Begin typing your search above and press return to search.

അക്ഷര കലാപം

അക്ഷര കലാപം
cancel

അടുത്തുനിന്നും നിർദേശങ്ങൾ സ്വീകരിച്ചും ടി.ജെ.എസ്.​ ജോർജിനൊപ്പം കാൽനൂറ്റാണ്ട്​ പ്രവർത്തിച്ച, ‘സമകാലിക മലയാളം’ വാരികയുടെ പത്രാധിപർ സജി ജെയിംസ്​ ഒാർമകൾ എഴുതുന്നു. താൻ കണ്ട പത്രാധിപരെ സൂക്ഷ്​മമായി വിലയിരുത്തുകയും ചെയ്യുന്നു. പത്രപ്രവര്‍ത്തകര്‍ക്കിടയിലെ കലാപകാരിയായിരുന്നു ടി.ജെ.എസ്. ജോര്‍ജ്. രൂക്ഷമായ വാക്കുകള്‍കൊണ്ട് അനീതികള്‍ക്കെതിരെ പേന ആയുധമാക്കിയതുകൊണ്ടുതന്നെയാണ്​ അദ്ദേഹം സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം അറസ്റ്റുചെയ്യപ്പെട്ട പത്രാധിപര്‍ ആയത്. നിര്‍ഭയത്വവും ഭരണകൂടത്തിനോട് സന്ധിചെയ്യാത്ത മനസ്സുമായിരുന്നു ആ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ കരുത്ത്. ഇന്ദിര ഗാന്ധിയു​ടെയും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
അടുത്തുനിന്നും നിർദേശങ്ങൾ സ്വീകരിച്ചും ടി.ജെ.എസ്.​ ജോർജിനൊപ്പം കാൽനൂറ്റാണ്ട്​ പ്രവർത്തിച്ച, ‘സമകാലിക മലയാളം’ വാരികയുടെ പത്രാധിപർ സജി ജെയിംസ്​ ഒാർമകൾ എഴുതുന്നു. താൻ കണ്ട പത്രാധിപരെ സൂക്ഷ്​മമായി വിലയിരുത്തുകയും ചെയ്യുന്നു.

പത്രപ്രവര്‍ത്തകര്‍ക്കിടയിലെ കലാപകാരിയായിരുന്നു ടി.ജെ.എസ്. ജോര്‍ജ്. രൂക്ഷമായ വാക്കുകള്‍കൊണ്ട് അനീതികള്‍ക്കെതിരെ പേന ആയുധമാക്കിയതുകൊണ്ടുതന്നെയാണ്​ അദ്ദേഹം സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം അറസ്റ്റുചെയ്യപ്പെട്ട പത്രാധിപര്‍ ആയത്. നിര്‍ഭയത്വവും ഭരണകൂടത്തിനോട് സന്ധിചെയ്യാത്ത മനസ്സുമായിരുന്നു ആ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ കരുത്ത്.

ഇന്ദിര ഗാന്ധിയു​ടെയും കൂട്ടാളികളുടെയും ഫാഷിസ്റ്റു വാഴ്ച തിമിര്‍ത്താടിയ കാലത്ത് അതിനെതിരെ നിശിതം ടി.ജെ.എസ്​ എഴുതി. ‘സെര്‍ച് ലൈറ്റാ’യിരുന്നു തട്ടകം. പിന്നീട് ‘ഫ്രീ പ്രസ് ജേണലും’ ‘ഇന്ത്യന്‍ എക്സ്പ്രസും’. നിര്‍ഭയം പോരാടാന്‍ പറ്റിയ തട്ടകങ്ങളായിരുന്നു രണ്ടും. അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ ആരുടെയൊക്കെ ഉറക്കംകെടുത്തിയിട്ടുണ്ടാകാം. 25 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ഇന്ത്യന്‍ എക്സ്പ്രസിലെ പംക്തി വായിച്ചിരുന്നവര്‍ക്ക് വാക്കുകളുടെ മൂര്‍ച്ച എന്താണെന്നു പറഞ്ഞുകൊടുക്കേണ്ടതില്ല. രാഷ്ട്രീയ അതികായന്മാരും ആരും തൊടാന്‍ ഭയക്കുന്ന സെലിബ്രിറ്റികളും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളേറ്റു പുളഞ്ഞു.

കേരള രാഷ്ട്രീയത്തിലെ മൂല്യച്യുതിയെ നിരന്തരം ആക്രമിച്ചിട്ടുള്ള അദ്ദേഹത്തിന് തന്റെ അവസാന നാളുകളില്‍പോലും പ്രായം ഒരു തടസ്സമായി നിന്നില്ല. ‘വിയോജനക്കുറിപ്പ്’ എന്ന പേരില്‍ ‘സമകാലിക മലയാള’ത്തില്‍ ആരംഭിച്ച പംക്തിയില്‍ ഇങ്ങനെ പറയുന്നുണ്ട്: കേരളത്തില്‍ മദ്യസേവ നടത്തുന്നതില്‍ 50 ശതമാനത്തിലധികം സത്യക്രിസ്ത്യാനികളായിരിക്കും. ഈ ആട്ടിന്‍കൂട്ടത്തെ സ്വാധീനിക്കാന്‍ ഇടയന്മാര്‍ക്കു സാധിക്കില്ലേ? ക്രിസ്ത്യാനികള്‍ മദ്യം കഴിക്കില്ല എന്ന് ഒരുദിവസം തീരുമാനിച്ചാല്‍ അടുത്ത ദിവസം മദ്യലോബിയും മദ്യവിൽപനയും മദ്യ സംസ്‌കാരവും നിലംപതിക്കും.

മറ്റൊരിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു: പ്രൊഹിബിഷന്‍ എന്നാല്‍ പാടില്ല എന്നാണല്ലോ അർഥം. പാടില്ല എന്നുപറഞ്ഞു വിലക്കുന്ന സാധനത്തോട് ഒരു പ്രത്യേക മമത തോന്നുക എന്നതാണ് മനുഷ്യസ്വഭാവം. മതങ്ങളും ഇതു സമ്മതിക്കുന്നു. ആദിമനുഷ്യരായ ആദാമിനോടും ഹവ്വയോടും ദൈവം ഒരു കാര്യം പറഞ്ഞു, ഒരു മരത്തിലെ ഫലം മാത്രം ഭക്ഷിക്കരുതെന്ന്. ആ ഒരു മരത്തിലെ ഫലത്തിനോടു മാത്രമായി ആദാമിന്റെയും ഹവ്വയുടെയും ആര്‍ത്തി. വിലക്കപ്പെട്ട ഫലം പറിച്ച് അവര്‍ ഭക്ഷിക്കുകയും ഉടന്‍തന്നെ തോട്ടത്തില്‍നിന്ന് അവര്‍ ബഹിഷ്‌കൃതരാവുകയും ചെയ്തു.

 

ടി.ജെ.എസ്.​ ജോർജ്- ഒരു പഴയകാല ചിത്രം,ടി.ജെ.എസ്. ജോർജ്​ -മരണത്തിന്​​ അൽപനാളുകൾക്ക്​ മുമ്പ്​ അവസാനമായി കണ്ടപ്പോൾ സജി ജെയിംസ്​ പകർത്തിയ ചിത്രം

വായനക്കാര്‍ക്ക് ചിന്തിക്കാനുള്ള മരുന്നാണ് അദ്ദേഹത്തിന്റെ എഴുത്തില്‍ പ്രകടമായി നില്‍ക്കുന്നത്. നിരന്തരമായ വായനയുടെയും എഴുത്തിന്റെയും ഫലമാണ് ഈ സിദ്ധി. പുതിയ കാലത്തെ കണക്കെടുത്താല്‍ ഈ നിരയിലേക്ക് എത്രപേര്‍ ഉണ്ടാകും. 2005ല്‍ എഴുതിയ ഒരു കുറിപ്പില്‍ ഇങ്ങനെ പറയുന്നു: വാണിഭം മുതല്‍ മൂന്നാര്‍ കൈയേറ്റം വരെയുള്ള അഴിമതികളെക്കുറിച്ച് സഖാവ് വി.എസ് സത്യാസത്യങ്ങള്‍ അക്കമിട്ട് നിരത്തുമ്പോള്‍, വായനക്കാരും കാണികളും ഉരുവിടുന്ന പ്രാർഥന കേരളമെങ്ങും കേള്‍ക്കാം. ‘‘ഈശ്വരാ ഇദ്ദേഹം വല്ലവിധത്തിലും മുഖ്യമന്ത്രി ആകണമേ. നാടിനെ സർവനാശത്തിലേക്കു തള്ളിവിടുന്ന കൊള്ളയടികളും കൊള്ളരുതായ്മകളും അതോടെ അവസാനിക്കും. ഈ സഖാവിനു നല്ലതുവരണേ.’’ അവിടെയല്ല ഈശ്വരന്റെ നർമബോധം. നാളത്തെ കാര്യം നാളെ പറയാം എന്ന് ബുദ്ധിശാലിയായ സഖാവ് പ്രഖ്യാപിച്ചുകഴിഞ്ഞു. പൊതുജനം കഴുതയാണെന്ന മൂലതത്ത്വമനുസരിച്ച് സംഗതികള്‍ പുരോഗമിക്കുമെന്നർഥം. ബുദ്ധിശാലിയായ സഖാവ് വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചനസ്വഭാവത്തോടെ പ്രവചിക്കുകയുംചെയ്തു ടി.ജെ.എസ്.

ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിനൊരു ഉദാഹരണം ഈ എഴുത്തിലുണ്ട്. വയലാര്‍ പാടി: ‘‘മാനം നിറഞ്ഞ മഴക്കാറേ, കോരിക്കെട്ടി പെയ്യരുതേ; മനസ്സുനിറഞ്ഞ നൊമ്പരമേ, വിങ്ങിപ്പൊട്ടി കരയരുതേ.’’ വയലാര്‍ പാടി. മഴക്കാറു കേട്ടില്ല. ജനം കേട്ടില്ല. കോരിക്കെട്ടി പെയ്തിട്ടും എല്ലാം മറന്ന ജനം വിങ്ങിപ്പൊട്ടിക്കരഞ്ഞു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ. വെളുപ്പിനു രണ്ടു മണിക്കും നാലു മണിക്കും ഒക്കെ. വയലാറിന്റെ വിലാപയാത്രക്കുശേഷം കേരളം ഒന്നടങ്കം ഹൃദയം നൊന്തു കണ്ണീരൊഴുക്കിയ സന്ദര്‍ഭമായിരുന്നു ഇ.കെ. നായനാരുടെ അന്ത്യയാത്ര. -ഒരു രാഷ്ട്രീയക്കാരന്റെ വേര്‍പാടില്‍ ജനലക്ഷങ്ങള്‍ക്ക് ഇങ്ങനെ അണപൊട്ടി ഒഴുകുന്ന ദുഃഖമോ? അതും മരണം 85ാം വയസ്സിലാകുമ്പോള്‍. രാഷ്ട്രീയമീമാംസകളും മന്ത്രിക്കസേരയിലെ നയവൈകല്യങ്ങളും വിവാദപരാമര്‍ശങ്ങളും എല്ലാം അപ്പാടെ മറന്ന് സ്‌നേഹം മാത്രമായിരുന്നു കേരളീയര്‍ക്ക് നായനാരോടു തോന്നിയ വികാരം എന്ന് ആ വിലാപയാത്ര വിളിച്ചുപറഞ്ഞു. അതെങ്ങനെ സംഭവിച്ചു? ഇത്തരം ചോദ്യങ്ങളിലൂടെയാണ് ടി.ജെ.എസ് തന്റെ ചിന്തകളെ വികസിപ്പിച്ചിരുന്നത്.

ഇങ്ങനെ അപ്രതീക്ഷിത ചോദ്യങ്ങള്‍കൊണ്ട് രണ്ടു പത്രപ്രവര്‍ത്തകരെ നേരിട്ട കഥ സാജു ചേലങ്ങാട്ട് ടി.ജെ.എസിന്റെ മരണശേഷം എഴുതിയിരുന്നു. സി.കെ. ചന്ദ്രപ്പനും എ.കെ. ആന്റണിയും ഒരു തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ദിവസങ്ങളില്‍ ചേര്‍ത്തലയില്‍ എത്തിയ അദ്ദേഹം ഇവരെ അപ്രതീക്ഷിതമായി കാണുകയായിരുന്നു. റിപ്പോര്‍ട്ട് എഴുതാനല്ലെന്നും ഒരു ലേഖനമെഴുതാന്‍ വന്നതാണെന്നും പറഞ്ഞ അദ്ദേഹം ആ യുവ പത്രപ്രവര്‍ത്തകരോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. അത് ഇങ്ങനെ ലേഖകന്റെ തന്നെ വാക്കുകളില്‍, ‘‘പൊതുവേ രാഷ്ട്രീയക്കാര്‍ ആരോപണങ്ങള്‍ നേരിടാറുണ്ട്. എന്നാല്‍, ചേര്‍ത്തലയില്‍നിന്നുള്ള രാഷ്ട്രീയക്കാര്‍ ക്ലീന്‍ ആണ്. ആന്റണി ആയാലും ചന്ദ്രപ്പനായാലും ഗൗരിയമ്മ ആയാലും പി. പരമേശ്വരനായാലും ഒരു കളങ്കവും ഉണ്ടാക്കാത്തവരാണ്. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? അവര്‍ അങ്ങനെ ആവാന്‍ എന്തെങ്കിലും സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടോ?

ഇതുവരെ ഒരു പത്രപ്രവര്‍ത്തകനും തേടാത്ത ഒന്നായിരുന്നു ജോര്‍ജ് സാര്‍ തേടിയത്. ഞാനും ഹരികുമാറും പെട്ടെന്ന് ഉത്തരം നല്‍കാന്‍ പറ്റാത്ത അവസ്ഥയിലായി. അത് അദ്ദേഹത്തിന് മനസ്സിലായിക്കാണും. വിഷയം വയലാര്‍ വെടിവെപ്പിലേക്ക് അദ്ദേഹം കൊണ്ടുപോയി. വിടുന്ന മട്ടില്ല. കുഴക്കുന്ന ഒരു ചോദ്യം അദ്ദേഹം വീണ്ടും തൊടുത്തു. വെടിവെപ്പില്‍ മരിച്ചവരുടെ മക്കള്‍ ആരെങ്കിലും രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ തലപ്പത്ത് വന്നിട്ടുണ്ടോ? ഇല്ലെന്ന് പറയാന്‍ പെട്ടെന്ന് എനിക്കായി. എന്തുകൊണ്ടാണത്? അദ്ദേഹത്തിന്റെ മറ്റൊരു ചോദ്യം. വീണ്ടും തൊടുത്തു കുഴക്കുന്ന ഒരു ചോദ്യംകൂടി. ഈ മണ്ഡലത്തില്‍നിന്ന് ജയിച്ച മിക്കവര്‍ക്കും മന്ത്രി ഭാഗ്യമോ നേതൃഭാഗ്യമോ കിട്ടാറുണ്ടല്ലോ എന്തുകൊണ്ടാണത്? പിന്നെയും ചോദിച്ചു, വയലാര്‍ സമരം ദിവാന്‍ സര്‍ സി.പിക്കെതിരെ മാത്രം എന്തുകൊണ്ട് ഒതുങ്ങിനിന്നു? തിരുവിതാംകൂര്‍ രാജാവിനെ എന്തുകൊണ്ട് എതിര്‍ത്തില്ല? രാജഭരണം വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടായിരുന്നു? ഇതായിരുന്നു ടി.ജെ.എസ്.

 

ടി.ജെ.എസ്. ജോർജ് ഭാര്യ അമ്മുവിനും മക്കളായ ജീത് തയ്യിലിനും ഷേബക്കുമൊപ്പം

കേരളത്തിലെ പത്രപ്രവര്‍ത്തനത്തില്‍ ചോദ്യങ്ങള്‍ അപ്രത്യക്ഷമാകുന്നതിനെപ്പറ്റി അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങൾക്ക് മറുപടി കിട്ടുന്നതുവരെ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതാണ് അദ്ദേഹം തന്റെ തലമുറയില്‍ ഉള്ളവരോടും പില്‍ക്കാല തലമുറയോടും പറഞ്ഞുകൊണ്ടിരുന്നത്. റിപ്പോര്‍ട്ടിങ്ങുകളില്‍ ഉണ്ടാകേണ്ട സൂക്ഷ്മതയും അത് ഡസ്‌കില്‍ എത്തിക്കഴിഞ്ഞാല്‍ വായനക്കാര്‍ക്ക് വായിക്കാന്‍ കഴിയുന്നതരത്തില്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാനും കഴിയുമ്പോഴേ പത്രപ്രവര്‍ത്തനത്തിന്റെ ദൗത്യം പൂര്‍ത്തിയാകുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. എഡിറ്ററായിരിക്കേ ഇക്കാര്യത്തില്‍ തന്നോടൊപ്പം ജോലിചെയ്യുന്നവര്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്നും ശഠിച്ചു. ആ ശാഠ്യത്തിന്റെ ഗുണം പത്രത്തിലും പ്രതിഫലിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസിന് ഫോര്‍ട്ട്കൊച്ചി ആസ്ഥാനമായി കേരള എഡിഷന്‍ പ്രവര്‍ത്തിച്ചപ്പോള്‍ റെസിഡന്റ് എഡിറ്ററായിരുന്നു. കഴിവുള്ള പുതിയ ആളുകളെ കണ്ടെത്തുന്നതിലും അവരെ ശ്രദ്ധയോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം കാണിച്ചിട്ടുള്ള ഉത്സാഹത്തെ അന്നത്തെ പല ജീവനക്കാരും പ്രകീര്‍ത്തിച്ചു സംസാരിച്ചിട്ടുള്ളത് കേട്ടിട്ടുണ്ട്. പുതുതായ ഓരോ കാര്യങ്ങളെപ്പറ്റിയും തന്നെക്കാള്‍ പ്രായം കുറഞ്ഞവരോടുപോലും ഒരു മടിയും കൂടാതെ ചോദിച്ചറിയും. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് ഉപയോഗവും അദ്ദേഹം അങ്ങനെ പഠിച്ചെടുത്തതാണ്. നവമാധ്യമങ്ങളില്‍ നന്നായി ഇടപെട്ടു തുടങ്ങി. പുതിയ തലമുറയെ അവരുടെ അഭിരുചികളെ എല്ലാം സാകൂതം വീക്ഷിക്കുകയും അതിനെപ്പറ്റി തന്റെ കോളത്തിലുള്‍പ്പെടെ എഴുതുകയും ചെയ്തിരുന്നു. ഫാഷിസത്തി​ന്റെയും മോദിഭരണത്തി​ന്റെയും വിമർശകനായിരുന്നു ടി.ജെ.എസ്. കേരളത്തിന്റെ രാഷ്ട്രീയത്തെ അടുത്തുനിന്ന് നോക്കിക്കണ്ട അദ്ദേഹത്തിന് പി.കെ. വാസുദേവന്‍ നായരും പി. ഗോവിന്ദപ്പിള്ളയും ആര്‍.എസ്.പി നേതാവ്​ ശ്രീകണ്ഠന്‍ നായരും എ.എന്‍. ഗോവിന്ദന്‍ നായരും അടുത്ത സുഹൃത്തുക്കളായിരുന്നു. വി.എസിന്റെ അഴിമതി വിരുദ്ധസമരങ്ങളെ ടി.ജെ.എസ് അനുകൂലിക്കുന്ന നിലപാടെടുത്തത് വലിയ ചര്‍ച്ചയായി.

പിണറായി വിജയൻ സര്‍ക്കാറിന്റെ രണ്ടാം വരവും അദ്ദേഹം പ്രവചിച്ചിരുന്നു. 2021 മാര്‍ച്ച് 24ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ തന്റെ കോളത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: രാഷ്ട്രീയ നേതാക്കള്‍ക്ക് ഗുണകരമാവുന്ന കേസ് സ്റ്റഡിയാണ് പിണറായി വിജയന്‍. മറ്റ് ഏത് സംസ്ഥാനത്ത് ആണെങ്കിലും മുങ്ങിപ്പോകുമായിരുന്ന ഒരു കമ്യൂണിസ്റ്റ്. കമ്യൂണിസത്തെ ഭയപ്പെടുന്നില്ല എന്നതുകൊണ്ട് കേരളത്തില്‍ അതിജീവിച്ച ഒരാള്‍. കമ്യൂണിസം തന്നെ കേരളത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമായി, വിജയന്‍ അതിന്റെ അനിഷേധ്യ നേതാവുമായി. അദ്ദേഹം കേരളത്തിലേക്കും ജനങ്ങളുടെ ജീവിതത്തിലേക്കും യഥാര്‍ഥവും തൊട്ടറിയാവുന്നതുമായ പുരോഗതി കൊണ്ടുവന്നു. മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മാത്രമായിരുന്നു പിണറായിയുടെ നേതൃത്വത്തെ അംഗീകരിച്ചത്.

ഇപ്പോള്‍ കേരളം മുഴുവന്‍ അദ്ദേഹത്തിനായി കൈയടിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു, ഒരു ഫലവും ഉണ്ടാവില്ലെന്നറിഞ്ഞുകൊണ്ടു തന്നെ. വിജയന്‍ എല്ലാവരുടെയും അംഗീകാരം നേടിയിരിക്കുന്നു. ഭരണത്തലവനായി അദ്ദേഹം തുടരുകതന്നെ ചെയ്യും.’’ അതായിരുന്നു പ്രവചനം. ശബരിമലയിലെ യുവതീപ്രവേശന വിവാദത്തില്‍ ഒലിച്ചുപോകും എന്നു കരുതിയ പിണറായിയാണ് തിരിച്ചുവരും എന്ന് ടി.ജെ.എസ് പ്രവചിച്ചത്. കർണാടക രാഷ്ട്രീയത്തെയും തമിഴ്‌നാട് രാഷ്ട്രീയത്തെയും അഗാധമായി പഠിച്ചിരുന്ന അദ്ദേഹം നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതി. ദ്രാവിഡ രാഷ്ട്രീയം അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട പഠനവിഷയമായിരുന്നു.

ചെറുപ്പം മുതല്‍തന്നെ ഇംഗ്ലീഷ് ജേണലിസത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മലയാളം എഴുതാന്‍ ത്രാണിയുണ്ടാകുക എന്ന സംശയം അദ്ദേഹത്തിന്റെ നിഴലില്‍ ജോലിചെയ്തിരുന്നപ്പോഴൊക്ക തോന്നിയിരുന്നു. ആ സംശയം തീര്‍ന്നത് ‘ഘോഷയാത്ര’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ സമകാലിക മലയാളം വാരികയില്‍ തുടര്‍ച്ചയായി വന്നപ്പോഴാണ്. മനോഹരമായ കൈയക്ഷരത്തില്‍ നല്ല തെളിമയാര്‍ന്ന ഭാഷയില്‍ അദ്ദേഹം എഴുതിയ ഓരോ ലക്കവും ഞങ്ങളെ വിസ്മയപ്പെടുത്തി. എഴുതി തന്നുകഴിഞ്ഞാല്‍ എഴുത്തുകാരന്റെ കടമ അവസാനിച്ചു എന്നു കരുതി പോകുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ആ ലക്കത്തില്‍ ഉപയോഗിക്കേണ്ട ചിത്രങ്ങളും അത് എവിടെ ഏത് സ്ഥലത്ത് ചേര്‍ക്കണം എന്നുവരെ സൂചിപ്പിച്ചിരിക്കും. അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല. ഓരോ ലക്കത്തിനും വരുന്ന പ്രതികരണങ്ങള്‍, കത്തുകള്‍, മെയിലുകള്‍ ഒക്കെ ശ്രദ്ധിച്ചു. ഇങ്ങനെയാകണം ഒരു പത്രപ്രവര്‍ത്തകന്‍ എന്ന സന്ദേശംകൂടിയാണ് അന്ന് ഞങ്ങള്‍ക്ക് നല്‍കിയത്. പിന്നീട് ‘ഘോഷയാത്ര’ പുസ്തകമായപ്പോള്‍ അതിനുകിട്ടിയ ഖ്യാതി ഇത്രയും സമര്‍പ്പണമനസ്സോടെ എഴുതിയതി​ന്റെ ഫലമാണെന്ന് മനസ്സിലായി. എല്ലാ പുസ്‌തക രചനയുടെയും പിന്നിലും ഇതേ പ്രക്രിയതന്നെയാണ് നടന്നിട്ടുള്ളതും. ചില പുസ്തകങ്ങളുടെ എഴുത്തിലും പിന്നീട് അത് വായനക്കാരിലേക്ക് എത്തുന്നതും നേരിട്ടു കണ്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ അത് ഉറപ്പിച്ചുപറയാന്‍ കഴിയും.

സാഹസികത്വം പത്രപ്രവര്‍ത്തകര്‍ക്കുവേണമെന്ന് സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം തെളിയിച്ചു. ഹോങ്കോങ്ങിൽ ‘ഏഷ്യാ വീക്ക്’ ആരംഭിച്ചതും ആ സാഹസികപ്രകൃതം ഒന്നുകൊണ്ടു മാത്രം. ജേണലിസത്തിന്റെ തുടക്ക കാലത്ത് കൈയില്‍ പണമില്ലാതെ തെരുവില്‍ കിടന്നുറങ്ങി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. പത്രപ്രവര്‍ത്തനത്തോട് പുലര്‍ത്തിയ ഭ്രാന്ത് ഒന്നുമാത്രമാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്കെത്തിച്ചത്. ഇതെല്ലാമാണെങ്കിലും ടി.ജെ.എസിലുണ്ടായിരുന്ന വിനയവും ലാളിത്യവും മറ്റാരിലും കാണാന്‍ കഴിയുകയുമില്ല. പത്മഭൂഷണും സ്വദേശാഭിമാനി പുരസ്‌കാരവുമെല്ലാം അണിഞ്ഞിട്ടും അതിന്റെ പേരില്‍ എങ്ങും മേനിനടിച്ചില്ല. ഇനിയും പഠിക്കേണ്ടതാണ് അദ്ദേഹത്തിന്റെ ജീവിതം; പ്രത്യേകിച്ച് പുതുതലമുറ പത്രപ്രവര്‍ത്തകര്‍.

News Summary - T.J.S. George news editor life