പൗരന്മാരെ അധികാരികൾ ‘‘തെരഞ്ഞെടുക്കു’’മ്പോൾ ചോദ്യങ്ങളുയരണം

‘‘പൗരത്വ രേഖകൾ ആവശ്യപ്പെട്ടുള്ള ‘വോട്ടർ പട്ടിക തീവ്രപരിശോധന’ക്കെതിരെ ബിഹാറിൽ പ്രതിഷേധമുയർന്നതോടെ പിന്നോട്ടടിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. പൗരത്വം തെളിയിക്കാനായി തങ്ങൾ പറഞ്ഞ 11 രേഖകളില്ലാതെ വോട്ടർ പട്ടിക പരിശോധിക്കാമെന്ന് ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഞായറാഴ്ച പത്രപരസ്യങ്ങളിലൂടെ വ്യക്തമാക്കി. രേഖകൾ സമർപ്പിക്കാത്തവർ വോട്ടറാണോ എന്ന് വോട്ടർ പട്ടികയുടെ ചുമതലയുള്ള ഇ.ആർ.ഒ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ) തീരുമാനിക്കുമെന്നും കമീഷൻ വ്യക്തമാക്കി. ഇതോടെ ജൂലൈ 25നകം പൗരത്വം തെളിയിക്കാനുള്ള രേഖ സമർപ്പിക്കണമെന്ന നിർദേശത്തിൽനിന്നാണ് കമീഷൻ പിന്നോട്ടടിച്ചത്.’’ ജൂലൈ 7ലെ മാധ്യമത്തിന്‍റെ മുൻപേജിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘പൗരത്വ രേഖകൾ ആവശ്യപ്പെട്ടുള്ള ‘വോട്ടർ പട്ടിക തീവ്രപരിശോധന’ക്കെതിരെ ബിഹാറിൽ പ്രതിഷേധമുയർന്നതോടെ പിന്നോട്ടടിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. പൗരത്വം തെളിയിക്കാനായി തങ്ങൾ പറഞ്ഞ 11 രേഖകളില്ലാതെ വോട്ടർ പട്ടിക പരിശോധിക്കാമെന്ന് ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഞായറാഴ്ച പത്രപരസ്യങ്ങളിലൂടെ വ്യക്തമാക്കി. രേഖകൾ സമർപ്പിക്കാത്തവർ വോട്ടറാണോ എന്ന് വോട്ടർ പട്ടികയുടെ ചുമതലയുള്ള ഇ.ആർ.ഒ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ) തീരുമാനിക്കുമെന്നും കമീഷൻ വ്യക്തമാക്കി. ഇതോടെ ജൂലൈ 25നകം പൗരത്വം തെളിയിക്കാനുള്ള രേഖ സമർപ്പിക്കണമെന്ന നിർദേശത്തിൽനിന്നാണ് കമീഷൻ പിന്നോട്ടടിച്ചത്.’’
ജൂലൈ 7ലെ മാധ്യമത്തിന്‍റെ മുൻപേജിൽ വന്ന വാർത്തയാണിത്. ബിഹാറിൽ തെരഞ്ഞെടുപ്പു കമീഷൻ നടത്തുന്ന വോട്ടർ പരിശോധന വലിയൊരു ദേശീയ വിഷയമായിക്കഴിഞ്ഞിട്ടുണ്ട്. മുൻ കാലങ്ങളിൽനിന്ന് വിഭിന്നമായി യൂനിയൻ സർക്കാർ ഏകപക്ഷീയമായി നിയമിച്ച കമീഷനാണ് ഇപ്പോഴത്തേത്. മോദി സർക്കാർ പലതരത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ അവിഹിതമായി ഇടപെടുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു വരുന്നു. ആരോപണങ്ങൾ അടച്ച് നിഷേധിക്കുകയല്ലാതെ വ്യക്തമായി ഖണ്ഡിക്കാൻ ഇതുവരെ കമീഷന് കഴിഞ്ഞിട്ടില്ല. അതിനിടക്കാണ് ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കാൻ പാകത്തിൽ ‘‘തീവ്ര പരിശോധന’’യുമായി കമീഷൻ വന്നിരിക്കുന്നത്.
ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പാണ് അരികിൽ. ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം അതിനുണ്ട്. പ്രതിപക്ഷ സഖ്യം മുന്നേറ്റത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്ന സമയത്താണ് ഈ നിർണായക തെരഞ്ഞെടുപ്പ്. ഈയിടെ കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ തിരിമറി നടന്നു എന്ന പരാതിക്ക് തൃപ്തികരമായ മറുപടി കമീഷൻ ഇതുവരെ നൽകിയിട്ടില്ല. ആ സാഹചര്യത്തിൽ ബിഹാറിലെ പുതിയ നീക്കം സംശയമുയർത്തുന്നു. പ്രത്യേകിച്ച്, ഭരണപക്ഷത്തിന് ഏകപക്ഷീയവും നിർണായകവുമായ സ്വാധീനമുള്ള തെരഞ്ഞെടുപ്പ് കമീഷൻ പെട്ടെന്നൊരു ഉൾവിളിയെന്നോണം മുൻരീതികളിൽനിന്ന് വ്യതിചലിച്ച് വോട്ടർമാരെ നിർണയിക്കാനിറങ്ങുമ്പോൾ.
യഥാർഥ പൗരന്മാരെ വിദേശിമുദ്രയടിച്ച് പുറത്താക്കുന്നതിനു വിവിധ ബി.ജെ.പി സർക്കാറുകൾ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനും അതുതന്നെ ചെയ്യാനിറങ്ങുന്നു. കമീഷന്‍റെ അധികാര പരിധിയിൽപെടാത്ത പൗരത്വ നിർണയത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം. അധികാരികളെ പൗരന്മാർ തീരുമാനിക്കുന്നതാണ് ജനാധിപത്യം. അധികാരികൾ പൗരന്മാരെ നിശ്ചയിക്കുന്നത് ജനാധിപത്യമല്ല.
ബിഹാറിൽ പ്രതിഷേധം കടുത്തപ്പോൾ അവിടത്തെ തെരഞ്ഞെടുപ്പ് ഓഫിസർ പ്രാദേശിക പത്രങ്ങളിൽ ചെയ്ത പരസ്യമാണ് മുകളിലെ വാർത്തയുടെ വിഷയം. മുമ്പത്തെ കടുത്ത നിലപാടിൽ നിന്നുള്ള പിന്മാറ്റമെന്നാണ് അതിനെ മാധ്യമം റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്.
എന്നാൽ, ഇതേ ദിവസത്തെ ഹിന്ദു പത്രത്തിന്‍റെ ലീഡ് വാർത്ത പറയുന്നത് നേരെ മറിച്ചാണ്. ‘ബിഹാറിലെ പ്രത്യേക തീവ്ര പരിശോധനക്കുള്ള രേഖകൾ സംബന്ധിച്ച നിർദേശങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമീഷൻ’ എന്നാണ് ഹിന്ദു തലക്കെട്ട്.
കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ ബിഹാറിലെ പത്രപ്പരസ്യത്തിന് നൽകിയ വിശദീകരണം ഏറക്കുറെ അതിന്‍റെ നിരാകരണം തന്നെ. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ സമർപ്പിച്ച ശേഷവും പൗരത്വ രേഖകൾ സമർപ്പിക്കാൻ സാവകാശം നൽകും എന്നതാണ് കമീഷന്‍റെ വിശദീകരണത്തിന്‍റെ മർമം.
മൊത്തത്തിൽ, ആശയക്കുഴപ്പത്തിന് ആഴംകൂടി എന്നതായി ഫലം. ബിഹാർ തെരഞ്ഞെടുപ്പ് ഓഫിസറും കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനും പറഞ്ഞ കാര്യങ്ങൾ ഒന്നു തന്നെയോ അതോ വ്യത്യസ്തമോ?
സുതാര്യതയാണ് തെരഞ്ഞെടുപ്പിന്‍റെ ആധികാരികതക്കുള്ള ഏറ്റവും വലിയ ഗാരന്റി. പക്ഷേ, വാർത്തകളിൽപോലും വ്യക്തതയില്ലാത്ത തരത്തിലാണ് പരസ്യവും വിശദീകരണവും.
തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ സുതാര്യതയില്ലായ്മയും സംശയമുയർത്തുന്ന രീതികളും കഴിഞ്ഞ ഏതാനും വർഷങ്ങളിലെ വാർത്തകളാണ്. പരമ്പരാഗത മാധ്യമങ്ങൾ ഡിജിറ്റൽ മാധ്യമങ്ങൾക്കു വഴിമാറിക്കൊടുക്കുന്ന കാലഘട്ടം കൂടിയായതിനാലാവാം ഇതിനെപ്പറ്റി പല അന്വേഷണങ്ങളും വെളിപ്പെടുത്തലുകളും ഡിജിറ്റൽ മീഡിയയിലാണ് കാണാനാവുക. ദ ക്വിന്റ് എന്ന ഓൺലൈൻ പോർട്ടലിൽ പൂനം അഗർവാൾ ചെയ്ത ഇൻവെസ്റ്റിഗേറ്റിവ് സ്റ്റോറികൾ തെരഞ്ഞെടുപ്പ് കമീഷന്‍റെ ചില വിശദീകരണങ്ങളും അവകാശവാദങ്ങളും പൊളിച്ചിട്ടുണ്ട്.
ഇപ്പോൾ റിപ്പോർട്ടേഴ്‌സ് കലക്ടിവ് എന്ന പോർട്ടലിൽ നിതിൻ സേഥി, ആയുഷി കർ എന്നിവർ നടത്തിയ അന്വേഷണം തെരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ പട്ടിക പരിഷ്കാരങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. നിലവിലെ വോട്ടർ ലിസ്റ്റിൽ ഒരുപാട് അപാകതകൾ ഉണ്ടെന്നാണ്, ലിസ്റ്റ് പരിശോധിച്ച് പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്ന ന്യായം. (ഇത്ര സമഗ്രമായ പരിശോധന ആവശ്യപ്പെടുന്നത്ര അപാകതകളുള്ള വോട്ടർ പട്ടികയുമായാണോ പാർലമെന്‍റ് തെരഞ്ഞെടുപ്പടക്കം നടത്തിയതെന്ന ചോദ്യം വേറെയുണ്ട്.) തെരഞ്ഞെടുപ്പ് കമീഷന്‍റെ ഈ ന്യായം വ്യാജമാണെന്നാണ് റിപ്പോർട്ടേഴ്‌സ് കലക്ടിവ് കണ്ടെത്തിയിരിക്കുന്നത്.
ബിഹാർ വോട്ടേഴ്‌സ് ലിസ്റ്റിന്‍റെ വിശദമായ പുനഃപരിശോധനയും നവീകരണവും 2025 ജനുവരിയോടെ പൂർത്തിയായതായി റിപ്പോർട്ടേഴ്‌സ് കലക്ടിവ് പറയുന്നു. ഇതിന്‍റെ തെളിവ് സർക്കാറിലെയും തെരഞ്ഞെടുപ്പു കമീഷനിലെയും രേഖകൾ തന്നെ. കുറ്റമറ്റ വോട്ടർ പട്ടിക ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അത് ജൂൺ 23 വരെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്തിരുന്നു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ജേണലിസത്തിന്‍റെ പ്രഥമ പരിഗണനയെങ്കിൽ, അധികാരികളുടെ കള്ളക്കളികൾ അതിന്‍റെ പരിഗണനയാണെങ്കിൽ, അധികാരത്തോട് ചോദ്യം ചോദിക്കൽ അതിന്‍റെ ചുമതലയാണെങ്കിൽ, രാജ്യത്തിന്‍റെ ഭദ്രതയെന്നാൽ അതിലെ ജനതയുടെ അവകാശ സുരക്ഷയാണെങ്കിൽ, തെരഞ്ഞെടുപ്പ് കമീഷന്‍റെ പുതിയ പുറപ്പാടുകൾ മാധ്യമ പ്രവർത്തനത്തിന്‍റെ കേന്ദ്ര ബിന്ദുവാകണം.
ഇസ്രായേൽ പണ്ടേ ഇങ്ങനെ
‘ഇസ്രായേലിനെ യു.എന്നിൽനിന്ന് സസ്പെൻഡ് ചെയ്തേക്കും.
‘യുനൈറ്റഡ് നേഷൻസ്, ജൂൺ 25: അധിനിവിഷ്ട പ്രദേശങ്ങളിൽനിന്ന് ഇസ്രായേൽ പിൻവാങ്ങിയില്ലെങ്കിൽ ആ രാജ്യത്തെ സസ്പെൻഡ് ചെയ്യാൻ അടുത്ത യു.എൻ പൊതുസഭ തീരുമാനിക്കുമെന്ന് അറബ് പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. യു.എൻ പ്രമേയങ്ങളിൽ ആവശ്യപ്പെട്ടതു പ്രകാരം ഫലസ്തീൻകാരുടെ അവകാശങ്ങൾ ഇസ്രായേൽ അംഗീകരിക്കുകയും വേണം.
‘‘എന്നാൽ, ഇസ്രായേലിനെ സസ്പെൻഡ് ചെയ്താൽ യു.എന്നിന് ഫണ്ട് വിഹിതം നൽകുന്നത് നിർത്തിവെക്കണമെന്ന് യു.എസ് സർക്കാറിനോട് ആ നാട്ടിലെ നയതന്ത്രജ്ഞർ ആവശ്യപ്പെട്ടു...’’
ജൂൺ 25ലെ ഒരു റിപ്പോർട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്. അതുപക്ഷേ, 2025ലേതല്ല, 1975ലേതാണ്. ഹിന്ദു പത്രത്തിലെ ‘50 വർഷം മുമ്പ്’ എന്ന പംക്തിയിൽ ചേർത്ത അരനൂറ്റാണ്ടു പഴക്കമുള്ള വാർത്ത. കാലമെത്ര മാറിയിട്ടും സ്ഥിതി ഒട്ടും മാറിയില്ല എന്ന് കാണിക്കുന്നു ഇത്. തൊട്ടടുത്ത ദിവസം ഹിന്ദു എഴുതിയ എഡിറ്റോറിയലും അരനൂറ്റാണ്ടു മുമ്പ് എഴുതാമായിരുന്നത് (ഒരുപക്ഷേ എഴുതിയിരിക്കാവുന്നത്) തന്നെ. ‘‘പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൈവരുത്തുന്നതിന് ഇസ്രായേലിനെ കടിഞ്ഞാണിട്ടേ തീരൂ’’ എന്നാണ് എഡിറ്റോറിയലിൽ പറയുന്നത്. ഇറാനെ ഇസ്രായേൽ ആക്രമിച്ചതും അതിന് അമേരിക്ക പിന്തുണ നൽകിയതുമാണ് ഇതിന്‍റെ പശ്ചാത്തലം. അമ്പത് വർഷത്തെ അകലമുള്ള രണ്ട് വാർത്തകൾ എത്രമാത്രം സദൃശമാണ് എന്നത്, ലോകക്രമത്തെ ഒരുകൂട്ടം രാജ്യങ്ങൾ എങ്ങനെ അനങ്ങാനാവാത്തവിധം കെട്ടിവരിഞ്ഞിരിക്കുന്നു എന്ന് തെളിയിക്കുന്നു.