Begin typing your search above and press return to search.

സ്​റ്റാലി​ന്റെ രാഷ്​ട്രീയ വഴികൾ

സ്​റ്റാലി​ന്റെ രാഷ്​ട്രീയ വഴികൾ
cancel

‘‘രണ്ടുതരത്തിലാണ് തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാജ്യത്തെ ഇതര മതേതര പ്രസ്ഥാനങ്ങൾക്ക് മാതൃകയാകുന്നത്‌. ഒന്നാമതായി, അദ്ദേഹം തന്റെ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആദർശങ്ങളെ വീണ്ടെടുക്കുകയും ആ പ്രത്യയശാസ്ത്ര പരിസരങ്ങളിൽ ജനങ്ങളെ അണിനിരത്തുകയുംചെയ്യുന്നു. രണ്ടാമതായി, തന്റെ രാഷ്ട്രീയത്തെയും നിലപാടുകളെയും കാലികമായി നവീകരിക്കുകയും അതിലേക്ക് പുതിയ തലമുറയെ ആകർഷിക്കുകയുംചെയ്യുന്നു’’ -ദീർഘകാലം ചെന്നൈയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ച ലേഖക​​െന്റ വിശകലനം. 1953 മാർച്ച് ഒന്നിനാണ് ചെന്നൈയിലെ ടി നഗറിൽ ഉള്ള മരുതനായകം ആശുപത്രിയിൽ എം.കെ. സ്​റ്റാലിൻ ജനിക്കുന്നത്. യൂനിയൻ ഓഫ് സോവിയറ്റ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
‘‘രണ്ടുതരത്തിലാണ് തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാജ്യത്തെ ഇതര മതേതര പ്രസ്ഥാനങ്ങൾക്ക് മാതൃകയാകുന്നത്‌. ഒന്നാമതായി, അദ്ദേഹം തന്റെ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആദർശങ്ങളെ വീണ്ടെടുക്കുകയും ആ പ്രത്യയശാസ്ത്ര പരിസരങ്ങളിൽ ജനങ്ങളെ അണിനിരത്തുകയുംചെയ്യുന്നു. രണ്ടാമതായി, തന്റെ രാഷ്ട്രീയത്തെയും നിലപാടുകളെയും കാലികമായി നവീകരിക്കുകയും അതിലേക്ക് പുതിയ തലമുറയെ ആകർഷിക്കുകയുംചെയ്യുന്നു’’ -ദീർഘകാലം ചെന്നൈയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ച ലേഖക​​െന്റ വിശകലനം.

1953 മാർച്ച് ഒന്നിനാണ് ചെന്നൈയിലെ ടി നഗറിൽ ഉള്ള മരുതനായകം ആശുപത്രിയിൽ എം.കെ. സ്​റ്റാലിൻ ജനിക്കുന്നത്. യൂനിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ തലവൻ ജോസഫ് സ്റ്റാലിൻ മരിച്ച് നാലാം ദിവസം. ജനിക്കാൻ പോകുന്ന കുട്ടിക്ക് അയ്യാദുരൈ എന്ന് പേരിടാനായിരുന്നു പിതാവ് എം. കരുണാനിധിയും മാതാവ് ദയാലു അമ്മാളും അതുവരെ ആലോചിച്ചിരുന്നത്. തന്റെ മുത്തച്ഛൻ മുത്തുവേലരുടെ ഓർമക്കായി മൂത്തമകനെ മുത്തു എന്നാണ് കരുണാനിധി പേരിട്ടിരുന്നത്. ദ്രാവിഡ പ്രസ്ഥാനത്തിലെ തീപ്പൊരി പ്രസംഗകനും നിർഭയനായ സഖാവുമായിരുന്ന അളഗിരിയുടെ പേര് രണ്ടാമത്തെ മകനിട്ടു. പ്രസ്ഥാനത്തിന്റെ ആത്മാക്കളായിരുന്ന അയ്യാ തന്തൈ പെരിയാറുടെയും അണ്ണാദുരൈയുടെയും പേരുകൾ ചേർത്താണ് മൂന്നാമത്തെ കുട്ടിയെ അയ്യാദുരൈ എന്ന് വിളിക്കാൻ ആലോചിച്ചത്.

എന്നാൽ, സ്റ്റാലിന്റെ മരണത്തിൽ അനുശോചിക്കാൻ മറീനയിൽ ചേർന്ന യോഗത്തിൽ ​െവച്ച് അത് സംഭവിച്ചു. ജോസഫ് സ്റ്റാലിൻ നാസികളെ ചെറുത്തുതോൽപിച്ചത് അനുസ്മരിച്ചുകൊണ്ട് തന്റെ മൂന്നാമത്തെ മകനെ അദ്ദേഹം സ്റ്റാലിൻ എന്ന് ആ യോഗത്തിൽ ​െവച്ച് നാമകരണംചെയ്തു. ആയിരക്കണക്കിന് ആളുകൾ ഉൾക്കൊണ്ട ആ സദസ്സ് ഹർഷാരവത്തോടെ ആ പ്രഖ്യാപനം സ്വീകരിച്ചു.

ചരിത്രവും ചരിത്രസന്ദർഭങ്ങളും അറിയാത്ത സോവിയറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിൽക്കാലത്ത് തന്നെ റഷ്യയിലെ വിമാനത്താവളത്തിൽ പിടിച്ച​ുെവച്ച അനുഭവം എം.കെ. സ്റ്റാലിൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു പേര് എങ്ങനെ കിട്ടിയെന്നും, അതിന് പിന്നിൽ മറ്റേതെങ്കിലും താൽപര്യങ്ങൾ ഉണ്ടോ എന്നുമായിരുന്നു അവർക്ക് അറിയേണ്ടത്. കുട്ടിയായിരിക്കുമ്പോൾ സ്റ്റാലിൻ എന്ന വാക്കിന്റെ അർഥം അന്വേഷിച്ച തന്നോട് തമിഴ് കവി കരുണാനന്ദം പറഞ്ഞുതന്നത് ഉരുക്ക് മനുഷ്യൻ എന്നാണെന്ന് അദ്ദേഹം എ.എസ്. പന്നീർസെൽവനുമായി ചേർന്ന് എഴുതിയ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തിൽ സ്റ്റാലിൻ കൂർത്ത അഗ്രമുള്ള ഒരു ചൂണ്ട വിഴുങ്ങി. കുടുംബം മൊത്തം ആശങ്കയിലായി. പ​േക്ഷ കരച്ചിലോ ഭയമോ ഇല്ലാതെ ശാന്തനായി കാണപ്പെട്ട കുട്ടിയെ നോക്കി അപ്പോഴും കരുണാനിധിയുടെ പേഴ്സനൽ സ്റ്റാഫിൽ ഉണ്ടായിരുന്ന കരുണാനന്ദം ആവർത്തിച്ചു: ജോസഫ് സ്റ്റാലിനെ പോലെ ഈ സ്റ്റാലിനും ഒരു ഉരുക്ക് മനുഷ്യൻ ആണെന്ന്. വൈദ്യശാസ്ത്രത്തിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളെ തന്നെ കീറിമുറിക്കുമായിരുന്ന ആ ചൂണ്ട പുറത്തെടുക്കപ്പെട്ടു. ഭയപ്പെടുത്തുന്ന ആ അനുഭവം ജീവിതത്തിൽ പല പ്രതിസന്ധികളെയും നേരിട്ട് വിജയിക്കാൻ തന്നെ സഹായിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും ശക്തരായ പ്രാദേശിക നേതാക്കളിൽ ഒരാളുടെ മകനായിരുന്നിട്ടും സ്റ്റാലിന്റെ വളർച്ചയും ഉയർച്ചയും പലരും വിചാരിക്കുംപോലെ മക്കൾ രാഷ്ട്രീയത്തിലെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് ആയിട്ടല്ലായിരുന്നു. താഴേത്തട്ടിൽ പ്രവർത്തിച്ചും അതിന്റെ യാതനകൾ അറിഞ്ഞും തുടർച്ചയായി തിരിച്ചടികൾ നേരിട്ടും സ്വയം സ്ഫുടംചെയ്തെടുത്ത ഒരു രാഷ്ട്രീയ യാഥാർഥ്യമാണ് സ്റ്റാലിൻ. ഉരുക്കായിരിക്കുമ്പോഴും സൗമ്യനും ശാന്തനുമാണ്. വാക്കിലും പ്രവൃത്തിയിലും ജനാധിപത്യമുണ്ട്. എതിരഭിപ്രായങ്ങൾ കേൾക്കാൻ ഉള്ള മനസ്സുണ്ട്. ചെന്നൈ നഗരത്തിന് പുറത്ത് ആദ്യമായി യാത്രചെയ്തത് ട്രിച്ചിയിലേക്ക് ആയിരുന്നെന്നും അത് പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയതിന് കോടതി ശിക്ഷിച്ചതിനാൽ ജയിലിലേക്ക് ആയിരുന്നു എന്നും അദ്ദേഹം പറയുമ്പോൾ അതിൽ പൊരുതി കയറിവന്നവന്റെ ഒരു സത്യസന്ധതയുണ്ട്.

1967ൽ അന്നത്തെ മദ്രാസ് സംസ്ഥാന തെരഞ്ഞെടുപ്പിൽ ഡി.എം.കെ വിജയിക്കുമ്പോൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ഒരു പ്രാദേശിക കക്ഷി കോൺഗ്രസിനെതിരെ വിജയിക്കുകയായിരുന്നു. അതിന് മുമ്പ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിലെത്തിയത് ഒരു ദേശീയകക്ഷി എന്ന നിലയിലാണ്. അധികാരത്തിലെത്തുന്ന രണ്ടാമത്തെ കോൺഗ്രസ് ഇതര പാർട്ടി എന്നും ഡി.എം.കെയെ വിളിക്കാം. സാമൂഹികനീതിയും സ്വാഭിമാനവും പറഞ്ഞുകൊണ്ട് തമിഴ് സ്വത്വബോധത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെ അത് കോൺഗ്രസിന്റെ സംസ്ഥാനത്തെ കോട്ട പൊളിച്ചടുക്കി.

ആദ്യമായി അധികാരമേറ്റത് മുതൽ ഡി.എം.കെ നാളിതുവരെ നയിക്കപ്പെട്ടത് മൂന്നു പേരാലാണ്. സി.എൻ. അണ്ണാദുരൈയും എം. കരുണാനിധിയും എം.കെ. സ്​റ്റാലിനും. പ്രസ്ഥാനത്തിന്റെ ചോദ്യംചെയ്യപ്പെടാത്ത നേതാക്കളായിരുന്നു ആദ്യത്തെ രണ്ടുപേരും. അവർ അധികാരം നയിച്ചശേഷം അവർക്കെതിരായ ശബ്ദങ്ങൾ ഒന്നുപോലും പാർട്ടിയിൽ ഇല്ലാതായി. എന്നാൽ, പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് വളരെ മുമ്പേ തന്നെ സ്റ്റാലിന്റെ എതിർശബ്ദങ്ങൾ പാർട്ടിയിൽ ഇല്ലാതായി. ഇന്ന് ഇന്ത്യയിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് സുരക്ഷിതനായ ഒരു തലവൻ ഉണ്ടെങ്കിൽ, അത് സ്റ്റാലിനാണ്. അദ്ദേഹം നിർഭയനും ധീരനുമാണ്.

കരുണാനിധിയുടെ അവസാന കാലഘട്ടത്തിൽ ഹിന്ദുത്വ ശക്തികളുമായി ചില നീക്കുപോക്കുകൾ ഉണ്ടായിരുന്നതിന്റെ മുഴുവൻ പൂർണമായ അവസാനമാണ് സ്റ്റാലിൻ കാലഘട്ടത്തിൽ കാണുന്നത്. സംഘ്പരിവാറുമായി വിട്ടുവീഴ്ചയില്ലാത്ത ആശയപരവും രാഷ്ട്രീയവുമായ പോരാട്ടത്തിന് തന്റെ പ്രസ്ഥാനത്തെ അദ്ദേഹം നിരന്തരം പര്യാപ്തമാക്കിക്കൊണ്ടിരിക്കുന്നു. സ്റ്റാലിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ അടിയറവു പറയുന്ന ബി.ജെ.പിയും ആർ.എസ്.എസും തങ്ങൾക്ക് ഏറ്റവും ഒടുവിൽ മാത്രം കൈപ്പിടിയിലാക്കാൻ പോന്ന സംസ്ഥാനമാണ് തമിഴ്നാട് എന്ന് തിരിച്ചറിയുന്നു.

 

എം. കരുണാനിധിക്കൊപ്പം എം.കെ. സ്​റ്റാലിൻ

അണ്ണാദുരൈയിൽനിന്നും കരുണാനിധിയിൽനിന്നും സ്‌റ്റാലിനിലേക്ക് എത്തുമ്പോൾ അവിടെ പഴയ കോൺഗ്രസ് വിരുദ്ധതയില്ല. കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ പ്രസ്ഥാനമാണെന്നും അതിനോട് ദേശീയതലത്തിലും സംസ്ഥാന തലത്തിലും ചേർന്ന് നിന്നല്ലാതെ ഒരു ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടവും നടക്കില്ല എന്ന തിരിച്ചറിവുകൂടിയാണ് സ്റ്റാലിന്റെ രാഷ്ട്രീയത്തെ നയിക്കുന്നത്.

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, മുസ്‌ലിം ലീഗ്, ദലിത് പ്രസ്ഥാനങ്ങൾ തുടങ്ങി വിശാല മതേതര പുരോഗമന ജനാധിപത്യം പറയുന്ന പ്രസ്ഥാനങ്ങളെ കോൺഗ്രസിനൊപ്പം ഒരുമിപ്പിച്ചു നിർത്താനും സ്റ്റാലിന് കഴിയുന്നു. ദേശീയതലത്തിൽ കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും ഏറ്റവും വിശ്വസ്ത പങ്കാളിയായി തുടരുമ്പോൾതന്നെ മണ്ഡല പുനർനിർണയം, ത്രിഭാഷ പദ്ധതി, ഫെഡറലിസം, വഖഫ് തുടങ്ങിയവയിൽ ആശയപരവും നിയമപരവുമായ പോരാട്ടങ്ങൾക്ക് മുന്നിൽനിന്ന് നേതൃത്വം കൊടുക്കാനും ഡി.എം.കെക്കും സ്റ്റാലിനും സാധിക്കുന്നു എന്നതും ചെറിയ കാര്യമല്ല. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകാലത്ത് കോയമ്പത്തൂർ സിങ്കാനല്ലൂരിലെ സ്റ്റാലിൻ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ രാഹുൽ ഗാന്ധി അടുത്തുള്ള ബേക്കറിയിൽനിന്ന് വാങ്ങിയ മധുരപലഹാരങ്ങൾ സമ്മാനിച്ചുകൊണ്ട് സ്റ്റാലിനെ വിശേഷിപ്പിച്ചത് തനിക്കേറ്റവും വിശ്വസ്തനായ മൂത്ത സഹോദരൻ എന്നായിരുന്നു.

തമിഴ്‌നാട് മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴും സ്റ്റാലിന് വിജയത്തെക്കുറിച്ച് അനിശ്ചിതത്വങ്ങൾ ഇല്ല. ഇൻഡ്യ മുന്നണിയുടെ വിജയം തമിഴ്‌നാട്ടിൽ സുരക്ഷിതമാണെന്ന് ജനങ്ങളുടെ വികാരം പഠിച്ച വിദഗ്ധ ഏജൻസികൾ എല്ലാം പ്രവചിക്കുന്നു. നിർഭയത്വവും സമഗ്രവുമായ കേന്ദ്രവിരുദ്ധ പോരാട്ടങ്ങളിലൂടെ ജനങ്ങളെ അദ്ദേഹം തനിക്കും മുന്നണിക്കും അനുകൂലമാക്കിയിരിക്കുന്നു. ഗവർണറെക്കുറിച്ചുള്ള യുദ്ധം സുപ്രീംകോടതിയിൽ എത്തിക്കുക മാത്രമല്ല, വിധി പൂർണമായും താൻ പറഞ്ഞതിന് അനുകൂലമാവുകയുംചെയ്തു എന്നിടത്തുകൂടിയാണ് സ്റ്റാലിന്റെ വിജയം. മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തെ ബി.ജെ.പി ഇതര പ്രതിപക്ഷത്തെ അദ്ദേഹം കൂടെ നിർത്തുന്നു. ദേശീയതലത്തിൽ ഇൻഡ്യ മുന്നണിക്ക് പുറത്തുള്ളവരെ കൂടി ആകർഷിക്കാനും അദ്ദേഹത്തിന് കഴിയുന്നു.

 

എം.കെ. സ്​റ്റാലിൻ ജനങ്ങൾക്കൊപ്പം

രണ്ടുതരത്തിലാണ് സ്റ്റാലിൻ രാജ്യത്തെ ഇതര മതേതര പ്രസ്ഥാനങ്ങൾക്ക് മാതൃകയാകുന്നത്‌. ഒന്നാമതായി, അദ്ദേഹം തന്റെ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആദർശങ്ങളെ വീണ്ടെടുക്കുകയും ആ പ്രത്യയശാസ്ത്ര പരിസരങ്ങളിൽ ജനങ്ങളെ അണിനിരത്തുകയും ചെയ്യുന്നു. രണ്ടാമതായി, തന്റെ രാഷ്ട്രീയത്തെയും നിലപാടുകളെയും കാലികമായി നവീകരിക്കുകയും അതിലേക്ക് പുതിയ തലമുറയെ ആകർഷിക്കുകയുംചെയ്യുന്നു.

ചാഞ്ചാട്ടങ്ങൾ ഇല്ലാത്ത നേതാവാണ് സ്റ്റാലിൻ. ദേശീയതലത്തിൽ കോൺഗ്രസിന് പിന്നിൽ നിൽക്കുക എന്നതിനപ്പുറം അദ്ദേഹത്തിന് താൽപര്യങ്ങളില്ല. ഹിന്ദി അടിച്ചേൽപിക്കൽ വിഷയത്തിൽ കേന്ദ്രവുമായി കൊമ്പുകോർക്കുമ്പോഴും താനും പ്രസ്ഥാനവും ഹിന്ദി സംസാരിക്കുന്നവർക്ക് എതിരല്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ട്. കേരളവും കർണാടകവും അടക്കമുള്ള ഇതര സംസ്ഥാനങ്ങളോട് കാലങ്ങളായുള്ള തർക്കങ്ങൾ മാറ്റി​െവച്ചുകൊണ്ട് യോജിപ്പിന്റെയും കൂട്ടായ വിലപേശലിന്റെയും ഒരു അടിത്തറ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

21 വയസ്സിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതാണ് സ്റ്റാലിൻ. വലിയ ഭൂവിസ്തൃതിയുള്ള തമിഴ്‌നാട്ടിലെ മുക്കിലും മൂലയിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. താഴേത്തട്ടിലെ മിക്ക നേതാക്കളെയും നേരിൽ അറിയാം. കരുണാനിധിയിൽനിന്നും വിഭിന്നമായി, അദ്ദേഹം വ്യക്തിഗതമായ മര്യാദകളും എതിർചേരിയിലുള്ളവരോട് സൗഹാർദവും പുലർത്തുന്നു. എഡി.എം.കെ നേതാക്കളുടെ കുടുംബങ്ങളിൽ വിവാഹത്തിനും മരണത്തിനുമൊക്കെ പങ്കെടുക്കുന്നതിൽ കരുണാനിധിയുടെ കാലത്ത് ഉണ്ടായിരുന്ന വിലക്ക് സ്റ്റാലിൻ കളത്തിൽ ഇല്ലാതായി. സ്റ്റാലിൻതന്നെ അതിൽ മികച്ച മാതൃകയായി. നിയമസഭയിലും രാഷ്ട്രീയ എതിരാളികളോട് മാന്യമായി മാത്രം ഇടപെടുന്ന ഒരു രീതി അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.

ആശയപരമായ സുവ്യക്തത, ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളിലെ പ്രായോഗികമതിത്വം, സുതാര്യത, വളച്ചുകെട്ടില്ലായ്മ എന്നിവയിലെല്ലാമാണ് സ്റ്റാലിന് കീഴിലെ ഡി.എം.കെ വേറിട്ട് നിൽക്കുന്നത്. അന്ധമായ കോൺഗ്രസ് വിരോധംകൊണ്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ ആദ്യ പ്രതിപക്ഷ നേതാവാണ് സ്റ്റാലിൻ. ഒപ്പം തന്നെ സംഘ്പരിവാറിനെതിരെ കിട്ടാവുന്ന ആയുധങ്ങൾ എല്ലാമെടുത്ത് പ്രതിരോധിക്കുകയുംചെയ്യുന്നു. പാർട്ടിയുടെ യുവജന വിഭാഗം നേതാവ് മാത്രമായി നീണ്ടകാലം തുടർന്ന സംഘടനാ അച്ചടക്കവും നയതന്ത്രവുമാണ് സ്റ്റാലിന്റെ ശക്തി. പിണറായി വിജയനായാലും സിദ്ധരാമയ്യയായാലും മമതയോ അരവിന്ദ് കെജ്രിവാളോ ആയാലും സ്റ്റാലിന്റെ നയതന്ത്രങ്ങൾക്ക് എളുപ്പത്തിൽ സഹകരിക്കുന്ന ഒരു ചിത്രവും ഉണ്ട്.

 

എം.കെ. സ്​റ്റാലിനൊപ്പം കെ.എ. ഷാജി

വിഭജനത്തിന്റെ രാഷ്ട്രീയത്തിനെതിരായി ഉൾക്കൊള്ളലിന്റേതായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു എന്നതാണ് തമിഴ് നാട്ടിലെ നേതാക്കളിൽ സ്റ്റാലിനെ വ്യത്യസ്തനാക്കുന്നത്. മികച്ച ഭരണാധികാരിയെന്ന നിലയിൽ വിദ്യാഭ്യാസ-സാമൂഹിക-ആരോഗ്യ മേഖലകളിൽ സംസ്ഥാനം വലിയ കുതിച്ചുചാട്ടം നടത്തുന്നതിന് അദ്ദേഹം നേതൃത്വം നൽകി. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ താൽപര്യമെടുക്കുന്ന തമിഴ്‌നാട്ടിലെ ആദ്യ മുഖ്യമന്ത്രിയുമാണ് അദ്ദേഹം. മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ, ദലിതർ തുടങ്ങി പാർശ്വവത്‌കൃതരിൽ കൃത്യമായി അദ്ദേഹത്തിന്റെ ശ്രദ്ധ എത്തുന്നുണ്ട്.

വികസന-ക്ഷേമ പദ്ധതികളുടെ കൃത്യമായ നടപ്പാക്കൽ, യുവജനങ്ങളുടെ പരിഗണനാ വിഷയങ്ങളെ അഡ്രസ് ചെയ്യുന്ന സമീപനം, വനിതാ ക്ഷേമപ്രവർത്തനങ്ങളിലെ മികവ് എന്നിവയെല്ലാം സ്റ്റാലിൻ ഭരണത്തെ വേറിട്ടതാക്കുന്നു. ജനുവരി മുപ്പതാണ് സ്റ്റാലിന്റെ ജ്യേഷ്ഠൻ അഴഗിരിയുടെ പിറന്നാൾ ദിനം. ഡി.എം.കെയിലെ സ്റ്റാലിന്റെ മുഖ്യപ്രതിയോഗിയായിരുന്ന അഴഗിരി ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ല. മധുരൈ ആസ്ഥാനമാക്കി സ്റ്റാലിനെതിരെ കരുക്കൾ നീക്കിയിരുന്നു അഴഗിരിയുടെ പിറന്നാൾ ദിനത്തിൽ. അനുയായികൾ അദ്ദേഹത്തിന്റെ വിവിധ വേഷങ്ങളിലുള്ള കട്ട് ഔട്ടുകൾ പ്രദർശിപ്പിക്കുമായിരുന്നു. അവയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായിരുന്നു അഴഗിരി ഹിറ്റ്ലറുടെ വേഷത്തിൽ വരുന്ന ഒന്ന്. അഴഗിരിയുടെ പിന്മാറ്റത്തോടെ തമിഴ് രാഷ്ട്രീയത്തിൽ ഹിറ്റ്ലറുടെ മേൽ സ്റ്റാലിൻ അന്തിമവിജയം നേടി. വ്യത്യസ്തനായ ഒരു സ്റ്റാലിൻ ഇന്ത്യൻ മതേതരത്വത്തിന്റെ മനസ്സാക്ഷിയാകുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്.

News Summary - Tamil Nadu Chief Minister M.K. Stalin is setting a model for other secular movements