‘ഹമാസ് കരാർ ലംഘിക്കുന്നു’ –പുതിയ കഥ തയാറായി

ഗസ്സ വെടിനിർത്തലിന് പാരവെക്കുന്നതാരാണ്? മാധ്യമങ്ങൾ പറയുന്നതനുസരിച്ചാണെങ്കിൽ, ഹമാസാണ് വെടിനിർത്തൽ കരാറിനെ തകർക്കുന്നത്. കാരണം (ഫെബ്രുവരി 11ലെ വാർത്തപ്രകാരം) അവർ ബന്ദിമോചനം താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത് അതേപടി പകർത്തുന്ന മറ്റു മാധ്യമങ്ങളും അതുതന്നെ ആവർത്തിച്ചു. അവർ ചെയ്തത് ലളിതമായ ഒരു കാര്യം: ബന്ദി കൈമാറ്റം മാറ്റിവെക്കാൻ ഹമാസ് പറഞ്ഞ കാരണം ഒന്നുകിൽ പാടെ ഒഴിവാക്കി; അല്ലെങ്കിൽ ഭാഗികമായി മാത്രം റിപ്പോർട്ട് ചെയ്തു. എന്താണ് ആ കാരണം? ഹമാസ് പറഞ്ഞു, ഇസ്രായേൽ വെടിനിർത്തൽ കരാർ പാലിക്കുന്നില്ല എന്ന്. പലതരത്തിൽ നിരന്തരം ലംഘിക്കുന്നു. ഹമാസിന്റെ വാദം വസ്തുതാ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഗസ്സ വെടിനിർത്തലിന് പാരവെക്കുന്നതാരാണ്?
മാധ്യമങ്ങൾ പറയുന്നതനുസരിച്ചാണെങ്കിൽ, ഹമാസാണ് വെടിനിർത്തൽ കരാറിനെ തകർക്കുന്നത്. കാരണം (ഫെബ്രുവരി 11ലെ വാർത്തപ്രകാരം) അവർ ബന്ദിമോചനം താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്നു.
പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത് അതേപടി പകർത്തുന്ന മറ്റു മാധ്യമങ്ങളും അതുതന്നെ ആവർത്തിച്ചു.
അവർ ചെയ്തത് ലളിതമായ ഒരു കാര്യം: ബന്ദി കൈമാറ്റം മാറ്റിവെക്കാൻ ഹമാസ് പറഞ്ഞ കാരണം ഒന്നുകിൽ പാടെ ഒഴിവാക്കി; അല്ലെങ്കിൽ ഭാഗികമായി മാത്രം റിപ്പോർട്ട് ചെയ്തു.
എന്താണ് ആ കാരണം? ഹമാസ് പറഞ്ഞു, ഇസ്രായേൽ വെടിനിർത്തൽ കരാർ പാലിക്കുന്നില്ല എന്ന്. പലതരത്തിൽ നിരന്തരം ലംഘിക്കുന്നു.
ഹമാസിന്റെ വാദം വസ്തുതാ പരിശോധന നടത്തിയാലും മാധ്യമങ്ങൾക്ക് അക്കാര്യം വ്യക്തമാകേണ്ടതാണ്. വെടിനിർത്തലിനു ശേഷവും വെടിവെപ്പ് തുടരുന്നു; കരാർ പ്രകാരം ഗസ്സയിലേക്ക് അനുവദിക്കേണ്ട സഹായം അനുവദിക്കുന്നില്ല; ഇന്ധനം കരാർപ്രകാരം അനുവദിക്കുന്നില്ല; ടെന്റുകൾ പറഞ്ഞയത്ര സമ്മതിച്ചില്ല...
സഹായ ട്രക്കുകൾ 12,000 അനുവദിക്കേണ്ടിടത്ത് 8500 മാത്രം അനുവദിച്ചു; ഇന്ധനം പ്രതിദിനം 50 ട്രക്ക് സമ്മതിക്കേണ്ടിടത്ത് 15 മാത്രം; താൽക്കാലിക ചക്രവീടുകൾ 60,000 അനുവദിക്കേണ്ടിടത്ത് ഒറ്റയൊന്നും അയച്ചില്ല; രണ്ടു ലക്ഷം ടെന്റ് സമ്മതിച്ചിട്ട് അനുവദിച്ചത് 20,000 മാത്രം. വെടിനിർത്തലിന് ശേഷം ഗസ്സയിൽ മാത്രം 25 പേരെ ഇസ്രായേൽ കൊന്നു.
വെടിനിർത്തൽ നിലനിർത്താനുദ്ദേശ്യമില്ലെന്നും വംശഹത്യ തുടരുമെന്നും ഇസ്രായേൽ നേതാക്കൾ പലകുറി സൂചിപ്പിച്ചതുമാണ്.
എന്തുകൊണ്ട് ബന്ദിമോചനം വൈകിപ്പിക്കുന്നു എന്നതിന് ഹമാസ് കാരണങ്ങൾ നിരത്തിയെങ്കിലും പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ അവക്ക് കാര്യമായ സ്ഥാനം കിട്ടിയില്ല. വെടിനിർത്തൽ കരാർ ഹമാസ് പൊളിച്ചു എന്ന ആഖ്യാനത്തിന് പാകത്തിലാണ് തലക്കെട്ടുകളും ഉപ തലക്കെട്ടുകളും.
ന്യൂയോർക് ടൈംസ്: ‘ ‘‘അടുത്ത അറിയിപ്പു വരെ’’ കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നത് നീട്ടിവെക്കുകയാണെന്ന് ഹമാസ്.’ തുടർന്ന് ഇങ്ങനെ: ‘വെടിനിർത്തൽ കരാറിന് ഇത് വലിയ വെല്ലുവിളി ഉയർത്തുന്നു’ (ഫലസ്തീനികളെ കരാറിന് വിരുദ്ധമായി കൊലചെയ്തതടക്കം ന്യായങ്ങൾ ഒഴിവാക്കി –ഹമാസ് അതെല്ലാം വ്യക്തമാക്കിയിട്ടും.)
അസോസിയേറ്റഡ് പ്രസ്: ‘അടുത്ത ബന്ദിമോചനം വൈകിപ്പിക്കുകയാണെന്ന് ഹമാസ്.’
സ്കൈ ന്യൂസ്: ‘ശനിയാഴ്ചത്തെ ബന്ദി കൈമാറ്റം നീട്ടിവെക്കുകയാണെന്ന് ഹമാസ്.’
മറ്റനേകം മാധ്യമങ്ങളുടെ തലക്കെട്ടും മുഖ്യ ഉള്ളടക്കവും ഇത്തരത്തിലാണ്. റോയിട്ടേഴ്സ് മാത്രം നേര് പറഞ്ഞു: ‘ബന്ദിമോചനം വൈകിപ്പിക്കുമെന്ന് ഹമാസ്; ഇസ്രായേൽ കരാർ ലംഘനങ്ങൾ നടത്തിയെന്ന് കുറ്റപ്പെടുത്തൽ.’
വാർത്തകൾ ‘എഡിറ്റ്’ ചെയ്യുന്ന പടിഞ്ഞാറൻ രീതി ഇതാണ്. ആഖ്യാനങ്ങളാണ്, വാർത്തയല്ല അവ നൽകുന്നത്. ‘ഒക്ടോബർ 7’ എന്ന ആഖ്യാനംപോലെ, ‘ഹമാസിന്റെ കരാർ ലംഘനം’ എന്ന മറ്റൊരു കള്ളവും വിപണനത്തിന് തയാറായിട്ടുണ്ട്. വംശഹത്യയിലും കരാർ ലംഘനത്തിലും ഇസ്രായേലിന് താങ്ങായി നിൽക്കുന്ന മാധ്യമങ്ങൾ മറ്റെന്താണ് ചെയ്യുക?
ബി.ബി.സി കാണുന്ന ഭീകരർ
തലക്കെട്ടും പടങ്ങളും മാത്രം ഓടിച്ചുനോക്കുന്ന വായനക്കാരെ കബളിപ്പിക്കാൻ പത്രങ്ങൾക്ക് (പരസ്യക്കാർക്കും) എത്രയെളുപ്പമാണെന്ന് മലയാള പത്രങ്ങളിലെ ഒരു മുൻപേജ് പരസ്യം കാണിച്ചുതന്നത് ചർച്ചയായല്ലോ.
അത്രതന്നെ ചർച്ച ചെയ്യപ്പെടാത്ത, എന്നാൽ കൂടുതൽ ഗുരുതര പ്രത്യാഘാതമുൾക്കൊള്ളുന്ന ഉദാഹരണം ബി.ബി.സിയിൽ കഴിഞ്ഞ ദിവസം കാണാനായി. സ്വീഡനിൽ ഒരു വംശീയവാദി നടത്തിയ ഭീകരാക്രമണമാണ് പശ്ചാത്തലം.
സ്വീഡൻ മുമ്പ് കണ്ടിട്ടില്ലാത്തത്ര ഭീകരമായിരുന്നു ഫെബ്രുവരി നാലിന് ഓറിബോ സ്കൂളിൽ പൂർവ വിദ്യാർഥി നടത്തിയ വെടിവെപ്പ്. റിക്കാർഡ് ആൻഡേഴ്സൺ എന്നാണ് കൊലയാളിയുടെ പേര്. വെള്ളക്കാരൻ. കുടിയേറ്റ വിരുദ്ധൻ. ക്രിസ്ത്യൻ വംശീയവാദി. പത്തു പേരെയാണ് അയാൾ കൊന്നത്.
ഇതിനെപ്പറ്റി ബി.ബി.സി വെബ് സൈറ്റിൽ വാർത്ത വന്നപ്പോൾ കൂടെ ഒരു പടം ചേർത്തിരുന്നു. ഇസ്മാഈൽ മുറാദി എന്ന താടിവെച്ച ചെറുപ്പക്കാരന്റേതായിരുന്നു പടം. ‘രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലക്ക് ഉത്തരം തേടുകയാണ് സ്വീഡൻ’ എന്ന തലക്കെട്ടിനടിയിലെ പടം കണ്ട്, കൂടുതൽ വായിക്കാതെ ധാരണ രൂപപ്പെടുത്തുന്ന വായനക്കാരൻ ഉടനെ തീരുമാനിക്കും –ഭീകരാക്രമണം നടത്തിയത് ഈ താടിക്കാരൻതന്നെ.
കൊലയാളിയുടെ പടം അതിനകം ലഭ്യമായിട്ടും അത് ചേർക്കാതെ, കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കാൻ പൂക്കളുമായി പോകുന്ന ഇസ്മാഈലിന്റെ പടം തലക്കെട്ടിനു തൊട്ടുതാഴെ കൊടുത്തത് നിഷ്കളങ്കമാണോ? ശ്രദ്ധാപൂർവം പടങ്ങളും വാക്കുകളും തെരഞ്ഞെടുക്കുന്ന ബി.ബി.സി കൊലയാളിയുടെ പടമെന്ന് തോന്നിക്കുമാറ് മറ്റൊരാളുടെ പടം വിന്യസിച്ചത് എന്തിന്?
ബി.ബി.സി ഇസ്രായേൽ പക്ഷ വാർത്തകൾ പൊലിപ്പിക്കുകയും ഫലസ്തീനി പക്ഷ വാർത്തകൾ തമസ്കരിക്കുകയും ചെയ്യുന്നതിന്റെ അനേകം തെളിവുകൾ അവിടത്തെ ജീവനക്കാരടക്കം പരസ്യപ്പെടുത്തിയിട്ടുണ്ട്. അതിന്റെ മിഡിലീസ്റ്റ് വാർത്താവിഭാഗം തലവൻ റാഫി ബെർഗ് ഇസ്രായേലി ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള, യു.എസിലെ സി.ഐ.എയുടെ പ്രചാരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന, സയണിസ്റ്റാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
വാക്കുകൾ സൂക്ഷ്മാർഥം പ്രസരിപ്പിക്കുന്നു. ചിത്രങ്ങളും വാർത്താ വിന്യാസവുമാകട്ടെ, പ്രത്യേക ധാരണകൾ അബോധത്തിൽ സൃഷ്ടിക്കുകയാണ് ചെയ്യുക. അടുത്തകാലത്തായി, ഫലസ്തീൻ വംശഹത്യയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും പടിഞ്ഞാറൻ മാധ്യമങ്ങളുടെ തലക്കെട്ടുകളും ചിത്രങ്ങളും വിന്യാസങ്ങളും മാധ്യമ നിരീക്ഷകരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വംശഹത്യയെയും അതുചെയ്യുന്ന ഇസ്രായേലിനെയും ന്യായീകരിക്കുന്നതിനും ഫലസ്തീന്റെ യാഥാർഥ്യം തമസ്കരിക്കുന്നതിനും പരോക്ഷ വിനിമയരീതികൾ മാധ്യമങ്ങൾ പ്രയോഗിക്കുന്നു.
ബന്ദി കൈമാറ്റത്തിന്റെ വാർത്തകളിൽ, ഇസ്രായേലികളെ ‘‘ബന്ദികളെ’’ന്നും ഫലസ്തീൻകാരെ ‘‘തടവുകാരെ’’ന്നും വിശേഷിപ്പിക്കുന്നതിനെപ്പറ്റി ‘മീഡിയസ്കാനി’ൽ പറഞ്ഞിരുന്നല്ലോ. ബി.ബി.സി ഒരുതവണ (ഒരുതവണ മാത്രം) ‘ഇസ്രായേലി തടവുകാർ’ എന്ന് പ്രയോഗിച്ചു. വൈകാതെ അവരതിന് മാപ്പ് പറഞ്ഞു. ഇതേ ബി.ബി.സി അബദ്ധവശാൽപ്പോലും ഫലസ്തീൻകാരെ (കുറ്റവാളിയെന്ന ധ്വനിയുള്ള) ‘തടവുകാർ’ എന്നല്ലാതെ വിളിച്ചിട്ടില്ല.
സ്വീഡിഷ് ഭീകരനെപ്പറ്റി പറയുമ്പോൾ മുസ്‍ലിമിനെ ചിത്രത്തിൽ കാണിച്ച സൂത്രവും പുതിയതല്ല. ഏറെ പ്രകടമായ ഒരു ഉദാഹരണം മുമ്പ് ഈ പംക്തിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗസ്സ വംശഹത്യ തുടങ്ങിയ ആദ്യ ആഴ്ചയിൽ, 2023 ഒക്ടോബർ 13ന്, ലണ്ടൻ ടൈംസ് പത്രം ഒന്നാം പേജിൽ പ്രസിദ്ധപ്പെടുത്തിയ ഒരു തലക്കെട്ടും പടവും എത്രത്തോളം വിഷം നിറഞ്ഞതാണെന്ന് ഈയിടെ പുറത്തുവന്ന കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വംശഹത്യയെ ലോകത്തിനു മുമ്പാകെ ന്യായീകരിക്കാൻ ഇസ്രായേൽ ഇറക്കിയ അതി വൈകാരികമായ കുറെ കഥകളുണ്ട്: ഹമാസ് ഇസ്രായേലിൽ കൂട്ട ബലാത്സംഗം നടത്തി, സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തു, കുഞ്ഞുങ്ങളുടെ തല വെട്ടി, ശിശുക്കളെ അടുപ്പിലിട്ട് വേവിച്ചു എന്നിങ്ങനെ പലതും. എല്ലാം കള്ളമാണെന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു.
കുഞ്ഞുങ്ങളെ കൊന്നെന്നും വേവിച്ചെന്നുമൊക്കെയുള്ള കെട്ടുകഥകൾ അന്ന് ബൈഡൻ മുതൽ ഇന്ന് ട്രംപ് വരെ ആവർത്തിച്ചെങ്കിലും അത്തരം ആരോപണങ്ങളിൽനിന്ന് ഇസ്രായേൽ ഇതിനകം പിറകോട്ടുപോയിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഒരേയൊരു കുഞ്ഞ് മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി കണക്കുകൾ സ്ഥിരീകരിക്കുന്നു. വെടിയേറ്റാണ് ആ കുഞ്ഞ് കൊല്ലപ്പെട്ടത് –വെടിവെച്ചതാര് എന്ന് വ്യക്തമല്ല എന്നും പറയുന്നു.
പക്ഷേ, ഒരു വർഷത്തിലേറെ ഗസ്സയിൽ ഇസ്രായേൽ കുരുതി നടത്താൻ ഉപയോഗിച്ച കള്ളക്കഥകളിൽ അത് ഉൾപ്പെടും. ഇത്തരം കഥകൾ ചൂടോടെ ഇറങ്ങിക്കൊണ്ടിരുന്ന 2023 ഒക്ടോബറിൽ ടൈംസിൽ ഒരു ബാനർ ഹെഡിങ് വരുന്നു: ‘ഇസ്രായേൽ അംഗഭംഗം വന്ന കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിടുന്നു’ എന്ന്. തൊട്ടുതാഴെ, നല്ല വലുപ്പത്തിൽ, രക്തം പുരണ്ട, കരയുന്ന, കുട്ടികളുടെ ഫോട്ടോ.
വായനക്കാർ എന്താണ് മനസ്സിലാക്കുക?
പരിക്കേറ്റ ഈ കുട്ടികൾ ഇസ്രായേലികളാണെന്നുതന്നെ. പക്ഷേ ഫോട്ടോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്: ‘വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇസ്രായേലി കുട്ടികൾ ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിയിൽ...’
വായനക്കാർ ഈ ചെറിയ അക്ഷരങ്ങൾ വായിക്കില്ല. കാരണം അവർ തലക്കെട്ടിൽ വായിച്ചുകഴിഞ്ഞതാണ്, പരിക്കേറ്റ ഇസ്രായേലി കുട്ടികളുടെ ചിത്രം പുറത്തുവിടുന്നു എന്ന്.
നുണ പറയാതെ നുണ പരത്തുന്ന ഈ മാധ്യമതന്ത്രം ഗസ്സ വംശഹത്യക്ക് വലിയ ഊർജം പകർന്നിട്ടുണ്ട്. അതിനു പ്രേരകമായ വംശീയത തന്നെയാണ് സ്വീഡനിലെ സംഭവത്തിൽ ബി.ബി.സിയെയും ആവേശിച്ചത്. വാക്കുകളുടെ തലത്തിലല്ല, ചിത്രങ്ങളുടേതായ തലത്തിലാണ് മാധ്യമങ്ങളുടെ ആശയവിനിമയം ഏറെയും നടക്കുന്നത്. ബി.ബി.സിക്കും മറ്റും അതറിയാം.