പോരാട്ടങ്ങളുടെ കാർക്കശ്യം

വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുേമ്പാഴും മുഖ്യമന്ത്രിയായിരിക്കുേമ്പാഴും വളരെ അടുപ്പം സൂക്ഷിച്ച മാധ്യമപ്രവർത്തകനാണ് വയലാർ ഗോപകുമാർ. മുതിർന്ന മാധ്യമപ്രവർത്തകനായ അദ്ദേഹം വി.എസിനെയും അദ്ദേഹത്തിന്റെ കാലത്തെയും ഒാർമിക്കുന്നു. ‘‘അന്നെനിക്ക് നാലു വയസ്സ്. അനുജൻ പുരുഷോത്തമനും അനുജത്തി ആഴിക്കുട്ടിയും പൊടിക്കുഞ്ഞുങ്ങൾ. അർധ സഹോദരനായ ജ്യേഷ്ഠൻ ഭാസ്കരന് പതിനാലു വയസ്സ്. അക്കാലത്താണ് അമ്മ അക്കമ്മക്ക് വസൂരി പിടിക്കുന്നത്. വസൂരിക്ക് ചികിത്സയില്ലാത്ത കാലം. പകരുമോയെന്ന് ഭയന്ന് രോഗിയെ മാറ്റിപ്പാർപ്പിക്കും. അമ്മയെയും വീട്ടിൽനിന്ന് അൽപം അകലെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുേമ്പാഴും മുഖ്യമന്ത്രിയായിരിക്കുേമ്പാഴും വളരെ അടുപ്പം സൂക്ഷിച്ച മാധ്യമപ്രവർത്തകനാണ് വയലാർ ഗോപകുമാർ. മുതിർന്ന മാധ്യമപ്രവർത്തകനായ അദ്ദേഹം വി.എസിനെയും അദ്ദേഹത്തിന്റെ കാലത്തെയും ഒാർമിക്കുന്നു.
‘‘അന്നെനിക്ക് നാലു വയസ്സ്. അനുജൻ പുരുഷോത്തമനും അനുജത്തി ആഴിക്കുട്ടിയും പൊടിക്കുഞ്ഞുങ്ങൾ. അർധ സഹോദരനായ ജ്യേഷ്ഠൻ ഭാസ്കരന് പതിനാലു വയസ്സ്. അക്കാലത്താണ് അമ്മ അക്കമ്മക്ക് വസൂരി പിടിക്കുന്നത്. വസൂരിക്ക് ചികിത്സയില്ലാത്ത കാലം. പകരുമോയെന്ന് ഭയന്ന് രോഗിയെ മാറ്റിപ്പാർപ്പിക്കും. അമ്മയെയും വീട്ടിൽനിന്ന് അൽപം അകലെ ഒരു ചെറ്റക്കുടിലുെകട്ടി മാറ്റി. അച്ഛൻ എന്നും ആഹാരവും വെള്ളവും പച്ചമരുന്നും കൊണ്ടുപോയി െകാടുക്കും. ഞങ്ങളെ കൊണ്ടുപോകില്ല. അമ്മയുടെ അസുഖം കലശലാകുന്നതായി പറഞ്ഞുകേട്ടപ്പോൾ ആധിയായി. എല്ലാ ദൈവങ്ങളെയും വിളിച്ചു കരഞ്ഞു പ്രാർഥിച്ചു. ഒരുദിവസം ഞങ്ങളെ കാണണമെന്ന് അമ്മ പറഞ്ഞു. അച്ഛൻ കൊണ്ടുപോയി ദൂരെ നിർത്തി. കുടിലിനുള്ളിൽ അമ്മയുണ്ട്. ൈക അനങ്ങുന്നത് കാണാം. അന്നു രാത്രിയിലും ഹൃദയമുരുകി ദൈവത്തെ വിളിച്ചു. പക്ഷേ അടുത്തദിവസം അമ്മ പോയി. പിന്നീട് താങ്ങും തണലും അച്ഛനായി. ഏെറ താമസിയാതെ ഒരുദിവസം അച്ഛനും പനിവന്നു കലശലായി. അപ്പോഴും ദൈവത്തോടുള്ള പ്രാർഥന മാത്രമായിരുന്നു, ശരണം. പക്ഷേ, അച്ഛനും പോയി. ഞങ്ങൾ അനാഥരായി. ആ ദൈവത്തെ പിന്നീട് ഞാൻ വിളിച്ചിട്ടില്ല. പ്രാർഥിച്ചിട്ടില്ല.’’
എങ്ങനെ നാസ്തികനായി എന്ന ചോദ്യത്തിനാണ് ഒരിക്കൽ വി.എസ് ഈ ഉത്തരം നൽകിയത്. അച്ഛനും അമ്മയും നഷ്ടമായ വി.എസും ഇളയ സഹോദരങ്ങളും പിന്നീട് ജ്യേഷ്ഠന്റെ തണലിലായിരുന്നു. പ്രാരബ്ധം ഏറിയപ്പോൾ ജ്യേഷ്ഠനൊപ്പം തയ്യൽക്കാരനായി. പിന്നീട് ആസ്പിൻവാൾ കമ്പനിയിൽ നെയ്ത്തുകാരനായി. അവിടെനിന്നാണ് തൊഴിലാളികളുടെ കഷ്ടത മനസ്സിലാക്കിയതും അവരെ അവകാശങ്ങളെ പറ്റി ബോധവാന്മാരാക്കാൻ തുടങ്ങിയതും. പി. കൃഷ്ണപിള്ള എന്ന ‘സഖാവി’ന്റെ ശിക്ഷണത്തിൽ കമ്യൂണിസത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചതും. 16ാം വയസ്സിൽ ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് തുടങ്ങിയ വി.എസിന്റെ പ്രവർത്തനമേഖല അവിടന്നേങ്ങാട്ട് കർഷകത്തൊഴിലാളി മേഖലയിലേക്കും മത്സ്യബന്ധന മേഖലയിലേക്കും കയർ തൊഴിലാളി മേഖലയിലേക്കും ചെത്തു തൊഴിലാളി മേഖലയിലേക്കും വികസിക്കുകയായിരുന്നു. ഒമ്പതു ദശാബ്ദങ്ങളോളം സംസ്ഥാനത്തു നിറഞ്ഞുനിന്ന് കർമധീരതയുടെയും പോരാട്ടങ്ങളുടെയും പര്യായമായ നേതാവായി വി.എസ് മാറുകയായിരുന്നു. അങ്ങനെ കുട്ടിയായിരിക്കെ മനംനൊന്തു വിളിച്ചിട്ടും േകൾക്കാത്ത ദൈവത്തെയും പീഡകരായ ജന്മിമാരെയും മുതലാളിമാരെയും രാജഭരണത്തെയും ദിവാനെയും അവരുടെ പൊലീസിനെയും പട്ടാളത്തെയും എതിരെ നിർത്തിക്കൊണ്ട് വി.എസ് കമ്യൂണിസ്റ്റായി. പാവങ്ങളുടെ നേതാവായി.
ആസ്പിൻവാൾ തൊഴിലാളിയായിരിക്കെ, കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലേക്കാണ് സഖാവ് പി. കൃഷ്ണപിള്ള വി.എസിനെ ആദ്യം നിയോഗിക്കുന്നത്. ‘സഖാവ്’ നൽകിയ അഞ്ചു രൂപയും മൂന്നു സഹായികളുമായി കുട്ടനാട്ടിൽ വന്നിറങ്ങിയ വി.എസിനോട് ആദ്യഘട്ടത്തിൽ തൊഴിലാളികൾ സഹകരിച്ചില്ലെന്നു മാത്രമല്ല, ശത്രുവായി കണക്കാക്കുകയുംചെയ്തു. ചൂഷകരായ ജന്മിമാരെ അവകാശബോധമില്ലാത്ത അവർ കാണപ്പെട്ട ദൈവങ്ങളായി കണക്കാക്കിയിരുന്നു. അവരുടെ പിന്തുണ േനടാൻ കഴിയാതെ പട്ടിണിയും പരിവട്ടവുമായി വട്ടംകറങ്ങിയ സഹായികൾതന്നെ ഉപേക്ഷിച്ചു പോയിട്ടും വി.എസ് കുലുങ്ങിയില്ല. സാവകാശം അവരുടെ വിശ്വാസം നേടിയെടുക്കുകയും വലിയൊരു വിഭാഗത്തെ സംഘടിപ്പിക്കുകയും യൂനിയന് രൂപംനൽകുകയുംചെയ്തു. അതിനുശേഷം വിവിധ മേഖലകളിൽ തൊഴിലാളി സംഘടനകൾ ഉണ്ടാക്കിയെങ്കിലും അന്നുണ്ടാക്കിയ കർഷക തൊഴിലാളി യൂനിയനെ തന്റെ പ്രജ്ഞ നശിക്കും വരെയും വി.എസ് കൈവിട്ടില്ല. ‘വെട്ടിനിരത്തൽ’ എന്ന് ഏറെ പഴികേട്ട നെൽവയൽ സമരത്തിലും മറ്റും ഇൗ യൂനിയനാണ്, വി.എസിനൊപ്പം നിലകൊണ്ടതെന്നത് ചരിത്രം. സാധാരണക്കാരായ തൊഴിലാളികളുടെ പിന്തുണയായിരുന്നു, വി.എസിന്റെ പോരാട്ടശക്തി.
കാർക്കശ്യമായിരുന്നു, വി.എസിന്റെ മുഖമുദ്ര. പ്രത്യയശാസ്ത്രത്തിൽ, രാഷ്ട്രീയത്തിൽ, ഭരണപരമായ നടപടിക്രമങ്ങളിൽ, വ്യക്തിജീവിതത്തിൽ എന്നുവേണ്ട എല്ലാ രംഗത്തും അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കർക്കശ സ്വഭാവം കാണാമായിരുന്നു. ദരിദ്രരുടെയും തൊഴിലാളികളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങളിൽ ഇടപെടുേമ്പാൾ കാർക്കശ്യത്തിന്റെ മൂർച്ചകൂടും. കൃത്രിമമായ സൗമ്യതയോ മൃദുലതയോ ആ മുഖത്ത് കാണാനാവില്ല. സ്വാഭാവികമായ പ്രതികരണം മാത്രം. അഴിമതിയെ മുഖം നോക്കാതെ എതിർക്കും. കേരളത്തിൽ അഴിമതിക്കേസിൽ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാൾക്കു മാത്രമേ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. ആർ. ബാലകൃഷ്ണപിള്ളക്ക്. അത് വി.എസിന്റെ നിയമയുദ്ധത്തിനൊടുവിൽ. അതേസമയം എന്നും ഇരകൾക്കൊപ്പം നിലകൊണ്ട നേതാവാണ് വി.എസ്. അഴിമതിക്കാർ, ചൂഷകർ, വർഗവഞ്ചകർ തുടങ്ങിയ സമൂഹതിന്മകളുമായി യാതൊരു പൊരുത്തവും അദ്ദേഹത്തിനില്ലായിരുന്നു. നീട്ടിയും കുറുക്കിയും ഒരു പ്രത്യേക താളത്തിൽ അംഗചലനങ്ങളും അതിനനുസൃതമായ ചുവടുവെപ്പുമായി, സാധാരണ തൊഴിലാളികളുടെ ഭാഷയിൽ വി.എസ് സംസാരിക്കുേമ്പാൾ അത് അദ്ദേഹത്തിന്റെ അനുയായികൾക്കും ആരാധകർക്കും കുളിരുപോലെ. നേരത്തേ, ചുരുങ്ങിയ കാലത്തെ നിയമസഭാംഗത്വം ഒഴിച്ചാൽ പാർട്ടിപ്രവർത്തനത്തിൽ മാത്രം മുഴുകിയിരുന്ന വി.എസ്, തൊണ്ണൂറുകളുടെ ആരംഭത്തിലാണ് പാർട്ടി തീരുമാനപ്രകാരം വീണ്ടും പാർലമെന്ററി പ്രവർത്തനത്തിലേക്ക് കടക്കുന്നത്.
പാർട്ടിയിൽ തുടക്കം മുതൽ വി.എസിന് ഒരു അനിഷേധ്യത ഉണ്ടായിരുന്നു. പഴയ തിരുവിതാംകൂർ പ്രദേശമായിരുന്നു പ്രവർത്തന മേഖലയെങ്കിലും 1991 വരെ കേരളത്തിൽ പാർട്ടിയുടെ ഗതി നിർണയിക്കുന്നതിൽ അദ്ദേഹം സുപ്രധാന ഘടകമായിരുന്നു. പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ അണുവിട വ്യതിചലിക്കാതിരിക്കാൻ വി.എസ് എക്കാലവും ശ്രദ്ധിച്ചു. അതിനെതിരെ നിൽക്കുന്നവരെ നിഷ്കരുണം എതിർത്തു. ആ എതിർപ്പിന്റെ മൂർച്ച അനുഭവിച്ചവരിൽ എം.വി. രാഘവനുണ്ട്. കെ.ആർ. ഗൗരിയമ്മയുണ്ട്. സുശീല ഗോപാലനും എൻ.ഇ. ബാലാനന്ദനും കെ.എൻ. രവീന്ദ്രനാഥും എം.എം. ലോറൻസും ഉൾപ്പെടെയുള്ളവരുണ്ട്. 1991 വരെ ആ അനിഷേധ്യത നിലനിന്നു ^കോഴിക്കോട് പാർട്ടി സമ്മേളനം വരെ. 1991ൽ പാർട്ടി സെക്രട്ടറിയായിരുന്ന വി.എസും മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരും നിയമസഭയിലേക്ക് മത്സരത്തിന് നിയോഗിക്കപ്പെട്ടു. ജയിച്ചാൽ വി.എസ് മുഖ്യമന്ത്രിയാകണമെന്നും നായനാർ പാർട്ടി സെക്രട്ടറിയാകണമെന്നുമായിരുന്നു, പാർട്ടി കേന്ദ്ര കമ്മിറ്റിയുടെയും പോളിറ്റ് ബ്യൂറോയുടെയും തീരുമാനം.
ഇരുവരും ജയിച്ചെങ്കിലും രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള സഹതാപതരംഗത്തിൽ ഇടതുമുന്നണി തോറ്റു. തുടർന്ന് പ്രതിപക്ഷ നേതാവായി താൻതന്നെ തുടരാമെന്നും വി.എസ് പാർട്ടി സെക്രട്ടറി പദത്തിൽ തുടരണമെന്നും നായനാർ ആഗ്രഹം പ്രകടിപ്പിച്ചു. ആഗ്രഹത്തിന് വി.എസ് കൂട്ടുനിന്നു. പകരം സംസ്ഥാന സെക്രട്ടറി പദവിയിൽ വി.എസ് തുടരാമെന്നുമായി ധാരണ. എന്നാൽ, ബദൽരേഖയുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിൽ വി.എസിനെതിരെ ഒരു ഗ്രൂപ് രൂപംകൊണ്ടിരുന്നു. പി.ബി അംഗമായിരുന്ന വി.എസിനെതിരെ കീഴ്വഴക്കം തെറ്റിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റിയംഗം മാത്രമായിരുന്ന നായനാർ ധാരണകൾക്കു വിപരീതമായി ആ സമ്മേളനത്തിൽ മത്സരിച്ച് വി.എസിനെ തോൽപിച്ചു. മേൽഘടകാംഗത്തിനെതിരെ കീഴ്ഘടകാംഗം മത്സരിക്കുക എന്നത് അന്നുവരെ പാർട്ടിയിൽ ഉണ്ടായിട്ടില്ല.
അതുമുതൽ വി.എസിനെതിരായ വിഭാഗം പാർട്ടിയിൽ ഗൂഢമായി കരുക്കൾ നീക്കി. അതിന്റെ പ്രതിഫലനമാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ് അനുഭവിച്ചത്. തോറ്റ വി.എസിന് പ്രതിപക്ഷ നേതൃസ്ഥാനം നൽകാതിരിക്കാനും നീക്കങ്ങൾ നടന്നു. എന്നാൽ, പി.ബി അംഗമായ ജ്യോതിബസു സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത് വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അവരോധിക്കുകയായിരുന്നു. തുടർന്നിങ്ങോട്ട് വി.എസ് നടത്തിയ പടയോട്ടങ്ങളും അതിനെതിരെ ഭരണപക്ഷത്തെന്നേപാലെ സ്വന്തം പാർട്ടിയിലും ഉരുത്തിരിഞ്ഞ എതിർപ്പുകളും പകയും കുതികാൽവെട്ടും ചരിത്രമാണല്ലോ. എന്നാൽ, അന്നും പിണറായി വിജയനടക്കമുള്ളവർ വി.എസിന്റെ കൂടെയായിരുന്നു. പാർട്ടി െസക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ചരമമടയുംവരെ ഇൗ പിന്തുണ നിലനിന്നു.
1991 മുതൽ മാരാരിക്കുളത്ത് എം.എൽ.എ ആയിരുന്ന വി.എസ്, 1996ലെ തെരഞ്ഞെടുപ്പിൽ തോറ്റു. മുന്നണി ജയിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് തോറ്റത്. അല്ല, സ്വന്തം പാർട്ടിക്കാർ തോൽപിച്ചത്. ജയിക്കും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു, വി.എസ്. ഇടതുപക്ഷ മണ്ഡലം എന്നതിൽക്കവിഞ്ഞ്, വി.എസിന് ഏറെ സ്വാധീനവും സ്വന്തം തട്ടകമായ മാരാരിക്കുളത്ത് ഉണ്ടായിരുന്നു. ടി.കെ. പളനി ഉൾപ്പെടെയുള്ള ജില്ല നേതാക്കളെ വി.എസിന്റെ കൂടെ നിന്ന പ്രവർത്തകർക്ക് വിശ്വാസമില്ലാതിരുന്നിട്ടും വി.എസ് വിശ്വസിച്ചത്, അവരെ പാർട്ടി നിയോഗിച്ചതാണെന്നതിനാലാണെന്ന് പിൽക്കാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോൺഗ്രസിലെ ചില പ്രാദേശിക നേതാക്കൾ പാർട്ടിയിലെ ഇൗ ചാഞ്ചാട്ടം മുൻകൂട്ടിയറിഞ്ഞിരുന്നെങ്കിലും അവർപോലും കരുതിയില്ല, വി.എസ് അവിടെ തോൽക്കുമെന്ന്. എന്നാൽ, കോൺഗ്രസിലെ എറ്റവും മുതിർന്ന നേതാക്കളിലൊരാൾ ‘മാരാരിക്കുളത്ത് ചിലത് നടക്കും’ എന്ന് രഹസ്യമായി പ്രവചിച്ചിരുന്നു. എന്നാൽ, തോൽവി അദ്ദേഹത്തിന് അവിശ്വസനീയമായി. തുടർന്ന് വി.എസിനു പകരം എതിരാളികൾ സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാൻ നിർദേശിച്ചപ്പോൾ തന്നെ തോൽപിച്ച് പാർട്ടി സെക്രട്ടറിയായ, നായനാരെ^ (ആ കാലഘട്ടത്തിൽ നായനാർ എം.എൽ.എ ആയിരുന്നില്ല)^ നിർദേശിച്ചതും സംസ്ഥാന െസക്രേട്ടറിയറ്റിൽ വോട്ടിനിട്ട് വിജയിപ്പിച്ചതും വി.എസ് ആയിരുന്നു എന്നത് മെറ്റാരു വിരോധാഭാസം. ആ നായനാർ മന്ത്രിസഭയിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയാകുകയും മികച്ച മന്ത്രിയെന്ന് പേരെടുക്കുകയുംചെയ്തു.
ബദൽരേഖയെ തുടർന്ന് എം.വി. രാഘവൻ പുറത്തായശേഷം 1986ൽ കണ്ണൂർ ജില്ല സെക്രട്ടറിയായി പിണറായി വിജയൻ അവരോധിതനാകുന്നത്, വി.എസിന്റെ വാത്സല്യാതിരേകത്തോടെയാണ്. തുടർന്നുള്ള പത്തു വർഷം വി.എസിന്റെ കണ്ണിലുണ്ണിയായിരുന്ന വിജയനെ ചടയൻ ഗോവിന്ദന്റെ മരണശേഷം മന്ത്രിപദത്തിൽനിന്നും സംസ്ഥാന സെക്രട്ടറി പദത്തിേലക്കുയർത്തി. മികച്ച വൈദ്യുതി മന്ത്രിയെ എന്തിനു പിൻവലിക്കണമെന്ന് അന്ന് ചോദിച്ചവരോട്, വി.എസ് നൽകിയ മറുപടി, ‘ഒരു നല്ല െസക്രട്ടറിയെയല്ലേ ഇപ്പോൾ ആവശ്യം’ എന്നായിരുന്നു. എന്നാൽ അന്നുമുതൽ വി.എസുമായി ഉണ്ടായിരുന്ന അടുപ്പവും വിധേയത്വവും വിജയന്, അതോടെ കുറഞ്ഞുവരുന്നതാണ് പിന്നീട് കണ്ടത്. വി.എസ് ആകെട്ട, പാർട്ടിയുടെ കെട്ടുപാടുകൾക്കുപരിയായി കൂടുതൽ കൂടുതൽ ജനകീയത കൈവരിച്ചു. അത് അകൽച്ചക്ക് ആക്കംകൂട്ടി. 2001ൽ പ്രതിപക്ഷ നേതാവായി മാറിയ വി.എസ്, അത്രയും കാലം പാമോയിൽ കേസുകൊണ്ട് യു.ഡി.എഫിനെ ശ്വാസംമുട്ടിക്കുകയായിരുന്നു.
അതിനുപുറമെ മതികെട്ടാൻമലയിലെ കൈയേറ്റം പുറത്തുകൊണ്ടുവന്നതിനു പിന്നാലെ പൂയംകുട്ടിയിലെ കൈയേറ്റത്തിലും വി.എസ് പിടിമുറുക്കിയപ്പോൾ ഭരണപക്ഷം മാത്രമല്ല, നെറ്റിചുളിച്ചത്. അതിനിടെ പാർട്ടിക്ക് സാമ്പത്തിക സ്രോതസ്സായി മാറിയ സാന്റിയാഗോ മാർട്ടിൻ, ഫാരിസ് അബൂബക്കർ എന്നിവർക്കെതിരെയും വി.എസ് തിരിഞ്ഞിരുന്നു. പാർട്ടിയിലെ എതിർപ്പുകളെ മറികടന്ന് പ്രതിപക്ഷ നേതാവായ വി.എസ് ഉയർത്തിവിട്ട ജനകീയപ്രശ്നങ്ങളും സമരങ്ങളും അദ്ദേഹത്തെ പൊതുജനങ്ങളുടെ ആശ്രയമാക്കിമാറ്റിയിരുന്നു. മതികെട്ടാൻമലയിലെയും പൂയംകുട്ടിയിലെയും കൈയേറ്റങ്ങൾ, പറമ്പിക്കുളം ആളിയാർ നദീജല കരാർ, മുല്ലപ്പെരിയാർ ഡാം തർക്കം, മൂന്നാറിലെ കൈയേറ്റങ്ങൾ, നെൽവയൽ നിരത്തൽ തുടങ്ങി വി.എസ് വിവിധ ജനകീയ സമരമുഖങ്ങൾക്ക് രൂപം നൽകി. എന്നാൽ, പാർട്ടി നേതൃത്വത്തിന് ഇതൊക്കെ തലേവദനയായാണ് അനുഭവപ്പെട്ടത്. സ്ത്രീ പീഡകർക്കെതിരെ വി.എസിന്റെ സമരത്തിന് സന്ധിയില്ലായിരുന്നു. വിതുര, കവിയൂർ, കിളിരൂർ പീഡനങ്ങൾ ഇതിൽ എടുത്തുപറയേണ്ടതുണ്ട്. കവിയൂർ^കിളിരൂർ കേസിലെ വി.െഎ.പി ആരെന്ന വി.എസിന്റെ അന്വേഷണത്തിൽ പാർട്ടിയിലുണ്ടായ അസ്വാരസ്യം അന്ന് ഏറെ കോളിളക്കം ഉണ്ടാക്കി. ഇതുൾപ്പെടെയുള്ള കാരണങ്ങളാൽ 2006ലെ സ്ഥാനാർഥിത്വത്തിന് പാർട്ടി സംസ്ഥാന നേതൃത്വം തടയിട്ടു.

പുന്നപ്ര രക്തസാക്ഷിത്വ വാർഷികത്തിന് വലിയ ചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദൻ ദീപം കൊളുത്തുന്നു
പാർട്ടി തനിക്ക് സീറ്റ് നിഷേധിച്ചതിനു പിന്നാലെയുള്ള ഇടതു മുന്നണി യോഗത്തിൽപോലും പെങ്കടുക്കാതെ അദ്ദേഹം കോവളം കൊട്ടാരം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ കോവളത്ത് സമരം നയിക്കുകയായിരുന്നു. അതേസമയം, വി.എസിന്റെ സ്ഥാനാർഥിത്വത്തിനായി സംസ്ഥാന കമ്മിറ്റി ഒാഫിസിലേക്ക് പാർട്ടി അണികളുടെ മാർച്ച് നടന്നു. ആ സംഭവം പാർട്ടിയുടെ ചരിത്രത്തിൽ ആദ്യത്തേതായി രേഖപ്പെടുത്തപ്പെട്ടു. ബഹുജന മുന്നേറ്റങ്ങൾക്കും വി.ആർ. കൃഷ്ണയ്യർ, സുകുമാർ അഴീക്കോട് തുടങ്ങിയ പ്രമുഖരുടെ എതിർപ്പുകൾക്കും അവസാനം കേന്ദ്ര നേതൃത്വത്തിനു വഴങ്ങേണ്ടിവന്നു. അങ്ങനെ മത്സരരംഗത്തേക്കും മുഖ്യമന്ത്രി പദത്തിലേക്കും കടന്ന വി.എസിന് ആഭ്യന്തര വകുപ്പും വിജിലൻസും നൽകാതിരിക്കാൻ നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചു. കോടിയേരി ബാലകൃഷ്ണന് ആ വകുപ്പുകൾ നൽകിക്കൊണ്ട് എതിർപക്ഷം വി.എസിനുമേൽ സമ്മർദം തുടർന്നു.
താൻ പ്രതിപക്ഷ നേതാവായിരിക്കെ ചൂണ്ടിക്കാട്ടിയ മൂന്നാറിലെ സ്വകാര്യ വ്യക്തികളുടെയും ടാറ്റാ ടീയുടെയും കൈയേറ്റങ്ങൾക്കുേമലാണ്, വി.എസിന്റെ കൈ ആദ്യം പതിഞ്ഞത്. അതിനു നിയോഗിതരായ മൂവർസംഘം അവിടെ കൈയേറ്റങ്ങൾ ഒന്നൊന്നായി തിരിച്ചുപിടിച്ചുകൊണ്ടിരിക്കെ അതിൽ സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കളുടെ ഭൂമിയും സി.പി.ഐയുടെ പാർട്ടി ഓഫിസും പെട്ടതോടെ ആ രണ്ടു പാർട്ടികളുടെയും നേതൃത്വം ആകെ ഇടഞ്ഞു. അതിനകം ഒരു വലിയ പദ്ധതിയായി മാറിക്കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കൽ അതോടെ നിന്നു. സർക്കാറിന് സൽപേരും സംസ്ഥാനത്തിന് നേട്ടവും നൽകുമായിരുന്ന ഒരു വലിയ കൃത്യം അങ്ങനെ മുഖ്യമന്ത്രിക്ക് ശത്രുക്കളുടെ എണ്ണം കൂട്ടുന്ന പരിപാടിയായി അവസാനിച്ചു.
അതിനുശേഷം വി.എസിന് സ്വൈരം കിട്ടിയിട്ടില്ല. മുഖ്യമന്ത്രിതന്നെ പ്രതിപക്ഷ നേതാവായും പ്രവർത്തിക്കുകയാണെന്ന ആരോപണം മന്ത്രിസഭക്കുള്ളിലും ഉയർന്നു. അതേ തുടർന്ന് വി.എസിനോട് ആഭിമുഖ്യമുള്ള പേഴ്സനൽ സ്റ്റാഫിനെയും പാർട്ടിപ്രവർത്തകരെയും നേതൃത്വം ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. അവസാനം അവരിൽ ചിലരെ പുറത്താക്കി. വി.എസ് ഒറ്റപ്പെട്ടു. അേപ്പാഴും വി.എസിന്റെ പോരാട്ടം തുടർന്നുകൊണ്ടും പാർട്ടിക്കുള്ളിൽ എതിർപ്പു വർധിച്ചുകൊണ്ടും ഇരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ പാർട്ടിയുടെ പിന്തുണയില്ലാത്ത ഏക മുഖ്യമന്ത്രിയായി അങ്ങനെ വി.എസ് ഇടംപിടിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുനിർണയത്തിലും ഇതേ നാടകം ആവർത്തിച്ചു. ആദ്യം വി.എസിന് സീറ്റു നിഷേധിച്ചു. പിന്നെ ജനസമ്മർദത്താൽ നൽകാൻ നേതൃത്വം നിർബന്ധിതമായി. പ്രതിപക്ഷ നേതൃസ്ഥാനത്ത് തന്റെ സ്വതഃസിദ്ധമായ ൈശലി തുടരുകയും ശത്രുക്കളെ കൂട്ടുകയുമൊക്കെ ചെയ്തെങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും അണികളുടെ ആഗ്രഹത്തെ മറികടക്കാൻ കഴിയാതെ മുന്നണിയെ നയിക്കാൻ അദ്ദേഹം തന്നെ നിയോഗിക്കപ്പെടുകയും പിണറായി വിജയൻ മുഖ്യമന്ത്രിയും വി.എസ് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനും ആകുകയുംചെയ്തു എന്നത് ചരിത്രം.