മറവിയുടെ വഴിയമ്പലങ്ങൾ

‘വഴിയമ്പലം’ എന്ന നാടകത്തിന് മലയാള സാംസ്കാരിക ചരിത്രത്തിലും നാടകചരിത്രത്തിലും സാഹിത്യ ചരിത്രത്തിലും സവിശേഷമായ സ്ഥാനമുണ്ട്. നാല് പ്രതിഭാശാലികൾ ചേർന്ന് എഴുതിയെന്നതും മഹത്തായ വ്യക്തികൾ സംവിധാനവും അണിയറ പ്രവർത്തനം ചെയ്തുവെന്നതുമെല്ലാം അതിന്റെ ഭാഗമാണ്. ഇൗ നാടകം വീണ്ടെടുത്ത വഴികളെക്കുറിച്ചും നാടകത്തെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ലേഖകൻഎഴുപതുകളുടെ അന്ത്യത്തിൽ മധു മാസ്റ്ററുടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘വഴിയമ്പലം’ എന്ന നാടകത്തിന് മലയാള സാംസ്കാരിക ചരിത്രത്തിലും നാടകചരിത്രത്തിലും സാഹിത്യ ചരിത്രത്തിലും സവിശേഷമായ സ്ഥാനമുണ്ട്. നാല് പ്രതിഭാശാലികൾ ചേർന്ന് എഴുതിയെന്നതും മഹത്തായ വ്യക്തികൾ സംവിധാനവും അണിയറ പ്രവർത്തനം ചെയ്തുവെന്നതുമെല്ലാം അതിന്റെ ഭാഗമാണ്. ഇൗ നാടകം വീണ്ടെടുത്ത വഴികളെക്കുറിച്ചും നാടകത്തെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ലേഖകൻ
എഴുപതുകളുടെ അന്ത്യത്തിൽ മധു മാസ്റ്ററുടെ ‘അമ്മ’ എന്ന നാടകത്തിന്റെ പണിപ്പുരയിൽ െവച്ചാണ് ‘വഴിയമ്പലം’ എന്ന നാടക പരീക്ഷണത്തെക്കുറിച്ച് ആദ്യം കേൾക്കുന്നത്. റഷ്യൻ വിപ്ലവത്തിന്റെ ഇതിഹാസമായ മാക്സിം ഗോർക്കിയുടെ ‘അമ്മ’ ക്ക് ഹിറ്റ്ലറുടെ ജർമനിയിൽ ബ്രെഹ്തോൾ ബ്രെഹ്ത് പണിത എപ്പിക് തിയറ്ററിന്റെ ഉൾക്കാഴ്ചകൾ കേരളത്തിലേക്ക് പറിച്ചുനടുകയായിരുന്നു ‘അമ്മ’. കെ.ടി. മുഹമ്മദ് കോഴിക്കോടിന്റെ അരങ്ങിൽ സൃഷ്ടിച്ച ധൈഷണിക കലാപങ്ങളുടെ ചൂട് അന്തരീക്ഷത്തിൽനിന്നും വിട്ടു മാറിയിരുന്നില്ല. ഗോർക്കിയും ബ്രെഹ്തും മധു മാസ്റ്ററും സംഗമിച്ച ‘അമ്മ’ അരങ്ങിൽ മാത്രമല്ല കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തിലും ഒരു പ്രകമ്പനംതന്നെ സൃഷ്ടിച്ചു. രാഷ്ട്രീയം അരങ്ങിനെ സർഗാത്മകമാക്കി. അരങ്ങിലും അണിയറയിലുമുള്ള നാടക പ്രവർത്തകർക്കൊപ്പം കാണികളും മാറ്റങ്ങളുടെ ചരിത്രമുഹൂർത്തത്തിൽ പങ്കാളികളാവുകയായിരുന്നു അപ്പോൾ.
മാസങ്ങൾ നീണ്ട ‘അമ്മ’യുടെ റിഹേഴ്സൽ കാലത്ത് മധു മാസ്റ്റർ പകർന്നുതന്ന രാഷ്ട്രീയപാഠങ്ങളിലൂടെയാണ് കോഴിക്കോടൻ അരങ്ങിന്റെ പല കാണാക്കഥകളും മനസ്സിലാക്കുന്നത്. കെ.ടി. മുഹമ്മദിനെ നേരിൽ കാണുന്നതും അറിയുന്നതും അങ്ങനെയാണ്. അദ്ദേഹംകൂടി പങ്കാളിയായ അരങ്ങിലെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു നാലുപേർ ഒന്നിച്ചെഴുതിയ ‘വഴിയമ്പലം’. അങ്ങനെയൊരു പരീക്ഷണം മലയാള നാടക ചരിത്രത്തിൽ മറ്റൊന്നുണ്ടായതായി കേട്ടിട്ടില്ലായിരുന്നു.
തിക്കോടിയനെയും കാണാൻ കൂട്ടിക്കൊണ്ടുപോയതും മധു മാസ്റ്റർ തന്നെയായിരുന്നു. ഊഷ്മളമായിരുന്ന ഒരു സൗഹൃദമായിരുന്നു അത്. ‘വഴിയമ്പല’ത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ ഓരോരോ കാലത്തിന്റെ സന്തതികൾ എന്ന മട്ടിലായിരുന്നു പ്രതികരണം. എം.ടി, കെ.ടി, തിക്കോടിയൻ, ടി. ദാമോദരൻ തുടങ്ങി നാലുപേർ പങ്കാളിയായ ഒരപൂർവ നാടകമായിട്ടും ‘വഴിയമ്പലം’ എന്തേ അത് അച്ചടിക്കപ്പെടാതെ പോയി എന്നത് അത്ഭുതപ്പെടുത്തിയിരുന്നു. നാടകത്തിന് പൊതുവിൽ ആഴ്ചപ്പതിപ്പുകളിലും ആസ്ഥാന പ്രസാധകനിലയങ്ങളുടെ അലമാരകളിലും കാര്യമായ ഒരിടമില്ല എന്ന വസ്തുത അന്നേ ചർച്ചചെയ്യപ്പെട്ടിരുന്നു. അച്ചടിസാഹിത്യം എന്ന നിലക്ക് കവിതയും ചെറുകഥയും നോവലും കഴിഞ്ഞ് നാലാമത് ഒരു ‘ദലിതാ’വസ്ഥയിലായിരുന്നു നാടകം.
എൺപതുകളുടെ തുടക്കത്തിൽ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിന്റെ ചുമതലയിലായിരുന്ന വി.ആർ. ഗോവിന്ദനുണ്ണിയാണ് ‘വഴിയമ്പല’ത്തിന്റെ അദൃശ്യതക്ക് മറ്റൊരു കാണാക്കാരണമുണ്ടെന്ന് പറഞ്ഞുതന്നത്. ആ നാടകം കണ്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. അറുപതുകളിലെ കോഴിക്കോടൻ നാടക സാംസ്കാരിക ജീവിതത്തിലെ ഇണക്കങ്ങളിലേക്കും പിണക്കങ്ങളിലേക്കും അത് വെളിച്ചം വീശി. ‘വഴിയമ്പലം’ തമസ്കരിക്കപ്പെട്ടു പോകാനുള്ള കാരണമായി, അതുവരെ കേട്ടിട്ടില്ലാത്ത മറ്റൊരു നാടകം അപ്പോൾ ഉയർന്നുവന്നു: ‘ഉടഞ്ഞ വിഗ്രഹങ്ങൾ’. 1964ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന്റെ പശ്ചാത്തലത്തിൽ ഒരു വെളിച്ചപ്പാടിന്റെ ജീവിതദുരന്തം ആവിഷ്കരിച്ച ടി. ദാമോദരൻ മാസ്റ്ററുടെ നാടകമായിരുന്നു അത്.
അതുവരെ താൻ ആരാധിച്ചുപോന്ന ദേവീ വിഗ്രഹത്തിനു മുന്നിൽ ചെന്ന് തെറിവിളിച്ച്, തല വെട്ടിപ്പൊളിച്ച്, വിഗ്രഹത്തിലേക്ക് ചോര തുപ്പി മരിച്ചുവീഴുന്ന ഒരു വെളിച്ചപ്പാടായിരുന്നു ‘ഉടഞ്ഞ വിഗ്രഹങ്ങളി’ലെ കേന്ദ്ര കഥാപാത്രം. മീഞ്ചന്തയിലെ പഴയ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ കൂട്ടായ്മയായ ‘കലാസാഗർ’ അവതരിപ്പിച്ച നാടകത്തിന് കാസിം ഭായ് എഴുതിയ പാട്ടുകൾക്ക് ബാബുരാജാണ് സംഗീതം പകർന്നത്. കോഴിക്കോട് അബ്ദുൽ ഖാദർ പാടി. ചേമഞ്ചേരി നാരായണൻ നായർ ആദ്യകാലത്ത് വെളിച്ചപ്പാടായി. പിന്നീടത് ബാലൻ കെ. നായർ ചെയ്തു തുടങ്ങി. കുതിരവട്ടം പപ്പുവും വാസു പ്രദീപും ശാന്താദേവിയുമൊക്കെ അരങ്ങിലുണ്ടായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനെ തുടർന്നുണ്ടായ ഭിന്നതകളിൽ കലാസാഗർ കടുത്ത പ്രതിസന്ധികൾ നേരിട്ടു. പുരോഗമന കലാസാഹിത്യ സംഘം ആ നാടകം ഏറ്റെടുക്കാനുള്ള ഒരു നിർദേശം വന്നിരുന്നുവെങ്കിലും, നാടകം വായിച്ച ഇ.എം.എസ് വെളിച്ചപ്പാടിന്റെ മകന്റെ രാഷ്ട്രീയത്തിൽ ചില തിരുത്തുകൾ വരുത്തണമെന്ന് നിർദേശിച്ചത് രചയിതാവും സംവിധായകനുമായ ടി. ദാമോദരൻ മാസ്റ്റർക്ക് സ്വീകാര്യമായില്ല. അങ്ങനെ അത് നടക്കാതെ പോയി.
പിന്നീട് വർഷങ്ങൾക്കു ശേഷം പ്രഫഷനൽ ആയി അവതരിപ്പിക്കാനായി ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ ഏറ്റെടുക്കാൻ നടൻ ബാലൻ കെ. നായരുടെ സുഭാഷ് തിയറ്റേഴ്സ് മുന്നോട്ടുവന്നു. കോഴിക്കോട് ടൗൺഹാളിൽ നാടകത്തിന്റെ ഡ്രസ് റിഹേഴ്സൽ നടക്കുന്ന വേളയിൽ അതിന്റെ ക്ലൈമാക്സ് ഒന്നു മയപ്പെടുത്തണം, തിരുത്തണം എന്ന നിർദേശം ഉയർന്നുവന്നു. ബാലൻ കെ. നായർക്ക് വേണ്ടി തിക്കോടിയൻ, എം.വി. ദേവൻ, എം.ടി. വാസുദേവൻ നായർ, ജി. അരവിന്ദൻ എന്നിവർ ചേർന്നാണ് ആ ആവശ്യമുന്നയിച്ചത്. വെളിച്ചപ്പാട് ദേവീ വിഗ്രഹത്തിൽ തുപ്പുന്നതും തെറിവിളിക്കുന്നതുമായ ക്ലൈമാക്സ് ‘റിപ്പൾസീവ്’ ആണെന്നും അതു കണ്ടാൽ കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽനിന്നും ഉത്സവപ്പറമ്പുകളിലേക്ക് നാടകം ബുക്ക് ചെയ്യാൻ വരുന്നവർക്ക് അത് ഇഷ്ടപ്പെടില്ലെന്നും അതുകൊണ്ട് ക്ലൈമാക്സ് മാറ്റണം എന്നുമായിരുന്നു തിരുത്തൽവാദികൾ ആവശ്യപ്പെട്ടത്.
നാടകാവതരണത്തിന്റെ അവസാന നിമിഷം ക്ലൈമാക്സ് മാറ്റാനാവില്ലെന്ന നിലപാടായിരുന്നു ദാമോദരൻ മാസ്റ്ററുടേത്. അപ്പോഴാണ് ബാലൻ കെ. നായർ വളരെ സെന്റിമെന്റലായ അപേക്ഷയുമായി മുന്നിട്ടുവരുന്നത്: ‘‘മാഷ് ക്ക് ജീവിയ്ക്കാൻ ഒരു തൊഴിലുണ്ട്. സുഭാഷ് തിയറ്റേഴ്സിന് നാല് ബുക്കിങ് കിട്ടിയിട്ട് വേണം മുന്നോട്ടുപോകാൻ. നാടകം കാണാൻ കൊല്ലത്തുനിന്നും ആലപ്പുഴനിന്നും ഒരു സംഘം വരുന്നുണ്ട്, അത് മുടക്കരുത്’’ എന്ന്. ആത്മമിത്രമായ ബാലൻ കെ. നായർക്കുവേണ്ടി തന്റെ നാടകത്തിന്റെ ക്ലൈമാക്സ് മയപ്പെടുത്തി തിരുത്താൻ മാസ്റ്റർ സമ്മതിച്ചു.

എം.ടി. വാസുദേവൻ നായർ,കെ.ടി. മുഹമ്മദ്
പ്രശ്നം അവിടെ അവസാനിച്ചില്ല. ‘റിപ്പൾസീവ്’ എന്നു പറഞ്ഞ് ‘നാൽവർ സംഘം’ തിരുത്തിച്ച അതേ ക്ലൈമാക്സ് ഒരു വർഷത്തിനകം പുറത്തുവന്ന എം.ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘നിർമാല്യ’ത്തിൽ കൂടുവിട്ട് കൂടുമാറിയെത്തി. അത്തരമൊരു അന്ത്യം ‘നിർമാല്യ’ത്തിന് ആസ്പദമായ ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന എം.ടിയുടെ കഥയിൽപോലും ഇല്ലായിരുന്നു. കഥയിലില്ലാത്തത് സിനിമയാക്കുമ്പോൾ അതിൽ വന്നുകൂടേ എന്ന ചോദ്യം ന്യായമാണ്. എന്നാൽ, എം.ടി കൂടി ഉൾപ്പെട്ട നാൽവർസംഘം ‘റിപ്പൾസീവ്’ എന്ന് പറഞ്ഞു മാറ്റിച്ച അതേ ക്ലൈമാക്സ് അതിനെ തുടർന്ന് അദ്ദേഹംതന്നെ ചെയ്ത സിനിമയിൽ അതേപടി വന്നത് ആ സൗഹൃദങ്ങളിൽ നീറിപ്പുകഞ്ഞു. ഇതാണ് ദാമോദരൻ മാസ്റ്ററുടെ നാടകജീവിതത്തിന് തിരശ്ശീലയിട്ട്, സിനിമയിലേക്ക് ചുവടുമാറ്റുന്നതിന് ഒരു നിമിത്തമായതെന്ന് എന്നും ആ ചരിത്രത്തിനൊപ്പം നടന്ന വി.ആർ. ഗോവിന്ദനുണ്ണി പറഞ്ഞുതന്ന കാണാപ്പുറ കഥകളിൽനിന്നാണ് ഞാനറിഞ്ഞത്.
‘ഉടഞ്ഞ വിഗ്രഹങ്ങൾ’ എന്ന നാടകം നേരിൽ കണ്ട് ആ അനുഭവം രേഖപ്പെടുത്തിയ ഒരേയൊരു പുസ്തകമുണ്ട് മലയാളത്തിൽ. സംഗീത നാടക അക്കാദമി ചെയർമാൻ കരിെവള്ളൂർ മുരളി എഴുതിയ ‘നാടകക്കാരൻ എന്നനിലയിൽ എന്റെ ജീവിതം’ എന്ന ബൃഹദ് ഗ്രന്ഥമാണത്. കരിെവള്ളൂരിലേക്ക് കേരളത്തിന്റെ നാനാഭാഗത്തുനിന്നും മികച്ച നാടകങ്ങൾ എത്തിച്ചിരുന്ന എലൈറ്റ് നാരായണൻ എന്ന പി.പി. നാരായണൻ എന്ന നാടകപ്രേമിയെ രേഖപ്പെടുത്തുമ്പോഴാണ് ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ അദ്ദേഹത്തിന്റെ കാഴ്ചാനുഭവമായി മാറുന്നത്. 1971 മുതൽ 1974 വരെയായിരുന്നു എലൈറ്റ് നാടകക്കാലം. ആദ്യ നാടകം പിൽക്കാലത്ത് ഐ.വി. ശശിയുടെ സിനിമകളിലൂടെ പ്രശസ്തനായി മാറിയ ടി. ദാമോദരന്റെ ‘ഉടഞ്ഞ വിഗ്രഹങ്ങൾ’. അവതരണം കൃഷ്ണരാജുവിന്റെ ‘രാജാ തിയറ്റേഴ്സ്’. ആയിടക്ക് കോഴിക്കോട്ടുനിന്ന് നാട്ടിൽ വന്ന ടി. കുഞ്ഞിരാമേട്ടനോട് ഞാൻ നാടകത്തെക്കുറിച്ച് ചോദിച്ചു. മീഞ്ചന്തയിൽ പാർട്ടി പ്രവർത്തകർ നടത്തുന്ന കലാസാഗർ മ്യൂസിക് ക്ലബിന്റെ സെക്രട്ടറിയും അവരുടെ നാടകകൃത്തും സംവിധായകനുമാണ് ടി. ദാമോദരൻ മാഷ് എന്ന് കുഞ്ഞിരാമേട്ടൻ പറഞ്ഞു. അമച്വർ നാടകട്രൂപ് ആണ് കലാസാഗർ. പക്ഷേ, രാജാ തിയറ്റേഴ്സ് പുതിയ ട്രൂപ്പാണ്. ചൂടൻ എന്നൊക്കെയാണ് ദാമോദരനെ ആളുകള് വിളിക്കുക. പക്ഷേ നാടകം കിടിലനായിരിക്കും.
കുഞ്ഞിരാമേട്ടന്റെ പ്രവചനമാണ് സത്യമായിത്തീർന്നത്. നാടകം കിടിലനായിരുന്നു. ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ കേവലം ഒരു നാടകത്തിന്റെ പേരു മാത്രമായിരുന്നില്ല. നാടക സങ്കൽപങ്ങളുടെ വിഗ്രഹങ്ങളെയാണ് അത് അടിച്ചുടച്ചത്. കെ.ടി, തിക്കോടിയൻ നാടകങ്ങളുമായി വരുന്ന കോഴിക്കോടൻ ട്രൂപ്പുകളിൽനിന്ന് വ്യത്യസ്തമായി പുതിയ ഒരു ശബ്ദവും ശൈലിയുമായിരുന്നു. പ്രധാന വേഷത്തിൽ അരങ്ങിൽ കത്തി ജ്വലിക്കാൻ കഴിവുള്ള ബാലൻ കെ. നായർ, കഥയുടെ ഗതിയെ തന്നെ നിയന്ത്രിക്കുന്ന ഭ്രാന്തന്റെ വേഷത്തിൽ നടനും നാടകകൃത്തും സംവിധായകനുമെല്ലാമായി അന്നു തന്നെ പ്രസിദ്ധനായിരുന്ന വാസു പ്രദീപ്, പിന്നെ കുഞ്ഞാവ, കവി മുഹമ്മദ്, കുേട്ട്യടത്തി വിലാസിനി, ശാന്താദേവി തുടങ്ങിയ അഭിനേതാക്കളുടെ വൻനിര.
നാടകം എന്ന കലാരൂപത്തിന്റെ ഏറ്റവും വലിയ ശക്തിയായ ‘അഭിനയ കല'യുടെ അരങ്ങിലെ സ്ഫോടനംതന്നെയാണ് നടന്നത്. ‘നിഴലാട്ടം’, ‘പണിമുടക്ക്’ എന്നീ പി.എൻ. മേനോൻ സിനിമകളിലൂടെ അതിനകം ശ്രദ്ധേയനായി മാറിക്കഴിഞ്ഞ ബാലൻ കെ. നായരും വാസു പ്രദീപും അഭിനയത്തിൽ മത്സരംതന്നെയായിരുന്നു. 'സൃഷ്ടി’യിൽ ആദ്യ സ്റ്റേജുകളിൽ നാടകകൃത്ത് വേണുഗോപാലനായി ബാലൻ കെ. നായരായിരുന്നു. അതിൽ പകരം ആളെ െവച്ചാണ് അദ്ദേഹം രാജാ തിയറ്റേഴ്സിലേക്ക് വന്നത്. ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ നാടകത്തിന്റെ വിജയം എലൈറ്റ് നാടകസംരംഭത്തിന്റെ വിജയമായിരുന്നു. നാടകങ്ങൾക്ക് ടിക്കറ്റെടുക്കാനും കാണാനും വരാനും ജനം തിരക്ക് കൂട്ടി. (പേജ് 82-83, നാടകക്കാരൻ കരിെവള്ളൂർ മുരളി, ഡിസംബർ ബുക്സ്, പയ്യന്നൂർ, 2024).
‘ഉടഞ്ഞ വിഗ്രഹ’ങ്ങളുടെ കമ്യൂണിസ്റ്റ് പാർട്ടി ബന്ധവും അത് ബാലൻ കെ. നായരുടെ സുഭാഷ് തിയറ്റേഴ്സ് ഒരു പ്രഫഷനൽ നാടകമായി എടുക്കുന്നതിനു മുമ്പുള്ള കാലത്തെയാണ് കരിെവള്ളൂർ മുരളി ഇവിടെ സൂചിപ്പിക്കുന്നത്. അത് 1971 ലാണ് കരിെവള്ളൂരിൽ എത്തുന്നത്. ബാലൻ കെ. നായരുടെ സുഭാഷ് തിയറ്റേഴ്സ് ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ ഏറ്റെടുക്കുന്നതിനും മുമ്പ് തന്നെ വെളിച്ചപ്പാടായി ബാലൻ കെ. നായർ രംഗത്ത് വന്നിരുന്നു. കരിെവള്ളൂർ രക്തസാക്ഷി നഗറിൽ എലൈറ്റ് നാരായണന്റെ നേതൃത്വത്തിൽ നാടകം അരങ്ങേറിയപ്പോൾ വെളിച്ചപ്പാട് ബാലൻ കെ. നായർ ആയിരുന്നു എന്ന് കരിെവള്ളൂർ മുരളി ഓർക്കുന്നുണ്ട്.

തിക്കോടിയൻ,ടി. ദാമോദരൻ
‘വഴിയമ്പല’ത്തിന്റെ ഒരു കോപ്പി കിട്ടുമോ എന്ന് പിന്നെയും അന്വേഷിച്ച് നടന്നിരുന്നു. ഒടുവിൽ ആഹ്വാൻ സെബാസ്റ്റ്യന്റെ കൈയിൽ ഒരു കോപ്പി ഉെണ്ടന്ന് വി.ആർ. ഗോവിന്ദനുണ്ണി കണ്ടെത്തി. ചോദിച്ചു നോക്കിയെങ്കിലും അതദ്ദേഹം കൈവിട്ടുതരാൻ തയാറായിരുന്നില്ല. തന്റെ ഓർമക്കുറിപ്പുകളുടെ എഴുത്തിനുശേഷം തരാമെന്നായിരുന്നു ആഹ്വാന്റെ മറുപടി. ’ദേശപോഷിണി’ക്ക് വേണ്ടി ആ നാടകം അവതരിപ്പിക്കപ്പെട്ടിരുന്നു എന്ന് കേട്ട് അവിടെനിന്നും എന്തെങ്കിലും വിവരം കിട്ടുമോ എന്ന് നാടകകൃത്തും സംവിധായകനും ദേശപോഷിണി പ്രവർത്തകനുമായ എ. രത്നാകരൻ വഴി അന്വേഷിച്ചെങ്കിലും അത് കണ്ടെടുക്കാനായില്ല.
2002ലാണ് എം.ടിയും എം.വി. ദേവനും തമ്മിൽ വാഗ്വാദമുണ്ടാകുന്നതും അത് കോടതി നടപടികളിലേക്ക് നീങ്ങുന്നതും എം.ടിയുടെ സാഹിത്യ മോഷണങ്ങളെക്കുറിച്ച് സാഹിത്യകാരന്മാർ പക്ഷംപിടിച്ച്, ചേരിതിരിഞ്ഞ് പോർവിളികളുണ്ടാകുന്നതും. അതിനിടയിൽ എം.വി. ദേവൻ ടി. ദാമോദരൻ മാസ്റ്ററെ വീട്ടിലേക്ക് ഫോൺ വിളിച്ച് ആ കേസിൽ തനിക്ക് അനുകൂലമായി സാക്ഷിയായി ‘ഉടഞ്ഞ വിഗ്രഹങ്ങളുടെ’ ക്ലൈമാക്സ് മോഷണം പറയാൻ അഭ്യർഥിച്ചു. എന്നാൽ, മാസ്റ്റർ ആ അഭ്യർഥന നിരസിച്ചു: ‘‘അക്കാര്യം അറിയാമായിരുന്നിട്ടും നാലു പതിറ്റാണ്ട് നിങ്ങളൊക്കെ മിണ്ടാതിരുന്നതാണ് എം.ടി ചെയ്ത കുറ്റത്തേക്കാൾ വലിയ കുറ്റമായി ഞാൻ കാണുന്നത്. അതിന്റെ പേരിൽ ഇത്രയും കാലം മിണ്ടാതിരുന്ന നിങ്ങൾക്കുവേണ്ടി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ എനിക്ക് താൽപര്യമില്ല. എന്നെ അതിന് വിളിയ്ക്കണ്ട’’ എന്നതായിരുന്നു മറുപടി. അതവിടെ തീർന്നില്ല, വ്യക്തിപരമായി സൗഹൃദമില്ലാത്ത രണ്ടുപേർ കൂടി എം.വി. ദേവന് വേണ്ടി സംസാരിക്കാൻ ദാമോദരൻ മാസ്റ്ററെ വിളിച്ചു: സുകുമാർ അഴീക്കോടും കെ.പി. അപ്പനും. ആ യുദ്ധം അത്രമേൽ വിപുലമായിരുന്നു. രണ്ടുപേരോടും ദേവനോട് പറഞ്ഞ അതേ മറുപടി ആവർത്തിക്കുകയാണ് മാസ്റ്റർ ചെയ്തത്. എം.ടി. വാസുദേവൻ നായർ/ എം.വി. ദേവൻ തർക്കം കോടതിയിൽ എത്തിയപ്പോൾ സകല മാധ്യമങ്ങളും പക്ഷംപിടിച്ച് വലിയ ചർച്ചയാക്കിയിരുന്നു. സുകുമാർ അഴീക്കോട് അന്ന് സമകാലിക മലയാളത്തിൽ എഴുതി:
‘‘ദേവന്റെ ആക്ഷേപം എം.ടിയുടെ മിക്ക കൃതികളും മോഷണ സ്വഭാവം കലർന്നതാണ് എന്നതാണല്ലോ. കോടതി മോഷണത്തെ കാണുന്നതും സാഹിത്യ വിമർശകർ മോഷണത്തെ കാണുന്നതും രണ്ടു തരത്തിലാണ്. എഴുത്തുകാരായ ഞങ്ങൾക്ക് സാഹിത്യത്തിലെ അനുകരണത്തിനും അപഹരണത്തിനും ആനന്ദവർധനാചാര്യർ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് അതിരുകൾ കൽപിച്ചു െവച്ചു തന്നിട്ടുണ്ട്. കോടതിക്ക് ആനന്ദവർധനൻ അതോറിട്ടിയല്ല. ആനന്ദവർധനന് എല്ലാ മോഷണവും കൊള്ളരുതാത്ത കർമമല്ല. അപഹരിച്ച വസ്തുവിന് പുതിയ ജീവൻ നൽകാൻ എഴുത്തുകാരന് കഴിഞ്ഞാൽ അത് ഞങ്ങൾക്ക് ഉത്തമ സാഹിത്യമാണ്. അവിടെ മോഷണവാദത്തിന് നിൽക്കക്കള്ളിയില്ല. ഈ തീരുമാനത്തിലെത്താൻ വളരെ കാലം പിടിച്ചേക്കും... അതുകൊണ്ട് എം.ടി അദ്ദേഹത്തിന് ഇക്കാര്യത്തിൽ തീവ്രമായി പ്രതികരിക്കാൻ എന്തെല്ലാം ന്യായങ്ങൾ ഉണ്ടെങ്കിലും ഈ തർക്കം കോടതിയിൽ എത്തിച്ചത് അവിവേകമായിപ്പോയി എന്നാണ് എഴുത്തുകാരായ ഞങ്ങൾക്ക് ഒരേ മനസ്സോടെ തോന്നുന്നത്.’’
അതേ ലക്കം ‘മലയാളം’ വാരികയിൽ കെ.പി. അപ്പൻ ആറ്റിക്കുറുക്കി തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്: ‘‘സാഹിത്യലോകത്തിലെ വിവാദങ്ങൾക്ക് ആ ലോകത്തിൽ െവച്ചു തന്നെ പരിഹാരം കാണുന്നതാണ് ശരിയായ വഴി. എം.ടി ആ വഴിക്ക് ചിന്തിച്ചു തുടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എം.വി. ദേവനും എം.ടിയും സ്നേഹിക്കാൻ വലിയൊരു വിടവിട്ടുകൊണ്ട് പിണങ്ങുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’’
വർഷങ്ങൾക്കു ശേഷം കെ.പി. അപ്പന്റെ വീട്ടിൽ ചെന്നപ്പോൾ ടി. ദാമോദരൻ മാസ്റ്ററെ ഒപ്പം നിർത്താൻ ദേവനു വേണ്ടി താനും അഴീക്കോടും ഇടപെട്ടതും അത് നടക്കാതെ പോയതും ഓർത്ത് അദ്ദേഹം കുറേ ചിരിച്ചു. 2010ൽ എം.ടിയുടെ അനുഗ്രഹവാക്യത്തോടെ ആഹ്വാൻ സെബാസ്റ്റ്യന്റെ ‘ചക്രവർത്തി’ എന്ന നാടകസ്മരണ പഠനങ്ങൾ പുറത്തുവന്നു. അതിൽ ‘വഴിയമ്പല’ത്തിന്റെ പിറവി ആഹ്വാൻ കുറിച്ചിട്ടിട്ടുണ്ട്:
‘‘അന്നുവരെ എന്നുതന്നെ പറയാം, ലോകത്തിൽ മറ്റൊരിടത്തും സംഭവിച്ചിട്ടില്ലാത്ത, ഒരത്ഭുത നാടകാവതരണത്തിന് കൂടി നമ്മുടെ കൊച്ചു കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്. നാല് പ്രഗല്ഭ എഴുത്തുകാർ ചേർന്ന് ഒരു നാടകത്തിന് രൂപം നൽകി. ഒരു സമ്പൂർണ നാടകത്തിന്, അന്നുവരെ നാടകമെഴുതിയിട്ടില്ലാത്ത പ്രശസ്ത സാഹിത്യകാരനായ എം.ടി. വാസുദേവൻ നായരുടെ ചെറുകഥയായ ‘മുസാവരി ബംഗ്ലാവ്’ രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന നാടകമാക്കാൻ മ്യൂസിക്കൽ തിയറ്റേഴ്സ് തീരുമാനിച്ചപ്പോഴായിരുന്നു അത് സംഭവിച്ചത്. സ്പോർട്സ്മാനും കമേന്ററ്ററും നാടകപ്രവർത്തകനും തിരക്കഥാകൃത്തുമായ ടി. ദാമോദരനും ഞാനുമാണ് എം.ടിയെ ‘മുസാവരി ബംഗ്ലാവ്’ നാടകമാക്കാൻ സമീപിച്ചത്... എന്നാൽ, എം.ടി അതിനോട് യോജിച്ചില്ല. തുടർന്നുള്ള ചർച്ചയിലാണ് നാലുപേർ ചേർന്നെഴുതിയ നാടകം എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. (പേജ് 67-68, ചക്രവർത്തി, ആഹ്വാൻ സെബാസ്റ്റ്യൻ, സെന്റ് ജൂഡ് ബുക്സ്, കോഴിക്കോട്, 2010).

തന്റെ പുസ്തകത്തെക്കുറിച്ച് അന്ന് ‘ചിത്രഭൂമി’യിൽ ഞാൻ എഴുതിവന്നിരുന്ന കോളത്തിൽ എന്തെങ്കിലും എഴുതണം എന്നാവശ്യപ്പെട്ട് ആഹ്വാൻ സെബാസ്റ്റ്യൻ തന്റെ പുസ്തകം എനിക്ക് കൊടുത്തയച്ചിരുന്നു. എഴുതുകയും ചെയ്തു: നാടകത്തിനുവേണ്ടി സമർപ്പിച്ച ജീവിതങ്ങൾ ചരിത്രത്തിൽ അദൃശ്യരായിപ്പോകുന്നതിന്റെ വൈപരീത്യം ‘ചക്രവർത്തി’ ഓർമിപ്പിക്കുന്നുണ്ടെന്ന്. അതു വായിച്ച് വളരെ വികാരഭരിതനായി അദ്ദേഹം എന്നെ കാണാൻ ‘മാതൃഭൂമി’യിൽ തേടിവന്നു. കൈകൾ നെഞ്ചിനോട് ചേർത്തുപിടിച്ച് എഴുതിയ വാക്കുകൾക്ക് അനുഗ്രഹം ചൊരിഞ്ഞു. ‘വഴിയമ്പല’ത്തിന്റെ കോപ്പി ഒന്നു തരുമോ എന്നു അപ്പോഴും ചോദിച്ചു. തരാം, എന്തായാലും തരാം എന്നു പറഞ്ഞു.
തലമുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ് തന്റെ ‘കഥക്കൂട്ട്’ എന്ന പംക്തിയിലെ ‘പല കൈവഴികൾ ഒരേ പുഴ’ എന്ന അധ്യായത്തിൽ ‘‘നമ്മുടെ ഭാഷയിൽ പല സാഹിത്യ ശാഖകളിലും കൂട്ടുസംരംഭങ്ങൾ ഉണ്ടായിട്ടുണ്ട്... നാലുപേർ ചേർന്നെഴുതിയ ഒരു നാടകത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയുമുണ്ടായിട്ടുണ്ട്, നമ്മുടെ ഭാഷയിൽ. തിക്കോടിയൻ, കെ.ടി. മുഹമ്മദ്, ടി. ദാമോദരൻ, എം.ടി. വാസുദേവൻ നായർ എന്നിവർ ഒരുമിച്ചെഴുതിയ ‘മുസാവരി ബംഗ്ലാവ്’. നാലു ഭാഗങ്ങളായിരുന്നു നാടകത്തിനുണ്ടായിരുന്നത്. ഓരോരുത്തരും ഓരോ രംഗം വീതമെഴുതി. ഒരു പരീക്ഷണ നാടകമെന്ന നിലയിൽ ഏറെ പേരെടുത്തു, ‘മുസാവരി ബംഗ്ലാവ്’ (കഥക്കൂട്ട്, 2012 മേയ് 19 മനോരമ ആഴ്ചപ്പതിപ്പ്).
തിക്കോടിയൻ 2001 ജനുവരി 28ന് പോയി. കെ.ടി. മുഹമ്മദ് 2008 മാർച്ച് 25നും. 2011 മാർച്ച് 2ന് ആഹ്വാൻ സെബാസ്റ്റ്യനും വിടപറഞ്ഞു. മരിക്കും വരെയും തന്റെ കൈയിലുണ്ട് എന്നു പറഞ്ഞ ‘വഴിയമ്പല’ത്തിന്റെ കൈയെഴുത്തു പ്രതി അദ്ദേഹം കൈവിട്ടുതന്നില്ല. 2012 മാർച്ച് 28ന് ടി. ദാമോദൻ മാസ്റ്ററും ഈ ലോകത്തോട് വിടപറഞ്ഞു. ആ നാടകം മറവിയുടെ ചരിത്രമാകും എന്നു തീരുമാനിച്ച് ഞാനും അതു മറന്നു. അപ്പോഴാണ് മാസ്റ്ററുടെ ശിഷ്യനും ‘വഴിയമ്പല’ത്തിന്റെ പ്രോംപ്റ്ററും ബേപ്പൂരിലെ നാടക പ്രവർത്തകനുമായ പത്മശങ്കരൻ വിളിക്കുന്നത്: ഞാനും ദീദിയും എപ്പോൾ വീട്ടിലുണ്ടാകുമെന്ന്. വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അപ്പോൾതന്നെ കുതിച്ചെത്തി. ഒരു കടലാസു കവറിൽ ആറ് പതിറ്റാണ്ടിലേറെക്കാലം ചിതലരിക്കാതെ ഭദ്രമായി കാത്തുസൂക്ഷിച്ച ‘വഴിയമ്പല’ത്തിന്റെയും ‘ഉടഞ്ഞ വിഗ്രഹങ്ങളു’ടെയും കൈയെഴുത്തു പ്രതികൾ ദീദിക്ക് നേരിട്ട് കൈമാറുവാനായിരുന്നു ആ വരവ്. മറ്റാരുടെയെങ്കിലും കൈയിൽ കൊടുത്തയച്ച് കോപ്പി നഷ്ടപ്പെട്ടുപോകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് വീട്ടിലുണ്ടെന്ന് വിളിച്ച് ഉറപ്പുവരുത്തി, നേരിട്ട് കൊണ്ടുവന്നേൽപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു നിധി കൈമാറുന്ന മട്ടിലായിരുന്നു അത്. വർഷങ്ങളായി ഞങ്ങൾ തേടിനടന്ന, ചരിത്രത്തിൽ അദൃശ്യമായി കിടന്ന ആ രണ്ടു നാടകങ്ങൾ ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിന്റെ വേളയിൽ ഇരുട്ടിന്റെ മറവിൽനിന്നും ആകസ്മികമായി കൈയിൽ തിരിച്ചെത്തിയത് വികാരഭരിതവും പറഞ്ഞറിയിക്കാനാവാത്തത്ര ഹൃദയസ്പർശിയുമായ ഒരോർമനിമിഷമായിരുന്നു.
നാടകം തിരിച്ചു കിട്ടിയ വിവരമറിഞ്ഞ് തിരക്കഥാകൃത്ത് രൺജി പണിക്കർ വിളിച്ച് ദാമോദരൻ മാസ്റ്റർക്ക് ഒരു ട്രിബ്യൂട്ട് കൊടുക്കാൻ ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ ആവശ്യപ്പെട്ടു. അദ്ദേഹം എഡിറ്ററായിരുന്ന ‘മെട്രോവാർത്ത’ എന്ന പത്രം പുറത്തിറക്കിയ പ്രത്യേക വാർഷിക പതിപ്പിൽ ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. പിന്നീടത് 2015ൽ ദീദി എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ടി. ദാമോദരൻ -ജീവിതവും രചനയും’ എന്ന ഓർമപ്പുസ്തകത്തിൽ സമാഹരിച്ചു. വഴിയമ്പലം നാലുപേർ ചേർന്ന് എഴുതിയ നാടകമായതുകൊണ്ട്, എങ്ങനെ പ്രസിദ്ധീകരിക്കും എന്നറിയാത്തതുകൊണ്ട് അത് ഭദ്രമായി കാത്തുസൂക്ഷിച്ചു. ആ കാത്തുസൂക്ഷിക്കലിനിപ്പോൾ 13 വയസ്സും ആ രചനക്ക് അറുപത് വയസ്സും പിന്നിട്ടു.
അപ്പോഴാണ് മുമ്പ് ‘മാധ്യമ’ത്തിലെ ‘കാലാന്തരം’ എന്ന പംക്തിയിലെ ‘പൂജാരികളുടെ എം.ടി’ എന്ന അധ്യായത്തിൽ ഒരിക്കൽ എഴുതിയിരുന്ന, നാലുപേർ ചേർന്ന് എഴുതിയ ‘വഴിയമ്പലം’ എന്ന നാടകം ‘മാധ്യമ’ത്തിനായി അച്ചടിക്കാൻ തരുമോ എന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായ ആർ.കെ. ബിജുരാജ് ആവശ്യപ്പെടുന്നത്. അത് നിഷേധിക്കാനാവില്ലായിരുന്നു. കാരണം ആറു പതിറ്റാണ്ടിലേറെ നീണ്ട സ്പോർട്സ്, നാടക സിനിമാ ജീവിതത്തിനിടയിൽ ടി. ദാമോദരൻ മാസ്റ്ററോട് നീതിപുലത്തിയ ഏക അഭിമുഖം ചെയ്തത് ബിജുരാജ് ആണ്.
അഭിമുഖങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫീച്ചർ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും നിരന്തരമായ ആവശ്യങ്ങൾക്ക് ‘‘ഒരു വരിപോലും വെട്ടാതെ ഞാൻ പറയുന്നത് കൊടുക്കും എന്നുറപ്പുണ്ടെങ്കിൽ മാത്രം വരൂ’’ എന്ന മറുപടിയിൽ ആ അന്വേഷണം അവസാനിക്കുകയാണ് പതിവ്. എന്നാൽ, എന്ത് ധൈര്യത്തിലാണ് എന്നറിയില്ല ‘‘ഒരു വരി വെട്ടാതെ മാഷ് പറയുന്നതെല്ലാം കൊടുക്കാം’’ എന്ന് ബിജുരാജ് പറഞ്ഞപ്പോൾ മാസ്റ്റർ സമ്മതം മൂളി. ആ അഭിമുഖം പൂർത്തിയായിരുന്നില്ല. ഒരു ദിവസമേ നടന്നുള്ളൂ. ബാക്കി പിന്നീടൊരിക്കൽ ഇരിക്കാം എന്നു പറഞ്ഞാണ് ബിജുരാജ് പിരിഞ്ഞത്. എന്നാൽ, അതച്ചടിച്ചു വരും മുമ്പ് മാർച്ച് 28ന് ബിജുരാജ് വാക്കു പാലിച്ചോ എന്നറിയാൻ കാത്തുനിൽക്കാതെ മാസ്റ്റർ ഈ ലോകത്തോട് വിട പറഞ്ഞു. ആദ്യത്തെയും അവസാനത്തെയും അഭിമുഖം അദ്ദേഹം വായിക്കാതെ പോയി. അത് പിന്നീട് 2013 ആഗസ്റ്റ് മുതൽ മൂന്നു ലക്കങ്ങളിലായി ഡി.സി ബുക്സിന്റെ ‘പച്ചക്കുതിര’യിൽ അച്ചടിച്ചു വന്നു: ‘ഹിറ്റ് മേക്കർ: അഭിമുഖം: ടി. ദാമോദരൻ/ ആർ.കെ. ബിജുരാജ്’. അപൂർണമായിരുന്നു, എങ്കിലും അത്രയും വിശദമായ ഒരഭിമുഖം ദാമോദരൻ മാസ്റ്ററുടേതായി അച്ചടിക്കപ്പെട്ടിട്ടില്ല.
2003ൽ ഞാൻ ‘ചിത്രഭൂമി’യുടെ ചുമതല ഏറ്റെടുക്കുന്ന ദിവസം മാസ്റ്റർ എന്നോട് ആവശ്യപ്പെട്ടത് ‘‘പറ്റുമെങ്കിൽ എന്റെ പേര് അതിൽ ഒരു കാരണവശാലും അച്ചടിക്കാതെ നോക്കണം, നിന്റെ ‘ചിത്രഭൂമി’യിൽ പേരച്ചടിച്ചിട്ട് വേണ്ട എനിക്ക് സിനിമയിൽ നിൽക്കാൻ. അതിന്റെ ആവശ്യമെനിക്കില്ല’’ എന്നാണ്. മരണം വരെയും ഞാനത് 99 ശതമാനവും കാത്തുസൂക്ഷിച്ചിരുന്നു, വളരെ അപൂർവാവസരങ്ങളിൽ ഒഴിച്ചുനിർത്തിയാൽ. മരണാനന്തരം ഒരിക്കൽമാത്രം അതു ലംഘിച്ചു.
അരങ്ങിലെത്തുന്ന ഏത് നാടകവും ഏതാനും വ്യക്തികളുടേത് മാത്രമല്ല. അത് ഒരു ജനസഞ്ചയത്തിന്റേതായി മാറുന്ന ഒരു പ്രക്രിയയുണ്ട്, സിനിമയേക്കാൾ നാടകത്തിന് അതിന്റെ തീവ്രത ഒന്നുകൂടി കൂടുതലാണ്. അതുല്യ നടൻ കുഞ്ഞാണ്ടിയും ‘ലിസ’, ‘ശംഖുപുഷ്പം’ എന്നീ സിനിമകളിലൂടെ പിൽക്കാലത്ത് പ്രശസ്തനായ സംവിധായകൻ ബേബിയും ചേർന്നാണ് ‘വഴിയമ്പല’ത്തിന്റെ സംവിധാനം നിർവഹിച്ചത്. കുതിരവട്ടം പപ്പു, ശാന്താദേവി, പി.പി. ഭാസ്കരക്കുറുപ്പ്, നിലമ്പൂർ ബാലൻ, ആർ.കെ. നായർ, ബാലൻ കെ. നായർ, രാഘവൻ നായർ, എ.പി. ഉമ്മർ, അബു, മുഹമ്മദ് സർക്കാർ, കെ.ടി. സെയ്ത്, കെ.ടി. രവി, ജൈനേന്ദ്ര, ബേബി, അബൂട്ടി, സാവിത്രി ശ്രീധരൻ, പുഷ്പ, ട്രീസ, പത്മാവതി തുടങ്ങി കോഴിക്കോടൻ നാടകവേദിയിലെ പ്രമുഖർ പല വേദികളിൽ വേഷമണിഞ്ഞു. ആഹ്വാൻ സെബാസ്റ്റ്യൻ സംഗീതം നൽകി. എളവന മാധവൻ, പി.എൻ. ചന്ദ്രൻ, കരുമല ബാലകൃഷ്ണൻ, വേണുഗോപാൽ എന്നിവർ ഗാനരചന നിർവഹിച്ചു. പിന്നണിയിൽ സുകുമാരൻ, എ. ബേക്കർ, ബാബു, ബാലചന്ദ്രൻ, ലാൻസി, സെല്ലീന, പത്മാവതി എന്നിവരുമുണ്ടായിരുന്നു. വേഷവിധാനം കെ.ടി. രവിയും സി.പി. രാഘവനും നിർവഹിച്ചു. പേരറിയാത്ത എത്രയോ പേരുടെ കൂടി അധ്വാനംകൂടി അതിന്റെ സാക്ഷാത്കാരത്തിന്റെ ഭാഗമായി അലിഞ്ഞുചേർന്നിട്ടുണ്ടാകും.

തിക്കോടിയന്റെ ഭാര്യ പാർവതി,ദാമോദരൻ മാഷും എം.ടിയും
പല കാരണത്താലും ചരിത്രമാകാൻ വിസമ്മതിച്ചുനിൽക്കുന്ന അപൂർവ അധ്യായങ്ങൾ രാഷ്ട്രീയത്തിലും ചരിത്രത്തിലും സാഹിത്യത്തിലും ഒക്കെയുണ്ട്. മലയാള നാടകചരിത്രത്തിലെ അത്തരമൊരു അപൂർവ അധ്യായമാണ് ‘വഴിയമ്പലം’. ബോധത്താലും അബോധത്താലും പ്രേരിതമായി നടക്കുന്ന പലതരം ഉന്മൂലനങ്ങളും തമസ്കരണങ്ങളും ചരിത്രത്തിൽ എന്നും ആവർത്തിക്കാറുണ്ട്. അതിന്റെ കുരുക്കഴിച്ച് വായിക്കുകയെന്നത് ദുഷ്കരമാണെങ്കിലും ചരിത്രപരമായ സത്യസന്ധതകളുടെ അർഥം തേടലിന് അതനിവാര്യമാണ്. ക്ലാവുപിടിച്ച മറവിയുടെ വഴിയമ്പലങ്ങൾ ഓർമകൾകൊണ്ട് തുടച്ചു മിനുക്കുകയല്ലാതെ അവിടേക്ക് വേറെ വഴിയില്ല. നാലര പതിറ്റാണ്ട് നീണ്ട ഓർമയുടെ ഈ യാത്രക്ക് ഞാനും ഇവിടെ തിരശ്ശീലയിടുന്നു. ഇനിയത് മലയാള നാടക ചരിത്രത്തിന്റെ ഓർമക്ക് വളമായിരിക്കട്ടെ. മലയാള സിനിമയിൽ ആന്തോളജികൾ ‘കാവ്യമേള’ മുതൽ പലതും ഉണ്ടായിട്ടുണ്ട്. എന്നാൽ നാടകത്തിലും അതുണ്ടായിട്ടുണ്ട് എന്നതിന്റെ ചരിത്രരേഖയാണിത്. എന്നാൽ, നാല് പേരിൽ ആരൊക്കെയാണ് ഏതൊക്കെ ഭാഗങ്ങൾ എഴുതിയതെന്ന് വെളിപ്പെടുത്താതെയാണ് നാടകം അരങ്ങേറിയത്. കാലം അതിന്റെ ലിറ്റ്മസ് ടെസ്റ്റ് നടത്തി കണ്ടുപിടിക്കാനാവുമെങ്കിൽ കണ്ടുപിടിക്കട്ടെ. ‘വഴിയമ്പലം’ ഇനി ചരിത്രത്തിന് വിടുന്നു.