Begin typing your search above and press return to search.

മറവി ഭക്ഷണ ശാല

മറവി ഭക്ഷണ ശാല
cancel

മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. 11.ദീർഘകാലം മറവി എന്ന സംജ്ഞ ഉണർവിലും അബോധത്തിലും എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. സ്​മൃതിഭ്രംശം ഒരു രീതിയും ശീലവും രോഗവും ചിത്തഭ്രമവുമായി പല അവസ്​ഥകൾ കാണിച്ചുകൊണ്ട് എന്നെ പരിഭ്രമിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ വന്യമായ ചിന്തകൾ ക്രമംവിട്ട് പെരുകി എന്റെ മസ്​തിഷ്കത്തിലൂടെ വിറളിപിടിച്ച് ഓടിനടന്നു. അത്തരം കൈവിട്ട ചിന്തകളുടെ ലോകവും യാഥാർഥ്യ പരിസരവുമായി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.

11.

ദീർഘകാലം മറവി എന്ന സംജ്ഞ ഉണർവിലും അബോധത്തിലും എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. സ്​മൃതിഭ്രംശം ഒരു രീതിയും ശീലവും രോഗവും ചിത്തഭ്രമവുമായി പല അവസ്​ഥകൾ കാണിച്ചുകൊണ്ട് എന്നെ പരിഭ്രമിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ വന്യമായ ചിന്തകൾ ക്രമംവിട്ട് പെരുകി എന്റെ മസ്​തിഷ്കത്തിലൂടെ വിറളിപിടിച്ച് ഓടിനടന്നു. അത്തരം കൈവിട്ട ചിന്തകളുടെ ലോകവും യാഥാർഥ്യ പരിസരവുമായി സന്ധിയിലായ സന്ദർഭങ്ങളിലൊക്കെയും അവക്ക് മധ്യേ അച്ഛന്റെ സാന്നിധ്യമുണ്ടായി. അച്ഛന് അൽഷൈമേഴ്സ്​ രോഗമായിരുന്നു. ആ മസ്​തിഷ്കത്തിൽ ഓർമയും മറവിയും ഒളിച്ചു കളിച്ചിരുന്ന ജീവന്മരണ പോരാട്ടം നടന്നിരുന്നു. അവിടെ വിസ്​മൃതിയുടെ ഭയാനകമായ, നിലക്കാത്ത തിരയടികളുണ്ടായിരുന്നു. വിള്ളൽ വീണ മൺകുടത്തിൽ വെള്ളം നിറക്കുമ്പോൾ സംഭവിക്കുന്നപോലെ ഓർമകൾ ചോർന്നുപോയ്ക്കൊണ്ടിരുന്നു.

മറവിരോഗത്തിന് മരുന്ന് ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന യാഥാർഥ്യത്തിന്റെ തീക്ഷ്ണതയുംകൂടി ചേർന്നപ്പോൾ ഉണ്ടായ ചില തോന്നലുകൾ ഞാൻ മനസ്സിൽ കുറിച്ചു. മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കാം. ഓർമ ഉള്ളവരും ഓർമ നഷ്ടപ്പെട്ടവരും. മറന്നവരോ മറക്കപ്പെട്ടവരോ ആയി കഴിയേണ്ടിവരിക എന്നത് ജീവിതത്തിലെ ദുസ്സഹമായ ഒരു അവസ്​ഥയാണ്. അനുഭവത്തിലും ചിന്തയിലുമായി മറവിക്രിയകൾ മനസ്സിനെ ഞെരിച്ചപ്പോൾ ഉണ്ടായ നോവും വിങ്ങലും എഴുതാതെ വയ്യെന്നായി. അതെന്റെ ആശ്വാസത്തിനു വേണ്ടിയായിരുന്നു. അങ്ങനെയാണ് നിശ്ചയിച്ചുറപ്പിക്കാതെ തന്നെ ഞാൻ ‘സ്വരം’ നോവൽ എഴുതിത്തുടങ്ങിയത്. ഓർമയും സംഗീതവുമായിരുന്നു അതിലെ പ്രമേയം.

മറവി തീക്ഷ്ണവും ഭീകരവുമായ ഒരു വ്യാധിയാകുന്നത് എങ്ങനെയെന്ന് എന്നെ കാണിച്ചും അനുഭവപ്പെടുത്തിയും തന്നത് അച്ഛനായിരുന്നു. ഓർമയുടെ മൂർച്ചക്കും അറിവിന്റെ വിസ്​തൃതിക്കും തന്റെ കർമമണ്ഡലത്തിൽ ഉയർന്നതലത്തിൽ അടയാളപ്പെടുത്തപ്പെട്ട ആളായിരുന്നു അച്ഛൻ. എന്നിട്ടും അദ്ദേഹത്തിന് വിസ്​മൃതിയുടെ അധിനിവേശത്തിന് കീഴ്പ്പെടേണ്ടിവന്നു. അടിയന്തരാവസ്​ഥക്കാലത്തെ ഉദ്യോഗസ്​ഥ അതിക്രമങ്ങൾ തന്റെ ഔദ്യോഗിക ജീവിതത്തെ പ്രതിസന്ധിയിലാക്കി ശ്വാസംമുട്ടിച്ചതിന്റെ ആഘാതവും, തുടർന്ന് ഒട്ടേറെ പ്രതീക്ഷയോടെ സമീപിച്ച ‘ഷാ കമീഷന്റെ’ നിസ്സഹായമായ പതനവും അച്ഛനെ തീർത്തും നിരാശനും പ്രതീക്ഷയറ്റവനും വിഷാദരോഗിയുമാക്കിത്തീർത്തു. ദിനപത്രംപോലും വായിക്കാതെ നിഷ്ക്രിയനും മനസ്സു മരവിച്ചവനുമായിത്തീർന്ന അച്ഛനെ വിഷാദരോഗത്തിന് എളുപ്പത്തിൽ അടിമയാക്കാൻ കഴിഞ്ഞു. അതോടെ ഡിമെൻഷ്യക്ക് അതിവേഗം മസ്​തിഷ്കത്തിലേക്ക് കയറിക്കൂടാനായി. രോഗം വിശ്വരൂപം കാട്ടിയപ്പോൾ ഞാൻ ഭയപ്പെടുകയും ഹൃദയം തകർന്ന് സങ്കടപ്പെടുകയും മാനസികവ്യഥയിൽ വലയുകയും ഒടുവിൽ നിസ്സഹായതയുടെ തളർച്ചയിൽ വീണുപോവുകയുംചെയ്തു.

‘സ്വരം’ നോവൽ എഴുതിക്കഴിഞ്ഞപ്പോൾ മനസ്സിലെ ഭാരം ഒഴിയുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. മറവിലോകത്തെ സങ്കീർണതകൾ പറഞ്ഞുതീരാതെ കുറെ മനസ്സിലും ചിന്തയിലും അവശേഷിച്ചിരുന്നു. അവ നോവൽ ശരീരത്തോട് ചേർത്തുവെക്കാൻ യോജിക്കാത്തവയായിരുന്നു. നോവലിൽ എഴുതാനാവാതെ പോയതും വിട്ടുകളഞ്ഞതുമായി ചിലതും ഉണ്ടായിരുന്നു. നോവൽ നിർമിതിയിലെ ഉപോൽപന്നങ്ങളായി (Byproducts) ലഭിച്ചവ വേറെയും. ഇവയൊക്കെ എഴുതാനുള്ള ത്വര ഉണ്ടായപ്പോഴെല്ലാം നിർബന്ധപൂർവം സ്വയം പിന്മാറാൻ നിഷ്‍കർഷിച്ചു. കാരണം, വീണ്ടും ഓർമ പ്രമേയമായുള്ള മറ്റൊരു രചനയിൽ എഴുത്തുകാരൻ സ്വയം ആവർത്തിക്കുകയായിരിക്കും. സ്വയം പകർത്തുക നല്ല പ്രവണതയല്ല. അതുകൊണ്ട് ആ വിമോഹന സമ്മർദങ്ങളെ പ്രതിരോധിച്ചുകൊണ്ടിരുന്നു ഞാൻ.

ആയിടക്കാണ് ‘റസ്റ്റാറന്റ് ഓഫ് മിസ്റ്റേക്കൻ ഓർഡേഴ്സി’നെക്കുറിച്ച് ഞാൻ വായിച്ചറിയുന്നത്. 2017 സെപ്റ്റംബറിൽ ടോക്യോവിലാണ് ഇത്തരമൊരു ഭോജനശാല ആദ്യമായി ആരംഭിക്കുന്നത്. അതിന് ചില പ്രത്യേകതകളുണ്ടായിരുന്നു. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ട് നിഷ്ക്രിയരായി മാറിയ മറവിരോഗികളെ ജോലി നൽകി മാനസികോത്തേജനത്തിലൂടെ ക്രിയാത്മക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനുദ്ദേശിച്ചുള്ള കാരുണ്യപ്രവർത്തനംകൂടിയായിരുന്നു ആ സംരംഭം. ‘ഡിമെൻഷ്യ ഫ്രൻഡ്​ലി’ എന്ന ലേബൽ ആ ഭോജനശാലക്ക് സവിശേഷ പ്രതിച്ഛായ നൽകുകയും അതിനെ പ്രശസ്​തമാക്കുകയുംചെയ്തു. കൂടാതെ, സോദ്ദേശ്യ പ്രവർത്തനത്തിന് സർക്കാർ സഹായവും ലഭ്യമായി.

മേൽപറഞ്ഞ വാർത്തയാണ് ‘ഓർമനഷ്ടത്തിലെ ചിരി’ എന്ന കഥക്കുള്ള രാസത്വരകമായി പ്രവർത്തിച്ചത്. ഉള്ളിൽ അസ്വസ്​ഥതയായി കൊണ്ടുനടന്നിരുന്ന സ്​മൃതിനഷ്ട ആശയങ്ങൾ മറക്കും മുമ്പ് എഴുതിവെക്കാനുള്ള നിശ്ചയത്തെ മനസ്സ് കൂടെക്കൂടെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. അതിൽ പ്രധാനം ഓർമക്കച്ചവടം എന്ന സങ്കൽപമായിരുന്നു. പല മനുഷ്യരിൽനിന്നും സ്​മരണകൾ വാങ്ങി ശേഖരിച്ച് വിൽപന നടത്തുന്ന ഒരു വ്യാപാരിയെ ഏറെക്കാലം മനസ്സിൽ താലോലിച്ചു സൂക്ഷിച്ചിരുന്നെങ്കിലും അത് ചിത്രീകരിക്കാൻ യോജിക്കുന്ന ഒരു ഇടം ‘സ്വരം’ നോവലിൽ ഇല്ലായിരുന്നു. ഈ ഒരു ചിന്തയിലേക്ക് എന്നെ നയിച്ചതിൽ ഒരു ഘടകം അച്ഛന്റെ പരന്ന വായനയും അറിവുമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി പറയാനുള്ള കരുക്കൾ അച്ഛനിലുണ്ടായിരുന്നു. ഔപചാരിക വിദ്യാഭ്യാസമില്ലാതിരുന്ന അച്ഛന്റെ അമ്മക്കും മുത്തശ്ശിക്കും പക്ഷേ, തറവാട്ടിലെ അപൂർവ ഗ്രന്ഥങ്ങളുടെ വായന ജ്ഞാനസമ്പാദനത്തിന് ഉപകാരപ്പെട്ടിരുന്നു.

അച്ചടിയിലില്ലാത്ത കാവ്യങ്ങൾ, കഥകൾ, വിജ്ഞാന നുറുങ്ങുകൾ, ശാസ്​ത്ര വിദ്യകൾ, ഇന്ന് പ്രചാരത്തിലില്ലാത്ത കവിതകൾ, കീർത്തനങ്ങൾ, തിരുവാതിരപ്പാട്ടുകൾ, കുമ്മി തുടങ്ങി പലതും ഹൃദിസ്​ഥമായിരുന്നു ഇരുവർക്കും. അവയിൽ കുറെയൊക്കെ വായ്മൊഴിയായി അച്ഛനും പകർന്നുകിട്ടിയിരുന്നു. തറവാട്ടിലും ക്ഷേത്രവളപ്പിലെ ആൽത്തറയിലും സംഘംചേർന്നിരുന്ന ജ്യേഷ്ഠസഹോദരന്മാരുടെയും സ്​നേഹിതരുടെയും കൂട്ടായ്മകളിൽ സാഹിത്യവും നാടകവും കഥകളിയും പൊതുവിജ്ഞാനവും ഉൾ​െപ്പടെ സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളും ചർച്ചചെയ്തിരുന്നു. സംഘത്തിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ളയും സജീവമായിരുന്നു. പ്രായത്തിൽ ചെറുതായിരുന്ന അച്ഛൻ ഒരു നിരീക്ഷകനായി താൽപര്യപൂർവം അവരുടെ കൂട്ടത്തിൽ ചുറ്റിപ്പറ്റി നിന്നിരുന്നു. അന്നവിടെ കേട്ട ചങ്ങമ്പുഴയുടെ പാരഡികളും ആക്ഷേപ ഹാസ്യ കവിതകളും നേരമ്പോക്കുകളും ഏറെക്കാലം അച്ഛന്റെ ഓർമയിലുണ്ടായിരുന്നു.

ഔദ്യോഗിക രംഗത്തും സുഹൃത്തുക്കൾക്കിടയിലും അച്ഛൻ അറിയപ്പെട്ടിരുന്നത് ‘മൊബൈൽ എൻസൈക്ലോപീഡിയ’ എന്നായിരുന്നു. ആ അച്ഛനിൽനിന്നും അൽഷൈമേഴ്സിന്റെ ആക്രമണത്തിൽ ജ്ഞാനസ്​മൃതികൾ ചോർന്നുപോയ്ക്കൊണ്ടിരുന്നത് തടഞ്ഞു നിർത്താനാവാതെ നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നു എനിക്ക്. അപ്രകാരം അനേകം വിജ്ഞാനികളുടെയും വിവരശേഖരണക്കാരുടെയും കഷ്ടപ്പെട്ടു നേടിയതും തലമുറകൾ കൈമാറിവന്നതുമായ അമൂല്യമായ ജ്ഞാനവും വിവരങ്ങളും കണ്ടെത്തലുകളും സമൂഹത്തിന് നഷ്ടമായിട്ടുണ്ടാവാം.

അച്ഛന്റെ അറിവുകൾ നേരത്തേതന്നെ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തിവെക്കാൻ കഴിയാതെപോയതിൽ സ്വയം പഴിച്ചിട്ടുണ്ട് ഞാൻ. അത് മറവി സൃഷ്ടിച്ച നഷ്ടമായിരുന്നു. മുമ്പ് ‘പാഴ്’ എന്ന കഥയിൽ, ശേഖരിക്കപ്പെടാതെ നഷ്ടമാകുന്ന ജ്ഞാനത്തെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. ‘ഓർമകളുടെ ആർക്കേവ്’ എന്ന ആശയവും ‘സ്വരം’ എഴുതിയശേഷം വന്നു ചേർന്നതാണ്. സ്​മൃതികൾ വരും കാലത്തിനായി എങ്ങനെ സൂക്ഷിച്ചു സംരക്ഷിക്കാം എന്നതിന്റെ പ്രായോഗികതയെ സംബന്ധിച്ച ചിന്തകളും കാടുകയറിയതാണ്. പറ്റിയ കഥാസന്ദർഭം വന്നതോടെ ആർക്കേവ് കടന്നുവന്ന് റസ്റ്റാറന്റിനൊപ്പം പ്രാധാന്യത്തോടെ അതിനെതിർവശത്ത് നിലകൊള്ളുകയായിരുന്നു.

ആ ഘട്ടത്തിൽ എഴുതാതെ വയ്യ എന്ന അവസ്​ഥയിലെത്തുകയും വിഷയത്തോടുള്ള പ്രതിബദ്ധതയുടെ കരുത്തിൽ ഞാനാ കഥ സൃഷ്ടിക്കുകയുമായിരുന്നു. എഴുത്തിന്റെ ഓരോ തലത്തിലും, എവിടെയെങ്കിലും മുമ്പേ പറഞ്ഞു പോയവ ആവർത്തിക്കുന്നുണ്ടോ, പ്രത്യേകിച്ച് ‘സ്വരം’ നോവലിന്റെ നിഴൽ കടന്നുവരുന്നുണ്ടോ എന്ന് ഞാൻ ജാഗ്രതയോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്വാധീനം ഉണ്ടാവരുതേ എന്ന പ്രാർഥനയായിരുന്നു എഴുതുമ്പോൾ. കഥ പ്രസിദ്ധീകരിക്കണമെന്ന ചിന്തയേ എനിക്കുണ്ടായിരുന്നില്ല. മനസ്സിലെ സ്​മൃതി –വിസ്​മൃതി പോരാട്ട ഭാരം പൊട്ടാതെ ഇറക്കിവെക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. എഴുത്തിൽ ഉടനീളം അച്ഛനായിരുന്നു എെന്റ മുമ്പിൽ. ഡിമെൻഷ്യ രോഗിയായ അച്ഛൻ. ‘സ്വരം’ നോവലിൽനിന്നു തീർത്തും വ്യത്യസ്​തനായ, ഓർമനഷ്ടത്തിലും ചിരിക്കുന്ന, സദാ കർമനിരതനായ മറ്റൊരു അച്ഛൻ.

തെറ്റിനൽകുന്ന ഭക്ഷണ ഓർഡറുകളായിരുന്നു ആ റസ്റ്റാറന്റിന്റെ പ്രത്യേകത. ആവശ്യപ്പെട്ട ഭക്ഷണമായിരിക്കില്ല ആവശ്യക്കാരനു ലഭിക്കുക. അബദ്ധങ്ങളിൽ അവിടെ ചിരി മുഴങ്ങും. അത് ആസ്വാദനത്തിന്റെ കൂട്ടച്ചിരിയാണ്. എന്നാൽ, തെറ്റിച്ച് എത്തിക്കുന്ന ഭക്ഷണവും –എല്ലാത്തരം വിഭവങ്ങളും– ഒരുപോലെ സ്വാദിഷ്ഠമായിരുന്നു ആ ഭോജനശാലയിൽ. അതുകൊണ്ടുതന്നെ, ഓർഡർചെയ്ത ഇനങ്ങൾ മാറി എത്തുമ്പോൾ പരാതിയുണ്ടാവില്ല ആർക്കും. വിളമ്പുകാരുടെ പിശകുകൾ ഭക്ഷണശാലയിൽ എത്തുന്നവർക്ക് സോദ്ദേശ്യ തമാശയാണ്. ചിരിക്കാനുള്ള േപ്രരകം.

മറവിരോഗത്തിന്റെ ആക്രമണമേറ്റു തുടങ്ങിയതോടെ അച്ഛന്റെ മുഖത്ത് ചിരി വരാതായതായി ഞാൻ ഓർക്കുന്നു. ആ മുഖം വിശേഷപ്പെട്ട ഒരു നിസ്സംഗഭാവത്തിലേക്ക് മാറിയിരുന്നു. എന്നാൽ, കഥയിൽ ചിരി ഒരു പ്രധാന പോസിറ്റീവ് ഘടകമായിത്തീരുകയാണ്. അസാധാരണമായി മറവിരോഗികൾ റസ്റ്റാറന്റിൽ ചിരിക്കുകയാണ്. ഭക്ഷണം കഴിക്കാനെത്തിയവരും കൂടെ ചിരിക്കുകയാണ്. ദീർഘിച്ച ഇടവേളകളില്ലാതെ കൂട്ടച്ചിരികൾ മുഴങ്ങുമവിടെ. ആ ചിരിക്ക് ഒരു പ്രത്യേകതയുണ്ട്. ഉള്ളു തുറന്നുള്ള, കലർപ്പില്ലാത്ത, നിഷ്കളങ്കമായ, ഹൃദയത്തിൽനിന്നുള്ള, ശുദ്ധമായ ചിരിയാണത്. അത് ഓർമ നഷ്ടപ്പെട്ടവരുടെ ചിരിയാണ്. അവിടെ മാത്രം കാണാനാവുന്നത്. അതാണ് ഈ കഥ സവിശേഷമായി അടയാളപ്പെടുത്തുന്നത്.

‘‘തെറ്റുകളിലെ സൗന്ദര്യവും പിഴവുകളിലെ കലയും ആസ്വദിക്കുക’’ എന്ന വാക്യവും അതിന്റെ മധുരിക്കുന്ന സമീപനവും മനസ്സിൽ സുഖകരമായ ഒരു ആവേശമായി വന്നുചേർന്നു. ആ ലാവണ്യവും സർഗാത്മകതയും അംഗീകരിച്ചാൽപിന്നെ സംഘർഷമില്ല, വിദ്വേഷമില്ല, കുറ്റവും കുറവും അസൂയയുമില്ല. സ്​നേഹവും സന്തോഷവും മാത്രം. റസ്റ്റാറന്റിൽ അച്ഛനും സഹപ്രവർത്തകനും അവതരിപ്പിച്ച വാദ്യസംഗീതം അപസ്വരങ്ങൾ വീഴ്ത്തിയപ്പോഴും ചിരിയും കൈയടിയുമാണ് സദസ്സിൽനിന്നുണ്ടായത്. സമൂഹത്തിൽ എവിടെയും തെറ്റുകളും പിഴവുകളും വരുത്തുന്നവർ കൂടുതലായിരിക്കെ, അവരെ സ്വാഭാവികതയോടെ ആസ്വദിക്കുകയും േപ്രാത്സാഹിപ്പിക്കുകയുംചെയ്യുന്ന പ്രവൃത്തി പൊതുവെ താൽപര്യമുണർത്തുമല്ലോ. അങ്ങനെ വിശാല മനസ്സുകളുടെ ആ ലോകം കഥയുടെ പശ്ചാത്തലമായി.

‘ഡിമെൻഷ്യ റിഹാബിലിറ്റേഷൻ സെന്ററിൽ’ ഓർമകളുടെ വ്യാപാരി തന്റെ അച്ഛനെ താമസിപ്പിച്ചതുമായി ബന്ധപ്പെട്ട കഥാ സംഭവങ്ങൾ എന്റെ നേർ അനുഭവമാണ്. ഓർമിക്കുന്ന ഓരോ അവസരത്തിലും മനസ്സു നീറുന്ന ആ അനുഭവങ്ങളുടെ ചെറിയൊരു സൂചന മാത്രമേ കഥയിൽ ചേർത്തിട്ടുള്ളൂ.

 

ഈ കഥയെഴുത്തിൽ ഓർമകളുടെ വ്യാപാരി ഞാൻതന്നെയായിരുന്നു. സ്​മരണകൾ തന്നിൽ നിലനിർത്താൻ ആഗ്രഹിക്കുന്നവരും അല്ലാത്തവരുമുണ്ട്. മറവിയെ താൽപര്യപൂർവം ആശിക്കുന്നവരും ഭയക്കുന്നവരുമുണ്ട്. നിനവുകൾ നഷ്ടപ്പെടാതെ എക്കാലവും സൂക്ഷിച്ചുവെക്കാൻ വഴി തേടുന്നവരും. അനേകം പേരുടെ സ്​മൃതിശേഖരം എന്ന എന്റെ വന്യമോ അപഥമോ ആയ ചിന്തകളാണ് സ്​മൃതി വ്യാപാരിയിലൂടെ പറഞ്ഞത്. വാങ്ങിയെടുക്കുന്ന സ്​മരണാശകലങ്ങൾക്ക് കാലഹരണമില്ല. കാലങ്ങൾ പിന്നിടുന്ന ഓർമകളിൽ കലർപ്പുകളുണ്ടാവും. യാഥാർഥ്യത്തോടൊപ്പം മോഹവും മിഥ്യയും തോന്നലും ഭാവനയും ചേർന്നുവരും. സ്​മൃതി ഉൽപന്നങ്ങൾ വിഷയക്രമത്തിൽ േക്രാഡീകരിച്ച് മൊഡ്യൂളുകളാക്കി വിൽപന നടത്താം. പഴകുന്ന ഓർമകൾ ചരിത്രമാകും. ജീവിത പാഠപുസ്​തകവുമായിത്തീരും. ഓർമകളിലെ സ്വകാര്യ ജീവിതങ്ങൾ വായനക്കാർക്ക് ആസ്വാദ്യകരമായിരിക്കും. മെമ്മറി റീഡിങ്ങിനായുള്ള വായനാകേന്ദ്രങ്ങളുണ്ടാവും...

‘ഓർമനഷ്ടത്തിലെ ചിരി’ എഴുതിത്തീർന്ന ശേഷം, എത്രവട്ടം അത് വായിച്ചുനോക്കുകയും തിരുത്തുകയുംചെയ്തിട്ടുണ്ടെന്ന് പറയാനാവില്ല. ആവർത്തന ശകലങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് പ്രസിദ്ധീകരണത്തിന് അയച്ചത്. 2014 ജനുവരി ഏഴിലെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ അത് പ്രസിദ്ധീകരിക്കുകയുംചെയ്തു.

അസാധാരണ ഓർമശക്തിയുള്ള ചില മനുഷ്യരെ ജീവിതയാത്രയിൽ കണ്ടുമുട്ടാൻ ഇടവന്നിട്ടുണ്ട്. അത്തരം കൂർമസ്​മൃതി എന്നും മോഹിപ്പിച്ചിട്ടുണ്ട്. അതാണ് ഓർമകളുടെ ഭാണ്ഡം നഷ്ടപ്പെട്ട ‘സ്​മൃതി വ്യാപാരി’യിലൂടെ ചിത്രീകരിച്ചത്. അനേകകാലംകൊണ്ട് ഒട്ടേറെ പേരിൽനിന്ന് ശേഖരിച്ച ഓർമകൾ സൂക്ഷിച്ച ഭാണ്ഡത്തിന്റെ നഷ്ടത്തിൽ കൊടുംനിരാശയിലാണ്ടുപോയ കച്ചവടക്കാരനിൽ ഒരു മിന്നൽ വിസ്​മയമുണ്ടായി. അത്, താൻ സമ്പാദിച്ച സ്​മരണകളൊന്നും നഷ്ടമാവാതെ തന്റെ മസ്​തിഷ്കത്തിലുണ്ടെന്നും അവ ക്രമമായി ഓർത്തെടുക്കാൻ തനിക്ക് കഴിയുന്നുണ്ടെന്നുമുള്ള അവിശ്വസനീയമായ തിരിച്ചറിവായിരുന്നു.

സങ്കടം തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്ന സന്ദർഭങ്ങളിൽ എഴുതാൻ വിരലുകൾ ചലിക്കില്ല. അത്തരം ഏതാനും സന്ദർഭങ്ങൾ നേരിടേണ്ടിവന്നു ഈ കഥയെഴുത്തിൽ. റസ്റ്റാറന്റിൽ എത്തിയ ഓർമവ്യാപാരിയെ അതിഥിയായി കണക്കിലെടുത്ത് ഉപചാരപൂർവം സീറ്റിലിരുത്തി, വെൽക്കം ഡ്രിങ്കും മെനു കാർഡും നൽകിക്കൊണ്ട് ഡാഡി വിനീതനായി ചോദിച്ചു: ‘‘എന്തു സഹായമാണ് ഞാൻ താങ്കൾക്ക് ചെയ്തുതരേണ്ടത്?’’

തനിക്ക് ജന്മം നൽകിയ പിതാവ് തന്നെ തിരിച്ചറിയാതിരിക്കുന്ന സ്​ഥിതിയാണ് ഒരു പുത്രന്റെ ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ അവസ്​ഥയെന്ന് അറിഞ്ഞിട്ടുള്ളയാളിന്റെ തൊണ്ട അടഞ്ഞുപോകും, വിരലുകൾ നിശ്ചലമാകും. ബന്ധവും സ്​നേഹവും സ്വന്തമെന്ന അടുപ്പവുമെല്ലാം എ​െന്നന്നേക്കുമായി വിസ്​മരിച്ചുപോയ പിതാവിനു മുന്നിൽ താൻ തികച്ചും അന്യനായി മാറുന്ന സ്​ഥിതി മകനിൽ ഉണ്ടാക്കുന്ന വികാരം ഇതുവരെ വ്യാഖ്യാനിക്കപ്പെട്ടിട്ടില്ല.

റസ്റ്റാറന്റിന്റെ ഡിമെൻഷ്യ സഹവാസ പദ്ധതിയിൽപെടുത്തി തന്റെ ഡാഡിയെ സുഭാഷ് ഗുപ്തയുടെ കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക് യാത്രയാക്കുമ്പോൾ സ്​മൃതി വാണിഭക്കാരൻ പിതാവിനെ കെട്ടിപ്പിടിച്ചുകൊണ്ട് സ്​നേഹാർദ്രമായി വിളിച്ചു: ഡാഡീ... നിർവികാരനായി നിലകൊണ്ട ഡാഡി വിളി കേട്ടില്ല. പകരം തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അന്യ കുടുംബത്തോടൊപ്പം സ്വാഭാവികതയോടെ നടന്നകലുകയായിരുന്നു. ആ കാഴ്ച, ഒറ്റപ്പെട്ടു പോയതിന്റെ നഷ്ടബോധത്തോടെ നിസ്സഹായമായി നോക്കിനിൽക്കേണ്ടി വന്ന വ്യാപാരിയുടെ അവസ്​ഥ ഞാൻ അനുഭവിച്ചതായിരുന്നു.

 

മറവിരോഗബാധിതനായിരുന്ന എന്റെ അച്ഛൻ ആദ്യഘട്ടത്തിൽ എന്റെ പേരു മറന്നു. പിന്നീട് എന്നെ തിരിച്ചറിയാനാവാതെ സഹോദരനായി കണക്കാക്കി. ശേഷം എന്നെ പൂർണമായും മറന്ന് മനസ്സ് ശൂന്യമായി. ഒഴിഞ്ഞുകിടന്ന ആ മനസ്സിൽ തിരിച്ചറിവിനു കഴിയുന്ന എന്റെ നിഴൽത്തുണ്ടു പോലുമുണ്ടായിരുന്നില്ല. ഈ അവസ്​ഥകൾ ഉണ്ടാവുമെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട് ഞാൻ.

ഓർമകളുടെ വ്യാപാരിക്ക് ആശ്വസിക്കാൻ ചിലതുണ്ടായിരുന്നു. സഹവാസ പദ്ധതിയുടെ കരാർ കാലയളവ് തീരുമ്പോൾ ഡാഡി മടങ്ങിയെത്തുമെന്ന്. അയാൾക്ക് പ്രതീക്ഷക്കു വകയുണ്ടായിരുന്നു, തന്റെ ഡാഡിയുടെ ഓർമനഷ്ടത്തിലെ ചിരി വീണ്ടും കാണാനാവുമെന്ന്. അതിനായി ആർക്കൈവിലിരുന്നു കൊണ്ട് അയാൾ ഭോജനശാലയിലേക്ക് ചെവി വട്ടംപിടിച്ചു. എന്നാൽ, അത്തരം ആശ്വാസത്തിനോ പ്രതീക്ഷക്കോ ഒരവസരവും തരാതെ തന്നെ എന്റെ പിതാവ് വിസ്​മൃതിയിൽ തന്നെ വിട്ടുപോയിരുന്നു. സ്​മൃതി വ്യാപാരിയുടെ ഡാഡി റസ്റ്റാറന്റിൽ തിരിച്ചെത്തുകയും പഴയതുപോലെ ഭക്ഷണ ഓർഡറുകൾ തെറ്റിച്ചു നൽകി ചിരി പരത്തുകയും, സ്വയം ഓർമനഷ്ടത്തിലെ ചിരി തുടരുകയും ചെയ്യുമ്പോൾ എനിക്കും നഷ്ടബോധം മറന്ന് ആശ്വസിക്കാനാവും. അത് എന്റെയും അച്ഛനാണല്ലോ. അതിനായി ഞാനും കച്ചവടക്കാരനോടൊപ്പം കാത്തിരിക്കുകയാണ്.

(തുടരും)

News Summary - The ways the story came about