹൃദയത്തിൽ. എഡ്ഡ കാവ്യങ്ങളിലെ സർവനാശങ്ങൾ ഇന്നും പത്തിനീർത്തുന്നു –സ്കാൻഡിനേവ്യക്ക്​ പുറത്തും.

ധർമപുത്രർ നന്മ, ദുര്യോധനൻ തിന്മ. രാമൻ നന്മ, രാവണൻ തിന്മ –ഇതിഹാസങ്ങളുടെ അമർചിത്രകഥാ വായന അവ്വിധമാണിന്നും. അതിഭാവുകത്വമെന്ന് അതിനെ പൊറുത്തുവിടുന്ന ചിരപുരാതന പതിവ് തെല്ലുമർഹിക്കുന്നില്ല പൊറുതി. കാരണം, സമൂഹത്തിൽ ഇന്ന് അത്യാഹിതങ്ങൾ വിതക്കുന്ന ഭാവുകത്വ ശൂന്യതയാണത്. അതിലത്ര നിഷ്‍കളങ്കതയൊന്നുമില്ല. നായകത്വം ചാർത്താവുന്ന ധർമമോ ദുർന്നായകത്വം പതിക്കാവുന്ന അധർമമോ വാസ്തവത്തിലില്ല. അമ്മാതിരി ചിന്താബാലിശതകൾ ദുരന്തകലയുടെ സത്താബലം ചിന്തുന്നു. എന്തെന്നാൽ, അക്കല അടിസ്ഥാനപരമായി മുന്നോട്ടുവെക്കുന്നത് മനുഷ്യന്റെ വിജയസാഫല്യങ്ങളല്ല, മൂല്യങ്ങളുടെ ഹൃദയസംഘർഷങ്ങളാണ്.

ദുര്യോധനനും യുധിഷ്ഠിരനും സംഘർഷത്തിലായത് താന്താങ്ങളുടെ ധർമയുക്തിയുടെ വകയിലാണ്. തന്തത്താവഴിയേ മാത്രം രാജ്യാധികാരം വ്യവസ്ഥ ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയക്രമത്തിൽ കുരുദേശം ഭരിക്കേണ്ടത് കൗരവരാണ്. അവരുടെ ഇളയച്ഛൻ പാണ്ഡു കുരുവംശജൻ തന്നെ. പക്ഷേ, അയാളുടെ ഭാര്യമാർ രണ്ടിലായി അന്യവംശജർക്ക് പിറന്നതാണ് പാണ്ഡവർ അഞ്ചും. അക്കാല പിന്തുടർച്ചാ നിയമപ്രകാരം കുരുതന്തക്ക് പിറക്കാത്തോർക്ക് ഭാഗം ചോദിക്കാനേ അവകാശമില്ല. ഈ സിവിൽ നിയമ ന്യായമാണ് ദുര്യോധനന്റെ നിലപാടുതറ.

പശ്ചാത്തല നിബദ്ധമാണ് നിയമം, പശ്ചാത്തല രഹിതമാണ് നീതി. അതുകൊണ്ടാണ് നിയമഭേദഗതികൾ ഉണ്ടാവുന്നത്, നീതിഭേദഗതി എന്നൊന്നില്ലാത്തത്. നീതിയിലേക്ക് നയിക്കാനുള്ള ഉപകരണം മാത്രമാണ് നിയമം. അതിനുതകാത്ത നിയമങ്ങൾ ലംഘിക്കപ്പെടാനുള്ളതാണ് –മാമൂലായാലും മേലാക്കമായാലും.

നിലവിലെ നിയമം ഭേദഗതി ചെയ്യാനോ രാഷ്ട്രീയ വ്യവസ്ഥ മാറ്റാനോ അല്ല പാണ്ഡവപക്ഷം ഉദ്യമിച്ചത്. മറിച്ച്, മനുഷ്യത്വത്തിന്റെ വിശാലമാനം മറയാക്കി കാര്യലാഭം നേടാനാണ്. (എല്ലാം കഴിഞ്ഞ് അധികാരികളായശേഷം അവരും അവലംബിച്ചത് പഴയ പിന്തുടർച്ചാ നിയമം –കിരീടവും ചെങ്കോലും സ്വന്തം ചോരക്കു തന്നെ). ഇരുപക്ഷവും അവതാരപുരുഷനായി കണ്ട കൃഷ്ണന്റെ നയതന്ത്രം നൈയാമക ധാർമികതയുടെ പേരിലായിരുന്നില്ല. ‘ഭഗവദ്ദൂത്’ നൈതിക ഔദാര്യത്തിനുള്ള യാചനയായിരുന്നു. നിയമം മാറ്റണം, വ്യവസ്ഥിതി പരിഷ്‍കരിക്കണം എന്നുപറയാൻ കൽപിത ദൈവത്തിനുമുണ്ടായില്ല വിവേകം. നിലവിലെ നിയമമാണ് പ്രശ്നമർമം. അതുപ്രകാരം, പാണ്ഡവർക്ക് അർഹതയില്ലെന്ന് യദുകുല കിസിഞ്ജർക്കുമറിയാം. മറുപക്ഷം നിലപാടിൽ ഉറച്ചുനിന്നപ്പോൾ അതുകൊണ്ടാണ് ടിയാന് കലിയിളകി സമനില തെറ്റിയത്. ‘ഭഗവാനാ’യതുകൊണ്ട് ഈ മനോവൈകല്യത്തിന് സകലരും കണ്ണടച്ചുകൊടുത്തു –കർത്താവിനുള്ളത് കർത്താവിനും സീസറിനുള്ളത് അങ്ങോർക്കുമെന്ന റബ്ബിന്യായം ​െവച്ചല്ല, വ്യാസന്റെ എഴുത്താളയുക്തി പ്രകാരം. കാരണമുണ്ട്.

 

മാൽകം എക്സ്,  മാർട്ടിൻ ലൂഥർ കിങ്           

കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തനി സിവിൽ കേസ് ഘടാഘടിയന്മാരായ ധർമപ്രസംഗികളെല്ലാംകൂടി തറ കയ്യാങ്കളിയാക്കിയതിൽ ആരും കണ്ടില്ല, ധർമഗ്ലാനിയും പോക്കണംകേടും. കണ്ടിരുന്നേൽ, കുരുക്ഷേത്രയുദ്ധം ഒഴിവാക്കാൻ കുറഞ്ഞത് മൂന്നാൾക്കെങ്കിലും കഴിഞ്ഞേനേ. ഒന്ന്, കൃഷ്ണൻ. പക്ഷേ, ദൈവത്തിന്റെ പ്രതിപുരുഷൻ ഇടപെട്ട വിധംതന്നെ പക്ഷപാതപരം. വസ്തുനിഷ്ഠ നിരാമയത്തിനുപകരം മാനുഷിക ദൗർബല്യംകൊണ്ട് വിശ്വാസ്യത കുളമാക്കി. അഥവാ, വൈകാരിക സംഘർഷത്തിൽ അകപ്പെട്ടു ആൾദൈവവും.

രണ്ട്, ഭീഷ്​മർ. ഇരു പക്ഷത്തിനും ഇഷ്ടാദരണീയനാം പിതാമഹൻ. ചെറുപ്പത്തിലെടുത്ത ബ്രഹ്മചര്യ പ്രതിജ്ഞയുടെ കാൽക്കഴഞ്ച് ഉശിരുള്ള വാക്കൊന്ന് ഉരിയാടിയിരുന്നേൽ, വാലും ചുരുട്ടിപ്പോയേനേ പിള്ളേരെല്ലാം. മിണ്ടിക്കൊടുത്തില്ല മൂപ്പര്. കാരണം, നിയമവും മമതയും തമ്മിലെ സംഘർഷം. ഒന്ന്, പാണ്ഡുമക്കൾക്ക് ഭീഷ്മർ പിതാമഹനായത് സ്നേഹവാത്സല്യങ്ങൾകൊണ്ടാണ്, ചോരവഴിക്കല്ല. രണ്ട്, ദീർഘകാലം ചെല്ലുംചെലവും കൊടുത്ത് വാഴിച്ചത് കൗരവർ –ഉണ്ട ചോറിന് നന്ദികേട് ധർമമല്ല, ഇന്നല്ലെങ്കിലും അന്ന്​.

മൂന്ന്, സാക്ഷാൽ വ്യാസൻ. അന്ധരാജന്റെ തത്സമയ സംപ്രേഷകനായ സഞ്ജയൻ കണക്കെ മാധ്യമപ്രവർത്തകനല്ലയാൾ. മുൻകൂട്ടി നിരൂപിച്ചത് ഓലയിലോ ഓത്തിലോ പകർത്തുന്ന തിരക്കഥാകൃത്തുമല്ല, ശരിയായ എഴുത്താളൻ. യുക്തമായ സന്ദർഭങ്ങൾ സൃഷ്ടിച്ച് കഥാപാത്രങ്ങളെ ആ കോർപ്പാടത്തേക്ക്​ അഴിച്ചുവിടേണ്ടതുണ്ട്, അനുഭവങ്ങളിൽ മേഞ്ഞ്​ ഉരുത്തിരിയാൻ. അതേസമയം, എന്താണീ രചനാദൗത്യത്തിന്റെ പൊരുളെന്ന് നിരന്തരം മനനം ചെയ്യുകയും. ഒരൊറ്റ ജീവിതസമസ്യക്കുള്ള ഉത്തരംതേടലായിരുന്നു വ്യാസദൗത്യം: എന്താണ് ധർമം? ആ സമീക്ഷയുടെ ഞാറ്റുകണ്ടമായിരുന്നു ‘മഹാഭാരതം’. കഥാപാത്രങ്ങളെ നിരവധി ജീവിതമുഹൂർത്തങ്ങളിൽ മുക്കിനോക്കി. ഒടുവിൽ ‘ശാന്തിപർവ’ത്തിൽ​െവച്ച്​ ഉത്തരമൊത്തു: സത്യംതന്നെ ധർമം. ‘ജനമേജയന്റെ ജിജ്ഞാസ’യിൽ കെ.പി. നിർമൽകുമാർ സൂചിസൂക്ഷം നിരീക്ഷിച്ചപോലത്തെ ‘‘വൃഥാസ്ഥൂലതയുടെ മഹിഷാസുരനായ വേദവ്യാസനെ’’യല്ല പിന്നെ നാം കാണുന്നത്. ലക്ഷ്യംനേടിയ നിലക്ക് തട്ടുകേടില്ലാതെ തിരശ്ശീലയിടാൻ തത്രപ്പെടുന്ന എഴുത്തുകാരനെയാണ്. നേരു കണ്ടെത്താൻ ആ മനസ്സ് കരുവാക്കിയ മൂല്യസംഘർഷങ്ങളുടെ പരിണതിയായിരുന്നു ‘കുരുക്ഷേത്രം’. പല ധർമങ്ങളുടെ ഘർഷണ നടുവിലായിരുന്നു വ്യാസമനസ്സ്. ഓരോന്നിനും അതതിന്റെ ശരി, ഉൺമ. അതേ തത്തരമല്ലേ ഇന്നും, എവിടെയും?

ചോരയിലെഴുതിയത് ഉരുകിനീറുന്ന ഉമിത്തീയാവും. അതിന് ആദരവും ആരാധനയും കിട്ടും. കാരണം, അത് ആളുകളെ നേരിട്ടുള്ള യാതന ഒഴിവാക്കിക്കൊടുത്ത്​, യാതനയുടെ പ്രതീതിയനുഭവത്തിൽ കൊരുത്തിടും. അതിലവർക്കൊരു സുഖമുണ്ട്. ആളുകൾക്ക് പഥ്യം വരികൾക്ക് പിന്നിലെ ചോരയും കണ്ണീരുമാണ്. അതിലൊരു പരപീഡന സൗഖ്യമുണ്ട്. യേശു ക്രൂശിൽ മരിച്ചില്ലെന്ന് കരുതുക. ഉറപ്പാണ്, മിശിഹാമതം ലോകജയം നേടില്ല. മനുഷ്യർക്ക് എന്തും സംശയമാണ്, ഒന്നൊഴികെ –മരണം. അയാൾ ജീവിച്ചിരിക്കെ സംശയിച്ചത് യഹൂദികൾ മാത്രമല്ല, സ്വന്തം ശിഷ്യർപോലുമാണ്. മനസ്സുവെച്ചിരുന്നേൽ ക്രൂശുവിധിയിൽനിന്ന് തടി കാക്കാമായിരുന്നു, നാവിൽ തെല്ല് കൗശലം ചാലിച്ചിരുന്നേൽ –ഏറക്കുറെ നേര് തിരിഞ്ഞുതുടങ്ങിയ പീലാത്തോസിനു മുന്നിൽ, ഒടുവാക്യങ്ങൾ കേട്ട റോമപ്പടയാളികൾക്കു മുന്നിൽ. ആ​െട്ട, വിട്ടയച്ചിരുന്നേൽ എങ്ങോട്ടു പോയേനെ? മനുഷ്യയാതന കാണേണ്ടാത്ത മരുപ്പറമ്പിലേയ്ക്കോ? കുരിശിനു മുന്നിൽ അവസാനിപ്പിക്കുമായിരുന്നോ ജന്മദൗത്യം?

ഒരിക്കലുമില്ല, തന്റെ ആശയങ്ങളുടെ ആത്യന്തിക ജയം ആത്മത്യാഗത്തിലൂടെയേ ഉറപ്പാവൂ എന്ന തിരിച്ചറിവുള്ളവർ ഓടിയൊളിക്കില്ല –എത്ര രക്ഷാസുഖം ​െവച്ചുനീട്ടിയാലും. വിശ്വാസങ്ങളുടെ ആധികാരികതക്ക് ഏറ്റം മികച്ച വഴി ആത്മബലിയാണ്. അതല്ലേ രക്തസാക്ഷിത്വം മനുഷ്യരിൽ കറയറ്റ വിശ്വാസമുളവാക്കുന്നതിന്റെ പൊരുൾ? സോക്രട്ടീസ്, മാർട്ടിൻ ലൂഥർ കിങ്, മാൽകം എക്സ്, ഗാന്ധി, ചെ ഗുവേര...

 

ഗാന്ധിജി,ചെഗുവേര                                                  

വിപ്ലവകാരികൾക്ക് മറ്റു മനുഷ്യരിൽനിന്ന് പറയത്തക്ക വ്യത്യാസമൊന്നുമില്ല, ഒന്നൊഴികെ –സന്ദേഹക്കരുത്ത്. അവരുടെ സന്ദേഹത്തിന് മറ്റുള്ളോരുടെ സന്ദേഹങ്ങളിലില്ലാത്ത ഒന്നുണ്ട് –അന്തസ്സാരം. ബാക്കിയൊക്കെ സമാനം: ഉണ്ണുന്നു, ഉറങ്ങുന്നു, ഉഴറുന്നു, ഉലയുന്നു. ഇതേനേരം, തങ്ങളറിയുന്ന നേര് മറ്റുള്ളോരറിയുന്ന നേരിനേക്കാൾ ഉൺമ പേറുന്നെന്ന് അവർ കരുതുന്നു. അതിലവർക്ക് ഉറപ്പുണ്ട്. ആ ഉറപ്പിന്റെ ഹൃദയകേന്ദ്രത്തിലാണ് സന്ദേഹബിന്ദു. ഉലയ്​ക്കല്ലത്​ ഉറപ്പിന്​ തിറവുണ്ടാക്കയാണ്​. ഓർക്കുക, താൻ ദൈവപുത്രനെന്ന ഉറപ്പിൽ യേശു സന്ദേഹിക്കുന്നത് ഗിരിമുകളിലല്ല, നരകിക്കുന്ന ഏഴകൾക്കിടയിലോ നമിക്കുന്ന ശിഷ്യർക്കിടയിലോ നിരാലംബനായ വിചാരണമുറിയിലോ അല്ല. കുരിശിൽ വെച്ചാണ്: ‘‘ഏലോയ് ഏലോയ്, ലമാ സബക്താനി.’’ (എന്റെ ദൈവമേ എന്റെ ദൈവമേ, എന്താണെന്നെ കൈവിട്ടത് ?). ഉറപ്പിന്റെ കാതലിൽ സ്വയം സന്ദേഹിക്കുമ്പോഴാണ് ഒരാൾ മനുഷ്യനാവുക. ഉറപ്പില്ലായ്മ ഉയർത്തുന്ന സാധാരണ സംശയങ്ങൾ മനസ്സിനെ സാധാരണതയിലേ തറയ്ക്കൂ. അവിടെ ഉയിർപ്പിന് ഇടമില്ല, വിമോചനത്തിന്. അത്തരം മനക്കുരിശിൽ കിടക്കെ ആളുകൾ സംശയിച്ചുകൊണ്ടേയിരിക്കും, മോചനമേയില്ലാതെ.

ക്യൂബയിൽ വിപ്ലവം വിജയിപ്പിച്ചശേഷം ബൊളീവിയക്കാടുകളിലേക്ക് പാഞ്ഞു, ചെ. അവിടെ വിപ്ലവത്തിന്. വേണമെങ്കിൽ അയാൾക്ക് വിശ്രമിക്കാം. ഹവാനയിൽ ഫിദലിന്റെ മന്ത്രിയോ, ലോക കമ്യൂണിസത്തിന്റെ രാജർഷിയോ ഒക്കെയാവാം. പക്ഷേ, വിപ്ലവത്തിന് വിരാമമില്ലെന്ന വകതിരിവിലാണ് വിപ്ലവകാരിയുടെ ഹൃദയജീവിതം. അതിന്റ കേന്ദ്രത്തിലൊരു സന്ദേഹ ബിന്ദുവുണ്ട് –മോചനമുണ്ടാവുമോ മനുഷ്യയാതനക്ക്? മതിയാവുമോ, നേടിയതുകൊണ്ട്​ അടങ്ങിയാൽ? ആ സന്ദേഹമാണ് അയാളെ മനുഷ്യനാക്കുന്നത്, വിപ്ലവത്തുടർച്ചക്ക്​ മുഗ്​ധനാക്കുന്നത്​. രക്തസാക്ഷിത്വം വരിക്കെ, അയാളും തിരിച്ചറിയുന്നുണ്ട്, ചോരയിലാണ് വിശ്വാസം പുലരുകയെന്ന്. മാപ്പിരന്ന് തടി കാക്കുന്നതിലോ സമരസപ്പെട്ട് സമർഥനാവുന്നതിലോ അല്ലെന്ന്.

ദുരന്ത ജീവിതങ്ങൾപോലെ ക്ലാസിക്കൽ ദുരന്തകൃതികളും ക്രമഭംഗങ്ങളെ –അക്രമങ്ങളെ– അവതരിപ്പിച്ചത് മനുഷ്യന്റെ മൂല്യസംഘർഷങ്ങളുടെ ഭാഗമായാണ്. രണ്ടിലെയും നായകർ ദുരന്തങ്ങളാവുന്നത് മനുഷ്യൻ പൂർണനല്ലാത്തതുകൊണ്ടാണ്. പൂർണത തേടാനുള്ള കഠോര യത്നത്തിലേക്കുള്ള പ്രേരണ –അതാണ് ഇതിഹാസ നായകരുടെ പതനമോരോന്നും. (അതുകൊണ്ടാണ് ആ ചോരചിന്തലിനെ അക്രമമായി ചാപ്പകുത്താതിരുന്നത്). അവർ പ്രേരിപ്പിക്കുന്നത് അതിലംഘനത്തിനാണ്, അവരും അതിലംഘകരാണ്, കാരണം അവർ സ്വതന്ത്രരാണ്, മനുഷ്യ പ്രകൃതിയുടെ ഭാഗമായിരിക്കെത്തന്നെ അതിൽനിന്ന് വേറിട്ടു പ്രവർത്തിക്കുന്നോർ. വേറിട്ട കൃത്യങ്ങൾ ഇളക്കമുണ്ടാക്കുന്നു, മൂല്യങ്ങൾക്ക്. പലതും പിശക്കുന്നു, തകർക്കുന്നു. അതിന് പലപ്പോഴും വില ഒടുക്കേണ്ടിയും വരുന്നു.

നരസിംഹിയിൽനിന്ന് (സ്ഫിങ്ക്സ്) തീബ്സിനെ മോചിപ്പിക്കുന്നു, ഈഡിപ്പസ്. അവിടത്തെ വിധവയായ രാജ്ഞിയെ വേൾക്കുന്നു –പെറ്റമ്മയെ വേൾക്കുമെന്ന ജന്മശാപത്തിൽനിന്നു രക്ഷനേടാൻ. അവരിൽ നാലു സന്തതികൾക്കു പിതാവായശേഷം അറിയുന്നു, വേട്ടത് പെറ്റമ്മയെത്തന്നെ. നേരറിഞ്ഞ് ജീവനൊടുക്കിയ റാണിയുടെ കുപ്പായസൂചി കണ്ണിൽ കുത്തി സ്വയം അന്ധത വരിക്കുന്നു. ഈഡിപ്പസ്. മനുഷ്യലോകത്തിന് അഗ്നിരഹസ്യം പകർന്ന പ്രമിതിയസ്. അതി​ന്റെ പേരിൽ അയാളെ കഴുകന് കരളുകൊത്താൻ എറിഞ്ഞുകൊടുക്കുന്നു സ്വന്തം കൂട്ടർ, ദേവഗണം. ഇതിഹാസ ജയത്തിന്റെ നെറുകയിൽവെച്ച് കൃഷ്ണനുമേൽ, ഹൃദയം തകർന്ന ഒരമ്മയുടെ അശനിപാതം –ഗാന്ധാരീശാപം. അവതാര പുരുഷനും അയാളുടെ കുലവും തമ്മിൽത്തച്ച് മുച്ചൂടെ തുലയുന്നു. പാതിവ്രത്യ പരീക്ഷണത്തിന് സ്വപത്നിയെ ഗിനിപ്പന്നിയാക്കിയ രാമന്റെ ‘പുരുഷോത്തമ’ പ്രതിച്ഛായ തച്ചുടയ്ക്കുന്നു സീത, ആത്മഹത്യയിലൂടെ. ആര്യ സംസ്കൃതിയുടെ ശ്രേഷ്ഠതാനാട്യങ്ങൾക്കിടയിലൂടെ പച്ചയായ മനുഷ്യാവസ്ഥകൾ അറിയാതെ ഊർന്നുപോവുകയാണ്, അതേ സംസ്കാരത്തിന്റെ അടിയാളരായ എഴുത്താളരിലൂടെ. ദുരന്താഖ്യായികകൾ ധ്വനിപ്പിക്കുന്നത് മൂല്യങ്ങളുടെ രണസങ്കുലമാണ്. വീഴ്ചകളെയും വിനാശങ്ങളെയും വിവേകങ്ങളായി പരിവർത്തിപ്പിക്കാനുള്ള പ്രേരണയാണവ, പ്രചോദനം.

 

ഈഡിപ്പസ്,  സോക്രട്ടീസ്                                             

പുതിയകാലത്ത് സർഗാത്മകമായ ദുരന്തഭാവന പാളം മാറിപ്പോയി. ദുരന്തങ്ങളെ കുറ്റകൃത്യങ്ങളായി പരാവർത്തനംചെയ്യുകയാണ് മനുഷ്യലോകം. ചരിത്രത്തിന് പരിത്രാണത്തിനുള്ള അവസരം നിഷേധിക്കുകയാണ് രാഷ്ട്രീയം. ഒരു ഹിറ്റ്ലറെ ചൂണ്ടുമ്പോൾ മറക്കുന്നു, ഫാഷിസം പഠിച്ചുവരാൻ അന്നേ യൂറോപ്പിലയച്ച ആര്യഹിന്ദുവിനെ, ആ വിത്ത് പെരുകിയാർക്കുന്ന ആധുനികേന്ത്യയെ. ഒരു ‘ഹോളകോസ്റ്റി’നെ ഓർമിക്കുമ്പോൾ മറക്കുന്നു, അന്നത്തെ ഇര ഇന്ന് നടത്തുന്ന അതേ വേട്ട, ഫലസ്തീനിലെ വംശഹത്യ. ചരിത്രത്തിന്റെ ഹൃദയസാരം അക്രമങ്ങളുടെ സ്ഥിതിവിവരക്കണക്കായി ചൊക്കിക്കുകയാണ് പുതുകാലം. ജീവനുള്ള അക്ഷരത്തെ ജഡമായ അക്കമാക്കുമ്പോൾ ദുരന്തഭാവന കുറ്റകൃത്യങ്ങളുടെ കണക്കുപട്ടികയാവുന്നു.

മിസൈലുകളും അയൺഡോമുകളും മാറ്റുരയ്ക്കുന്ന ഉത്തരാധുനിക യുദ്ധം ഇതിഹാസങ്ങളെ സൃഷ്ടിക്കില്ല. കാരണം, ഇവിടെ രണനായകർ സുരക്ഷിതരും സാധാരണർ ഇരകളുമാണ്. ഹൃദയം മുതിരാത്ത ചെട്ടിമിടുക്കരുടെ രാഷ്ട്രീയ നാടകങ്ങൾ മനുഷ്യജീവിതങ്ങളെ സമൂലം കവരുമ്പോൾ ദുരന്തകലയില്ല. ആര്​ നല്ലവർ, ആര് കെട്ടവർ എന്നു കാലേകൂട്ടി നിശ്ചയിക്കപ്പെടുന്നു. അപ്പോൾപ്പിന്നെ മൂല്യസംഘർഷങ്ങളുടെ ചെന്നിക്കുത്തില്ല​േല്ലാ. അമർചിത്രകഥയുടെ ആജീവനാന്ത വരിക്കാരായി നാം സായൂജ്യമടയുന്നു.

News Summary - Reading the epic stories of Amarchitra