വിശേഷണങ്ങൾക്കപ്പുറം വി.എസ്

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നൂറു വർഷം പൂർത്തിയാക്കിയ ആളാണ് വിഎസ്. സി.പി.എമ്മിന്റെ സ്ഥാപകരായ ആ 32 പേരിൽ വിട പറയുന്ന അവസാനത്തെ ആൾ. യുഗാന്ത്യം എന്ന് അർഥവത്തായി വിശേഷിപ്പിക്കാവുന്നതാണ് വി.എസിന്റെ വിടവാങ്ങൽ –മുതിർന്ന മാധ്യമപ്രവർത്തകനും ഇടതു സഹയാത്രികനുമായ ലേഖകൻ വി.എസിനെ അനുസ്മരിക്കുന്നു.മരണവുമായി നിരന്തരം കിളിമാശുകളിയിലേർപ്പെട്ട ഒളിപ്പോരാളിയാണ് അവസാനം വിധിക്കു കീഴടങ്ങി രക്തസാക്ഷികളുടെ അന്തിമവിശ്രമകേന്ദ്രമായ വലിയ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നൂറു വർഷം പൂർത്തിയാക്കിയ ആളാണ് വിഎസ്. സി.പി.എമ്മിന്റെ സ്ഥാപകരായ ആ 32 പേരിൽ വിട പറയുന്ന അവസാനത്തെ ആൾ. യുഗാന്ത്യം എന്ന് അർഥവത്തായി വിശേഷിപ്പിക്കാവുന്നതാണ് വി.എസിന്റെ വിടവാങ്ങൽ –മുതിർന്ന മാധ്യമപ്രവർത്തകനും ഇടതു സഹയാത്രികനുമായ ലേഖകൻ വി.എസിനെ അനുസ്മരിക്കുന്നു.
മരണവുമായി നിരന്തരം കിളിമാശുകളിയിലേർപ്പെട്ട ഒളിപ്പോരാളിയാണ് അവസാനം വിധിക്കു കീഴടങ്ങി രക്തസാക്ഷികളുടെ അന്തിമവിശ്രമകേന്ദ്രമായ വലിയ ചുടുകാട്ടിലെത്തിയത്. സി.പിയുടെ പൊലീസിന്റെ വെടിയേറ്റ് പുന്നപ്രയിൽ അവസാനിക്കുമായിരുന്ന തീക്ഷ്ണജീവിതം വളർന്നു വികസിച്ച് വിപ്ലവത്തിന്റെ പര്യായമായ രണ്ടക്ഷരമായി. ഏഴാം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് ജനകീയ സർവകലാശാലയിൽ ഉപരിപഠനത്തിനു ചേർന്ന അച്യുതാനന്ദന് പി. കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകിയത്. സി.പി.ഐയുടെ ദേശീയ കൗൺസിലിൽ ഇടം ലഭിച്ച അച്യുതാനന്ദൻ പാർട്ടി പിളർത്തി ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളെന്ന നിലയിൽ സി.പി.എമ്മിന്റെ സ്ഥാപകരിലൊരാളായി. എ.കെ.ജിക്കൊപ്പം പാർട്ടിയുടെ ജനകീയമുഖമായി മാറിയ വി.എസ് പാർട്ടിയുടെ സമരവീര്യത്തിന്റെ തുടർച്ചയായിരുന്നു. തല കുനിക്കാത്ത ശീലമാണ് തന്റെ യൗവനം എന്നുപറഞ്ഞ വി.എസ് ആരുടെ മുന്നിലും തലകുനിക്കാതെയാണ് ശതാബ്ദിക്കപ്പുറം കടന്നത്. കോടതി വ്യവഹാരത്തിൽ വേഴ്സസ് എന്നതിന്റെ ചുരുക്കമാണ് വി.എസ്. ആർക്കെങ്കിലും എതിരെ അദ്ദേഹം എപ്പോഴും നിലയുറപ്പിക്കും. ഭരണത്തിലായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ നിലപാട് പ്രതിപക്ഷത്തിന്റേതായിരിക്കും. ഭരണവും സമരവും ഒരുമിച്ച് പോകണമെന്ന് ഇ.എം.എസ് പറഞ്ഞതിന്റെ സാരാംശം ഗ്രഹിച്ചുകൊണ്ട് രണ്ടിന്റെയും സമഞ്ജസമായ സമ്മേളനമായിരുന്നു അച്യുതാനന്ദന്റെ ജീവിതം.
അനീതിക്കും അഴിമതിക്കുമെതിരെയുള്ള നിരന്തരവും വിട്ടുവീഴ്ചയില്ലാത്തതുമായ പോരാട്ടം. മനുഷ്യനും മണ്ണിനും വേണ്ടിയുള്ള പോരാട്ടം. അതായിരുന്നു അച്യുതാനന്ദന്റെ ജീവിതം. കാളിന്ദിയിലെ കളങ്കമായ കാളിയനെ നിഗ്രഹിക്കുന്നതിന് വിലക്കും മുന്നറിയിപ്പും വകവെക്കാതെ ആറ്റിലേക്ക് ചാടിയ അച്യുതനായിരുന്നു അച്യുതാനന്ദൻ. എതിരാളിയുടെ വലുപ്പം അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. പ്രബലനായ ബാലകൃഷ്ണ പിള്ളയെ അഴിമതിയുടെ പേരിൽ ശിക്ഷിച്ച് ജയിലിലടച്ച് അഴിമതി തടുക്കുന്നതിൽ അഴിക്കുള്ള ബന്ധം സമൂഹത്തെ ബോധ്യപ്പെടുത്തിയ ആളാണ് അച്യുതാനന്ദൻ. പ്രശസ്തിക്കുവേണ്ടിയല്ല, നീതിനിർവഹണത്തിനുവേണ്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നത്. അഭിഭാഷകർക്കൊപ്പം അദ്ദേഹവും കേസിന്റെ നടത്തിപ്പിൽ സജീവമായുണ്ടാകും. പൊതുപ്രവർത്തകരിൽ അപൂർവമായി മാത്രം കാണുന്ന പ്രതിജ്ഞാബദ്ധതയിൽ സംപ്രീതനായ ശാന്തിഭൂഷൺ ഫീസ് വാങ്ങാതെയാണ് സുപ്രീം കോടതിയിൽ അച്യുതാനന്ദനുവേണ്ടി ഹാജരായത്.
പാർട്ടിയുടെ അനുമതിക്കും അംഗീകാരത്തിനുംവേണ്ടി കാക്കാതെ സമരമുഖങ്ങളിലെത്തി നേതൃത്വം ഏറ്റെടുക്കുന്ന ശീലക്കാരനായിരുന്നു വി.എസ്. കുടിയിറക്കപ്പെട്ട മലയോര കർഷകർക്കുവേണ്ടി അമരാവതിയിലും ചുരുളി-കീരിത്തോടിലും എത്തിയ എ.കെ.ജിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു വി.എസിന്റെ സമരജീവിതം. പാർട്ടിയുടെ നിലപാടിൽനിന്ന് വ്യത്യസ്തമായിരുന്നു കൂടംകുളം സമരത്തോടുള്ള വി.എസിന്റെ നിലപാട്. അതിർത്തിയിൽ തടയപ്പെട്ടില്ലായിരുന്നുവെങ്കിൽ കൂടംകുളത്തേക്കുള്ള യാത്ര വിപ്ലവത്തിന്റെ പാതയിലെ വമ്പിച്ച മുന്നേറ്റമാകുമായിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെ ദൈവശാസ്ത്രവുമായി ഫ്രാൻസിസ് മാർപാപ്പ ബന്ധിപ്പിച്ചതുപോലെ പരിസ്ഥിതിക്ക് പ്രത്യയശാസ്ത്രത്തിന്റെ ഊടും പാവും നെയ്യുന്നതിൽ വി.എസ് ശ്രദ്ധാലുവായിരുന്നു.
നീതിമാനായ വി.എസിൽ നീതി നിഷേധിക്കപ്പെടുന്നവർ ശരണമർപ്പിച്ചു. സ്ത്രീകളുടെ പ്രതീക്ഷയായിരുന്നു വി.എസ്. മൂന്നാറിലെ പെമ്പിളമാർക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു. വി.എസ് ഉണ്ടായിരുന്നെങ്കിൽ ആശാ പ്രവർത്തകർക്ക് തെരുവിലെ അനാഥത്വം അനുഭവിക്കേണ്ടിവരില്ലായിരുന്നു. ഇങ്ക്വിലാബ് എന്ന വിളി കേൾക്കുന്നിടത്തൊക്കെ അദ്ദേഹമുണ്ടായിരുന്നു. വിപ്ലവനായകന് സമരം സമരസപ്പെടലായിരുന്നില്ല. തീർപ്പിലല്ലാതെ ഒത്തുതീർപ്പിൽ അദ്ദേഹം തൽപരനായിരുന്നില്ല. അനഭിമതന് അസ്പൃശ്യത കൽപിച്ചാൽ പിന്നെ അടുക്കുന്ന പ്രശ്നമില്ല. വിതുര കേസിൽ പ്രതിയായ നടനെ കലാകാരനെന്ന നിലയിൽ പൊതുവേദിയിൽ ആദരിക്കാൻ വി.എസ് വിസമ്മതിച്ചു. കുറ്റാരോപിതനും കുറ്റവാളിയും തമ്മിലുള്ള സാങ്കേതികമായ വ്യത്യാസം ഇഴകീറിയല്ല ഇത്തരം സന്ദർഭങ്ങളിൽ വി.എസ് നിലപാട് സ്വീകരിക്കുന്നത്. ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ നിലപാട്. അത് ശരിയായ നിലപാടായിരിക്കുമെന്ന് ബോധ്യമുള്ള ജനം അദ്ദേഹത്തോടൊപ്പം നിന്നു.
കമ്മ്യൂണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനാഘോ ഷ ചടങ്ങിനെത്തിയ വി.എസ്. അച്യുതാനന്ദൻ. 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തായത് വി.എസ് ആയിരുന്നു. 1957ൽ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ഇവിടെനിന്നും സി.പി.ഐ പ്രതിനിധിയായി റോസമ്മ പുന്നൂസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഇലക്ഷൻ ട്രിബ്യൂണൽ തെരഞ്ഞെടുപ്പ് റദ്ദു ചെയ്തു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കമ്മ്യൂണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനാഘോ ഷ ചടങ്ങിനെത്തിയ വി.എസ്. അച്യുതാനന്ദൻ. 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തായത് വി.എസ് ആയിരുന്നു. 1957ൽ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ഇവിടെനിന്നും സി.പി.ഐ പ്രതിനിധിയായി റോസമ്മ പുന്നൂസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഇലക്ഷൻ ട്രിബ്യൂണൽ തെരഞ്ഞെടുപ്പ് റദ്ദു ചെയ്തു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വി.എസിന്റെ ഇടപെടൽ പ്രസിദ്ധിക്കു കാരണമായിത്തീർന്ന ചില പേരുകളുണ്ട്. ഫാരിസ് അബൂബക്കറും സാന്റിയാഗോ മാർട്ടിനും അക്കൂട്ടത്തിൽപ്പെടുന്നു. എതിരാളിയുടെ കരുത്ത് നിർണയിച്ചതിനുശേഷമുള്ള ആക്രമണമായിരുന്നില്ല വി.എസ് നടത്തിയത്. തകർക്കപ്പെടേണ്ടത് തകർക്കപ്പെടണം എന്ന നിശ്ചയദാർഢ്യമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.
വലതുപക്ഷ താൽപര്യങ്ങളോടാണ് അദ്ദേഹം നിരന്തരം ഏറ്റുമുട്ടിയിരുന്നത്. അതുകൊണ്ടുതന്നെ ലക്ഷ്യം അർഹിക്കുന്ന പിന്തുണ മാധ്യമങ്ങളിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. മൂന്നാർ ദൗത്യത്തിൽ കരിമ്പൂച്ചകളിലാണ് മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. അച്യുതാനന്ദൻ ഉന്നംവെച്ച കടുവകൾ വാർത്തയുടെ പൊലിമയിൽ തേയിലത്തോട്ടങ്ങളിൽ മറഞ്ഞു. പിന്തുണയും പ്രശംസയും കോരിച്ചൊരിഞ്ഞ് വിഷയത്തെ അഗോചരമാക്കുന്ന മാധ്യമരീതിയുണ്ട്. അച്യുതാനന്ദന്റെ വെട്ടിനിരത്തൽ വയലുകളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. അരിയാഹാരം കഴിക്കുന്നതിൽ അഹങ്കരിക്കുന്നവർതന്നെ വെട്ടിനിരത്തലിന്റെ കാർഷികപ്രാധാന്യം മറന്ന് അതിനെ രാഷ്ട്രീയ പദാവലിയുടെ ഭാഗമാക്കി. അധികാരവും സ്വാധീനവുമുപയോഗിച്ച് പാർട്ടിയിലെ എതിരാളികളെ ഉന്മൂലനംചെയ്യുന്ന പ്രക്രിയയായി വെട്ടിനിരത്തൽ മാറി. രാഷ്ട്രീയ പാർട്ടികളിൽ അവശ്യം വേണ്ടതായ അഭിപ്രായവ്യത്യാസത്തെ വിഭാഗീയത എന്ന ലേബലിൽ അവതരിപ്പിച്ചു.

അച്യുതാനന്ദൻതന്നെ പാർട്ടിയിൽ ഉണ്ടെന്നു പറയപ്പെടുന്ന വിഭാഗീയതയുടെ ഇരയായി. പാർട്ടിയുടെ അഭേദ്യമായ കോട്ടയായ മാരാരിക്കുളത്ത് അദ്ദേഹം അവിശ്വസനീയമായ രീതിയിൽ തോറ്റു. ജയിച്ചിരുന്നെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നു. ആലപ്പുഴയിൽനിന്ന് മലമ്പുഴയിലെത്തിയാണ് അദ്ദേഹം പിന്നീട് വിജയമുറപ്പിച്ചത്. 1996ൽ നഷ്ടമായത് 2006ൽ അദ്ദേഹത്തെ തേടിയെത്തി. കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.എസ്. പാർട്ടി ചെറുതായൊന്ന് മനസ്സ് െവച്ചിരുന്നെങ്കിൽ വി.എസ് വീണ്ടും മുഖ്യമന്ത്രിയാകുമായിരുന്നു. രണ്ട് സീറ്റിന്റെ കുറവിലാണ് അന്ന് എൽ.ഡി.എഫ് പ്രതിപക്ഷത്തായത്. തൃക്കാക്കരയിൽ ഞാൻ ജയിച്ചിരുന്നെങ്കിൽ സമാസമം ആകുമായിരുന്നു. അതില്ലാതെതന്നെ പാർട്ടിക്ക് ഉറപ്പായി ജയിക്കാൻ കഴിയുന്നതും ഉപേക്ഷകൊണ്ട് കൈവിട്ടുപോയതുമായ നിരവധി മണ്ഡലങ്ങളുണ്ടായിരുന്നു.
വിജയവും പരാജയവും ആഘോഷിക്കുന്നതിനുള്ള ആയുർദൈർഘ്യം വി.എസിനു ലഭിച്ചു. ആയിരം പൂർണചന്ദ്രന്മാരുടെ സാങ്കൽപിക ദർശനത്തിൽനിന്ന് ലഭിക്കുന്ന ആനുകൂല്യമില്ലാതെ നൂറു വർഷം പിന്നിട്ട ദീർഘായുഷ്മാനായിരുന്നു അദ്ദേഹം. മൂന്നുവട്ടം സി.പി.എം സംസ്ഥാന സെക്രട്ടറി, മൂന്നുവട്ടം പ്രതിപക്ഷ നേതാവ്, അഞ്ചുവർഷം മുഖ്യമന്ത്രി എന്നിങ്ങനെ പദവികളാലും സംഭവങ്ങളാലും ബഹുലമായിരുന്നു ആ വിപ്ലവജീവിതം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നൂറു വർഷം പൂർത്തിയാക്കിയ ആളാണ് വി.എസ്. സി.പി.എമ്മിന്റെ സ്ഥാപകരായ ആ 32 പേരിൽ വിടപറയുന്ന അവസാനത്തെ ആൾ. യുഗാന്ത്യം എന്ന് അർഥവത്തായി വിശേഷിപ്പിക്കാവുന്നതാണ് വി.എസിന്റെ വിടവാങ്ങൽ.
ഇ.എം.എസിന്റെ വിക്കും വി.എസിന്റെ വിക്ഷേപവും ആൾക്കൂട്ടത്തെ ആകർഷിച്ചു. ആശയങ്ങളുടെ കുത്തൊഴുക്കിൽ ഇ.എം.എസിന്റെ വിക്ക് ശ്രോതാക്കൾ ശ്രദ്ധിച്ചില്ല. വി.എസിന്റെ അംഗവിക്ഷേപത്തിൽ ആശയങ്ങൾ ശ്രദ്ധിക്കാതെ പോയതുമില്ല. അന്യഥാ ശ്രദ്ധ നഷ്ടപ്പെടുന്ന ഗ്രാമീണ സദസ്സുകളെ തന്നിലേക്കാകർഷിച്ചു നിർത്തുന്നതിന് വി.എസ് ആവിഷ്കരിച്ചതായിരുന്നു കയറ്റിറക്കങ്ങളും ആവർത്തനവുമുള്ള തനതായ ആ പ്രഭാഷണശൈലി. അങ്ങനെ അദ്ദേഹം പാർട്ടിയുടെ താരപരിവേഷമുള്ള പ്രചാരകനായി. കുട്ടനാടൻ പാടശേഖരങ്ങളിൽ സന്ധ്യ മയങ്ങുന്ന നേരത്ത് വൈരുധ്യാത്മക ഭൗതികവാദത്തിലധിഷ്ഠിതമായി കർഷകത്തൊഴിലാളികൾക്ക് ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെയാണ് കാര്യങ്ങൾ വിശദീകരിച്ചും വ്യാഖ്യാനിച്ചും കൊടുക്കുക! ഭൂമിയുടെ ഉടമാവകാശത്തെക്കുറിച്ച് പറഞ്ഞാൽ അവർക്കൊന്നും മനസ്സിലാവില്ല. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് ഒ.എൻ.വി പാടിയപ്പോൾ ചെറുമികൾക്ക് എല്ലാം മനസ്സിലായി. ഒ.എൻ.വി പദ്യത്തിൽ പറഞ്ഞതിന്റെ ഗദ്യാവിഷ്കാരമായിരുന്നു വി.എസിന്റെ നാട്യപ്രധാനമായ പ്രഭാഷണങ്ങൾ.

ഫോട്ടോ: പി. അഭിജിത്ത്
വിപ്ലവസൂര്യൻ എന്നാണ് വി.എസ് വിശേഷിപ്പിക്കപ്പെടുന്നത്. സൂര്യനോടടുക്കുന്നവർക്ക് ഇക്കറസിന്റെ അനുഭവമുണ്ടാകും. ചിറകെരിഞ്ഞ് നിലംപതിക്കും. ധർമപുത്രരുടെ സ്വർഗയാത്രപോലെയായിരുന്നു വിപ്ലവത്തിന്റെ വഴിയിലൂടെയുള്ള വി.എസിന്റെ യാത്ര. വീഴുന്നവരെയും ഒപ്പമുള്ളവരെയും അദ്ദേഹം ശ്രദ്ധിച്ചില്ല. ഇൻഫോ പാർക്കിലെ ചീഫ് എക്സിക്യൂട്ടിവിന്റെ നിയമനത്തിൽ ഇടപെടൽ ആരോപിച്ച് എന്നെയും വി.എസിനെയും പ്രതികളാക്കി പി.സി. ജോർജ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. ഒരു കടവിലും അടുപ്പിക്കാൻ കഴിയാത്ത ആരോപണങ്ങളാണ് ജോർജ് ഉന്നയിക്കുക. എനിക്കും വി.എസിനുമെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നതിനാൽ വി.എസിനെതിരെയുള്ള മറ്റ് ആരോപണങ്ങളുടെ അവസ്ഥയും ഇതുതന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ധർമപുത്രരെ അനുഗമിക്കാൻ വിശ്വസ്തനായ ഒരു നായ ഉണ്ടായിരുന്നു. വി.എസിനെ അനുഗമിക്കാൻ വിശ്വസ്തതയോടെ ഒരു ജനത കൂടെയുണ്ടായിരുന്നു. പ്ലാറ്റോയുടെ അന്ത്യയാത്രയെക്കുറിച്ച് വിൽ ഡ്യൂറന്റ് എഴുതി: All Athens followed him to the grave. മുഷ്ടി ചുരുട്ടി നിരുദ്ധകണ്ഠരായി കണ്ണേ കരളേ എന്നു വിലപിച്ച് ഒരു ജനതയാകെ വലിയ ചുടുകാട്ടിലേക്ക് നടക്കുന്ന കാഴ്ച കേരളം കണ്ടു.
------------------
(വി.എസ്. അച്യുതാനന്ദൻ ചീഫ് എഡിറ്ററായിരിക്കെ ദേശാഭിമാനിയുടെ അസോസിേയറ്റ് എഡിറ്ററായിരുന്നു ലേഖകൻ.)