Begin typing your search above and press return to search.

ആലനഹള്ളിയുടെ വിവർത്തകനെയും മറന്നോ?

ആലനഹള്ളിയുടെ  വിവർത്തകനെയും മറന്നോ?
cancel

ഭുജംഗയ്യന്റെ അതിസാഹസങ്ങളും ജീവിതകാമനയും വായിച്ചു രസിച്ച മലയാളികള്‍ തീര്‍ച്ചയായും എ.വി.എം. നാരായണനോട് കടപ്പെട്ടിരിക്കുന്നു. ‘പാവത്താന്‍’ എന്ന നോവല്‍ ഇന്നും കന്നടക്കൊപ്പം മലയാളത്തിലും അലയടിക്കുന്നു. എന്നാൽ, അദ്ദേഹത്തെ മലയാളി വേണ്ടരീതിയിൽ ആദരിച്ചോ? എങ്കിൽ മരണംപോലും ആരുമറിയാതെ കടന്നുപോയ​െതന്തുകൊണ്ട്? ലോക പരിഭാഷാദിനമായ സെപ്റ്റംബര്‍ 30ന് ഇത്തവണയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിഭാഷ സംബന്ധിച്ച ചര്‍ച്ചകളും സെമിനാറുകളും നടന്നു. പത്രമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. വിവര്‍ത്തനരംഗത്തെ പ്രമുഖരുടെ ചിന്തകളും രേഖപ്പെടുത്തുകയുണ്ടായി....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ഭുജംഗയ്യന്റെ അതിസാഹസങ്ങളും ജീവിതകാമനയും വായിച്ചു രസിച്ച മലയാളികള്‍ തീര്‍ച്ചയായും എ.വി.എം. നാരായണനോട് കടപ്പെട്ടിരിക്കുന്നു. ‘പാവത്താന്‍’ എന്ന നോവല്‍ ഇന്നും കന്നടക്കൊപ്പം മലയാളത്തിലും അലയടിക്കുന്നു. എന്നാൽ, അദ്ദേഹത്തെ മലയാളി വേണ്ടരീതിയിൽ ആദരിച്ചോ? എങ്കിൽ മരണംപോലും ആരുമറിയാതെ കടന്നുപോയ​െതന്തുകൊണ്ട്?

ലോക പരിഭാഷാദിനമായ സെപ്റ്റംബര്‍ 30ന് ഇത്തവണയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിഭാഷ സംബന്ധിച്ച ചര്‍ച്ചകളും സെമിനാറുകളും നടന്നു. പത്രമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. വിവര്‍ത്തനരംഗത്തെ പ്രമുഖരുടെ ചിന്തകളും രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍, വിവര്‍ത്തനത്തിലൂടെ മലയാളത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഒരാള്‍ ദിനാചരണത്തിന്റെ ഒരു മാസം മുമ്പ് ജീവിതത്തില്‍നിന്ന് കടന്നുപോയത് അധികമാരും ഓര്‍ത്തില്ല. ഈ വര്‍ഷത്തെ വിവര്‍ത്തന ദിനത്തില്‍ തീര്‍ച്ചയായും ഓര്‍ക്കേണ്ടിയിരുന്ന എ.വി.എം. നാരായണനെയാണ് നാം മറന്നുപോയത്.

തൃശൂരും പരിസരങ്ങളിലുമുള്ള വിദ്യാലയങ്ങളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ എ.വി.എം. നാരായണന്‍ തൃശൂര്‍ ജില്ലയിലെ അണവൂരിന് അടുത്തുള്ള തെങ്ങാലൂര്‍ പോസ്റ്റ് ഓഫിസ് പരിധിയില്‍ എടക്കുളത്താണ് താമസിച്ചിരുന്നത്. അമ്മാനത്ത് വടക്കേതില്‍ എന്ന തറവാട്ടില്‍ മാധവന്‍ എഴുത്തച്ഛന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1943ലാണ് ജനനം. സാഹിത്യവും കവിതയും ചെറുപ്പത്തില്‍തന്നെ കൂടെയുണ്ടായിരുന്നു. തൃശൂരില്‍നിന്ന് 1965 കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ജഗല്‍സാക്ഷി എന്ന പ്രസിദ്ധീകരണത്തില്‍ അദ്ദേഹം കവിതകളും കുറിപ്പുകളും ലേഖനങ്ങളും എഴുതിയിരുന്നു. അധ്യാപക ജോലിക്കിടെ കന്നട പഠിക്കാനായത് സാഹിത്യപ്രവര്‍ത്തനത്തില്‍ വലിയൊരു ദിശാമാറ്റത്തിന് വഴിവെച്ചു. മലയാളത്തില്‍ കവിതയും ലേഖനങ്ങളും എഴുതിയിരുന്ന എ.വി.എം. നാരായണന്‍ വിവര്‍ത്തനം എന്ന മഹാസാഗരത്തിലേക്ക് ആണ്ടുമുങ്ങി. കന്നടയില്‍നിന്നുള്ള മുത്തും പവിഴവും മലയാളത്തിലെ വായനക്കാര്‍ക്ക് സമ്മാനിക്കാനുള്ള നിയോഗം അദ്ദേഹം സന്തോഷപൂര്‍വം ഏറ്റെടുക്കുകയായിരുന്നു.

കന്നട പഠനവും വിവര്‍ത്തനവും

1974ല്‍ തൃശൂര്‍ അയ്യന്തോളില്‍ ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്ന കാലത്താണ് എ.വി.എം. നാരായണന് കന്നട പഠിക്കാനുള്ള അവസരം ഉണ്ടായത്. ഇവിടത്തെ അധ്യാപകര്‍ക്ക് ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഭാഷ പഠിക്കുന്നതിന് സര്‍ക്കാര്‍ സ്‌കീം ഉണ്ടായിരുന്നു. ഇന്ത്യയിലാകെ നാല് സെന്ററുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് മൈസൂരിലെ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ആയിരുന്നു. അവിടെ ചേര്‍ന്ന നാരായണന്‍ ഒരു വര്‍ഷം കന്നട ഭാഷ പഠിച്ചു. ഡിപ്ലോമ കോഴ്‌സ് ആയിരുന്നു. ഫസ്റ്റ് ക്ലാസില്‍ പാസായി. അതിന്റെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. നാരായണന്റെ ബി.എഡ് പഠനവും മൈസൂരില്‍ ആയിരുന്നു. അതും കന്നട ഭാഷയോടുള്ള അടുപ്പത്തിന് കാരണമായി.

കന്നട എഴുതാനും വായിക്കാനും നന്നായി പഠിച്ചു. കന്നട നോവലുകളും കഥകളും വായിച്ചപ്പോള്‍ ശ്രീകൃഷ്ണ ആലനഹള്ളിയുടെ നോവലുകള്‍ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു. നാട്ടിന്‍പുറത്തെ കഥാപാത്രങ്ങളും രചനാശൈലിയുമാണ് ഏറെ ഇഷ്ടപ്പെട്ടത്. 1975ലാണ് ആലനഹള്ളിയുടെ നോവലുകള്‍ വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങുന്നത്. ‘കാട്’ ആയിരുന്നു ആദ്യം മൊഴിമാറ്റിയത്. ‘പാവത്താന്‍’, ‘ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍’ എന്നിവ പിന്നീട് വിവര്‍ത്തനം ചെയ്തു. വിവര്‍ത്തന ദൗത്യത്തിന്റെ പിന്നില്‍ എം.ടി. വാസുദേവൻ നായരുടെ പ്രേരണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. അങ്ങനെ ആലനഹള്ളിയുടെ നോവല്‍ വിവര്‍ത്തനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. എ.എസിന്റെ ചിത്രങ്ങളോടെയാണ് നോവലുകള്‍ പുറത്തുവന്നത്.

പദാനുപദ തർജമയായിരുന്നില്ല എന്ന് എ.വി.എം. നാരായണന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേവലം ആശയാനുവാദവും ആയിരുന്നില്ല. ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള രീതിയാണ് അവലംബിച്ചിരുന്നത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി കെ.എന്‍. എഴുത്തച്ഛന്‍ തയാറാക്കിയ കന്നട-മലയാളം നിഘണ്ടുവും ഫാ. കിറ്റല്‍ തയാറാക്കിയ കന്നട-ഇംഗ്ലീഷ് നിഘണ്ടുവും തർജമക്കാലത്ത് തന്നെ സഹായിച്ചതായി നാരായണന്‍ പറഞ്ഞിട്ടുണ്ട്.

ശ്രീകൃഷ്ണ ആലനഹള്ളിയുടെ കവിതകളും പ്രസിദ്ധമാണ്. കവിതകള്‍ മലയാളത്തിലേക്ക് മൊഴി മാറ്റാന്‍ ആലനഹള്ളി ആവശ്യപ്പെട്ടിരുന്നു. കവിതാപുസ്തകം ബംഗളൂരുവില്‍ വെച്ച് ഒരിക്കല്‍ കൈമാറുകയും ചെയ്തു. കവിതയിലൂടെ ഏറെ സഞ്ചരിച്ചിട്ടും അതിലെ വികാരം മലയാളത്തിലേക്ക് സംക്രമിപ്പിക്കുക എന്നത് അസാധ്യമായി നാരായണന് തോന്നി. അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു.

വിവർത്തനം ചെയ്ത എല്ലാ കൃതികളും ഇഷ്ടമാണെന്ന് എ.വി.എം. നാരായണന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ സൃഷ്ടിച്ച ഓളം ഒന്നു വേറെ തന്നെയാണെന്ന് വിവര്‍ത്തകന്‍ നേരത്തേ നിരീക്ഷിച്ചിട്ടുണ്ട്. ‘കാട്’ എന്ന നോവല്‍ ക്ലാസിക് പാരമ്പര്യമുള്ള ഒന്നാണ്. അധികം വിസ്തരിക്കാത്ത ശൈലിയാണ് ആലനഹള്ളി ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. ‘കിറ്റി’ എന്ന കുട്ടിയുടെ വീക്ഷണകോണിലൂടെയാണ് കഥ വികസിക്കുന്നത്. കന്നടയില്‍ ‘കിട്ടി’ എന്നാണ് എഴുതുക. മലയാളത്തില്‍ കിട്ടി എന്നത് ക്രിയാപദമാണ്. അതുകൊണ്ട് തർജമ ചെയ്തപ്പോള്‍ കുട്ടിയുടെ പേര് കിറ്റി എന്നാക്കി മാറ്റി.

ഭുജംഗയ്യന്റെ അതിസാഹസങ്ങളും ജീവിതകാമനയും വായിച്ചു രസിച്ച മലയാളികള്‍ തീര്‍ച്ചയായും എ.വി.എം. നാരായണനോട് കടപ്പെട്ടിരിക്കുന്നു. ‘പാവത്താന്‍’ എന്ന നോവല്‍ ഇന്നും കന്നടക്കൊപ്പം മലയാളത്തിലും അലയടിക്കുന്നു. പരിഷ്‌കാരിയായ മരംകിയും ശുദ്ധനും പാവത്താനുമായ ഗെണ്ടെ തിമ്മനും കന്നട ഗ്രാമങ്ങളില്‍ എന്നപോലെ മലയാളത്തിന്റെയും മനസ്സിലൂടെ കടന്നുപോയി. അതിന് ഏറെ നിമിത്തമായത് എ.വി.എം. നാരായണന്റെ വിവര്‍ത്തനമാണ്.

കന്നടത്തിലെ മറ്റൊരു പ്രശസ്ത എഴുത്തുകാരനായ ദേവനൂര മഹാദേവയുടെ കഥാ സമാഹാരം വിവര്‍ത്തനം ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു. ദലിത് സാഹിത്യം എന്ന വിഭാഗത്തില്‍പെടുത്താവുന്ന കൃതിയായിരുന്നു അത്. ദലിത് വിഭാഗത്തിന്റെയും ഭാഷയും ജീവിതവും കൈകാര്യം ചെയ്യുന്ന കൃതി പരിഭാഷപ്പെടുത്താന്‍ എ.വി.എം. നാരായണന് പ്രയാസം നേരിട്ടു. 2000ല്‍ ആയിരിക്കണം അത്. മഹാദേവ 2009 കാലയളവില്‍ വീണ്ടും നാരായണനുമായി വിവര്‍ത്തന വിഷയം ചര്‍ച്ച ചെയ്തിരുന്നു. പരിഭാഷക്കായി പുസ്തകം അയക്കുകയും ചെയ്തു. ഇക്കാലയളവില്‍ കന്നടയുമായി അടുത്തബന്ധം പുലര്‍ത്താത്തതിനാല്‍ പല വാക്കുകളും ഓര്‍മയില്‍നിന്ന് വിട്ടുപോയിരുന്നു. അതുകാരണം പരിഭാഷ എന്ന ദൗത്യം കൂടുതല്‍ ദുഷ്‌കരമായി. വിവര്‍ത്തനം അസാധ്യമാണെന്ന് കണ്ടപ്പോള്‍ നാരായണന്‍ മഹാദേവയെ വിവരം അറിയിച്ചു.

ആലനഹള്ളിയുടെ ലോകം

‘ഇരുട്ടാവുന്നതിനുമുമ്പ് ഗവ്വള്ളിയില്‍ എത്താനുള്ള തിടുക്കമായിരുന്നു ഗെണ്ടെതിമ്മന്. ഇനിയും നാലു നാഴിക ദൂരമുണ്ട്. ഇപ്പോള്‍തന്നെ സന്ധ്യയാകാന്‍ തുടങ്ങിയിരിക്കുന്നു. തീപോലുള്ള വെയിലത്ത് നടന്നുവരുമ്പോള്‍ തെല്ലൊന്ന് വിശ്രമിക്കാമെന്ന് കരുതി, ഗൊല്ലാനബീഡിലെ ചിറയുടെ വായ്ചാലിന് അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ ഒന്നു കിടന്നു. കിടന്ന പാടെ നശിച്ച ഉറക്കത്തില്‍ പെട്ടുപോകുകയും ചെയ്തു. ഉണര്‍ന്നത് ഇപ്പോഴാണ്. തിടുക്കത്തില്‍ തട്ടിപ്പിരണ്ടെണീറ്റ്, എടുത്താല്‍ പൊന്താത്ത കൊട്ട, ആദ്യം കാല്‍മുട്ടിലേക്കും പിന്നീട് ചുമലിലേക്കും അതിനുശേഷം തലയിലേക്കും പൊക്കി ഏറ്റിക്കഴിഞ്ഞപ്പോഴേക്കും അയാള്‍ തളര്‍ന്നുപോയി’ (പാവത്താന്‍, പേജ് എട്ട്്).

പാവത്താനിലെ ഗെണ്ടെതിമ്മന്റെ പ്രവേശനം ഇപ്രകാരം എ.വി.എം. നാരായണന്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു. കര്‍ണാടകയിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നതെങ്കിലും തൃശൂരിലെ ഒരു ഗ്രാമം നമ്മുടെ കണ്‍മുന്നില്‍ തെളിയും. ചിറയുടെ വായ്ചാല്‍ എന്ന പ്രയോഗമൊക്കെ വിവര്‍ത്തകന്റെ സ്വാതന്ത്ര്യമായി വായനക്കാരന് അനുഭവപ്പെടുന്നു.

ഭുജംഗയ്യന്റെ ദശാവതാരം എന്ന നോവല്‍ വിപ്ലവസ്വപ്‌നങ്ങള്‍ നിറഞ്ഞതാണ്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും പ്രാചീനമായ ആചാരങ്ങള്‍ക്കുമെതിരെ ഭുജംഗയ്യന്‍ നടത്തുന്ന പോരാട്ടങ്ങള്‍ പ്രസിദ്ധമാണ്. മാദള്ളി എന്ന ഗ്രാമത്തിലാണ് കഥ നടത്തുന്നത്. മാദള്ളി ആലനഹള്ളി തന്നെയാണെന്ന് പറയപ്പെടുന്നു. ഭുജംഗയ്യന്റെ സാഹസങ്ങളും ധീരതയും അനുകരണീയമാണ്.

കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാന്‍ കിണര്‍ കുഴിക്കുക, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാലയങ്ങള്‍ തുടങ്ങുക തുടങ്ങിയ പ്രവൃത്തികളിലൂടെ സാമൂഹിക പരിഷ്‌കരണത്തിന് സ്വയം മുന്നിട്ടിറങ്ങുന്ന ഭുജംഗയ്യനെ മലയാളികള്‍ക്ക് സ്വന്തം നാട്ടുകാരനെപ്പോലെ പരിചയപ്പെടുത്താന്‍ വിവര്‍ത്തകന് സാധിച്ചു. വള വില്‍പനക്കാരിയായ സുശീലയെ ഭാര്യയായി സ്വീകരിക്കുന്ന ഭുജംഗയ്യന്‍ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങുന്നുണ്ട്. സുശീലയെ മാനഭംഗപ്പെടുത്തുന്ന നാരായണനെ പാമ്പു കടിച്ചപ്പോള്‍ മരുന്ന് നല്‍കിയ ഭുജംഗയ്യന്‍ വിഷം സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങുമ്പോള്‍ ഗ്രാമം മുഴുവന്‍ കണ്ണീരണിയുകയാണ്. ഇത്തരം വൈകാരിക മുഹൂര്‍ത്തങ്ങള്‍ മലയാളത്തിലെ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ വിവര്‍ത്തകന് സാധിച്ചു. ആലനഹള്ളിയുടെ സന്തപ്തന്‍ എന്ന കഥാസമാഹാരവും എ.വി.എം. നാരായണന്‍ മൊഴിമാറ്റുകയുണ്ടായി.

 

എഴുത്തിലെ സത്യസന്ധത

ജീവിതത്തിലും എഴുത്തിലും എ.വി.എം. നാരായണന്‍ പുലര്‍ത്തിയ സത്യസന്ധതക്ക് ഏറെ തെളിവുകളുണ്ട്. ആലനഹള്ളി പ്രിയപ്പെട്ട എഴുത്തുകാരനാണെങ്കിലും അദ്ദേഹത്തിന്റെ കവിതകള്‍ പരിഭാഷക്ക് വഴങ്ങുന്നില്ല എന്ന വസ്തുത വെട്ടിത്തുറന്നു പറഞ്ഞു. മഹാദേവയുടെ കൃതികളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല എന്ന കാര്യം അറിഞ്ഞപ്പോള്‍ അത് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും എ.വി.എം അമാന്തം കാണിച്ചില്ല.

മിതഭാഷിയും ഏറക്കുറെ അന്തര്‍മുഖനുമായ എ.വി.എം. നാരായണന്‍ സ്വന്തം ധാരണകളുടെയും ചിന്തകളുടെയും ലോകത്തിലൂടെയാണ് സഞ്ചരിച്ചത്. കൂടെ ആളുകളുണ്ടോ എന്നദ്ദേഹം ആലോചിച്ചില്ല. സാഹിത്യത്തില്‍ താല്‍പര്യമുണ്ടെങ്കിലും പൊതുസമ്മേളനങ്ങളിലും മറ്റും പങ്കെടുക്കാന്‍ വൈമുഖ്യം ഏറെയുണ്ടായിരുന്നു. അവണൂരിലെ വായനശാലയിലെ ഒരു പൊതുപരിപാടിക്ക് ക്ഷണിച്ചപ്പോള്‍ അദ്ദേഹം വരാതിരുന്ന കാര്യം ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ ജയന്‍ അവണൂര്‍ പറയുകയുണ്ടായി. ഒരു മണിക്കൂര്‍ എ.വി.എമ്മിന്റെ മനസ്സ് മാറ്റാന്‍ ജയന്‍ പരിശ്രമിച്ചു. ഫലമുണ്ടായില്ല. ആളുകളുമായി സംസാരിക്കുന്നതിലും ഉണ്ടായിരുന്നു പിശുക്ക്. നല്ല പരിചയം ഉള്ളവരോടൊത്ത് ബസില്‍ അടുത്തടുത്ത് യാത്രചെയ്യുമ്പോഴും ലോഹ്യം പറച്ചിലൊന്നും ഉണ്ടാവില്ല. ഒരു വാക്കും വെറുതെ കളയാനില്ല എന്ന മട്ടിലാവും ഇരിപ്പ്. എന്തെങ്കിലും ചോദിച്ചാല്‍ അതിനുമാത്രം മറുപടി പറയും -ജയന്‍ അവണൂര്‍ ഓര്‍ക്കുന്നു.

എഴുത്തുകാരെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവരുന്ന പതിവൊന്നുമില്ലെന്ന് എ.വി.എം. നാരായണന്റെ സഹധർമിണി ദേവി ഓര്‍ക്കുന്നു. തൃശൂരിലും മറ്റും സാഹിത്യ സമ്മേളനത്തിന് പോകും. അടുത്ത സുഹൃത്തുക്കളെ അവിടെ നിന്ന് കാണും. അത്രതന്നെ. സ്‌കൂളില്‍ ജോലിയുള്ളതുകൊണ്ട് എഴുത്ത് രാത്രിയിലേക്ക് മാറ്റിവെക്കും. പത്രം വായനയും രാത്രിഭക്ഷണവും കഴിഞ്ഞാണ് എഴുത്ത് തുടങ്ങുക. വൈകി വരെ തുടരും. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകും. പിന്നെ ബദ്ധപ്പെട്ട് സ്‌കൂളിലേക്ക് ഒരു ഓട്ടമാണ്- ദേവി എ.വി.എമ്മിന്റെ എഴുത്തുകാലത്തെപ്പറ്റി ഓര്‍ത്തെടുത്തു.

ഇപ്പോള്‍ താമസിക്കുന്ന എടക്കുളത്തെ തപസ്യ എന്ന വീട് 30 വര്‍ഷം മുമ്പ് പണിതതാണ്. അതിനുമുമ്പ് കുറച്ചുമാറിയുള്ള തറവാട്ടിലായിരുന്നു താമസം. വീടിന്റെ മുകള്‍ നിലയിലുള്ള മുറിയിലിരുന്നാണ് എഴുതുക. പ്രിയപ്പെട്ട എഴുത്തു സങ്കേതമായിരുന്നു ആ മുറി. പുതിയ വീട്ടില്‍ റോഡിലെ വാഹനങ്ങളുടെ ഏകാഗ്രത കിട്ടില്ലെന്ന് പറയുമായിരുന്നു.

ശ്രീകൃഷ്ണ ആലനഹള്ളി എടക്കുളത്തെ തറവാട്ടു വീട്ടിലെത്തി എ.വി.എമ്മിനെ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യയും മക്കളും ഒരുമിച്ചാണ് വന്നത്. ഒരു മണിക്കൂര്‍ ഒന്നിച്ചിരുന്നു സംസാരിച്ചു. ഇന്നത്തെപ്പോലെ അതിഥികള്‍ക്ക് താമസിക്കാന്‍ റിസോര്‍ട്ടുകളും മറ്റും ഇല്ലല്ലോ. ചായ കുടിച്ചു മടങ്ങി. ശ്രീകൃഷ്ണ സ്വന്തം നാട്ടിലേക്ക് എ.വി.എമ്മിനെ ക്ഷണിച്ചിരുന്നു. എന്തുകൊണ്ടോ അങ്ങനെ ഒരു യാത്ര ഉണ്ടായില്ല. അതിനിടെ ശ്രീകൃഷ്ണയുടെ വിയോഗവും സംഭവിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ വിനുതയും മക്കളും ഒരു തവണകൂടി എടക്കുളത്തെ തറവാട് സന്ദര്‍ശിക്കുകയുണ്ടായി. പഴയ പുസ്തകങ്ങള്‍ പലതും തറവാട്ടില്‍തന്നെയായിരുന്നു. പുതിയ വീട്ടിലേക്ക് കൊണ്ടുവന്നില്ല. അതിനെപ്പറ്റി ചോദിക്കുമ്പോഴൊക്കെ പിന്നെയാവാം എന്നായിരുന്നു മറുപടി. ഒടുവില്‍ പലതും ചിതലരിച്ചു നശിച്ചു -ദേവി പറഞ്ഞു.

അച്ഛന്‍ യാത്രാപ്രിയനായിരുന്നുവെന്ന് മകള്‍ ദിവ്യ പറഞ്ഞു. ദിവ്യ (മൂത്തമകള്‍ ദിവ്യ നോര്‍ത്ത് പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റ് ആണ്. ഭര്‍ത്താവ് ശിവദാസന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ ഉദ്യോഗസ്ഥനാണ്). ചെറുപ്പകാലത്ത് അച്ഛന്‍ ഇന്ത്യ മുഴുവന്‍ കറങ്ങിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞു. ഇളയ മകള്‍ ദീപ്തിയും ഭര്‍ത്താവ് അനീഷും ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ എൻജിനീയര്‍മാരാണ്. ഇടക്കാലത്ത് ഇവര്‍ സൗത്ത് ആഫ്രിക്കയില്‍ ജോലിചെയ്തിരുന്നു. 2018ല്‍ നാരായണനും ഭാര്യയും സൗത്ത് ആഫ്രിക്ക സന്ദര്‍ശിക്കുകയുണ്ടായി. കേപ് ടൗണ്‍, ടേബിള്‍ മൗണ്ടന്‍ എന്നിവിടങ്ങളില്‍ പോയിരുന്നു. മൂത്തമകള്‍ ദിവ്യയുടെയും ഭര്‍ത്താവ് ശിവദാസിന്റെയും കൂടെ മുംബൈയിലും പോയിട്ടുണ്ട്. 2015ലായിരുന്നു.

രണ്ടര വര്‍ഷം മുമ്പ് ഒരു വീഴ്ച കാരണം ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. ശസ്ത്രക്രിയ നടത്തിയെങ്കിലും നടക്കാന്‍ പ്രയാസം നേരിട്ടു. എങ്കിലും വാക്കര്‍ ഉപയോഗിച്ച് നടക്കുമായിരുന്നു. പിന്നീട് കഴിഞ്ഞ ആഗസ്റ്റിലാണ് അസുഖം കൂടിയത്. ഭക്ഷണം കഴിക്കാന്‍ താല്‍പര്യമില്ലാതായി. ആഗസ്റ്റ് 29ന് മരണം സംഭവിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അന്ത്യം സംഭവിച്ചു.

ആലനഹള്ളിയുടെ വിഖ്യാതകൃതികള്‍ മലയാളക്കരക്ക് സ്വന്തമായി നല്‍കിയ വിവര്‍ത്തകന്‍ ആയിരുന്നുവെങ്കിലും എ.വി.എം. നാരായണന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഒന്നും ലഭിച്ചില്ല. പബ്ലിസിറ്റിയില്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. മരണവാര്‍ത്ത പോലും ചരമക്കോളത്തില്‍ ഒതുങ്ങി. അതുകൊണ്ടുതന്നെ പലരും അറിയാതെ പോയി. വിവര്‍ത്തന സാഹിത്യത്തിന്റെ ചരിത്രത്തില്‍ എ.വി.എം. നാരായണന്റെ പേര് തെളിഞ്ഞുതന്നെ കിടക്കും എന്ന കാര്യത്തില്‍ സംശയമില്ല.

News Summary - The Forgotten Translator Who Brought Alanahalli's Bhujangayya