രണ്ടു വർഷം പഴകിയ കെട്ടുകഥകൾ വീണ്ടും

പുതിയ പ്യൂ റിസർച് സെന്റർ സർവേ കാണിക്കുന്നത്, ലോകാഭിപ്രായം ഇസ്രായേലിനെതിരായി മാറി എന്നാണ്. സർവേ നടത്തിയ 24 രാജ്യങ്ങളിൽ 20ലും ഭൂരിപക്ഷം ഇസ്രായേലിനെതിരായിരിക്കുന്നു. അമേരിക്കയിൽ അക്കൂട്ടർ 2022ൽ ന്യൂനപക്ഷമായിരുന്നു. 2025ൽ ഭൂരിപക്ഷമായി. ഗസ്സയിൽ കുരുതിക്ക് ശമനമുണ്ടായപ്പോഴും മറ്റൊരായുധം അതിന്റെ ദൗത്യം തുടരുന്നുണ്ട്. ഈ ‘‘യുദ്ധം’’ പടക്കളത്തിലെന്നപോലെ മാധ്യമരംഗത്തും നടക്കുന്നുണ്ട്. മേൽക്കൈ ഇസ്രായേലിനു തന്നെ.ഇസ്രായേലിന്റെ ‘ഹസ്ബറ’ എന്ന പ്രചാരണ പദ്ധതിക്ക് ബജറ്റിൽ ഗണ്യമായ തുക നീക്കിവെക്കാറുണ്ട്. ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ, ലോകതലത്തിൽ അനുകൂലാഭിപ്രായം രൂപപ്പെടുത്താനുദ്ദേശിച്ച് അത്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പുതിയ പ്യൂ റിസർച് സെന്റർ സർവേ കാണിക്കുന്നത്, ലോകാഭിപ്രായം ഇസ്രായേലിനെതിരായി മാറി എന്നാണ്. സർവേ നടത്തിയ 24 രാജ്യങ്ങളിൽ 20ലും ഭൂരിപക്ഷം ഇസ്രായേലിനെതിരായിരിക്കുന്നു. അമേരിക്കയിൽ അക്കൂട്ടർ 2022ൽ ന്യൂനപക്ഷമായിരുന്നു. 2025ൽ ഭൂരിപക്ഷമായി. ഗസ്സയിൽ കുരുതിക്ക് ശമനമുണ്ടായപ്പോഴും മറ്റൊരായുധം അതിന്റെ ദൗത്യം തുടരുന്നുണ്ട്. ഈ ‘‘യുദ്ധം’’ പടക്കളത്തിലെന്നപോലെ മാധ്യമരംഗത്തും നടക്കുന്നുണ്ട്. മേൽക്കൈ ഇസ്രായേലിനു തന്നെ.
ഇസ്രായേലിന്റെ ‘ഹസ്ബറ’ എന്ന പ്രചാരണ പദ്ധതിക്ക് ബജറ്റിൽ ഗണ്യമായ തുക നീക്കിവെക്കാറുണ്ട്. ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ, ലോകതലത്തിൽ അനുകൂലാഭിപ്രായം രൂപപ്പെടുത്താനുദ്ദേശിച്ച് അത് വൻതോതിൽ വർധിപ്പിച്ചു. ഈ വർഷം മാത്രം 15 കോടി ഡോളറാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച അധിക തുക.
പ്രോപഗൻഡയുടെ ഭാഗമായി മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും സ്വാധീനിച്ചു. ഇന്റർനെറ്റ് വഴി വിവരം തേടുന്നവർക്കിടയിൽ ഇസ്രായേൽ അനുകൂല വാദങ്ങൾ പ്രചരിപ്പിക്കാനായി പ്രത്യേക പദ്ധതിയുണ്ട്. ചാറ്റ് ജിപിടിപോലുള്ള എ.ഐ ടൂളുകൾ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് ‘‘പരിശീലന’’വേളയിൽതന്നെ ‘ഫീഡ്’ ചെയ്യാൻ ഏർപ്പാടുണ്ട്. ഇൻഫ്ലുവൻസർമാർക്ക് പോസ്റ്റിന് 7372 ഡോളർ വരെ കൊടുക്കുന്നുണ്ടെത്ര (പ്രഫ. മാർക് ഓവൻ ജോൺസ്, Dysinfluence). ‘‘ബോട്ടു’’കൾക്കും ‘‘സൂപ്പർ ബോട്ടു’’കൾക്കും കരാർ കൊടുത്തു. 80 ലക്ഷം ഡോളർ പരസ്യക്കാർക്ക് വകയിരുത്തി. നാല് വൻകിട പി.ആർ കമ്പനികൾ മുഖേന സർക്കാറുകളെ മുതൽ ‘‘ജൻ-സീ’’ക്കാരെ വരെ ഇസ്രായേലി ഭാഷ്യം പഠിപ്പിക്കുന്നു. ഇതെല്ലാം മാർക് ഓവൻ ജോൺസ്, അമേരിക്കയിൽ ‘േഫാറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട്’ പ്രകാരം ഫയൽ ചെയ്ത ആധികാരിക രേഖകളിൽനിന്നെടുത്തതാണ്.
വലിയ ആഗോള പ്രോപഗൻഡ സംവിധാനത്തിന്റെ അമേരിക്കൻ അറ്റം മാത്രമാണിത്. മറ്റു രാജ്യങ്ങളിലും ഇതെല്ലാം നടക്കുന്നു. എന്നിട്ടോ? സത്യം മറച്ചുവെക്കാൻ സാധിച്ചില്ല. പുതിയ പ്യൂ റിസർച് സെന്റർ സർവേ കാണിക്കുന്നത്, ലോകാഭിപ്രായം കാര്യമായിത്തന്നെ ഇസ്രായേലിനെതിരായി മാറി എന്നാണ്. സർവേ നടത്തിയ 24 രാജ്യങ്ങളിൽ 20ലും ഭൂരിപക്ഷം ഇസ്രായേലിനെതിരായിരിക്കുന്നു. അമേരിക്കയിൽ അക്കൂട്ടർ 2022ൽ ന്യൂനപക്ഷമായിരുന്നു (42 %); 2025ൽ ഭൂരിപക്ഷമായി (53 %). രണ്ടു വർഷംകൊണ്ട് ഇസ്രായേൽ വലിയ വെറുപ്പിന് പാത്രമായിക്കഴിഞ്ഞെന്ന് ഇസ്രായേലി പത്രമായ യദിയോത് അഹ്റനോത്.
പ്രോപഗൻഡ കേമം; പക്ഷേ...
ഇതോടൊപ്പം മറ്റൊന്നുകൂടി സംഭവിച്ചിട്ടുണ്ട്. വംശഹത്യയെ ന്യായീകരിക്കാനായി പ്രചരിപ്പിക്കപ്പെട്ട അനേകം വാർത്തകൾ കള്ളമായിരുന്നു എന്ന് തെളിഞ്ഞു. 2023 ഒക്ടോബർ 7ന് ശേഷം ഇസ്രായേലി സേന ഹമാസിനെതിരായി ഇറക്കിയ 43 വിഡിയോകൾ കഴിഞ്ഞമാസം കുറെ മാധ്യമങ്ങൾ (ഇസ്രായേലിലെ ലോക്കൽ കോൾ, +972 മാഗസിൻ, ഗവേഷണ സംവിധാനമായ വ്യൂ ഫൈൻഡർ, സ്വിസ് മാധ്യമ ശൃംഖല എസ്.ആർ.എഫ്, സ്കോട്ടിഷ് മാധ്യമം ദ ഫെററ്റ് ) പരിശോധിച്ചു. ഇസ്രായേൽ സത്യത്തിനല്ല, പ്രചാരണത്തിനാണ് മുൻഗണന കൊടുത്തത് എന്നവർ കണ്ടെത്തി. പ്രമാദമായ അനേകം വാർത്തകൾ തീർത്തും അവാസ്തവങ്ങളായിരുന്നു.
ഇസ്രായേലി വംശഹത്യയുടെ ഒരു ഭാഗമാണ് ആശുപത്രികൾ ബോംബിട്ടു തകർക്കൽ. അതിനു പറയുന്ന ന്യായം, ആശുപത്രികൾക്കു ചുവട്ടിൽ ഹമാസിന്റെ സൈനിക താവളങ്ങളുണ്ട് എന്നും. ഇത് സ്ഥാപിക്കാൻ ഒരിക്കൽ ഒരു ആശുപത്രി മുറിയിലെ ചുവരിൽ തൂക്കിയ പട്ടിക ചൂണ്ടിക്കാട്ടി ഇസ്രായേലി സൈനികൻ പറഞ്ഞു: കണ്ടില്ലേ, ഹമാസ് സൈനികരുടെ പേരുകളാണിത്. പക്ഷേ, ആഴ്ചയിലെ ദിവസങ്ങളുടെ അറബി പേരുകളായിരുന്നു അത്.
2023 ഒക്ടോബർ 27ന് അവർ ഒരു ഹ്രസ്വ വിഡിയോ പുറത്തുവിട്ടിരുന്നു. അൽശിഫ ഹോസ്പിറ്റലിനു ചുവട്ടിൽ എന്തൊക്കെയുണ്ട് എന്ന് കാണിക്കുന്ന ഒരു ‘ആനിമേഷൻ’. രഹസ്യാന്വേഷകർ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ചതാണത്രെ. ടണലിൽ സൈനിക മുറികളും ഹമാസ് പോരാളികളും. വ്യാജ നിർമിതിയെന്ന് പിന്നീട് തെളിഞ്ഞെങ്കിലും ആ വിഡിയോ പ്രചാരണത്തിന് ഉപകരിച്ചു. യൂട്യൂബ്, എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം തുടങ്ങിയ ഓൺലൈൻ വേദികളിലൂടെ അത് വൻതോതിൽ പ്രചരിപ്പിച്ചു. നെതന്യാഹുവിന്റെ ‘എക്സ്’ അക്കൗണ്ടിൽ മാത്രം അത് നാലേ മുക്കാൽ കോടിയിലധികം പേർ കണ്ടു. രണ്ടാഴ്ച കൊണ്ട് ലോകമാകെ പരകോടികൾ ഹമാസിന്റെ ബങ്കറും മറ്റും
‘‘ആശുപത്രിക്കു ചുവടെ’’ കണ്ടതിന് പിന്നാലെ, ഇസ്രായേൽ അൽ ശിഫ ആക്രമിച്ചു.
വാസ്തവത്തിൽ ഇതിനു മുമ്പ് യു.എൻ ആശ്വാസ ഏജൻസി (UNRWA) നടത്തിവന്ന സ്കൂളുകളും ആശ്വാസകേന്ദ്രങ്ങളും തകർക്കുന്നതിന് പ്രാരംഭമായി ഇതേ ആനിമേഷൻ വിഡിയോ ഇസ്രായേൽ ഇറക്കിയിരുന്നു. പക്ഷേ പിന്നീട് അൽശിഫ വിഡിയോ തയാറാക്കിയപ്പോൾ ഈ ദൃശ്യത്തിലെ ടണലിനുള്ളിലെ തെരുവുകളിൽ വിവിധ ഷോപ്പുകൾ കൂടി ഉൾപ്പെടുത്തിയെന്നു മാത്രം. ഒരേ വിഡിയോ കൊണ്ട് രണ്ട് വ്യാജ കഥകൾ.
കെട്ടുകഥ, അത് സ്ഥാപിക്കാൻ വ്യാജ വിഡിയോ, പ്രചരിപ്പിക്കാൻ പ്രോപഗൻഡ ശൃംഖലയും ആഗോളമാധ്യമങ്ങളും. സൈനിക നീക്കങ്ങൾക്ക് സമാന്തരമായി ഇസ്രായേലിന്റെ പ്രചാരണയന്ത്രവും പ്രവർത്തിച്ചു. പക്ഷേ, കെട്ടുകഥകൾ തകരുക തന്നെ ചെയ്തു.
പഴയ വ്യാജങ്ങൾ റീസൈക്ക്ൾ ചെയ്യുന്നു
സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ഭൂമി ചുറ്റിക്കഴിയുമെന്ന ചൊല്ല് തെറ്റല്ല. ഇസ്രായേൽ ഇറക്കിയ ഡസൻകണക്കിന് കള്ളങ്ങൾ വസ്തുതാ പരിശോധകർ പിന്നീട് ഖണ്ഡിച്ചിട്ടുണ്ട്. എന്നിട്ടും, ഏറ്റവും കടുത്ത (ഒറ്റനോട്ടത്തിൽതന്നെ അവിശ്വസനീയമായ) നുണകൾപോലും മറിച്ചുള്ള സകല തെളിവും അവഗണിച്ച് പൊതുമാധ്യമങ്ങൾ രണ്ടു വർഷങ്ങൾക്കു ശേഷവും ആവർത്തിക്കുന്നു. ഒക്ടോബർ ഏഴിലെ മാതൃഭൂമി, ദീപിക പത്രങ്ങളിൽ ഉദാഹരണമുണ്ട്. ദീപിക പത്രത്തിലെ എഡിറ്റോറിയൽ പേജിൽനിന്ന് ചിലത്:
(1) ‘‘കര, വ്യോമ, കടൽ മാർഗം ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് ഭീകരർ 38 കുട്ടികളടക്കം 1,200ഓളം ഇസ്രയേലികളെയാണ് വധിച്ചത്’’ (ദീപിക)
വസ്തുത: കൊല്ലപ്പെട്ട ഇസ്രായേലികളുടെ എണ്ണം ‘‘1200ഓളം’’ വരില്ല. ഇസ്രായേലി ഔദ്യോഗിക കണക്ക് (Bituah Leumi) പ്രകാരം, ഇസ്രായേലികളും വിദേശികളും (തായ്, നേപ്പാൾ തൊഴിലാളികളും മറ്റും) അടക്കം (ഹമാസുകാർ ഒഴിച്ച്) 1139 പേരാണ് കൊല്ലപ്പെട്ടത്. (ഇതിൽ 373 പേർ ഐ.ഡി.എഫ്, പൊലീസ്, ഷിൻ ബെത്ത് സേനാംഗങ്ങൾ).
ഈ 1139 പേരെ മുഴുവൻ വധിച്ചത് ഹമാസല്ല. ഹമാസിന്റെ ആക്രമണത്തിൽ സിവിലിയൻമാരടക്കം കൊല്ലപ്പെട്ടു എന്നത് ശരിയാണെങ്കിലും കുറെ സൈനികരും സിവിലിയന്മാരും ഇസ്രായേലി സേന ബോധപൂർവം സ്വീകരിച്ച തന്ത്രംമൂലമാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെട്ടിട്ടുണ്ട്. എന്തു വിലകൊടുത്തും ആരെയും ബന്ദിയായി പിടിക്കാൻ ശത്രുവിനെ അനുവദിക്കരുത്; പിടിക്കപ്പെടാൻ ഇടയുള്ള ഇസ്രായേലികളെ വിട്ടുകൊടുക്കുന്നതിനു പകരം കൊല്ലുകയാണ് വേണ്ടത് എന്നതാണീ തന്ത്രം. (ഹാനിബൽ പ്രോട്ടോകോൾ എന്നറിയപ്പെടുന്ന ഇത് 2016ൽ ഇസ്രായേൽ ഉപേക്ഷിച്ചതാണെങ്കിലും ഒക്ടോബർ ഏഴിലെ പരിഭ്രമത്തിൽ അത് നടപ്പാക്കുകയായിരുന്നു.)
ഹആരറ്റ്സ് എന്ന ഇസ്രായേലി പത്രവും യു.എൻ കമീഷനും ഇസ്രായേലിന്റെ കൈകളാലാണ് 14 ഇസ്രായേലി സിവിലിയന്മാർ മരിച്ചതെന്ന് സ്ഥിരീകരിച്ചു. പിന്നീട് നടന്ന അന്വേഷണങ്ങളിൽ, ഇങ്ങനെ കൊല്ലപ്പെട്ട ഇസ്രായേലികൾ നൂറുകണക്കിന് വരും എന്ന് കണ്ടു. ബെയേരി അടക്കമുള്ള കിബുത്സുകളിലും (ഗ്രാമങ്ങൾ) ബന്ദികളെയും കൊണ്ട് ഗസ്സയിലേക്ക് പായുന്ന വാഹനങ്ങൾക്കുമേലും നോവ സംഗീതമേള നടക്കുന്നിടത്തും ഈ തന്ത്രം ഇസ്രായേൽ നടപ്പാക്കി. ഹെലികോപ്ടറുകൾ, ഡ്രോണുകൾ, ടാങ്കുകൾ എല്ലാം അതിനുപയോഗിച്ചു. ഇതിന് ദൃക്സാക്ഷികളുണ്ട്. ഇസ്രായേലിലെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഇക്കൊല്ലം ഫെബ്രുവരിയിൽ ഇസ്രായേലി മാധ്യമമായ ചാനൽ 12ലെ അഭിമുഖത്തിൽ, ഹാനിബൽ പ്രയോഗം നടന്നെന്ന് സമ്മതിക്കുകയുംചെയ്തു. ഇസ്രായേലി പൈലറ്റ് കേണൽ നോഫ് എറെസ് ഹആരറ്റ്സിനോടു പറഞ്ഞത്, ഒക്ടോബർ ഏഴിന് ‘‘കൂട്ട ഹാനിബൽ’’ (‘‘'Mass Hannibal’’) ആയിരുന്നു എന്നാണ്.
(2). [ഹമാസ്] ‘‘കുരുന്നുകളുടെ തലയറത്തു’’ (ദീപിക).
ഇറങ്ങി ദിവസങ്ങൾക്കകം പൊളിഞ്ഞ കെട്ടുകഥ. ഇസ്രായേൽപോലും ഇത് ഇപ്പോൾ പറയാറില്ല. കൊല്ലപ്പെട്ട ഇസ്രായേലി കുട്ടികൾ 36 എന്ന് ഇസ്രായേലി കണക്ക്. ആരും തലയറുക്കപ്പെട്ടവരല്ല. ആ കടുംകൈ നടന്നു എന്നു പറയുന്ന ‘ക്ഫർ അസ’ എന്ന സ്ഥലത്ത് കൊല്ലപ്പെട്ടത് ഒരേയൊരു കുഞ്ഞ്. പരസ്പര വെടിവെപ്പിൽ പെട്ടുപോയതാണത്.
‘‘പെൺകുട്ടികളെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി’’, ‘‘എല്ലാം തുടങ്ങിയത് ഒക്ടോബർ ഏഴിന്’’ തുടങ്ങിയ, തുറന്നുകാട്ടപ്പെട്ട വേറെയും ചില വ്യാജങ്ങൾ ദീപിക ആവർത്തിക്കുന്നു. ഹമാസിനെ ‘‘ഭീകരരെ’’ന്ന് വിളിക്കുന്ന പത്രം, ഇസ്രായേൽ നടത്തുന്നു എന്ന് വ്യക്തമായിട്ടും ‘‘വംശഹത്യ’’ എന്ന വാക്ക് ഉപയോഗിക്കുന്നില്ല. ലോക കോടതിയുടെ അറസ്റ്റ് വാറന്റുള്ള പ്രതിയാണ് നെതന്യാഹു എന്ന് ഒരിടത്തും പറയുന്നില്ല.

