സെൻസർഷിപ്പും നിയമവിധേയമാകുന്നു

യഥാർഥ വിഷയങ്ങൾ മറച്ചുവെച്ചും ‘‘അവാർത്തകൾ’’ പൊലിപ്പിച്ചും മുഖ്യധാരാ മാധ്യമങ്ങൾ പ്രത്യേക അജണ്ട സമൂഹത്തിനുമേൽ അടിച്ചേൽപിക്കുന്നു. ഇത് പുതിയ പ്രശ്നമല്ല. എന്നാൽ, അടുത്ത കാലത്തായി ഇത് മുമ്പത്തെക്കാൾ വ്യക്തമാണ്. പോയ ആഴ്ചയിൽ മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച ഗൗരവ വാർത്തകളും അവക്ക് പകരം മാധ്യമങ്ങൾ പൊലിപ്പിച്ച പൈങ്കിളി വാർത്തകളും ചേർത്തുവെക്കുന്ന ഒരു പംക്തി ഔട്ട്ലുക് വാരിക തുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 31ന് മുൻ ആഴ്ചയിൽ ഊതിവീർപ്പിക്കപ്പെട്ട...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
യഥാർഥ വിഷയങ്ങൾ മറച്ചുവെച്ചും ‘‘അവാർത്തകൾ’’ പൊലിപ്പിച്ചും മുഖ്യധാരാ മാധ്യമങ്ങൾ പ്രത്യേക അജണ്ട സമൂഹത്തിനുമേൽ അടിച്ചേൽപിക്കുന്നു. ഇത് പുതിയ പ്രശ്നമല്ല. എന്നാൽ, അടുത്ത കാലത്തായി ഇത് മുമ്പത്തെക്കാൾ വ്യക്തമാണ്. പോയ ആഴ്ചയിൽ മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച ഗൗരവ വാർത്തകളും അവക്ക് പകരം മാധ്യമങ്ങൾ പൊലിപ്പിച്ച പൈങ്കിളി വാർത്തകളും ചേർത്തുവെക്കുന്ന ഒരു പംക്തി ഔട്ട്ലുക് വാരിക തുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 31ന് മുൻ ആഴ്ചയിൽ ഊതിവീർപ്പിക്കപ്പെട്ട നിസ്സാര അവാർത്തകളും മറച്ചുവെക്കപ്പെട്ട യഥാർഥ വാർത്തകളും അടങ്ങുന്ന ജോടികൾ ഇങ്ങനെ:
ഓൺലൈൻ താരം റൗഹി റായിലും നടൻ സാഹിൽ നാരംഗും തമ്മിൽ പിണങ്ങിപ്പിരിഞ്ഞെന്ന വാർത്ത ആഘോഷിക്കപ്പെട്ടു; അതേസമയം ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയ കുറെ പൗരത്വപ്രക്ഷോഭകരായ വിചാരണത്തടവുകാർക്ക് ഡൽഹി ഹൈകോടതി വീണ്ടും ജാമ്യം നിഷേധിച്ചത് ചെറിയ വാർത്ത മാത്രം. ‘സണ്ണി സംസ്കാരി കീ തുൾസി കുമാരി’ എന്ന സിനിമയിലെ ‘‘ബിജൂരിയ’’ എന്ന പാട്ടിന്റെ ജനപ്രീതി വൻവിശേഷമായപ്പോൾ, രാജസ്ഥാനിലെ ബാർമർ ജില്ലയിൽ വെള്ളം നിറച്ച പാത്രം തൊട്ടതിന്റെ പേരിൽ എട്ടുവയസ്സുകാരൻ ദലിത് ബാലനെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം നിസ്സാരമാക്കപ്പെട്ടു. അമേരിക്കൻ നടിയും മോഡലുമായ സോയി ക്രാഫിറ്റ്സും ബ്രിട്ടീഷ് ഗായകൻ ഹാരി സ്റ്റൈൽസും ഒരിക്കൽ പിണങ്ങിപ്പിരിഞ്ഞ ശേഷം ഇപ്പോൾ വീണ്ടും ഒരുമിച്ച് കാണപ്പെട്ടതായുള്ള വാർത്ത വളരെ പ്രാമുഖ്യം നേടി; ഫലസ്തീനിലെ അൽഖുദ്സ് ടി.വിയുടെ ഇസ്ലാം ആബിദ് എന്ന വനിതാ റിപ്പോർട്ടർ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ കൊന്ന ജേണലിസ്റ്റുകളുടെ എണ്ണം 247 ആയത് നന്നേ ചെറിയ വാർത്ത മാത്രമായി... ഇവ ചില ഉദാഹരണങ്ങൾ മാത്രം.
ഇത്തരം ഉദാഹരണങ്ങൾക്ക് പഞ്ഞമില്ലാത്ത വിധത്തിൽ മുഖ്യധാരാ വാർത്തകളും ദേശീയ ചാനലുകളിലെ ചർച്ചകളും വഴിമാറിപ്പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ, യഥാർഥ ജേണലിസത്തിന് പിന്തുണ കിട്ടുന്നുണ്ടോ? അദാനി ഗ്രൂപ് കമ്പനിയായ അദാനി എന്റർപ്രൈസസിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഉദാഹരണം. ഇന്ത്യയിൽ സൗരോർജക്കരാറുകൾ സമ്പാദിക്കാൻ 26.5 കോടി ഡോളറിന്റെ കോഴ നൽകിയതായുള്ള യു.എസിലെ കേസ്; ഓഹരിവില കൃത്രിമങ്ങളിലൂടെ വർധിപ്പിക്കാൻ അദാനി ഗ്രൂപ് ശ്രമിച്ചതായുള്ള ഹിൻഡൻബെർഗ് റിസർച് റിപ്പോർട്ട്; 2012-16 കാലത്ത്, മോശം കൽക്കരി മൂന്നിരട്ടി വിലക്ക് തമിഴ്നാട്ടിന് വിറ്റതായ വാർത്ത; ആസ്ട്രേലിയയിലെ കൽക്കരി ഖനിയുടെയും മറ്റും പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിക്ക് ഗുരുതരമായ പരിക്കേൽപിച്ചതായ കേസ്...
ഇത്തരം അനേകം അന്വേഷണ റിപ്പോർട്ടുകൾ അദാനി ഗ്രൂപ്പിനെതിരെ ഉണ്ട്. അടുത്ത കാലത്തായി ഇന്ത്യയിൽ ‘ചങ്ങാത്ത മുതലാളിത്ത’ വ്യവസ്ഥിതിയുടെ ആനുകൂല്യം പറ്റി നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റിയുള്ള വാർത്തകൾ വേറെയും. മുഖ്യധാരാ മാധ്യമങ്ങൾ പൊതുവെ കോർപറേറ്റുകളെ പിണക്കാറില്ല. അതുകൊണ്ട്, കോർപറേറ്റുകളെക്കുറിച്ചുള്ള പരാതികൾ ജനങ്ങളെ അറിയിക്കുന്നത് ഏറെയും ഡിജിറ്റൽ മാധ്യമങ്ങളാണ്. അക്കൂട്ടത്തിൽ ആക്ടിവിസ്റ്റുകൾ നടത്തുന്നവയുമുണ്ടാകും.
അതിനെല്ലാം സെൻസർഷിപ് ഏർപ്പെടുത്തുന്നതാണ് ഒരു ഡൽഹി കോടതി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവ്. അദാനി ഗ്രൂപ്പിനെപ്പറ്റി ‘‘പ്രഥമദൃഷ്ട്യാ അപകീർത്തികരമായ’’ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തരുതെന്ന് ഏതാനും വെബ്സൈറ്റുകളോടും ജേണലിസ്റ്റുകളോടും കോടതി കൽപിച്ചു. എന്നുവെച്ചാൽ, അദാനി കമ്പനികളെ കുറ്റപ്പെടുത്തുന്നതൊന്നും പ്രസിദ്ധപ്പെടുത്തരുത്. ‘അദാനി ഫയൽസ്’ എന്ന ആസ്ട്രേലിയൻ വെബ്സൈറ്റിനും ഇത് ഇന്ത്യയിൽ ബാധകമാണ്.
വ്യക്തമായ ഈ സെൻസർഷിപ്പിന് കോടതി ആധാരമാക്കുന്നത് 2021ലെ ഐ.ടി നിയമമാണ്. അതുപ്രകാരം എക്സ്, യൂട്യൂബ് പോലുള്ള മധ്യവർത്തികളും അദാനി വിരുദ്ധ ഉള്ളടക്കം നീക്കംചെയ്യാൻ ബാധ്യസ്ഥരാകും. പരഞ്ജയ് ഗുഹ ഠാകുർത്ത, രവി നായർ, അബീർ ദാസ്ഗുപ്ത തുടങ്ങിയ കുറെ ജേണലിസ്റ്റുകൾക്കും ‘അദാനി വാച്ച്’ അടക്കമുള്ള വെബ്സൈറ്റുകൾക്കുമെതിരെ അദാനി ഗ്രൂപ് കൊടുത്ത പരാതിയിലാണ് കോടതിയുടെ ഇടക്കാല തീർപ്പ്. നിയമം വഴി മാധ്യമ സെൻസർഷിപ് സ്ഥാപനവത്കരിച്ചു കഴിഞ്ഞു എന്നർഥം.
ഓൺലൈനിൽ വെറുപ്പ് വ്യവസായം
ഒരുവശത്ത് സാമൂഹിക പ്രസക്തിയുള്ള വാർത്തകൾക്ക് വിലങ്ങ് വരുമ്പോൾ മറുവശത്ത് വെറുപ്പുൽപാദിപ്പിക്കുന്ന വ്യാജ വാർത്തകൾ നിർബാധം പരക്കുന്നു. ന്യൂസ് മിനിറ്റ് പോർട്ടലിൽ, കേരളത്തിലടക്കം തടസ്സമില്ലാതെ ഒഴുകുന്ന വിദ്വേഷ മാധ്യമങ്ങളെപ്പറ്റി വിവരങ്ങളുണ്ട് –ഹരിത മാനവിന്റെയും പൂജ പ്രസന്നയുടെയും.
‘എക്സി’ന്റെ സംവാദവേദിയായ ‘സ്പേസസ്’ രാത്രിയായാൽ വർഗീയ വെറുപ്പ് പരത്തുന്ന വ്യാജവാർത്തകളുടെ ഉറവിടമായി മാറുന്നു. കുറച്ചു വർഷം മുമ്പ് ‘ക്ലബ് ഹൗസ്’ എന്ന ഓൺലൈൻ ചർച്ചാ വേദിയിൽ ഉണ്ടായിരുന്ന മതവിദ്വേഷം ഇന്ന് ‘സ്പേസസി’ലൂടെ പ്രചരിക്കുകയാണ്. പ്രത്യേകിച്ച് കേരളത്തിൽ. എന്തുകൊണ്ട് കേരളം? പൂജ പ്രസന്ന എഴുതുന്നു: ‘‘മുസ്ലിംകൾ ധാരാളമുള്ള സംസ്ഥാനം. വെറുപ്പുൽപാദിപ്പിക്കുന്നവർക്ക്, സാമുദായിക ധ്രുവീകരണം വഴി രാഷ്ട്രീയ ലാഭമുണ്ടാക്കാനാകും.’’
ഹിന്ദുത്വ ഗ്രൂപ്പുകളാണ് വിദ്വേഷ പ്രചാരണങ്ങളുടെ പിന്നിലെന്ന് ന്യൂസ് മിനിറ്റ് ചൂണ്ടിക്കാട്ടുന്നു. (അതേസമയം, മാടായിപ്പാറയിൽ നടന്ന ഗസ്സ ഐക്യദാർഢ്യ പ്രകടനത്തെ ചൊല്ലി ‘‘ഇടത്’’ പ്രചാരകരും വർഗീയത ആയുധമാക്കിയത് ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടു. വലതിനെന്നപോലെ ‘‘ഇടതി’’നും രാഷ്ട്രീയലാഭത്തിലാണ് നോട്ടം.)
‘‘ഗസ്സയിലെ കുട്ടികൾ കൊല്ലപ്പെടുമ്പോൾ ചിരിക്കാൻ തോന്നുന്ന’’വർ വരെ ‘സ്പേസസി’ൽ സജീവമാണ്. വർഗീയതയുടെ മറപറ്റി സ്ത്രീവിരുദ്ധതയും തെറിയുമൊക്കെ ആഘോഷപൂർവം, തടയപ്പെടാതെ അതിൽ അരങ്ങേറുന്നു.
ഭൂരിപക്ഷം പേരും കള്ളപ്പേരിലാണ് ‘സ്പേസസി’ലെ വർഗീയ പ്രസാരണത്തിൽ പങ്കുകൊള്ളുന്നത്. എന്നാൽ, അതിലെ കള്ളങ്ങൾ ശരിയായ വാർത്തയുടെ രൂപമെടുത്ത മറ്റ് ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെ സ്വീകാര്യത നേടി സമൂഹത്തിൽ പരക്കുന്നു. പരനിന്ദയും കൊലവിളിയും വരെ തടയപ്പെടാതെ പ്രചരിക്കുന്നുണ്ട്. വിഷമയമായ ‘‘ഹിന്ദുത്വ പോപ്’’ ഗാനങ്ങളും ഈ കുറ്റത്തിൽ പങ്കാളികളാണ്. ചിലത് യൂട്യൂബിൽ ലാഭമുണ്ടാക്കുന്ന സംരംഭങ്ങൾകൂടിയാണ്. വെറുപ്പ് നോർമലൈസ് ചെയ്യപ്പെടുന്നു, ലാഭക്കച്ചവടമാകുന്നു എന്ന് പൂജ പ്രസന്ന.
ഓൺലൈൻ തെരുവ്
വിലക്കി; യുവത സാക്ഷാൽ
തെരുവിലിറങ്ങി
നേപ്പാൾ രാഷ്ട്രീയ കോളിളക്കത്തിലാണ്. അതിനിടയാക്കിയ കാര്യങ്ങളിൽ പലതും ഇന്ത്യക്കു കൂടി ബാധകവുമാണ്.
സമാധാന ജീവിതത്തിനും ജനക്ഷേമത്തിനും ആവശ്യമായ കാര്യങ്ങൾ പ്രായം ചെന്നവരടങ്ങുന്ന ഭരണകൂടത്തിന് ചെയ്യാനാകുന്നില്ലെന്ന് യുവജനങ്ങൾ മനസ്സിലാക്കുന്നു. അഴിമതി, അടിച്ചമർത്തൽ, ജനവിഭാഗങ്ങളെ ഒറ്റപ്പെടുത്തൽ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, ഫെഡറൽ സംവിധാനത്തിന്റെ ക്ഷയം, സാമൂഹിക-സാംസ്കാരിക സംഘർഷങ്ങൾ എന്നിവക്കെല്ലാം പുറമെ ജനാധിപത്യപരമായ വിയോജിപ്പിനും പ്രതിഷേധത്തിനും ഇടം കുറഞ്ഞത് പൊട്ടിത്തെറിയിലേക്കെത്തുകയായിരുന്നു. അടിച്ചൊതുക്കപ്പെട്ട രോഷം പ്രകടിപ്പിക്കാനുള്ള സമൂഹമാധ്യമ വേദിയും വിലക്കപ്പെട്ടതോടെ ആ പൊട്ടിത്തെറി അനിവാര്യമായി.

