Begin typing your search above and press return to search.

‘ഇരുകാലികൾക്കില്ല നാൽക്കാലികളുടെ അവകാശം’

‘ഇരുകാലികൾക്കില്ല നാൽക്കാലികളുടെ അവകാശം’
cancel

‘‘രണ്ടു കാലിൽ ചലിക്കുന്നതെല്ലാം ശത്രു. നാലു കാലിലോ ചിറകുകൊണ്ടോ ചലിക്കുന്നതെല്ലാം മിത്രം.’’ എൺപത് കൊല്ലം മുമ്പ് ഇംഗ്ലീഷ് നോവലിസ്റ്റ് ജോർജ് ഓർവൽ എഴുതിയ ആനിമൽ ഫാം എന്ന കഥയിൽ, മനുഷ്യനെന്ന ക്രൂരനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം മൃഗങ്ങൾ സ്ഥാപിച്ച മൃഗാധിപത്യത്തിലെ അടിസ്ഥാന കൽപനയാണിത്. മനുഷ്യർ മോശം. മൃഗങ്ങളും പക്ഷികളും നല്ലവർ. നല്ല മുദ്രാവാക്യങ്ങൾ നിർമിക്കാൻ സമർഥരായിരുന്നു ഭരണമേ​റ്റെടുത്ത പന്നികൾ. അവർ ഈ തത്ത്വത്തെ ഇങ്ങനെയൊരു മുദ്രാവാക്യമാക്കി: ‘‘ഇരുകാലി ചീത്ത, നാൽക്കാലി നല്ലത്’’ (Two feet bad, four feet good). മനുഷ്യാധിപത്യത്തിലും ഇതുതന്നെയല്ലേ അവസ്ഥ എന്ന് പരിശോധിക്കുന്നു സയ്യിദ് മുഹമ്മദ് നിസാമുദ്ദീൻ പാഷ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

‘‘രണ്ടു കാലിൽ ചലിക്കുന്നതെല്ലാം ശത്രു. നാലു കാലിലോ ചിറകുകൊണ്ടോ ചലിക്കുന്നതെല്ലാം മിത്രം.’’

എൺപത് കൊല്ലം മുമ്പ് ഇംഗ്ലീഷ് നോവലിസ്റ്റ് ജോർജ് ഓർവൽ എഴുതിയ ആനിമൽ ഫാം എന്ന കഥയിൽ, മനുഷ്യനെന്ന ക്രൂരനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം മൃഗങ്ങൾ സ്ഥാപിച്ച മൃഗാധിപത്യത്തിലെ അടിസ്ഥാന കൽപനയാണിത്. മനുഷ്യർ മോശം. മൃഗങ്ങളും പക്ഷികളും നല്ലവർ.

നല്ല മുദ്രാവാക്യങ്ങൾ നിർമിക്കാൻ സമർഥരായിരുന്നു ഭരണമേ​റ്റെടുത്ത പന്നികൾ. അവർ ഈ തത്ത്വത്തെ ഇങ്ങനെയൊരു മുദ്രാവാക്യമാക്കി: ‘‘ഇരുകാലി ചീത്ത, നാൽക്കാലി നല്ലത്’’ (Two feet bad, four feet good).

മനുഷ്യാധിപത്യത്തിലും ഇതുതന്നെയല്ലേ അവസ്ഥ എന്ന് പരിശോധിക്കുന്നു സയ്യിദ് മുഹമ്മദ് നിസാമുദ്ദീൻ പാഷ (ഔട്ട്‍ലുക് ഓൺലൈൻ, ആഗ. 22). ഡൽഹിയിലെ തെരുവുനായ് പ്രശ്നവും അത് കോടതിയും പൊതുസമൂഹവും മാധ്യമങ്ങളുമെല്ലാം കൈകാര്യംചെയ്ത രീതിയും ഒരുവശത്ത്. നാട്ടിലെ മനുഷ്യാവകാശ-പൗരാവകാശങ്ങൾ കൈകാര്യംചെയ്യുന്ന രീതി മറുവശത്ത്. ഇത് രണ്ടും തട്ടിച്ചുനോക്കു​മ്പോൾ ഇരുകാലികൾ നാൽക്കാലികളേക്കാൾ അധമരെന്ന് വരുന്നില്ലേ? ഡൽഹിയിലെ നായ്ശല്യം പരിഹരിക്കാൻവേണ്ടി ആഗസ്റ്റ് 11ന് സുപ്രീംകോടതി നേരിട്ടിറങ്ങി. വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കി. മുനിസിപ്പൽ അധികൃതർ നായ്ക്കൾക്കായി പ്രത്യേക സംരക്ഷണ-പരിപാലന കേന്ദ്രങ്ങൾ തുടങ്ങണം; സകല തെരുവുനായ്ക്കളെയും അവയിലേക്ക് മാറ്റണം.

വലിയ ബഹളത്തിനാണ് ഈ ഉത്തരവ് വഴിവെച്ചത്. തെരുവുനായ്ക്കളെ കുത്തിവെപ്പുകൾക്കുശേഷം തുറന്നുവിടേണ്ടതാണെന്ന് പറയുന്ന നിലവിലെ നിയമത്തിനെതിരാണ് കോടതിയുത്തരവെന്ന് മൃഗാവകാശ സംഘടനകളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടി. കോലാഹലങ്ങൾക്കിടെ കോടതി പുനഃപരിശോധന ബെഞ്ചിലൂടെ ഉത്തരവ് തിരുത്തി. ഈ കരുതലും പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും ജാഗ്രതയോടെയുള്ള ഇടപെടലും ചൂണ്ടിക്കാട്ടിക്കൊണ്ട് ലേഖകൻ നിസാമുദ്ദീൻ പാഷ, നാട്ടിനകത്ത് തെരുവോരങ്ങളിൽ കഴിയുന്ന മനുഷ്യരായ അഭയാർഥികളോട് നാം സ്വീകരിക്കുന്ന സമീപനം എന്തെന്ന് പരിശോധിക്കുന്നു. നമ്മുടെ നിയമത്തിലും നമ്മുടെ സമൂഹത്തിലും തെരുവുനായ്ക്കൾക്ക് കിട്ടുന്ന നിയമസംരക്ഷണം, സ്വന്തം നാടുകളിൽ വംശഹത്യയിൽനിന്ന് രക്ഷതേടിയെത്തുന്ന മനുഷ്യർക്ക് കിട്ടുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ (1960)ത്തിൽ 2023ൽ കൂട്ടിച്ചേർത്ത 11ാം ചട്ടം മാത്രം നോക്കിയാൽതന്നെ നായ്ക്കളോടുള്ള കരുതലിന്റെ വ്യാപ്തിയും സൂക്ഷ്മതയും ബോധ്യപ്പെടും. ആറുമാസത്തിൽ കുറഞ്ഞ നായ്ക്കുട്ടികളെ പിടിക്കുമ്പോൾ ജനനനിയന്ത്രണ കേന്ദ്രങ്ങളിലെ സൗകര്യത്തിനനുസൃതമായ എണ്ണമേ പാടുള്ളൂ; കുഞ്ഞുങ്ങളുള്ള പട്ടികളെ പിടികൂടിക്കൂടാ; ഒരേ പ്രദേശത്തുനിന്നുള്ള നായ്ക്കളെ ഒരുമിച്ച് പാർപ്പിക്കും; കുത്തിവെപ്പ് കഴിഞ്ഞ് സുഖം പ്രാപിക്കുന്നതോടെ, അതത് പ്രദേശങ്ങളിൽ തന്നെ തിരിച്ചെത്തിക്കും –ഇങ്ങനെ പോകുന്നു ചട്ടങ്ങൾ. നായ്ക്കളെ തീറ്റുന്നതിന്റെ ഉത്തരവാദിത്തം ആർക്കെല്ലാമെന്ന് ചട്ടം വ്യക്തമാക്കുന്നുണ്ട്. ഈ ചട്ടങ്ങൾക്കെതിരെ വിലയിരുത്തപ്പെട്ട ​കോടതി ഉത്തരവ് അതിവേഗം മാ​റ്റേണ്ടിവന്നു. അഭയാർഥികളായ മനുഷ്യരുടെ കാര്യത്തിലോ? അഭയാർഥികളുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ കോടതികളോട് ആവർത്തിച്ചാവർത്തിച്ച് പറയാറുള്ളത്, അവരെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങൾക്കില്ല എന്നാണ്. അഭയാർഥികളെ സംരക്ഷിക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന 1951ലെ ജനീവ ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലാത്തതുകൊണ്ട് ഉത്തരവാദിത്തമില്ലത്രെ.

അങ്ങനെയാണെങ്കിൽപോലും അഭയാർഥികളോടുള്ള മാനുഷികമായ കരുതൽ നിർബന്ധമാക്കുന്ന അന്താരാഷ്ട്ര മര്യാദകളും കീഴ്വഴക്കങ്ങളും മാത്രമല്ല, നിയമങ്ങളുമുണ്ട്. സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം (1948), രാഷ്ട്രീയ-പൗരാവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (1966) എന്നിവയിൽനിന്ന് ഇന്ത്യ ഒഴിവല്ല; അവയിൽ അഭയാർഥികളുടെ സംരക്ഷണക്കാര്യം പറയുന്നുണ്ട്. എന്നാൽ, മനുഷ്യർക്കു നൽകേണ്ട മാനുഷികമായ അത്തരം കരുതലുകൾ ഈ പ്രമാണങ്ങൾ പ്രകാരംപോലും ബാധകമല്ലെന്ന വാദമാണ് സർക്കാർ കോടതികളിൽ ഉന്നയിക്കുന്നത്. വിദേശികൾക്കായുള്ള നിയമം (1946) മനുഷ്യാവകാശ നിഷേധത്തിനുള്ള ന്യായമായി ഉപയോഗിക്കപ്പെടുന്നു. വിദേശികൾക്ക് ഭക്ഷണശാലകളിൽ പ്രവേശനം വിലക്കാനുള്ള വ്യവസ്ഥ വരെ അതിലുണ്ട്. അഭയാർഥികൾക്ക് അവശ്യസംരക്ഷണം നൽകാനുള്ള ഹരജികളിൽ ​കോടതികൾ സ്വീകരിച്ചുപോന്ന ഉദാസീന നിലപാട് ലേഖകൻ പരിശോധിക്കുന്നു. നായ്ക്കൾക്ക് നൽകിയ പരിഗണന മനുഷ്യർക്ക് നൽകിയില്ല എന്നാണദ്ദേഹം ക​​ണ്ടെത്തുന്നത്. (www.outlookindia.com)

സർക്കാറും ജുഡീഷ്യറിയും മാത്രമല്ല മാധ്യമങ്ങളും ‘‘ഇരുകാലി മോശം’’ എന്ന പക്ഷത്താണ്. യുദ്ധമേഖലകളിൽ കൊല്ലപ്പെടുന്ന മനുഷ്യർ വെറും സ്ഥിതിവിവരക്കണക്കാണ്; എന്നാൽ അവിടെ രക്ഷിക്കപ്പെടുന്ന മൃഗങ്ങൾ വലിയ വാർത്തയാകും. കഴിഞ്ഞവർഷം യുദ്ധമുഖത്തുനിന്ന് രക്ഷപ്പെടുത്തപ്പെട്ട ഒരു നായെപ്പറ്റി ‘എക്സി’ൽ വന്ന പോസ്റ്റ് പത്തു ലക്ഷം പേർ കണ്ടു. ഈ ആഗസ്റ്റിൽ Martyrs of Gaza എന്ന അക്കൗണ്ടിൽ ഹാമിദ് അശ് ശൂർ കുറിച്ചു: ‘‘കഴിഞ്ഞവർഷം ഞാനെന്റെ നായെപ്പറ്റി എഴുതി. അത് ​വൈറലായി. വിദേശ മൃഗസംരക്ഷക സംഘങ്ങൾ എന്നെ വിളിച്ചു. അവർക്ക് നായ് എവിടെയുണ്ട് എന്നറിയണം, അതിനെ കാണണം. എന്നെപ്പറ്റി ആരും ചോദിച്ചില്ല.’’

ഇന്ത്യയിൽ കഴിഞ്ഞവർഷം ഒരു തെരുവുപട്ടിക്കായി നടന്ന ഓൺലൈൻ കാംപെയിൻ ഒരു കോടി പേർ വീക്ഷിച്ചു. എന്നാൽ അഴുക്കുചാലുകളിൽ ദാരുണമായി മരിക്കുന്ന മനുഷ്യ​രെപ്പറ്റിയുള്ള പോസ്റ്റുകൾക്ക് വളരെ കുറ​ച്ചേ കാഴ്ചക്കാരുള്ളൂ. ഒരു യു.എൻ കണക്കനുസരിച്ച്, 2023ൽ മൃഗക്ഷേമ പരിപാടികൾക്കായി സഹസ്രകോടികൾ ചെലവഴിക്കപ്പെട്ടു– അമേരിക്കൻ സന്നദ്ധസംഘടനകൾ മാത്രം കൊടുത്തത് 120 കോടി ഡോളർ. എന്നാൽ യമനിലെ (മനുഷ്യരുടെ) പട്ടിണിമാറ്റാനുള്ള പദ്ധതികൾക്ക് ആവശ്യത്തിലും 270 കോടി ഡോളർ കുറവാണ് ലഭിച്ചത്. അതെ, നാൽക്കാലി നന്ന്, ഇരുകാലിയെക്കാൾ.

ഹസ്ബറ ട്രാക്കർ

ഗസ്സയിൽ വംശഹത്യക്ക് കൂട്ടായി മാധ്യമപ്രവർത്തകരുടെ ഹത്യയും ഇസ്രായേൽ തുടരുന്നു. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇല്ലാതാക്ക​പ്പെടേണ്ടത്, ലോകം സത്യമെന്തെന്ന് അറിയരുതെന്ന് നിർബന്ധമുള്ളവരുടെ ആവശ്യമാണല്ലോ.

ഫലസ്തീനി ശബ്ദങ്ങൾ ഓരോന്നായും കൂട്ടായും നിശ്ശബ്ദമാക്ക​പ്പെടുന്നതു മാത്രമല്ല ഇസ്രായേലിന്റെ പ്രചാരണയന്ത്രത്തിന്റെ പ്രവർത്തനരീതി. ‘ഹസ്ബറ’ എന്ന ​​േപ്രാപഗൻഡ തന്ത്രം വമ്പിച്ച നുണപ്രചാരണത്തിനുള്ള സംവിധാനമാണ്. വലിയ മുതലിറക്കും മുഖ്യധാരാ മാധ്യമങ്ങളിലൂടെ വമ്പിച്ച പ്രചാരണ ശൃംഖലയുമുള്ള സംവിധാനം.

പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങൾ സയണിസ്റ്റ് വ്യാജങ്ങൾ ഏറ്റെടുത്ത് ലോകമെങ്ങും പരത്തുമ്പോൾ ആ വ്യാജങ്ങൾ പൊളിച്ചുകാട്ടുന്ന കുറെ സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളും രംഗത്തുണ്ട്. സെറ്റേയോ, പാലസ്റ്റൈൻ ​ക്രോണിക്ൾ, ഇഫ് അമേരിക്കൻസ് ന്യൂ, ഡെമോക്രസി നൗ, ഡ്രോപ്സൈറ്റ് ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളും കെയ്റ്റ്ലിൻ ജോൺസ്റ്റൺ, അലൻ മക്‍ലിയാഡ്, റിച്ചഡ് മെഡ്ഹേഴ്സ്റ്റ്, അസൽ റാദ്, ജാക്സൺ ഫ്രാങ്ക്, മൈക്കൽ ഐസൺ തുടങ്ങിയ മാധ്യമപ്രവർത്തകരും ഉദാഹരണം.

2023ൽ ഗസ്സ വംശഹത്യക്ക് തുടക്കമിട്ടതിനുശേഷം ഇസ്രായേൽ വൻകിട മാധ്യമങ്ങൾ വഴി പരത്തിയ വ്യാജകഥകൾ പലതും ഫലംചെയ്യാതെ പോയെങ്കിൽ അതിനു കാരണം ഇത്തരം സമാന്തര മാധ്യമങ്ങൾ നടത്തിയ വസ്തുതാ പരിശോധനകളാണ്.

ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് ‘ഹസ്ബറ ​ട്രാക്കർ’ എന്ന ഓൺലൈൻ വേദി. ഫലസ്തീനി-ആസ്ട്രേലിയൻ ജേണലിസ്റ്റ് ജനീൻ ഖാലിഖ് ആണ് ഇതിന്റെ സ്ഥാപക. ആസ്ട്രേലിയയിലെ എ.ബി.സി ചാനലിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട് അവർ. ഇപ്പോൾ ഇസ്രായേലി പ്രചാരണങ്ങളെ ഫാക്ട്ചെക്ക് ചെയ്ത്, വസ്തുതാപരമായി പൊളിച്ചുകാട്ടുന്ന ജോലികൂടി, മറ്റു മാധ്യമ പ്രവർത്തനങ്ങൾക്കൊപ്പം, അവർ ചെയ്യുന്നു.

ഫലസ്തീനി തടവുകാരെ മർദിക്കുകയും അപമാനിക്കുകയുംചെയ്യുന്ന ഇസ്രാ യേൽ അതിനെല്ലാം പലതരം ന്യായങ്ങൾ പറയാറുണ്ട്. ഒരിക്കൽ അവരെ വിവസ്ത്രരാക്കി നിർത്തിയ ഫോട്ടോ പുറത്തുവന്നപ്പോൾ ഇസ്രായേലി മുൻ അംബാസഡർ മാർക് റെഗെവ് പറഞ്ഞത്, വലിയ ചൂടുകാരണം തടവുകാർക്ക് ആശ്വാസം കിട്ടാനാണ് അങ്ങനെ ചെയ്തതെന്നാണ്.

2023 ഒക്ടോബറിൽ ഹമാസ് 40 കുഞ്ഞുങ്ങളുടെ തലയറുത്തു എന്നത് മറ്റൊരു കഥ. അൽ അഹ്‍ലി ആശുപത്രിക്ക് ബോംബിട്ട ഇസ്രായേൽ, അത് ഫലസ്തീൻകാരാണ് ചെയ്തതെന്ന് പറഞ്ഞു. അൽശിഫ ആശുപത്രിയിൽ ഇന്ധനം കിട്ടാതായപ്പോഴും ഹമാസ് ഇന്ധനമെത്തിക്കാൻ സമ്മതിക്കാത്തതുകൊണ്ട് എന്ന് വാദിച്ചു. ഗസ്സക്കാർ പരിക്കേറ്റ് കിടക്കുന്ന പടങ്ങൾ മെയ്ക്കപ്പ് ഉപയോഗിച്ചുണ്ടാക്കുന്നതാണെന്ന് പ്രചരിപ്പിച്ചു. ഇങ്ങനെ അനേകം കള്ളങ്ങൾ ആഗോള മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അവയിൽ കുറെയെണ്ണം ജനീന്റെ ഹസ്ബറ ട്രാക്കർ വസ്തുനിഷ്ഠമായി പൊളിച്ചിട്ടുണ്ട്. സത്യം കേൾപ്പിക്കാതിരിക്കാനും കള്ളം പ്രചരിപ്പിക്കാനും ഇസ്രായേൽ ആവുന്നത്ര ശ്രമിക്കുമ്പോൾ മറുപക്ഷം പറയുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമാണ് ചരിത്രത്തിന്റെ ‘ശരിപക്ഷ’മായി നിൽക്കുന്നത്.


News Summary - gaza genoside-media scan