ആരുടെ ഭാരതാംബ? ആരുടെ ഗോമാതാവ്?

രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ, സോഷ്യലിസം തുടങ്ങി ഭരണഘടനാ ആശയങ്ങൾപോലും അനുദിനം ഹിന്ദുത്വ രാഷ്ട്രീയത്തിൽനിന്ന് വെല്ലുവിളി നേരിടുകയാണ്. ഇപ്പോൾ ഭാരതാംബ വിവാദവുമായി വന്നിരിക്കുകയാണ് ഹിന്ദുത്വവാദിയായ ഗവർണർ! എന്താണ് ഇൗ വിവാദങ്ങളിലൂടെ ലക്ഷ്യമിടുന്നത്? ഇന്ത്യയെന്ന വിശാല ഭൂമികയെ അസ്ഥിരപ്പെടുത്തി ഭരണഘടനയെ പതുക്കെ പതുക്കെ നിർവീര്യമാക്കി തള്ളിക്കളയാൻ ആഹ്വാനം ചെയ്യുന്നവരുടെ പുതിയ വാദം അതിൽ മതനിരപേക്ഷതയും സോഷ്യലിസവും അനാവശ്യമാണെന്നാണ്. സമൂല ഭേദഗതിയിലൂടെ മാത്രമേ അത്തരം വാക്കുകളും പ്രയോഗങ്ങളും നീക്കാനാവൂ. അത് വിചാരിക്കുന്നത്ര എളുപ്പമല്ല. അതുകൊണ്ടാണ് മതനിരപേക്ഷത എന്ന ആശയം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ, സോഷ്യലിസം തുടങ്ങി ഭരണഘടനാ ആശയങ്ങൾപോലും അനുദിനം ഹിന്ദുത്വ രാഷ്ട്രീയത്തിൽനിന്ന് വെല്ലുവിളി നേരിടുകയാണ്. ഇപ്പോൾ ഭാരതാംബ വിവാദവുമായി വന്നിരിക്കുകയാണ് ഹിന്ദുത്വവാദിയായ ഗവർണർ! എന്താണ് ഇൗ വിവാദങ്ങളിലൂടെ ലക്ഷ്യമിടുന്നത്?
ഇന്ത്യയെന്ന വിശാല ഭൂമികയെ അസ്ഥിരപ്പെടുത്തി ഭരണഘടനയെ പതുക്കെ പതുക്കെ നിർവീര്യമാക്കി തള്ളിക്കളയാൻ ആഹ്വാനം ചെയ്യുന്നവരുടെ പുതിയ വാദം അതിൽ മതനിരപേക്ഷതയും സോഷ്യലിസവും അനാവശ്യമാണെന്നാണ്. സമൂല ഭേദഗതിയിലൂടെ മാത്രമേ അത്തരം വാക്കുകളും പ്രയോഗങ്ങളും നീക്കാനാവൂ. അത് വിചാരിക്കുന്നത്ര എളുപ്പമല്ല. അതുകൊണ്ടാണ് മതനിരപേക്ഷത എന്ന ആശയം കൊടിയ അപകടമാണെന്ന് വരുത്തിത്തീർക്കാൻ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ മുന്നിട്ടിറങ്ങിയത്. 1975-77ലെ അടിയന്തരാവസ്ഥയിലാണ് ഈ രണ്ട് വാക്കുകൾ ആമുഖത്തിൽ ചേർത്തതെന്നും 1949 നവംബർ 26ന് അംബേദ്കർ തയാറാക്കിയ ഭരണഘടനയിൽ അവ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. കാലാകാലങ്ങളിൽ അത് പുനഃപരിശോധിക്കാനോ പൂർണമായി മാറ്റാനോ കാവിപ്പട ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാലും അടിയന്തരാവസ്ഥ കാലത്താണ് ആമുഖത്തിൽ ചേർത്തതെന്ന ഹൊസബലെയുടെ അസംബന്ധവാദങ്ങൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, ജിതേന്ദർ സിങ് തുടങ്ങിയവരും പങ്കുവെച്ചത് വലിയ അപകടത്തിന്റെ മുന്നറിയിപ്പാണ്.
2012ൽ പുതുക്കിയ ബി.ജെ.പി ഭരണഘടനയുടെ രണ്ടാം ആർട്ടിക്കിൾ ലക്ഷ്യം വിശദീകരിച്ചത് ‘‘നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്ത്വങ്ങളോടും പാർട്ടി യഥാർഥ വിശ്വാസവും കൂറും പുലർത്തുകയും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും ചെയ്യും’’ എന്ന നിലയിലാണ്. ആ വ്യവസ്ഥകൾ അംഗീകരിച്ച ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ ഭരണഘടനയിൽനിന്ന് പ്രധാന ഉള്ളടക്കം നീക്കണമെന്ന് ഇപ്പോൾ ആവശ്യപ്പെടുന്നത് ഏറെ വിചിത്രമാണെന്ന് കാണാം. ആമുഖത്തിൽ സോഷ്യലിസവും മതനിരപേക്ഷതയും ഉൾപ്പെടുത്തിയതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ 2024 നവംബർ 25ന് ഭരണഘടനയുടെ 75ാം വാർഷിക തലേന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി.വി. സഞ്ജയ് കുമാറും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് തള്ളുകയുണ്ടായി. ഭരണഘടന അംഗീകരിച്ച വേളയിൽ ആ പദങ്ങൾ ഇല്ലായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം അവ ചേർത്തത് അസാധുവാക്കാൻ കഴിയില്ലെന്ന് വിധിച്ചു.
ഹരജിക്കാരുടെ വാദങ്ങളുടെയും അവക്കെതിരെ സമർപ്പിച്ച രേഖാപരവും വാമൊഴിയായുമുള്ള പ്രതിവാദങ്ങളുടെയും അടിസ്ഥാനത്തിൽ ദീർഘവും വിശദവുമായ വാദംകേട്ടശേഷം ആ വാക്കുകൾ ചേർത്തതിന്റെ ഭരണഘടനാ സാധുത പരമോന്നത നീതിപീഠം ശരിവെക്കുകയായിരുന്നു. അതിനാൽ, ആമുഖത്തിലെ രണ്ട് വാക്കുകൾ മുൻനിർത്തിയുള്ള സംവാദത്തിനുള്ള ഹൊസബലെയുടെ നീക്കം സുപ്രീംകോടതി വിധി നിരസിക്കാനുള്ള ആഹ്വാനമാണ്. ബി.ആർ. അംബേദ്കർ രൂപംനൽകിയ ഭരണഘടനയിൽ മതനിരപേക്ഷത ഇല്ലായിരുന്നുവെന്ന വാദം അർധസത്യം മാത്രവും. മനഃസാക്ഷി സ്വാതന്ത്ര്യം, സ്വതന്ത്രമായ മതവിശ്വാസം, ആചാരം, മതപ്രചാരണം എന്നിവയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25ൽ ഉൾപ്പെടുത്തിയ മൗലികാവകാശങ്ങളിലൊന്നിന്റെ പശ്ചാത്തലത്തിൽ വാദം പൊളിഞ്ഞുവീഴുന്നു. ആ ആർട്ടിക്കിളിൽ ക്ലോസ് (2) (a)ൽ മതനിരപേക്ഷത പരാമർശിക്കപ്പെടുകയുണ്ടായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മതനിരപേക്ഷതയോട് അമിത് ഷാ വ്യാജസ്‌നേഹം പ്രകടിപ്പിക്കുകയുംചെയ്‌തു.
നാനൂറിലേറെ സീറ്റുകൾ നേടിയാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന ചില ബി.ജെ.പി സ്ഥാനാർഥികളുടെ അവകാശവാദങ്ങളെ തുടർന്ന് രാജ്യവ്യാപക ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു കപടമായ ആ ആഭിമുഖ്യം. നാനൂറിലധികം സീറ്റുകൾ നേടിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, ‘രാമൻ രാഷ്ട്രമാണ്, ഹിന്ദു ദേവതയാണ് രാഷ്ട്രം’ എന്നിങ്ങനെ തട്ടിവിട്ടത് ബി.ജെ.പി നേതൃത്വവും കേഡർമാരും ഹർഷാരവത്തോടെ സ്വീകരിച്ചു. ആ പ്രസ്താവന ഭരണഘടനാ ദർശനത്തിന് വിരുദ്ധമായിരുന്നു. മതനിരപേക്ഷത, സോഷ്യലിസം എന്നീ വാക്കുകൾ നീക്കുന്നതിന് പൊതുജനാഭിപ്രായം രൂപവത്കരിക്കാൻ ഹൊസബലെയെ പ്രേരിപ്പിച്ചത് എന്താണ്? ഭരണഘടനയോട് ആർ.എസ്.എസിനും ബി.ജെ.പിക്കും ആഴത്തിലുള്ള വെറുപ്പാണ് അതിന് പിന്നിലെ ഒരേയൊരു കാരണം. 1949 ഒക്ടോബർ 14 ന് ഭരണഘടനാ അസംബ്ലിയിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഭരണഘടന ഇനിമുതൽ സാമുദായിക അടിസ്ഥാനത്തിൽ ഒരു വ്യവസ്ഥയും ഉപയോഗിച്ച് വികൃതമാക്കില്ലെന്ന് വ്യക്തമാക്കിയെന്നാണ്.
1949 നവംബർ 23ന് ജെ.എം. വിൽസൺ മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും അതിനു നേരെ ഏറിവരുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുംചെയ്തു. ഭരണഘടനയുടെ ഏറ്റവും വലിയ നേട്ടം മതനിരപേക്ഷ സ്വഭാവവും അതിൽനിന്ന് ഉയർന്നുവരുന്ന രാഷ്ട്രവുമാണെന്നും ഊന്നി. രാഷ്ട്രം മതനിരപേക്ഷ സ്വഭാവം നേടിയിട്ടുെണ്ടന്നും ഭരണഘടനയിൽ അതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്ത് മേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. അത് മതനിരപേക്ഷ സ്വഭാവത്തെ ഇരുണ്ടതാക്കുകയും ഇല്ലാതാക്കുകയുംചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും മുന്നറിയിപ്പ് നൽകി. നമ്മുടെ മഹാനായ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മാർഗനിർദേശത്തിലും നേതൃത്വത്തിലും രാജ്യത്തെ പുരോഗമന ശക്തികൾ ആ മേഘങ്ങളെ തുടച്ചുനീക്കുമെന്നും മതനിരപേക്ഷ രാഷ്ട്രം എന്ന മഹത്തായ നേട്ടം കൈവരിക്കുംമുമ്പ് യൂറോപ്പിലെയും ഏഷ്യയിലെയും മിക്ക രാജ്യങ്ങളും കടന്നുപോകേണ്ടിവന്ന ആ നാശത്തിലൂടെയും ദുരിതത്തിലൂടെയും രാജ്യത്തെ വീണ്ടും കടന്നുപോകാൻ അനുവദിക്കില്ലെന്നും താൻ പ്രാർഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും ജെ.എം. വിൽസൺ ഉറപ്പിച്ചു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി
ഉപരാഷ്ട്രപതിയുടെ തുറന്ന പിന്തുണ
ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ ചേർക്കുന്നത് സനാതനത്തിന്റെ ആത്മാവിനോടുള്ള അവഹേളനമാണെന്ന നിലപാടിലൂടെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ഉന്നയിച്ച അവകാശവാദത്തെ പിന്തുണച്ചത്. 1976ലാണ് ഇരു വാക്കുകളും ചേർത്തതെന്നും അദ്ദേഹം പറഞ്ഞു. മുൻ കർണാടക എം.എൽ.സി ഡി.എസ്. വീരയ്യ സമാഹരിച്ച ‘അംബേദ്കറുടെ സന്ദേശങ്ങൾ’ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേ 2025 ജൂൺ 28ന് ഡൽഹിയിലായിരുന്നു പിന്തുണ നൽകിയത്. ‘‘ഏതൊരു ഭരണഘടനയുടെയും ആമുഖമാണ് അതിന്റെ ആത്മാവ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സവിശേഷമാണ്. ഭാരതത്തിന്റേതൊഴികെ മറ്റൊരു ഭരണഘടനയുടെയും ആമുഖം മാറ്റത്തിന് വിധേയമായിട്ടില്ല.
എന്തുകൊണ്ടെന്നാൽ അത് മാറ്റാൻ കഴിയില്ല. ഭരണഘടന വളർന്നതിന്റെ അടിസ്ഥാനം ആമുഖമാണ്. അതാകട്ടെ ഭരണഘടനയുടെ വിത്തും ആത്മാവുമാണ്. പക്ഷേ, 1976ലെ 42ാം ഭേദഗതിയിലൂടെ ആമുഖം മാറ്റി, സോഷ്യലിസ്റ്റ്, മതനിരപേക്ഷത, സമഗ്രത എന്നീ വാക്കുകൾ ചേർത്തുവെന്നായിരുന്നു’’ ധൻഖറിന്റെ ആരോപണങ്ങൾ. അംബേദ്കറുടെ ഭരണഘടന ആർ.എസ്.എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നതാണ് വാസ്‌തവം. ഉപരാഷ്ട്രപതിക്കൊപ്പം ചില കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സംഘ്പരിവാർ നേതാക്കളും ബഹുസ്വര സമൂഹം അട്ടിമറിക്കാനുള്ള ‘ഹിന്ദുരാഷ്ട്ര’ത്തിന്റെ ചേരുവകൾ വിശദമാക്കിയിട്ടുമുണ്ട്. എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങൾ പൂർണ മൗനത്തിലായിരുന്നു.
ഭാരതമാതാ എന്ന് രാജ്യമാകെ ഒരേ ആവൃത്തിയിൽ വിളിച്ചിരുന്ന കാലഘട്ടമായിരുന്നു ദേശീയ വിമോചന പോരാട്ടം. ആ പ്രക്ഷോഭത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരോട് ഏഴുവട്ടം മാപ്പിരന്ന നേതാവിന്റെ അനുയായികൾ ഭാരതമാതാ ചിത്രം മറയാക്കുകയാണ്. ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചലച്ചിത്രത്തിന്റെ പേരുമാറ്റൽ ആവശ്യവും ഇംഗ്ലീഷിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആക്രോശവും അതിന്റെ അനുബന്ധവും. ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻ ലജ്ജ തോന്നുമെന്നും അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ലെന്നും നമ്മുടെ സംസ്കാരം, ചരിത്രം, മതം എന്നിവ വിദേശ ഭാഷകളിൽ മനസ്സിലാക്കാൻ കഴിയില്ലെന്നും ആത്മാഭിമാനത്തോടെ സ്വന്തം ഭാഷകളിൽ രാജ്യം ഭരിക്കും ലോകം നയിക്കുമെന്നും ഇന്ത്യൻ ഭാഷകളില്ലെങ്കിൽ യഥാർഥത്തിൽ ഇന്ത്യക്കാരാകുന്നത് അവസാനിക്കുമെന്നുമാണ് അമിത് ഷാ ഉപദേശിച്ചത്. 2025 ജൂൺ 19ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറുമായ അശുതോഷ് അഗ്നിഹോത്രിയുടെ ‘മെയിൻ ബൂണ്ട് ഇൻഡിപെൻഡന്റ്’, ‘വൈറ്റ് ഓഷ്യൻ ഹൂൺ?’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവേളയിൽ ഡൽഹിയിലായിരുന്നു ഈ പ്രസ്താവനകൾ.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കവെ അമൃത് കാലിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനംചെയ്ത ‘പഞ്ച് പ്രാൻ’ (അഞ്ച് പ്രതിജ്ഞകൾ) 130 കോടി ജനങ്ങളുടെ ദൃഢനിശ്ചയമായി മാറിയിരിക്കുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു. വികസിത ഇന്ത്യക്കായുള്ള ദൃഢനിശ്ചയം, കൊളോണിയൽ മാനസികാവസ്ഥയുടെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കൽ, പൈതൃകത്തിലെ അഭിമാനം, ഐക്യത്തിന്റെ ശക്തി, സത്യസന്ധതയോടെ പൗരന്മാരുടെ കടമകൾ നിറവേറ്റൽ എന്നിങ്ങനെയാണ് ആ പ്രതിജ്ഞ. വിദേശ ഭാഷകളുടെ സ്വാധീനത്തിൽനിന്ന് ഭരണകൂടത്തെ മോചിപ്പിക്കുന്നതിന് എല്ലാ ഇന്ത്യൻ ഭാഷകൾക്കും സംഘടിതവേദി നൽകുന്നതിന് അമിത് ഷാ ഭാരതീയ ഭാഷാ അനുഭവ് (ബി.ബി.എ) അഥവാ ഇന്ത്യൻ ഭാഷാ വിഭാഗം ആരംഭിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുലയിലൂടെ കേന്ദ്രം ഹിന്ദി അടിച്ചേൽപിച്ചതായി നിരവധി സംസ്ഥാന സർക്കാറുകളും പാർട്ടികളും ചൂണ്ടിക്കാണിച്ച സാഹചര്യത്തിലായിരുന്നു പരാമർശമെന്നത് ഏറെ ഗൗരവതരം. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങളുമുണ്ടായി. ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻ.ഇ.പി) ത്രിഭാഷാ ഫോർമുലയെ എതിർത്ത തമിഴ്‌നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി പിൻവാതിലിലൂടെ കൊണ്ടുവരുക മാത്രമാണെന്ന് പ്രഖ്യാപിച്ചു.
ഭാരത മാതാവിന് ജയ് വിളിക്കണമെന്ന തിട്ടൂരമുയർത്തിയാൽ പ്രതിഷേധങ്ങള്‍ സ്വാഭാവികം. കാരണം, അത് മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, ജയ് ഹിന്ദിനോട് ആരും എതിര്‍പ്പുയർത്തില്ല. എന്തെന്നാൽ അത് ഇന്ത്യയെന്ന രാജ്യത്തിനുവേണ്ടിയാണ്. ഏവരുടെയും രാജ്യസ്‌നേഹത്തിന്റെ അടയാളം. ഈ പ്രശ്‌നത്തിൽ ബി.ജെ.പി നേതാവ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത് ‘‘ഞങ്ങള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവ ചിലർക്ക് വിവാദ വിഷയമാണ്’’ എന്നാണ്. അതുതന്നെയാണ് കാര്യം. ഒരു വിഭാഗം പൂജിക്കാത്തതിന്റെ പേരില്‍ ചിലര്‍ വിവാദ വിഷയമാക്കുകയാണ്. എന്തിനെയും ആരാധിക്കാന്‍ സ്മൃതി ഇറാനിക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഇന്ത്യപോലൊരു മതനിരപേക്ഷ രാജ്യത്ത് ഏത് മതവിശ്വാസം പിന്തുടരണം, എന്തിനെയെല്ലാം ആരാധിക്കണമെന്നത് ഓരോ പൗരന്റെയും അവകാശമാണ്. അടിച്ചേല്‍പിക്കാനും നിർബന്ധിക്കാനുമുള്ള അധികാരം ആർക്കുമില്ല. മതസ്വാതന്ത്ര്യം ഭരണഘടനയുടെ 15, 25 വകുപ്പ് ഓരോ പൗരനും ഉറപ്പുനല്‍കിയ മൗലികാവകാശവും. അതിനെ അവഗണിക്കാൻ ആര്‍ക്കും അവകാശമില്ല. വലതുപക്ഷ മാധ്യമങ്ങൾ അത്തരം വശങ്ങൾ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നതാണ് അനുഭവം. അത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്ക് ഭരണഘടനാ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങുന്നതിലും അവക്ക് പരിഭവമേയില്ല.
അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്‌ഭവനിൽ ‘ഭാരതാംബ’ ചിത്രം വെക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർബന്ധിച്ചതിൽ പല മാധ്യമങ്ങളും ഒരു തെറ്റും കണ്ടതുമില്ല. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങിലും അതേ പല്ലവി ആവർത്തിച്ചപ്പോഴും അവ വായ തുറന്നില്ല. ശ്രീ പത്മനാഭ സേവാസമിതി നേതൃത്വം നൽകിയ കേരള സർവകലാശാലാ സെനറ്റ് ഹാളിലെ അടിയന്തരാവസ്ഥയുടെ 50 ആണ്ടുകൾ പരിപാടിയിലും സമാനസ്ഥിതി തുടരാൻ വാശിപിടിച്ചു. അതില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചത് പ്രതിഷേധത്തിനിടയാക്കി. മതചിഹ്നമെന്ന് കണ്ട് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തി. പ്രതികരണമെന്ന നിലയിൽ രജിസ്‌ട്രാർക്കെതിരെ നടപടിയും വന്നു. ആർ.എസ്.എസ് ശാഖകളിൽ പ്രദർശിപ്പിക്കുന്ന കാവിക്കൊടി പിടിച്ച ഭാരതാംബ ചിത്രം ഔദ്യോഗിക പരിപാടിയില്‍ ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജ്‌ഭവനിലെ പരിപാടിയില്‍നിന്ന് ഇറങ്ങിവരുകയായിരുന്നു.
ഗവർണർ ആർ.എസ്.എസുകാരനായാൽ അതേ രീതിയിൽ മറുപടി നൽകും. ഭാരതാംബ ചിത്രം വെച്ച് മുന്നോട്ട് പോയാൽ സംസ്ഥാനം ഒന്നായി എതിർക്കും. രാഷ്ട്രപിതാവിന്റെ പ്രതിമയിൽ വെടിവെക്കുന്ന രാഷ്ട്രീയം ഇവിടെ അനുവദിക്കില്ല. കാവിക്കൊടിയേന്തിയ സ്‌ത്രീയെ ആദരിക്കാൻ ഗവർണർക്ക് എവിടെനിന്നാണ് ഉപദേശം കിട്ടിയത്. ഈ നിലപാട് തുടർന്നാൽ, എല്ലാ നിലയിലുമുള്ള നടപടികൾ ആലോചിക്കും. ഗവർണറുടെ നയം ജനങ്ങൾ വിലയിരുത്തട്ടെ. അദ്ദേഹം ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. ഭരണഘടനയെ മറികടന്ന് നിലകൊള്ളുന്ന അദ്ദേഹം ആർ.എസ്.എസിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് രാഷ്ട്രീയ അജണ്ടയാണ്. മാന്യമായി പെരുമാറുമ്പോഴും മനസ്സിൽ അതായിരുന്നു. രാജ്ഭവനെ ആർ.എസ്.എസ് താവളമാക്കി. ഗവർണറുടെ നയം കേരളത്തിൽ നടപ്പാകില്ലെന്ന് മനസ്സിലാക്കണം. മതനിരപേക്ഷതയിൽ ഊന്നി പ്രവർത്തിക്കണം.
ആർ.എസ്.എസ് പ്രചാരക വേലയല്ല ഗവർണർ ചെയ്യേണ്ടത്. ആർ.എസ്.എസിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും ആർ.എസ്.എസുകാരനായി പ്രവർത്തിച്ചാൽ തിരിച്ചും അതേനിലയിൽ മറുപടി നൽകുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയത് മാധ്യമങ്ങൾ അതേ അർഥത്തിലല്ല റിപ്പോർട്ട് ചെയ്‌തതും. തൃശൂരിലെ മാളയില്‍ നായർ സർവിസ് സൊസൈറ്റിയുടെ (എന്‍.എസ്.എസ്) യോഗദിന പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതിനെതിരെയുണ്ടായ പ്രതിഷേധവും നിസ്സാരമായിരുന്നില്ല. തിരുമുക്കുളം കരയോഗത്തില്‍ നടന്ന അന്താരാഷ്ട്ര യോഗാപരിപാടിയില്‍ മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംബയുടെ ചിത്രവും സ്ഥാപിച്ച ചടങ്ങിനെ ഒരു വിഭാഗം എതിർക്കുകയായിരുന്നു. ഇത്തരം തെളിഞ്ഞ വസ്‌തുതകൾക്കിടയിലും ശിവകാശി ചിത്രത്തിനുവേണ്ടി അന്തരീക്ഷം കലുഷമാക്കാനുള്ള ശ്രമങ്ങളെ ഗവർണർ^സംസ്ഥാന സർക്കാർ പോരായാണ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്.

അബനീന്ദ്രനാഥ് ടാഗൂർ, ശിവ് പ്രസാദ് ഗുപ്ത
അബനീന്ദ്രനാഥ് ടാഗോർ വരച്ച പഴയ ചിത്രം
അതിനാൽ അവ ബോധപൂർവം മറച്ചുവെക്കുന്ന ചില ചരിത്ര വസ്‌തുതകൾ പരിഗണിക്കേണ്ടതുണ്ട്. വിഖ്യാത കവി രബീന്ദ്രനാഥ ടാഗോറിന്റെ അനന്തരവനായിരുന്നു ഇന്ത്യൻ ചിത്രകലയെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ അബനീന്ദ്രനാഥ് ടാഗോർ. പ്രമുഖ ചിത്രകാരനും കൊൽക്കത്ത സ്കൂൾ ഒാഫ് ഫൈൻ ആർട്‌സ് മേധാവിയുമായിരുന്ന ഇ.ബി. ഹാവേലാണ് ശാസ്ത്രീയ പഠനത്തിന് അടിത്തറയിട്ടത്. ഇറ്റാലിയൻ പ്രതിഭ സിഗ്നർ ഗിൽഹാർഡിൽനിന്ന് ജലച്ചായത്തിലും ഇംഗ്ലീഷുകാരൻ ചാൾസ് പാൾമറിൽനിന്നും എണ്ണച്ചായത്തിലും മികവു നേടി. വൈദേശിക ശൈലികൾ പിന്തുടരുമ്പോഴും പൗരസ്ത്യ പാരമ്പര്യം കൈവിട്ടില്ല. അത് നൂതന പ്രസ്ഥാനംതന്നെയാവുകയാണെന്ന് ഹാവേൽ മനസ്സിലാക്കി. അങ്ങനെയാണ് ‘അബനീന്ദ്രൻ ശൈലി’യുടെ പ്രചാരണാർഥം സിസ്റ്റർ നിവേദിതയും സർ ജോൺ വൂഡ്ഗാഫുമായി ചേർന്ന് 1907ൽ ഇന്ത്യൻ സൊസൈറ്റി ഒാഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത്.
അത് ‘രൂപം’ പ്രസിദ്ധീകരണവും ആരംഭിച്ചു. ‘സാധന’, ‘പ്രബാസി’ തുടങ്ങിയ മാസികകളിൽ ഛായാചിത്രങ്ങളും കഥാചിത്രങ്ങളുമായിരുന്നു ആദ്യകാലത്ത് അബനീന്ദ്രനാഥ് വരച്ചിരുന്നത്. രബീന്ദ്രനാഥ ടാഗോറിന്റെ ചില കഥകൾക്കും ചിത്രീകരണം നടത്തി. ജലച്ചായം, എണ്ണച്ചായം, ക്രയോൺ, ടെമ്പറ, പേസ്റ്റൽ എന്നിവയെല്ലാം മാധ്യമങ്ങളാക്കിയുള്ള രചനകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഭാരതീയ ചിത്രകലയുടെ പ്രഥമ പുനരുദ്ധാരകരിലൊരാൾ എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടത്. ഷാജഹാന്റെ മരണം, നിർവാസിതയക്ഷൻ, അഭിസാരിക, യമുന, ഉമ, ശിശിരാഗമം, ഹുയാങ് സാങ്, രബീന്ദ്രനാഥ ടാഗോർ, കാമിനി, മഹാത്മാ ഗാന്ധി, രാധിക, അലക്കുകാരന്റെ കഴുത, നൂർജഹാൻ, കൈലാസസ്വപ്നം തുടങ്ങിയവയാണ് പ്രധാന രചനകൾ. 1905ൽ അബനീന്ദ്രനാഥ് വരച്ചതാണ് ഭാരത് മാത. ബങ്കിംചന്ദ്ര ചതോപാധ്യായ ‘ആനന്ദമഠി’ൽ വിവരിച്ച രാഷ്ട്രവ്യക്തിത്വത്തെ അടിസ്ഥാനമാക്കിയ അതിൽ ഭാരതമാതാവിനെ കാവി ധരിച്ച ദിവ്യസ്ത്രീയായാണ് ചിത്രീകരിച്ചത്.
20ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യൻ സംസ്കാരവുമായും സമ്പദ്‌വ്യവസ്ഥയുമായും ബന്ധപ്പെട്ട വസ്തുക്കൾ പ്രതീകവത്കരിച്ച ചിത്രം ‘പ്രബാസി’യിൽ ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ഭാരത് മാതാ എന്ന് ഉണ്ടായിരുന്നില്ല. മാസികയിലെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: മാത്രിമൂർത്തി. ബംഗാളിയിൽ ആ വാക്കിന്റെ അർഥം അമ്മയുടെ രൂപമെന്നും. അബനീന്ദ്രനാഥ് കരുതിയത് ബംഗ മാത എന്നാണ്. ബംഗാളിന്റെ അമ്മ എന്നർഥം. പക്ഷേ, പെയിന്റിങ് ഉണർത്തിയ ദേശീയവാദ വികാരങ്ങൾ ബംഗ മാതയെ ഭാരത് മാതയായി രൂപാന്തരപ്പെടുത്തി. അങ്ങനെ പുനർനാമകരണംചെയ്ത സിസ്റ്റർ നിവേദിത, അതിന്റെ പ്രതിരൂപവും പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയവും വിശദമായി ശ്രദ്ധിച്ചു. ആ ചിത്രത്തിലേക്ക് ഏറെ ആകൃഷ്ടയായ അവർ സ്വദേശി മന്ത്രത്തിൽ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിന് അത് കശ്മീരിൽനിന്ന് കന്യാകുമാരിയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചു.

രബീന്ദ്രനാഥ് ടാഗോർ, ബങ്കിം ചന്ദ്ര ചാറ്റർജി,മാധവിക്കുട്ടി (കമല സുറയ്യ)
അവനി ബൻസാൽ ഉയർത്തിയ ചോദ്യങ്ങൾ
ഓക്‌സ്‌ഫഡ് സർവകലാശാലയിലെയും ഹാർവഡ് ലോ സ്‌കൂളിലെയും പൂർവ വിദ്യാർഥിനിയും സുപ്രീംകോടതി അഭിഭാഷകയും എഴുത്തുകാരിയുമായ അവനി ബൻസാൽ, ചില പ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത് മറക്കാനാവില്ല. സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന നാടാണ് നമ്മുടേതെന്ന യുക്തി സമൂഹത്തിലും രാജ്യത്തും സ്ത്രീകൾക്ക് നൽകുന്ന കൂട്ടായ ബഹുമാനം വർധിപ്പിക്കുന്നതിൽ യഥാർഥത്തിൽ കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന ആമുഖത്തോടെ തയാറാക്കിയ പഠനം മാധ്യമ മൗനങ്ങളെയും പിടിച്ചുലക്കുന്നതാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറുന്നതിനാലും അവരുടെ പ്രത്യുൽപാദനാരോഗ്യം, വിദ്യാർഥിനികളുടെ വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ- പ്രധാനമായി രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതു പ്രാതിനിധ്യം -എന്നിവയിൽ ശ്രദ്ധ കുറവായതിനാലും ഇന്ത്യയിൽ സ്ത്രീകൾ ആരാധിക്കപ്പെടുന്നില്ലെന്ന് കാണാം.
ഗഗനേന്ദ്രനാഥ ടാഗോറിന്റെ പ്രശസ്ത ചിത്രം ‘പ്രതിമ വിസർജൻ’ പോലെ നിർദിഷ്ട ദിവസങ്ങളിൽ സ്ത്രീകളെ ദേവതകൾക്ക് സമാനമായി കണക്കാക്കുകയും പിന്നീട് നദികളിൽ മുക്കിക്കൊല്ലുകയും ചെയ്യുന്നുവെന്നതാണ് അവർ ആദ്യം ഉയർത്തിയ കാര്യം. രണ്ടാമതായി, അമ്മയോടുള്ള പ്രത്യേക സ്നേഹരൂപം ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും സാഹിത്യങ്ങളിൽ നന്നായി അലങ്കരിച്ചിരിക്കുന്നു. ഇന്ത്യയിൽ അമ്മയുടെ കരുതൽ സ്നേഹപ്രകടനത്തിന്റെ മൂർത്തീഭാവത്തിലാണ്. അമ്മമാർ മക്കൾക്ക് ചെയ്യാൻ കഴിയാത്തിടത്തോളം പാചകം ചെയ്യുന്നു. അമ്മക്കും മാതൃരാജ്യത്തിനും വേണ്ടി ജീവിക്കുകയും മരിക്കുകയുമെന്ന വൈകാരിക യുദ്ധവിളിയിൽ സാധാരണക്കാർ സന്തോഷിക്കുകയും ചെയ്യും. വെല്ലുവിളി ഇതാണ്.
അമ്മയുടെ സ്നേഹം ഉയർത്തിപ്പിടിക്കുമ്പോൾ ഭാരതത്തെ സ്ത്രീയായി –അതേ സാമ്യതയോടെ വ്യത്യസ്ത വേഷങ്ങളിൽ– കാമുകി, ലൈംഗിക ജീവി, അവിവാഹിത എന്നിങ്ങനെ– അംഗീകരിക്കുന്നതിൽ ഇത്ര ബുദ്ധിമുട്ട് തോന്നുന്നത് എന്തുകൊണ്ടാണ്? ഉദാഹരണത്തിന്, എം.എഫ്. ഹുസൈന്റെ ‘ഭാരത മാതാവ്’ ചിത്രം ചുറ്റിപ്പറ്റിയുള്ള വിവാദം എന്താണ് വിശദീകരിക്കുന്നത്? മൂന്നാമതായി ഭരണഘടന പ്രകാരം ഇന്ത്യ എന്ന ആശയം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെങ്കിൽ, അമ്മയായി ഉയർത്തുന്നത്, അമ്മയുടെയോ പിതാവിന്റെയോ രാഷ്ട്ര സങ്കൽപവുമായി ബന്ധപ്പെട്ടിരിക്കുന്ന രാഷ്ട്രം എന്ന ആശയം കാണാത്ത മറ്റ് മതങ്ങളിൽപ്പെട്ടവരെ ഏതെങ്കിലും നിലയിൽ ഒഴിവാക്കിയേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മാതാ എന്ന വാക്ക് മുൻനിർത്തിയുള്ള വാചാടോപവും ഈ പ്രതീകാത്മകതയിൽ സംതൃപ്തരാകുന്ന സ്വഭാവവും സ്ത്രീജീവിതം മെച്ചപ്പെടുത്തുന്നതിന് മൂർത്തവും പ്രാധാന്യമുള്ളതുമായ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് കുറച്ചേ ചിന്തിക്കുന്നുള്ളൂ. മാത്രവുമല്ല, വായ്ത്താരി എന്ന വലിയ പകർച്ചവ്യാധി കൂട്ടായ മനോഭാവത്തെയും ദിവസവും കാണുന്ന വ്യവസ്ഥാപിതവും വ്യക്തിപരവുമായ വിവേചനം കൂടുതൽ ആഴത്തിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഇല്ലാതാക്കുന്നു. ആ പ്രവണതകൾക്കൊപ്പമാണ് മുഖ്യധാരാ മാധ്യമങ്ങൾ.
മാധ്യമങ്ങളിലെ സ്‌ത്രീവിരുദ്ധത
ലൈംഗിക ഫലിതങ്ങളോട് എങ്ങനെ യോജിക്കാനാവും? വിനോദത്തിന്റെ പേരിൽ പ്രതിരോധിക്കുന്ന സ്ത്രീകളെ വസ്തുക്കളാക്കി ചുരുക്കുന്ന ഗാനങ്ങൾ; വാണിജ്യവത്കരണത്തിന്റെ പേരിൽ പ്രതിരോധിക്കുന്ന പരസ്യങ്ങൾ; വ്യക്തമായ നിയമമുണ്ടായിട്ടും സംസ്കാരത്തിന്റെ പേരിൽ സ്ത്രീകൾക്ക് തുല്യ സ്വത്ത് കൈമാറാത്തതുപോലുള്ള പെരുമാറ്റങ്ങൾ. പൊതു ഇടങ്ങളിൽ സ്ത്രീകളെ കാണാതിരിക്കുമ്പോൾ എങ്ങനെ യോജിക്കാൻ കഴിയും –സ്ത്രീകൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ ഇടമില്ലാത്ത സ്വകാര്യ ഇടങ്ങളിൽ കാതടപ്പിക്കുന്ന നിശ്ശബ്ദതയോട് എങ്ങനെ യോജിക്കും? സ്ത്രീകൾ സ്വന്തം ലിംഗത്തിനെതിരെയും വിവേചനം കാണിക്കുന്നുണ്ട്. സ്ത്രീകേന്ദ്രിതമായ ചിലപ്പോൾ പുരുഷന്മാർക്കെതിരായ വിവേചനത്തിലേക്ക് നയിക്കുന്ന സമൂഹങ്ങൾ ഇന്ത്യയിലില്ലേ? അപ്പോൾ രാജ്യത്തെ ലിംഗഭേദംകൊണ്ട് തിരിച്ചറിയേണ്ടതിന്റെ ആവശ്യകത എവിടെനിന്നാണ്? അതിന്റെ ഉത്ഭവത്തിന്റെ ഉദ്ദേശ്യം നന്നായി സ്ഥാപിച്ചിട്ടുണ്ടെങ്കിൽപോലും ശൂന്യ മുദ്രാവാക്യങ്ങൾ ഇപ്പോൾ കൂടുതൽ നിക്ഷിപ്ത രാഷ്ട്രീയ അജണ്ടകൾക്ക് അനുയോജ്യമാകുന്നു എന്നല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല –അത് ബി.ജെ.പിയായാലും കോൺഗ്രസ് സേവാദളിന്റെ ഭാരത് മാതാ കീ ജയ് ആയാലും –ഈ മുദ്രാവാക്യം വിളിക്കുമ്പോഴെല്ലാം നിർത്തി ചിന്തിക്കേണ്ടതുണ്ട്.
സ്ത്രീകൾക്കുവേണ്ടി വേണ്ടത്ര ചെയ്യുന്നുണ്ടോ? എല്ലാ മനുഷ്യർക്കും ചുറ്റുമുള്ള എല്ലാ ജീവജാലങ്ങൾക്കും വേണ്ടി ആവശ്യമായത് ഏറ്റെടുക്കുന്നുണ്ടോ? മാനവികതയിൽ അധിഷ്ഠിതമായ ഏതൊരു രാഷ്ട്രീയവും സ്ത്രീകളുടെ മുദ്രാവാക്യത്തിൽ ഒതുങ്ങി നിൽക്കില്ല, അത് വിമോചനത്തിന് നിരന്തരം പ്രവർത്തിക്കേണ്ടതുണ്ടെന്നും അവനി ബൻസാൽ വിശദീകരിച്ചു. എന്നാൽ, മാധ്യമങ്ങളിലെ സ്‌ത്രീവിരുദ്ധത കൃത്യമായ ആശയപ്രശ്‌നമാണ്. ടെലിവിഷൻ, സിനിമ, സംഗീതം, പരസ്യം തുടങ്ങിയവയിൽ സ്ത്രീകളെ ലൈംഗിക ജീവികളായി മാത്രം ചിത്രീകരിക്കുന്നത് അബോധപൂർവമല്ല; ആലോചിച്ചുറപ്പിച്ച ചൂഷണമാണ്. വാണിജ്യ ആകർഷണം വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. മാധ്യമങ്ങളിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ തുടക്കം 19ാം നൂറ്റാണ്ടിലെ പാരിസിൽനിന്നാണ്.
ഓപ്പറകളിൽ പുരുഷന്മാർ ലൈംഗികവസ്തുക്കളാക്കി. ജീൻ കിൽബോൺ, റോബർട്ട് ജെൻസൻ, സട്ട് ജാലി തുടങ്ങിയ സാംസ്കാരിക വിമർശകർ ലൈംഗികതയെ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതായി നിരീക്ഷിച്ചു. ജനപ്രിയ സംസ്കാരത്തിലെ ലിംഗഭേദത്തെയും ലൈംഗികവത്കരണത്തെയും സംബന്ധിച്ച് സമകാലിക പഠനങ്ങളുമുണ്ട്. 1979-91 കാലയളവിൽ വനിതാ മാസികകളിലെ പരസ്യങ്ങളിൽ സ്റ്റീരിയോടൈപ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ‘റോളിങ് സ്റ്റോൺ’ മാഗസിൻ കവറുകളിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ചിത്രങ്ങളിൽ നടന്ന ഗവേഷണവും ശ്രദ്ധേയം. പുരുഷ-സ്ത്രീ ലൈംഗിക ചിത്രങ്ങളുടെ ആവൃത്തി ഏറിയിട്ടുണ്ടെന്ന് കണ്ടെത്തി. പക്ഷേ, ഇരു വിഭാഗങ്ങളിലെയും ലൈംഗികവത്കരണത്തിന്റെ തീവ്രത വ്യത്യസ്തമാണ്; സ്ത്രീകൾ അമിത ലൈംഗികതക്ക് വിധേയരാകുന്നു.
ലൈംഗികവത്കരിക്കപ്പെട്ട ചിത്രങ്ങൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമം, ലൈംഗിക പീഡനം, പുരുഷന്മാർക്കിടയിലെ സ്ത്രീവിരുദ്ധ മനോഭാവങ്ങൾ എന്നിവയെ നിയമാനുസൃതമാക്കുകയുമാണ്. സ്ത്രീകളെ ഇരകളാക്കുന്നതാണ് പരസ്യങ്ങളിൽ പ്രകടമായ മറ്റൊരു പ്രവണത. സ്ത്രീ ചിത്രീകരണത്തിൽ സൗന്ദര്യ മിത്ത് എന്ന ആശയം സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ഇരുപതാം നൂറ്റാണ്ട് തൊട്ട് ടെലിവിഷൻ, സിനിമകൾ, പരസ്യങ്ങൾ, സംഗീത വിഡിയോകൾ എന്നിവയുൾപ്പെടെയുള്ളവ സ്ത്രീകളെ ലൈംഗികവത്കരിക്കുകയും വസ്തുവത്കരിക്കുകയും ചെയ്തുവരുന്നു. ശാരീരിക രൂപം, ശരീര പ്രതിച്ഛായ, സാമൂഹിക മാനദണ്ഡങ്ങൾ, സൗന്ദര്യം എന്നിവ എല്ലായ്പോഴും തെറ്റായും യാഥാർഥ്യബോധമില്ലാതെയും ചിത്രീകരിച്ചിട്ടുണ്ട്. പെൺകുട്ടികളെയും സ്ത്രീകളെയും വസ്തുക്കളായി മാത്രം കാണിക്കുന്നു. ഫാഷൻ വ്യവസായം സ്ത്രീകളുടെയും പെൺകുട്ടികളുടെയും വസ്ത്രങ്ങളെ അമിതമായി ലൈംഗികവത്കരിക്കുന്നുമുണ്ട്.
ചലച്ചിത്ര വ്യവസായം വെള്ളിത്തിരയിലും പുറത്തും സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത കാണിച്ചുവരുന്നു. അവരെ പലപ്പോഴും ഏകമാന കഥാപാത്രങ്ങളായി ചിത്രീകരിക്കും. അമിത വൈകാരിക ഭാവമുള്ളവരും പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ദുർബലരുമാണ്. കറുത്ത സ്ത്രീകളെ മാധ്യമങ്ങൾ മ്ലേച്ഛരും വിവരമില്ലാത്തവരും സംഘർഷഭരിതരും ഒച്ചവെച്ച് സംസാരിക്കുന്നവരുമായി അവതരിപ്പിക്കുന്നു. സൗന്ദര്യം എന്തായിരിക്കണമെന്ന് വെളുത്തവരുടെ മാനദണ്ഡങ്ങൾക്കനുസൃതമായി അളക്കും. കറുത്ത കഥാപാത്രങ്ങളെ സാധാരണ സിനിമകളിൽ സേവകർ, കുറ്റവാളികൾ, അധഃപതിച്ചവർ തുടങ്ങിയ വേഷങ്ങളിൽ ചിത്രീകരിക്കുന്നു. സ്ത്രീവിരുദ്ധമായ ഗാനങ്ങളാണ് മറ്റൊരു കെണി. സ്ത്രീകളെ വസ്തുക്കളോ സ്വത്തുക്കളോ ആയി പരാമർശിക്കുന്ന വരികൾ അവരെ അപമാനിക്കുന്നവയാണ്. കാവിമാധ്യമങ്ങളുടെ പൊതുദിശയും ഇതാണ്.

ദത്താത്രേയ ഹൊസബലെ, ജഗ്ദീപ് ധൻകർ
ഭിന്നിപ്പിച്ച് ഭരിക്കലിനെതിരായ രോഷത്തിൽ ജനിച്ച പ്രതീകം
‘മാതൃഭൂമി’യുടെ സാംസ്കാരിക ആവിഷ്കാരം ‘മദർ ഇന്ത്യ’ പോലുള്ള സിനിമകളിലൂടെ ജനപ്രിയ ഭാവനയിൽ തീർച്ചയായും ഉത്തേജനം നേടിയിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയാവിഷ്കാരം ശ്രദ്ധിക്കേണ്ടതാണ്. ആർ.എസ്.എസും ബി.ജെ.പിയും ഹിന്ദു ദേവതയെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഭാരത് മാതാവ് ചിത്രം, ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തിനെതിരായ രോഷത്തിൽനിന്നാണ് ജനിച്ചത്. ഇന്ത്യൻ പൈതൃകം വീണ്ടെടുക്കാൻ അബനീന്ദ്രനാഥ് ടാഗോർ കല ഉപയോഗിക്കാൻ തീരുമാനിച്ച് ഭാരത് മാതയെ വരക്കുകയും ചെയ്‌തു. ഹിന്ദു ദേവതയായി ചിത്രീകരിക്കാനല്ല, മറിച്ച് മാതൃരാജ്യത്തിന്റെ നാല് സമ്മാനങ്ങൾ –വെളുത്ത തുണി, പുസ്തകം, നെല്ലിൻകറ്റ, പ്രാർഥനാ മണികൾ– ധരിച്ചിരിക്കുന്ന ഇടയ ദേവതയായി; വസ്ത്രം, പഠനം, ഭക്ഷണം, ആത്മീയ രക്ഷ എന്നിവയെ പ്രതിനിധാനം ചെയ്യിപ്പിക്കാനായിരുന്നു ആ ഉദ്യമം. ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ഒരുപോലെ വൈകാരികമായ ഉള്ളടക്കം വഹിച്ച ഇന്ത്യൻ മാതൃത്വത്തിന്റെ ഈ പ്രതീകങ്ങൾ, യൂറോപ്യൻ ഭൗതികവാദത്തിന് വിപരീതമായി ജനങ്ങൾക്ക് ആത്മീയ സ്വത്വം സങ്കൽപിക്കാനുള്ള അദ്ദേഹത്തിന്റെ ലക്ഷ്യത്തിൽ പ്രധാനവുമാണ്.
ബങ്കിംചന്ദ്ര ചതോപാധ്യായ ‘ആനന്ദ് മഠിൽ’ ഇന്ത്യയെ മാതൃരാജ്യമായി, ദേവതയായി –ആഘോഷിച്ചു; അതുവഴി ആ ആശയത്തെ ജനങ്ങളുടെ ഭാവനയിലേക്ക് ആഴത്തിൽ കൊണ്ടുപോയി. ഇരുവരുടെയും ഭാരത് മാതാ ആശയം ദേശീയവാദ ആവേശത്തിൽനിന്നാണ് വന്നതെങ്കിലും അതിലേക്ക് ഹിന്ദു ദേവതയുടെ വർണം ചാലിച്ചത് ആർ.എസ്.എസാണ്. ഭാരത് മാതാ എന്ന ആശയത്തിന് മുൻകൈയെടുത്തവർ അത് ചെയ്തത് അതിന്റെ ഉത്ഭവം ഉൾക്കൊള്ളുന്ന ദേശീയതയിൽനിന്നാണെന്ന് ഓർമിക്കണം –കൃത്രിമ ദേശീയതക്ക് കാവൽനിൽക്കുന്ന മാധ്യമങ്ങൾക്ക് ആ വസ്‌തുതകളോട് പ്രതിപത്തിയില്ല. അത് രാജ്യത്തെ മാതൃരാജ്യമായി കാണുകയും പരിഗണിക്കുകയും ചെയ്യുന്ന വികാരങ്ങളെ ഊന്നിപ്പറയുന്നു. ഇന്ത്യയെയും ഭാരത് മാതാ എന്ന ആശയത്തെയും ആർ.എസ്.എസ് ഇപ്പോൾ മാറ്റിമറിക്കുകയാണ്. ഭാരത് മാതായെ ഉയർത്തിക്കാട്ടുകയും വിവിധ ആർ.എസ്.എസ് ഓഫിസുകളിൽ ആ പ്രതിമ സ്ഥാപിക്കുകയും ചെയ്യുമ്പോൾ ഒരു ഭാരതം അവിടെ എല്ലാവരെയും ഒരു അമ്മയുടെ സ്നേഹത്തോടെ പരിഗണിക്കുന്നുവെന്ന അർഥം നൽകാനാണ് മാധ്യമങ്ങളുടെയും ശ്രമം.
ചിഹ്നങ്ങൾ സ്വന്തമാക്കുകയും അവയെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ആർ.എസ്.എസ് രീതി ഒരു ജനത എന്നനിലയിൽ നാം കാണേണ്ടതുണ്ട്, അത് യഥാർഥത്തിൽ പ്രതിനിധാനംചെയ്യുന്നത് ഭരണഘടനയുടെ ആത്മാവിന് തികച്ചും വ്യത്യസ്തമാണ്. ഉത്തർപ്രദേശിലെ ബറേലി കേശവ് കൃപയിലുള്ള ആർ.എസ്.എസ് ഓഫിസിൽ 2023 മാർച്ച് ആറിന് 12 അടി ഉയരമുള്ള മിശ്രിത ലോഹത്തിന്റെ ഭാരത് മാതാ പ്രതിമ സ്ഥാപിച്ചതോടെ കാവിക്കൊടിയുമായി നിൽക്കുന്ന ഭാരത് മാതാവ് എന്താണ് ചിത്രീകരിക്കാൻ ഉദ്ദേശിച്ചതെന്ന് വ്യക്തമായി. ജഗദ്ഗുരു ശങ്കരാചാര്യ പീഠാധീശ്വർ രാജരാജേശ്വരാശ്രമം മഹാരാജും ആർ.എസ്.എസ് പടിഞ്ഞാറൻ യു.പി മേഖലാ മേധാവി സൂര്യ പ്രകാശ് ടോങ്കും ചേർന്ന് മന്ത്രജപത്തോടെയാണ് പ്രതിമ അനാച്ഛാദനം ചെയ്‌തത്. ചടങ്ങിൽ ജഗദ്ഗുരു ശങ്കരാചാര്യർ ‘നമ്മുടെ രാജ്യം നമ്മുടെ അമ്മയാണെന്നും നമ്മുടെ ഭൂമി രാജ്യത്തെ അമ്മമാരുടേതാ’ണെന്നും പ്രഖ്യാപിച്ചു. ഗംഗ, പശു, ഗായത്രി-ഗീത, ഗോദാവരി എന്നിവയെല്ലാം അമ്മമാരാണെന്നും പറഞ്ഞു. ആർ.എസ്.എസ് കാര്യാലയമായ കേശവ് കൃപയിൽ മേയർ ഡോ. ഉമേഷ് ഗൗതം ഭാരത് മാതാ കി ആരതി നടത്തി. സംസ്ഥാന വനം-പരിസ്ഥിതി സഹമന്ത്രി ഡോ. അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രശ്മി പട്ടേൽ, സഹ-പ്രാന്ത പ്രചാരകൻ ധർമേന്ദ്ര, സഞ്ജീവ് അഗർവാൾ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ആ ചടങ്ങിന് പിന്നിലെ ഗൂഢാലോചന മാധ്യമങ്ങൾക്ക് വിഷയമേയായില്ല.
ശിവപ്രസാദ് ഗുപ്‌ത സ്ഥാപിച്ച ഭാരതമാതാവ് ക്ഷേത്രം
ഹിന്ദു ദേശീയത സംഘ്പരിവാർ ആശ്രയിക്കുന്ന കുറുക്കുവഴിയാണ്. അതിന്റെ വികൃതമായ വികസിതരൂപമാണ് ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും ഇടമില്ലാത്ത ഹിന്ദുത്വ രാഷ്ട്രം. ഭരണഘടനാ സങ്കൽപങ്ങൾക്കും അതിലുറച്ച ഇന്ത്യയെന്ന ആശയത്തിനും എതിരാണത്. നമ്മുടെ ഭരണഘടനയിൽ ഭാരതം എന്നതിന് ലിംഗവ്യത്യാസം വിഭാവനം ചെയ്യുന്നില്ല. ആദ്യ ആർട്ടിക്ൾ തന്നെ ഇന്ത്യ അതായത് ഭാരതം, സംസ്ഥാനങ്ങളുടെ യൂനിയൻ ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാൽ ഭാരതം എന്നത് ഒഴിവാക്കി ഭാരത് എന്നുമാത്രം സൂചിപ്പിക്കുന്നത് എന്തുകൊണ്ടാണ്? മാതാ എന്ന പ്രത്യയം അതിന്റെ അനുബന്ധമാക്കുന്നതിന്റെ കാരണമെന്താണ്? രാഷ്ട്രവുമായി നമ്മൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ചുള്ള കാഴ്‌ചപ്പാടിന് അത് എന്തെങ്കിലും ഉള്ളടക്കം നൽകുന്നുണ്ടോ? ശിവ് പ്രസാദ് ഗുപ്ത (ജനനം: 1883 ജൂൺ 28 -മരണം: 1944 ഏപ്രിൽ 24) ദാർശനികനും സ്വാതന്ത്ര്യസമര പ്രസ്ഥാന നേതാവും മഹാത്മാഗാന്ധി കാശി വിദ്യാപീഠ സ്ഥാപകനുമായിരുന്നു.
അതിസമ്പന്നനായ വ്യവസായിയും ജമീന്ദാർ കുടുംബാംഗവുമായിരുന്നെങ്കിലും, സ്വാതന്ത്ര്യസമരത്തിന്റെ വിവിധ കൈവഴികളിൽ സജീവമായി പങ്കെടുക്കാനും അതിനെ സാമ്പത്തികമായി സഹായിക്കാനും ജീവിതം സമർപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, ബാലഗംഗാധര തിലക്, മദൻ മോഹൻ മാളവ്യ തുടങ്ങിയവരുടെ അടുത്ത സുഹൃത്തുമായിരുന്നു. സ്വാതന്ത്ര്യസമരത്തെ പിന്തുണക്കുന്നതിന് 1920ൽ ‘ആജ്’ ഹിന്ദി പത്രം ആരംഭിച്ചു. പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ചേരുന്ന യുവാക്കൾക്ക് അവസരം നൽകാനാണ് മഹാത്മാ ഗാന്ധി കാശി വിദ്യാപീഠം സ്ഥാപിച്ചത്. അതിപ്പോൾ സർവകലാശാലയാണ്. 1936ൽ ഉത്തർപ്രദേശിലെ ബനാറസിൽ ശിവപ്രസാദ് ഗുപ്‌ത ഭാരതമാതാവിനായി ക്ഷേത്രം പണികഴിപ്പിക്കുകയും ഗാന്ധിജി ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. വാരാണസിയിലെ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് കാമ്പസിലാണ് ഭാരത് മാതാ മന്ദിർ (ഭാരതമാതാവ് ക്ഷേത്രം). ദേവന്മാരുടെയും ദേവതകളുടെയും പരമ്പരാഗത പ്രതിമകൾക്ക് പകരം അഖണ്ഡ ഭാരതത്തിന്റെ കൂറ്റൻ മാർബിൾ ഭൂപടമാണ് അവിടെയുള്ളത്. പർവതങ്ങൾ, സമതലങ്ങൾ, സമുദ്രങ്ങൾ എന്നിവയും ചിത്രീകരിച്ചിരിക്കുന്നു; മൂർത്തിയോ ദൈവത്തിന്റെ പ്രതിച്ഛായയോ ഇല്ല. ഭാരത് മാതക്ക് സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഒരേയൊരു ആരാധനാലയമായ അത് ഉദ്ഘാടനംചെയ്ത് ഗാന്ധിജി പറഞ്ഞത്, ക്ഷേത്രത്തിൽ ദേവന്മാരുടെയും ദേവതകളുടെയും പ്രതിമകളില്ല.
മാർബിളിൽ തീർത്ത ഇന്ത്യൻ ഭൂപടം മാത്രം. എല്ലാ മതക്കാർക്കും ഹരിജനങ്ങൾക്കും എല്ലാ ജാതികൾക്കും വേണ്ടിയുള്ള ലോകവേദിയായി ക്ഷേത്രം മാറുമെന്നും രാജ്യത്ത് മതപരമായ ഐക്യം, സമാധാനം, സ്നേഹം എന്നിവയുടെ വികാരങ്ങൾക്ക് സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നുവെന്നാണ്. ഖാൻ അബ്ദുൽ ഗഫാർ ഖാൻ, സർദാർ വല്ലഭ്ഭായ് പട്ടേൽ തുടങ്ങിയവരും ഉദ്ഘാടനവേളയിൽ സന്നിഹിതരായി. ഭാരത മാതാവ് എന്ന ബിംബം ശ്രദ്ധയാകർഷിച്ചു തുടങ്ങിയത് 19ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലുണ്ടായ പുനരുത്ഥാനത്തോടെയാണ്. ബംഗാളി ദേശീയവാദിയായ കിരൺ ചന്ദ്ര ബന്ദോപാധ്യായ് സംവിധാനം ചെയ്ത ‘ഭാരത് മാതാ’ നാടകം ആദ്യം അവതരിപ്പിക്കപ്പെട്ടത് 1873ലും. 1770ലെ ബംഗാൾ ക്ഷാമകാലത്തെ വീട്ടമ്മയുടെയും ഭർത്താവിന്റെയും കഥയാണത്. വനത്തിലേക്ക് പലായനം ചെയ്‌ത അവർ ഒരുസംഘം കലാപകാരികൾക്കു നടുവിൽ അകപ്പെടുന്നതാണ് പ്രമേയം. തുടർന്ന് പുരോഹിതൻ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ഭാരതമാതാവിനെ കാണിച്ചുകൊടുക്കുന്നു. അതേതുടർന്ന് ധൈര്യം സംഭരിച്ച അവർ കലാപത്തിന് നേതൃത്വം നൽകുകയും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തുകയുംചെയ്‌തു. അവിടെനിന്ന് ഭാരത് മാതാ എന്ന ആശയം ദേശീയവാദവുമായി ഇഴുകിച്ചേർന്നു. എഴുത്തുകാരൻ മധു കിശ്വറിന്റെ മാനുഷി മാസികയിലെ റിപ്പോർട്ടിൽ, 1866ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഭൂദേബ് മുഖോപാധ്യായയുടെ ഉനബിംസ പുരാണം അല്ലെങ്കിൽ ‘പത്തൊമ്പതാം പുരാണം’ എന്ന ആക്ഷേപഹാസ്യ കൃതിയിലാണ് ഭാരത മാതാവിന്റെ വംശാവലി ചിലർ കണ്ടെത്തുന്നത്.
ഭാരത് മാതാവിനെ മറയാക്കി ഹിന്ദുത്വ പ്രതീകത്തിന് സാർവത്രികാംഗീകാരം നേടിയെടുക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന് ഇന്ധനമായ അതിലെ മതനിരപേക്ഷ സ്വത്വം സംശയാസ്‌പദമാക്കാനും ഭിന്നിപ്പിന്റെ ആയുധമാക്കാനും ദുരുപയോഗിക്കുകയുമാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ ഹിന്ദുദേശീയതയുടെ ഉപകരണമായി അതിനെ മാറ്റിമറിച്ചു. സ്വദേശി കാലയളവിനുശേഷം ദേവതയിൽനിന്ന് വീട്ടമ്മയായും അമ്മയായും പ്രതിച്ഛായ മാറ്റപ്പെട്ടു. ഹിന്ദുത്വ സംഘടനകൾ ജനപ്രിയമാക്കിയ ചിത്രത്തിൽ ഗർജിക്കുന്ന സിംഹത്തിനരികിൽ കാവി കൊടിയേന്തിയ ദേവതക്ക് സമാനമായ സ്ത്രീയെ ചിത്രീകരിച്ചു. അതിന് ഭരണഘടനയുടെയോ നിയമത്തിന്റെയോ അംഗീകാരമില്ല.
അക്കാരണത്താൽതന്നെ ഗവൺമെന്റിന്റെ ഔദ്യോഗിക ചടങ്ങിന്റെ ഭാഗമാക്കാനോ ഗവർണർ ഉൾപ്പെടെ ആർക്കും അടിച്ചേൽപിക്കാനോ ആദരവ് അർപ്പിക്കാൻ ഒരാളെയും നിർബന്ധിക്കാനോ സാധിക്കില്ലെന്ന് വ്യക്തം. ബങ്കിം ചന്ദ്ര ചാറ്റർജി അടിവരയിട്ടത് ഭാരത് മാതയല്ല, ബംഗ മാതയാണെന്നതും പ്രധാനം. പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ അത് ഭാരത് മാതയാക്കി. അതൊരു ഗൂഢപദ്ധതിയായിരുന്നു. ഭാരതമാതാവിനെ ഹിന്ദുത്വ ചിഹ്നമായിട്ടാണ് ഉയർത്തിവെച്ചതെന്നർഥം. ഫ്രഞ്ച് വിപ്ലവവേളയിൽ എന്നപോലെ മാതൃരാജ്യത്തെ സ്ത്രീത്വവുമായി ചേർത്തുനിർത്തുകയെന്ന യൂറോപ്യൻ വിശ്വാസവുമായി ഭാരത് മാതാ യോജിച്ചുപോകും. പ്രതിസന്ധികളിൽ പതറാതെ ഇടപെടൽ നടത്തിയ ധൈര്യശാലികളായ ഇന്ത്യൻ വനിതകളുടെ ദീർഘ ചരിത്ര പാരമ്പര്യത്തിൽനിന്നാണ് ആ ആശയം ഉദയം ചെയ്‌തതും. സ്വാതന്ത്ര്യസമരത്തിന് ഉണർവേകിയ വന്ദേമാതരം, ബംഗാളി ദേശീയവാദി ബങ്കിം ചന്ദ്ര ചാറ്റർജി അവതരിപ്പിച്ചതും അതേകാലത്ത്. മാധ്യമങ്ങൾ ചരിത്രം കുഴിച്ചുമൂടുമ്പോൾ ജനാധിപത്യവാദികൾ നിശ്ചയമായും ഉണർന്നിരുന്ന് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കണം.
ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള ധാരണക്കുള്ള അടിസ്ഥാനമായ കൃതിയെന്ന് വിലയിരുത്തപ്പെടുന്നതാണ് ബങ്കിംചന്ദ്ര ചാറ്റർജി 1882ൽ എഴുതിയ ആനന്ദമഠം നോവൽ. ഇന്ത്യൻ നോവലിന്റെ പിതാവായും കൊളോണിയൽ വിരുദ്ധ കാലയളവിലെ പ്രധാന ഇന്ത്യൻ രാഷ്ട്രീയ നോവലിസ്റ്റുകളിൽ ഒരാളായും അദ്ദേഹത്തെ പലവിധത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. 1905ലെ ബംഗാൾ വിഭജനവേളയിലും ബ്രിട്ടീഷ് ചവിട്ടടിയിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭത്തിലും ആനന്ദമഠത്തിലെ ബന്ദേ മാതരം (അമ്മയെ വാഴ്ത്തുക) അനൗദ്യോഗിക ഗാനമായി മാറി. 1980കളിൽ ഇന്ത്യൻ രാഷ്ട്രീയം ശക്തമായ വലതുപക്ഷ ചായ്‌വ് കൈക്കൊണ്ടതോടെ ആ ഗാനവും ചാറ്റർജിയുടെ രാഷ്ട്രനിർമാണവും വീണ്ടും മുഖ്യധാരയിലെത്തി. ഹിന്ദുത്വ പ്രചാരകർ അപകടകരങ്ങളായ വ്യാഖ്യാനങ്ങൾ നിരത്തി, യഥാർഥ ഇന്ത്യൻ ദേശീയതയുടെ പതാകവാഹകരായി സ്വയം സ്ഥാനപ്പെടുത്തി.
ബങ്കിംചന്ദ്ര ചാറ്റർജി ‘പുരുഷത്വ’മുള്ള പുതിയ ബംഗാളി പ്രാദേശിക ഭാഷ നിർമിക്കുകയായിരുന്നുവെന്ന വിലയിരുത്തലും പ്രബലമാണ്. അദ്ദേഹത്തിന്റെ സാങ്കൽപികവും അല്ലാത്തതുമായ രചനകൾ കൊളോണിയൽ വിഷയത്തെ പുനർനിർവചിക്കുകയും പാശ്ചാത്യ മിത്തുകളോട് ചോദ്യങ്ങൾ ഉയർത്തുകയും ദേശീയ സ്വത്വ രൂപവത്കരണത്തിന് സഹായിക്കുകയും ചെയ്‌തുവെന്നതാണ് സത്യം. അതേ കാലഘട്ടത്തിൽ സമാന പ്രാദേശിക പക്ഷപാതം പങ്കിടുന്നുണ്ടെങ്കിലും രബീന്ദ്രനാഥ ടാഗോർ ദേശീയതയെ നിരാകരിച്ചു. ഉപന്യാസ സമാഹാരമായ ദേശീയതയിലും ഗോര, ഘരേ ബൈർ നോവലുകളിലും അദ്ദേഹം ആ പ്രത്യയശാസ്ത്രത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കുകയുംചെയ്‌തു. അത് പ്രാദേശിക സംസ്കാരങ്ങളെ മായ്ച്ചുകളയുകയും ഏകീകൃത ദേശീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നതിനാലാണത്. രാഷ്ട്രനിർമാണത്തെ കൊളോണിയൽ പ്രവർത്തനമായി മനസ്സിലാക്കാമെന്നാണ് നിർദേശിച്ചതും. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ലിംഗഭേദം, ഉയർന്ന ജാതി, ഹിന്ദു ദേശീയവാദ രൂപവത്കരണങ്ങളുടെ അക്രമാസക്ത അനന്തരഫലങ്ങൾ എന്നിവക്കെതിരെ ജാഗ്രത പുലർത്തി. ഇരുവരെയും ഒരുമിച്ച് പഠിക്കുന്നത് ആധിപത്യ ദേശീയ ഭാവനകളെ തിരിച്ചറിയാനും സമകാല ഹിന്ദു വലതുപക്ഷം നിലനിൽപ് ഉറപ്പിക്കുന്നത് കണ്ടെത്താനും തുണയാകും.
ഗോപൂജയുടെ രാഷ്ട്രീയവും കാവിപ്പടയുടെ കാപട്യവും
ഭാരത് മാതാവിനെ ഗോമാതാവാക്കി ചിത്രീകരിക്കാനുള്ള സമീപകാല അക്രമാസക്ത കൊലവിളിയാണ് അതിൽ പ്രധാനം. രൂപം, വസ്‌ത്രധാരണം, ഭക്ഷണം, ഭാഷ, ആരാധനാക്രമം തുടങ്ങിയവക്കെല്ലാമെതിരെ പ്രകോപന സമവാക്യങ്ങൾ നിരത്തി ശത്രു^മിത്രം ദ്വന്ദ്വം പ്രചരിപ്പിക്കുകയുമാണല്ലോ? ഡി.എൻ. ഝായുടെ ‘ദി മിത്ത് ഓഫ് ദി ഹോളി കൗ’ (2009) എന്ന പഠനഗ്രന്ഥം ഈയർഥത്തിൽ ഏറെ പ്രസക്തമാണ്. ഇന്ത്യയിൽ പശു ഹിന്ദുമതത്തിന്റെയും അതിനാൽ വിശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ആ വീട്ടുമൃഗത്തെ കൊന്ന് ഇറച്ചി ഭക്ഷിക്കുന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ദൈവനിന്ദയായി പ്രചരിപ്പിക്കപ്പെട്ടു.
ഭക്ഷണത്തിന് പശുക്കളെ കൊല്ലുന്നത് മുസ്‍ലിം വിജയങ്ങളോടെ തുടക്കമിട്ടതാണെന്ന ഹിന്ദുക്കൾക്കിടയിലെ പൊതുധാരണയെ ഝാ പൊളിച്ചെഴുതി. അദ്ദേഹത്തിന്റെ ഗവേഷണ പ്രകാരം മാംസത്തിന് പശുക്കളെ കൊല്ലുന്നത് പുരാതന ഇന്ത്യയിൽ പ്രചാരത്തിലുള്ള ആചാരമായിരുന്നു. ഹിന്ദുക്കളും ബുദ്ധമതക്കാരും ഗോമാംസം കഴിച്ചിരുന്നുവെന്ന് തെളിയിച്ച ഝാ, പതിനെട്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും മാത്രമാണ് പശു ഹിന്ദുമതത്തിന്റെ വിശുദ്ധ മൃഗമെന്ന പദവി നേടിയതെന്ന് നിരീക്ഷിച്ചു. ഭക്ഷണ പാരമ്പര്യങ്ങളുടെ ഭാഗമായും ദൈവത്തിനുള്ള വഴിപാടായും ഹിന്ദുക്കൾ പതിവായി പശുക്കളെ ഉപയോഗിച്ചിരുന്നുവെന്ന് ‘ദി മിത്ത് ഓഫ് ദി ഹോളി കൗ’ പുസ്‌തകം കണ്ടെത്തുകയുംചെയ്‌തു. കാവിപ്പടയുടെ വാദങ്ങളിലെ പൊള്ളത്തരം വെളിവാക്കിയ വാർത്ത കഴിഞ്ഞദിവസം പുറത്തുവരികയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമായിരിക്കുന്നു ഇന്ത്യ. വർഷം 380 കോടി ഡോളറിന്റെ വരുമാനം. കയറ്റുമതിയിൽ ഭൂരിഭാഗവും മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ, ഇറാഖ്, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.
യു.എസ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾചർ (യു.എസ്.ഡി.എ) ഗ്ലോബൽ അഗ്രികൾചറൽ ഇൻഫർമേഷൻ നെറ്റ്‌വർക്ക് (ഗെയിൻ) റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ബീഫ് കയറ്റുമതി നാലു ശതമാനമാണ് വർധിച്ചത്. അത് ഇനിയും കൂടുമെന്നും ഇന്ത്യാ ഗവൺമെന്റിന്റെ നയ പിന്തുണ ആവേശകരമാണെന്നും ആഭ്യന്തര^ആഗോള ആവശ്യകതയെ ഉത്തേജിപ്പിക്കുമെന്നും യു.എസ്.ഡി.എ പ്രവചിക്കുന്നു. ഉയർന്ന പണപ്പെരുപ്പം കാരണം ആഭ്യന്തര ബീഫ് ഉപഭോഗം ഏറുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ബീഫ് പ്രോട്ടീന്റെ താരതമ്യേന വിലകുറഞ്ഞ ഉറവിടമായതിനാൽ ഗാർഹിക ഉപഭോഗം പ്രോത്സാഹിപ്പിക്കുമെന്നാണ് നിഗമനം.
കശാപ്പുശാലകൾ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം വഴി ഇന്ത്യാ ഗവൺമെന്റ് ഗ്രാന്റുകൾ വാഗ്ദാനം ചെയ്യുന്നു. നാഷനൽ ലൈവ്‌സ്റ്റോക് മിഷൻ വഴിയുള്ള സബ്‌സിഡികൾ വേറെ. ഇന്ത്യയിൽ ഗോമാംസം ഭക്ഷിക്കുന്നതിൽ സാംസ്കാരികവും മതപരവുമായ പ്രശ്‌നങ്ങൾ ഊതിവീർപ്പിക്കുന്നവരാണ് അതിന്റെ ഉടമകളെന്നത് വിരോധാഭാസമാണ്. ആൾക്കൂട്ട വധങ്ങളും തുടർച്ചയായ അക്രമങ്ങളും ഇളക്കിവിടുന്ന അക്കൂട്ടരിൽ പ്രധാനിയാണ് 2005^08 കാലയളവിൽ അൽദുവ ഫുഡ് പ്രോസസിങ് ഡയറക്ടറായിരുന്ന ബി.ജെ.പി നേതാവ് സംഗീത് സോം. 2008 ഫെബ്രുവരി മുതൽ ജൂൺ വരെ അൽ അനാം എന്ന മറ്റൊരു മാംസ സംസ്കരണ കമ്പനിയുടെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു. ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫിന്റെ പേരിൽ ഒരാളെ വധിച്ചതിനെ തുടർന്ന് അദ്ദേഹം സംഭവസ്ഥലം സന്ദർശിക്കുകയുമുണ്ടായി. 2013ൽ യു.പിയിലെ മുസാഫർനഗറിൽ അറുപതിലേറെ പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകളെ ഭവനരഹിതരാക്കുകയും ചെയ്ത കലാപത്തിന് മുമ്പ് പ്രകോപന പ്രസംഗങ്ങൾ നടത്തിയതിന് സംഗീത് സോമിനെതിരെ കേസെടുക്കുകയുംചെയ്‌തിരുന്നു.
മാധവിക്കുട്ടിയുടെ പ്രവചനം
വിശ്രുത എഴുത്തുകാരി മാധവിക്കുട്ടി (കമല സുറയ്യ) 1968ല്‍ രചിച്ച ‘വിശുദ്ധപശു’ എന്ന കഥയുടെ പ്രവചന സ്വഭാവംകൂടി ഓർക്കേണ്ടതുണ്ട്. ഒരിക്കല്‍ ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടില്‍നിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോള്‍ പശു അവന്റെയടുക്കല്‍ വന്ന് അത് കടിച്ചുവലിച്ചു. അവന്‍ പശുവിനെ തള്ളിനീക്കി. അത് ഉറക്കെ കരഞ്ഞ് റോഡില്‍കൂടി ഓടി. സന്യാസിമാര്‍ ഉടന്‍ പ്രത്യക്ഷപ്പെട്ടു. ‘‘വിശുദ്ധ പശുവിനെ നീയാണോ ഉപദ്രവിച്ചത്’’ –അവര്‍ ചോദിച്ചു. ഞാന്‍ ഉപദ്രവിച്ചിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതിനാൽ ഓടിച്ചതാണ് ^കുട്ടി പറഞ്ഞു. ‘‘നിന്റെ മതമേതാണ്’’ –സന്യാസിമാര്‍ ചോദിച്ചു. ‘‘മതം. അതെന്താണ്’’ കുട്ടി തിരക്കി. ‘‘ഹിന്ദുവാണോ, മുസ്‍ലിമാണോ, ക്രിസ്ത്യാനിയാണോ? അമ്പലത്തില്‍ പോകാറുണ്ടോ? പള്ളിയില്‍ പോകാറുണ്ടോ?’’ –ഞാന്‍ എങ്ങോട്ടും പോകാറില്ല –കുട്ടിയുടെ മറുപടി. ‘‘അപ്പോള്‍ നീ പ്രാർഥനയില്‍ വിശ്വസിക്കുന്നില്ലേ -വീണ്ടും അവര്‍. ഞാന്‍ എങ്ങോട്ടും പോകാറില്ലെന്ന് പ്രതികരണം. ‘‘എനിക്ക് കുപ്പായമില്ല, ട്രൗസറിന്റെ പിന്‍ഭാഗം കീറിയിരിക്കുന്നു.’’ സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു. ‘‘നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു.’’ ‘‘നിങ്ങള്‍ പശുവിന്റെ ഉടമസ്ഥരാണോ?’’ അവൻ ആരാഞ്ഞു. സന്യാസിമാര്‍ കഴുത്തുഞെരിച്ച് അവനെ കൊന്ന് ആ കുപ്പത്തൊട്ടിയിലിട്ടു. സന്യസിമാര്‍ ‘‘ഓം നമഃശിവായ. ആ തീരുമാനം വാഴ്ത്തപ്പെടട്ടേ.’’