ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തുവരുന്നു സത്യം

ഏപ്രിൽ 6ലെ (ചില) പത്രങ്ങളിൽ അപ്രധാനമായ ഒരു വാർത്തയായി ഇങ്ങനെെയാന്ന് ഉണ്ടായിരുന്നു: ‘‘ഗസ്സ ജീവകാരുണ്യപ്രവർത്തകരുടെ വധം: വിഡിയോ പുറത്ത്.’’ അസംഖ്യം നുണകൾ ഇസ്രായേൽ പരത്തിയിട്ടുണ്ട്. അവയിൽ ഒട്ടെല്ലാംതന്നെ വിശ്വസനീയമായി ഖണ്ഡിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആ നുണകൾ ആവർത്തിച്ചുകൊണ്ടിരുന്നവർ തന്നെ ഒടുവിൽ ഇസ്രായേലിന്റെ കള്ളത്തരം തുറന്നു സമ്മതിക്കേണ്ടിവന്നു എന്നതാണ് മുകളിലെ ‘ചെറു’വാർത്തയുടെ പ്രാധാന്യം. റഫായിൽ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേൽ തുരുതുരാ ബോംബിട്ടു. മാർച്ച് 23ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനായി റെഡ്ക്രസന്റ് ഓഫിസിലേക്ക് വിളികളെത്തി. 15 പേർ അഞ്ച്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഏപ്രിൽ 6ലെ (ചില) പത്രങ്ങളിൽ അപ്രധാനമായ ഒരു വാർത്തയായി ഇങ്ങനെെയാന്ന് ഉണ്ടായിരുന്നു: ‘‘ഗസ്സ ജീവകാരുണ്യപ്രവർത്തകരുടെ വധം: വിഡിയോ പുറത്ത്.’’
അസംഖ്യം നുണകൾ ഇസ്രായേൽ പരത്തിയിട്ടുണ്ട്. അവയിൽ ഒട്ടെല്ലാംതന്നെ വിശ്വസനീയമായി ഖണ്ഡിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആ നുണകൾ ആവർത്തിച്ചുകൊണ്ടിരുന്നവർ തന്നെ ഒടുവിൽ ഇസ്രായേലിന്റെ കള്ളത്തരം തുറന്നു സമ്മതിക്കേണ്ടിവന്നു എന്നതാണ് മുകളിലെ ‘ചെറു’വാർത്തയുടെ പ്രാധാന്യം.
റഫായിൽ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേൽ തുരുതുരാ ബോംബിട്ടു. മാർച്ച് 23ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനായി റെഡ്ക്രസന്റ് ഓഫിസിലേക്ക് വിളികളെത്തി. 15 പേർ അഞ്ച് ആംബുലൻസുകളുമായി കുതിച്ചു ചെല്ലുന്നു. ഒപ്പം ഒരു യു.എൻ രക്ഷാവാഹനവും അഗ്നിശമന വാഹനവുമുണ്ട്.
പക്ഷേ, പിന്നെ അവരെ കാണാതായി. യു.എന്നും റെഡ്ക്രസന്റും അന്വേഷിക്കാനിറങ്ങി. അഞ്ചു ദിവസം കഴിഞ്ഞ്, ഇസ്രായേൽ സൈന്യം കാണിച്ചുകൊടുത്ത സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ, കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഏഴ് വാഹനങ്ങളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
‘കുഴിച്ചുമൂടിയ’ സത്യം എത്ര ഭീകരമാണെന്ന് അപ്പോഴും വ്യക്തമായിരുന്നില്ല. ഇസ്രായേലി വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: ഇസ്രായേൽ സേന ഒരു ആംബുലൻസും ആക്രമിച്ചിട്ടില്ല. ആരോഗ്യപ്രവർത്തകരെ വധിച്ചിട്ടില്ല. ഹെഡ് ലൈറ്റും എമർജൻസി ലൈറ്റുമിടാതെവന്ന ഏതോ വാഹനങ്ങളിൽ ഭീകരരാകുമെന്ന ധാരണയിൽ വെടിവെച്ചതാണ്.
അങ്ങനെയല്ലെന്ന് ആർക്ക് വാദിക്കാനാകും? തെളിവെങ്ങനെ കിട്ടും? പക്ഷേ, ഇസ്രായേലിന്റെ ഈ കള്ളം പൊളിച്ച്, അവരുടെ ഏറ്റവും വലിയ യുദ്ധക്കുറ്റങ്ങളിലൊന്ന് വെളിപ്പെടുത്താൻ പാകത്തിൽ വിധി നിർണായക തെളിവ് കരുതിവെച്ചിരുന്നു.
ബുൾഡോസർകൊണ്ട് ആഴത്തിൽ കുഴിയുണ്ടാക്കി അതിൽ കുറെ മനുഷ്യരെയും അവരുടെ ഏഴു വാഹനങ്ങളെയും ആഴത്തിൽ കുഴിച്ചിട്ടിട്ടും, അതിനുമേൽ മണലിട്ട് മൂടിയിട്ടും, ആ തെളിവ് പുറത്തുവന്നു: പാടേ കുഴിച്ചുമൂടി നുണകൾകൊണ്ട് പൊതിഞ്ഞിട്ടും!
മൃതദേഹങ്ങൾ അധികവും കൈകാലുകൾ കെട്ടി, വായമൂടിക്കെട്ടിയ നിലയിലായിരുന്നു. തലയിലും ഉടലിലും നിറയെ വെടിയുണ്ടകൾ. തൊട്ടടുത്തുനിന്ന് വെടിവെച്ചതാണ്.
എല്ലാവരും യൂനിഫോമിൽ. രക്ഷാപ്രവർത്തകരെന്നും ആരോഗ്യപ്രവർത്തകരെന്നും കൃത്യമായി തിരിച്ചറിയാവുന്ന അവസ്ഥയിൽ. ഒരാളുടെ തലവെട്ടിക്കളഞ്ഞിരുന്നു. മൃതദേഹങ്ങൾ പലതും വെട്ടിനുറുക്കിയിരുന്നു.
പക്ഷേ, ഇസ്രായേൽ പറയുന്നു, ഇവർ ഭീകരരാണെന്ന്. വാഹനങ്ങൾ ലൈറ്റും എമർജൻസി സിഗ്നലുമില്ലാതെ വന്നത് അതു കൊണ്ടല്ലേ എന്ന് ചോദ്യം.
അതിനുള്ള മറുപടി വരുന്നുണ്ടായിരുന്നു. മൃതദേഹങ്ങൾ റെഡ്ക്രസന്റ് ഏറ്റുവാങ്ങി. അതിൽ, രിഫ്അത് റദ്‍വാൻ എന്നയാളുടെ മൃതദേഹത്തിൽനിന്ന് അദ്ദേഹത്തിന്റെ ഫോൺകിട്ടി. ആ ഫോണിൽ, അവരുടെ അവസാന നിമിഷങ്ങൾ പകർത്തിയിരുന്നു.
ആ ദൃശ്യങ്ങൾ സത്യം പറഞ്ഞു. ഇസ്രായേലിന്റെ കള്ളം പൊളിച്ചു.
വാഹനങ്ങളുടെ ഹെഡ്‍ലാമ്പുകളെല്ലാം പ്രവർത്തിപ്പിച്ചിരുന്നു. എമർജൻസി ലൈറ്റുകളും പ്രവർത്തനക്ഷമം. ആരോഗ്യപ്രവർത്തകരുടെ യൂനിഫോമുകൾ തിരിച്ചറിയാനാവുന്നവിധം തിളങ്ങുന്നവയായിരുന്നു.
അവരെ പച്ചക്ക് കൊന്നതാണെന്ന് ഫോണിലെ ദൃശ്യങ്ങളും ശബ്ദങ്ങളും സംശയരഹിതമായി തെളിയിച്ചു.
അത് പുറത്തുവിടുംമുമ്പ് റെഡ്ക്രസന്റ് വിഡിയോ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. ന്യൂയോർക് ടൈംസിന്റെയും സ്കൈന്യൂസിന്റെയും വിദഗ്ധരും പരിശോധിച്ചു.
ഫോണിലെ ഉള്ളടക്കം യഥാർഥംതന്നെ എന്നവർ സാക്ഷ്യപ്പെടുത്തി.
ലോകം കണ്ട ഏറ്റവും കടുത്ത യുദ്ധക്കുറ്റങ്ങൾക്ക് ഒരു ഉദാഹരണംകൂടി. നാം പ്രതീക്ഷിക്കുക ഈ വാർത്ത പത്രങ്ങളുടെ ഒന്നാംപേജിൽ ഇടംപിടിക്കും എന്നല്ലേ? ന്യൂയോർക് ടൈംസിലും ഹആരറ്റ്സിലും അത് ഒന്നാം പേജിൽ (ഏപ്രിൽ 6) ഉണ്ട്. ഇങ്ങ് മലയാളത്തിൽ കുറെ പത്രങ്ങളിൽ ഉൾപേജിൽപോലും അത് കണ്ടില്ല –മാധ്യമത്തിലടക്കം.
ഇസ്രായേലിനെതിരാണ് സത്യം എന്ന് കണ്ടതോടെ അത് എത്രത്തോളം വളച്ചുകെട്ടി പറയാമെന്ന പരീക്ഷണത്തിലായി ചില മാധ്യമങ്ങൾ. തലക്കെട്ടുകൾ കാണുക:
‘‘15 ആരോഗ്യപ്രവർത്തകരുടെ കൊലയെപ്പറ്റി ഇസ്രായേൽ പറഞ്ഞതിന് എതിരാണ് എന്ന് തോന്നിക്കുന്ന ഫോൺ ഫുട്ടേജ്.’’ (എ.പി)
‘‘ഇസ്രായേലി ഭാഷ്യത്തെ ഖണ്ഡിക്കുന്നതായി തോന്നിക്കുന്നു വിഡിയോ.’’ (ബി.ബി.സി).
‘‘...ഇസ്രായേൽ പറഞ്ഞതിനെപ്പറ്റി സംശയം തോന്നിപ്പിക്കുന്നു.’’ (സി.എൻ.എൻ). ഇസ്രായേൽ പറഞ്ഞത് കള്ളം എന്ന് എങ്ങനെ പറയും?
നുണകൾകൊണ്ടൊരു രാഷ്ട്രം
ഇസ്രായേൽ എന്ന രാഷ്ട്രംതന്നെ നുണകൾക്കുമേലാണ് സ്ഥാപിച്ചത്. അതിന്റെ ചരിത്രം ഏറെയും വ്യാജ പ്രചാരണങ്ങളുടേതാണ്.
അതോടൊപ്പം, ഇസ്രായേലിനെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ള വിഭാഗമാണ് പാശ്ചാത്യ മാധ്യമങ്ങൾ. ഈ രണ്ട് വസ്തുതകളും ചേർത്തുവെച്ചാൽ മനസ്സിലാവുക, മാധ്യമങ്ങൾതന്നെ വ്യാജ പ്രചാരണങ്ങൾക്ക് കൂട്ടുനിന്നു എന്നുതന്നെ.
2023 ഒക്ടോബർ 7ന് ശേഷം മാത്രം ഇസ്രായേൽ മാധ്യമ പിന്തുണയോടെ പരത്തിയ കള്ളങ്ങളുടെ പട്ടിക പലരും തയാറാക്കിയിട്ടുണ്ട്. imeu.org, ifamericansknew.org, owenjones.news തുടങ്ങിയ വെബ്സൈറ്റുകൾ ഉദാഹരണം.
ആ ഒക്ടോബറിൽ ഇസ്രായേൽ ലബനാനിലും ഗസ്സയിലും വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഇട്ടു. ഇത് വ്യാജ ആരോപണമെന്ന് ഇസ്രായേൽ പ്രചരിപ്പിച്ചു. ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റിയും അന്വേഷണം നടത്തി, ഇസ്രായേൽ ആ കുറ്റം ചെയ്തതായി സ്ഥാപിച്ചു.
ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ കുട്ടികളുടെ തലയറുത്തു എന്ന ഇസ്രായേലി ആരോപണത്തിന് പാശ്ചാത്യ മാധ്യമങ്ങൾ വൻ പ്രചാരണം നൽകി. യു.എസ് പ്രസിഡന്റ് ബൈഡനടക്കം അത് ഏറ്റുപിടിച്ചു. പൂർണമായും കള്ളമെന്ന് പിന്നീട് തെളിഞ്ഞു.
ഒക്ടോബർ 7ന് ഹമാസ് ആസൂത്രിതമായി ലൈംഗിക അതിക്രമം നടത്തി എന്ന ഇസ്രായേലി ആരോപണവും മാധ്യമങ്ങൾ വൻതോതിലാണ് പ്രചരിപ്പിച്ചത്. പിന്നീട് നടന്ന വംശഹത്യക്ക് ഇത്തരം ആരോപണങ്ങൾ മരുന്നിട്ടു. ആരോപണം തെറ്റായിരുന്നു.
2022ൽ ഫലസ്തീനി-അമേരിക്കൻ ജേണലിസ്റ്റ് ശിറീൻ അബൂ ആഖിലയെ ഇസ്രായേലി പട്ടാളം കരുതിക്കൂട്ടി കൊന്നു. ഇസ്രായേലി നേതാക്കൾ ആദ്യം പറഞ്ഞു, ഫലസ്തീൻകാരുടെ വെടിയേറ്റാണ് അവർ മരിച്ചതെന്ന്. ഇത്തവണ പക്ഷേ, മാധ്യമങ്ങൾ അത് അപ്പടി വിശ്വസിച്ചില്ല. ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, എ.പി, സി.എൻ.എൻ തുടങ്ങിയവ അടക്കം വെവ്വേറെ സ്വതന്ത്ര അന്വേഷണം നടത്തി, ഇസ്രായേലി പട്ടാളക്കാരൻതന്നെയാണ് കൊന്നതെന്ന് തെളിയിച്ചപ്പോൾ സയണിസ്റ്റ് നേതാക്കൾ കാര്യം സമ്മതിച്ചു.
ഗസ്സ വെടിനിർത്തൽ പരാജയപ്പെടാൻ കാരണം ഹമാസാണെന്ന ഇസ്രായേലി ആരോപണം പാശ്ചാത്യ മാധ്യമങ്ങൾ ആവർത്തിച്ചു. എന്നാൽ, ഇസ്രായേലി പത്രമായ ഹആരറ്റ്സ് വസ്തുതകൾ നിരത്തിക്കൊണ്ട് വിശദമായ ഒരന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി: ‘വെടിനിർത്തൽ അട്ടിമറിക്കുന്നതും ബന്ദിമോചനം തടയുന്നതും ഹമാസല്ല, ഇസ്രായേലാണ്’ എന്ന് തലക്കെട്ട്.
ഇതിനകം ഇങ്ങനെ പൊളിഞ്ഞു കഴിഞ്ഞ കള്ളങ്ങളുടെ പട്ടിക തന്നെ നീണ്ടതാണ്. ആശുപത്രികൾക്കുമേൽ ബോംബ്, ഹിന്ദ് റജബ് എന്ന ആറു വയസ്സുകാരിയുടെ കൊല, വേൾഡ് സെൻട്രൽ കിച്ചൻ ജോലിക്കാരെ കൂട്ടക്കൊല ചെയ്തത്, പട്ടിണിക്കിടൽ, യഹ്‍യ സിൻവാർ ടണലിൽ 20 ബന്ദികളെ ചുറ്റും നിർത്തി സുഭിക്ഷമായി ജീവിക്കുന്നു എന്ന പ്രചാരണം, സിവിലിയന്മാരെ അറിഞ്ഞുതന്നെ കൊന്ന സംഭവങ്ങൾ, മാധ്യമപ്രവർത്തകരുടെ കൊല തുടങ്ങി എണ്ണമറ്റ സംഭവങ്ങളിൽ ഇസ്രായേൽ വ്യാജം പ്രചരിപ്പിച്ചുവന്നിട്ടുണ്ട്. ഇതിന് മാധ്യമങ്ങൾ ഒത്താശചെയ്തിട്ടുമുണ്ട്. (മുഹമ്മദ് ശഹാദ എന്ന ജേണലിസ്റ്റ് തന്റെ ‘എക്സ്’ ത്രെഡിൽ ഇത്തരം ഗുരുതരമായ 22 കള്ളങ്ങൾ വിസ്തരിച്ചിട്ടുണ്ട്.)
ഫലസ്തീൻ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ നിരത്തിയ കള്ളങ്ങളുടെ മറ്റൊരു പട്ടികയുണ്ട് –‘‘ഭൂമിയില്ലാത്ത ജനങ്ങൾക്ക്’’ (വ്യാജം) ‘‘ജനങ്ങളില്ലാത്ത ഭൂമി’’ (മറ്റൊരു വ്യാജം) മുതൽ, തങ്ങൾ യുദ്ധം ചെയ്യുന്നത് സ്വയംരക്ഷക്കാണെന്നതു വരെ. പക്ഷേ, കള്ളങ്ങൾ പൊളിഞ്ഞശേഷവും മാധ്യമങ്ങൾ ഇസ്രായേലിന്റെ തനിനിറം തുറന്നുകാട്ടാൻ ധൈര്യപ്പെട്ടിട്ടില്ല.