Begin typing your search above and press return to search.

പിച്ചാങ്കത്തി

പിച്ചാങ്കത്തി
cancel

‘‘എ​​ന്റെ ഏറ്റവുമാദ്യത്തെ ഓർമ ചുവപ്പിൽ മുങ്ങിയതാണ്. ആയയുടെ കയ്യിൽ ഒരു വാതിലിലൂടെ ഞാൻ പുറത്തേക്ക് വരുന്നു. മുന്നിലുള്ള തറ ചുവപ്പാണ്. ഇടതുഭാഗത്ത് താഴത്തേക്ക് പോകുന്ന കോണിപ്പടിക്കും ചുവപ്പ്. ഞങ്ങൾക്ക് കുറുകെ അതേ പൊക്കത്തിലുള്ള മറ്റൊരു വാതിൽ തുറക്കുന്നു. പുഞ്ചിരിയോടെ ഒരാൾ മുന്നോട്ടുവരുന്നു, എ​ന്റെ ​നേർക്ക് സൗഹാർദമായി. എന്റെ അടുത്തെത്തി അയാൾ നിൽക്കുന്നു. എന്നിട്ട് പറയുന്നു: ‘‘നാവ്​ കാട്ടൂ’’. ഞാൻ നാവ് നീട്ടുന്നു. അയാൾ കീശയിൽ കയ്യിട്ട് ഒരു പിച്ചാങ്കത്തി എടുക്കുന്നു. എന്നിട്ട് പറയുന്നു: ‘‘ഇനി നമ്മൾ ഇവന്റെ നാവ് മുറിച്ചുകളയും.’’ നാവ് പിൻവലിക്കാൻ ഞാൻ ധൈര്യപ്പെടുന്നില്ല. അയാൾ കൂടുതൽ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

‘‘എ​​ന്റെ ഏറ്റവുമാദ്യത്തെ ഓർമ ചുവപ്പിൽ മുങ്ങിയതാണ്. ആയയുടെ കയ്യിൽ ഒരു വാതിലിലൂടെ ഞാൻ പുറത്തേക്ക് വരുന്നു. മുന്നിലുള്ള തറ ചുവപ്പാണ്. ഇടതുഭാഗത്ത് താഴത്തേക്ക് പോകുന്ന കോണിപ്പടിക്കും ചുവപ്പ്. ഞങ്ങൾക്ക് കുറുകെ അതേ പൊക്കത്തിലുള്ള മറ്റൊരു വാതിൽ തുറക്കുന്നു. പുഞ്ചിരിയോടെ ഒരാൾ മുന്നോട്ടുവരുന്നു, എ​ന്റെ ​നേർക്ക് സൗഹാർദമായി. എന്റെ അടുത്തെത്തി അയാൾ നിൽക്കുന്നു. എന്നിട്ട് പറയുന്നു: ‘‘നാവ്​ കാട്ടൂ’’. ഞാൻ നാവ് നീട്ടുന്നു. അയാൾ കീശയിൽ കയ്യിട്ട് ഒരു പിച്ചാങ്കത്തി എടുക്കുന്നു. എന്നിട്ട് പറയുന്നു: ‘‘ഇനി നമ്മൾ ഇവന്റെ നാവ് മുറിച്ചുകളയും.’’ നാവ് പിൻവലിക്കാൻ ഞാൻ ധൈര്യപ്പെടുന്നില്ല. അയാൾ കൂടുതൽ അടുത്തേക്ക്, കത്തിമുഖം ഏതു നിമിഷവും എ​ന്റെ നാവിൽ തൊടു​​മെന്നായി. അവസാന നിമിഷം കത്തി പിൻവലിച്ച് അയാൾ പറയുന്നു, ‘‘ഇന്ന് വേണ്ട, നാളെ’’ കത്തി മടക്കി കീശയിലിടുന്നു...

...ഇക്കാര്യം ഞാൻ ആരോടും പറഞ്ഞില്ല. അമ്മയോട് പറഞ്ഞത് ഏറെക്കാലം കഴിഞ്ഞാണ്. എല്ലായിടത്തുമുള്ള ചുവപ്പിന്റെ സൂചന ​െവച്ച് അമ്മ പറഞ്ഞു, അത് കാൾസ്​ ബെഡിലെ അതിഥിമന്ദിരമായിരിക്കണമെന്ന്. 1907ലെ വേനൽക്കാലത്ത് അച്ഛനും എനിക്കുമൊപ്പം അമ്മ കഴിച്ചുകൂട്ടിയ ഇടം. രണ്ടുവയസ്സായ ആൺകുട്ടിയെ നോക്കാൻ ഒരമ്മൂമ്മയെയും 15 വയസ്സുള്ള പെൺകുട്ടിയെയും അമ്മ ബൾഗേറിയയിൽനിന്ന് കൊണ്ടുവന്നിരുന്നു. എന്നും നേരം വെളുക്കുമ്പോൾ കുട്ടിയെ എടുത്ത് പെൺകുട്ടി പുറത്തുപോകും... കൃത്യസമയത്തുതന്നെ മടങ്ങിയെത്തുമായിരുന്നു. ഒരിക്കൽ അജ്ഞാതനായ ഒരു ചെറു​പ്പക്കാരനുമൊത്ത് അവളെ തെരുവിൽ കണ്ടു. അയാളെപ്പറ്റി എന്തെങ്കിലും പറയാൻ അവൾക്കായില്ല.

ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ വ്യക്തമായി, അതിഥിമന്ദിരത്തിൽ ഞങ്ങളുടേതിന് എതിരെ, ഇടനാഴിയുടെ മറ്റേ അറ്റത്തുള്ള മുറിയിലാണ് അയാൾ താമസിച്ചിരുന്നത്​. ​രാത്രി, ചിലപ്പോൾ അവൾ അങ്ങോട്ടു പോകും. എന്റെ അച്ഛനമ്മമാർക്ക് അവളുടെ കാര്യത്തിൽ ഉത്തരവാദിത്തം തോന്നി. ഉടനടി അവളെ ബൾഗേറിയയിലേക്ക് തിരിച്ചയച്ചു... കത്തികൊണ്ടുള്ള ഭീഷണി ഏറ്റു. കുട്ടി അക്ഷരാർഥത്തിൽ നാവ് പിടിച്ചു​െവച്ചു. പത്തുകൊല്ലം (Memoirs Part I^ The Tongue Set Free).

–ഭയവും അധികാരവുമൊക്കെ നാരിഴകീറി പൊരുളഴിച്ച ഏലിയാസ് കനെറ്റിയുടെ ഓർമപ്പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. നേരിനെ നിശ്ശബ്ദമാക്കുന്നതിന് മനുഷ്യൻ അവലംബിക്കുന്ന ചിരപുരാതന തന്ത്രം സ്പഷ്ടമാക്കുന്ന കന്നിയോർമ. ഉൾഭയമുണ്ടാക്കൽ –അതാണ് പ്രാഥമികം. ഇളമയിൽ അതെളുപ്പമാണ് മുതിർന്നോർക്ക്, പാകാൻ. മുതിർന്നോരിൽ ഏശാൻ പലവിധമുണ്ട് പിച്ചാങ്കത്തികൾ –ദേഹഭയം തൊട്ട് ഭവിഷ്യത് ഭയം വരെ. അതിനപ്പുറവുമുണ്ട്, മരണാനന്തര ദണ്ഡവിധിയുടെ അഭൗമ കൽപനകൾ.

കുടുംബത്ത്, പാഠശാലയിൽ, സ്ഥാപനങ്ങളിൽ, ആസ്പത്രിയിൽ, ദേവാലയങ്ങളിൽ, രാഷ്ട്രങ്ങൾക്കിടയിൽ... എന്തിന്, കളികളിൽ വരെ. ചട്ടങ്ങളുടെയും നിയമങ്ങളുടെയും കീശയിലാണ് മടക്കുകത്തി. ഉറയൂരാതെ തന്നെ സ്പന്ദിക്കുന്ന ഭീഷണ സ്മൃതിയായി ഓരോന്നു​മേൽക്കും മനസ്സിൽ. അതി​ന്മേലുള്ള ഏറ്റുപറച്ചിൽപോലും അതിന്റെ തുടർച്ചയായെന്നു വരാം, മൂർച്ചയുടെ മറുകടകമായി. ലക്ഷണമൊത്ത ഉദാഹരണം കുമ്പസാരം.

പ്രസിദ്ധമായ ‘ഗിരിപ്രഭാഷണ’ത്തിലാണല്ലോ അതിന്റെ ഉയിർപ്പ്. നരബലിയിൽനിന്ന് മൃഗബലിയിലേക്ക് അതിനോടകം പരിണമിച്ചിരുന്ന പാപപരിഹാരക്രിയ തട്ടിപ്പാണെന്ന് ചരിത്രത്തിലാദ്യമായി തുറന്നുപറഞ്ഞ യേശു, പോംവഴിയും തന്നു: ‘പശ്ചാത്താപമേ പ്രായശ്ചിത്തം’. ചെയ്തുപോയത് തെറ്റാണെന്ന് സ്വയം ബോധ്യമായാൽ താനേ തോന്നും മനസ്താപം. അതിൽനിന്ന്​ കിനിയുന്ന കണ്ണീര് മനസ്സ്​ കഴുകി നിർമലമാക്കും. അങ്ങനൊരു ശുദ്ധീകരണശേഷിയുണ്ട് കണ്ണീരിന്. പകരക്കാരെ ബലിയർപ്പിച്ച് കൈകഴു​കുമ്പോൾ ഇത് നടക്കുന്നില്ല. അതിനാൽ പ്രതീകബലി അസംബന്ധം. സ്വയംവിമലീകരണമാണ് യേശു വിവക്ഷിച്ച പ്രായശ്ചിത്തം.

പൗലോസ് പണിതുയർത്തിയ മിശിഹാ മതത്തിന്റെ പള്ളി പ​ക്ഷേ പ്രതീകബലി ഉപേക്ഷിച്ചില്ല. പകരം പഴയ ബിനാമികളിൽനിന്ന് മാറ്റി സാക്ഷാൽ കർത്താവിന്റെ പേർക്കാക്കി. ‘മനുഷ്യനുവേണ്ടി ബലിയായവന്റെ’ മാംസത്തിനും ചോരക്കും പ്രതീകമായി അപ്പവും വീഞ്ഞുംകൊണ്ടുള്ള കുർബാന. അതിനേക്കാൾ തന്ത്രപരമായത്, ഹൃദയശുദ്ധീകരണത്തെ അധികാര പദ്ധതിയുടെ ഭാഗമാക്കിയ മനശ്ശാസ്ത്ര വിദ്യയാണ്; പട്ടക്കാരനോട് രഹസ്യമായി കുമ്പസാരിച്ചാൽ പാപഭാരമൊഴിഞ്ഞ് മനസ്സ് വിമലീകരിക്കാമെന്ന വ്യവസ്ഥ. അങ്ങനെ, കുഞ്ഞാടുകളുടെ ജീവിത സ്വകാര്യതക്കുമേൽ ഇടയന് മാനസികമായ മേ​ൽ​ക്കൈ തരമാവുന്നു. കുമ്പസാര​ രഹസ്യം പുറത്തുപോവില്ലെന്ന കൽപിത വിശ്വാസം ഈ ചങ്ങലയെക്കുറിച്ച തിരിച്ചറിവിനുള്ള തടയണയുമായി. വാസ്തവത്തിൽ, രഹസ്യം പുറത്തായാലുള്ള ഭവിഷ്യത്തിലും ഭീകരമാണ് അതിന്റെ സൂക്ഷിപ്പുകാരന് കൈവരുന്ന ഈ കോയ്മ. മാനസികമായ വിധേയത്വംതന്നെ ഇവിടെയും ഭംഗ്യന്തരേണയുള്ള ഇംഗിതം –കുഞ്ഞുനെറ്റിക്കു വെച്ച പിച്ചാങ്കത്തി ക​ണക്കെ.

‘‘ശരിയായ കുമ്പസാരം ഒരാളോടു മാത്രമേ കഴിയൂ –ദൈ​വത്തോട്. ആളെ നേരിൽ കണ്ടുപറയാൻ കഴിയാത്തതുകൊണ്ട് ഞാൻ എന്നോടു തന്നെ അത് നടത്തുന്നു’’ –ദസ്തയേവ്സ്കി ഇപ്പറഞ്ഞതു തന്നെയല്ലേ ‘ഗിരിപ്രഭാഷണ’ത്തിന്റെ പ്രയോഗസാരം​? മനസ്സാക്ഷിക്കു മുന്നിലെ കുമ്പസാരം മനസ്സ് വിമലീകരിക്കുന്നു, ഹൃദയഭാരം ഇളയ്ക്കുന്നു. ഭവിഷ്യത് ഭയം ഒഴിക്കുന്നു.

നമ്മുടെ സമൂഹത്തിൽ ഇക്കാലത്ത് ഇത് സാധ്യമാണോ? കരളെടുത്ത് കാട്ടിയാൽ കടലാവണക്കെന്ന് പറയും, ഉറ്റോരുപോലും. പിഴയുടെ ലാഞ്ഛന കണ്ടപാതി, പുണ്യാത്മാക്കളാവും നാട്ടാര്. പിന്നെ തുരുതുരെ പഴിയേറും വിധിതീർപ്പും. ചെയ്തിക്കുമേൽ താത്ത്വികവും രാഷ്ട്രീയപരവും മനശ്ശാസ്​ത്രീയവും തൊട്ട് ശരീരഭാഷാപരം വരെയുള്ള സ്മാർത്തവിചാരം. ഈ കത്തിയേറിന്റെ ആകാശവൃഷ്ടിക്കിടെ മനം തുറന്നൊന്നു കരയാൻകൂടി നിമിഷനേരം കൊടുക്കില്ല. ധർമിഷ്ഠ ജനാവലി. സ്വാഭാവികമായും, പശ്ചാത്താപത്തിനല്ല രക്ഷോപായത്തിനാവും മനുഷ്യപ്രവണത –നിന്നുപെഴയ്ക്കാനുള്ള തത്രം. പോംവഴികളും പ്രതീകങ്ങളും ചമയ്ക്കും, സ്വയമൊളിക്കാൻ. വാസ്തവത്തിൽ ഒളിക്കുന്നത് ഏറിൽനിന്ന് മാത്രമല്ല തന്നിൽനിന്ന് കൂടിയാണ്. ചുരുക്കിയാൽ, ആപ്തവാക്യമൊക്കെ ഗ്രന്ഥത്തിൽ കിടക്കും, ഭയാശങ്കകൾ നാവിൽ കത്തിവെച്ച് മനസ്സിനെ ബന്ദിയാക്കും.

പേടിയെയാണ് എനിക്കേറ്റം പേടി –അതാദ്യം പറഞ്ഞത് മൊൻടേയ്ൻ. പിന്നീടിങ്ങോട്ട് പല കേമരും പറഞ്ഞു, അതും അതിനപ്പുറവും. മനുഷ്യസംസ്കാരത്തിന്റെ ഏറ്റവും വലിയ തിന്മ, സ്വാതന്ത്ര്യത്തിനുള്ള ഏറ്റം വലിയ തടസ്സം തുടങ്ങി എന്തുവില കൊടുത്തും എതിരിടേണ്ട വികാരം എന്നുവരെ, എന്നിരിക്കിലും ഇപ്പറയുന്നവരൊക്കെ ഗോപ്യമായെങ്കിലും ഇഷ്ടപ്പെടുന്നുണ്ട് പേടി എന്ന ആശയത്തെ. ഭയം അപായത്തെ ഓർമിപ്പിക്കും, അതിനെതിരെ നിൽക്കാൻ ​പ്രേരിപ്പിക്കും എന്നതുകൊണ്ടല്ല. മറിച്ച്, ഉത്തേജിതമായ ഒരനുഭവം സൃഷ്ടിക്കാൻ അതിന് കഴിയും എന്നതുകൊണ്ട്. മറ്റൊരു വികാരത്തിനും കഴിയാത്തത്ര തിടുക്കത്തിൽ നമ്മുടെ ഗ്രാഹ്യത്തെ ബാധിക്കുന്നു, പേടി. മനസ്സിന് അ​സ്വസ്ഥതയുടെ തീകൊളുത്തിക്കൊണ്ട് അത് നമ്മെ തൽക്ഷണ പ്രവൃത്തിയിലേക്ക് തള്ളിവിടുന്നു. പേടിയില്ലെങ്കിൽ നാം പ്രായേണ മെല്ലെപ്പോക്കുകാരാവും, ഉ​​െണ്ടങ്കിൽ മനസ്സാധ്യമായ ഏറ്റവും കരുത്തുറ്റ വൈകാരികതയിലേക്കുയരും.

രാഷ്ട്രീയക്കാരും രാഷ്ട്രീയ നിരീക്ഷകരും പറയും, രാഷ്ട്രീയ ഭയമാണ് സ്വാതന്ത്ര്യത്തിന്റെയും നൈതികതയുടെയും ശത്രുവെന്ന്. എന്നിട്ടോ, അവർ തന്നെ അതിനെ പുണരുന്നു. രാഷ്ട്രീയ ചടുലതയുടെ ​സ്രോതസ്സായി. നാസി പൈശാചികത, സോവിയറ്റ് ഭീകരത, ഗുജറാത്ത് നൃശംസത... അപലപിക്കുമ്പോഴും ഈ കൊടുംപാപങ്ങളിൽ അവർ ഒരവസരം കാണുകയാണ് –സംഘടിത മനോഭാവ നവീകരണത്തിന്. ആ ഭീകരതയുടെ ഇരകൾക്കുവേണ്ടിയല്ല, പുറത്തുനിന്ന് അത് കണ്ട/ കേട്ട നമുക്കുവേണ്ടി. എന്തെന്നാൽ, രാഷ്ട്രീയഭയം ചില രാഷ്ട്രീയ മൂല്യങ്ങളുടെ വില പഠിപ്പിച്ചുതരുമത്രേ. ഉദാഹരണമായി ആഭ്യന്തര കലാപത്തെക്കുറിച്ച പേടി നിയമവാഴ്ചയിൽ ആദരവുണ്ടാക്കും, സമഗ്രാധിപത്യപ്പേടി സ്വതന്ത്ര റിപ്പബ്ലിക്കുകളിൽ വിശ്വാസമുണ്ടാക്കും, മതമൗലികവാദപ്പേടി സഹിഷ്ണുതയും ബഹുസ്വരതയും പ്രിയങ്കരമാക്കും എന്നിങ്ങനെ. പേയാട്ടുകളെക്കുറിച്ച പേടി അവക്കെതിരെ പ്രവർത്തിക്കാൻ മനുഷ്യരെ നിർബന്ധിതരാക്കുമെന്ന്.

രാഷ്​ട്രീയ ഭയം നമ്മെ ഉണർത്തണമെങ്കിൽ ആ ഭയമുളവാക്കുന്ന സംഗതി രാഷ്ട്രീയതലത്തിലായിരിക്കണം. നിയമവാഴ്ചയും സ്വതന്ത്ര ജനായത്തവും പോലുള്ള രാഷ്ട്രീയ മൂല്യങ്ങളിലെ വിശ്വാസം ഉറപ്പുള്ളതാ​കണമെങ്കിൽ ആ മൂല്യങ്ങൾ രാഷ്​​ട്രീയ വെല്ലുവിളി നേരിടണം. നേരിട്ടാൽ മനുഷ്യനുണരുമോ രാഷ്ട്രീയമായി? ഉദാഹരണത്തിന് അമേരിക്കയിലെ 9/11 ആക്രമണം. ഭൂഗോളത്ത് പലേടത്തും യുദ്ധമുണ്ടാക്കുകയും യുദ്ധത്തെ വ്യവസായമാക്കുകയുംചെയ്തുവന്ന അമേരിക്ക നടാടെയാണ് സ്വന്തം മണ്ണിൽ ഒരാക്രമണം അനുഭവിച്ചത്. (രണ്ടാം ലോകയുദ്ധത്തിലെ ജപ്പാന്റെ ആക്രമണം അമേരിക്കയുടെ നാവികകേ​ന്ദ്രം മാത്രമായിരുന്ന ഹോണോലുലു ദ്വീപിലായിരുന്നു. വൻകരയിലായിരുന്നില്ല.) ന്യൂയോർക്കിന്റെ ഉച്ചിക്കേറ്റ ദേശീയാഘാതത്തോടുള്ള പ്രതികരണം നോക്കുക. ഉരുണ്ടുകൂടിയ രാഷ്ട്രീയഭയം പൗരാവലിയെ പുണരുകതന്നെ ചെയ്തു. ആ പേടിയുയർത്തിയ ഭീകര പ്രവർത്തനം പക്ഷേ രാഷ്ട്രീയതലത്തിൽനിന്ന് പിറന്നതല്ല എന്നായിരുന്നു പൊതുവ്യാഖ്യാനം. ഭീകര പ്രവർത്തകരുടെ പ്രശ്നം രാഷ്ട്രീയപരമല്ല, മാനസിക വൈകല്യമാണെന്ന്.

2002ൽ ഭരണകൂട അധ്യക്ഷതയിൽ നടന്ന ഗുജറാത്ത് വംശഹത്യയോട് ഇന്ത്യയിലുണ്ടായ സാമാന്യപ്രതികരണം നോക്കൂ. ‘കലാപം’ എന്ന കള്ളിയിലിട്ട് മതവർഗീയതകളുടെ മാറ്റുരയ്ക്കലായി ചുരുക്കുകയാണ് മിക്കവരും ചെയ്തത്. ​‘ഗോ​​ധ്ര’ സംഭവത്തോട് (ഇന്നും സംശയാസ്പദമാണത്) ഹിന്ദു വർഗീയവാദികൾ നടത്തിയ പ്രതികാരം എന്ന ആഖ്യാനത്തെ ശരിവെക്കുകയാണ് വംശഹത്യയെ എതിർക്കുന്നവർപോലും. ഹമാസ് ചില യഹൂദരെ ബന്ദിയാക്കിയതി​ന്റെ സ്വാഭാവിക പ്രതികരണം എന്നതിലേക്ക് ഗസ്സാ വംശഹത്യയെ ലഘൂകരിക്കുമ്പോലെ. എല്ലാത്തരം കാഴ്​ചയിലും മതവർഗീയത എന്ന മനഃപ്രശ്നത്തിന്റെ മറയിൽ രാഷ്ട്രീയത തമസ്കരിക്കപ്പെടുന്നു.

ഛത്തിസ്ഗഢിൽ രണ്ട് കന്യാസ്ത്രീകളെ പിടിച്ചകത്തിട്ട സംഭവത്തിലും സമാനമാണ് സമീപനം. ബജ്രംഗികൾ എന്ന വർഗീയ ഭ്രാന്തരുടെ ആൾക്കൂട്ടവെറിയിലും കേരളത്തിൽ ബി.ജെ.പിക്കുള്ള വോട്ട്ലാക്കിലും തളച്ച്, ശരിയായ രാഷ്ട്രീയത്തെ ഭംഗ്യന്തരേണ മായ്ക്കുന്നു. ഭൂരിപക്ഷമതത്തിന്റെ സമഗ്രാധിപത്യം തരപ്പെടുത്തുന്ന ദേശീയ രാഷ്ട്രീയത്തിന്റെ ചെറുകൈക്കോട്ട് മാത്രമാണ് ഇപ്പറഞ്ഞ വെറിസംഘം. ഈ ഭൂരിപക്ഷാധിപത്യം, രാഷ്ട്രം പുലർത്തിപ്പോരുന്ന ഭരണഘടനാ ജനാധിപത്യം അട്ടിമറിക്കാനുള്ള ശാസ്​തിക രാഷ്ട്രീയമാണെന്ന് സ്പഷ്ടമായിട്ടും ഇസ്​പേഡിനെ ഇസ്​പേഡെന്ന് വിളിക്കാൻ തയാറല്ല, ഇരകളുടെ നേതൃത്വംപോലും. രാഷ്ട്രീയഭയം തന്നെ കാതൽ. ഈ ഭയത്താൽ ഉത്തേജിതമാകുമെന്ന് പറയ​പ്പെടുന്ന രാഷ്ട്രീയമായ ഉണർവ് പക്ഷേ ഉപരിപ്ലവമായിപ്പോകുന്നു. ഇരകൾ ‘ജാമ്യം’ കിട്ടിയവാറേ പ്രശ്നത്തിന്റെ രാഷ്​ട്രീയക്കാമ്പിൽനിന്ന് തലയൂരുകയായി.

 

ഇവിടെ, പേടിയോടുള്ള സമീപനത്തിൽ വ്യക്തമായുണ്ട് വൈരുധ്യം. ഒരുവശത്ത്, സാമൂഹിക ഉണർവിനും നവീകരണത്തിനുമുള്ള അവസരമായി രാഷ്ട്രീയഭയത്തെ കരുതുന്നു. അതേസമയം ഈ ഭയത്തിന്റെ കാരണവസ്തുക്കളെ രാഷ്ട്രീയേതരമായി കാണുന്നു. സിനിമാ കൊട്ടകയിലിരിക്കെ തീപിടിച്ചേന്ന് ഒരാൾ ചുമ്മാ വിളിച്ചുപറഞ്ഞാൽ സൃഷ്ടിക്കപ്പെടുന്ന ഒരു ഭീതിയുണ്ട്. കൊട്ടകക്കുള്ളിലെ ജനം ഒരുമിച്ചുതന്നെ പ്രതികരിക്കും. സമാന ധാരണ പങ്കിടുന്നതുകൊണ്ടല്ല, സമാനഭയം പങ്കിടുന്നതുകൊണ്ട്. എന്നാൽ ഭീഷണിക്കു പിന്നിലെ ചേതോവികാരം വ്യക്തമായാൽ ഈ ഐക്യബോധം ശിഥിലമാകും. ചിലർ സഹതപിക്കും, ചിലർ അനുകൂലിക്കും, ചിലർ എതിർക്കും, പലരും ചുമ്മാതിരിക്കും. പേടി ഉളവാക്കുന്ന കാര്യത്തെ അതിന്റെ രാഷ്ട്രീയ ഭൂമികയിൽനിന്ന് ഒഴിവാക്കുമ്പോൾ സൃഷ്ടിക്കപ്പെടുക ഇമ്മാതിരി പൊള്ളയായ ഐക്യബോധമാവും. അതാണ് മിക്കവരും പ്രകടിപ്പിക്കാറ്, മിക്കപ്പോഴും.

പൊള്ളയാകാതിരിക്കണമെങ്കിൽ, ഉളവാകുന്ന പേടിക്ക് പിന്നിൽ ഒരു മൂല്യവിചാരമുണ്ടായിരിക്കണം. മൂല്യങ്ങൾക്ക് രാഷ്ട്രീയമുണ്ട്, പ്രകൃതവശാൽത്തന്നെ. മൂല്യവത്തായ ചിന്തയാണ് പേടിക്കുന്നത് എന്തിനെ എന്ന് നിർണയിക്കുക. നേരാണ്, ശരിതെറ്റുകൾ ആപേക്ഷികം തന്നെ, സന്ദർഭനിബദ്ധം. അതേസമയം അവ അനിവാര്യമാണുതാനും, സന്ദർഭാനുസരണം. ഉദാഹരണമായി, പടയിൽ കീഴടങ്ങുന്നതോ, പട്ടിണിമരണമോ ഭയാനകം? ചിലർക്ക് കീഴടങ്ങലാണ് മരണത്തേക്കാൾ ഭീതിദം. ഈ മനോഭാവമാണ് പേടിയെ നേരിടുന്നതിൽ അവരെ ഭരിക്കുക. മരണമുഖത്തുനിന്ന് പലായനം ചെയ്യാം. നെഞ്ഞൂക്കോടെ നേരിടാം, അടവെടുത്ത് തടി കാക്കാം. ഇതിലേതാണ് ചെയ്യുകയെന്നത് ഇച്ഛയുടെ രാഷ്​ട്രീയ സ്വഭാവംപോലെയിരിക്കും.

ഭയത്തെ രാഷ്ട്രീയായുധമാക്കു​ന്നവർ അഭിലഷിക്കുന്നത് രാഷ്ട്രീയഭയത്തിലെ ശരിയായ രാഷ്ട്രീയ വസ്തുവിനെ ഇരകൾ തമസ്കരിക്കണമെന്നാണ്. അതങ്ങനെ തന്നെ നിവർത്തിച്ചുകൊടുക്കുന്ന സമൂഹം ശിശുതയിലേക്ക് ശോഷിക്കുന്നു. ഭീകരാക്രമണത്തെ മനോവൈകല്യമായും വംശഹത്യയെ വർഗീയ ഭ്രാന്തായും ന്യൂനപക്ഷ​ദ്രോഹത്തെ ‘തെറ്റിദ്ധാരണ’യുടെ കൈയബദ്ധമായും ലഘൂകരിച്ചുകൊണ്ട് കോടതിജാമ്യം പോലും ഭരണകൂടഭിക്ഷയായി കരുതുന്നിടത്ത്​ രാഷ്​ട്രീയമജ്ജ വറ്റി പഞ്​ജരമാകുന്നു പൗരത്വം. ഭയം ആയുധമാക്കിയോർക്ക്​ ജയം അനായാസം.

കത്തിമുനയിൽ കനെറ്റിയുടെ നാവ് സ്തംഭിച്ചത്, ആയയുടെ ഒക്കത്തിരിക്കുന്ന പ്രായത്തിലാണ്. ജനത ഒക്കത്തേറ്റിയോരു തന്നെ ജനനാവിന് കത്തിവെക്കുന്ന കാലത്ത്, പേടി രൂപാന്തരപ്പെടുന്നു.

–എമിലി ഡിക്കിൻസൺ പാടിയപടി:

‘‘അതിനെ പേടിച്ചി​രിക്കെ അത് വന്നു,

വന്നതുപക്ഷേ പേടിക്കുറവോടെ,

അത്ര നീണാൾ പേടിച്ചകൊണ്ട്

അതങ്ങ് പ്രിയതരമായി.’’

News Summary - trivializing terrorist attacks as mental illness, genocide as communal madness