രാഹുലിന് പിന്നാലെ നേരറിയാൻ മാധ്യമങ്ങളും

തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ കൃത്രിമങ്ങളെപ്പറ്റി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ അസാധാരണമായ വാർത്താസമ്മേളനത്തിന് ഒന്നാം പേജിനുള്ള യോഗ്യത കൽപിക്കാത്ത പത്രങ്ങളുണ്ട്. ലൈവ് സംപ്രേഷണം ചെയ്യാത്ത ചാനലുകളുമുണ്ട്. പ്രാധാന്യം മനസ്സിലാക്കിയവർതന്നെ ഈ വാർത്തയെ എങ്ങനെ ഫ്രെയിം ചെയ്തു? തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ രേഖകൾ ആധാരമാക്കിയുള്ള കൃത്യമായ തെളിവുകളോടെ ദേശീയ പ്രതിപക്ഷ നേതാവ് പരസ്യമായി ഉന്നയിച്ച ആരോപണങ്ങളെ ‘‘വോട്ടർ പട്ടികയിൽ കോൺഗ്രസിന്റെ അവിശ്വാസ വോട്ട്’’ (മാതൃഭൂമി, ആഗസ്റ്റ് 8) എന്ന് ഫ്രെയിം ചെയ്യുന്നത് അതിന്റെ ഗൗരവം കുറക്കലാണ്. വിഷയം കോൺഗ്രസിന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ കൃത്രിമങ്ങളെപ്പറ്റി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ അസാധാരണമായ വാർത്താസമ്മേളനത്തിന് ഒന്നാം പേജിനുള്ള യോഗ്യത കൽപിക്കാത്ത പത്രങ്ങളുണ്ട്. ലൈവ് സംപ്രേഷണം ചെയ്യാത്ത ചാനലുകളുമുണ്ട്.
പ്രാധാന്യം മനസ്സിലാക്കിയവർതന്നെ ഈ വാർത്തയെ എങ്ങനെ ഫ്രെയിം ചെയ്തു?
തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ രേഖകൾ ആധാരമാക്കിയുള്ള കൃത്യമായ തെളിവുകളോടെ ദേശീയ പ്രതിപക്ഷ നേതാവ് പരസ്യമായി ഉന്നയിച്ച ആരോപണങ്ങളെ ‘‘വോട്ടർ പട്ടികയിൽ കോൺഗ്രസിന്റെ അവിശ്വാസ വോട്ട്’’ (മാതൃഭൂമി, ആഗസ്റ്റ് 8) എന്ന് ഫ്രെയിം ചെയ്യുന്നത് അതിന്റെ ഗൗരവം കുറക്കലാണ്. വിഷയം കോൺഗ്രസിന്റെ രാഷ്ട്രീയത്തിനപ്പുറം, രാജ്യത്തിന്റെ ജനാധിപത്യ സംവിധാനമാണ്. ‘രാഹുലും രാജ്യവും മറുപടി അർഹിക്കുന്നു’ എന്ന എഡിറ്റോറിയലിൽ (ആഗ. 9) മാതൃഭൂമി ആ ഗൗരവം ഉൾക്കൊണ്ടിട്ടുമുണ്ട്.
‘വോട്ടുമോഷണത്തർക്കത്തിൽ കമീഷനും രാഹുലും തമ്മിൽ വാഗ്വാദം’ എന്ന് ടൈംസ് ഓഫ് ഇന്ത്യ തലക്കെട്ട്. ടൈംസ് ഈ വിഷയത്തിൽ ആഗസ്റ്റ് 12 വരെ മുഖപ്രസംഗം എഴുതിയിട്ടുമില്ല.
തെരഞ്ഞെടുപ്പ് കമീഷൻ തന്നെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുന്നുവെന്ന ആരോപണത്തെ അതിന്റെ ഗൗരവം മനസ്സിലാക്കി തുടരന്വേഷണം നടത്താൻ ചിലരെങ്കിലും തയാറായി എന്നത് ഒരുപക്ഷേ മാധ്യമരംഗത്തും കാറ്റ് മാറി വീശുന്നതിന്റെ ലക്ഷണമാകാം. ധാരാളം ഫോളോ അപ് റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഇന്ത്യ ടുഡേ ചാനൽ രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ തുടരന്വേഷണത്തിനിറങ്ങി. രാഹുൽ ‘‘വോട്ടുകൊള്ള’’ക്ക് ഉദാഹരണമായെടുത്ത കർണാടകയിലെ മഹാദേവപുരയിൽ ചെന്ന് 80 വോട്ടർമാരുണ്ടെന്ന് വോട്ടർ പട്ടികയിൽ കാണിച്ച വിലാസത്തിൽ കണ്ടത് ഒരു ഒറ്റമുറി. അവിടെ താമസിക്കുന്നത് ഒരേയൊരാൾ. ഇയാൾക്കാകട്ടെ പശ്ചിമ ബംഗാളിലാണ് വോട്ട്.
റിപ്പോർട്ടർ അടക്കമുള്ള ചാനലുകളും സ്വതന്ത്ര ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് മിനിറ്റും ഈ വിലാസത്തിൽ ചെന്നന്വേഷിക്കുകയും വോട്ടുപട്ടികയിലെ കൃത്രിമം സ്ഥിരീകരിക്കുകയും ചെയ്തു.
കേരളത്തിലെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കള്ള വോട്ടർമാർ പട്ടികയിൽ ചേർക്കപ്പെട്ടു എന്ന സംശയം ബലപ്പെടുത്തുന്ന കണ്ടെത്തൽ മീഡിയവൺ ചാനൽ നടത്തി. തൃശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഒമ്പത് കള്ളവോട്ടർമാരുണ്ടായിരുന്നു.
വളരെ മുമ്പു മുതലേ വോട്ടർ പട്ടികയും വോട്ടുയന്ത്രവും വി.വി പാറ്റും വിഡിയോ തെളിവുകളും വഴി നടക്കുന്ന കൃത്രിമങ്ങളെപ്പറ്റി അന്വേഷിച്ച മാധ്യമങ്ങളുണ്ട്. പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ. ദ ക്വിന്റ്, സ്ക്രോൾ, ന്യൂസ് മിനിറ്റ്, റിപ്പോർട്ടേഴ്സ് കലക്ടിവ്, ആർട്ടിക്ൾ 14, ന്യൂസ് ലോൺഡ്രി തുടങ്ങിയവയുടെ അന്വേഷണങ്ങൾ എടുത്തുപറയണം.
ബിഹാർ വോട്ടർ പട്ടിക അബദ്ധങ്ങളുടെയും കൃത്രിമങ്ങളുടെയും കൂമ്പാരമാണെന്ന് തോന്നും ഇപ്പോഴും പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ കണ്ടാൽ. ഒരൊറ്റ അസംബ്ലി മണ്ഡലത്തിൽ മാത്രം 5000 ത്തിലധികം ഉത്തർപ്രദേശുകാരുടെ പേരിൽ വ്യാജവോട്ടുകൾ റിപ്പോർട്ടേഴ്സ് കലക്ടിവ് കണ്ടെത്തി (യു.പിയിലും വോട്ടുള്ളവരാണവർ). ഒരു പെൺകുട്ടിയുടെ ഫോട്ടോ 36 വോട്ടർ തിരിച്ചറിയൽ കാർഡുകളിൽ കണ്ടെത്തി, ന്യൂസ് നശ എന്ന ഹിന്ദി ഓൺലൈൻ മാധ്യമം. ബിഹാറിൽ, 2024ലെ തെരഞ്ഞെടുപ്പിലെ 24 സീറ്റുകളിലെ വിജയ ഭൂരിപക്ഷത്തെക്കാൾ കൂടുതലാണ് ആ മണ്ഡലങ്ങളിൽ നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ എണ്ണമെന്ന് ദ ക്വിന്റ്.
സുതാര്യത എന്ന മൂല്യം
തെരഞ്ഞെടുപ്പ് അധികാരികളുടെ വിശദീകരണങ്ങളും ന്യായീകരണങ്ങളും പരിശോധിച്ച മാധ്യമങ്ങൾ ഏറെയും കണ്ടെത്തിയത് അപ്രസക്തമോ അടിസ്ഥാനമില്ലാത്തതോ ആയ വാദങ്ങളാണ്.
ഒന്നാമതായി, രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനവും ഇലക്ഷൻ കമീഷന്റെ പ്രതികരണവും തമ്മിലുള്ള പ്രകടമായ വ്യത്യാസം. പ്രത്യേകസംഘം ആറുമാസമെടുത്ത് നടത്തിയ പഠനത്തിന്റെ ഫലമാണ് ഡിജിറ്റൽ തെളിവുകൾ വെടിപ്പോടെ പ്രദർശിപ്പിച്ചുള്ള രാഹുലിന്റെ വാർത്താസമ്മേളനം. അതിലെ കൃത്യമായ ഉള്ളടക്കത്തോട് കമീഷൻ പ്രതികരിച്ചില്ല. പകരം സത്യവാങ്മൂലം സമർപ്പിക്കാനാവശ്യപ്പെട്ടു.
രണ്ടാമതായി, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവെന്ന നിലയിൽ അനേകം മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ഉത്തരവാദിത്തത്തോടെ പറഞ്ഞ കാര്യങ്ങളോട് കമീഷൻ പ്രതികരിച്ചത് സമൂഹമാധ്യമങ്ങളിലൂടെ, പറയുന്നയാളുടെ പേരുപോലും വെളിപ്പെടുത്താത്ത, ആധികാരികതയില്ലാത്ത രീതിയിൽ.
മൂന്നാമതായി, തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ രേഖകളുടെ സ്വഭാവം സംശയം വർധിപ്പിക്കുന്നു. വോട്ടർ പട്ടിക കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടപ്പോൾ ഒരു മണിക്കൂറിനുള്ളിൽ അത് നൽകാൻ കഴിയുമായിരുന്നു –കമീഷന്റെ പക്കൽ ഡിജിറ്റൽ ഡേറ്റ ഉള്ളതാണല്ലോ. എന്നാൽ തങ്ങൾക്ക് സൗകര്യപ്രദമായ ആ രീതി കൈയൊഴിഞ്ഞ് കമീഷൻ ചെയ്തത്, മൊത്തം ഡിജിറ്റൽ ഡേറ്റ കടലാസിൽ അച്ചടിച്ച് ഏഴെട്ട് അടി പൊക്കം വരുന്ന കടലാസ് കുന്നാക്കി കൊടുക്കുകയായിരുന്നു. അതായത്, രേഖകളുടെ പരിശോധന നിരുത്സാഹപ്പെടുത്താൻവേണ്ടി കമീഷൻ സ്വയം കഷ്ടപ്പാട് ഏറ്റുവാങ്ങി. പരിശോധനയോടുള്ള ഈ അലർജി എന്തുകൊണ്ട്?
ആ ചോദ്യം ഉയർത്തേണ്ടത് മാധ്യമങ്ങളാണ്. സമഗ്രാധിപത്യത്തിലും ഫാഷിസ്റ്റ് ഭരണത്തിലും കിട്ടാത്തതും ജനാധിപത്യത്തിൽ ജനങ്ങൾക്ക് അവകാശമായി കിട്ടേണ്ടതുമാണ് ഭരണസംവിധാനങ്ങളിലെ സുതാര്യത. അത് ഇല്ലാതായാൽ മാധ്യമപ്രവർത്തനം അസാധ്യമാകും. സ്ഥിതിവിവര ശാസ്ത്രത്തിൽ (സ്റ്റാറ്റിസ്റ്റിക്സ്) യഥാർഥ വിവരവും (signal) ശ്രദ്ധ തെറ്റിക്കുന്ന വ്യാജവിവരവും (noise) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാറുണ്ട്. വ്യാജവിവരം അധികാരത്തിലുള്ളവർക്ക് സഹായകമാകും. എന്നാൽ, ഡേറ്റ കൃത്യതയോടെ നൽകിയാൽ അത് അധികാരികൾ പ്രയോഗിക്കുന്ന സൂത്രങ്ങളിലേക്കുള്ള കൃത്യമായ ‘സിഗ്നൽ’ ആകും. അതുകൊണ്ടാണ് വിവരാവകാശവും മാധ്യമസ്വാതന്ത്ര്യവും പ്രധാനമാകുന്നത്. ഫാഷിസത്തിൽ ജനങ്ങൾക്ക് ഒരു വിവരവും നൽകേണ്ടതില്ല –കാരണം അവർ പ്രജകളാണ്. ജനാധിപത്യത്തിൽ എല്ലാ വിവരവും അവർക്ക് അവകാശപ്പെട്ടതാണ് –കാരണം അവർ പൗരൻമാരാണ്. ഇന്ന് തൊഴിലില്ലായ്മ മുതൽ കർഷകദുരിതം വരെ ഔദ്യോഗിക കണക്കുകൾക്ക് പുറത്താണ്.
വിവരാവകാശ നിയമത്തിന്റെ വ്യാപ്തി സർക്കാറുകൾ നിരന്തരം ചുരുക്കിക്കൊണ്ട് വരുന്നതും സുതാര്യതയെ ഭയപ്പെടുന്നതിനാലാണ്. ഇവിടെയാണ് മാധ്യമങ്ങളുടെ ബാധ്യത വർധിക്കുന്നത്. വ്യാജ വിവരങ്ങളെ യഥാർഥ വിവരംകൊണ്ട് നേരിടുന്ന വസ്തുതാ പരിശോധനക്ക് പ്രസക്തി വർധിക്കുന്നതും.
ബിഹാറിലെ കരട് വോട്ടർ പട്ടിക കമീഷൻ വെബ്സൈറ്റിൽ ഡിജിറ്റൽ (പി.ഡി.എഫ്) രൂപത്തിൽ ലഭ്യമായിരുന്നു. ആഗസ്റ്റ് ഒന്നിന് അപ് ലോഡ് ചെയ്തിരുന്ന ഡിജിറ്റൽ പട്ടിക രാഹുൽ പ്രകടനത്തിനു പിന്നാലെ നീക്കംചെയ്തു. പകരം എല്ലാ പേജും സ്കാൻ ചെയ്ത് ‘ഇമേജ്’ രൂപത്തിൽ അപ് ലോഡ് ചെയ്തു. രണ്ടും തമ്മിലുള്ള വ്യത്യാസം? പുതിയത് കമ്പ്യൂട്ടർ പരിശോധനക്ക് വഴങ്ങില്ല.
ഈ വിവരം സ്ക്രോൾ വെളിച്ചത്ത് കൊണ്ടുവന്നപ്പോൾ ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) കുറിപ്പിറക്കി: ‘‘വോട്ടർ പട്ടികയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.’’ സ്ക്രോൾ മറുപടി കൊടുത്തു: ‘‘അങ്ങനെ ഞങ്ങളും പറഞ്ഞിട്ടില്ലല്ലോ. പട്ടിക മാറ്റിയില്ല, പക്ഷേ അതിന്റെ ഫോർമാറ്റ് മാറ്റി.’’
ഒരു വോട്ടർക്ക് കർണാടകയിൽ രണ്ട് വോട്ടും മഹാരാഷ്ട്രയിലും യു.പിയിലും ഓരോ വോട്ട് വീതവുമുണ്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. യു.പിയിലെ സി.ഇ.ഒ ഇത് നിഷേധിച്ചു. ആൾട്ട് ന്യൂസ് ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചു. രാഹുൽ കാണിച്ച രേഖയും സി.ഇ.ഒ കാണിച്ച രേഖയും ശരിയാണ്. പക്ഷേ ഒരു പ്രശ്നം: രാഹുൽ കാണിച്ചത് മാർച്ച് 16ലെ പട്ടിക; യു.പി സി.ഇ.ഒ കാണിച്ചത് ആഗസ്റ്റ് 7ലേത്. അതായത്, കർണാടക തെരഞ്ഞെടുപ്പ് കാലത്ത് ആ വോട്ടർക്ക് യു.പിയിലും വോട്ടുണ്ടായിരുന്നു; അത് പിന്നീട് നീക്കം ചെയ്തെന്ന് മാത്രം. വസ്തുതകൾ മറച്ചുവെക്കുന്ന ഭരണകൂടം പിടിക്കപ്പെടുമ്പോൾ വളച്ചൊടിക്കുന്നു. യഥാർഥ വസ്തുതകൾ കണ്ടെത്തുക മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.