Begin typing your search above and press return to search.

മലയേറുന്ന ഓര്‍മകള്‍

മലയേറുന്ന ഓര്‍മകള്‍
cancel

മൂന്നാറി​ലെയും തോട്ടം മേഖലയിലെയും തൊഴിലാളി ജീവിതം മലയാളത്തിൽ അധികം ആവിഷ്​കരിക്കപ്പെട്ടിട്ടില്ല. ത​ന്റെ ജീവിതത്തെയും തോട്ടങ്ങളിലെ മനുഷ്യാവസ്​ഥകളെയും കുറിച്ച്​ പറയുകയാണ്​ എഴുത്തുകാരൻകൂടിയായ ലേഖകൻ. സ്വന്തമല്ലാത്ത ജന്മഭൂമിയിൽനിന്ന്​ അന്യനാക്കപ്പെട്ട വിദ്യാർഥിയുടെ ഓർമക്കുറിപ്പു കൂടിയാണ് എന്റെ ജീവിതം –എന്നെപ്പോലുള്ള ഒരുകൂട്ടം മനുഷ്യരുടെ, അന്യവത്കരിക്കപ്പെട്ട അപരജീവിതം. ഈ ജീവിതത്തിന്റെ തുടർച്ച ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. അപ്പനും അപ്പൂപ്പനും അവരുടെ തലമുറക്കാരും പരുവപ്പെടുത്തിയെടുത്ത, അവരുടെ ജീവിതകാല അധ്വാനം മുഴുവന്‍ സമർപ്പിച്ച ആ ഭൂമിയിൽ അന്തിയുറങ്ങാൻപോലും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മൂന്നാറി​ലെയും തോട്ടം മേഖലയിലെയും തൊഴിലാളി ജീവിതം മലയാളത്തിൽ അധികം ആവിഷ്​കരിക്കപ്പെട്ടിട്ടില്ല. ത​ന്റെ ജീവിതത്തെയും തോട്ടങ്ങളിലെ മനുഷ്യാവസ്​ഥകളെയും കുറിച്ച്​ പറയുകയാണ്​ എഴുത്തുകാരൻകൂടിയായ ലേഖകൻ.

സ്വന്തമല്ലാത്ത ജന്മഭൂമിയിൽനിന്ന്​ അന്യനാക്കപ്പെട്ട വിദ്യാർഥിയുടെ ഓർമക്കുറിപ്പു കൂടിയാണ് എന്റെ ജീവിതം –എന്നെപ്പോലുള്ള ഒരുകൂട്ടം മനുഷ്യരുടെ, അന്യവത്കരിക്കപ്പെട്ട അപരജീവിതം. ഈ ജീവിതത്തിന്റെ തുടർച്ച ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. അപ്പനും അപ്പൂപ്പനും അവരുടെ തലമുറക്കാരും പരുവപ്പെടുത്തിയെടുത്ത, അവരുടെ ജീവിതകാല അധ്വാനം മുഴുവന്‍ സമർപ്പിച്ച ആ ഭൂമിയിൽ അന്തിയുറങ്ങാൻപോലും കമ്പനിക്കാരുടെ ദാക്ഷിണ്യത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് നിലവില്‍ മൂന്നാർ തോട്ടം തൊഴിലാളി സമൂഹത്തിന്റെ ജീവിതം.

1986 ജൂലൈ 19നാണ്​ ഞാൻ ചിറ്റിവരൈ എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലെ ടാറ്റാ ടി ഹോസ്പിറ്റലിൽ ജനിക്കുന്നത്. നാട്ടുവൈദ്യയായിരുന്ന അമ്മൂമ്മ അമരാവതിയാണ് കുഞ്ഞുന്നാൾ മുതൽ ഓമനിച്ചു വളർത്തിയത്. പിന്നീട്, ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ അമ്മൂമ്മയുടെ അനിയത്തി അമൃതം അമ്മൂമ്മയുടെ കൂടെയാണ് കാടായ കാടുകളെല്ലാം നടന്നുതീർത്തത്. ചിറ്റിവരൈക്ക് അപ്പുറം മറ്റൊരു എസ്റ്റേറ്റ് ഉണ്ടോ എന്നതുപോലും സംശയമായിരുന്നു. പക്ഷേ, കാടുകൾ ഉണ്ടെന്ന് മാത്രം അറിയാം. ഓർമ ശരിയാണെങ്കിൽ ആറു വയസ്സിനു മുമ്പേ അമ്മയുടെ കൂടെ ആ കാടുകളിൽ എന്റെ കാൽ പതിഞ്ഞിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നടക്കുക എന്നാല്‍ ജീവിക്കുക എന്നാണ് അർഥം.

അത്തരത്തിൽ അഴിഞ്ഞമാട് അല്ലെങ്കിൽ അഴിഞ്ഞ മേട് എന്ന ഭാഗംവരെ പടർന്നു കിടക്കുന്ന, അതായത് ഇന്നത്തെ ഗുണ്ടല ക്ലബ് വരെ പടർന്നുകിടക്കുന്ന കാടുകളെ ഓർമവെച്ച കാലം മുതൽ ഞാന്‍ സ്പർശിച്ചിട്ടുണ്ട്. കാട്ടുപഴങ്ങൾ പറിക്കാനും പശുവിന് പുല്ല് വെട്ടാനും ഉണങ്ങിയ വിറകുകൾ ശേഖരിക്കാനും ആ അടർന്ന കാടുകളിൽ ഞങ്ങളുടെ ആൾക്കാർ യാത്രനടത്തും. വീട്ടിൽനിന്ന്​ ആറോ ഏഴോ കിലോമീറ്റർ വരെ ദൂരം ഉണ്ടാവും. അന്നൊന്നും അത് വലിയ ദൂരമായി തോന്നിയിരുന്നില്ല. വിറകെടുത്തു തിരിച്ചുവരുമ്പോള്‍ കൈകാൽ വേദനിച്ചാല്‍ മാത്രം ദൂരം അനുഭവപ്പെടും. പിന്നീട് ഏതെങ്കിലും വളവിൽ കൊണ്ടുവരുന്ന വിറക് ചാരി വെച്ചിട്ട് അൽപസമയം വിശ്രമിച്ചാൽ ആ മടി അങ്ങ് മാറികിട്ടും. ഇതാണ് സായിപ്പൻമാരുടെ ഗുണ്ടല ക്ലബിനും എനിക്കും കുഞ്ഞുന്നാൾ മുതലുള്ള ബന്ധം.

നാലാം ക്ലാസ് വരെ എസ്റ്റേറ്റ് സ്കൂളിൽ, അതായത് വീട്ടിൽനിന്ന്​ ഒന്നര കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന എൽ.പി സ്കൂളിൽ വരുമ്പോൾ അത്രത്തോളം ഒന്നുംതന്നെ ഓർമകളായി സൂക്ഷിക്കുന്നില്ല. കാരണം ഞങ്ങൾ ജീവിച്ചിരുന്ന ചിറ്റിവരൈ എസ്റ്റേറ്റ് സൗത്ത് ഡിവിഷനായിരുന്നു മറ്റുള്ള തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളുടെയും ആശ്രയ കേന്ദ്രം. മറ്റുള്ള മൂന്ന് ഡിവിഷനുകളിലും രണ്ടാം ക്ലാസ് വരെ മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. നാലാം ക്ലാസ് പൂർത്തിയാക്കണമെങ്കിൽ സൗത്ത് ഡിവിഷനിലേക്ക് വന്നേ പറ്റൂ. റേഷൻ തുടങ്ങിയ സാധനങ്ങൾ അവിടെയാണ് ലഭിക്കുക. ഫാക്ടറി ഹോസ്പിറ്റൽ വിഡിയോ ക്ലബ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും സൗത്ത് ഡിവിഷനിൽ മാത്രമാണ് ഉണ്ടായിരുന്നത്. അന്നൊന്നും മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല. ആറോ ഏഴോ കിലോമീറ്റർ വരെ കഷ്ടപ്പെട്ട് നടന്നുവന്ന് നാലാം ക്ലാസ് പൂർത്തിയാക്കിയ ഞങ്ങളുടെ ജനങ്ങൾ കാലുവേദനകൊണ്ട് എത്രത്തോളം പിടഞ്ഞിട്ടുണ്ടാവും എന്ന് ആലോചിക്കുന്നത് പിന്നീടാണ്. അത്രയും കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു സാഹചര്യമാണ് ചെണ്ടുവര സോണില്‍ നിലനിന്നിരുന്നത്.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാൻ ചെണ്ടുവരയെ മനസ്സറിഞ്ഞ് തൊട്ടറിയാൻ ശ്രമിക്കുന്നത്. അതിനുമുമ്പ് സുബ്രഹ്മണ്യ സ്വാമി തിരുക്കാർത്തിക ഉത്സവത്തിനാണ് ഞങ്ങളുടെ കുടുംബം ചെണ്ടുവരക്ക് വർഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും പോയി വന്നിരുന്നത്. നടക്കാൻ നല്ല പ്രയാസം ഉണ്ടാവുമെങ്കിലും, ഗുണ്ടല ക്ലബിന്റെ സൗന്ദര്യം ആസ്വദിച്ച് നടക്കാൻ തുടങ്ങി. ആദ്യത്തെ നടത്തം അത്ര സുഖകരമായിരുന്നില്ല. ഒപ്പം പഠിച്ച കൂട്ടുകാരെല്ലാം ഹോസ്റ്റലിൽ താമസ സൗകര്യങ്ങളുള്ള സ്ഥലങ്ങളിലേക്ക് തുടർപഠനത്തിന് തയാറായി. അവരുടെ അച്ഛനമ്മമാര്‍ക്ക് അതിനുള്ള ശേഷി ഉണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ഹോസ്റ്റൽ സൗകര്യങ്ങളുള്ള സ്ഥലം അവർ കണ്ടെത്തി.

നാലാം ക്ലാസ് കഴിഞ്ഞ് ഇനി എന്തുചെയ്യണം എന്നറിയാതെ വീട്ടിലിരുന്ന എനിക്ക് ഉറപ്പായിരുന്നു തുടര്‍പഠനം ചെണ്ടുവര സ്കൂളിൽതന്നെയായിരിക്കുമെന്നത്. അത്രയും ദൂരം നടക്കുന്നതു ഓർത്താണ് ആദ്യം ഒരു പേടി ഉണ്ടായിരുന്നത്. മാത്രമല്ല, ആ സ്കൂളിൽ പഠിച്ചാൽ പത്താം ക്ലാസ് തോൽക്കുമെന്ന ഒരു ചിന്തയും സമൂഹത്തിൽ നിലനിന്നിരുന്നു. അതിന്റെ പ്രധാന കാരണം ആവശ്യമായ അധ്യാപകർ ഇല്ലാത്തതും സ്ഥിരം അധ്യാപകർ ഇല്ലാത്തതുമായിരുന്നു. പരിമിതമായ സാഹചര്യങ്ങള്‍ മാത്രമുള്ള സ്കൂളിലേക്ക് വരുന്ന അധ്യാപകർ എങ്ങനെയെങ്കിലും സ്​ഥലംമാറ്റം വാങ്ങുമെന്നതും ആ സ്കൂളിനെ അലട്ടുന്ന വലിയ പ്രശ്നമായി ഇന്നും നിലനിൽക്കുകയാണ്.

 

താൽക്കാലിക അധ്യാപകരെക്കൊണ്ടുമാത്രം അരനൂറ്റാണ്ടുകളായി ചലിച്ചുകൊണ്ടിരിക്കുന്ന സ്കൂളുകൂടിയാണ് ചെണ്ടുവര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഞാൻ അഞ്ചാം ക്ലാസിലേക്ക് ചെല്ലുമ്പോൾ ചെല്ലയ്യാ സാറിന്റെ കടയിൽനിന്ന് 20 രൂപക്ക് ഒരു ചപ്പൽ അച്ഛൻ വാങ്ങിത്തന്നു. അന്നുവരെ വാങ്ങിയ ചപ്പലുകളുടെ ഓർമ മനസ്സിൽ നിലനിൽക്കുന്നില്ല. ആ ചപ്പൽകൊണ്ടാണല്ലോ ഇനി നടക്കാൻ പോകുന്നത്. അതുകൊണ്ട് ആ ചപ്പലിന്റെ ഓർമകളും അമാവാസ താത്തയുടെ കടയിൽനിന്നു അച്ഛൻ ആദ്യമായി വാങ്ങിത്തന്ന വടയുടെയും ചായയുടെയും ഓർമകളും അതിന്റെ മണവും ഇന്നും നിലനിൽക്കുന്നു. 28 കൊല്ലത്തിന്റെ ഓർമക്കുറിപ്പുകളിൽനിന്നും നീക്കാൻ പറ്റാത്ത ചിലതാണ് ഇവ. മത്താപ്പ് കുരുക്കില്‍ കിതച്ച് കിതച്ച് കയറുമ്പോൾ അച്ഛന്റെ കൈയും പിടിച്ച് അപ്പ എനിക്ക് നടക്കാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ, അപ്പ പറഞ്ഞു, “നിന്നെപ്പോലെ ഇപ്പോൾ എത്ര പേരാണ് നടക്കുന്നത്. നിനക്ക് മാത്രം എന്താണ് നടക്കാൻ സാധിക്കാത്തത്...” എട്ട് കിലോമീറ്റർ അങ്ങനെ നടന്നു. ആദ്യദിവസം സ്കൂളില്‍ പേര് ചേർക്കുമ്പോൾ അവർ അപ്പയുടെ കൂടെ തന്നെ തിരിച്ചയക്കും എന്ന് വിചാരിച്ചിരുന്നു.

പക്ഷേ, സ്കൂളിന്റെ പ്രധാനാധ്യാപകരിൽ ഒരാളായ സരസ്വതി ടീച്ചർ അപ്പയോട് പറഞ്ഞു, “നിങ്ങൾക്ക് പോകാം. അവൻ വൈകിട്ട് വീട്ടിലേക്ക് തിരിച്ചെത്തും. അവിടെ നിന്നും കുറെ പേർ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.’’ പ്രതീക്ഷ തകർന്നുപോയ ഞാൻ അപ്പയെ നോക്കി ഒന്ന് കരഞ്ഞു. ലോലഹൃദയനായ അപ്പ കരയും എന്ന മട്ടിൽ നിന്നു. വളരെ ദയനീയമായി ഞാൻ അപ്പയെ ഒരു നോട്ടം നോക്കി. അപ്പ പറഞ്ഞു, ഇനി ഇത് ശീലിക്കണം. ട്രാക്ടറിന്റെ പടമുള്ള അഞ്ചുരൂപ നോട്ട് കൈയിൽ തന്നിട്ട് ഞാൻ പോയി വരാം നീ ശോഭികയുടെ കൂടെ വാ. മൂന്നാലു മാസം ഞാനത് അനുസരിച്ചു. ശോഭികയുടെ കൂടെയും സോണികയുടെ കൂടെയും ആയിരുന്നു നടത്തം. രാവിലെ എട്ടു മണിയാകുന്നതിനുമുമ്പ് ഹോസ്പിറ്റലിന്റെ മുന്നിലോ അല്ലെങ്കിൽ കുരിശടിക്ക് മുന്നിലോ ശോഭികയുടെ വരവിനുവേണ്ടി കാത്തുനിൽക്കും. ആദ്യത്തെ ദിവസം വൈകിയിട്ട് തിരിച്ചെത്തിയപ്പോൾ കാൽവേദനകൊണ്ട് പിടഞ്ഞു. അമ്മ ശരിക്കും കരഞ്ഞു. അപ്പ പറഞ്ഞു, “പഴത്തോട്ടത്തിൽനിന്നും നോർത്ത് ഡിവിഷനിൽനിന്നും ഒരുപാട് കുട്ടികൾ നിന്നെപ്പോലെ നടന്നുപോയാണ് പഠിക്കുന്നത്.

അവരെക്കാളും ദൂരം കുറവല്ലെ നീ നടക്കുന്നത്.’’ എനിക്ക് അപ്പനോട് വല്ലാത്ത ദേഷ്യം തോന്നി. പിന്നീട് ആ നടത്തം ഞാൻ ശീലമാക്കി. ഒപ്പം പഠിച്ചതിൽ ഞാൻ മാത്രമാണ് ചെണ്ടുവര സ്കൂളിലേക്ക് പഠിക്കാന്‍ പോയത്. മറ്റുള്ളവരെല്ലാം തമിഴ്നാട്ടിലേക്കും കാന്തളൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിലേക്കുമാണ് പോയത് എന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് തെറ്റാണെന്ന് മനസ്സിലായി. നാലാം ക്ലാസ് വരെ ഒപ്പമുണ്ടായിരുന്ന ആന്റണിയും ജോണും 5 Aയിൽ എന്റെ ഒപ്പം ചേർന്നു. പിന്നീട് മണിമുത്തുവും സാംസണും അങ്ങനെ ഒരുപാട് പരിചയമുള്ള മുഖങ്ങൾ ഒപ്പം ചേര്‍ന്നു. എന്നാലും അടുത്ത കൂട്ടുകാരായ ആരുംതന്നെ ആ സ്കൂളിൽ വന്ന് ചേരാത്തതിന്റെ വിഷമം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെണ്ടുവര സ്ഥലത്തിൽ എന്റെ ജീവിതം ഉറപ്പിക്കുന്നത്.

ചെണ്ടുവരയിലെ കാലാവസ്ഥ ഡിസംബർ, ജനുവരി, ഫെബ്രുവരി തുടങ്ങിയ മാസങ്ങളില്‍ മൈനസ് ഡിഗ്രിയായിരിക്കും. യൂക്കാലിപ്റ്റസ് മരങ്ങളും തേയിലക്കാടുകളും, മുകളിൽ കാന്തളൂർ മലകളും മന്നവൻ ചോലയുടെ മടിത്തട്ടും അതിൽ സ്ഥിതി ചെയ്യുന്ന പഴയ ഫാക്ടറിയുമായിരുന്നു ഞങ്ങളുടെ സ്കൂൾ. ശരിക്കും അന്നത് വലിയ വിനോദമായിരുന്നു. അന്നുവരെ ചെറിയ സ്കൂളിൽ പഠിച്ചിരുന്ന എനിക്ക് ഇപ്പോൾ ഫസ്റ്റ് ഫ്ലോറിൽ പഠിക്കാൻ അവസരം കിട്ടി. ഇതുപോലെയൊരു വികാരം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഫാക്ടറിയുടെ മുകളിൽ പണിയെടുക്കുന്ന ആൾക്കാരെ മാത്രമാണ് ഞാൻ ഇതുവരെ കണ്ടിട്ടുള്ളത്. പഠിക്കുന്ന ആൾക്കാരെ കണ്ടിട്ടില്ല. അങ്ങനെ പഠിച്ച മൂന്നാറിലെ ഏക തൊഴിലാളി സമൂഹത്തിന്റെ വിദ്യാർഥികൾ ആയിരിക്കും ആ സ്കൂളിലെ വിദ്യാർഥികൾ. ഒന്നാം നില എന്നത് അവരുടെ സ്വപ്നത്തിൽപോലും ഇല്ലായിരിക്കും.

തകരവും ഇരുമ്പും മരപ്പലകകളുംകൊണ്ട് നിർമിച്ചിരുന്ന സ്വിറ്റ്സർലൻഡ് മോഡൽ ഫാക്ടറി, വളരെ ഭംഗിയുള്ള നിർമിതി. ഇടക്ക് പൊളിഞ്ഞ ഓടുകൾ, ഹൈസ്കൂളിനും യു.പിക്കും ഇടയിലെ ഒരു തുരങ്കപാത കാണുന്നവർക്ക് അതൊരു പഴയ ഫാക്ടറി മാത്രം. ഞങ്ങൾക്ക് അത് ജീവിതത്തിന്റെ ഒരു അംശം. രാവിലെ ക്ലാസില്‍ കൃത്യസമയത്തു എത്താതെ പോയതുകൊണ്ട് തല്ലുന്ന അധ്യാപകരുടെ മുഖം. പുതിയ ചുറ്റുവട്ടങ്ങൾ. യു.പി സ്കൂൾ, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇരുന്നു പഠിക്കാൻ സ്റ്റഡി റൂം. വലിയ വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും സിമന്റിട്ട തറയിൽ വലിയ വലിയ ഇരുമ്പ് കമ്പികൾ. അതായിരുന്നു ഞങ്ങളുടെ വിദ്യാപീഠങ്ങൾ. ഓരോരുത്തരും ആ ഇരുമ്പുകമ്പിയിൽ ഇരിപ്പുറപ്പിക്കാൻ മത്സരിക്കും. വേനലും മഞ്ഞും മഴയും ഒരേപോലെ ആസ്വദിക്കും. ചെണ്ടുവരയിൽനിന്നും ചിറ്റിവ​െരയിലേക്ക് കുറഞ്ഞത് ആറു കിലോമീറ്റർ എങ്കിലും നടക്കാനുണ്ടാവും. വിദ്യാർഥികൾ കൽക്കോണ എന്ന മിഠായി വാങ്ങി കൈവശംവെക്കും.

അത് ചൂമ്പി തീരുന്നതിനുമുമ്പ് വീട് എത്തണം എന്നൊരു ടാർജറ്റും ഉണ്ടാവും. അതാണ് സ്കൂളിലെ കുഞ്ഞുനാളുകൾ. കാട്ടുമൃഗങ്ങളെ ഒരിക്കലും പേടിച്ചിട്ടില്ല, കാരണം ഞങ്ങൾ നിരനിരയായി നൂറോളം പേർ ആ റൂട്ടിൽ എപ്പോഴും നടന്നുപോകും. പഴത്തോട്ടം നോർത്ത് ഡിവിഷൻ, ചിറ്റിവരൈ സൗത്ത് ഡിവിഷൻ, എല്ലപ്പെട്ടി, പുതുക്കടി, ഗുണ്ടല, ചെണ്ടുവര, ലോയർ ഡിവിഷൻ, വട്ടവട ഡിവിഷൻ, മേപ്പരട്ട്, പി.ആർ ഡിവിഷൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും നൂറുകണക്കിന് വിദ്യാർഥികൾ നടന്നു സ്കൂളിലേക്ക് എത്തും. അവർ അറിയാതെ പല ദൂരം പിന്നിട്ട് ഒരേ സ്ഥലത്തു എത്തിപ്പെടും.

ഗുണ്ടല ക്ലബ് എന്ന സ്ഥലത്ത് ചിറ്റിവരെക്കാരും എല്ലപ്പെട്ടിക്കാരും തമ്മിൽ കണ്ടുമുട്ടും. പിന്നീട് സൂപ്പർ ഫാക്ടറി വളവില്‍ ​െവച്ച് ഗുണ്ടലക്കാരെയും കണ്ടുമുട്ടും. ചെണ്ടുവര ജങ്ഷനിൽ ​െവച്ച് മറ്റുള്ള പ്രദേശങ്ങളിൽനിന്നും വരുന്നവരെല്ലാം ഒരുമിച്ച് നിരനിരയായി സ്കൂളിലേക്ക് നടന്നു നീങ്ങും. പി.ആർ ഡിവിഷനിൽനിന്നും ചെണ്ടുവരയിൽനിന്നും വരുന്നവർ മാത്രം നേരിട്ട് സ്കൂളിലേക്ക് എത്തിച്ചേരും. സ്കൂളിന്റെ ഓർമകൾ ഇങ്ങനെയാണ് മനസ്സിൽ പതിഞ്ഞിരിക്കുന്നത്. ചെണ്ടുവര സ്കൂൾ ഇല്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പഠനം നഷ്ടപ്പെടുമായിരുന്നു എന്നത് ഉറപ്പാണ്. അവരെല്ലാം അവരുടെ പൂർവികർ ചെയ്ത തൊഴിലിലേക്ക് തിരിച്ചു പോകുമായിരുന്നു. കാരണം, മതിയായ വരുമാനം ഇല്ലാത്തതുകൊണ്ട് തുടർപഠനം സാധ്യമല്ലാതിരുന്ന ഒരു തൊഴിലാളി സമൂഹമാണ് അവിടെ നിലനിന്നിരുന്നത്. അതുകൊണ്ടാണ് ചെണ്ടുവര സ്കൂൾ ഇത്രയും പ്രാധാന്യം അര്‍ഹിക്കുന്നത്.

സ്ഥിരാധ്യാപകർ വളരെ കുറവാണ്. നല്ലൊരു കെട്ടിടംപോലുമില്ല, വിദ്യാർഥികൾക്ക് സുരക്ഷിതത്വമില്ല എന്നു തിരിച്ചറിഞ്ഞ ഒരു അധ്യാപകന്റെ തുടർച്ചയായ ശ്രമംകൊണ്ടുമാത്രം അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന് സ്വന്തമായി സ്കൂൾ കെട്ടിടം സാധ്യമാകുന്നു. അതേസമയം, ആ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥികളും അവരുടെ അധ്യാപകരും രക്ഷിതാക്കളും അവിടെനിന്നും ജീവിതം മാറുന്നു. ജീവിതം മാറുക എന്നത് അസ്വാഭാവികമാണ്. 2004 വരെ മൂന്നാറിൽ ജീവിച്ചിരുന്നവർ ഈ അടിമജീവിതം മതിയാക്കി അവിടെനിന്നും മാറാൻ ശ്രമിച്ചിരുന്നു. 1998 മുതൽ നടന്ന തുടർശ്രമംകൊണ്ട് ചെണ്ടുവര മേഖലയില്‍ സർക്കാറിന് സ്വന്തമായി ഒരു സ്കൂൾ കെട്ടിടം യാഥാർഥ്യമായി. അതിൽ ഞങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഞങ്ങളുടെ പിൻമുറക്കാരായ ഒരുപാട് വിദ്യാർഥികൾക്ക് അവിടെ പഠിക്കാൻ സാധിച്ചു. അന്നുവരെ ഹൈസ്കൂൾ കെട്ടിടം മാത്രമായി പ്രവർത്തിച്ചിരുന്ന ആ സ്കൂൾ സ്ഥലം 2005നു ശേഷം ഹയർസെക്കൻഡറിയായി പ്രവർത്തിച്ചു തുടങ്ങി. അവിടെയും ഒരുപാട് നന്മകൾ സംഭവിച്ചു. എങ്കിലും കോമേഴ്സ് മാത്രം പഠനവിഷയമായി തുടരുന്നു. ചിറ്റിവരൈയിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും എത്തിപ്പെടുന്ന വിദ്യാർഥികൾ ഹയർ സെക്കൻഡറി പഠനത്തിനു വേണ്ടി ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോൾ വൻതോതിൽ വിദ്യാർഥികളുടെ കുറവുണ്ട്.

2005നു ശേഷം മൂന്നാറിൽനിന്നും തമിഴ്നാട്ടിലേക്ക് കുടിയിറങ്ങിയ അനവധി തൊഴിലാളികൾ അവിടെതന്നെ ജീവിക്കാനും തുടങ്ങി. മൂന്നാറില്‍ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയും പൂർത്തിയാക്കാതെയും അനേകം വിദ്യാർഥികൾ തമിഴ്നാട്ടിൽ തുടർന്ന് പഠിക്കുകയോ ജോലിയിലേക്ക് പ്രവേശിക്കുകയോ ചെയ്തിരുന്നു. 2004ന് ശേഷം കഴിഞ്ഞ 20 വർഷങ്ങളിലേറെയായി അവരിൽ ഭൂരിഭാഗം ആളുകളും മൂന്നാറിൽനിന്നും അന്യരാക്കപ്പെട്ടു. 2025 ജനുവരി അഞ്ചാം തീയതി നടന്ന ചെണ്ടുവര ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവരിൽ പലരും സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നു.

അത് ഒരിക്കലും സ്കൂളിലേക്കുള്ള തിരിച്ചുവരവല്ല, മറിച്ചു തങ്ങൾ തലമുറകളായി ജീവിച്ചിരുന്ന ഭൂമിയിലേക്കുള്ള തിരിച്ചുവരവായിരുന്നു. അവരിൽ സ്കൂളിന്റെ തൊട്ടടുത്ത വീടുകൾ ഉണ്ടായിരുന്ന വിദ്യാർഥികളും പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് വരുമോ എന്നതിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. കാരണം, അവരും എസ്റ്റേറ്റിലെ ജീവിതവും ഇപ്പോൾ അന്യവത്കരിക്കപ്പെട്ടു. എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവരെയാണ് ആ എസ്റ്റേറ്റിൽ എന്തെങ്കിലും ഒക്കെ അവകാശമുള്ളതായി പരിഗണിക്കുന്നത്. എസ്റ്റേറ്റിൽനിന്നും പുറത്തായി കഴിഞ്ഞാൽ അവിടം അവരെ അന്യരാക്കുന്നു. കുടിയേറ്റ കർഷകരുടെ ജീവിതം അങ്ങനെയാണ്. തലമുറ തലമുറകളായി അവരുടെ വിയർപ്പുകൊണ്ടും ചോരകൊണ്ടും സൃഷ്ടിച്ചെടുത്ത ഭൂമി എന്നും അവർക്ക് അന്യമായിരിക്കും. ചെണ്ടുവര മേഖലയിലേക്ക് 25 വർഷത്തിനുശേഷം പ്രവേശിച്ച ഞങ്ങളുടെ അവസ്ഥ അങ്ങനെ തന്നെയായിരുന്നു.

പുതിയ സ്കൂൾ കെട്ടിടത്തിൽ നടന്ന സേതുരാമൻ ഐ.പി.എസിന്റെ പ്രസംഗം കഴിഞ്ഞതിനുശേഷം ആ പഴയ ഫാക്ടറിയിലേക്ക് ഒന്ന് കാലുകുത്തണമെന്നതായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും ആഗ്രഹം. മനസ്സുകൾ മൊത്തം ആ പഴയ ഫാക്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു. മറ്റുള്ളവർക്ക് അത് ഒരു പഴയ ഫാക്ടറിയും ഇപ്പോഴത്തെ സ്റ്റോറും മാത്രമാണ്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഞങ്ങളുടെ ജീവിതത്തിൽ എന്തൊക്കെയോ സമ്മാനിച്ച ഇടമാണ്. അവിടത്തെ ജീവിതം വല്ലാത്ത ഒരു അനുഭവമാണ്. ആ അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആ സ്കൂള്‍ ഇല്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഞങ്ങളുടെ അച്ഛനമ്മമാരുടെ അതേ തൊഴിൽ ഞങ്ങളിൽ ഭൂരിഭാഗം ആൾക്കാർക്കും തുടരേണ്ടിവരുമായിരുന്നു. തൊഴിലാളികളുടെ ജീവിതം ആ കാലഘട്ടത്തിൽ അങ്ങനെയാണ്.

പഴയ ഫാക്ടറി മനസ്സിൽ ഒരു സ്കൂളായി വേരുറപ്പിച്ചത് 1996ൽ ആണ്. അതിനുമുമ്പ് ആ സ്കൂളിനെ കുറിച്ച് കേൾക്കുമ്പോൾ ഒന്നും തന്നെ തോന്നിയിട്ടുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും സ്കൂളിലേക്ക് പഠിക്കാൻ പോകാതിരുന്നാൽ അത്രയും നല്ലതെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അതിനു കാരണം ആ സ്കൂളിലേക്ക് പോയാൽ പത്താം ക്ലാസിൽ തോൽക്കും എന്നതു തന്നെ. 96ൽ ഞാൻ ആ സ്കൂളിലേക്ക് പ്രവേശിച്ചപ്പോൾ ആ സ്ഥിതിയിൽ വലിയ മാറ്റം ഒന്നുമില്ല. അന്ന് രണ്ടുപേർ ആ സ്കൂളിൽനിന്നും എസ്.എസ്.എൽ.സി ജയിച്ചു എന്നതാണ് എന്റെ ഓർമ. അതിനുശേഷവും രണ്ടുപേർ ജയിച്ചു. അതിലൊരാളായ ഡോ. ജയശങ്കർ ഇപ്പോൾ മൂന്നാർ ഗവ. കോളജിൽ തമിഴ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രഫസർ ആണ്. ഒപ്പം പഠിച്ചിരുന്ന എന്റെ സഹോദരി സോണിയ ഇപ്പോൾ ചെന്നൈയിൽ വീട്ടമ്മയായി കഴിയുന്നു. ചെറുപ്പത്തിൽ അവരെയൊക്കെ പ്രചോദനമായി കണ്ടാണ് ഞാൻ ചെണ്ടുവര എന്ന ബാലികേറാമല കയറിത്തുടങ്ങിയത്. സോഫിയയും സോണിയയും അച്ഛന്റെ വിശ്വാസകേന്ദ്രങ്ങളായിരുന്നു. മാമന്റെ മക്കളായതുകൊണ്ട് എന്നെ എപ്പോഴും അവരുടെ ഒപ്പം പറഞ്ഞയക്കുമായിരുന്നു. അതിനുശേഷം ജീവിതം വല്ലാതെ മാറിത്തുടങ്ങി. സ്കൂളിൽ പുതിയ പുതിയ അനുഭവങ്ങൾ.

 

ചെണ്ടുവര സ്​കൂൾ സുവർണ ജൂബിലി ആ​ഘോഷം

5 Aയിൽ കുറച്ച് മിടുക്കരായ കുട്ടികൾ ഒപ്പം പഠിച്ചിരുന്നു. സാംസൻ, മണിമുത്തു, മനോജ്, രേവതി തുടങ്ങിയവർ തമ്മിലായിരുന്നു മത്സരം. അങ്ങനെ അഞ്ചാം ക്ലാസ് കഴിഞ്ഞു ആറാം ക്ലാസിലേക്ക് പ്രവേശിച്ചപ്പോൾ പ്രതീക്ഷ മങ്ങി. വീണ്ടും അധ്യാപകർ ഇല്ലാത്ത സ്കൂളായി അത് മാറി. എങ്കിലും, അന്നത്തെ പ്രധാനാധ്യാപകനായിരുന്ന അഴകേന്ദ്രൻ സാർ, ഉഷ ടീച്ചർ തുടങ്ങിയവർ ഈ സ്കൂളിനെ കരകയറ്റൻ വീണ്ടും ശ്രമങ്ങള്‍ തുടര്‍ന്നു. യു.പി സ്കൂളിൽ സ്ഥിരം അധ്യാപികയായി തുടർന്ന് വന്ന സരസ്വതി ടീച്ചർ എപ്പോഴും വിദ്യാർഥികളുടെ പക്ഷത്തായിരുന്നു. വിദ്യാർഥികളെ എങ്ങനെയെങ്കിലും നന്നായി പഠിപ്പിക്കുക, ഈ സ്കൂളിൽനിന്നു എല്ലാ അധ്യാപകരും സ്ഥലം മാറി പോയാലും താൻ ഒറ്റക്ക് യു.പി സ്കൂള്‍ നയിക്കും എന്ന മട്ടിൽ സരസ്വതി ടീച്ചർ തയാറെടുത്തു.

കമ്പനിയുടെ എല്ലപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളിയുടെ മകളായിരുന്നു അവർ. അന്നത്തെ കാലഘട്ടത്തിൽ അവരെക്കുറിച്ച് കൂടുതൽ ഒന്നും അറിയാൻ ഞങ്ങള്‍ താൽപര്യപ്പെട്ടിരുന്നില്ല. നന്നായി പഠിക്കുന്ന വിദ്യാർഥികൾ എന്ന നിലയിൽ പ്രത്യേക പരിഗണന അവർ ഞങ്ങൾക്ക് നൽകിയിരുന്നു. പഠിക്കാത്ത ആൾക്കാരെ അവർ എപ്പോഴും ഉപദേശിക്കുമായിരുന്നു. 20 കൊല്ലത്തോളം ആ സ്കൂളിൽ തുടർന്ന ഏക ടീച്ചറായിരുന്നു സരസ്വതി ടീച്ചർ. പിന്നീട് വന്നവരെല്ലാം അവരുടെ കാര്യങ്ങൾ കഴിയുമ്പോൾ ചെണ്ടുവര വിട്ട് പോകുമായിരുന്നു. ശിവകാമി ടീച്ചർ, സുൽത്താൻ സാർ, തിലകർ സാർ, ശൈലജ ടീച്ചർ തുടങ്ങിയവർ യു.പി സ്കൂളിൽ ഞങ്ങളെ പഠിപ്പിച്ചവരായിരുന്നു. അങ്ങനെ ഏഴാം ക്ലാസ് കഴിയുമ്പോൾ സ്കൂളിൽ മാറ്റമുണ്ടായതായി ഞങ്ങൾക്ക് തന്നെ തോന്നിത്തുടങ്ങി. സ്കൂളിലെ വിജയം രണ്ടിൽനിന്നും അഞ്ചിലേക്ക് ഉയര്‍ന്നു.

കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളിൽ ഒരാളായ നാലാം വാർഡ് മെംബർ വി.കെ.എസ്. സെന്തിൽ കുമാറിന്റെ ബാച്ച് ആയിരുന്നു സ്കൂളിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. അതിന്റെ പിറകിൽ പ്രവർത്തിച്ചിരുന്നത് ഏലപ്പാറയിൽനിന്നും മൂന്നാറിലേക്ക് എത്തിയ തമിഴ് അധ്യാപകൻ എ.എം. ജാഹിർ ഹുസൈനും. ഏലപ്പാറയിലെ തൊഴിലാളി സമൂഹത്തോട് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ജാഹിർ സാറിന് അത് വളരെ എളുപ്പമായിരുന്നു. ഡെയിലി വേജസ് അധ്യാപകരെ എങ്കിലും ഇവിടെ സ്ഥിരമായി നിർത്തുവാന്‍ കഴിഞ്ഞാൽ ഇവിടത്തെ വിദ്യാർഥി സമൂഹം രക്ഷപ്പെടും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവും. അങ്ങനെ അധ്യാപകരെ കണ്ടുപിടിച്ച് സ്കൂളിലേക്ക് എത്തിച്ചു. സ്കൂൾ പി.ടി.എയും ചെണ്ടുവരയിലെ പൊതുജനങ്ങളെയും സ്കൂൾ പ്രവർത്തനങ്ങളിൽ എല്ലാം ഉൾപ്പെടുത്തി.

താടി വളർത്തി, മുടി നേരെ ചീകി, മുണ്ടും ഷർട്ടും ധരിച്ച് എന്നും ചിരിച്ച മുഖവുമായി തൊഴിലാളികൾക്കിടയിൽ ചായ കുടിച്ചും വർത്തമാനം പറഞ്ഞും മക്കളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് എപ്പോഴും പറഞ്ഞു പറഞ്ഞ് അവരിൽ ഒരു പ്രതീക്ഷ വളർത്തിയത് ജാഹിര്‍ സാറായിരുന്നു. അദ്ദേഹം അവിടത്തെ ജനങ്ങളോടൊപ്പം ജീവിച്ചതുകൊണ്ടാണ് അത്തരത്തിലുള്ള ഒരു മാറ്റം ഉണ്ടായത്. തൊഴിലാളി സമൂഹത്തെ മുന്നേറാന്‍ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നായിരിക്കണം. അന്നൊന്നും അത് തിരിച്ചറിയാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല. പക്ഷേ, എന്നും ക്ലാസിൽ വരുമ്പോൾ പത്തു മിനിറ്റ് സാമൂഹിക ചലനങ്ങളെക്കുറിച്ചും അച്ഛനമ്മമാരുടെ കഷ്ടപ്പാടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ കഷ്ടപ്പാടുകള്‍, അവരുടെ ഈ അവസ്ഥ എന്നിവ മാറ്റണമെങ്കിൽ നിങ്ങളെക്കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. “നിങ്ങൾ നല്ല ഒരു ജോലിയിലേക്ക് പോയി കഴിഞ്ഞാൽ അവരുടെ കഷ്ടപ്പാടുകൾ മാറ്റാൻ കഴിയും.

അവരെ നിങ്ങൾക്ക് നോക്കാൻ പറ്റിയില്ലെങ്കിലും നിങ്ങളെ നല്ല നിലയിൽ കാണുന്ന അവർ ഈ ജീവിതം ജീവിച്ചതില്‍ സന്തോഷിക്കും” എന്നും അദ്ദേഹം പറയുമായിരുന്നു. 1998 മുതൽ 2002 വരെ ചെണ്ടുവര, എല്ലപ്പെട്ടി ഗുണ്ടല, ചിറ്റിവരൈ തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിൽ നിറഞ്ഞ സാന്നിധ്യം ആയിരുന്നു ജാഹിർ സാറും സംഘവും. ഒരു അധ്യാപകൻ എന്നതിലുപരി, തൊഴിലാളി കുടുംബത്തിലെ ഒരാൾ എന്ന നിലയിലാണ് ജാഹിർ സാറിനെ ചെണ്ടുവരയിലെ പൊതുസമൂഹവും അവിടത്തെ അധ്യാപക സമൂഹവും കണ്ടിരുന്നത്. ഈ അടുത്ത് നടന്ന ഗോൾഡൻ ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത സ്കൂളിന്റെ മുൻ അധ്യാപകനായിരുന്ന സുബ്ബരാജ് സാറിന്റെ വാക്കിൽനിന്നും അതു മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടുപേരും അവിടെനിന്നും വിട്ടുപോയ അധ്യാപകരാണ്. തൊഴിലാളികളും വിദ്യാർഥികളും പൂർവ വിദ്യാർഥികളും അധ്യാപകരും ജാഹിർ സാറിനെ കാണാൻവേണ്ടി അവിടെ എത്തിപ്പെട്ടിരുന്നു. സാറിന് ആ സ്ഥലത്തുനിന്ന് തിരിയാൻപോലും സമയം കിട്ടുമായിരുന്നില്ല. അത്രത്തോളം ആത്മാർഥമായാണ് സാർ ആ സമൂഹത്തിനോട് ഇടപെട്ടിരുന്നതെന്ന് എല്ലാവർക്കും മനസ്സിലായിരുന്നു.

ഗോൾഡൻ ജൂബിലി ആഘോഷവേളയിൽ സേതുരാമൻ ഐ.പി.എസും ജാഹിര്‍ സാറിനോട് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. മാത്രമല്ല ഇന്നത്തെ ഡെപ്യൂട്ടി ഫുഡ് അനലിസ്റ്റ് കോഴിക്കോട് റീജനൽ ഡയറക്ടറായ സുബ്ബരാജ് സാർ ഇങ്ങനെ പറഞ്ഞു – “ജാഹിർ ഒരു ഡെഡിക്കേറ്റഡ് ടീച്ചർ ആയിരുന്നു.’’ സമ്മേളനത്തില്‍ അവർ രണ്ടുപേരും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു.

മധുരയിൽ ഒരു സ്വദേശി സ്കൂളിൽ ഹയർസെക്കൻഡറി അധ്യാപികയായി ജോലി ചെയ്യുന്ന സുകന്യ, ജാഹിർ സാറിനെ കാണാൻ വേണ്ടി മാത്രം ഇരുപതു വർഷങ്ങൾക്കുശേഷം തന്റെ സ്വന്തം നാടായ ചെണ്ടുവരയിലേക്ക് എത്തിച്ചേർന്നു. നിലവിൽ സ്കൂളിന്റെ പി.ടി.എ പ്രസിഡന്‍റും എന്റെ ആത്മസുഹൃത്തുമായ സെന്തിൽ കുമാറും ജാഹിർ സാറിന് മെമ്മോറാണ്ടം സമ്മാനിച്ചപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. തൊഴിലാളി വർഗത്തിനെ കരകയറ്റാൻ വേണ്ടി എത്രമാത്രം ജാഹിർ സാർ പ്രവർത്തിച്ചിട്ടുണ്ടാവും എന്ന് അതിൽനിന്നും തിരിച്ചറിയാൻ കഴിഞ്ഞു. വേദിയിൽ ജാഹിർ സാർ ആശംസാപ്രസംഗം നടത്തുമ്പോൾ ജനം മൊത്തം ഉറ്റുനോക്കിയിരുന്നു. മാത്രമല്ല, നൂറിലേറെ വരുന്ന പൂർവ വിദ്യാർഥികളും അധ്യാപകരും അദ്ദേഹത്തിന്റെ മുഖചിത്രം ഫേസ്ബുക്കിലും വാട്സ്ആപ്പിലും കുറിച്ചു. ജാഹിർ സാർ ഒന്നും ചെയ്തില്ല. എപ്പോഴും അദ്ദേഹം വെറും ജാഹിർ സാർ മാത്രമായിരുന്നു. ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായ ഉദ്ഘാടന ചടങ്ങ്, മുഖ്യപ്രഭാഷണം, സമ്മാനവിതരണം തുടങ്ങിയവ കഴിഞ്ഞതിനുശേഷം ഞങ്ങൾ പഴയ ഫാക്ടറിയിലേക്ക് യാത്രയായി.

മൂന്ന് വണ്ടികളിൽ ഞങ്ങൾ ഇരുപത്തിയഞ്ച് വിദ്യാർഥികൾ ജാഹിർ സാറിനൊപ്പം നീങ്ങി. അപ്പോൾ കണ്ട കാഴ്ചകൾ വീണ്ടും കുടിയേറ്റ കർഷകരുടെ ജീവിതത്തെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. ഞങ്ങളുടെ അറിവില്‍ സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥികളായ സെൽവ, ലോറൻസ്, രാജ്കുമാര്‍, ജയലക്ഷ്മി, സുകന്യ, നിഷ, രൂപ, രാജ, പ്രഭു തുടങ്ങിയവർ ആ പഴയ ഫാക്ടറിയിലേക്ക് നടന്നു നീങ്ങുമ്പോൾ എന്റെ ക്ലാസ് മേറ്റ് കൂടിയായിരുന്ന ഷീബയുടെ മോളുടെ തോളത്ത് കൈയിട്ട് ആ പള്ളിക്കൂടത്തിന്റെ ഓർമകൾ അയവിറക്കുമ്പോൾ, അറിയാതെ ജാഹിർ സാറും ഞങ്ങളും വിതുമ്പി.

ഞങ്ങൾ പിച്ച​െവച്ച കാലം മുതൽ ആ സ്കൂൾ ഞങ്ങൾക്ക് എന്തൊക്കെയോ ഓർമകൾ സമ്മാനിച്ചു. 20 വർഷത്തിനു ശേഷമാണ് ഒരുനാളും മറക്കാത്ത ആ തിരുമുറ്റത്തിന്റെ മുന്നിൽ ഞങ്ങൾ ഇതാദ്യമായി ഒത്തുചേരുന്നത്. കൂടാതെ അവിടെ വട്ടംകൂടിയിരുന്ന് അന്നത്തെ ജീവിതം ഒന്ന് ഓർത്തെടുത്തു. സ്കൂളിന്റെ 25ാം വാർഷികത്തിന് ജാഹിർ സാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടികളെക്കുറിച്ചും സ്കൂളിന്റെ പൂർവകാലത്തെക്കുറിച്ചും എസ്റ്റേറ്റ് തൊഴിലാളി ജീവിതത്തിന്റെ മുന്‍കാലങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴും ജാഹിർ സാറിനോടൊപ്പം സ്കൂളിന്റെ പഴയ പി.ടി.എ പ്രസിഡന്‍റ് സത്യശീലൻ അണ്ണനും രാജേഷ് കണ്ണൻ അണ്ണനും (അന്നത്തെ പി.ടി.എ മെംബർ) ഉണ്ടായിരുന്നു. പ്രിയ കൂട്ടുകാരി മുനീശ്വരിയുടെ അച്ഛനും അവരോടൊപ്പം ഉണ്ടായിരുന്നു.

 

ചെണ്ടുവര സ്​കൂൾ സുവർണ ജൂബിലി ആ​ഘോഷ വേളയിൽ ലേഖകൻ പ്രഭാഹരൻ കെ. മൂന്നാർ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം

ശരിക്കും പറഞ്ഞാൽ, വീണ്ടും ജനിച്ചത് പോലെ എന്തൊക്കെയോ ഓർമകൾ. വ്യത്യസ്ത പ്രായമുള്ള ആൾക്കാര്‍, അതായത് ജാഹിർ സാർ മുതൽ ഇന്നത്തെ തലമുറയിലെ ഷീബയുടെ മോൾ വരെ ഉള്ളവർ, ഒരേ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. 25 വർഷത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന വിദ്യാർഥികളുടെ വിതുമ്പലുകളായിരുന്നു ആ നിമിഷങ്ങള്‍. വീണ്ടും “ഒരു മുറൈ അന്ത അടിമ വാഴ്ക മട്ടുമില്ലാമ നാം ഇവിടെ ജനിക്കണം” എന്നതായിരുന്നു എല്ലാ മനസ്സുകളുടെയും ആഗ്രഹം. ചിലർ അത് പ്രകടിപ്പിക്കുകയുംചെയ്തു. ചിലര്‍ മൗനികളായി ആ സ്ഥലങ്ങളിൽ നിന്നും മാറിപ്പോകുന്നവരെ തിരിച്ചും തിരിഞ്ഞും നോക്കി കൊണ്ടിരുന്നു. പൂർവ വിദ്യാർഥികളുടെ സംഗമം നടക്കാനിരിക്കെ ഒരുപാട് വിളികളിൽനിന്നും ഒന്ന് അങ്ങോട്ടേക്ക് എത്തിയാൽ മതി എന്ന മട്ടിൽ ഞാനും സെൽവണ്ണനും ലോറൻസ് അണ്ണനും സംഘവും വീണ്ടും പുതിയ സ്കൂളിലേക്ക് തിരിച്ചു. അതാ രണ്ടു വണ്ടിയും അതിൽ വന്ന ആൾക്കാരും വീണ്ടും മിസിങ്. ഞങ്ങൾ കു​െറയേറെ സമയം പുതിയ സ്കൂളിൽതന്നെ ആ വണ്ടിയുടെ വരവ് കാത്തിരുന്നു. വീണ്ടും ജാഹിർ സാറും സംഘവും ചെണ്ടുവരയിൽ ചായക്കടയിൽ അവരുടെ ഓർമകളെ അയവിറക്കുന്നു.

സെന്തിലും ഞാനും ഷീബയും രമേശും മുനീശ്വരിയും ഗുണ്ടലയില്‍ കാത്തിരുന്നു. അവിടെ ജാഹിർ സാർ ഞങ്ങളുടെ സംഘത്തിന്റെ വരവും കാത്ത് നിൽക്കുകയായിരുന്നു. ഇപ്പോഴും ഞങ്ങൾക്ക് ചെണ്ടുവരയിലെ ആ ചായ നഷ്ടപ്പെട്ടു. വീണ്ടും എപ്പോൾ കാണും എന്ന് ഉറപ്പില്ലാതെ എല്ലാവരും പരസ്പരം വിടപറഞ്ഞു. ഞാനും സെന്തിലും മാത്രം മനസ്സില്ലാമനസ്സോടെ വീണ്ടും ആ വരവ് കാത്തുനിന്നു. ഇനി വർഷങ്ങൾക്ക് ശേഷം ആയിരിക്കാം. എങ്കിൽപോലും ആ വരവ് ആത്മാവിന്റെ തുടിപ്പ് കൂടിയാണ്. മറ്റുള്ളവരെല്ലാം പൂർവ വിദ്യാർഥി സംഗമം നടക്കുമ്പോൾ അവരുടെ വിദ്യാലയമാണ് കാണാൻ വരുന്നത്. പക്ഷേ ഞങ്ങളോ, ഞങ്ങൾ ജനിച്ചു വളർന്ന, ഞങ്ങളിൽ ഒരുപാട് ഓർമകൾ സമ്മാനിച്ച, ഞങ്ങളുടെ ജീവിതത്തുടിപ്പുകൾ ബാക്കിവെച്ച ആ എസ്റ്റേറ്റിലെ ജീവിത ഓർമകളെ ഒന്ന് പരിരക്ഷിക്കാൻ വേണ്ടിയാണ് തിരിച്ചുവരുന്നത്. അതുകൊണ്ട് ഞങ്ങളുടെ ഈ കൂട്ടുചേരല്‍ മറ്റുള്ളവരുടേതിനേക്കാള്‍ ജീവനെ പറ്റിപ്പിടിക്കുന്നു.

എന്തുകൊണ്ടാണെന്ന് അറിയില്ല, ഒരുപാട് ഓർമകൾ മൂന്നാറിലെ തേയിലക്കാടുകളിൽ പുതഞ്ഞിരിപ്പുണ്ട്. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാത്ത ഒരുപാട് സ്വപ്നങ്ങൾ. ചിറ്റിവരൈയിൽ നിന്നും ചെണ്ടുവര സ്കൂളിലേക്ക് നടന്നു നീങ്ങുമ്പോൾ എത്രയെത്രയോ കവിതകൾ പിറന്നിട്ടുണ്ട്. എത്രയെത്രയോ കഥകൾ ചൊല്ലിയിട്ടുണ്ട്. ആ കഥകളിൽനിന്നാണ് എന്റെ ജീവിതം തുടങ്ങുന്നത്. ചിറ്റിവരെയേക്കാള്‍ പ്രകൃതിരമണീയമായ സ്ഥലം ഭൂമിയിൽ ഉണ്ടോ എന്നതിൽ എനിക്ക് എപ്പോഴും സംശയമാണ്. സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുമ്പോഴും വീട്ടിൽനിന്ന് സ്കൂളിലേക്ക് പോകുമ്പോഴും രണ്ട് അർഥത്തിൽ ആ പ്രകൃതി മാറ്റങ്ങളെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. രാവിലെ എട്ടു മണിയാവുമ്പോൾ വീട്ടിൽനിന്നും ഇറങ്ങുന്ന ഞങ്ങൾ, അവിടെനിന്നും മെല്ലെ നടന്ന് കുരിശടി എത്തും. കുരിശടി ഒരു കോർണർ ആണ്. അവിടെ ഒ.സി ഡിവിഷനിൽനിന്നും നോർത്ത് ഡിവിഷനിൽനിന്നും സൗത്ത് ഡിവിഷനിൽനിന്നും സ്കൂളിലേക്ക് വരുന്ന എല്ലാവരെയും കണ്ടുമുട്ടും. പാൽവണ്ടിയില്‍ ചെണ്ടുവര സ്കൂളിലേക്കുള്ള യാത്രകൾ തുടങ്ങും.

കൂട്ടുകാരിയുടെ അച്ഛൻ ലക്ഷ്മണൻ ഗുണ്ടല ക്ലബിൽ ജോലിക്കാരനാണ്. അദ്ദേഹമായിരിക്കും ആദ്യം ചെണ്ടുവര വഴിയിലേക്ക് യാത്ര തിരിക്കുന്നത്. ആഴ്ചകളോളം, മാസങ്ങളോളം, വർഷങ്ങളോളം അയാൾ യാത്ര തുടരും. 30 ദിവസവും അയാൾ പണിയെടുക്കും. ഞായറാഴ്ചകളിലും ഒഴിവില്ല. അതിന്റെ ശമ്പളം അയാൾക്ക് കിട്ടും. 30 ദിവസവും പണിക്കാരൻ. രാവിലെ പ്രകൃതിരമണീയമായ ചിറ്റിവരൈയിൽനിന്നും ചെണ്ടുവരക്കുള്ള യാത്ര ജീവിതത്തിൽ ഞാൻ എപ്പോഴും ഓര്‍ക്കുന്ന ഒന്നാണ്. പറഞ്ഞുതീരാത്ത ഒരുപാട് സ്വപ്നങ്ങൾ ഒളിപ്പിച്ച യാത്രയും കൂടിയാണത്. പ്രകൃതിയോട് ലയിക്കുക, എന്തെങ്കിലും ചിന്തിക്കുക, അതിനകത്ത് ഒറ്റപ്പെടുക അതുതന്നെയായിരുന്നു ചെറുപ്പത്തിലെ എന്റെ ജീവിതം.

ചെണ്ടുവരയാണ് വാസ്തവത്തിൽ എന്നെ ഒരു എഴുത്തുകാരനായി മാറ്റിയത്. പത്ത് പൈസ കുറുക്കിൽ തുടങ്ങുന്ന ആ ചിന്തകൾ വേറൊരു ലോകത്തിലേക്ക് എന്നെ ലയിപ്പിക്കും. എത്ര വെയിലടിച്ചാലും എത്ര മഴപെയ്താലും ഒരേപോലുള്ള പ്രകൃതിയുടെ പ്രഭാതം പൂത്തുലയുന്ന സ്ഥലമാണ് പത്തു പൈസ കുറുക്ക്. ആ കുറുക്കിൽ ഓടുന്ന ഗുണ്ടലയാറും ആറ്റിന്റെ മുകൾവശത്ത് പടർന്നുകിടക്കുന്ന ചോലയും ഒരുപാട് മർമരങ്ങൾ ഒളിപ്പിച്ച അഴിഞ്ഞമാട് വന്യജീവികളുടെ സാന്നിധ്യം ഏറെ ഉള്ള സ്ഥലം. ആനകളുടെയും കാട്ടുപോത്തുകളുടെയും കരിങ്കുരങ്ങുകളുടെയും മാനുകളുടെയും വാസകേന്ദ്രം. ഇതുപോലൊരു സ്ഥലം ഇപ്പോഴും അവിടെ നിലനിൽക്കുന്നു. പക്ഷേ, മനുഷ്യസഞ്ചാരം വല്ലാതെ കുറഞ്ഞു. അന്ന് ഞങ്ങൾ കുറഞ്ഞത് നൂറു പേരെങ്കിലും ദിവസവും യാത്ര ചെയ്തിരുന്ന സ്ഥലം. സൂപ്പർ ലൈൻസ് കഴിഞ്ഞ് ആദ്യത്തെ വളവിൽ അച്ഛന്റെ കൂട്ടുകാരനായ സെബാസ്റ്റ്യൻ അപ്പയുടെ “മക്കളെ” എന്ന വിളി കേട്ടു ഉണർന്നിരുന്ന എന്റെ പ്രഭാതങ്ങൾ.

പിന്നീട് ആ ദിവസം മെല്ലെ നടന്നുനീങ്ങും. അല്ലെങ്കിൽ ചിറ്റിവ​െരെയുടെ രമ്യമായ ഗ്രൗണ്ടിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന അമ്മൂമ്മയുടെ വീട്ടിൽനിന്നും വരുന്ന “ചിന്നവാ” എന്ന വിളിയിൽനിന്നുമായിരിക്കും ചിറ്റിവരൈയിൽനിന്നും ചെണ്ടുവര സ്കൂളിലേക്കുള്ള യാത്ര തുടങ്ങുന്നത്. വളരെ സ്നേഹവും കരുതലുമുള്ള യാത്രയായിരുന്നു അത്. സിമന്‍റ് പാലവും മരപ്പാലവും കഴിയുന്നതിനുമുമ്പ് കാട്ടുപഴങ്ങളെ സ്പര്‍ശിച്ച് തുടങ്ങുന്ന സുന്ദരമായ യാത്ര. വീണ്ടും ഗുണ്ടലയാറ്റിന്റെ സ്പർശം മരപ്പാലത്തിൽ ഏറ്റുവാങ്ങി ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന ഗുണ്ടല ക്ലബിലേക്ക് പ്രവേശിക്കും. അവിടെ പരന്നുകിടക്കുന്ന പുൽമേടുകൾ. അവിടെ വരുമ്പോൾ മാത്രം ഒറ്റക്ക് യാത്ര ചെയ്യണമെന്ന തോന്നൽ എനിക്ക് എപ്പോഴും ഉണ്ടാവും. ആ തോന്നലിൽനിന്നും പിറന്നതാണ് എന്റെ എഴുത്തുകളും സ്വപ്നങ്ങളും.

ഞാനെപ്പോഴും ഏകനായി ആ കാടുകളിൽ യാത്രചെയ്യാൻ ആഗ്രഹിക്കും. അതിന്റെ കാരണങ്ങള്‍ ഞാന്‍ പലപ്പോഴും പിന്നീട് ചിന്തിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ അമ്മൂമ്മയുടെ കൈ പിടിച്ചു പുല്ല് ശേഖരിക്കാൻ ഇറങ്ങിവന്ന സ്ഥലം ആയതുകൊണ്ട് ആ ഓർമകളെ ഒരു ചെറിയ പയ്യൻ മനസ്സിൽ കൊണ്ടുനടക്കുന്നതിനേപ്പോൾ ഇപ്പോഴും കുണ്ടല ക്ലബും അഴിഞ്ഞമാടും ലയിച്ചു കിടക്കുന്ന ആ കാട്ടിൽ ഒരുപാട് ഓർമകളെ പുതച്ചു​െവച്ചപോലെ എന്തെന്നറിയാതെ തപ്പി​െക്കാണ്ടിരിക്കുന്നു. അവിടെനിന്നും ആ യാത്ര മത്താപ്പിന്റെ മടിത്തട്ടിലേക്ക് എത്തുമ്പോൾ സ്വാരസ്യം മെല്ലെ കുറഞ്ഞുതുടങ്ങും. അപ്പോഴേക്കും സൂപ്പർ ഫാക്ടറി എത്തും. വീണ്ടും യൂക്കാലിപ്റ്റസ് കാടുകളിലൂടെ കാലുകൾ മെല്ലെ നൃത്തം ചവിട്ടും. ചുടലമാട സ്വാമിയെ സ്പർശിക്കുന്നതോടുകൂടി ആ യാത്ര അവസാനിക്കും. എന്നുമെന്നും ഏകാന്തമായ യാത്രകളിൽ എന്നെ തലോടുന്ന സുഗന്ധമുള്ള കിനാവുകളുടെ വസന്തകാല യാത്രക്കുറിപ്പ് കൂടിയാണ് ചെണ്ടുവര സ്കൂളിലേക്ക് നടന്നുനീങ്ങിയ ആ ദിവസങ്ങൾ.

 

നേരത്തേ പറഞ്ഞതുപോലെ തന്നെ കുറെയേറെ സാഹിത്യചിന്തകള്‍ എനിക്ക് സമ്മാനിച്ചത് ചിറ്റിവ​െരെ മുതൽ ചെണ്ടുവര വരെയുള്ള പ്രകൃതിരമ്യമായ സ്ഥലങ്ങളാണ്. അതിൽ മറക്കാൻ കഴിയാത്തത് ഗുണ്ടല ക്ലബ് മുതൽ സൂപ്പർ ഫാക്ടറി വരെയുള്ള കാടുകളാണ്. ജാഹിർ സാർ വില്യം വേഡ്സ് വര്‍ത്തിന്റ ‘ഡാഫോഡിൽസ്’ പഠിപ്പിച്ചപ്പോൾ ഞാൻ മഞ്ഞുതുള്ളികൾ പടർന്നുകിടക്കുന്ന ഗുണ്ടല ക്ലബിന്റെ ഒരറ്റത്ത് സ്ഥിതിചെയ്യുന്ന അഴിഞ്ഞമാട്ടിലേക്കുള്ള ഷോട്ട്കട്ട് പാതയും അവിടെ പൂത്തുലയുന്ന പൂക്കളുമാണ് ചിന്തിച്ചത്. ‘‘Ten thousand saw I at a glance’’ എന്ന വരി ഇന്നുവരെ ഞാന്‍ നെഞ്ചിലേറ്റി നടക്കുന്നത് അതുകൊണ്ടായിരിക്കും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം, അത്രയും ഭംഗിയുള്ള ഒരു ഭൂപ്രകൃതി ഇന്ത്യയിൽ ഇതുവരെ എനിക്കു അനുഭവിക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല, സാഹിത്യത്തോട് അടുപ്പമുള്ള ജാഹിർ സാറിന്റെ ക്ലാസുകൾ അതുവരെ പഠിച്ചതിൽനിന്നു വളരെ വ്യത്യസ്തമായ അനുഭവം എനിക്കു പകർന്നുതന്നു. ഇംഗ്ലീഷും തമിഴും ഒരേപോലെ പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു അദ്ദേഹം.

അദ്ദേഹം പഠിപ്പിച്ച The Passing of Bhishma, Christmas Morning, Montmorency and the Tomcat, The Enchanted Shirt, Miser, Uphill തുടങ്ങിയ ക്ലാസുകള്‍ ഞങ്ങളുടെ സൂപ്പർ സീനിയർ ബാച്ചിൽ പഠിച്ച ഇന്ദ്ര ചേച്ചി മുതൽ ജൂനിയറായി പഠിച്ച രഞ്ജിത്ത് വരെ ആരും മറന്നിട്ടില്ല എന്നത് ഫോൺ സംഭാഷണങ്ങളില്‍നിന്നും ഞങ്ങളുടെ ഒത്തുചേരല്‍ വേളകളില്‍നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരിക്കൽകൂടി അത്തരത്തിലുള്ള ക്ലാസുകൾ അവിടെനിന്നും കേൾക്കണമെന്ന് ഒരുപാട് സുഹൃത്തുക്കൾ ആഗ്രഹിക്കുന്നുമുണ്ട്.

News Summary - Working life in the plantation sector in Munnar