Begin typing your search above and press return to search.

താരനിര്‍മിതിയും തമിഴക രാഷ്ട്രീയ വര്‍ത്തമാനവും

താരനിര്‍മിതിയും   തമിഴക രാഷ്ട്രീയ  വര്‍ത്തമാനവും
cancel

തമിഴ്​നാട്​ പിടിച്ചെടുക്കു​െമന്ന അവകാശവാദം ബി.ജെ.പി ആവർത്തിക്കുന്നുണ്ട്. അതേസമയം, സ്​റ്റാലി​ന്റെ നേതൃത്വത്തിൽ ഡി.എം.കെ ശക്തമായി ഒരുവശത്ത്​ നിലയുറപ്പിച്ചിരിക്കുന്നു. വിജയിയുടെ പാർട്ടിയും എല്ലാ സന്നാഹവുമായി തെരഞ്ഞെടുപ്പ്​ രംഗത്തേക്ക്​ വരുന്നു. എന്താണ്​ വർത്തമാന തമിഴ്​ രാഷ്​ട്രീയം? എന്താണ്​ സാധ്യതകൾ? മദ്രാസ്​ സർവകലാശാലയിലെ അധ്യാപകനും എഴുത്തുകാരനും ചിന്തകനുമായ ലേഖക​ന്റെ വിശകലനവും നിരീക്ഷണവും.മരുതൂർ ഗോപാല മേനോൻ രാമചന്ദ്രന്റെ (എം.ജി.ആര്‍) താരപദവിയും രാഷ്ട്രീയജീവിതവും വിശകലനംചെയ്യുന്ന ‘ദ ഇമേജ് ട്രാപ് എം.ജി. രാമചന്ദ്രന്‍ ഇൻ ഫിലിം ആൻഡ് പൊളിറ്റിക്സ്’ എന്ന എം.എസ്.എസ്. പാണ്ഡ്യന്റെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
തമിഴ്​നാട്​ പിടിച്ചെടുക്കു​െമന്ന അവകാശവാദം ബി.ജെ.പി ആവർത്തിക്കുന്നുണ്ട്. അതേസമയം, സ്​റ്റാലി​ന്റെ നേതൃത്വത്തിൽ ഡി.എം.കെ ശക്തമായി ഒരുവശത്ത്​ നിലയുറപ്പിച്ചിരിക്കുന്നു. വിജയിയുടെ പാർട്ടിയും എല്ലാ സന്നാഹവുമായി തെരഞ്ഞെടുപ്പ്​ രംഗത്തേക്ക്​ വരുന്നു. എന്താണ്​ വർത്തമാന തമിഴ്​ രാഷ്​ട്രീയം? എന്താണ്​ സാധ്യതകൾ? മദ്രാസ്​ സർവകലാശാലയിലെ അധ്യാപകനും എഴുത്തുകാരനും ചിന്തകനുമായ ലേഖക​ന്റെ വിശകലനവും നിരീക്ഷണവും.

മരുതൂർ ഗോപാല മേനോൻ രാമചന്ദ്രന്റെ (എം.ജി.ആര്‍) താരപദവിയും രാഷ്ട്രീയജീവിതവും വിശകലനംചെയ്യുന്ന ‘ദ ഇമേജ് ട്രാപ് എം.ജി. രാമചന്ദ്രന്‍ ഇൻ ഫിലിം ആൻഡ് പൊളിറ്റിക്സ്’ എന്ന എം.എസ്.എസ്. പാണ്ഡ്യന്റെ ഗ്രന്ഥം ആരംഭിക്കുന്നത് അസാധാരണവും വിവരണാതീതവുമായ ഒരു സംഭവം ആഖ്യാനംചെയ്തുകൊണ്ടാണ്. 1987 ഡിസംബര്‍ 24നു പുലര്‍ച്ചെ, മദിരാശി പട്ടണത്തില്‍ എം.ജി.ആറിന്റെ ശവസംസ്കാര ചടങ്ങുകള്‍ക്ക് എത്തിയ രണ്ടു ലക്ഷത്തിൽപരം ആളുകളുടെ വികാരഭരിതമായ ജീവിതവ്യവഹാരമാണ് ആ സംഭവത്തിന്റെ കേന്ദ്രം. തമിഴ്നാട്ടിലെ വിദൂരമായ ഗ്രാമങ്ങളില്‍നിന്നും തങ്ങളുടെ വീരനായകനെ യാത്രയയക്കാന്‍ എത്തിയ ദരിദ്രരും നിരക്ഷരരും സമൂഹത്തിലെ ഏറ്റവും അടിത്തട്ടു മനുഷ്യരും ഒരു കടലായി ഒഴുകിയപ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ മരണാനന്തര ചടങ്ങായി അതുമാറിയെന്നാണ് പാണ്ഡ്യന്‍ രേഖപ്പെടുത്തുന്നത്. ആ ചടങ്ങിൽ പങ്കെടുക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് ആളുകള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ കുടുംബാംഗങ്ങളിലൊരാള്‍ വിടപറഞ്ഞാലെന്നവിധത്തിൽ തല മുണ്ഡനം ചെയ്തും ക്ഷേത്രങ്ങളിൽ പൂജകൾ അര്‍പ്പിച്ചും എം.ജി.ആറിനോടുള്ള ആദരവ് പ്രകടിപ്പിച്ചു.

അതിലേറെ ശ്രദ്ധേയമായ കാര്യം, എം.ജി.ആറിന്റെ വിയോഗത്തിന്റെ വേദന സഹിക്കാനാവാതെ തമിഴ് നാട്ടിലെമ്പാടും മുപ്പത്തിയൊന്നോളം പേര്‍ ആത്മഹത്യ ചെയ്തുവെന്ന വസ്തുതയാണ്. ഇതിനുമുമ്പ്, 1967 ജനുവരി 12ന്, സഹപ്രവര്‍ത്തകനായ എം.ആര്‍. രാധയുടെ വെടിയേറ്റ്‌ എം.ജി.ആര്‍ ആശുപത്രിയില്‍ കിടന്നപ്പോഴും 1972 ഒക്ടോബര്‍ 10നു പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിൽ ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോഴും സമാനമായ വൈകാരിക പ്രകടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും മദിരാശി നഗരം സാക്ഷ്യംവഹിച്ചതായി അദ്ദേഹം എഴുതുന്നു. തമിഴ്നാട്ടിലെ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അസാധാരണവും ആഴമുള്ളതുമായ പ്രതിഭാസത്തെ മനസ്സിലാക്കാൻ ഈ സംഭവങ്ങളുടെ സൂക്ഷ്മതയും വൈപുല്യവും പ്രയോജനപ്പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ല. വിവരസാങ്കേതികവിദ്യയും വിപുലമായ മാധ്യമസാങ്കേതികതയും ഇല്ലാതിരുന്ന ഒരുകാലത്ത് ഒരാള്‍ക്ക് അദ്ദേഹത്തിന്റെ താരപദവികൊണ്ട് ഒരു ജനതയെ ദീര്‍ഘകാലം ഭരിക്കാൻ കഴിഞ്ഞുവെന്നത് ഗൗരവമായ വിശകലനം ആവശ്യപ്പെടുന്ന കാര്യമാണ്.

പൊതുവെ, തമിഴ് ജനതയും സിനിമയും താരങ്ങളും തമ്മിലുള്ള ബന്ധത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ച് പഠിക്കാനുള്ള ശ്രമം വിപുലമായി ഉണ്ടായിട്ടുണ്ട്. സമീപകാലത്ത്, തമിഴ് രാഷ്ട്രീയത്തില്‍ തങ്ങളുടെ താരപദവിയുടെയും ചലച്ചിത്രബന്ധത്തിന്റെയും പേരിൽ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഉണ്ടാവുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നത് യാഥാർഥ്യമാണ്. ഇന്ത്യയില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ് നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പഴയ രൂപത്തില്‍ അല്ലെങ്കിലും താരപദവിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍സിനിമയില്‍തന്നെ താരപദവിയുടെയും ജനപ്രിയതയുടെയും കാര്യത്തില്‍ മുന്‍നിരയിലുള്ള വിജയിയുടെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ രൂപവത്കരണവും സമീപകാലത്ത് തമിഴ് വെട്രി കഴകത്തിന്റെ രാഷ്ട്രീയസാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളും ചില ചരിത്രഘട്ടങ്ങളെ ഓര്‍ക്കാതെ മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്നതിനാലാണ് എം.ജി.ആര്‍ നിർമിച്ച ഭൂതകാലത്തെ ആമുഖമായി സൂചിപ്പിച്ചത്.

 

കരുണാനിധിയും എം.ജി.ആറും

താരനിര്‍മിതിയും രാഷ്ട്രീയ ദൃശ്യതയും

ദേശീയവാദപ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രതിരോധങ്ങളും ആശയലോകവും തമിഴ് സിനിമയുടെ തുടക്കത്തില്‍ ആവിഷ്‍കരിക്കപ്പെട്ടുവെങ്കിലും, 1950കളോടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ നേതാക്കന്‍മാരുടെ പ്രകടമായ ഇടപെടല്‍ ആ മേഖലയിൽ ദൃശ്യമാണ്. പ്രമേയം, ദൃശ്യപരിചരണം, കളര്‍, നായക-നായിക നിര്‍മിതി, പാട്ടുകള്‍, സംഭാഷണം തുടങ്ങി സിനിമയുടെ എല്ലാ ചേരുവകളും ഈ രാഷ്ട്രീയത്തെ ജനങ്ങള്‍ക്കിടയില്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമമായി മാറി. സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി, എം.ജി.ആര്‍ തുടങ്ങി ആദ്യകാല സിനിമ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ വിപുലമായ സ്വാധീനംകൊണ്ട് യാഥാർഥ്യവും ഭാവനയും ഇഴപിരിക്കാനാവാത്ത വിധത്തിൽ തമിഴ് ജനതയുടെ ജീവിതം മാറി. അക്കാലത്ത്, വീടുകളിലും തെരുവുകളിലും നിവര്‍ത്തിവെച്ച കലണ്ടറുകളിലെ ചിത്രങ്ങളിലൂടെ അണ്ണാദുരൈയും കരുണാനിധിയും എങ്ങനെ പ്രതിനിധാനംചെയ്യപ്പെട്ടുവെന്ന് 1976ല്‍ എഴുതിയ ഒരു പഠനത്തില്‍, ഇംഗ്ലണ്ടിലെ സസക്സ് യൂനിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഡന്‍കാൻ ഫോറെസ്റ്റർ (Factions and Filmstars: Tamil Nadu Politics since 1971 - Duncan Forrester) വിശദീകരിക്കുന്നുണ്ട്.

സാധാരണക്കാരുടെയും ദരിദ്രരുടെയും ഇടയില്‍നില്‍ക്കുന്ന ജ്യേഷ്ഠൻ (അണ്ണാ) പ്രതിച്ഛായയിലൂടെ അണ്ണാദുരൈ ജനങ്ങള്‍ക്കിടയില്‍ സ്ഥാനംപിടിച്ചപ്പോള്‍ കരുണാനിധിയാവട്ടെ, ആത്മവിശ്വാസത്തിന്റെയും കഴിവിന്റെയും ബൗദ്ധികതയുടെയും രൂപമായി വ്യവഹരിക്കപ്പെട്ടതായി സൂചിപ്പിക്കുന്നു. എം. കരുണാനിധിയുടെ ചിത്രങ്ങളില്‍ തലയ്ക്ക് പിന്നിൽ ഒരു പ്രകാശവലയംപോലെ കാണപ്പെട്ട റോസ് നിറത്തിലുള്ള വൃത്താകൃതിയില്‍ ഭാവനാപരമായ ഈ രാഷ്ട്രീയവ്യക്തിത്വം പ്രകടമാണെന്നും നിരീക്ഷിക്കപ്പെടുന്നു. അക്കാലത്തെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പിന്നാക്കാവസ്ഥയില്‍നിന്നും ചിന്താപരമായും ഭൗതികമായും ഏറെ പരിവര്‍ത്തനം സംഭവിച്ച ചരിത്രസന്ദര്‍ഭത്തിൽ ഭൂതകാലത്തിലെ അധികാരം പ്രസരിപ്പിച്ച ഒരു ചിഹ്നമൂല്യം എന്നതിനപ്പുറം ഒരു സംസ്കാര-രാഷ്ട്രീയ പഠിതാവിന് ഇക്കാര്യങ്ങളില്‍നിന്ന് എന്താണ് ലഭിക്കുക?

സാങ്കേതിക വികാസം, വിദ്യാഭ്യാസം, നവ സാമൂഹിക മാധ്യമങ്ങള്‍, രാഷ്ട്രീയ ചിന്തയിലും സാമൂഹികാവബോധത്തിലുമുണ്ടായ പരിവര്‍ത്തനങ്ങൾ തുടങ്ങിയ വിപുലമായ പരിവര്‍ത്തനങ്ങളുടെ കാലത്ത് താരനിര്‍മിതിയും ഫാന്‍നിര്‍മിതിയും സങ്കീർണവും സൂക്ഷ്മവുമായ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് ചലച്ചിത്ര പഠിതാവും സംസ്കാര ഗവേഷകനുമായ എം. മാധവ പ്രസാദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. (Political Surplus in Retrospect: On the Decline of Cinematic Sovereignties) പഴയ താരപദവിയില്‍ അവസാനത്തെ ആളെന്ന് വിശേഷിപ്പിക്കാവുന്ന രജനികാന്തിന്റെ ‘കബാലി’യുടെ ആദ്യപ്രദര്‍ശനത്തിലുണ്ടായ ചില സംഘര്‍ഷങ്ങളാണ് അദ്ദേഹം ഇത് വിശദീകരിക്കാന്‍ ഉദാഹരണമായെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഒരു മണിക്കും നാലു മണിക്കുമൊക്കെ നടന്ന ആദ്യ പ്രദര്‍ശനത്തിൽ രജനിയുടെ കടുത്ത ആരാധകരുടെ നിരാശയും പ്രതിഷേധവും ഉണ്ടായി. കാരണമാവട്ടെ, ബുക്കിങ് ആപ്പുകളിലൂടെ വിതരണംചെയ്ത ടിക്കറ്റുകളുടെ ഉപഭോക്താക്കൾ നഗരകേന്ദ്രിതരായ ടെക്കികളും പുതുതലമുറ ചെറുപ്പക്കാരുമായതു മാത്രമല്ല; തിയറ്റര്‍ മാനേജര്‍മാർ കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് നല്‍കുവാന്‍ വിസമ്മതിച്ചുവത്രേ! ‘‘പാവപ്പെട്ടവരായ ഞങ്ങള്‍ക്ക് തലൈവരുടെ സിനിമകള്‍ കാണേണ്ടേ?’’ നിരാശയോടും ക്രോധത്തോടെയും ചോദിക്കുന്ന പഴയ ആരാധകരിലൂടെ ആരാധകവൃന്ദത്തിന്റെ സ്വഭാവത്തിലും വ്യവഹാരത്തിലുമുള്ള കാതലായ വ്യതിയാനം മാധവ പ്രസാദ് വിശകലനംചെയ്യുന്നുണ്ട്.

ജയലളിത, സി.എൻ. അണ്ണാദുരൈ                                             

 ഇതില്‍, ഏറ്റവും പുതുതലമുറ പ്രേക്ഷകര്‍ (അവര്‍ ഫാന്‍സുകള്‍കൂടിയാണ്) നവ സാമ്പത്തിക വ്യവസ്ഥയിലെ മൂലധന മിച്ചമൂല്യത്തെ (Capital Surplus) പ്രതിനിധാനംചെയ്യു​മ്പോൾ രോഷാകുലരായ പഴയ ആരാധകരെ രാഷ്ട്രീയ മിച്ചമൂല്യത്തിന്റെ (Political Surplus) സൂചകമായി മാധവ പ്രസാദ് വായിച്ചെടുക്കുന്നു. മറ്റൊരുതരത്തില്‍ വിശദീകരിച്ചാൽ, രാഷ്ട്രീയ മിച്ചമൂല്യം ഉൽപാദിപ്പിച്ച ആരാധകവിഭാഗത്തിന്റെ പതനം, പുതിയൊരു വ്യവഹാരമണ്ഡലത്തിലേക്ക് താരനിർമിതിയെയും അത് ഉൽപാദിപ്പിച്ച രാഷ്ട്രീയപ്രക്രിയകളെയും മാറ്റുന്നു എന്നാണർഥം. ഈ സന്ദര്‍ഭത്തില്‍, മൂലധന മിച്ചമൂല്യത്തിന്റെ ഭാവുകത്വവും അഭിരുചി വ്യത്യാസത്തിനും താരങ്ങള്‍ക്കും വിധേയരാവേണ്ടി വരുന്നു. ചരിത്രവും സമ്പദ് വ്യവസ്ഥയും സാങ്കേതിക വികാസവും പരിഗണിച്ചുകൊണ്ടേ തുടര്‍ന്നുള്ള ചര്‍ച്ചകളിൽ താരപദവിയും അതിന്റെ വ്യവഹാരലോകത്തെയും വിശകലനംചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വലിയ താരപദവിയും രാഷ്ട്രീയാധികാരവും ബഹുജന പിന്തുണയും ഉണ്ടായിരുന്ന കരുണാനിധിയും ജയലളിതയും വിടപറഞ്ഞപ്പോള്‍, എം.ജി.ആര്‍ അന്തരിച്ചപ്പോള്‍ പ്രതികരിച്ചവിധത്തിലായിരുന്നില്ല തമിഴ് ജനതയും ചെന്നൈ നഗരവും പെരുമാറിയതെന്ന് ഈ ലേഖകന് നേരിട്ടറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മക്കള്‍ നീതി മയ്യം (MNM) സ്ഥാപിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശനവിധേയമാക്കിയ കമൽഹാസന് തന്റെ താരപദവി രാഷ്ട്രീയത്തിൽ ഗുണം ചെയ്യാത്തതുപോലെ തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രവേശനവും അവകാശവാദങ്ങളും വിജയിയുടെ താരപദവിയുടെ പിന്‍ബലത്തില്‍മാത്രം വിജയിക്കുമോയെന്ന ചോദ്യം പ്രസക്തമാണ്.

രാഷ്ട്രീയ മുന്നണികളും ആശയവ്യവസ്ഥയും

ഡി.എം.കെ മുന്നണി നയിക്കുന്ന ഭരണകക്ഷിയും എ.ഐ.എ.ഡി.എം.കെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ രാഷ്ട്രീയവും തമിഴ് സ്വത്വം, ഭാഷ, ദ്രാവിഡ ആശയലോകം എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള സാമൂഹിക വീക്ഷണവും വികസന നയങ്ങളുമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജയലളിതയുടെ മരണത്തോടെ എ.ഐ.എ.ഡി.എം.കെ വിവിധ വിഭാഗങ്ങളായി ചിതറുകയും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറുമായും സ്നേഹിച്ചും കലഹിച്ചും ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നതിനാൽ തമിഴ് ജനതയുടെ മനസ്സില്‍ സുസ്ഥിരമായൊരു സ്ഥാനം ഉറപ്പിക്കുവാന്‍ കുറെനാളായി കഴിയുന്നില്ല എന്നത് വസ്തുതയാണ്.

ദക്ഷിണേന്ത്യയോടും പ്രത്യേകിച്ച് ബി.ജെ.പിയിതര സര്‍ക്കാറുകളോടുള്ള യൂനിയൻ സര്‍ക്കാറിന്റെ വിവേചനപരമായ നിലപാടുകളിലൂടെ ഹിന്ദു/ഹിന്ദി പാര്‍ട്ടിയെന്ന പ്രതിച്ഛായ സംഘ്പരിവാറിനും ബി.ജെ.പിക്കുമുള്ളത് അത്ര പെട്ടെന്നൊന്നും മായ്ച്ചുകളയാനാവില്ല. ആശയപരമായി സവർണ മേല്‍ക്കോയ്മയുടെ വക്താക്കളും പ്രയോക്താക്കളുമായ ബി.ജെ.പി ചില സൂത്രവിദ്യകളിലൂടെ തങ്ങള്‍ തമിഴ് ജനതക്ക് എതിരല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കാറുണ്ട്. തമിഴ് -വാരാണസി സംഗമം, പുതിയ പാര്‍ലമെന്റില്‍ തമിഴ് നാട്ടില്‍നിന്നും കൊണ്ടുപോയി സ്ഥാപിച്ച ചെങ്കോല്‍, പ്രധാനമന്ത്രി സമീപകാലത്ത് നടത്തിയ ചോള സാമ്ര്യാജ്യത്വത്തിന്റെ തലസ്ഥാനമായ ഗഗൈ ചോളപുരത്തിന്റെ നവീകരണപ്രഖ്യാപനം തുടങ്ങി ഇന്ത്യന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തമിഴ് നാട്ടില്‍നിന്നുള്ള സി.പി. രാധാകൃഷ്ണന്റെ നാമനിര്‍ദേശം വരെ സമീപസ്ഥവും വിപുലവുമായ ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടാണെന്നത് വ്യക്തമാണ്.

 

എം.ജി.ആർ ജനങ്ങൾക്കിടയിൽ

ഡി.എം.കെക്ക് പിന്നില്‍ തമിഴകത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയപ്രസ്ഥാനമാകാൻ മുൻ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ. അണ്ണാമലൈയുടെ അതിരുകടന്ന അവകാശവാദങ്ങള്‍ എ.ഐ.എ.ഡി.എം.കെയെ ബി.ജെ.പി നേതൃത്വംനല്‍കുന്ന എന്‍.ഡി.എ മുന്നണി വിടാന്‍ തീരുമാനം എടുത്ത് നടപ്പാക്കിയെങ്കിലും ആ അകല്‍ച്ചയുടെ ആയുസ്സ് വളരെ കുറവായിരുന്നു. എങ്കിലും രാഷ്ട്രീയ മുന്നണിയെ നയിക്കാനുള്ള അവകാശവും പ്രാമുഖ്യവും ബി.ജെ.പി പ്രാദേശിക കക്ഷികള്‍ക്ക് തുടക്കത്തിൽ നല്‍കുമെങ്കിലും ക്രമേണ ആ കക്ഷികള്‍ ദുര്‍ബലമാവുകയോ പിളര്‍ക്കപ്പെടുകയോ ചെയ്യുന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ആ വഴിയിലൂടെ സഞ്ചരിക്കുവാനുള്ള പ്രാതിനിധ്യപരമായ ശക്തി തമിഴ്നാട്ടില്‍ ഇല്ലാത്തതിനാല്‍ രാഷ്ട്രീയനീക്കങ്ങള്‍ക്ക്‌ സംഘ്പരിവാർ നേതൃത്വം തയാറാവാൻ സാധ്യതയില്ല.

സംസ്ഥാനങ്ങളുടെ ഭരണപരമായ അവകാശങ്ങൾ ഗവർണര്‍മാരിലൂടെ കൈയടക്കാനുള്ള നീക്കങ്ങള്‍ക്ക്‌ ഇന്ത്യയില്‍ ഏറ്റവുമധികം എതിര്‍പ്പ് ഉയരുന്ന സംസ്ഥാനമാണ് തമിഴ്നാട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഒരു സമിതിയെ നിയോഗിക്കുകയും, നിയമപരമായും രാഷ്ട്രീയമായും ഫെഡറലിസത്തെ സംരക്ഷിക്കാനുള്ള പ്രചാരണവും പ്രവര്‍ത്തനങ്ങളും മുഖ്യപ്രമേയമായി ഡി.എം.കെ മുന്നണി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള കേന്ദ്രസര്‍ക്കാർ നീക്കങ്ങളെ പ്രതിരോധിക്കുക, ദേശീയ വിദ്യാഭ്യാസ നയം (National Education Policy -2020) നടപ്പാക്കാതിരിക്കുക, കീഴാടിയിലെ ചരിത്രഗവേഷണ റിപ്പോര്‍ട്ടിൽ –ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിക്കുന്ന സമൂഹമായി തമിഴ് ജനതയെ രേഖപ്പെടുത്തിയ റിപ്പോര്‍ട്ട്– തിരുത്തല്‍ വരുത്താനുള്ള കേന്ദ്രസര്‍ക്കാർ സ്ഥാപനമായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സമ്മര്‍ദം, ജി.എസ്.ടി നികുതിയുടെ ആനുപാതിക വിതരണത്തിലുള്ള വിമര്‍ശനം, നികുതി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ധനകാര്യ കമീഷന് മുമ്പുള്ള ആവശ്യം, സമുദ്രാതിര്‍ത്തി നിയമം ലംഘിച്ചുവെന്ന പേരിൽ മത്സ്യതൊഴിലാളികളെ നിരന്തരം അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കന്‍ നടപടികളോട് ശക്തമായി വിയോജിക്കാനും അവരുടെ മോചനത്തിനായി ഗുണപരമായി ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിമുഖത തുടങ്ങി നിരവധി ഗൗരവമായ വിഷയങ്ങളില്‍ തമിഴ് സ്വത്വബോധവും കേന്ദ്രസര്‍ക്കാറിനോടുള്ള വിയോജിപ്പും ഒരു ആശയമെന്നനിലയില്‍ ജനങ്ങള്‍ക്കിടയിൽ വ്യാപിപ്പിക്കുവാന്‍ ഡി.എം.കെ മുന്നണിക്ക്‌ കഴിയും. ഇത് കൂടാതെ ഭരണത്തിലേറിയ കാലംമുതൽ തങ്ങൾ നടപ്പാക്കിയ ജനകീയ പരിപാടികൾ ഊര്‍ജിതമാക്കിക്കൊണ്ട് പുതിയൊരു ദ്രവീഡിയൻ മോഡല്‍ വികസനത്തിലൂടെ ഭരണവിരുദ്ധ വികാരത്തെ തടയിടാമെന്നും ഭരണകക്ഷി കണക്കുകൂട്ടുന്നുണ്ട്.

 

എം.കെ. സ്റ്റാലിൻ,  ടി.ടി.വി. ദിനകരൻ                                

ജനപ്രിയ പദ്ധതികളും വികസനവും

വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിലും ഒപ്പം, ഭൂരിപക്ഷം മനുഷ്യർ ഇടപെടുന്ന കാര്‍ഷികമേഖലയിൽ പുതിയ നയങ്ങളിലൂടെ നവീകരണം സൃഷ്ടിച്ചും വലിയതോതിലുള്ള വളർച്ചനിരക്ക് കൈവരിക്കുവാന്‍ തമിഴ്നാടിന് ആയിട്ടുണ്ടെന്നത് വസ്തുതയാണ്. വ്യവസായ വളര്‍ച്ചയുടെ കാര്യത്തിലും യൂനിയൻ സര്‍ക്കാറിന് നികുതിയിനത്തിൽ വരുമാനം നല്‍കുന്ന കാര്യത്തിലും ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. 2024 -25 വര്‍ഷത്തിന്റെ ആദ്യപാദത്തില്‍, ജി.ഡി.പി രണ്ടക്കത്തിലേക്ക് അതായത്; 11.19 ശതമാനത്തിലേക്ക് പ്രവേശിച്ചതിന്റെ കണക്ക് പുറത്തുവന്നത് സമീപകാലത്താണ്. ദേശീയനിരക്ക് 6.5 ശതമാനമാകുമ്പോഴാണ് സംസ്ഥാനത്തിന്റെ ഈ വലിയ നേട്ടമെന്നത്

ശ്രദ്ധേയമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നാമമാത്രമായോ അല്ലെങ്കില്‍ ഇല്ലെന്നോ പറയാവുന്ന ചില ജനപ്രിയ പദ്ധതികളും ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്. സര്‍ക്കാർ സ്കൂളുകളിൽ പഠിച്ചു പാസായ പെണ്‍കുട്ടികള്‍ക്ക് കോളജുകളിൽ പഠിക്കാനായി പ്രതിമാസം ആയിരം രൂപവീതം നല്‍കുന്ന പുതുമൈ പെണ് തിട്ടം, വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന ദുര്‍ബലവിഭാഗങ്ങള്‍ക്ക് വീട്ടില്‍വന്നു പരിശീലനം നല്‍കുന്ന ഇല്ലം തേടി കാല്‍വി, മുതിര്‍ന്ന പൗരസമൂഹത്തിനും ഭിന്നശേഷി വിഭാഗത്തിനും റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന തായ് മാനവർ തിട്ടം, അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം ആയിരം രൂപവീതം നല്‍കുന്ന പദ്ധതി, നഗരങ്ങളിലെ ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര, സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണം (സര്‍ക്കാർ സ്കൂളില്‍മാത്രമായിരുന്ന ഈ സ്കീം ഇപ്പോൾ സര്‍ക്കാർ എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു) തുടങ്ങിയുള്ള പദ്ധതികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഭരണമുന്നണി. യൂനിയൻ സര്‍ക്കാർ രാഷ്ട്രീയപ്രേരിതമായി ഫണ്ടുകള്‍ നല്‍കാതിരിക്കുമ്പോൾ സ്വന്തംവിഭവശേഷി വര്‍ധിപ്പിച്ചും നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങളിലൂടെയും തമിഴ് ജനതക്ക് ഒപ്പംനിൽക്കാനുള്ള സന്നദ്ധതയാണ് സര്‍ക്കാർ പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ ഭരണകാലത്ത് ഉണ്ടായതുപോലുള്ള ജനകീയപ്രക്ഷോഭങ്ങൾ (തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിലുണ്ടായ സമരവും പതിനാലോളം പേര്‍ക്ക് മരണം സംഭവിച്ച വെടിവെപ്പും, ചെന്നൈ-സേലം ഗ്രീന്‍ഹൈവേ നടപ്പാക്കാൻ തുനിഞ്ഞപ്പോൾ ഉണ്ടായ സമരങ്ങളും) ഈ ഭരണകാലത്ത് ഉണ്ടായിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. സമീപകാലത്ത് അധ്യാപകരും മെഡിക്കൽ ഡോക്ടര്‍മാരും നടത്തിയ പ്രക്ഷോഭങ്ങളും ചെന്നൈ നഗരത്തിലെ ശുചീകരണ തൊഴിലാളികൾ തങ്ങളുടെ ജോലി സ്ഥിരപ്പെടുത്താനും ഡല്‍ഹിയിലെ സ്വകാര്യ കമ്പനിക്ക് ശുചീകരണ തൊഴിലിന്റെ ഔട്ട്‌സോഴ്സ് വിഭാഗമായി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടും നടത്തിയ സമരങ്ങള്‍ വലിയ ശ്രദ്ധനേടുകയും ഭരണത്തിന് എതിരായ വികാരം സൃഷിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, അവയൊന്നും വലിയ പ്രക്ഷോഭമായി വ്യാപിക്കാതെ മുന്‍കരുതൽ നടപടികൾ സ്വീകരിക്കുവാന്‍ കഴിഞ്ഞുവെന്നത് ഡി.എം.കെ സര്‍ക്കാറിന് ആശ്വസിക്കാൻ വകനല്‍കുന്ന കാര്യമാണ്.

ജാതി-മത സമവാക്യങ്ങള്‍

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയമായി നടക്കുമ്പോഴും ജാതി, മതം, പ്രദേശം എന്നിവ നിർണായക ഘടകങ്ങളാണെന്നു പ്രത്യേകം പറയേണ്ടതില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പൊതുവെ സംഘ്പരിവാറിനോടും ബി.ജെ.പിയോടും രാഷ്ട്രീയമായി അകലം പാലിക്കുമ്പോഴും മേല്‍ജാതി-നഗര വോട്ടര്‍മാര്‍ക്കിടയിൽ ക്രമേണ അവരുടെ സ്വാധീനം വര്‍ധിക്കുന്നത് പ്രകടമാണ്. തമിഴ്നാട്ടിലാകട്ടെ മേല്‍ജാതി ഹിന്ദു സമുദായങ്ങള്‍ കുറവാണെങ്കിലും സാംസ്കാരിക ഹിന്ദുത്വത്തിന്റെ ആശയലോകവും പ്രയോഗങ്ങളും പിന്നാക്ക വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ അവര്‍ക്ക് കഴിയുന്നുണ്ടെന്ന വസ്തുതയെ അവഗണിക്കാനാവില്ല. ദലിതരുടെ രാഷ്ട്രീയ സംഘാടനവും മുന്നണി രാഷ്ട്രീയത്തിലൂടെ മാത്രമല്ല; സംഘ്പരിവാറിന്റെ വരേണ്യസമീപനങ്ങളെയും സനാതന ധർമ അജണ്ടകളെയും വിപുലമായ നിലയിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇന്നും നിലനിര്‍ത്തുന്നതിൽ തിരുമാവളവന്‍ നേതൃത്വം നല്‍കുന്ന വി.സി.കെക്ക് കഴിയുന്നുണ്ട്.

കേരളത്തില്‍നിന്നും വ്യത്യസ്തമായി രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും തൊഴിലാളിവര്‍ഗ നിലപാടുകളിലും നിലപാടെടുക്കുന്നതിലൂടെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ മികച്ച മാതൃകയായും മാറുന്നുണ്ട്. വാസ്തവത്തില്‍, ഇൻഡ്യ മുന്നണി അത് വിഭാവനചെയ്യുന്ന രാഷ്ട്രീയത്തിന്റെയും സംഘടനാപരവും ജനാധിപത്യപരവുമായ വിട്ടുവീഴ്ചകളുടെയും അടിസ്ഥാനത്തില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം തമിഴ് നാടാണ്. രാഷ്ട്രീയവും സാമൂഹികവുമായ എൻജിനീയറിങ് സൂക്ഷ്മവും ഗൗരവത്തോടെയും പ്രയോഗവത്കരിച്ചതിന്റെ മികച്ച ഉദാഹരണം കൂടിയായി ഇതിനെ കാണാം. 20214ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലത്തെ അടിസ്ഥാനമാക്കി സി.എസ്.ഡി.എസും ( Centre for the Study of Developing Societies ) ലോക് നീതിയും സംയുക്തമായി നടത്തിയ പോസ്റ്റ്‌ പോൾ സര്‍വേയില്‍ ജാതി-മത വിഭാഗങ്ങളുടെ രാഷ്ട്രീയാഭിരുചിയുടെ ചിത്രം ലഭ്യമാണ്

(പട്ടിക 1). ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സര്‍വേ നടത്തുന്ന ഗവേഷകസ്ഥാപനമാണല്ലോ സി.എസ്.ഡി.എസ്. അതിനാല്‍ അവരുടെ കണ്ടെത്തലുകളും വിശകലനങ്ങളും രാഷ്ട്രീയ ദിശാമാറ്റങ്ങളുടെ വ്യക്തമായ ചിത്രമായി അക്കാദമിക് പഠനങ്ങള്‍ സ്വീകരിക്കാറുമുണ്ട്. ഇതില്‍, ഇതിൽ മേല്‍ജാതി ഹിന്ദു വിഭാഗങ്ങൾ ബി.ജെ.പി ഉള്‍പ്പെടെയുള്ള മുന്നണിയെ പിന്തുണച്ചപ്പോൾ, ദലിതരും മുസ്‍ലിംക ളും വിപുലമായ പിന്തുണ ഡി.എം.കെ മുന്നണിക്ക്‌ നല്‍കിയത് വ്യക്തമാണ്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളും താൽപര്യങ്ങളും സ്ഥാനാര്‍ഥിയുടെ പ്രദേശത്തെ അടുപ്പവുമൊക്കെ ഫലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെങ്കിലും രാഷ്ട്രീയവും ജാതി-മത താൽപര്യവും തമ്മിലുള്ള അനുപാതത്തില്‍ കാര്യമായ വ്യത്യാസമുണ്ടാവാനുള്ള സാധ്യത വിരളമാണ്. മുസ്‍ലിം സമുദായവുമായി എ.ഐ.എ.ഡി.എം.കെക്ക് അടുപ്പമുണ്ടെങ്കിലും ദേശീയമായി രൂപപ്പെട്ട ന്യൂനപക്ഷഹിംസയുടെ വ്യാപ്തിയും ഭീകരതയും ബി.ജെ.പി മുന്നണിയിലുള്ള പാര്‍ട്ടിയെന്ന നിലയില്‍ വിപരീതഫലം സൃഷ്ടിക്കാനാണ് സാധ്യതയെന്നു പറയാം.

 

കമൽ ഹാസൻ,രജനീകാന്ത്

മുന്നണി സമവാക്യങ്ങളും സാധ്യതകളും

തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണി സമവാക്യങ്ങളിൽ വിപുലമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും എ.ഐ.എ.ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയിലെ ചില കക്ഷികൾ ഇപ്പോള്‍തന്നെ തങ്ങളുടെ രാഷ്ട്രീയമായ അസംതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. പട്ടാളിമക്കള്‍ കക്ഷിയിലെ അഭിപ്രായവ്യത്യാസങ്ങള്‍, അന്തരിച്ച സിനിമാതാരം വിജയകാന്തിന്റെ ഡി.എം.ഡി.കെയുടെ നേതാവ് പ്രേമലതാ വിജയകാന്തിന്റെ എ.ഐ.എ.ഡി.എം.കെയോടുള്ള രാഷ്ട്രീയവും സ്ഥാനപരവുമായ എതിര്‍പ്പുകള്‍, ടി.ടി.വി. ദിനകരന്‍ നേതൃത്വം നല്‍കുന്ന എ.എം.എം.കെയുടെ എന്‍.ഡി.എ മുന്നണിയിൽനിന്നുള്ള പിന്‍വാങ്ങലൊക്കെ സൂചിപ്പിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളിൽ കടുത്ത ഭിന്നതകൾ വരും നാളുകളില്‍ രൂക്ഷമാകുമെന്നാണ്. നടന്‍ വിജയ്‌ നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകത്തിന്റെ പ്രതീക്ഷ ജനകീയ പിന്തുണയോടൊപ്പം ഇത്തരം പ്രതിപക്ഷ അനൈക്യത്തിലും അതിന്റെ തുടര്‍ന്നുള്ള വ്യാപ്തിയിലുമാണ്.

ഭരണകക്ഷിയിലെ വി.സി.കെ നിരന്തരം ഉന്നയിക്കുന്ന ഒരു വിഷയം ജാതിക്കൊല (honour killing) നിരോധിക്കാന്‍ ശക്തമായ നിയമം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കണമെന്നാണ്. കൂടാതെ ക്രമസമാധാനം, അഴിമതി, ഭരണത്തിലുള്ള പങ്കാളിത്തമില്ലായ്മ തുടങ്ങിയ വിഷയങ്ങളും ചില ഭരണപക്ഷ കക്ഷികളെങ്കിലും ഉന്നയിക്കാറുണ്ട്. തമിഴ്നാട്ടിലെ ജാതിപീഡനങ്ങളും സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുന്ന അതിക്രമങ്ങളും പൊലീസ് കസ്റ്റഡി മരണങ്ങളും വ്യാപകമാവുന്ന എൻകൗണ്ടർ കൊലപാതകങ്ങളും വിപുലമായ നിലയില്‍ ഭരണപക്ഷത്തോടുള്ള ചോദ്യങ്ങളായി ഉയരാറുണ്ട്. ഇതില്‍ ചില വിഷയങ്ങളിലാണ് തമിഴക വെട്രി കഴകത്തിന്റെ രാഷ്ട്രീയ കാമ്പയിനുകള്‍ ഊന്നുന്നത് എന്നത് സവിശേഷമായി കാണേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെ ഭരണകൂട പരാജയങ്ങളെ രാഷ്ട്രീയമായി ഉയര്‍ത്തിക്കാട്ടുകയും മറുവശത്ത് പ്രത്യയശാസ്ത്രപരമായി സംഘ്പരിവാറിനെയും ബി.ജെ.പിയെയും എതിര്‍ക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും വിജയ്‌ സ്വീകരിക്കുകയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ രണ്ടു വന്‍സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ സൂചിപ്പിക്കുന്നു. ഇത് എത്രത്തോളം ജനങ്ങളില്‍ എത്തുമെന്നത് ഭാവിയിൽ കാണേണ്ട കാര്യമാണ്.

 

കൃത്യമായ രാഷ്ട്രീയ പരിപാടിയും അതിനെ ജനങ്ങളിൽ എത്തിക്കാനുള്ള സംഘടനാശക്തിയുമാണ് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് വിജയത്തെ നിർണയിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ഒരു സമൂഹം അരക്ഷിതമാവുമ്പോൾ മാത്രമേ ഒറ്റക്ക് ഒരാളിൽ, അയാളുടെ വിമോചന വാഗ്ദാനങ്ങളിൽ ജനം ആകര്‍ഷിക്കപ്പെടുകയുള്ളൂ. അല്ലെങ്കില്‍ തികച്ചും മാനുഷികവും വൈകാരികവുമായ പ്രശ്നങ്ങളെ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് ഒരു പരിവര്‍ത്തനത്തിനായി ജനത്തെ സജ്ജമാക്കാനുള്ള വ്യക്തിത്വവും വിവേകവും ഒരാള്‍ക്കുണ്ടാകണം. എം.ജി.ആറിനെ എഴുപതുകളുടെ തുടക്കത്തിൽ ഡി.എം.കെ പുറത്താക്കിയപ്പോൾ തമിഴ്നാട്ടിലുണ്ടായിരുന്ന വൈകാരിക സാഹചര്യം ആദ്യ ഭാഗത്ത് വിശദീകരിച്ചിരുന്നു. കൂടാതെ, പരിചയസമ്പന്നരും ജനകീയരുമായ പ്രധാനപ്പെട്ട നേതാക്കളും എം.ജി.ആറിന്റെ ഒപ്പം ചേര്‍ന്നിരുന്നു.

വിജയ്കാന്ത്,വിജയ്

 

അവരുടെ അനുഭവസമ്പത്തും ഒപ്പം എം.ജി.ആര്‍ മൻട്രങ്ങളുടെ ജനവ്യാപ്തിയും ചേര്‍ന്നൊരു വ്യവഹാരമായിരുന്നു രാഷ്ട്രീയമായ അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ ആദ്യത്തെ ഘടകത്തിന്റെ അഭാവം വിജയിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നേരിടുന്ന മുഖ്യപ്രശ്നമാണ്. കൂടാതെ, ജനകീയ പ്രശ്നങ്ങളിലും ജനങ്ങള്‍ക്കിടയിലും നേരിട്ടിറങ്ങാതെ താരപദവികൊണ്ടുമാത്രം ഒരാള്‍ക്ക് തെരഞ്ഞെടുപ്പിൽ വിജയിച്ചു കയറാൻ എത്രത്തോളം കഴിയുമെന്ന ചോദ്യവും നിലനില്‍ക്കുന്നു. ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിനെതിരെ പരന്തൂർ വില്ലേജിൽ നടന്ന ഒരു പ്രക്ഷോഭത്തിനു പിന്തുണ കൊടുക്കാൻ മാത്രമേ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കിയതിനു ശേഷമുള്ള രണ്ടു വര്‍ഷത്തിനിടയില്‍ അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയുള്ളൂ.

വിജയ്‌ വന്നാലുള്ള ജനബാഹുല്യവും സുരക്ഷാപ്രശ്നവുമാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാൻ അദ്ദേഹത്തെ തടയുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും ജനകീയ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് വിജയത്തിലും അതിനപ്പുറം കെട്ടുറപ്പുള്ള ഒരു മുന്നണിയുടെ സ്വാധീനമേഖലകളിലേക്ക് അക്രമോത്സുകമായി കടന്നുകയറാന്‍ ഈയൊരു മാജിക് സാന്നിധ്യം അനിവാര്യമാണ്. താരപദവിയുടെ മൂലധനമൂല്യം വർധിക്കുകയും രാഷ്ട്രീയമൂല്യം കുറയുകയുംചെയ്ത ഇക്കാലത്ത് വിജയിക്കും ജനങ്ങള്‍ക്കിടയിലെ വിപുലമായ മുന്നേറ്റത്തിനും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അട്ടിമറിക്കും വിജയിക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന തമിഴക വെട്രികഴകത്തിനും സാധ്യമാകുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അത് അത്ര എളുപ്പമാവില്ലായെന്നതാണ് തമിഴ് രാഷ്ട്രീയത്തിന്റെ സമകാലികത നല്‍കുന്ന പാഠം.

---------------

സൂചിക

M.S.S. Pandian, The Image Trap: M.G. Ramachandran in Film and Politics, 1992, Sage Publication, New Delhi.

M.S.S. Pandian , Brahmin and Non-Brahmin, Genealogies of the Tamil Political Present, 2007, Orient Longman, New Delhi.

Rethinking Social Justice, S. Anandhi, Karthick Ram Manoharan, M. Vijayabhaskar, A. Kalaiyarasan (Editors) 2020, Orient Black Swan, Hyderabad.

Duncan Forrester, Factions and Film Stars: Tamil Nadu Politics Since 1971 , Asian Survey, Vol. 16, No. 3, 1976 March.

Vijay cannot bank on star power alone, B. Kolappan, The Hindu, August 25, 2025.

News Summary - Tamil Nadu and election moves