കലി

വന്നുവന്ന് യുദ്ധമുഖമെന്നൊന്ന് ഇല്ലാതെയായി. അടർക്കളം നിശ്ചയിച്ച് അങ്കം കുറിക്കാനാവില്ല. അതിരു കടന്നേറി അകം കവരുന്നിടത്തുമില്ല ഇന്ന് യുദ്ധമുഖം. അക്ഷ്വൗഹിണികൾക്ക് ഒന്നുമില്ല വ്യൂഹരൂപങ്ങൾ, സ്ഥാനനിലകൾ. രാഷ്ട്രങ്ങളുടെ കൈപ്പിടിക്കപ്പുറം വികസിത മുതലാളിത്തത്തിന്റെ യുക്തിപരിധിയിലാണ് അത്. അറിഞ്ഞിടത്തോളം, സ്വന്തം കൂട്ടരോട് പടവെട്ടുന്ന ജീവികൾ രണ്ടുമാത്രം –ഉറുമ്പ്, മനുഷ്യൻ. ആ പ്രകൃതത്തെ വ്യവസായമാക്കിയത് മനുഷ്യൻ മാത്രം. ചോദിക്കാം, മറ്റെത്രയോ ജീവികൾ പരസ്പരം കൊല്ലുന്നില്ലേന്ന്. പറഞ്ഞത് പടവെട്ടെന്നാണ്,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വന്നുവന്ന് യുദ്ധമുഖമെന്നൊന്ന് ഇല്ലാതെയായി. അടർക്കളം നിശ്ചയിച്ച് അങ്കം കുറിക്കാനാവില്ല. അതിരു കടന്നേറി അകം കവരുന്നിടത്തുമില്ല ഇന്ന് യുദ്ധമുഖം. അക്ഷ്വൗഹിണികൾക്ക് ഒന്നുമില്ല വ്യൂഹരൂപങ്ങൾ, സ്ഥാനനിലകൾ. രാഷ്ട്രങ്ങളുടെ കൈപ്പിടിക്കപ്പുറം വികസിത മുതലാളിത്തത്തിന്റെ യുക്തിപരിധിയിലാണ് അത്.
അറിഞ്ഞിടത്തോളം, സ്വന്തം കൂട്ടരോട് പടവെട്ടുന്ന ജീവികൾ രണ്ടുമാത്രം –ഉറുമ്പ്, മനുഷ്യൻ. ആ പ്രകൃതത്തെ വ്യവസായമാക്കിയത് മനുഷ്യൻ മാത്രം. ചോദിക്കാം, മറ്റെത്രയോ ജീവികൾ പരസ്പരം കൊല്ലുന്നില്ലേന്ന്. പറഞ്ഞത് പടവെട്ടെന്നാണ്, സംഘടിതയുദ്ധം. മൃഗങ്ങൾ മല്ലടിക്കാറുണ്ട് –ഇടത്തെച്ചൊല്ലി, ഇരയെച്ചൊല്ലി, ഇണയെച്ചൊല്ലി... കലാശം പലപ്പോഴും കൊലയിലാകാറുണ്ട്. അക്രമം ചിലപ്പോൾ സംഘടിതവുമാകാം. ഉദാഹരണത്തിന് ആൾക്കുരങ്ങ്. പ്രശസ്തമായ ഒരു സംഭവമുണ്ട്, ജന്തുശാസ്ത്രജ്ഞ ജാനേ ഗൂഡൽ ലോകത്തെ അറിയിച്ച
ഗോംബെ ചിമ്പാൻസികളുടെ ‘നാലു വർഷയുദ്ധം’. കാലം: 1970കൾ. വേദി: താൻസനിയക്കാടുകൾ. ആൾക്കുരങ്ങുകളുടെ സമൂഹത്തിൽനിന്ന് ഒരുകൂട്ടർ വേർപിരിഞ്ഞു. പിരിഞ്ഞുപോയ ഓരോരുത്തരെ തിരഞ്ഞുപിടിച്ച് സംഘടിതമായി തച്ചുകൊന്നു, നാലുകൊല്ലംകൊണ്ട്. അത് യുദ്ധമെന്ന് ജാനേ, അല്ലെന്ന് ശാസ്ത്രലോകം. കാരണം, യുദ്ധനിർവചനത്തിൽ ഉൾപ്പെടുന്ന പ്രകൃതവും പ്രവർത്തനയുക്തിയും ഇവിടില്ല. കൂടിപ്പോയാൽ പറയാം, ഇമ്മിണി കടുത്ത പകപ്പോരെന്ന്. മനുഷ്യരെപ്പോലെ അക്രമവാസന സഹജം തന്നെ, ഈ പൂർവികബന്ധുവിനും. എന്നുകരുതി, പട്ടാളമോ പടക്കോപ്പോ അവ കരുതിവെക്കാറില്ല. പ്രതിരോധ ബജറ്റ് തീരെയും.
സംഘടിച്ച്, ആസൂത്രിതമായി കൂട്ടക്കൊല ചെയ്യുന്ന അതിഹിംസ മനുഷ്യന് സഹജത്വരയാണോ? 35,000 കൊല്ലം പിന്നോട്ടു നോക്കിയാൽ രണ്ട് മനുഷ്യവംശങ്ങളെ കാണാം –ഹോമോസാപിയെൻസ്, ക്രോ-മാഗ്നൻ, ആദ്യത്തേത്, താരതമ്യേന ശാന്തം, പ്രകൃതിയോട് കൂടുതലിണങ്ങിയത്. അവർ തമ്മിൽ സംഘർഷം വ്യാപകം, ജയം മിക്കപ്പോഴും രണ്ടാം കൂട്ടർക്ക്, ക്രമേണ ആദ്യ കൂട്ടർ കഥാവശേഷമായി. രണ്ടാംകൂട്ടരുടെ പിൻഗാമികളാണ് നാം. നമ്മുടെയീ ആദിപൂർവികർ യുദ്ധക്കൊതിയന്മാരായിരുന്നോ, ഒരു വംശമെന്ന നിലക്ക്? തെളിവില്ല. എങ്കിലും ക്രിസ്തുവിനു മുമ്പ് 5000ാമാണ്ടെത്തുമ്പോഴേക്കും മിക്ക മനുഷ്യസമൂഹങ്ങളിലും പതിവായിക്കഴിഞ്ഞു, യുദ്ധം. അഥവാ, കഴിഞ്ഞ ഏഴായിരം കൊല്ലമായി ആ പ്രകൃതം സജീവം. പ്രകൃതം പഴകുന്തോറും സങ്കീർണത വരിക്കുന്ന പ്രതിഭാസമാണ് യുദ്ധം. ഇന്നത് പലവിധമുണ്ടുലകിൽ സുലഭം. സാമാന്യമായി മൂന്നായി തിരിക്കാം –ആഭ്യന്തരം, പരിമിതം, പൂർണം.
സന്ധിബന്ധുക്കൾക്കിടയിലാണ് ആഭ്യന്തരയുദ്ധം, ഒരേ ദേശത്തിനുള്ളിൽ. ഉറ്റവരിൽ കലി കൂടുതലാളും. നശീകരണം തീവ്രമാകും. മണിപ്പൂരിലെ നടപ്പുകഥപോലെ. എങ്കിലും പുറംലോകത്തെ അത് വിപുലമായി ബാധിക്കില്ല.
ദീർഘകാലം പയറ്റാനുള്ള വിഭവക്കുറവ്, ശേഷിക്കുറവ്, ആവശ്യക്കുറവ്. അങ്ങനെ ചുരുങ്ങിപ്പോകുന്നതാണ് പരിമിത യുദ്ധം. എങ്കിലും ഉള്ളതപ്പടി അടരിലർപ്പിക്കുകതന്നെ ചെയ്യും. ഒരുപക്ഷം അങ്ങനെ കരുതിക്കൂട്ടി നിശ്ചയിക്കുന്നതുകൊണ്ട് പരിമിതമായിപ്പോകുന്ന യുദ്ധങ്ങളുണ്ട്. കരുത്തേറിയവർ പോര് പരിമിതപ്പെടുത്താൻ പ്രതിയോഗിയെ നിർബന്ധിതമാക്കുന്ന വേളകളുണ്ട്. ഉദാഹരണത്തിന് ‘ഓപറേഷൻ സിന്ദൂറി’നു ശേഷം അധികം വൈകാതുള്ള വെടിനിറുത്തൽ. വൻശക്തികൾ ഇടപെട്ടും യുദ്ധം പരിമിതമാക്കാം. അപ്പോഴും പക്ഷേ, വിരാമമിടുന്നില്ല ഇത്തരം പോരുകൾ. ഉമിത്തീയായ് മുനിഞ്ഞുകത്തും, അടുത്ത കാഹളം വരേക്ക്.
അർഥത്തിലും ഭവിഷ്യത്തിലും വൈപുല്യമുള്ള ഇനമാണ് പൂർണയുദ്ധം. രാഷ്ട്രങ്ങൾ ചേരിതിരിഞ്ഞ് പടവെട്ടുന്നു. ആത്യന്തികലക്ഷ്യം: ‘വിജയം’, ഇരുപക്ഷത്തെയും ജീവനും സമ്പത്തുമാണ് ഈ ലക്ഷ്യത്തിന് കൊടുക്കുന്ന വില. അതറിഞ്ഞുതന്നെ വിനാശംവിതച്ച് വിജയം കൊയ്യാനുള്ള ചൂതാട്ടം മനുഷ്യരാശിയെ പാടേയങ്ങ് തുലച്ചിട്ടില്ല, ആണവായുധംവരെ ആവനാഴിയിലിരുന്നിട്ടും... ആണവശക്തികൾ ഏറ്റുമുട്ടുന്നത് സർവനാശകമെന്ന് സമ്മതിക്കും, സകലരും. അപ്പേടികൊണ്ടു മാത്രമാണ് സംയമനമെന്നും. അതിലത്ര ഉറപ്പുണ്ടോ? ഒരു രാഷ്ട്രമൂപ്പൻ അല്ലെങ്കിൽ ഒരു ഭരണസംഘം –ആ ചെറുമനസ്സിലാണ് സംയമനച്ചരട്. യുദ്ധസന്നദ്ധതക്ക് യമനമില്ലാത്തോരുടെ സം-യമനം ഇരുമ്പുലക്കയല്ല. കേമാതികേമരായ വിശ്വംഭരന്മാർ രണ്ടും –അമേരിക്ക; സോവിയറ്റ് യൂനിയൻ– ലോകോത്തര പോഴന്മാരെന്ന് തെളിയിച്ചതല്ലേ 1964ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി?
വിരോധാഭാസമുണ്ട് –സധൈര്യം പടക്കിറങ്ങാൻ നിശ്ചയിക്കുന്നത് ഭരണകൂടം. അതിന് മനസ്സുള്ളവർക്ക് അതേ മനസ്സിലുണ്ടാവുമോ ബദലിടം? ധീരത്തിന്റെ ഉടപ്പിറപ്പാണ് പേടി. മച്ചുനനാണ് വെറി. രണ്ടാമനും മൂന്നാമനും കൈകോർത്താൽ ആണവമെന്നല്ല ഏത് പേയാട്ടും നടത്തിപ്പോകും. വെറുമൊരു കളി നോക്ക്, ഇന്ത്യ-പാക് ക്രിക്കറ്റ്. പഴയ റോമാ കൊളീസിയത്തിലെ രക്തദാഹികളായ കാണികളുടെ അതേ കൊലവിളി ഈ കളിഭ്രാന്തർക്കും. ശരിക്കുള്ള, ഇന്ത്യ-പാക് യുദ്ധങ്ങളിൽ ഇരുപുറത്തെയും ജനതകൾ ഇതേ മനോനിലയിലേക്ക് അനായാസം മാറുന്നു. പേ പിടിച്ച പൊരുത്തുകാരാവുന്നു മാധ്യമങ്ങൾ. നവ മാധ്യമങ്ങൾ വിശേഷിച്ചും. മനോനിലയുടെ മർമത്തിലാണ് ഈ ‘നവം’ തനിപ്രകൃതം അറിയിച്ചുതരിക –വൈകൃതം.
കൈസർ വിൽഹെം രണ്ടാമൻ നിയതാർഥത്തിൽ ഭ്രാന്തനായിരുന്നില്ല. ന്യായമതിയല്ലെന്നേയുള്ളൂ. ആ ചെറുകുറവ് ധാരാളം മതിയായിരുന്നു ഒരു ലോകയുദ്ധത്തിന്. തലയിൽ അതേ കുറവുള്ള ഒരുവൻ തലപ്പത്തിരുന്നാൽ മതി, ഏത് സംസ്കൃത രാഷ്ട്രവും ഭസ്മാസുരനാവാൻ. ന്യായമതികളെന്ന് തോന്നിച്ചവർതന്നെയാണ് പൂർണയുദ്ധം പലതിനും ശംഖ് വിളിച്ചത്. അതിനവർ സമർഥമായി ന്യായം കണ്ടെത്തും. ഒരുപക്ഷത്തിന്റെ ന്യായം മറുപക്ഷത്തിന് അന്യായം, മറിച്ചും. ശ്രദ്ധിക്കണം, എല്ലാ പക്ഷവും പയറ്റുന്നത് ‘ന്യായ’ത്തിന്മേലാണ്. പറയാനൊരു ന്യായമുണ്ടായാൽ മതി പടക്കിറങ്ങാൻ. ആ ന്യായത്തിന്റെ യുക്തിസഹ പരിണതിയാണ് യുദ്ധം. എന്നാൽ, യുദ്ധത്തിന്റെ പരിണിതഫലങ്ങൾക്കുണ്ടോ ഇതേ ന്യായയുക്തി? മനുഷ്യരെ കൊന്നൊടുക്കുന്ന, ദേശങ്ങളെ തച്ചുടക്കുന്ന ഈ ഫലങ്ങൾ അന്യായമെന്നേ ബോധമുള്ള ആരും പറയൂ. അപ്പോൾ, അന്യായമാണ് നമ്മുടെ ന്യായങ്ങൾ എത്തിച്ചേരുന്ന ആത്യന്തികതയെന്ന് വരുന്നു. ഇങ്ങനെ, തികഞ്ഞ അസംബന്ധമാണ് യുദ്ധത്തിന്റെ ന്യായാന്യായ വ്യവഹാരം.
രണ്ട് സംബന്ധങ്ങളേയുള്ളൂ ഇപ്രമേയത്തിന്. രണ്ടിനുമുണ്ട് ചരിത്രത്തോളം പഴക്കം, തഴക്കം: നിയമം, ശക്തി. സമൂഹസൃഷ്ടിയാണ് നിയമം, എന്നും എവിടെയും. ശക്തിയുടെ കുത്തകയുള്ള ഭരണകൂടം അത് നടപ്പാക്കിക്കോളുമെന്ന് കരുതുന്നു, ഏത് നിർമിത നിയമവ്യവസ്ഥിതിയും. ആ ശക്തി പക്ഷേ, സമൂഹത്തിനുള്ളതല്ല, ഭരണകൂടത്തിന് മാത്രമുള്ളതാണ്. ഇത്തരം ഭരണകൂടങ്ങൾ തമ്മിലെ അതിരു മാഞ്ഞാൽ ലോകത്തിന് ഒരൊറ്റ ഭരണകൂടമാവും. അതിലേക്കുള്ള ആയലാണ് ഭരണകൂട വ്യവസ്ഥിതിക്ക് അന്തർലീനമായ ചേതോവികാരം. സാമ്രാജ്യങ്ങൾ ഉണ്ടായതുതന്നെ ഈ മനോമൂലത്തിന്മേലാണ്. ഇന്ന് പക്ഷേ, ഒരു ഭരണകൂടത്തിനും ഒറ്റക്കത് നിവർത്തിക്കാനാവില്ല. അതുകൊണ്ടു മാത്രമാണ് ഉദ്യമിക്കാത്തത്. എങ്കിലും, അതിന്റെ നേർത്ത അലയൊലി സ്വയമറിയാതെ ഊറിവരാറുണ്ട്, പലേടത്തും. ഉദാഹരണത്തിന്, മുഴുവൻ കശ്മീരും നേപ്പാളുമൊക്കെ ചേർന്ന ‘അഖണ്ഡ ഭാരത’ സ്വപ്നം, മുഴുവൻ കശ്മീരും കവരാനുള്ള പാക് കൊതി. ഇത്രവലിയ സംഘർഷമൊന്നുമില്ലാഞ്ഞിട്ടും ട്രംപിന് കാനഡ സ്വന്തം താലൂക്കാക്കണം. ഇസ്രായേലിന് ഫലസ്തീൻ ‘വാഗ്ദത്ത’ ഭൂവ്. തായ്വാനും അരുണാചലും ചീനമാണ് ചീനക്ക്. ചിന്നച്ചിന്ന അതിരുവഴക്കുകൾ ഇപ്പറഞ്ഞ വിപുലമോഹത്തിന്റെ ഒളിമിന്നലാണ്.
ദേശീയത അച്ചുതണ്ടാക്കി രാഷ്ട്രങ്ങൾ സ്ഥാപിതമായിട്ട് നൂറ്റാണ്ടു മൂന്നു കഷ്ടി. അതിനു മുമ്പത്തെ ഭൂമിശാസ്ത്രം പറഞ്ഞുതരും, മനുഷ്യനിലുറയുന്ന സാമ്രാജ്യത്വഭാവത്തിന്റെ ചരിത്രം. റോമനും മൗര്യനും, യവനവും ചീനവും, പേർഷ്യനും മുകിലനുമൊക്കെ അതിന്റെ മേജർസെറ്റ് ആട്ടപ്രകാരം. ചോളനും പാണ്ഡ്യനും മാർത്താണ്ഡനുമൊക്കെ അതിന്റെ കുമ്മാട്ടിക്കോലം. ഉള്ളിൽ തിക്കുമുട്ടുന്ന ഈ മനോഭാവത്തിന്റെ കിളുന്തുകൾ പല ഭാവത്തിലുയരും. അതിലൊന്നാണ് ഒറ്റ ഭാഷ, ഒറ്റ നിയമം, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ നേതൃത്വം... ഇമ്മാതിരി ഒറ്റപ്പൂരാട വിവക്ഷ. ശക്തിയുടെ വ്യാപനാഭിലാഷത്തിന് തടസ്സം അതതിടങ്ങളിലെ നിയമവ്യവസ്ഥിതി കൂടിയാണ്. നിയമവും ശക്തിയും തമ്മിലെ ഗുസ്തിയിൽ ഭരണകൂടങ്ങൾക്ക് കളിക്കളം ഭേദിക്കാനാവില്ല, സാധാരണകാലത്ത്. എന്നാൽ, അതിനുള്ള കളമൊരുക്കിക്കൊടുക്കുന്ന സന്ദർഭമാണ് യുദ്ധം. അന്നേരം നിയമവും നീതിയും മരവിപ്പിക്കും, ഭരണകൂടങ്ങൾ. അതിനുള്ള അധികാരം നിയമംതന്നെ തരപ്പെടുത്തിക്കൊടുത്തിട്ടുമുണ്ട്. ഈ ഗുസ്തിയിൽ എന്തായാലും ആത്യന്തികജയം ശക്തിക്കുതന്നെ, കാരണം, നിയമത്തെ വിടുപണിയെടുപ്പിക്കാൻ മനുഷ്യനറിയാം. സ്വാഭാവികമായും യുദ്ധം തുടരും. അതവന് മാനസികമായ ആവശ്യം കൂടിയാണെങ്കിലോ?
നിർമമം നോക്കിയാൽ യുദ്ധം അനിവാര്യതയേയല്ല, ഒരിക്കലും ഒരിടത്തും. കോടാനുകോടി ജീവൻ ഹോമിച്ചിട്ടും സാംസ്കാരിക വികാസമുണ്ടായിട്ടും മനുഷ്യനെന്തേ ഇക്കാര്യത്തിൽ മാത്രം മനംമാറ്റമില്ല? ഒന്നാം ലോകയുദ്ധം കണ്ടറിഞ്ഞ സിഗ്മണ്ട് ഫ്രോയ്ഡ് തന്ന നിഗമനമുണ്ട്: ‘‘സാംസ്കാരിക പുരോഗതിയുടെ ഭാരത്താൽ വീർപ്പുമുട്ടുന്ന മനുഷ്യന് പ്രകൃതവിരേചനത്തിനുള്ള ഓവുചാലാണ് യുദ്ധം.’’ (Civilisation and its Discontents) പരിഷ്കൃതനായി ഏറെനാൾ നടിക്കാനാവില്ല പരിഷ്കൃത മനുഷ്യന്. അടക്കിവെച്ച തൃഷ്ണകൾ ഇടക്കൊക്കെ പുറത്തുവിടണം. കലയും കൽപനാഭാവങ്ങളും വിനോദ സാഹസങ്ങളും ആധ്യാത്മികതയുമൊന്നും മതിയാവില്ല, ഭൗതിക പ്രവൃത്തിതന്നെ വേണമതിന്. യുക്തമായ മറ്റേതു പ്രവൃത്തിയുണ്ടതിന്, യുദ്ധത്തോളം? അല്ലാത്തപ്പോൾ നിയമപരമായും നൈതികമായും കൊടും കുറ്റകൃത്യമായ കൊലക്ക് അത് സമ്മതിയേകുന്നു, സമ്മാനവും. അബോധം ഇച്ഛിക്കുന്നത്ര ശക്തമായി, സ്വതന്ത്രമായി, നിർവൃതിയോടെ സ്വയമഴിച്ചുവിടാം. പറയാറില്ലേ, ജീവന്മരണ പ്രശ്നമുഖം വ്യക്തിയിലെ ഏറ്റവും ‘മികച്ചത്’ പുറത്തുകൊണ്ടുവരുമെന്ന്? മറുനേരങ്ങളിലില്ലാത്ത ഉൗക്കും വീറും. പടക്കുപോയിട്ടുള്ള ഏതു പടയാളിയാണത് അനുഭവിക്കാത്തത്? എല്ലാ മനസ്സിലുമുള്ള ആ കേവലതൃപ്തിയെ ചങ്ങലക്കിടുന്നു, സംസ്കാരം. ചങ്ങല പൊട്ടിച്ചുകൊടുക്കുന്നു, യുദ്ധം. പുറത്തല്ല യുദ്ധം, അകത്താണ്. ഉള്ളിലെ കൊലക്കൊതിയാണ് പുറത്തുവരുന്നത് കൊലവിളിയായ് –നാവിൽ, നാട്ടിൽ, കളിയിൽ, കലിവിൽ, എവിടെയും.
മറ്റ് മനുഷ്യർക്കു നേരെ ചെന്നായാകുന്നോൻ –ഹോമോ ഹോമിനി ല്യൂപസ്. നൂറ്റാണ്ടൊന്നുമുന്നം ഫ്രോയ്ഡിട്ട ആ വിളിപ്പേര് ഇന്നുമെത്ര അന്വർഥം. അല്ലെന്നാർക്ക് പറയാനാവും, ആ വിളിക്കുശേഷം പിന്നിട്ട നൂറു കൊല്ലത്തെ നേരനുഭവത്തിനു മുന്നിൽ?
വ്യത്യാസമുണ്ട്, വിളിക്കല്ല വിളയാടലിന്. മുമ്പ്, ചതുരംഗംപോലെയായിരുന്നു യുദ്ധം. എതിരാളിയുടെ പരമാവധി കരുക്കൾ കവരാനുള്ള നീക്കങ്ങളാണ് നടത്താറ്. ‘അടിയറവി’ൽ കൊണ്ടെത്തിക്കുക ആത്യന്തിക ലക്ഷ്യം. കളം മാറി, കളിയും. ഇന്ന്, ഒരേ നിറമുള്ള കരുക്കൾ ഇരുകളിക്കാരും കവരുന്നു. സ്വയം വിഴുങ്ങുന്നു, കളി. മുമ്പ്, നിലവിലെ രാഷ്ട്രീയനയം യുദ്ധം മുഖേന നീക്കാമായിരുന്നു മുന്നോട്ട്. ഇന്ന്, യുദ്ധാനന്തരഘട്ടം യുദ്ധം അണിതിട്ട ചുറ്റുപാടിന്റെ തുടർച്ചയാകുന്നു. ആര് ജയിച്ചാലും തോറ്റാലും അസ്ഥിരത തുടരുന്നു, രാഷ്ട്രീയമായും സാമ്പത്തികമായും മാനസികമായും. പടയിൽ നശിച്ചത് ഭൗതികമെങ്കിൽ, പുനർനിർമിക്കാം (ആയുധം കഴിഞ്ഞാൽ ഇന്ന് യുദ്ധവ്യവസായത്തിന്റെ ഏറ്റവും വലിയ ആദായശാഖയാണ് പുനർനിർമാണം). നശിക്കുവത് ആത്മാംശങ്ങളെങ്കിലോ? ഹിംസക്കറ കലുഷിതമാക്കിയ ഹൃദയം അത് പേറുന്ന ദേഹത്തെ കാർന്നുകൊണ്ടിരിക്കും, പ്രകൃതത്തെ ജീർണിപ്പിച്ചുകൊണ്ടും. സ്വഭാവം ജീവനത്തിന്റെ വിധി നിർണയിക്കുന്നു –വ്യക്തിയുടെയായാലും ദേശത്തിന്റെയായാലും. അതാണ് ചരിത്രം, ഇന്നോളം.
ഹെഗലിന്റെ പ്രശസ്തമായ നിഗമനമൊന്നുണ്ട് –ക്ലാസിക് യുദ്ധങ്ങൾ അവയുടെ ഫലങ്ങൾ വഴി അന്തിമസന്തുലനം സൃഷ്ടിക്കുന്നെന്ന്. കേട്ടാൽ തോന്നും ചരിത്രത്തിനൊരു സന്മാർഗദിശയുണ്ടെന്ന്. ആ വഴിക്കൊരു തെളിവും തന്നിട്ടില്ല യുദ്ധമൊരെണ്ണവും. 1971ലെ ഇന്ത്യ-പാക് യുദ്ധം ഇന്ത്യ ജയിച്ചു. അന്തിമസന്തുലനമുണ്ടായോ, പ്രശ്നങ്ങൾ തുടരുകയല്ലാതെ? ഹെഗൽ മഹാശയൻ പൊറുക്കണം, അസന്തുലനത്തിന് പരിഹാരമായി യുദ്ധത്തെ ഉപയോഗിക്കയാണ് മനുഷ്യൻ, ആയിരത്താണ്ടുകളായി. മയക്കുമരുന്നുകൊണ്ട് ഞരമ്പയച്ച് സുഖചിത്തത വരുത്താൻ ശ്രമിക്കുമ്പോലെ. പിഴയേക്കാളുപരി, പാഴാണ് യുദ്ധം. എന്തിനായി തുടങ്ങിയോ അതേ കാരണത്തോട് വൈരുധ്യത്തിലാണത്.
വന്നുവന്ന് യുദ്ധമുഖമെന്നൊന്ന് ഇല്ലാതെയായി. അടർക്കളം നിശ്ചയിച്ച് അങ്കം കുറിക്കാനാവില്ല. അതിരു കടന്നേറി അകം കവരുന്നിടത്തുമില്ല ഇന്ന് യുദ്ധമുഖം. അക്ഷ്വൗഹിണികൾക്ക് ഒന്നുമില്ല വ്യൂഹരൂപങ്ങൾ, സ്ഥാനനിലകൾ. രാഷ്ട്രങ്ങളുടെ കൈപ്പിടിക്കപ്പുറം വികസിത മുതലാളിത്തത്തിന്റെ യുക്തിപരിധിയിലാണ് അത്. പാകിസ്താന് വായ്പ കൊടുത്താൽ ഭീകരപ്രവർത്തനത്തിന് വഴിമാറ്റുമെന്ന് പടനിലത്തുനിന്ന് ഇന്ത്യ വിളിച്ചുപറഞ്ഞിട്ട് ഗൗനിച്ചോ ഐ.എം.എഫ്? ഇറാനെതിരെ ഇറാഖിനെ ആയുധവത്കരിച്ചത് അമേരിക്കൻ ആയുധവ്യവസായം. ആ പടക്കരുത്ത് തകർക്കാൻ വിനിയോഗിച്ചതും അതേ വ്യവസായത്തെ. ഇന്ന് യുദ്ധം രണ്ട് ശക്തികളെ മാത്രമായി മുഖാമുഖം നിർത്തുന്നില്ല. ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരവധി ശക്തികളുടെ മത്സരവേദിയാണത്. ഓരോന്നും മേനി കൊയ്യുന്നു മറ്റോരോന്നിന്റെയും ചെലവിൽ. രാഷ്ട്ര ഭരണകൂടങ്ങളെ അധികരിക്കുന്നതാണ് യുദ്ധവ്യവസായത്തിന്റെ യുക്തിശാസ്ത്രം.

യുദ്ധത്തിന്റെ നവീനസങ്കീർണതകൾ വിട്ട് നിലത്തിറങ്ങിയാൽ, നേര് പഴയപടി സരളം നിൽപ്പുണ്ട് നേർമുന്നിൽ; മനുഷ്യനുമേൽ വേദനയേൽപിക്കാനുള്ള മനുഷ്യത്വര. അതാണ് യുദ്ധമായി പരിണമിച്ചത്. ആയിരത്താണ്ടുകളിലൂടെ അത് രൂപം പലതെടുത്തു, ഭാവവും. ഇക്കഴിഞ്ഞ നൂറ്റാണ്ട് കൂട്ടത്തിലേറ്റം കരാളമായ ചിത്രവും തന്നു –രണ്ട് ലോകയുദ്ധങ്ങൾ, അണുബോംബ്, വിയറ്റ്നാം, അൽജീരിയ, കോംഗോ, റൊഡേഷ്യ, ചെച്നിയ, ഫലസ്തീൻ, ഇറാഖ്, ഉത്തരേന്ത്യ, സഹാറാ താഴങ്ങൾ... സമാന്തരമായി ദേശകങ്ങളിലെ കൂട്ടക്കുരുതികൾ –യഹൂദരും കത്തോലിക്കരും കമ്യൂണിസ്റ്റുകളും സ്വവർഗരതിക്കാരും നാടോടികളും നാസിക്കരങ്ങളാൽ, ആദ്യം സഖാക്കളും പിന്നെ സ്വദേശികളും സ്റ്റാലിൻ മുഷ്ടിയാൽ, ലാറ്റിനമേരിക്കൻ ജനതകൾ അമേരിക്കൻ ചട്ടുകങ്ങളാൽ... അങ്ങനെയങ്ങനെ. ആരിവിടെ സംസ്കൃതർ, ആര് പ്രാകൃതർ? ഹിറ്റ്ലറും ബറിയയും ബുഷുമോ ഭേദം, ഹൂണരും മംഗോളരും വിസിഗോതുകളുമോ? ക്ഷമിക്കണം, ഭേദചിന്തയരുത്, ഭാരതീയന് –രക്തബന്ധുക്കളെ അറച്ചുനിൽക്കാതെ മുച്ചൂടെ വകവരുത്താൻ ധർമഗീതയോതിയ ആര്യഭഗവാന്റെ സ്വന്തം പിന്മുറക്ക്.