പുഴമ

പമ്പ ചിതറുകയാണ്, കണ്ണീരുപോലെ. പലവഴിക്ക് പല ചാലുകളായി ഒഴുക്കിനെതിരെയുള്ള യാത്ര വിലക്കയാണത് –തന്നെ അങ്ങനങ്ങ് അറിയേണ്ട ആരുമെന്ന്. ഭൂപ്രകൃതിയുടെ മറയിൽ സ്വപ്രകൃതം മറയ്ക്കുന്നുവോ പുഴ? സ്വാഭാവികമായും ഇവിെടാരു ചോദ്യമുയരാം: ജീവനുണ്ടോ പുഴക്ക്?
ഒഴുക്കിനെതിരെയുള്ള പോക്കിലാണ് എന്തും ശരിക്കറിയുക. പുഴയെ അറിയാനും അതുതന്നെ വഴി –അഴിമുഖത്തുനിന്ന് ഉറമുഖത്തേക്ക്. മറിച്ചായാൽ, ഒഴുക്കിനൊത്തങ്ങ് ഒഴുകിപ്പോകയേയുള്ളൂ. എതിരൊഴുക്കിലാണ് ആഴൽ, ആലശീലം.
പുഴയേതിനുമുണ്ട് തുടക്കവും ഒടുക്കവും. വിലോമയാത്രക്ക് സ്വാഭാവികമായും അഴിമുഖംതന്നെ നാന്ദി. ആ കണക്കും പിശക്കുന്ന ഒരാളുണ്ട്, നമുക്കിടയിൽ –പമ്പ. പുളിച്ചിമലയിൽ പിറന്ന് വേമ്പനാട്ടുകായലിൽ പതിക്കുന്ന പുണ്യനദി– ടൂറിസം വാറോല പറയും. പമ്പ പറയാതെ പറയും– വിനോദ സഞ്ചാരമല്ലിഷ്ടാ ജീവിതയാത്ര. കാരണം, കിഴക്കൻ മലയിൽ തുടങ്ങി പടിഞ്ഞാട്ടിറങ്ങി കരകൾ പലതു വകഞ്ഞ് മേേല കുട്ടനാടോളം എത്തുന്നതറിയാം. അപ്പുറം?
പമ്പ ചിതറുകയാണ്, കണ്ണീരുപോലെ. പലവഴിക്ക് പല ചാലുകളായി ഒഴുക്കിനെതിരെയുള്ള യാത്ര വിലക്കയാണത് –തന്നെ അങ്ങനങ്ങ് അറിയേണ്ട ആരുമെന്ന്. ഭൂപ്രകൃതിയുടെ മറയിൽ സ്വപ്രകൃതം മറയ്ക്കുന്നുവോ പുഴ? സ്വാഭാവികമായും ഇവിെടാരു ചോദ്യമുയരാം: ജീവനുണ്ടോ പുഴക്ക്?
ജീവിതത്തിന്റെ പ്രതീകമായി പുഴയെ കണ്ടിട്ടുണ്ട് പലരും. ‘‘കാലം എന്നെ ഒഴുക്കുന്ന പുഴയാണ്. പക്ഷേ, ഞാനാണ് പുഴ’’യെന്നു പറഞ്ഞ ബോർഹെസ് പോലെ (റഫ്യൂട്ടേഷൻ). പ്രതീകാത്മകതക്കിപ്പുറം പച്ചയായ കര നിലത്തും ജീവന്റെ സത്തും സിരയുമാണ് പുഴകൾ. നമ്മുടെ ശിലാഗോളത്തെ ജീവനയോഗ്യമായ ചെരാതാക്കുന്നുണ്ടവ –ഭൂമനസ്സിന് ധമനികളായിക്കൊണ്ട്. സംസ്കാരം എന്നു മനുഷ്യൻ വിളിക്കുന്ന ഗോളാവബോധം നാമ്പിട്ടതെവിടെയാണ്, പുഴക്കരകളിലല്ലേ? ഭാരത ഖണ്ഡത്തിൽ സിന്ധുനദീതടം, അറബിക്കരയിൽ ടൈഗ്രീസ്-യൂഫ്രട്ടീസ് തടം, ആഫ്രിക്കയിൽ നൈൽതടം, ചീനത്ത് മഞ്ഞനദിക്കരെ... ഇങ്ങനെ സംസ്കൃതിയുടെ പൈദാഹം ഇത്രക്ക് തീർത്തുപോന്ന മറ്റൊരിടമില്ല ഭൂമിയിൽ. ജ്ഞാനസ്നാനങ്ങളും ചുടലഘട്ടങ്ങളും വൈദ്യുതിപ്പാടങ്ങളും വാണിയപ്പാതകളുമൊക്കെ ആലംബമാക്കി പുഴകളെ. സാക്ഷാൽ ജീവിപരിണാമത്തിന്റെ ഉത്തോലകമായിരുന്നില്ലേ അവ –കടലിലെ പ്രാഗ്രൂപങ്ങളിൽനിന്നുയർത്തി ജീവന് ചിറകും ചരണങ്ങളുമേകിയ പ്രക്രിയയുടെ? പിന്നെപ്പിന്നെ പോറ്റിവളർത്തി വന്യമാക്കിയ ജൈവധന്യതയുടെ? സംസാരവും സംഗീതവുമേകിയ ആത്മീയതയുടെ?
പുഴ അങ്ങനെ സ്വയമൊരു ജീവസ്വരൂപം. അതു പേറുന്ന ജീവികളുടെ എണ്ണപ്പട്ടികയല്ല അതിന്റെ സജീവത. മറിച്ച്, സ്വത്വത്തിന് വ്യക്തിത്വമേകുന്ന അവകാശങ്ങളും ചുമതലകളും ഉറയുന്ന മൂല്യഭൂമികയാണ്. ഗ്രാമ്യപാരമ്പര്യങ്ങൾ പലതിലും പ്രതിഫലിച്ചിരുന്ന ഈ കാഴ്ച നവീന സംസ്കാരങ്ങളിൽ പക്ഷേ, വ്യക്തമായ അസാന്നിധ്യമായി. പുറമേക്ക് മാത്രമല്ല, അകഭാവം വിളിച്ചോതുന്ന നിയമവ്യവസ്ഥകളിലും നീതിവിചാരങ്ങളിലും. പുഴയെ മനുഷ്യസമൂഹം നോക്കിക്കാണുന്ന വിധങ്ങകളിലുണ്ടത്. ശ്രദ്ധിക്കുക, ‘പുഴ സംരക്ഷണം’പോലും മിക്കവാറും മനുഷ്യനുവേണ്ടിയുള്ളതാവുന്നു. കുടിനീര്, കൃഷി, കറന്റ്... ഇങ്ങനെ പുഴപ്രേമത്തിന്റെ ആഴത്തിലേക്ക് മുങ്ങിയാൽ വീണ്ടും പൊന്തിവരും പഴയ ചോദ്യം: ജീവനുണ്ടോ പുഴക്ക്?
ഉത്തരത്തിലേക്കുള്ള പോക്കിന് വേണ്ടത് പുതിയൊരു ഭാവുകത്വമാണ്. മറ്റൊരു രീതിയിൽ പുഴയെ ഭാവനചെയ്യൽ. അല്ലെങ്കിൽതന്നെ, ഭാവന പിന്നെന്താണ്, മറ്റൊരു വിധേനയുള്ള കാഴ്ചയല്ലെങ്കിൽ?
പൊതുവേ തോന്നുക, അതുൾപ്പേറുന്ന ജീവിതങ്ങളുടെ ആകത്തുകയാണ് പുഴയുടെ ജീവനെന്നാവും. ഈ പശ്ചാത്തലത്തിൽ ‘മറ്റൊരു ഭാവന’ എന്നത് സാമാന്യ ചിന്തയുടെ എതിർ ദിശയിലെ വിചാരമാണ്. അതിനുവേണ്ടത് അറിവല്ല, അറിഞ്ഞതിന്റെ അഴിവാണ്. അറിവു നേടുന്നതിന്റെ ഇരട്ടി പാടുള്ള പണി. പഠിപ്പിന്റെ വസ്തുനിഷ്ഠതക്ക് കീഴിൽ പുഴക്ക് വിധി ഒന്നേയുള്ളൂ –ഏകമാന ജലരാശി. അവിടെ പഴുതില്ല പുനർഭാവനക്ക്.
വേണ്ടത്, ജീവ ചൈതന്യത്തിന്റെ വ്യാകരണം. അസ്തിത്വത്തെ വീണ്ടും ഒന്നേന്ന് ഉന്നിദ്രമാക്കുന്ന ഒന്ന്. പുഴയുടെ ജീവൻ ഭാവനചെയ്യുമ്പോൾ അതിലെ ജലച്ചാർത്തിന് മറ്റൊരു തിളക്കമുണ്ടാവുന്നു. അവിടെ, മനുഷ്യനും പുഴക്കുമിടയിൽ പുതിയ സാധ്യതകൾ തുറന്നുകിട്ടുന്നു, സമ്പർക്കത്തിന്, അടുപ്പത്തിന്. വേറിടൽ മായുന്നു. മനസ്സ് പൂണ്ടടങ്കം പതിക്കുന്നു ഹൃദയബന്ധത്തിലേക്ക്. വെറും സാധ്യതയല്ലിത്. ചുറ്റുവട്ടത്തുണ്ട് സജീവ സാക്ഷ്യങ്ങൾ പലത്. പുഴ തേടിയിറങ്ങിയാൽ അതു കണ്ടുമുട്ടാം. പല മനുഷ്യരൂപങ്ങളിൽ, ജീവിതാനുഭവങ്ങളിൽ.
ഭരണകൂട വേടരിൽനിന്ന് ഒരു മിണ്ടാപ്രാണിയെ ജാഗ്രത്തായി കാക്കുന്ന ഒരു കൂട്ടരുണ്ട്, ചാലക്കുടിപ്പുഴയോരത്ത്. വേടന്റെ കാലൊച്ച ഇടക്കിടെ ഉയരുമ്പോൾ അവർ മാറോടണക്കുന്നു പുഴയെ, അമ്മ കുഞ്ഞിനെയെന്നോണം. പണ്ടൊരാൾ ശരിക്കും അമ്മമാരെ കൂട്ടി കാവലിരുന്നിരുന്നു, നർമദക്ക് –മേധ പട്കർ. ‘ജലസമാധി’ വരെയുള്ള കവചങ്ങളെല്ലാമണിഞ്ഞിട്ടും കനിഞ്ഞില്ല കാപാലികർ.
പുഴ എവിടെയുണ്ടോ അവിടെയെല്ലാമുണ്ട് ഈ ജീവന്മരണപ്പോര്, അതിന്റെ ഈഷൽഭേദങ്ങൾ. മിക്കപ്പോഴും കാവലാൾ തോൽക്കുന്നു, പുഴയവൾ നിഴലാവുന്നു, പരാജിതരുടെ കണ്ണുകളിൽ പക്ഷേ, ഒരു തിളക്കമുണ്ട്. ജേതാക്കൾക്ക് ഒരിക്കലുമില്ലാത്തത്. കാരണം തങ്ങൾക്ക് പോയതിൽ കൂടുതൽ പ്രകൃതിക്ക് കൊടുത്തവരാണവർ. സ്വകാര്യ നൊമ്പരങ്ങളും അവകാശനഷ്ടങ്ങളും ഉള്ളിലൊതുക്കി, സ്വയം ഉഴിഞ്ഞുെവച്ചവർ. അവരെ അടുത്തറിയുന്ന അനുഭവമോരോന്നും നമുക്കുള്ളിലെ ചോദ്യത്തിന് തിടമേറ്റുന്നു– എവിടെവെച്ചാണ് സ്വാർഥം നിലക്കുകയും ലോകം തുടങ്ങുകയുംചെയ്യുന്നത്? തലയോടിലും തൊലിപടത്തിലുമല്ലത്, തീർച്ച. ഗുരുത്വ ഭാരമുള്ള ചോദ്യങ്ങൾ പൊന്തുന്നത് കടുപ്പമിളഞ്ഞ മെഴുപ്പിൽനിന്നാണ്. വേറില്ലാ സാകല്യത്തിൽനിന്ന്.
ഇളമയിലേ ഊരുവിട്ടോടി പരദേശങ്ങളിൽ ഉഴന്ന്, പല ‘നമ്പറും’ ശീലിച്ച്, ഒടുവിൽ അളകനന്ദയുടെ തീരത്തടിഞ്ഞ ലാടവൈദ്യര്. കീശയിൽ ഒറ്റമൂലി, എന്തിനുമേതിനും. അരണ തൊട്ട് അരയാലു വരെ സർവതും സ്വരൈക്യത്തിലെന്നു വായ്ത്താരി. കൂട്ടത്തിൽ, പുഴക്കും നൽകുന്നുണ്ട് ആ സിംഫണിയിൽ ഒരു സ്വരമിട.
വടക്കത്തിയായ അളകനന്ദയുടെ കാവൽച്ചട്ട സ്വയമണിഞ്ഞ അയാൾ തെക്കനാണ്, തനി ദ്രാവിഡൻ. ‘തുറവിട’മാണ് ദ്രാവിഡമാക്കിയത്, ആര്യാധിനിവേശികൾ. ആ തുറകളിലാണെന്നും മേലാക്കത്തിന്റെ പിറ. നേരതിന്റെ മാറ്റൊലിപോലെ അയാളുടെ സാന്നിധ്യം മറ്റൊന്നോർമിപ്പിച്ചു– ഗിൽഗമേഷിന്റെ ഇതിഹാസം തുറക്കുന്ന വരികൾ: ‘‘യുവാൻ തെല്ലുനേരത്തേക്ക് മൗനിയായിരുന്നു. പിന്നെ അവൻ പറഞ്ഞു, എനിക്ക് തോന്നുന്നു ബന്ധങ്ങളൊക്കെ മെലിഞ്ഞുപോയിരിക്കുന്നു.’’
ആകെയുണ്ടായിരുന്ന അമ്മാവേം തങ്കച്ചിയേം അർബുദം കൊണ്ടുപോയതോെടയാണ് ദ്രാവിഡൻ ഊരുവിട്ടത്. അലഞ്ഞുതിരിഞ്ഞെത്തിയ പുഴക്കരെ അയാൾ പറഞ്ഞുതുടങ്ങിയത് വേർപാടിനെക്കുറിച്ചോ, വിപുലമായ മറ്റേതോ ഇടർച്ചയെക്കുറിച്ചോ, അതോ രണ്ടുമോ? അറിയില്ല. അയാൾ തുടരട്ടെ: ‘‘ജീവനോടിരിക്കുക എന്നാൽ ബന്ധപ്പെട്ടിരിക്കുക എന്നാണ്. ബന്ധങ്ങളുടെ ഇടം കാര്യമായി വിപുലപ്പെടുത്തേണ്ടതുണ്ട്. കൂട്ടർക്കും വംശത്തിനുമപ്പുറത്തേക്ക്.’’ അതുപറഞ്ഞ് അയാൾ ചൂണ്ടിയത് വൈപുല്യത്തിലേക്കു തന്നെയാണ്, ആകാശത്തേക്ക്.
‘‘അതാണ് കാർത്തിക നക്ഷത്രരാശി. എന്റെ ഇഷ്ടസമൂഹം. നോക്ക്, അതെത്ര തുറന്ന വ്യവസ്ഥിതി. വർത്തുള സംഘമായാണ് നക്ഷത്രങ്ങൾ രൂപമെടുക്കാറ്. നടുക്ക് ശക്തിയുള്ള കേന്ദ്ര നക്ഷത്രം, ചുറ്റിലും ചെറുനക്ഷത്രങ്ങൾ. അങ്ങനെയാണ് ഗുരുത്വബലം പ്രവർത്തിക്കുക. പക്ഷേ, കാർത്തിക –അതിൽ മറിച്ചാണ് കഥ: ശക്തരായ ഏഴ് തങ്കച്ചികളും നടുക്കൊരു ദുർബല കേന്ദ്രവും. ഒരു കേന്ദ്രബിന്ദുവിലേക്കും കേന്ദ്രീകരിക്കുന്നില്ല സമൂഹം. പാടേ സ്വതന്ത്രമായ രാഷ്ട്രീയക്രമം, ഇല്ലേ?’’
തുറവിടൻ തുറന്നിട്ടതൊരു വ്യത്യസ്ത തുറസ്സ്. വിപുലമായി വിതിർന്ന ബന്ധബോധം തഴക്കുന്നത് അവിടെയാണ്. ഓരോന്നും എല്ലാത്തിനെയും പ്രതിബിംബിക്കുന്ന പാരസ്പര്യത്തിന്റെ ഇഴച്ചാർത്ത്. ജീവിതവല പൊട്ടാതെ കാക്കുന്ന ഉടപ്പം.
പുഴ ചെയ്യുന്നതും ഈ ഇഴയിടലല്ലേ? കേന്ദ്രീകരണങ്ങളില്ലാത്ത ഒഴുക്ക്, ഉള്ളുതെളിക്കുന്നു. സ്വതന്ത്രമായ എഴുത്തിന്റെ പ്രവാഹത്തിളക്കംപോലെ. അതിൽ ലോകം വെട്ടിത്തിളങ്ങുന്നു, അതിരില്ലാ മനസ്സിന്റെ വെളിച്ചത്തിൽ. പുഴ തെളിച്ചമാണ്.
ആരാണ് പുഴക്കായ് പറയുന്നത്?
എന്താണ് പുഴക്ക് പറയാനുള്ളത്?
–രണ്ടും രണ്ട് ചോദ്യങ്ങൾ: ആദ്യത്തേത് താരതമ്യേന എളുപ്പം, ഉത്തരത്തിന്. മറ്റതോ –ഭാരിച്ച പണി. അപ്പണിയുടെ കന്നിച്ചുവടൊരു മൂന്നാം ചോദ്യമാണ്: ആരാണ് പുഴ പറയുന്നത് കേൾക്കുന്നത്?
പറയുക എന്നാൽ മറ്റൊരാളെ ധരിപ്പിക്കലാണ്. ചൊന്നതിനും കേട്ടതിനുമിടെ എപ്പോഴുമുണ്ടൊരു വിടവ്. കാരണം രണ്ടാൾക്കിടയിൽ എേപ്പാഴുമുണ്ട് ഒരാഴം. ഉരിയാടിയത് ഉള്ളടക്കുന്നുണ്ട്, ശ്രോതാവിനെ. എന്നാലും കേട്ടത് സ്പഷ്ടമാവുക ശ്രോതാവിന്റെ ബോധം അതരിച്ചെടുക്കുമ്പോൾ മാത്രം– പറയുന്നതിലും പ്രയാസമാണ് കേൾക്കുന്നതിനെന്നു സാരം. ചില്ലറക്കാര്യമല്ല നല്ല ശ്രോതാവാകാൻ. അങ്ങനൊരു കാതാണ് വേണ്ടത്. പുഴയെ കേൾക്കാൻ.
പുഴയുടെ ഭാഷണം ഭൂതഭാവികൾ മാറാടുന്നിടമാണ്, പരസ്പരം സുതാര്യമായി. അതിനു കൂർപ്പിക്കുന്ന കാതിനെ വാരിപ്പുണരും പുഴമുഖത്തെ ശബ്ദങ്ങൾ. ആ നാദബാഹുല്യം ഒച്ചബഹളമാകുന്നില്ല, ഒരിക്കലും. കാതെത്ര കൂർപ്പിച്ചാലും വേർതിരിക്കാനാവില്ല ആ വീചികൾ, കൃത്യമായി. മെല്ലെ മെല്ലെ ഒരാലക്തിക ശോഭ പടരുന്നു, ഉള്ളാകെ. പുഴയുടെ പ്രഭാവലയം. അതനുഭവിക്കുന്ന മനസ്സിൽ ആദ്യ ചോദ്യം അലിഞ്ഞുപോകുന്നു (ജീവനുണ്ടോ പുഴക്ക്?). പ്രകൃതിയെ ഒരൊറ്റ ഉടമ്പായി മനുഷ്യന് ഉൾക്കൊള്ളാനാവുന്നത്, അയാൾ അതിന്റെ ഭാഗമായതുകൊണ്ടാണ്. അതുതന്നെ കഥ, പുഴയുടെയും. നമ്മൾ ജീവനുള്ള ഉൺമയെങ്കിൽ പുഴയും.

