Begin typing your search above and press return to search.

‘നിങ്ങളീ പാതകത്തിൽ പങ്കാളിയാണ്’

‘നിങ്ങളീ പാതകത്തിൽ പങ്കാളിയാണ്’
cancel

വാർത്താ മാധ്യമങ്ങൾ സ്വയം വാർത്തയാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ, അത്തരം വാർത്തകൾ വലിയ പൊതുശ്രദ്ധ നേടാറുണ്ട്. അതിനു ഭാഗ്യം കിട്ടാത്ത ഒരു വാർത്തയെപ്പറ്റിയാണിത്. ബി.ബി.സിക്കെതിരെ ഒരു റിപ്പോർട്ട്, അതിനെപ്പറ്റി ബ്രിട്ടീഷ് പാർലമെന്റിൽ ഗൗരവപ്പെട്ട അനൗ​േദ്യാഗിക ചർച്ച. ‘ബി.ബി.സി പ്രതിക്കൂട്ടിൽ’ എന്ന തലക്കെട്ടിൽ വരാമായിരുന്ന ഈ സംഭവമാണ് വാർത്തയാകാതെ പോയത്. പൊതുപണംകൊണ്ട് നടത്തപ്പെടുന്ന സ്ഥാപനമെന്ന നിലക്ക് ബി.ബി.സി ബ്രിട്ടനിലെ ജനങ്ങളോടും പാർലമെന്റിനോടും മറുപടി പറയാൻ ബാധ്യസ്ഥരാണ്. അതുകൊണ്ട്, ബി.ബി.സിയുടെ ഇസ്രായേലനുകൂല നിലപാട് വിശദീകരിക്കുന്ന ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകൃതമായപ്പോൾ അത്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

വാർത്താ മാധ്യമങ്ങൾ സ്വയം വാർത്തയാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ, അത്തരം വാർത്തകൾ വലിയ പൊതുശ്രദ്ധ നേടാറുണ്ട്. അതിനു ഭാഗ്യം കിട്ടാത്ത ഒരു വാർത്തയെപ്പറ്റിയാണിത്. ബി.ബി.സിക്കെതിരെ ഒരു റിപ്പോർട്ട്, അതിനെപ്പറ്റി ബ്രിട്ടീഷ് പാർലമെന്റിൽ ഗൗരവപ്പെട്ട അനൗ​േദ്യാഗിക ചർച്ച. ‘ബി.ബി.സി പ്രതിക്കൂട്ടിൽ’ എന്ന തലക്കെട്ടിൽ വരാമായിരുന്ന ഈ സംഭവമാണ് വാർത്തയാകാതെ പോയത്. പൊതുപണംകൊണ്ട് നടത്തപ്പെടുന്ന സ്ഥാപനമെന്ന നിലക്ക് ബി.ബി.സി ബ്രിട്ടനിലെ ജനങ്ങളോടും പാർലമെന്റിനോടും മറുപടി പറയാൻ ബാധ്യസ്ഥരാണ്. അതുകൊണ്ട്, ബി.ബി.സിയുടെ ഇസ്രായേലനുകൂല നിലപാട് വിശദീകരിക്കുന്ന ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകൃതമായപ്പോൾ അത് പാർലമെന്റിലെ പ്രത്യേക ചർച്ചക്ക് വിഷയമായി.

ജൂൺ 16നാണ് ‘സെന്റർ ഫോർ മീഡിയ മോണിറ്ററിങ്’ (സി.എഫ്.എം.എം) എന്ന സ്ഥാപനം 188 പേജുള്ള സമഗ്ര റിപ്പോർട്ട് പുറത്തിറക്കുന്നത്. 2023 ഒക്ടോബർ 7 മുതൽ 2024 ഒക്ടോബർ 6 വരെയുള്ള ഒരു വർഷം ബി.ബി.സി ഇസ്രായേലിന്റെ ഗസ്സ കുരുതി റിപ്പോർട്ട് ചെയ്ത രീതിയും അതിലെ പക്ഷപാതിത്വവും പോരായ്മകളുമാണ് സി.എഫ്.എം.എം പരിശോധിച്ചത്. അതിനുവേണ്ടി ബി.ബി.സി പ്രസിദ്ധപ്പെടുത്തിയ 3873 റിപ്പോർട്ടുകളും 32,092 പ്രക്ഷേപണ-സംപ്രേഷണ ഭാഗങ്ങളും പരിശോധിച്ചു. ഗുരുതരമായ, ബോധപൂർവമായ ഏകപക്ഷീയതയാണ് പഠനത്തിൽ തെളിഞ്ഞുകണ്ടത്. റിപ്പോർട്ട് ഇറങ്ങിയതിന്റെ പിറ്റേന്ന്, ജൂൺ 17ന്, ബ്രിട്ടീഷ് പാർലമെന്റിലെ ജനകീയ സഭയായ ഹൗസ് ഓഫ് കോമൺസിൽ ഈ റിപ്പോർട്ടിന്മേൽ ചർച്ച നടന്നു.

പാർലമെന്റിന്റെ ഔപചാരിക സമ്മേളനത്തിൽപെടില്ലെങ്കിലും ജനപ്രതിനിധികൾക്കും മറ്റുള്ളവർക്കും ചോദ്യങ്ങളുന്നയിക്കാൻ ഇത്തരം ചർച്ചകൾ വേദിയാകാറുണ്ട്. സി.എഫ്.എം.എം ഡയറക്ടറും ബി.ബി.സിയിലെ മുൻ ജേണലിസ്റ്റുമായ റിസ്‍വാന ഹാമിദാണ് പഠനറിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചത്. ആൻഡി മക്ഡോണൾഡ് എം.പി, ക്രിസ്ഡോയ്ൽ, ബി.ബി.സി ന്യൂസ് ഡയറക്ടർ റിച്ചഡ് ബർഗസ്, ബ്രിട്ടനിലെ ഫലസ്തീൻ അംബാസഡർ ഹുസാം സോംലോട്ട്, ബി.ബി.സിയുടെ പ്രത്യക്ഷ പക്ഷപാതിത്വത്തിൽ പ്രതിഷേധിച്ച് അതിൽനിന്ന് രാജിവെച്ച കരിഷ്മ പട്ടേൽ, ജേണലിസ്റ്റും ഗ്രന്ഥകാരനുമായ പീറ്റർ ഓബോൺ, പ്രഭുസഭയിലെ അംഗവും രാഷ്ട്രീയ നേതാവുമായ സഈദ വാർസി എന്നിവർ യോഗത്തിൽ പ്രസംഗിച്ചവരിൽപെടും.

റിപ്പോർട്ടിൽ ചേർത്ത തെളിവുകളും കണക്കും ഉദ്ധരിച്ച് രൂക്ഷമായ വിമർശനമാണ് ബി.ബി.സി വാർത്താ ഡയറക്ടർക്ക് നേരിടേണ്ടിവന്നത്. അതിന് ഫലപ്രദമായി മറുപടി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞുമില്ല.

ഏറ്റവും മൂർച്ചയേറിയ വിമർശനം ഉയർത്തിയത്, ലണ്ടൻ ടെലിഗ്രാഫിലും മറ്റും പ്രവർത്തിച്ചിരുന്ന പരിചയസമ്പന്നനായ വിഖ്യാത ജേണലിസ്റ്റ് പീറ്റർ ഓബോണായിരുന്നു.

യോഗത്തിലുണ്ടായിരുന്ന ബി.ബി.സി വാർത്ത ഡയറക്ടർ ബർഗസിനോട് നേരിട്ടായിരുന്നു അദ്ദേഹത്തിന്റെ അക്കമിട്ടുള്ള ചോദ്യങ്ങൾ:

– ഇസ്രായേലി സേനയുടെ ‘ഹാനിബൽ പ്രമാണ’മനുസരിച്ച് അവർതന്നെയാണ് അനേകം ഇസ്രായേലി പൗരന്മാരെ അടക്കം ഒക്ടോബർ 7ന് കൊന്നത്. ഹആരറ്റ്സ്, യദിതോത് അഹ്റോനോത് എന്നീ ഇസ്രായേലി മാധ്യമങ്ങളും എ.ബി.സി ന്യൂസ് പോലുള്ള മറ്റു മാധ്യമങ്ങളും അത് പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്തിട്ടും ബി.ബി.സി എന്തുകൊണ്ട് അത് മറച്ചുവെച്ച് സമൂഹത്തിന് തെറ്റായ ധാരണ നൽകി?

– ഒരു ജനതയെ ഭയപ്പെടുത്തി കീഴടക്കാൻവേണ്ടി സിവിലിയൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയെന്ന യുദ്ധക്കുറ്റം ചെയ്യാൻ സൈന്യത്തിന് അനുവാദം നൽകുന്ന ഇസ്രായേലിന്റെ ‘ദാഹിയ പ്രമാണ’ത്തെപ്പറ്റി ബി.ബി.സി കാര്യമായി പറയാഞ്ഞതെന്തുകൊണ്ട്? ഗസ്സയിൽ ഇസ്രായേൽ ചെയ്യുന്നത് മനസ്സിലാക്കാൻ ഈ അറിവ് അത്യാവശ്യമായിരിക്കെ അക്കാര്യം ബോധപൂർവം മറച്ചുപിടിക്കുകയാണ് ചെയ്തത് –ഒരൊറ്റ തവണ ആ പേര് പരാമർശിച്ചുപോയെന്നു മാത്രം.

– ചർച്ചകളിൽ പ​ങ്കെടുത്തവർ വംശഹത്യ (ജനസൈഡ്) എന്ന് പറഞ്ഞപ്പോഴൊക്കെ ബി.ബി.സി അത് ഇടപെട്ട് ഒഴിവാക്കി –നൂറിലേറെ തവണ.

– ഇസ്രായേലിലെ ഉന്നത നേതാക്കൾ പലതവണ വംശഹത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രസ്താവിച്ചതാണ്. നെതന്യാഹുവിന്റെ തുറന്ന പ്രഖ്യാപനമടക്കം റിപ്പോർട്ട് ചെയ്യാൻ ബി.ബി.സി തയാറാകാതിരുന്നതെന്തുകൊണ്ട്?

– ഇസ്രായേലിന്റെ പാതകങ്ങൾ ന്യായീകരിക്കാൻ പാകത്തിൽ ആ പക്ഷക്കാരെ തേടിപ്പിടിച്ച് ചർച്ചക്കിരുത്തിയ ബി.ബി.സി, തൊട്ടടുത്ത് ഓക്സ്ഫഡിൽ പ്രഫസറും ബ്രിട്ടീഷ് ജൂതനും സ്വതന്ത്ര ചിന്താഗതിക്കാരനുമായ അവി ഷ്ളെയിമിനെ ഒരിക്കൽപോലും ക്ഷണിക്കാഞ്ഞതെന്ത്?

ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ ബർഗസിന് കഴിഞ്ഞില്ല. ബ്രിട്ടീഷ് ചാരവിമാനങ്ങൾ ഗസ്സക്കുമേൽ ഇസ്രായേലിനുവേണ്ടി വിട്ടുകൊടുത്തതിനെപ്പറ്റി ബ്രിട്ടീഷ് ജനതയോട് ബി.ബി.സി പറയേണ്ടതായിരുന്നില്ലേ എന്ന് മറ്റൊരു ജേണലിസ്റ്റ് (ഹംസ യൂസുഫ്, ഡീക്ലാസിഫൈഡ്) ചോദിച്ചപ്പോൾ ബർഗസിന്റെ മറുപടി, ‘‘ബ്രിട്ടന്റെ ചെയ്തികളെപ്പറ്റി വല്ലാതെ പറയേണ്ടതില്ല’’ എന്നായിരുന്നു.

സി.എഫ്.എം.എമ്മിന്റെ പഠനറിപ്പോർട്ടിൽ (BBC on Gaza-Israel: One Story, Double Standards) ഞെട്ടിക്കുന്ന ഒരുപാട് വിവരങ്ങളുണ്ട്. പീറ്റർ ഓബോൺ അതുകൊണ്ടാണ് ബർഗസിന്റെ മുഖത്തുനോക്കി പറഞ്ഞത്: ‘‘നിങ്ങൾ ഈ കുറ്റത്തിൽ പങ്കാളിയാണ്.’’

പഠനറിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ: ഇസ്രായേൽ ഫലസ്തീൻ ഭൂമി നിയമവിരുദ്ധമായി കൈയേറിയതാണെന്ന വിവരം ബി.ബി.സി ലേഖനങ്ങളുടെ 0.05 ശതമാനത്തിലേ ഉള്ളൂ. വിവിധ ചർച്ചകളിൽ, 38 തവണ ഹമാസിനെ അപലപിക്കാൻ അതിഥികളോടാവശ്യപ്പെട്ട ബി.ബി.സി അവതാരകർ ഒരു തവണപോലും ഇസ്രായേലിന്റെ കുരുതിയെ അപലപിക്കാൻ ആവശ്യപ്പെട്ടില്ല; ചർച്ചക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ, ഫലസ്തീൻകാരുടെ ഇരട്ടിയിലധികമുണ്ടായിരുന്നു ഇസ്രായേലികൾ; ഭാഷയിലെ വിവേചനങ്ങൾക്കുമുണ്ട് അനേകം ഉദാഹരണങ്ങൾ; ബി.ബി.സി തന്നെ നിർമിച്ച ‘How to Survive a Warzone’ എന്ന ഡോക്യുമെന്ററി അവർ പിൻവലിച്ചത്, അതിൽ ഹമാസ് സർക്കാറിലെ ഉദ്യോഗസ്ഥന്റെ മകനെ കാണിക്കുന്നുണ്ട് എന്നുപറഞ്ഞാണ്. ഇപ്പോൾ ‘Gaza: Medics Under Fire’ എന്ന മറ്റൊരു ഡോക്യുമെന്ററി ഒരു കാരണവും പറയാതെ പിടിച്ചുവെച്ചിരിക്കുന്നു... ഇസ്രായേലി ചായ്വു കാരണം സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ കൂട്ടത്തിൽ ബി.ബി.സിയും സ്വന്തം സ്ഥാനം ഉറപ്പുവരുത്തിയിരിക്കുന്നു.

കെട്ടുകൾ, തലക്കെട്ടുകൾ

നിലമ്പൂരിൽ പാർട്ടിക്കാരും ഉദ്യോഗസ്ഥരും വോട്ടെണ്ണിത്തീരുമ്പോഴേക്കും വാർത്താ ഡെസ്കുകളിൽ മറ്റൊരു മഹായജ്ഞം നടക്കുന്നുണ്ടായിരുന്നു. ഫലം വരുമ്പോൾ അതിന് പറ്റിയ തലക്കെട്ട് കണ്ടുപിടിക്കണം. വാർത്താ ചാനലുകളെപ്പോലെ പത്രങ്ങൾക്കും അത് നിർബന്ധമാണ്.പത്രങ്ങളുടെ കഷ്ടപ്പാട് ചെറുതല്ല. വാർത്തയും വിശേഷങ്ങളുമെല്ലാം നേരത്തേ അറിഞ്ഞുകഴിഞ്ഞ വായനക്കാർക്ക് മുന്നിലാണ് അതെല്ലാം അവതരിപ്പിക്കേണ്ടത്. അതുകൊണ്ട്, നേർക്കുനേരെ കാര്യം പറയുന്ന തലക്കെട്ടുകൾ വർജ്യമാണ്. ഉള്ളടക്കവുമായി പരമാവധി അകലം പാലിക്കുന്ന തലക്കെട്ടുകൾക്കുവേണ്ടിയാണ് ഡെസ്കുകളിലെ അന്വേഷണം. വിഷയവുമായി എത്ര ദൂര​ത്താണോ അത്രയും നല്ലത്. ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് ശമനമില്ലെങ്കിൽ അത് അങ്ങനെ പറയരുത്; ‘‘അടി ‘തുടരും’ ’’ (മംഗളം) എന്നുവേണം പറയാൻ.

ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും നേർക്കുനേരെ പറഞ്ഞുകൂടാ. ഇത്തിരി ഭാവന, ഇത്തരി നർമം, കുറേ കുസൃതി തുടങ്ങിയവ ചേരുംപടി ​ചേർത്തുവേണം അത് വേവിച്ചെടുക്കാൻ. അങ്ങനെ തയാറാക്കിയ ചില ഇനങ്ങൾ താഴെ (ജൂൺ 24ലെ പത്രങ്ങൾ):

‘‘കൈനേട്ടം’’ (കൈ, കൈനീട്ടം –കേരള കൗമുദി)

‘‘ഐക്യമുന്നണിയോളം’’ (മുന്നണിയും ഓളവും –മാധ്യമം)

‘‘ആര്യാ ‘ഡൺ’ ’’ (മംഗളം)

‘‘കൈപ്പിടിയിൽ’’ (സിറാജ്)

‘‘നിലമ്പൂരിൽ യു.ഡി.എഫിന്റെ ബങ്കർ ​ബസ്റ്റർ’’ (ചന്ദ്രിക)

‘‘ആറാടി ആര്യാടൻ’’ (മാതൃഭൂമി)

‘‘ഷൗക്കത്ത്’’ (ഹൃദയചിഹ്നത്തോടെ, മലയാള മനോരമ)

അതാണ് തലക്കെട്ടിലെ കെട്ട്. സാക്ഷാൽ യുദ്ധം ‘അടിതുടരും’ എന്നതിലേക്ക് ചുരുങ്ങും; തെരഞ്ഞെടുപ്പ് പോരാട്ടം ‘ബങ്കർ ബസ്റ്റർ’ എന്ന യുദ്ധപദാവലിയിലേക്ക് ഉയരും. നേർക്കുനേരെ പറയരുത് എന്നേയുള്ളൂ.


News Summary - Israel's Gaza Strip