ട്രംപിന്റെ വരുംകാലം, ലോകം

ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റു. അമേരിക്കയെയും ലോകത്തെയും സംബന്ധിച്ച് എന്ത് മാറ്റമാണ് ഇത് സൃഷ്ടിക്കുക? ട്രംപിന്റെ ഭരണം കഴിഞ്ഞതിന്റെ തുടർച്ചയായിരിക്കുമോ? ലോകം എങ്ങോട്ട് ചലിക്കും? –വിശകലനം. വൈറ്റ് ഹൗസ് വീണ്ടും ഡോണൾഡ് ട്രംപിനുവേണ്ടി വാതിൽ തുറന്നു. അധമമായ ഒന്നാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് നാൽപതു വർഷങ്ങൾക്കു മുമ്പ് വീമ്പിളക്കിയ ഒരാളായിരുന്നു അദ്ദേഹം. കഴിവുള്ളവർ നല്ല കച്ചവടം ചെയ്യുമെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ന് രാഷ്ട്രീയംതന്നെയാണ് നല്ല കച്ചവടം എന്ന് അംഗീകരിച്ച ഒരാളായി അദ്ദേഹം മാറി. 4 ബില്യൺ ഡോളറിന്റെ റിയൽ എസ്റ്റേറ്റ് ഉടമയായ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റു. അമേരിക്കയെയും ലോകത്തെയും സംബന്ധിച്ച് എന്ത് മാറ്റമാണ് ഇത് സൃഷ്ടിക്കുക? ട്രംപിന്റെ ഭരണം കഴിഞ്ഞതിന്റെ തുടർച്ചയായിരിക്കുമോ? ലോകം എങ്ങോട്ട് ചലിക്കും? –വിശകലനം.
വൈറ്റ് ഹൗസ് വീണ്ടും ഡോണൾഡ് ട്രംപിനുവേണ്ടി വാതിൽ തുറന്നു. അധമമായ ഒന്നാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് നാൽപതു വർഷങ്ങൾക്കു മുമ്പ് വീമ്പിളക്കിയ ഒരാളായിരുന്നു അദ്ദേഹം. കഴിവുള്ളവർ നല്ല കച്ചവടം ചെയ്യുമെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ന് രാഷ്ട്രീയംതന്നെയാണ് നല്ല കച്ചവടം എന്ന് അംഗീകരിച്ച ഒരാളായി അദ്ദേഹം മാറി.
4 ബില്യൺ ഡോളറിന്റെ റിയൽ എസ്റ്റേറ്റ് ഉടമയായ അദ്ദേഹത്തിന് അമേരിക്കൻ പ്രസിഡന്റ് പദവി വാചാടോപം ഒരു കലയാക്കി മാറ്റുന്നതിനുള്ള ഒരു ഉപകരണം മാത്രമാണോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. ട്രംപിന്റെ കച്ചവട സാമ്രാജ്യവും അമേരിക്കൻ സാമ്രാജ്യത്വവും തമ്മിലുള്ള സാമ്പത്തിക വിളക്കിച്ചേർക്കലിന്റെ രണ്ടാം ഘട്ടമായി അദ്ദേഹത്തിന്റെ രണ്ടാമൂഴത്തെ കാണേണ്ടതാണെന്ന കാര്യത്തിൽ പലർക്കും സംശയമില്ല.
ട്രംപ് ഓവൽ ഓഫിസിൽ തിരിച്ചെത്തിയതോടെ, അമേരിക്കൻ പ്രഖ്യാപനങ്ങളുടെയും നിലപാടുകളുടെയും ഗതീയത എങ്ങനെയായിരിക്കുമെന്ന് രാഷ്ട്രങ്ങൾ ആകാംക്ഷയോടെ നോക്കുന്നു. ട്രംപ് ഭരണകൂടം ഒരേസമയം ആവേശവും ആശങ്കയും ജനിപ്പിക്കുന്നതും എന്നാൽ, അവ്യക്തതകൾക്ക് ഉത്തരം നൽകാത്തതുമായ വിവാദ പ്രസ്താവനകളും നീക്കങ്ങളും നടത്താനുള്ള അതിന്റെ സ്വഭാവശൈലി തന്നെ തുടരാൻ സാധ്യതയുണ്ട്. അധികാരമേറ്റെടുക്കുന്നതിന് മുമ്പുതന്നെ, ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിനുള്ള താൽപര്യം ട്രംപ് കാണിച്ചത് ഉദാഹരണം. ഡെന്മാർക് ട്രംപിന്റെ മുൻഭരണകാലത്ത് ഈ ആശയം നിരസിച്ചെങ്കിലും ഇപ്പോൾ അതിനെ ‘‘നൂറ്റാണ്ടിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്’’ എന്നാണ് വിശേഷിപ്പിച്ചത്. അതുപോലെ കാനഡയും പാനമയും അമേരിക്കയോട് കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനവസരത്തിലെ അഭിപ്രായങ്ങൾ വീണ്ടും ഉത്കണ്ഠകൾ സൃഷ്ടിച്ചു. പ്രകോപനപരമായ പ്രസ്താവനകളോടുള്ള അദ്ദേഹത്തിന്റെ രോഗാതുരമായ താൽപര്യം ഇതിൽനിന്നെല്ലാം വ്യക്തമാണ്.
പ്രത്യക്ഷത്തിൽ ഈ പ്രസ്താവനകൾകൊണ്ട് ഒന്നിലധികം ഉദ്ദേശ്യങ്ങൾ അദ്ദേഹത്തിനുണ്ടെന്നു പറയേണ്ടിവരും. ആഭ്യന്തര രംഗത്ത് അമേരിക്കൻ യാഥാസ്ഥിതിക സ്വാധീനവും ആധിപത്യവും വികസിപ്പിക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ട് ട്രംപ് തന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. എന്നാൽ, സാർവ ദേശീയരംഗത്ത് കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കം, അന്താരാഷ്ട്ര സാമ്പത്തികസ്ഥിരത തുടങ്ങിയ ആഗോള വെല്ലുവിളികളിൽനിന്ന് ശ്രദ്ധമാറുമ്പോൾ പുതിയ സംശയവും ആശങ്കകളും ഉണ്ടാകുന്നു.
വിവാദ പരാമർശങ്ങൾ യഥാർഥ നയനിർദേശങ്ങളാണോ അതോ കൂടുതൽ സങ്കീർണവും പരിഹരിക്കപ്പെടാത്തതുമായ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ മാറ്റുന്നതിനുള്ള തന്ത്രങ്ങൾ മാത്രമാണോ എന്നതിനെക്കുറിച്ച് സ്വാഭാവികമായും ചോദ്യങ്ങൾ ഉയരുന്നു. സങ്കീർണ ആഗോളപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനേക്കാൾ വിവാദ ആഖ്യാനങ്ങൾക്കു മുൻഗണന നൽകാനുള്ള താൽപര്യമാണ് ട്രംപിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിലും യുക്രെയ്നിലും നിലനിൽക്കുന്ന പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ, അതിനെക്കുറിച്ച് ഗൗരവമായി പ്രതികരിക്കാതെ, ഇത്തരം പക്വതയില്ലാത്ത അഭിപ്രായങ്ങൾ നടത്തുന്നത് നയതന്ത്രരംഗത്തു കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയേയുള്ളൂ.
ട്രംപിന്റെ നാടകീയമായ പ്രഖ്യാപനങ്ങൾ ആഗോള മനുഷ്യാവകാശങ്ങൾ, രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കൽ, ആഗോള സാമ്പത്തിക പരിഷ്‌കരണം തുടങ്ങിയ നിർണായക വിഷയങ്ങളെക്കുറിച്ചുള്ള കാര്യമായ ചർച്ചകളെ അപ്രസക്തമാക്കുമെന്നു വിമർശകർ പറയുന്നു. മാത്രമല്ല, വിവാദ പ്രസ്താവനകൾ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളെ അകറ്റാനും സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഗ്രീൻലൻഡിനെക്കുറിച്ചുള്ള പരാമർശങ്ങൾ, നിർണായക നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കുമായുള്ള ബന്ധം വഷളാക്കിയേക്കാം.
അതുപോലെ കാനഡയെ അമേരിക്കയുമായി കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നിർദേശം –മുൻകാല ഭരണകാലത്തെ വിവാദ വ്യാപാര തർക്കങ്ങളാൽ കലുഷിതമായ സാഹചര്യം നിലനിൽക്കെ –അയൽപക്ക പങ്കാളിയുമായി സംഘർഷം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത്തരം പ്രസ്താവനകൾ ഒരു പ്രത്യേകതരം രാഷ്ട്രീയഗതീയത നിലനിർത്തുന്നതിനും നേതൃത്വത്തിന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടുന്നതിനുമുള്ള തന്ത്രമാണെന്ന് കരുതാമെങ്കിലും, വാചാടോപത്തെ വളരെയധികം ആശ്രയിക്കുന്ന ഒരു വിദേശനയ സമീപനത്തിന്റെ അപകടസാധ്യതകൾ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗർവിഷ്ഠമായ അവകാശവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, രാജ്യാന്തര സാമ്പത്തിക അസമത്വങ്ങൾ ലഘൂകരിക്കുക, അന്താരാഷ്ട്ര സഹകരണം വളർത്തുക, നിലവിലുള്ള കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കുക എന്നിങ്ങനെയുള്ള ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള അർഥവത്തായ ദീർഘകാല തന്ത്രങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങളെ ദുർബലപ്പെടുത്തുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഈ സമീപനം ട്രംപിന്റെ മുൻ ഭരണത്തിൽ കണ്ട ഒരു രീതിതന്നെയാണ്. അത് ആഭ്യന്തര രാഷ്ട്രീയനേട്ടങ്ങൾക്കും വ്യക്തിഗത ബ്രാൻഡിങ്ങിനും യോജിച്ചതുമാണ്.
ഗസ്സ വെടിനിർത്തൽ ഉടമ്പടി തന്റെ മധ്യസ്ഥതയിലാണ് ഉണ്ടായതെന്ന ട്രംപിന്റെ വാദങ്ങൾ ഇതിനകംതന്നെ വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ചർച്ചകൾ സുഗമമാക്കുന്നതിൽ ട്രംപിന്റെ നിയുക്ത പ്രതിനിധികൾ ചില പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, ഫലം അദ്ദേഹത്തിന്റെ നേട്ടമായി മാത്രം പറഞ്ഞു പെരുപ്പിക്കുന്നതിൽ അതിശയോക്തിയുണ്ട്.
ബൈഡൻ ഭരണകൂടത്തിന്റെ വൈകിയെത്തിയ ശ്രമങ്ങളും ഈജിപ്ത്, ഖത്തർ, ജോർഡൻ തുടങ്ങിയ രാജ്യങ്ങൾ വിവിധതലങ്ങളിൽ നടത്തിയ ചർച്ചകളും ഗസ്സ വെടിനിർത്തലിനു സാഹചര്യമൊരുക്കി. എന്നാൽ, ഇതിന്റെ തുടർനടപടികളും പരിസമാപ്തിയും എന്താണെന്നു കണ്ടുതന്നെയറിയണം. ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമായെന്നോ ദ്വിരാഷ്ട്രമെന്ന ആശയം ആത്യന്തികമായി ഇസ്രായേൽ അംഗീകരിച്ചെന്നോ ഇതുകൊണ്ടൊന്നും അർഥമാകുന്നില്ല. ട്രംപിന്റെ ഇടപെടൽ അവസരവാദപരവും ഏറക്കുറെ പ്രകടനപരവുമാണെന്ന് വിമർശകർ ഉയർത്തിക്കാട്ടുന്നുണ്ട്.
ട്രംപിന്റെ ദൂതൻ സമാധാന ചർച്ചകളിൽ വൈകിയാണ് വന്നത്. അദ്ദേഹത്തിന്റെ പ്രതിനിധിയുടെ പങ്ക് പ്രാധാന്യമുള്ളതാണോ അതോ കേവലം പ്രതീകാത്മകമാണോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നിലനിൽക്കുന്നുമുണ്ട്. മാത്രമല്ല, ട്രംപിന്റെ മുൻകാല നയങ്ങൾ (പ്രേത്യകിച്ച് ഇസ്രായേലിനുള്ള അദ്ദേഹത്തിന്റെ ദൃഢമായ പിന്തുണയും അമേരിക്കൻ എംബസി ജറൂസലമിലേക്കുള്ള വിവാദപരമായ സ്ഥലംമാറ്റവും ഉൾപ്പെടെ) ചരിത്രപരമായി മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
സമാധാനത്തിന്റെ വലിയ ഇടയൻ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങളുടെ വിശ്വാസ്യതയെ അത്തരം പ്രവർത്തനങ്ങൾ ദുർബലപ്പെടുത്തുന്നുണ്ട്. ഗസ്സ വെടിനിർത്തൽ ശ്രമങ്ങൾ ട്രംപ് കൈകാര്യം ചെയ്യുന്നതിലൂടെ അദ്ദേഹത്തിന്റെ വിദേശനയത്തിലെ പ്രത്യേക ശൈലി എടുത്തുകാണിക്കുന്നു: മുൻകൈയെടുക്കുന്നതിനുപകരം (proactive) പ്രതികരണമായി (reactive) പ്രവർത്തിക്കാനുള്ള പ്രവണത.

വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ഗസ്സയിലെ സന്തോഷ പ്രകടനം
തന്റെ മുൻ ഭരണകാലത്ത് ട്രംപ് പശ്ചിമേഷ്യയിൽ നടത്തിയ അബ്രഹാം ഉടമ്പടിപോലുള്ള നയതന്ത്രനീക്കങ്ങൾ സുപ്രധാന നാഴികക്കല്ലായി വാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ, ഇസ്രായേൽ- ഫലസ്തീൻ പ്രശ്‍നംപോലുള്ള സങ്കീർണമായ സംഘർഷങ്ങളെ പൂർണമായും അഭിസംബോധന ചെയ്യാതെ അദ്ദേഹം പലപ്പോഴും മേഖലയിൽ ഇടപെട്ടു. ഈ മൗലിക പ്രശ്‍നം പരിഹരിക്കപ്പെടാത്ത കാലത്തോളം പശ്ചിമേഷ്യൻ മേഖല അസ്വസ്ഥമായി തുടരുമെന്ന് എല്ലാവർക്കും അറിയാം. ട്രംപിന്റെ ഗസ്സ ‘ഇടപെട’ലിന്റെ സന്ദർഭം അദ്ദേഹത്തിന്റെ തന്ത്രപരമായ ദീർഘവീക്ഷണത്തെക്കുറിച്ചുള്ള സംശയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. പശ്ചിമേഷ്യയിലെ ദീർഘകാല സമാധാനത്തിനായുള്ള യഥാർഥ പ്രതിബദ്ധതക്കു പകരം, ആഗോളതലത്തിൽ വിശ്വാസ്യത പുനർനിർമിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവുമായി ഒത്തുപോകുന്നതാണ് ഇടപാടിലെ അദ്ദേഹത്തിന്റെ താൽപര്യമെന്ന് വിമർശകർ പറയുന്നു.
പ്രാദേശിക പങ്കാളികളുമായി ഇടപെടാനും സംഘർഷസമയത്ത് മാനുഷിക ചാനലുകൾ സ്ഥാപിക്കാനുമുള്ള ബൈഡന്റെ ചില മുൻകാല ശ്രമങ്ങളിൽ നിന്നും ട്രംപിന്റെ തന്ത്രം വ്യത്യസ്തമാണ്. ട്രംപിന്റെ ഭരണകൂടം വെടിനിർത്തൽ ഉറപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അക്രമത്തെ ശാശ്വതമാക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി വാചകക്കസർത്തിനപ്പുറം മേഖലയിലെ പങ്കാളികളുമായി ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട്. സമാധാനത്തിനായുള്ള ബഹുമുഖ ചട്ടക്കൂടുകളെ പിന്തുണക്കുന്നതും ഇസ്രായേൽ-ഫലസ്തീൻ ജനതകൾക്കു തുല്യമായ പരിഹാരങ്ങൾ ഉറപ്പാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, സമഗ്രമായ പരിഹാരത്തേക്കാൾ, പ്രഖ്യാപനങ്ങളിലും ഇടപാട് നയതന്ത്രത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡ് സൂചിപ്പിക്കുന്നു.
ട്രംപിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് പശ്ചിമേഷ്യയിൽ ഉടനീളം സമ്മിശ്ര പ്രതികരണങ്ങളുണ്ടാക്കിയിരുന്നു. അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള വിവാദ തീരുമാനത്താൽ ഇസ്രായേലിനുള്ള അദ്ദേഹത്തിന്റെ ശക്തമായ പിന്തുണ, ട്രംപിന്റെ പശ്ചിമേഷ്യനയത്തിന്റെ നിർണായക ഘടകമായി തുടരുന്നുണ്ട്. ഈ നീക്കം ഇസ്രായേലിന്റെ നേതൃത്വത്തിനും വലതുപക്ഷ വിഭാഗങ്ങൾക്കുമിടയിൽ ട്രംപിന്റെ സ്ഥാനം ഉറപ്പിച്ചപ്പോൾ, ഇത് ഫലസ്തീൻകാരെയും പല അറബ് രാഷ്ട്രങ്ങളെയും അകറ്റിനിർത്തി. അവർ ഇതിനെ സമാധാന പ്രക്രിയയുടെ തിരിച്ചടിയായി കണ്ടു.
ഈ ധ്രുവീകരണം ഉണ്ടായിരുന്നിട്ടും, ചില അറബ് രാജ്യങ്ങൾ ട്രംപിന്റെ സമീപനത്തെ സാമ്പത്തിക കരാറുകളിലൂടെ തങ്ങളുടെ താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമായി കണ്ടു. ഇറാൻ സമീപകാലത്ത് നേരിട്ട തിരിച്ചടികൾ സുപ്രധാന നേട്ടങ്ങളായി ട്രംപ് കണക്കാക്കുന്നു. ഹിസ്ബുല്ലയിൽ ഇറാന്റെ സ്വാധീനം കുറച്ചതും സിറിയയിലെ നേതൃമാറ്റവും ഇതിൽ ഉൾപ്പെടുന്നു. തന്റെ മുൻ ഭരണകാലത്ത് ഇറാനെതിരായ ട്രംപിന്റെ ഉപരോധങ്ങളും സമ്മർദ പ്രചാരണങ്ങളും അതിന്റെ സമ്പദ്‌വ്യവസ്ഥയെയും ഭൗമരാഷ്ട്രീയ സ്വാധീനത്തെയും ദുർബലപ്പെടുത്തിയിരുന്നു. എന്നിട്ടും തെഹ്റാന്റെ പ്രാദേശിക അഭിലാഷങ്ങൾ പൂർണമായും തടയുന്നതിൽ ട്രംപ് വിജയിച്ചില്ല.
ട്രംപിന്റെ ഏറ്റവും പ്രകീർത്തിക്കപ്പെട്ട നേട്ടങ്ങളിലൊന്നായ അബ്രഹാം ഉടമ്പടികൾ, ഇസ്രായേലും യു.എ.ഇ, ബഹ്‌റൈൻ, മൊറോകോ, സുഡാൻ തുടങ്ങിയ അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയിരുന്നു. ഈ ഉടമ്പടികൾ പ്രാദേശിക ചലനാത്മകതയെ മാറ്റിമറിക്കുക മാത്രമല്ല, പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ വ്യാപാര ഇടപാടുകൾ നടത്തുന്നതിനുള്ള വേദിയായി പരിഗണിക്കുന്നതിലുള്ള ട്രംപിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകൾ, സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതിനായി ഈ കരാറുകൾ വിപുലീകരിക്കുന്നതിനുള്ള സാധ്യതയെ ഊന്നിപ്പറയുന്നു. ഇത് ഭൗമരാഷ്ട്രീയ സ്ഥിതിഗതികളെ പുനർനിർമിക്കാൻ അവസരമൊരുക്കുന്നു. അബ്രഹാം ഉടമ്പടികളിൽ ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചത്, കച്ചവട മേഖലയിൽ പുതിയ മുഖങ്ങൾ തുറക്കാനുള്ള അദ്ദേഹത്തിന്റെ വിശാലതന്ത്രങ്ങളുമായി ചേർന്നുപോകുന്നു.
പ്രത്യയശാസ്ത്രപരമായ ഇടപെടലുകളെക്കാൾ സാമ്പത്തിക പങ്കാളിത്തത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും മുൻഗണന നൽകുന്ന നിരവധി അറബ് രാജ്യങ്ങളുമായി ഈ സമീപനം പൊരുത്തപ്പെടുന്നതായി അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇസ്രായേലുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും കരാറുകൾ പ്രയോജനപ്പെടുത്തുമെന്നു ട്രംപ് വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ മടങ്ങിവരവ് ഈ പ്രക്രിയയുടെ തുടർച്ച ഉറപ്പാക്കാനിടയുണ്ട്. ഈ മേഖലയിൽ ചില മുന്നേറ്റങ്ങൾ ഉണ്ടായിരുന്നിട്ടും, ട്രംപിന്റെ പുതിയ ഭരണത്തിൻ കീഴിൽ നയപരമായ മൗലിക മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ കുറവാണ്. അബ്രഹാം ഉടമ്പടിയിലൂടെ സ്ഥാപിക്കപ്പെട്ട ദുർബലമായ സമാധാനം, ഇറാന്റെ പ്രാദേശിക സ്വാധീനം, ഗസ്സയിലെ മാനുഷിക പ്രതിസന്ധി, ജറൂസലം, ഫലസ്തീനിയൻ രാഷ്ട്രപദവി എന്നിവയെക്കുറിച്ചുള്ള ദീർഘകാല തർക്കങ്ങൾ തുടങ്ങിയ ആഴത്തിലുള്ള പശ്ചിമേഷ്യൻ സംഘർഷങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല.
അതേസമയം, യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകൾ വിദേശനയത്തിലുള്ള അദ്ദേഹത്തിന്റെ പ്രായോഗിക സമീപനത്തെ സൂചിപ്പിക്കുന്നു. ട്രംപിന്റെ നിലപാടുകൾ പലപ്പോഴും വ്ലാദിമിർ പുടിനോട് അനുഭാവം പുലർത്തുന്നുണ്ടെങ്കിലും യുദ്ധത്തിൽ നീണ്ടുനിൽക്കുന്ന അമേരിക്കൻ ഇടപെടലിന്റെ സാമ്പത്തിക ഭാരം കുറക്കുന്നതിന് അദ്ദേഹം ശ്രമിച്ചേക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സാമ്പത്തികവും നയതന്ത്രപരവുമായ സാധ്യതകൾ പ്രയോജനപ്പെടുത്തി, യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സമ്മർദത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രം ട്രംപ് പിന്തുടരാനിടയുണ്ട്. യുക്രെയിനുമായുള്ള പ്രത്യയശാസ്ത്രപരമായ ഇടപെടലുകൾക്കോ ഐക്യദാർഢ്യത്തിനോ പകരം അമേരിക്കയുടെ സാമ്പത്തിക ബാധ്യത കുറക്കുകയും വിഭവങ്ങൾ ആഭ്യന്തര മുൻഗണനകളിലേക്ക് പുനർവിന്യസിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ചൈനയുമായും ഇന്ത്യയുമായും ഇടപെടുമ്പോൾ, ട്രംപിന്റെ വ്യാപാരമുദ്രയായ നവസംരക്ഷിതനയങ്ങളുടെ (neo-protectionist policies) ഒരു തുടർച്ചയാണ് അദ്ദേഹത്തെ ഉറപ്പാക്കാൻ ശ്രമിക്കുന്നത്. അമേരിക്കൻ വ്യാപാരകമ്മി കുറക്കുന്നതിനും ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായി, പ്രത്യേകിച്ച് ചൈനയെ ലക്ഷ്യംെവച്ചുള്ള, വ്യാപാരയുദ്ധങ്ങളാൽ അദ്ദേഹത്തിന്റെ മുൻകാലഭരണം ശ്രദ്ധയാകർഷിച്ചിരുന്നു.
അടുത്തിടെ, അമേരിക്കൻ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാട് ട്രംപ് ആവർത്തിച്ചപ്പോൾ, ചൈനീസ് ഇറക്കുമതിയിൽ ഉയർന്ന താരിഫ് പുനരുജ്ജീവിപ്പിക്കുമെന്നും ബൗദ്ധിക സ്വത്തവകാശത്തിലും സാങ്കേതിക കൈമാറ്റത്തിലും കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സമീപനം ചൈനയുമായുള്ള നിലവിലുള്ള പിരിമുറുക്കങ്ങൾ വർധിപ്പിക്കുമെന്ന് നിരീക്ഷകർ പ്രതീക്ഷിക്കുന്നു. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ ആധിപത്യത്തെച്ചൊല്ലിയുള്ള മത്സരം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുമെന്നു പലരും ഭയപ്പെടുന്നു. അമേരിക്കൻ താൽപര്യങ്ങൾക്ക് ഒരു പ്രാഥമിക ഭീഷണിയായി ചൈനയെ മുദ്രകുത്തി, സാമ്പത്തിക വിഘടനത്തിന്റെ വിശാലമായ തന്ത്രത്തെ ട്രംപ് ശക്തിപ്പെടുത്താൻ ശ്രമിച്ചേക്കും.
അമേരിക്കൻ ടെക് സ്ഥാപനങ്ങളിലെ ചൈനീസ് നിക്ഷേപം നിയന്ത്രിക്കുകയോ പ്രധാന ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽപെടുത്തുകയോപോലുള്ള നടപടികൾ, അദ്ദേഹത്തിന്റെ മുൻകാലഭരണത്തിൽ കണ്ടതുപോലെ, വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ട്. അത്തരം നയങ്ങൾ യു.എസ്-ചൈന ബന്ധങ്ങളിലെ ദുർബലമായ സന്തുലിതാവസ്ഥയെ കൂടുതൽ സങ്കീർണമാക്കിയേക്കാം. അത് ആഗോള വിപണികൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയുംചെയ്യും. കാരണം ചൈനയെ ആശ്രയിച്ചു കഴിയുന്ന നിരവധി വികസ്വര രാജ്യങ്ങൾക്കു ബദൽമാർഗങ്ങൾ അത്ര എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല.

ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിനൊപ്പം
ഇന്ത്യക്കാകട്ടെ ട്രംപിന്റെ ഭരണത്തിൻ കീഴിൽ തല്ലും തലോടലും നയം (carrot and stick policy) നേരിടേണ്ടി വന്നേക്കാം. ഇന്തോ-പസഫിക് മേഖലയിൽ ചൈനക്കെതിരായ നിർണായകമായ ഒരു ഘടകമായി ഇന്ത്യയെ വീക്ഷിക്കുമ്പോൾ, ‘അമേരിക്ക ആദ്യം’ നയങ്ങളിൽ ട്രംപിന്റെ ഊന്നൽ പുതിയ വ്യാപാരതർക്കങ്ങൾക്ക് ഇടയാക്കും. താരിഫുകൾ, കാർഷിക കയറ്റുമതി, അമേരിക്കൻ സാധനങ്ങൾക്കുള്ള വിപണി പ്രവേശനം എന്നിവയിൽ ഇളവുകൾ നൽകാൻ ട്രംപിന്റെ ഭരണകൂടം ഇന്ത്യക്കു മേൽ സമ്മർദം ചെലുത്തും. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിനെതിരെ തന്ത്രപരമായി സഹകരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുമ്പോഴും ഈ വിഷയങ്ങളിൽ ഇന്ത്യയുടെ ജാഗ്രതാപരമായ നിലപാട് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാം.
ട്രംപിന്റെ തിരിച്ചുവരവ് ബ്രിക്‌സ് പ്ലസ് രാജ്യങ്ങൾക്ക് കാര്യമായ വെല്ലുവിളികൾ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും അവർ രാജ്യാന്തര ഇടപാടുകൾക്ക് ഡോളറിതര കറൻസികൾ ഉപയോഗിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുകയും ചെയ്താൽ ട്രംപ് നോക്കിയിരിക്കില്ല. ചൈന, ഇന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ പ്രധാന സമ്പദ്‌വ്യവസ്ഥകൾ ഉൾപ്പെടുന്ന ഗ്രൂപ്പിങ് ആഗോള വ്യാപാരത്തിൽ യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറക്കുന്നതിനെക്കുറിച്ച് അടുത്തകാലത്ത് സംസാരിച്ചു തുടങ്ങിയപ്പോൾതന്നെ ട്രംപ് ഇതിനെതിരെ മുന്നറിയിപ്പ് നൽകി.
ബദൽ പേമെന്റ് സംവിധാനങ്ങളും വ്യാപാര സംവിധാനങ്ങളും സ്ഥാപിക്കുന്നതിനെക്കുറിച്ച് ബ്രിക്‌സിൽ നടന്ന സമീപകാല ചർച്ചകളും ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള അവരുടെ തന്ത്രങ്ങളും ട്രംപിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വ്യാപാരത്തിൽ ഡോളറിന്റെ ആധിപത്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ബഹുമുഖതന്ത്രം ട്രംപ് സ്വീകരിക്കാൻ സാധ്യതയുണ്ട്. ഡോളറിതര വ്യാപാരസമ്പ്രദായങ്ങൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്കെതിരായ ഉപരോധം ഒരു ഭാഗത്തും ഉഭയകക്ഷി കരാറുകളിലൂടെ ഡോളറിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ ഡോളർ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഐ.എം.എഫ്, ലോക ബാങ്ക് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുക തുടങ്ങിയവ മറുഭാഗത്തും അദ്ദേഹം പരീക്ഷിക്കും.
ട്രംപിന്റെ സംരക്ഷണവാദവും ഏകപക്ഷീയ സമീപനം ആഗോളവ്യാപാരത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചൈനക്കും ബ്രിക്‌സ്-പ്ലസ് രാഷ്ട്രങ്ങൾക്കെതിരെ, ഈ നയങ്ങൾ സാമ്പത്തിക ശിഥിലീകരണത്തെ ആഴത്തിലാക്കിക്കൊണ്ട് ബദൽ സാമ്പത്തിക തന്ത്രങ്ങളും അദ്ദേഹം ത്വരിതപ്പെടുത്തിയേക്കാം. ഇന്ത്യ അതിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം കണക്കിലെടുത്ത്, ഇന്തോ-പസഫിക്കിൽ അമേരിക്കയുമായുള്ള പങ്കാളിത്തം നിലനിർത്തിക്കൊണ്ടുതന്നെ, ബ്രിക്‌സ് പ്ലസിലെ ഒരു പ്രധാന രാഷ്ട്രമെന്നനിലയിൽ അതിന്റെ പങ്ക് പ്രയോജനപ്പെടുത്തി ഈ സങ്കീർണമായ സാഹചര്യത്തെ അഭിമുഖീകരിക്കാൻ ശ്രമിച്ചേക്കാം. എന്നാലും അമേരിക്കൻ താൽപര്യങ്ങളുമായി കൂടുതൽ അടുക്കാൻ ഇന്ത്യയെ സമ്മർദത്തിലാക്കുന്ന സാമ്പത്തിക നയങ്ങൾ പിന്തുടരാൻ ട്രംപ് തയാറെടുക്കുകയാണെങ്കിൽ ഈ ബന്ധങ്ങൾ കൂടുതൽ വെല്ലുവിളി നേരിടേണ്ടിവരും.
ട്രംപ് ഭരണത്തിൽ ഏറ്റവും അധികം ഭയപ്പെടുന്നത് അമേരിക്കയിൽ നിയമാനുസൃതവും അല്ലാതെയും കുടിയേറിയവരാണ്. തദ്ദേശീയരെ കൈയിലെടുക്കാൻ എല്ലാക്കാലത്തും ട്രംപ് ഇതൊരായുധമാക്കിയിട്ടുണ്ട്. തീവ്രവാദത്തെയും മതമൗലികവാദത്തെയും കുടിയേറ്റവുമായി ബന്ധപ്പെടുത്തി നടത്തിയ മുൻ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് അതാണ്. അതിനു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെന്നോ പശ്ചിമേഷ്യൻ രാജ്യങ്ങളെന്നോ ഒന്നും വ്യത്യാസം കാണില്ല. താൻ അധികാരത്തിൽ വന്നാൽ എത്ര ലക്ഷം പേരെ പുറത്താക്കുമെന്ന് വരെ അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തന്റെ ആദ്യ ഒപ്പിടുന്നത് ഇത്തരം വിഷയങ്ങളിന്മേലുള്ള ഫയലുകളിലായിരിക്കുമെന്നു ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.

ട്രംപിനൊപ്പം മോദി
ചുരുക്കത്തിൽ ലോകമാകെ ആകാംക്ഷയും ആശങ്കയും ഒരു പോലെ ഉണ്ടാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രസ്താവനകൾ കൊണ്ട് ട്രംപ് ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. അമേരിക്കയുടെ പ്രശസ്തിയും പെരുമയും തിരിച്ചുകൊണ്ടുവരാൻ ട്രംപ് ശ്രമിക്കുമ്പോൾ അത് ഒരു പുതിയ രാജ്യാന്തര നൈതികതയുടെ തുടക്കമായി ആരും കരുതേണ്ടതുമില്ല. കാരണം, അമേരിക്കൻ സാമ്രാജ്യത്വം കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ ഒരു പുതിയ നൈതികതയും ഉണ്ടാക്കിയിട്ടുമില്ല, അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല.
ലിബറൽ-ആശയവാദിയായിരുന്ന വുഡ്രോ വിൽസന്റെ ‘‘ജനാധിപത്യത്തിനുവേണ്ടി ലോകത്തെ സംരക്ഷിക്കുക’’ എന്ന മുദ്രാവാക്യം കഴിഞ്ഞ നൂറ്റാണ്ടിൽ എത്രയോ ഭാവപ്പകർച്ചകൾ ലോകം കണ്ടു. ആണവായുധം ഉപയോഗിച്ച് ലക്ഷങ്ങളെ കൊന്നതും കമ്യൂണിസത്തിനു കടിഞ്ഞാണിടാൻ വിവിധ രാജ്യങ്ങളിൽ അമേരിക്ക ലക്ഷങ്ങളെ കുരുതികൊടുത്തതും ഇതേ സംരക്ഷണവാദം ഉപയോഗിച്ചായിരുന്നു. ഈ സാമ്രാജ്യത്വ ചരിത്രം എത്രകാലം കഴിഞ്ഞാലും അമേരിക്കയെ പിന്തുടർന്നുകൊണ്ടിരിക്കും.
============
(എം.ജി സർവകലാശാല ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച് ഡയറക്ടറും രാജ്യാന്തര പഠനവിദഗ്ധനുമാണ് ലേഖകൻ)