പൗരത്വ പരിശോധന ബിഹാറിൽനിന്ന് കേരളത്തിലേക്ക് വരുേമ്പാൾ

രണ്ട് പതിറ്റാണ്ടുകൊണ്ട് തങ്ങൾ രജിസ്റ്റർചെയ്ത വോട്ടർമാരെ തന്നെയാണ് വിചിത്രമായ തരത്തിൽ കമീഷൻ തള്ളിപ്പറയുന്നത്. നിഗൂഢമായ ലക്ഷ്യംവെച്ച് തങ്ങൾ നിയമിച്ച തെരഞ്ഞെടുപ്പ് കമീഷണർമാരെ വെച്ച് നടത്തുന്ന വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന ഉറക്കമില്ലാത്ത നാളുകളാണ് രാജ്യത്തെ ഓരോ പൗരനും സമ്മാനിക്കുന്നത്. ബിഹാറിലെ പരീക്ഷണവും കേരളത്തിലുമെത്തുമോ? എന്താണ് ഇതിലെ അപകടം? കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബിഹാറിൽ ജൂൺ 24ന് തുടങ്ങിെവച്ച തീവ്ര വോട്ടർപ്പട്ടിക പരിശോധന ഇതിനകം ആശങ്കയുളവാക്കുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ നിരവധി ചോദ്യങ്ങളാണുയർത്തിയിരിക്കുന്നത്. കോടിക്കണക്കിന് വോട്ടർമാരുടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രണ്ട് പതിറ്റാണ്ടുകൊണ്ട് തങ്ങൾ രജിസ്റ്റർചെയ്ത വോട്ടർമാരെ തന്നെയാണ് വിചിത്രമായ തരത്തിൽ കമീഷൻ തള്ളിപ്പറയുന്നത്. നിഗൂഢമായ ലക്ഷ്യംവെച്ച് തങ്ങൾ നിയമിച്ച തെരഞ്ഞെടുപ്പ് കമീഷണർമാരെ വെച്ച് നടത്തുന്ന വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന ഉറക്കമില്ലാത്ത നാളുകളാണ് രാജ്യത്തെ ഓരോ പൗരനും സമ്മാനിക്കുന്നത്. ബിഹാറിലെ പരീക്ഷണവും കേരളത്തിലുമെത്തുമോ? എന്താണ് ഇതിലെ അപകടം?
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബിഹാറിൽ ജൂൺ 24ന് തുടങ്ങിെവച്ച തീവ്ര വോട്ടർപ്പട്ടിക പരിശോധന ഇതിനകം ആശങ്കയുളവാക്കുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ നിരവധി ചോദ്യങ്ങളാണുയർത്തിയിരിക്കുന്നത്. കോടിക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുമോ എന്നതാണ് അതിലേറ്റവും പ്രധാനമായ ചോദ്യം. ഈ ചോദ്യമുയർത്തുന്ന ആശങ്കയിൽനിന്നാണ് സാധാരണക്കാരും ദരിദ്രരും പാർശ്വവത്കൃതരുമായ വലിയൊരു വിഭാഗത്തെ തീരാദുരിതത്തിൽ അകപ്പെടുത്തിയ ‘നോട്ടുബന്ദി’യോട് (നോട്ടുനിരോധനം) താരതമ്യപ്പെടുത്തി ബിഹാറുകാർ ഈ പ്രക്രിയക്ക് ‘വോട്ടുബന്ദി’ (വോട്ടു നിരോധനം) എന്ന പേരു നൽകിയത്. വോട്ടർപ്പട്ടികയിൽ പേര് നിലനിർത്താനുള്ള അപേക്ഷാഫോമുകൾ ജൂലൈ 25നകം പൂരിപ്പിച്ച് നൽകി. തുടർന്ന് നൽകിയ വിവരങ്ങൾ ആധികാരികമാണെന്ന് ഇത്രയും മനുഷ്യർ തെളിയിക്കണം. കേവലം 30 ദിവസത്തിനകം ഇത് ചെയ്യാൻ കഴിയില്ലെന്ന് നന്നായറിയുക കമീഷനാണ് എന്നിടത്താണ് ഈ പ്രക്രിയയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയങ്ങൾ ഉയരുന്നത്. വരാനിരിക്കുന്ന കാറ്റിനും കോളിനുമുള്ള മുന്നറിയിപ്പായി രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉരുണ്ടു കൂടുന്ന കാർമേഘമായി മാറിയിരിക്കുന്നു വോട്ടർപ്പട്ടികയുടെ ‘പ്രത്യേക തീവ്ര പരിശോധന’ (എസ്.ഐ.ആർ).
2002ലെ വോട്ടർപ്പട്ടിക മലയാളിയുടെ ആധാരം
വോട്ടവകാശം ഇല്ലാതാക്കുന്നതിലൂടെ ആത്യന്തികമായി പൗരത്വംതന്നെ റദ്ദ് ചെയ്യപ്പെടുകയല്ലേ എന്നതാണ് അതിന്റെ തുടർചോദ്യം. മർമപ്രധാനമായ ഇൗ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെയാണ് ഈ പൗരത്വ പരിശോധനയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബിഹാറിൽനിന്ന് കേരളത്തിലേക്കും വരുന്നത്. ഓരോ വോട്ടറും ഇന്ത്യൻ പൗരനാണെന്നതിന്റെ അടിസ്ഥാന പ്രമാണമായി കമീഷൻ ബിഹാറിൽ തെരഞ്ഞെടുത്തിരിക്കുന്നത് ആധാരമാക്കിയിരിക്കുന്നത് 2003ലെ വോട്ടർപ്പട്ടികയാണെങ്കിൽ കേരളത്തിൽ ആധാരമാക്കുന്നത് 2002ൽ തയാറാക്കിയ വോട്ടർപ്പട്ടികയാണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ 2002ൽ തയാറാക്കിയ വോട്ടർപ്പട്ടികയിൽ പേരില്ലാത്ത മലയാളികളായ മുഴുവൻ വോട്ടർമാരും തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കണം.
അല്ലെങ്കിൽ 2002ന് ശേഷം ഇതുവരെ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്തവരാണെങ്കിൽപോലും വോട്ടർപ്പട്ടികയിൽനിന്ന് പേര് വെട്ടിമാറ്റും. ബിഹാറിൽ കേവലം ഒരു മാസംകൊണ്ട് എട്ടു കോടിയോളം വോട്ടർമാരുടെ ആധികാരികത പരിശോധിച്ചു രേഖകൾ സമർപ്പിച്ചവരെ വോട്ടർപ്പട്ടികയിൽ നിലനിർത്തുകയും മറ്റുള്ളവരെ പുറന്തള്ളുകയും ചെയ്യുന്ന കമീഷന് കേരളത്തിൽ അത്തരമൊരു പ്രക്രിയക്ക് രണ്ടാഴ്ചപോലും വേണ്ടിവരില്ല. ശരിക്കും സമയക്കുറവിന്റെ ചോദ്യമല്ല ഈ പ്രക്രിയയിൽ ഉയരുന്നത്. ഇത്തരമൊരു പ്രക്രിയതന്നെ എന്തിനാണെന്ന കമീഷന്റെ ഉദ്ദേശ്യശുദ്ധിയാണ് ചോദ്യംചെയ്യപ്പെടുന്നത്.
2002ലെ വോട്ടർപ്പട്ടികയിൽ ഇല്ലെങ്കിൽ പൗരത്വം തെളിയിക്കണം
അങ്ങനെ വെട്ടിമാറ്റാതിരിക്കണമെങ്കിൽ 2002ലെ പട്ടികയിൽ പേരില്ലാത്ത മലയാളി വോട്ടർമാർ എന്തുചെയ്യണമെന്ന് കമീഷൻ ബിഹാറിൽനിന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിങ്ങനെ:
1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ: ഇവർ സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം.
1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ: ഇവർ സ്വന്തം ജനന തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ: ഇവർ സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ രക്ഷിതാക്കളിൽ മാതാവിന്റെയും പിതാവിന്റെയും ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം
ബിഹാറിന്റെ കാര്യമെടുത്താൽ രണ്ടായിരത്തിലെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ബിഹാറിൽ 3.7 ശതമാനം പേർ മാത്രമാണ് തങ്ങളുടെ ജനനം രേഖപ്പെടുത്തിയിരിക്കുന്നത്. 2007ൽ ഇത് 25 ശതമാനം മാത്രമാണ്. 2007ൽ ജനിച്ചവർ എല്ലാം ഇപ്പോൾ ബിഹാറിലെ പ്രായപൂർത്തി വോട്ടവകാശമുള്ള പൗരന്മാരാണെന്ന് ഓർക്കണം. രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ പക്കൽ ഇത്തരമൊരു സർട്ടിഫിക്കറ്റ് ഇല്ല. അതിന് പകരം കാണിക്കാൻ 11 രേഖകളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് കമീഷൻ. ഇതിൽ ആധാർ കാർഡോ തൊഴിലുറപ്പ് കാർഡോ ഡ്രൈവിങ് ലൈസൻസോ റേഷൻകാർഡോ വോട്ടർ തിരിച്ചറിയൽ കാർഡോ ഇല്ല. സുപ്രീംകോടതി നിർദേശിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ആധാർ കാർഡും റേഷൻ കാർഡും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളായി അംഗീകരിക്കാൻ കമീഷൻ തയാറായില്ല. സ്വന്തം നിലക്ക് തെരഞ്ഞെടുപ്പ് കമീഷൻ തന്നെ ഇറക്കിയ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പോലും വോട്ടർപ്പട്ടികയിൽ പേര് നിലനിർത്തുന്നതിനുള്ള രേഖയായി അംഗീകരിക്കാൻ കമീഷൻ കൂട്ടാക്കിയിട്ടില്ല. ഇതിന്റെ പരിഹാസ്യത സുപ്രീംകോടതിതന്നെ ചോദ്യംചെയ്തതാണ്. എന്നിട്ടും നിലപാടിൽ മാറ്റമില്ലാതെ കമീഷൻ മുന്നോട്ടുപോവുകയാണ്.
ബീഹാറിൽ കമീഷൻ ആവശ്യപ്പെടുന്ന 11 രേഖകൾ:
1. കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതു മേഖല ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഐ.ഡി കാർഡ്
2. 1987 ജൂലൈ ഒന്നിന് മുമ്പ് സർക്കാർ/ തദ്ദേശ സ്ഥാപനങ്ങൾ/ ബാങ്ക്/ പോസ്റ്റ് ഓഫിസ്/ എൽ.ഐ.സി/ പൊതുമേഖലാ സ്ഥാപനം നൽകിയ ഏതെങ്കിലും ഐ.ഡി കാർഡ്
3. ജനന സർട്ടിഫിക്കറ്റ്
4. പാസ്പോർട്ട്
5. അംഗീകൃത ബോർഡുകളോ സർവകലാശാലകളോ നൽകിയ പത്താം തരം/ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
6. സ്ഥിര താമസക്കാരനാണെന്ന സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്
7. വനാവകാശ സർട്ടിഫിക്കറ്റ്
8. ഒ.ബി.സി/ എസ്.സി/ എസ്.ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ്
9. ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി)
10. സംസ്ഥാന സർക്കാറോ തദ്ദേശ സ്ഥാപനങ്ങളോ തയാറാക്കിയ കുടുംബ രജിസ്റ്റർ
11. സർക്കാർ നൽകിയ ഏതെങ്കിലും ഭൂമി/ ഭവന കൈമാറ്റ സർട്ടിഫിക്കറ്റ്
കേരളത്തിലെ രേഖകളിൽ മാറ്റം വരും
വോട്ടർപട്ടിക തീവ്ര പരിശോധന കേരളത്തിൽ എത്തുമ്പോൾ പൗരത്വം തെളിയിക്കാൻ ബീഹാറിൽ ആവശ്യപ്പെട്ട പലതും പട്ടികയിൽ നിന്ന് ഒഴിവായേക്കും. ഉദാഹരണത്തിന് പൗരത്വം തെളിയിക്കാനുള്ള 11 രേഖകളുടങ്ങുന്ന പട്ടികയിലെ 10-ാമത്തേത് ബീഹാറിൽ മാത്രം ഉള്ളതാണ്. സംസ്ഥാന സർക്കാറോ തദ്ദേശ സ്ഥാപനങ്ങളോ തയാറാക്കുന്ന കുടുംബ രജിസ്റ്റർ ആണിത്. ഇതിന് പകരം കേരളത്തിൽ ലഭ്യമാകുന്ന രേഖകൾ ഏതൊക്കെയാണെന്ന അന്വേഷണത്തിലാണ് കമീഷൻ.

ജൂൺ 28ന് ബിഹാറിലെ സ്‌പെഷൽ ഇന്റൻസിവ് റിവിഷൻ സമയത്ത് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ മധുബാനി, ബൂത്ത് ലെവൽ ഓഫിസർമാരോടൊപ്പം വീടുകൾ സന്ദർശിച്ച് എണ്ണൽ ഫോമുകൾ വിതരണം ചെയ്തപ്പോൾ
ഇന്ത്യയിലെ ജന്മസ്ഥലം കാണിക്കാത്ത രേഖകൾ
യഥാർഥത്തിൽ ഈ രേഖകൾ ജനങ്ങളുടെ ജന്മസ്ഥലം ഇന്ത്യയിലാണെന്ന് നിർണയിക്കുന്നതുമല്ല. കാരണം ഇവയിൽ പലതും ഒരാൾ ജനിച്ചത് എവിടെ എന്ന് വ്യക്തമാക്കുന്നില്ല. എന്നിട്ടും ഈ രേഖകൾ എന്തുകൊണ്ടാണ് കമീഷൻ ആവശ്യപ്പെട്ടതെന്ന സംശയം ബാക്കിയാണ്. ഈ 11 രേഖകളുടെ പട്ടികയിൽ ഉൾപ്പെട്ട ഒരു രേഖയും ബിഹാറിലെ ഭൂരിഭാഗം ജനങ്ങളുടെയും കൈവശമില്ല. ദരിദ്രർ, ദലിതുകൾ, അതിപിന്നാക്ക വിഭാഗങ്ങൾ, മുസ്‍ലിംകൾ തുടങ്ങി പാർശ്വവത്കൃത വിഭാഗങ്ങളാണ് ഇതുമൂലം വോട്ടർപ്പട്ടികയിൽനിന്ന് പുറത്താകാൻ പോകുന്നത്. അതവരോട് ചെയ്യുന്ന അനീതിയല്ലേ എന്ന ചോദ്യം കമീഷനെ ഏതായാലും അലട്ടുന്നില്ല. അതില്ലെങ്കിൽ പേര് വോട്ടർപ്പട്ടികയിൽനിന്ന് പുറത്തായിരിക്കും എന്ന് കമീഷൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
വോട്ടവകാശം നിലനിർത്താൻ പൗരത്വരേഖ എന്തിനാണ്?
പൗരത്വ നിയമത്തിന് കീഴിൽ പൗരത്വം തെളിയിക്കാൻ വ്യക്തമായ ഒരു രേഖ ഇതുവരെയും നിഷ്‍കർഷിച്ചിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യ. 18 കോടി വോട്ടർമാർ മാത്രമുണ്ടായിരുന്ന 1951 തൊട്ട് 99 കോടി വോട്ടർമാരുള്ള 2025 വരെ വോട്ടർപ്പട്ടിക തയാറാക്കുകയെന്ന പ്രക്രിയ തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തുകൊണ്ടിരുന്നത് ഒരു വോട്ടർക്കും വോട്ടില്ലാതെ പോകരുത് എന്നത് മുദ്രാവാക്യമാക്കിയാണ്.
ഏറെ ചെലവേറിയ ഈ പ്രക്രിയ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി രാജ്യത്ത് മാറിമാറി വന്ന തെരഞ്ഞെടുപ്പ് കമീഷനുകൾ ഭംഗിയായിനിർവഹിച്ചുകൊണ്ടിരുന്നത്. ഇന്ത്യയിൽ സ്ഥിരതാമസക്കാരനായ ഒരു വോട്ടറെ തിരിച്ചറിയാൻ സ്വന്തം നിലക്ക് നടപടിക്രമം ഉണ്ടാക്കിയതിലൂടെയാണ് ഒരു സർക്കാറിനെ തെരഞ്ഞെടുക്കാനുള്ള ജനാധിപത്യപരമായ അവകാശം ഓരോ ഇന്ത്യൻ പൗരനും നഷ്ടപ്പെടാതിരിക്കാൻ കമീഷൻ ബദ്ധശ്രദ്ധ ചെലുത്തിയത്. എന്നാൽ പൗരത്വം തെളിയിക്കാനുള്ള രേഖ ഓരോ പൗരനും നൽകാൻ നിയമപരമായ ബാധ്യതയുള്ള സർക്കാർ നിറവേറ്റാതെ, വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ഒരു പൗരന് വേണ്ട യോഗ്യത എന്തെന്ന് കമീഷൻ സ്വയം നിർണയിക്കാതെയാണ് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിച്ചേക്കാവുന്ന ഒരു പ്രക്രിയക്ക് കമീഷൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. പൗരത്വത്തിന് ഒരു രേഖ നിഷ്‍കർഷിക്കാതെ അത് തെളിയിക്കാനുള്ള ബാധ്യത സർക്കാറിന്റെ ചുമലിൽനിന്ന് പൗരന്റെ തലയിലേക്ക് കമീഷൻ എടുത്തിടുന്നതിന്റെ ന്യായമെന്താണ്?
ഇന്ത്യൻ പൗരത്വം എങ്ങനെ തെളിയിക്കും?
ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള നിയമപരമായ രേഖ ഏതാണെന്ന് കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് പൗരത്വം തെളിയിക്കാൻ രേഖകളുമായി വരണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് ആവശ്യപ്പെടാനാകുക?
എന്നാൽ, പൗരത്വം തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് എന്നാണ് കപിൽ സിബലും അഭിഷേക് സിങ് വിയും പറയുന്നത്. എങ്കിൽ ഒരാൾ തന്റെ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കൈവശംവെക്കേണ്ട രേഖകൾ ഏതെന്ന് പറയാനുള്ള ബാധ്യതയും ആഭ്യന്തര മന്ത്രാലയത്തിനാണ്. ഒരാൾ ഇന്ത്യൻ പൗരനാണോ എന്ന് തീരുമാനിക്കാൻ ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്നും അത് നോക്കേണ്ട പണി അവർക്കില്ലെന്നും വാദത്തിനിടെ നിലപാട് വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിൽ അക്കാര്യം പരാമർശിച്ചില്ല. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ടവകാശം നൽകാവൂ എന്ന ഭരണഘടനയുടെ 326ാം അനുച്ഛേദത്തിൽ പറയുന്നത് ചൂണ്ടിക്കാട്ടിയാണ് വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനായി പൗരത്വം പരിശോധിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് കമീഷൻ പറയുന്നത്. വോട്ടർപ്പട്ടിക ഈ തരത്തിൽ തയാറാക്കാനുള്ള അധികാരം സിദ്ധിച്ച ഭരണഘടനാ സ്ഥാപനമാണോ കമീഷൻ എന്ന് ഹരജിക്കാരുടെ അഭിഭാഷകർ ചോദ്യംചെയ്തിട്ടുമില്ല.
ഒരു വോട്ടറെ തിരിച്ചറിയാനാണ് വോട്ടർപ്പട്ടിക തീവ്ര പരിശോധനയെങ്കിൽ ഒരിക്കൽ വോട്ടറായി രജിസ്റ്റർചെയ്ത് വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷം അതെല്ലാം അസാധുവാക്കി അതേ പ്രക്രിയ വീണ്ടും തീവ്ര പരിശോധനയായി ആവർത്തിക്കുന്നതെന്തിനാണ്?

ബിഹാറിലെ സരൺ ജില്ലയിലെ വോട്ടർമാർ
ബിഹാറിന്റെ കാര്യംതന്നെ എടുക്കുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് കമീഷൻ വോട്ടർപ്പട്ടിക തയാറാക്കിയത്. അതിന് ശേഷം നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനായി കഴിഞ്ഞ ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ നീളുന്ന വോട്ടർപ്പട്ടിക പുതുക്കൽ രണ്ടാമതും നടത്തി. അങ്ങനെ പുതുക്കിയ വോട്ടർപ്പട്ടിക ജൂൺ 30ന് പ്രസിദ്ധീകരിക്കാനിരിക്കേയാണ് ആ പ്രക്രിയ നിരാകരിക്കുന്ന വിവാദ ഉത്തരവ് ജൂൺ 24ന് കമീഷൻ പുറത്തിറക്കുന്നത്. ജൂണിൽ പ്രസിദ്ധീകരിക്കാനുള്ള അന്തിമ വോട്ടർപ്പട്ടികക്കുള്ള എല്ലാ സ്ഥിതി വിവരക്കണക്കും കൈയിൽ വെച്ചാണ് ആ പ്രക്രിയയെ അട്ടിമറിക്കാൻ നാറാണത്ത് ഭ്രാന്തനെപ്പോലെ മുകളിൽനിന്നും താഴേക്കുള്ള ഈ കല്ലുരുട്ടൽ. ഈ വോട്ടർപ്പട്ടിക വെച്ച് ബിഹാർ തെരഞ്ഞെടുപ്പിനെ നേരിടേണ്ട എന്ന് കമീഷനെ നിയന്ത്രിക്കുന്ന ബി.ജെ.പി തീരുമാനിച്ചെന്നും തങ്ങൾക്ക് വോട്ടു ചെയ്യില്ലെന്നുറപ്പുള്ള ലക്ഷക്കണക്കിന് വോട്ടർമാരെ വെട്ടിമാറ്റാനുള്ള നീക്കം മാത്രമാണ് ഇതെന്നുമുള്ള അതീവ ഗുരുതരമായ ആരോപണം രാഷ്ട്രീയ ജനതാദളും കോൺഗ്രസും ഉന്നയിക്കുന്നതിന്റെ കാരണവും അതാണ്.
ഇരട്ടവോട്ട് തടയാൻ കമീഷനുണ്ട് വഴികൾ
വോട്ടർപ്പട്ടികയിൽ പേര് ചേർക്കൽ തൊട്ട് വോട്ടു ചെയ്യുന്നിടത്ത് വരെ വോട്ടർമാരുമായി സംഘർഷത്തിലേർപ്പെട്ട് സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ച് വോട്ടു വെട്ടാനും ചേർക്കാനും ഏത് മാർഗവും അവലംബിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ നിലവാരത്തിലേക്ക് തരംതാഴുകയാണ് കമീഷൻ ഇപ്പോൾ ചെയ്യുന്നത്. രണ്ടിടത്ത് തനിക്ക് വോട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഒരു വോട്ടറുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ഇങ്ങനെയുള്ള വോട്ടിരട്ടിപ്പ് കണ്ടുപിടിച്ച് അത് വെട്ടിക്കളയാനുള്ള രീതി ആവിഷ്‍കരിക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധയും സൂക്ഷ്മതയും വേണം. ഒരേ വോട്ടർ രണ്ടിടത്ത് വോട്ടുചെയ്തതിന് തെരഞ്ഞെടുപ്പ് കമീഷൻ ഇന്നുവരെ ഒരു കേസ് രജിസ്റ്റർചെയ്തിട്ടില്ല. വോട്ടർപ്പട്ടികക്കായി തങ്ങൾ അനുവർത്തിച്ചുവരുന്ന പ്രക്രിയയിലൂടെ ഇരട്ടവോട്ടിന് കഴിയില്ല എന്ന ആത്മവിശ്വാസം കമീഷന് ഉള്ളതുകൊണ്ടായിരുന്നു അത്. അത് കണ്ടെത്താനും ഡിലീറ്റ് ചെയ്ത് കളയാനുമുള്ള ആധുനിക സംവിധാനങ്ങളെല്ലാം കമീഷന്റെ പക്കലുണ്ട്. ഒരു വോട്ടർക്ക് വോട്ടുചെയ്യാനുള്ള ജനാധിപത്യപരമായ അവകാശത്തെയാണ് കമീഷൻ തീവ്ര വോട്ടർപ്പട്ടിക പരിശോധനയിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്.
വോട്ടർപ്പട്ടികയിൽ ചേർക്കാൻ താമസരേഖ
സുപ്രീംകോടതി ചൂണ്ടിക്കാട്ടിയപോലെ വോട്ടർ തിരിച്ചറിയൽ കാർഡ് ഒരാൾ ഇന്ത്യൻ വോട്ടറാണെന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻതന്നെ നൽകുന്ന രേഖയാണ്. എന്നാൽ, ഒരു നിയോജക മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ പേരില്ലാതെ ഒരാൾക്ക് ആ കാർഡ് ഉണ്ടെങ്കിൽപോലും വോട്ടു ചെയ്യാനാവില്ല. ഒരാൾ താമസിച്ചുവരുന്നിടത്ത് അയാളെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തി അയാൾക്ക് വോട്ടവകാശം നൽകുന്നത് ഇലക്ടറൽ രജിസ്ടേഷൻ ഓഫിസർമാർ (ഇ.ആർ.ഒ) ആണ്. ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നപോലെ ഒരു ഇന്ത്യൻ ഭൂപ്രദേശത്ത് സാധാരണഗതിയിൽ താമസിച്ചുവരുന്ന ഒരാളെയാണ് ഇ.ആർ.ഒമാർ വോട്ടർപ്പട്ടികയിൽ ചേർക്കുന്നത്. താൻ ഒരു ഇന്ത്യൻ പൗരനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലവും താൻ ഇന്ത്യയിൽ സ്ഥിരതാമസമാണ് എന്ന് കാണിക്കാനുള്ള ഒരു തിരിച്ചറിയൽ കാർഡുമാണ് ഇതിനായി നൽകേണ്ടത്. വോട്ടറായി രജിസ്റ്റർ ചെയ്യാനുള്ള 1960ലെ ചട്ടപ്രകാരം ഇ.ആർ.ഒയെ തൃപ്തിപ്പെടുത്തുന്ന ഒരു രേഖ ഇതിനായി കാണിച്ചാൽ മറ്റൊരു അന്വേഷണം നടത്താതെ അയാളെ വോട്ടർപ്പട്ടികയിൽ ചേർക്കാം. ആവശ്യമെങ്കിൽ ഇ.ആർ.ഒക്ക് ഒരു അന്വേഷണം നടത്താം. 2002ലും അതിനുശേഷവും വീടുവീടാന്തരം കയറിയിറങ്ങി ആ വീട്ടിലെ 18 വയസ്സായ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ 4, 5 ഫോറങ്ങൾ വഴി ശേഖരിക്കുകയാണ് കമീഷൻ ചെയ്തിരുന്നത്. പൗരത്വരേഖയായി ഒന്നും ചോദിച്ചിരുന്നില്ല. അതിനാൽ, 2002ലേതും അതിനു ശേഷമുള്ളതുമായ വോട്ടർപ്പട്ടികകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല.
ബിഹാർ നൽകുന്ന പൗരത്വ പാഠങ്ങൾ
കാലവർഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുകയാണ് ബിഹാറിൽ. പ്രളയക്കെടുതി അനുഭവിക്കുന്ന സീമാഞ്ചൽ ജില്ലകളിൽനിന്നും ജനങ്ങൾ മാറി താമസിക്കുന്ന കാലംകൂടിയാണിത്. കോസി നദി കരകവിഞ്ഞൊഴുകി വരുമ്പോൾ സ്വന്തം വീടുകൾ കുത്തിയൊലിച്ച് പോകുന്ന ഗ്രാമീണർ വരെ അതിലുണ്ട്. തിരികെ വന്ന് രണ്ടാമത് കുടിൽകെട്ടി താമസിക്കുകയാണ് ഇവരുടെ രീതി. ഖാരിഫ് വിളകളുടെ വിളവെടുപ്പ് കാലംകൂടിയാണിത്. ബിഹാറിൽനിന്ന് വിളവെടുപ്പിനായി പഞ്ചാബ് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് പോയിരിക്കുകയാണ്. ഈ പരമദരിദ്രരും കർഷക തൊഴിലാളികളും വീടുവിട്ട് പലായനംചെയ്യുന്ന അതേ മാസംതന്നെയാണ് ജനന തീയതിയും ജന്മസ്ഥാനവും തെളിയിക്കാനായി അവരുടെ വീടുകളിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ ബൂത്ത് തല ഓഫിസർമാരെ വിട്ടിരിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ് കോസിയിലെ വെള്ളമിറങ്ങി അവർ തിരികെ വരുമ്പോഴേക്കും വോട്ടർപ്പട്ടികയിൽനിന്ന് അവർ പുറത്തായിട്ടുണ്ടാകും. 20 ശതമാനത്തോളം ജനങ്ങൾ കുടിയേറ്റക്കാരായ സംസ്ഥാനമാണ് ബിഹാർ. ഈ കുടിയേറ്റ തൊഴിലാളികൾക്കൊന്നും തങ്ങളുടെ വോട്ടർപ്പട്ടിക പരിശോധനയിൽ പങ്കെടുക്കാൻ സാധ്യമല്ല. വിഡ്ഢിത്തം നിറഞ്ഞ അനാവശ്യ നടപടിയായാണ്, ഏറെക്കാലമായി ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താൻ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സർക്കാറിതര സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ഫൗണ്ടിങ് ട്രസ്റ്റി ജഗ്ദീപ് ഛോക്കർ കാണുന്നത്.

ഭോജ്പൂർ ജില്ലയിലെ സന്ദേശ് നിയമസഭ മണ്ഡലത്തിൽ സ്പെഷൽ ഇന്റൻസിവ് റിവിഷൻ (എസ്.ഐ.ആർ) സമയത്ത് വോട്ടർമാരിൽനിന്ന് ഫോമുകൾ ശേഖരിക്കുന്ന ഒരു ബി.എൽ.ഒ (ഫോട്ടോ: രഞ്ജൻ രാഹി
വോട്ടു വെട്ടിമാറ്റാൻ വിദേശി പ്രോപഗണ്ട
വലിയൊരു വിഭാഗം വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഒരു േപ്രാപഗണ്ട കമീഷൻ ഇതിനിടെ സൃഷ്ടിച്ചു. ബിഹാറിലെ വോട്ടർപ്പട്ടിക പരിശോധനയിൽ വിദേശികളായ നിരവധി പേർ രാജ്യത്ത് വോട്ടർമാരായി വോട്ടർപ്പട്ടികയിൽ ഇടംപിടിച്ചതായി തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു കമീഷൻ ഉറവിടങ്ങൾ മാധ്യമങ്ങൾക്ക് ‘ചോർത്തി നൽകിയ’ വാർത്ത. തങ്ങളുടെ ബൂത്ത് തല ഓഫിസർമാർ നടത്തിയ പരിശോധനയിൽ നേപ്പാളിലും ബംഗ്ലാദേശിലും മ്യാൻമറിലുമുള്ള ആളുകൾ ബിഹാറിൽ വന്ന് വോട്ടർപ്പട്ടികയിൽ പേര് ചേർത്തിട്ടുണ്ട് എന്നാണ് കമീഷൻ വൃത്തങ്ങൾ പറയുന്നത്. ഇത്തരം ഗുരുതരമായ ആരോപണങ്ങൾ കമീഷൻ മാധ്യമങ്ങൾക്ക് പ്രത്യേക ഉദ്ദേശ്യത്തോടെ ചോർത്തിനൽകുന്നത് ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷം, ഒരാൾ വിദേശിയാണെന്ന് പ്രഖ്യാപിക്കാൻ കമീഷന് എന്താണധികാരമെന്നും എന്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വാർത്താസമ്മേളനം വിളിക്കാത്തതെന്നും പ്രതിപക്ഷം ചോദിക്കുന്നു. ബംഗാളി സംസാരിക്കുന്ന ബിഹാറികളെയും, നേപ്പാളിനോട് അതിരിട്ടു കിടക്കുന്ന ബിഹാറിൽ നേപ്പാളി സംസാരിക്കുന്ന ബിഹാറികളെയും ആശങ്കയിലാഴ്ത്തുന്നതാണ് ഈ ബി.ജെ.പി പ്രോപഗണ്ട.
സുപ്രീംകോടതി പറഞ്ഞത് ഗൗനിക്കാതെ കമീഷൻ
പൗരത്വം തെളിയിക്കേണ്ടത് കമീഷന്റെ ബാധ്യതയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ ശേഷവും ഇതുമായി മുന്നോട്ടു പോവുകയാണ് കമീഷൻ ചെയ്യുന്നത്. ഓരോ ദിവസവും തങ്ങൾക്ക് ലഭിക്കുന്ന അപേക്ഷാഫോമുകളുടെ കണക്കുകൾ മാധ്യമങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന കമീഷൻ അവയിൽ എത്രപേരാണ് തങ്ങളുടെ രേഖകൾ സമർപ്പിച്ചതെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ജൂലൈ 25ഓടുകൂടി അപേക്ഷാ സമർപ്പണത്തിന്റെ തീയതി പൂർത്തിയാകുമെങ്കിലും രേഖകൾ സമർപ്പിക്കുന്നതിന് എത്ര സമയംവരെ അനുവദിക്കും എന്ന കാര്യത്തിലുള്ള ആശങ്കയും നിലനിൽക്കുകയാണ്. നേരത്തേ ജൂലൈ 25നകം രേഖ സമർപ്പിക്കണം എന്നായിരുന്നു കമീഷൻ പറഞ്ഞിരുന്നതെങ്കിലും പിന്നീട് തീവ്ര പരിശോധനക്കെതിരെ ഉയർന്ന കടുത്ത പ്രതിഷേധത്തെ തുടർന്ന് ആ തീയതി ജൂലൈ 25ന് അപ്പുറത്തേക്കും നൽകാം എന്ന നിലയിലേക്ക് മാറ്റി. അതേസമയം, കരട് പട്ടിക ഏതായാലും ആഗസ്റ്റ് ഒന്നിന് പുറത്തിറക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമീഷൻ. അതുകൊണ്ടാണ് സുപ്രീംകോടതി രണ്ടു ദിവസം മുമ്പ് ജൂലൈ 28ന് കേസ് കേട്ട് ഇക്കാര്യത്തിൽ കോടതിയുടെ നിലപാട് വ്യക്തമാക്കാമെന്ന് അറിയിച്ചിരിക്കുന്നത്. അതുവരേക്കും കമീഷന്റെ പ്രക്രിയ സുപ്രീംകോടതി തടഞ്ഞിട്ടില്ല.
സുപ്രീംകോടതിയുടെ പരിഹാര ക്രിയകൾ
കമീഷൻ കൈക്കൊണ്ട നടപടി ആക്ഷേപാർഹമാണെന്ന് മനസ്സിലാക്കിയ സുപ്രീംകോടതി അതിനുള്ള പരിഹാരക്രിയ എന്ന നിലക്കാണ് സാധാരണക്കാർക്ക് പ്രാപ്യമായ മൂന്നുരേഖകൾ വോട്ടർപ്പട്ടിക പരിശോധനക്കായി ഉൾപ്പെടുത്തണമെന്ന നിർദേശം സ്വീകരിച്ചത്. ആധാർ കാർഡും റേഷൻ കാർഡും തെരഞ്ഞെടുപ്പ് കമീഷൻതന്നെ പുറത്തിറക്കിയ വോട്ടർ തിരിച്ചറിയൽ കാർഡുമാണവ. തങ്ങളുടെ അഭിപ്രായത്തിൽ നീതിയുടെ താൽപര്യമാണ് അതെന്ന് സുപ്രീംകോടതി കൂട്ടിച്ചേർക്കുകയുംചെയ്തു. എന്നാൽ, ഇതൊരു കൽപനയായി ഇറക്കി ഭരണഘടന സ്ഥാപനമായ കമീഷന്റെ കാര്യത്തിൽ ഇടപെടരുതെന്ന വാദത്തിന് വഴങ്ങി തങ്ങളുടെ അഭിപ്രായത്തിൽ തീരുമാനമെടുക്കേണ്ടത് കമീഷനാണെന്ന് ഉത്തരവിൽ കൂട്ടിച്ചേർത്തു. അതോടൊപ്പം തങ്ങൾ നിർദേശിച്ച മൂന്ന് രേഖകൾ തള്ളുന്നതിന് മതിയായ കാരണങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഏതായാലും ഈ വിഷയത്തിൽ വാദം കേൾക്കേണ്ടതുണ്ട് എന്ന് പറഞ്ഞാണ് ജൂലൈ 28ന് ഹരജികൾ വീണ്ടും പരിഗണിക്കാനായി മാറ്റിയത്. അതിന് ഒരാഴ്ച മുമ്പ് കമീഷൻ ഹരജികളിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി സത്യവാങ് മൂലം സമർപ്പിക്കണം. അതിനുള്ള മറുപടി ഹരജിക്കാർ ജൂലൈ 28ന് കേസ് പരിഗണിക്കും മുമ്പ് സമർപ്പിക്കുകയും വേണം.
അടുത്ത നീക്കം നിർണായകം
ബിഹാറിൽ വോട്ടുബന്ദി എന്ന ആക്ഷേപം നേരിട്ടിട്ടും വോട്ടർപ്പട്ടിക തീവ്ര പരിശോധന സുപ്രീംകോടതി നിർത്തിവെപ്പിച്ചിട്ടില്ല. അതേസമയം, പൗരത്വം തെളിയിക്കാൻ പറയാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് പറയുകയുംചെയ്തു. ഈ രണ്ട് നിലപാടുകൾക്കിടയിൽ അടുത്ത വാദം കേൾക്കൽ നിർണായകമാകുയാണ്. എന്തുതന്നെയായാലും തങ്ങൾ കരട് വോട്ടർപ്പട്ടിക ഇറക്കുമെന്ന് കമീഷൻ പ്രഖ്യാപിച്ച ആഗസ്റ്റ് ഒന്നിന് മൂന്നു ദിവസം മുമ്പാണ് അടുത്ത വാദം കേൾക്കൽ. പുതുക്കുന്ന വോട്ടർപ്പട്ടികയുമായി മുേന്നാട്ടുപോകാൻ അനുവദിച്ചാൽ പിന്നെ ആ പ്രക്രിയ നിർത്തിവെപ്പിക്കാൻ സുപ്രീംകോടതിക്കുപോലും കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‍വിയും കപിൽ സിബലും മുന്നറിയിപ്പ് നൽകിയതാണ്. ആദ്യ ദിനത്തിൽ ഇങ്ങനെയൊക്കെ നടത്തിയ വാദത്തിനൊടുവിലും പ്രക്രിയ സ്റ്റേ ചെയ്യാൻ സുപ്രീംകോടതിക്ക് ഉദ്ദേശ്യമില്ലെന്ന് മനസ്സിലാക്കിയ അഭിഷേക് മനു സിങ്‍വി അത്തരമൊരു ആവശ്യം ചോദിച്ച് തള്ളി കമീഷന് പിടിവള്ളിയാക്കേണ്ട എന്ന് കരുതിയാണ് ഈ ഘട്ടത്തിൽ സ്റ്റേ തങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞത്.
പൗരന്മാരുടെ ഉറക്കം കെടുത്തുന്ന പരിഷ്‍കാരം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ പരിഷ്കാരവും നടപ്പാക്കും മുമ്പ് അതുമായി ബന്ധപ്പെട്ട കക്ഷികളുമായുള്ള കൂടിയാലോചന നടത്തുകയെന്ന ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദ പോലും പാലിക്കാതെയാണ് പൗരത്വം പരിശോധിച്ച് കമീഷൻ തങ്ങൾ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയാണെന്ന് അവകാശപ്പെടുന്നത്. ഇതിനായി തങ്ങളുടെ അധികാര പരിധി തെരഞ്ഞെടുപ്പ് കമീഷൻ സ്വന്തം നിലക്ക് വിപുലപ്പെടുത്തുന്നതാണിപ്പോൾ കാണുന്നത്. വോട്ടർപ്പട്ടികയിൽ ഒരിക്കൽ പേരു ചേർത്തിയാൽ ആരുടെയെങ്കിലും പരാതിയിൽ ഒരാളുടെ പേര് വോട്ടർപ്പട്ടികയിൽനിന്ന് പേര് വെട്ടിമാറ്റണമെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കേണ്ടത് പരാതിക്കാരനാണ്. വോട്ടർക്ക് ഇക്കാര്യത്തിൽ ബാധ്യതയൊന്നുമില്ല. ഇത്തരം പ്രക്രിയകളിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് തങ്ങൾ രജിസ്റ്റർചെയ്ത വോട്ടർമാരെ തന്നെയാണ് വിചിത്രമായ തരത്തിൽ കമീഷൻ തള്ളിപ്പറയുന്നത്. നിഗൂഢമായ ലക്ഷ്യംവെച്ച് തങ്ങൾ നിയമിച്ച തെരഞ്ഞെടുപ്പ് കമീഷണർമാരെ വെച്ച് നടത്തുന്ന വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്രപരിശോധന ഉറക്കമില്ലാത്ത നാളുകളാണ് രാജ്യത്തെ ഓരോ പൗരനും സമ്മാനിക്കുന്നത്.