വഖഫിന്റെ വിനാശം

ഹിന്ദുത്വ അജണ്ട ആധാരമാക്കി മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ അണിയറയിൽ നടത്തിയ നീക്കങ്ങളിലൂടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ വഖഫിന്റെ വിനാശം സാധ്യമാക്കിയത് എങ്ങെനയെന്ന് പരിശോധിക്കുന്നു. ഭരണഘടനയെ ദുർബലപ്പെടുത്തുകയും ന്യൂനപക്ഷങ്ങളിൽ ഭീതി ജനിപ്പിക്കുകയും അദൃശ്യരാക്കുകയും തർക്കങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് വഖഫ് ബില്ലിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പാർലമെന്റിൽ ചർച്ചക്ക് ആമുഖമിട്ട് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി പറഞ്ഞത് ഒട്ടും അതിശയോക്തിപരമല്ല. വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അംഗമായിരുന്ന ഗൊഗോയിക്ക്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഹിന്ദുത്വ അജണ്ട ആധാരമാക്കി മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ അണിയറയിൽ നടത്തിയ നീക്കങ്ങളിലൂടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ വഖഫിന്റെ വിനാശം സാധ്യമാക്കിയത് എങ്ങെനയെന്ന് പരിശോധിക്കുന്നു.
ഭരണഘടനയെ ദുർബലപ്പെടുത്തുകയും ന്യൂനപക്ഷങ്ങളിൽ ഭീതി ജനിപ്പിക്കുകയും അദൃശ്യരാക്കുകയും തർക്കങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് വഖഫ് ബില്ലിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പാർലമെന്റിൽ ചർച്ചക്ക് ആമുഖമിട്ട് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി പറഞ്ഞത് ഒട്ടും അതിശയോക്തിപരമല്ല. വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അംഗമായിരുന്ന ഗൊഗോയിക്ക് അതിൽനിന്നുണ്ടായ തിക്താനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഗൗരവ് ഈ ആമുഖം ചർച്ചക്ക് നൽകിയത്. യഥാർഥത്തിൽ ഗൗരവ് ഗൊഗോയി നൽകിയ ആമുഖമായിരുന്നു വഖഫ് (ഭേദഗതി) ബിൽ 2025ന്റെ ലക്ഷ്യങ്ങളെഴുതിവെക്കാനുള്ള പേജിൽ േകന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു രേഖപ്പെടുത്തേണ്ടിയിരുന്നത്. നിയമത്തിന്റെ പേരുമാറ്റത്തോടെ മാറിയതും ലക്ഷ്യമാണല്ലോ.
ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കി നടപ്പിൽ വരുത്തിയ വിജ്ഞാപനംകൂടി ഇറക്കിയതോടെ ഇനി ഇന്ത്യയിൽ ഒരാൾ വഖഫ് ചെയ്യണമെങ്കിൽ തന്റെ ഇസ്‍ലാമിക വിശ്വാസത്തിന് സാക്ഷ്യപത്രം നൽകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അഞ്ചു വർഷം ഇസ്‍ലാം അനുഷ്ഠിക്കാത്ത ഒരാൾക്കും വഖഫ് ചെയ്യാനാവില്ലെന്ന പുതിയ നിയമത്തിലെ വ്യവസ്ഥ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. ഒരാൾ അഞ്ചു വർഷം ഇസ്‍ലാം അനുഷ്ഠിക്കുന്നുണ്ടോ എന്ന് സർക്കാർ എങ്ങനെ മനസ്സിലാക്കും? ഇത്തരമൊരു സാക്ഷ്യപത്രം നൽകാൻ സർക്കാർതന്നെ ഒരു മതകാര്യ ഡിപ്പാർട്മെന്റ് തുടങ്ങുമോ? മുസ്‍ലിം വീടുകളിൽ സി.സി.ടി.വി ഘടിപ്പിക്കുമോ? പള്ളികളിൽ സി.സി.ടി.വി ഘടിപ്പിക്കുകയും അവിടെ വരുന്നവരെ സാക്ഷ്യപ്പെടുത്താൻ ഇമാമിനോ പള്ളിക്കമ്മിറ്റിക്കോ അധികാരം നൽകുമോ? എങ്കിൽതന്നെ ഇസ്‍ലാമിന്റെ അഞ്ച് നിർബന്ധാനുഷ്ഠാനങ്ങളായ സത്യസാക്ഷ്യം, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയിൽ ഏതെല്ലാം അനുഷ്ഠാനങ്ങൾ സാക്ഷ്യപ്പെടുത്താനാകും? ഇങ്ങനെ കേൾക്കുമ്പോൾ തമാശയെന്ന് തോന്നുന്ന തരത്തിലാണ് രാജ്യത്തെ മുസ്‍ലിംകളുടെ മതപരമായ ഒരു കർമത്തിൽ സർക്കാർ ഇറങ്ങിക്കളിച്ചത്.
ബി.ജെ.പി പാസാക്കിയ നിയമം പൊളിച്ചടുക്കി
വഖഫ് സ്വത്തുക്കൾക്കുമേൽ സർക്കാറും സ്വകാര്യവ്യക്തികളും പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരുന്ന കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകി ഭാവിയിൽ കൂടുതൽ കൈയേറ്റങ്ങൾക്ക് പ്രേരണയും പ്രോത്സാഹനവും നൽകുന്നതാണ് മോദിസർക്കാർ കൊണ്ടുവന്ന ഓരോ ഭേദഗതിയും. വഖഫ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഭാവിയിൽ അന്യാധീനപ്പെടാതിരിക്കാനും മറ്റൊരു സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) സമർപ്പിച്ച ശിപാർശകളുടെ അടിസ്ഥാനത്തിൽ ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ ഇന്ത്യൻ പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയ 2013ലെ വഖഫ് നിയമഭേദഗതി റദ്ദാക്കുകയെന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകിയത്. അതുകൊണ്ടും ലക്ഷ്യപൂർത്തീകരണം സാധ്യമാകാതെ വന്നപ്പോൾ വഖഫ് സംരക്ഷണത്തിനുള്ള 1995ലെ മൂല നിയമവും ഭേദഗതിചെയ്തു. അന്യാധീനപ്പെട്ടുപോകുന്ന വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള സച്ചാർ കമ്മിറ്റി ശിപാർശയെ തുടർന്നാണ് വഖഫ് കൈയേറ്റങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ നിർദേശിക്കാനും മുൻ ന്യൂനപക്ഷ മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന കെ.എ. റഹ്മാൻ ഖാൻ അധ്യക്ഷനായ ജെ.പി.സിയുണ്ടാക്കിയത്.
രാജ്യമൊട്ടുക്കും സഞ്ചരിച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ജനാധിപത്യപരമായ കൂടിയാലോചന നടത്തി ഏകസ്വരത്തിൽ ജെ.പി.സി തയാറാക്കിയ റിപ്പോർട്ടിനോടോ മുന്നോട്ടുവെച്ച ശിപാർശകളോടോ ബി.ജെ.പിക്ക് അന്ന് ഒരു എതിർപ്പുമുണ്ടായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിലായിരുന്നു വഖഫ്ബോർഡിനെയും വഖഫ് ട്രൈബ്യൂണലിനെയും ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ 2013ലെ ഭേദഗതി നിയമത്തിൽ ഉൾക്കൊള്ളിച്ചതും എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്ലി തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കൾ അടക്കമുള്ളവർ അതിന് അനുകൂലമായിനിന്ന് പാർലമെന്റിൽ അത് പാസാക്കിയതും. അന്ന് വഖഫ് ബില്ലിന്മേലുള്ള ചർച്ചയിൽ വഖഫ് കൈയേറ്റക്കാരനായി അരുൺ ജെയ്റ്റ്ലി പരിഹസിച്ച കസ്തൂർബാ ഗാന്ധി മാർഗിന് നടുവിലെ സർക്കിളിൽ അഖിലേന്ത്യാ ഇമാം സംഘടനയുടെ ബോർഡ് വെച്ചിരിക്കുന്ന ഇല്യാസി ഇന്ന് സർക്കാർ സുരക്ഷയൊരുക്കിയ മോദി ഭക്തനായ മുസ്‍ലിം ഇമാമാണ് എന്നതാണ് തമാശ. വഖഫ് കൈയേറ്റക്കാരിൽ ഏറെയും മുസ്‍ലിംകളാണെന്ന് വരുത്താനായിരുന്നു അന്ന് ജെയ്റ്റ്ലി ഇല്യാസിയെ ഉദാഹരിച്ചത്.
2013ലെ നിയമത്തോട് ശത്രുതക്കുള്ള കാരണം
അങ്ങനെ തങ്ങൾതന്നെ പിന്തുണച്ച് പാസാക്കിയ 2013ലെ വഖഫ് നിയമം വഖഫ് ബോർഡുകളെയും ട്രൈബ്യൂണലുകളെയും ശക്തിപ്പെടുത്തുകയും തങ്ങളുടെതന്നെ ഭരണകാലത്ത് കൈയേറ്റങ്ങൾക്ക് തടയിടുകയും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുകയും ചെയ്തുതുടങ്ങിയതോടെയാണ് ബി.ജെ.പിയുടെ മട്ടുമാറുന്നത്. വഖഫ്ബോർഡുകൾ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുകയും ചെയ്തതോടെയാണ് ആ നിയമത്തിന് മുമ്പും പിമ്പുമുള്ള വഖഫ് സ്വത്തുക്കളുടെ കണക്ക് പറഞ്ഞ് 2013നു ശേഷം വഖഫിൽ ഭീമമായ വർധനയുണ്ടായെന്ന് പറയുന്നത്. 2013ലെ നിയമത്തെ ഇവ്വിധം പൈശാചികവത്കരിക്കാനുള്ള പ്രകോപനവും അതാണ്. കൈയേറിയ വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ ബി.ജെ.പിയും കൂടി ചേർന്ന് വഖഫ്ബോർഡിനും വഖഫ് ട്രൈബ്യൂണലിനുമെല്ലാം നൽകിയ അധികാരത്തെയാണ് അതേ ബി.ജെ.പി ഇപ്പോൾ കിരാതമെന്നും ഭീകരമെന്നും രാക്ഷസീയമെന്നുമൊക്കെ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ ഏത് ഭൂമിക്കുമേലും അവകാശവാദമുന്നയിക്കാനുള്ള അധികാരമാണെന്ന് ദുഷ് പ്രചാരണം നടത്തുന്നത്.
ജെ.പി.സിയെ നേരിടാൻ മാത്രമായൊരു ജെ.പി.സി
അങ്ങനെ ജനാധിപത്യപരമായ കൂടിയാലോചനയിലൂടെ പാർലമെന്ററി സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ഭരണ -പ്രതിപക്ഷ കക്ഷികളെല്ലാം ഏകോപിച്ച് നടത്തിയ നിയമനിർമാണം അട്ടിമറിക്കാൻ അതേ തരത്തിൽ കാര്യങ്ങൾ ചെയ്തുവെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചന അണിയറയിൽ നടക്കുന്നതാണ് പിന്നീട് കണ്ടത്. റഫാൽ ഇടപാട്, ഇലക്ടറൽ ബോണ്ട്, മണിപ്പൂർ തുടങ്ങി പ്രതിപക്ഷം ആവശ്യപ്പെട്ട വിഷയങ്ങളിലൊന്നും ജെ.പി.സി ഉണ്ടാക്കാൻ തയാറാകാത്ത മോദി സർക്കാർ വഖഫ് ബിൽ ജെ.പി.സിക്ക് വിടാമെന്ന് ഇങ്ങോട്ട് നിർദേശം വെച്ച് നാടകം തുടങ്ങി.
ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി നേതാവ് ജഗദാംബികാ പാലിനെ ചെയർമാനാക്കി തുടർന്നങ്ങോട്ട് ചെയ്തതെല്ലാം നേരത്തേ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. മുൻകൂട്ടി തയാറാക്കിയ റിപ്പോർട്ടിന് കൂടിയാലോചനകളെന്നും അഭിപ്രായ നിർദേശങ്ങൾ തേടലെന്നും പറഞ്ഞ് നടത്തിയതെല്ലാം പാർലമെന്ററി ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്ന പ്രഹസനങ്ങൾ. വഖഫ് സംരക്ഷണത്തിന് കൊണ്ടുവന്ന നിയമഭേദഗതി ജെ.പി.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അത് പൊളിക്കാൻ തങ്ങൾ കൊണ്ടുവരുന്ന നിയമഭേദഗതിയും ജെ.പി.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാറിന് പറയാൻ കഴിയണം. ജെ.പി.സി റിപ്പോർട്ടിനൊപ്പം ആർ.എസ്.എസ് നടപ്പാക്കാനുദ്ദേശിക്കുന്ന ഹിന്ദുത്വ അജണ്ടക്ക് അനുസൃതമായ കരട് ഭേദഗതി ബിൽ കൂടി വെച്ച് ആ നാടകം അവർ തകർത്താടി.
ഒളിച്ചുവെക്കുന്ന വസ്തുതകൾ
വഖഫ് ബില്ലിനായി രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ വിളിച്ചുകൂട്ടിയെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെട്ട യോഗങ്ങളിൽ ഒന്നിൽപോലും ബിൽ അജണ്ടയാക്കുകയോ ചർച്ചചെയ്യുകയോ ഉണ്ടായില്ലെന്ന് ജെ.പി.സിക്ക് മുന്നിലെത്തിയ ആ യോഗങ്ങളുടെ മിനിറ്റ്സ് ഉയർത്തിക്കാട്ടി ഗൗരവ് ഗൊഗോയി പാർലമെന്റിൽ വെളിപ്പെടുത്തിയപ്പോൾ ന്യൂനപക്ഷ മന്ത്രിക്ക് ഒന്നും പറയാനാകാതെ തല താഴ്ത്തേണ്ടിവന്നു. ജെ.പി.സിക്ക് മുമ്പാകെ നിർദേശങ്ങൾവെച്ച സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഏതെന്നും അവയിൽ ജെ.പി.സി സ്വീകരിച്ച നിർദേശങ്ങൾ ആരുടേതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കാൻ പ്രതിപക്ഷം നടത്തിയ വെല്ലുവിളിക്ക് മുന്നിലും സർക്കാർ നിരായുധരായി. വഖഫിന്റെ പരിപാലനവും സംരക്ഷണവും നടത്തുന്ന വഖഫ്ബോർഡുകളുടെയും മുതവല്ലിമാരുടെയും മതസംഘടനകളുടെയും ഒരഭിപ്രായംപോലും കൊള്ളാതെ തള്ളിയും വഖഫിന്റെ വിനാശവും കൈയേറ്റവും ആഗ്രഹിക്കുകയും വഖഫിനോട് ശത്രുതാ മനോഭാവം വെച്ചുപുലർത്തുകയും ചെയ്യുന്നവരുടെയും അഭിപ്രായങ്ങളെല്ലാം സ്വീകരിച്ചുമാണ് ജെ.പി.സി വന്‍വിനാശത്തിന് റിപ്പോർട്ടും ബില്ലും ഉണ്ടാക്കിയതെന്ന യാഥാർഥ്യവും പാർലമെന്റിലൂടെ വെളിപ്പെട്ടു.
വഖഫ് വിനാശത്തിന് ബാഹ്യ ഇടപെടലുകൾ
സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ വന്ന മുഴുവൻ നിർദേശങ്ങളും നിവേദനങ്ങളും പുറത്തുവിടാൻ വഖഫ് ബില്ലിന്മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ ബിൽ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രിയെ പ്രതിപക്ഷം വെല്ലുവിളിച്ചിരുന്നു. അവ പുറത്തുവിട്ടാൽ ഏതെല്ലാം ബാഹ്യശക്തികളുടെ ഇടപെടലാണ് വഖഫ് നിയമത്തിന്റെ നിർമാണത്തിലുണ്ടായതെന്ന് വെളിപ്പെടുമെന്നും അതുകൊണ്ടാണ് സർക്കാർ അവ ഗോപ്യമാക്കി വെച്ചിരിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞപ്പോൾ ന്യൂനപക്ഷ മന്ത്രിക്ക് മറുപടി പറയാനൊന്നുമുണ്ടായില്ല.
വഖഫിനെതിരെ ദുഷ്പ്രചാരണം നടത്തുന്ന സംഘ് പരിവാർ സംഘടനകളും അവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വേദികളും വ്യക്തികളും തൊട്ട് രാജ്യത്തെ എല്ലാ പള്ളികൾക്ക് താഴെയും ക്ഷേത്രാവശിഷ്ടങ്ങൾ തിരഞ്ഞ് തർക്കങ്ങളുണ്ടാക്കുന്ന അഡ്വ. വിഷ്ണു ശങ്കർ ജെയിൻ വരെയുള്ളവരാണ് ഈ ബാഹ്യശക്തികൾ. ഒരു ഭാഗത്ത് വഖഫിന്റെ പരിപാലനവും സംരക്ഷണവും നടത്തുന്ന വഖഫ്ബോർഡുകളുടെയും മുതവല്ലിമാരുടെയും മതസംഘടനകളുടെയും ഒരഭിപ്രായംപോലും കൊള്ളാതെ തള്ളുകയും മറുഭാഗത്ത് വഖഫിന്റെ വിനാശവും കൈയേറ്റവും മാത്രം ആഗ്രഹിക്കുന്ന തീവ്രവാദ സംഘടനകളെയും വ്യക്തികളെയും ജെ.പി.സി നിയമനിർമാണത്തിലെ ‘സ്റ്റേക്ഹോൾഡേഴ്സ്’ ആയി മാറ്റുകയുമാണ് അമിത് ഷായും കിരൺ റിജിജുവും ചേർന്ന് ചെയ്തത്. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കണമെന്ന ഗുണകാംക്ഷ ലവലേശമില്ലാതെ ഉണ്ടാക്കിയ നിയമം വഖഫ് സ്വത്തുക്കൾ എങ്ങനെയെല്ലാം അന്യാധീനപ്പെടുത്താമെന്നതിനുള്ള വ്യവസ്ഥകളെല്ലാം ഉൾപ്പെടുത്തുകയുംചെയ്തു.
വഖഫ് നിയമത്തിൽ സഭ കൂട്ടിച്ചേർത്തത്
ബി.ജെ.പിക്ക് കേരളത്തിൽ ആധിപത്യം സ്ഥാപിക്കാൻ വിഘാതമായി നിൽക്കുന്ന ക്രിസ്ത്യൻ-മുസ്‍ലിം സമവാക്യം ഭേദിക്കാൻ വഖഫ് ഭേദഗതി ബിൽ ഒരു ക്രിസ്ത്യൻ-മുസ്‍ലിം പ്രശ്നമാക്കി കേരളത്തിൽ അവതരിപ്പിക്കാനും ബി.ജെ.പിക്കായി. മാസങ്ങളായി അണിയറയിൽ നടന്ന ചർച്ചയുടെ അനന്തര ഫലമായിരുന്നു കേരള കത്തോലിക്ക മെത്രാൻ സമിതിയും മലയാളി അധ്യക്ഷനായ കത്തോലിക്കാ ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യയും വഖഫ് ബില്ലിനെതിരെ വോട്ടു ചെയ്യാൻ കേരളത്തിലെ എം.പിമാരോട് നടത്തിയ പരസ്യാഹ്വാനം. വഖഫ് നിയമത്തിന്റെ രണ്ടാം വകുപ്പിൽ ‘എ’ എന്ന പേരിൽ ഒരു ഉപവകുപ്പ് ചേർക്കാനുള്ള ആവശ്യമുന്നയിച്ചത് കത്തോലിക്ക സഭാ നേതാക്കളാണ്.
ഇതിനുള്ള ചർച്ച ഡൽഹിയിൽ നടന്നുവെന്ന് സംയുക്ത പാർലമെന്ററി സമിതി പുതിയ ബില്ലിന്റെ കരട് തയാറാക്കിയ സമയത്ത് ഇൻഡ്യ സഖ്യത്തിന്റെ പ്രമുഖനായ നേതാവ് ഈ ലേഖകനോട് പറഞ്ഞതാണ്. അങ്ങനെയാണ് ‘ഒരു മുസ്‍ലിം വ്യക്തി സ്ഥാപിക്കുന്ന ട്രസ്റ്റിനോ പൊതു ചാരിറ്റി നിയമം ബാധകമായ മറ്റേതെങ്കിലും ട്രസ്റ്റിനോ വഖഫ് നിയമം ബാധകമല്ല എന്ന്’ വഖഫ് നിയമം തുടങ്ങുന്നിടത്ത് തന്നെ ‘2 എ’ എന്ന വകുപ്പായി കൂട്ടിച്ചേർത്തിരിക്കുന്നത്. നിയമത്തിന്റെ കരട് വായിക്കാതെയാണോ കേരളത്തിൽ കത്തോലിക്കാ സഭയും ദേശീയതലത്തിൽ ബിഷപ്സ് കൗൺസിൽ ഓഫ് ഇന്ത്യയും വഖഫ് ബില്ലിനെ പിന്തുണച്ചതെന്ന ചോദ്യം പല കോണുകളിൽനിന്നുമുയർന്നത് ഇതൊന്നുമറിയാതെയാണ്. ബിൽ പാസാക്കിയതിന്റെ പിറ്റേന്ന് സഭയുടെ പത്രത്തിൽ ‘2 എ’ വകുപ്പ് മുനമ്പം പ്രശ്നത്തിന് പരിഹാരമാകും എന്ന് അവകാശപ്പെട്ട് തയാറാക്കിയ പ്രത്യേക റിപ്പോർട്ട് വഖഫ് നിയമത്തിലെ സഭയുടെ കൈകടത്തലിനുള്ള തെളിവാണ്.
ന്യൂനപക്ഷ വ്യവഹാരങ്ങളിൽ കേട്ടുകേൾവിയില്ലാത്തത്
രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു മത ന്യൂനപക്ഷവും മറ്റൊരു മതന്യൂനപക്ഷത്തിന്റെ കാര്യങ്ങളിൽ ചെയ്യാത്ത വിചിത്രമായ ഈ ഇടപെടലിലൂടെ മുസ്‍ലിംകളുടെ വഖഫ് നിയമത്തിൽ ക്രിസ്തീയ സഭ ചേർത്ത വകുപ്പുകൊണ്ട് മുനമ്പം പ്രശ്നത്തിന് പരിഹാരമാവില്ല എന്നാണ് നിയമജ്ഞർ പറയുന്നത്. ഒരു സ്വത്ത് വഖഫ് ആണോ എന്ന് തീരുമാനിക്കുന്നത് അതിന്റെ സമർപ്പണം ആര് നടത്തിയെന്നും ആ വഖഫ് ചെയ്തയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നും നോക്കിയാണ്. അല്ലാതെ അത് നോക്കിനടത്താൻ ഏൽപിക്കപ്പെട്ടയാളുടെ സ്വഭാവം നോക്കിയല്ല. വഖഫിന്റെ കൈകാര്യ കർതൃത്വത്തിന് ചുമതലപ്പെടുത്തപ്പെട്ട ഒരു മുതവല്ലിക്കുള്ള അധികാരമേ അയാൾക്കുള്ളൂ. മുനമ്പം ഭൂമി വിഷയത്തിൽ വഖഫ് ചെയ്ത ഭൂമി ഏറ്റുവാങ്ങിയവരാണ് ഫാറൂഖ് കോളജ്. വഖഫ് ചെയ്തതാകട്ടെ സത്താർ സേട്ടാണ്. വഖഫ് ഏൽപിക്കപ്പെട്ട ഫാറൂഖ് കോളജ് നടത്തിയ ദുർവിനിയോഗത്തിനെതിരെ വഖഫിന്റെ അനന്തരാവകാശികൾ കോടതിയിലെത്തിയിട്ടുമുണ്ട്. അതിനാൽ, മുനമ്പം വഖഫ് ഭൂമി ഏറ്റുവാങ്ങിയ ഫാറൂഖ് കോളജ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതുകൊണ്ട് അത് വഖഫ് സ്വത്തല്ല എന്ന് വാദിച്ചാൽ ആ വാദം കോടതിയിൽ നിലനിൽക്കില്ല.
മുസ്‍ലിം സമുദായത്തിന്റെ രാജ്യമൊട്ടുക്കുമുള്ള വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാൻ സഭയുടെ ഈ ഇടപെടലും ഒരു പങ്കുവഹിക്കുമെന്നല്ലാതെ മറ്റൊരു നേട്ടവും ഇതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിന് കിട്ടാനില്ല. കത്തോലിക്ക സഭയുടെ നേതാക്കൾ ബി.ജെ.പി നേതാക്കളെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വഖഫ് സ്വത്തുക്കൾ ട്രസ്റ്റ് സ്വത്താണ് എന്ന വിഡ്ഢിത്തം ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവും പാർലമെന്റിന്റെ ഇരു സഭകളിലും പറഞ്ഞത്. ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാറിന് വഖഫ് ബില്ലിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് പ്രമുഖ നിയമജ്ഞനായ കപിൽ സിബൽ പറഞ്ഞത്. ഭേദഗതിയിലൂടെ കൊണ്ടുവന്ന 2 എ വകുപ്പിന് മുൻകാല പ്രാബല്യം നൽകിയതിലൂടെ വഖഫ് സ്വത്തുക്കൾക്ക് മേലുള്ള കടന്നുകയറ്റത്തിന് ഒരു വകുപ്പുകൂടി തുറന്നുകൊടുക്കുകയുംചെയ്തു.

സമുദായത്തിനകത്ത് നിന്നുയർന്ന എതിർപ്പ്
ക്രിസ്തീയ സമുദായത്തിനകത്തുനിന്നു തന്നെ രൂക്ഷമായ എതിർപ്പാണ് വഖഫ് ബില്ലിൽ കത്തോലിക്കാ ബിഷപ്പുമാർ കൈക്കൊണ്ട നിലപാടിനെതിരെ ഉയർന്നത്. മുസ്‍ലിംകൾ തങ്ങളുടെ മതനിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കരുതുന്ന ഒരു വിവാദ ബില്ലിൽ രാജ്യത്തെ ഇസ്‍ലാമോഫോബിക് സർക്കാറിനെ പിന്തുണച്ചതിലൂടെ മുസ്‍ലിം മത സ്ഥാപനങ്ങളുമായുള്ള ബന്ധത്തെ എന്നെന്നേക്കുമായി മുറിപ്പെടുത്തുകയാണ് ബിഷപ്പുമാർ ചെയ്തതെന്ന് മുതിർന്ന കത്തോലിക്കാ മാധ്യമപ്രവർത്തകനായ ജോൺ ദയാൽ കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ പുതുവർഷാഘോഷവേളയിൽ കത്തോലിക്കാ ബിഷപ്സ് കൗൺസിൽ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്റ് ആൻഡ്രൂസ് താഴത്ത് സമുദായം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിൽ തന്നെ സഭയുടെ ഈ ഇടപെടൽ ക്രിസ്ത്യൻ പാർലമെന്റേറിയന്മാർ ചോദ്യംചെയ്തിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള 20ൽപരം ക്രിസ്ത്യൻ പാർലമെന്റേറിയന്മാർ പങ്കെടുത്ത യോഗത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിൽ പിന്നെ രാജ്യത്ത് ക്രിസ്ത്യൻ സമുദായത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ ഉന്നയിച്ച ശേഷമാണ് രണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള അതേ സർക്കാറിന്റെ അജണ്ടക്ക് സഭ കൂട്ടുനിൽക്കരുതെന്ന് ഭൂരിഭാഗം ക്രിസ്ത്യൻ എം.പിമാരും ആവശ്യപ്പെട്ടത്. മുനമ്പം വിഷയത്തിൽ ബി.ജെ.പിയുമായി ചേർന്ന് നടത്തുന്ന നീക്കത്തെ അവരന്ന് ചോദ്യംചെയ്തു. വഖഫ് ബില്ലിനെതിരെ മുസ്‍ലിംകൾക്കൊപ്പം ഉറച്ചുനിൽക്കണമെന്നും കത്തോലിക്കാ ബിഷപ്പുമാരോട് അവർ ആവശ്യപ്പെട്ടിരുന്നു.
തൃണമൂൽ കോൺഗ്രസ് രാജ്യസഭാ നേതാവ് ഡെറിക് ഒബ്റിയാന്റെ നേതൃത്വത്തിൽ കേരളത്തിലെ കത്തോലിക്കാ വൈദികരുടെ ബി.ജെ.പി ചങ്ങാത്തത്തെ എം.പിമാർ വിമർശിക്കുകയും കേരളത്തിൽ തൃശൂരിൽനിന്ന് ബി.ജെ.പി പാർലമെന്റിൽ അക്കൗണ്ട് തുറന്നത് കത്തോലിക്കാ സഭയുടെ കൂടി പിന്തുണയോടെയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ യോഗത്തിന് എത്തും മുമ്പായിരുന്നു ഇത്. ജോർജ് കുര്യൻ എത്തിയതിന് പിന്നാലെ ചില എം.പിമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.