മൈക്രോസോഫ്റ്റ് കുറ്റം സമ്മതിക്കുന്നു

ഗസ്സ വിഷയത്തിൽ ഇസ്രായേൽപക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും ഒരുഭാഗത്തും സാധാരണ ജനസമൂഹങ്ങൾ മറുഭാഗത്തുമായി നടക്കുന്ന വടംവലിയിൽ ബദൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. പടിഞ്ഞാറൻ മാധ്യമങ്ങൾ സയണിസ്റ്റ് വാദങ്ങൾ ഏറ്റെടുക്കുമ്പോൾ ബദൽ മാധ്യമങ്ങൾ മറുപക്ഷം പറയുന്നു. അതിന് ഫലവുമുണ്ട്. ഇസ്രായേലി സൈന്യത്തിന് സ്വന്തം സേവനങ്ങൾ ഉദാരമായി വിട്ടുകൊടുത്ത മൈക്രോസോഫ്റ്റ് അൽപമെങ്കിലും തെറ്റുതിരുത്താൻ നിർബന്ധിതരായിരിക്കുന്നത് ദ ഗാർഡിയൻ പുറത്തുവിട്ട വാർത്തയെ തുടർന്നാണ്. ഇസ്രായേലി സേനയുടെ ചാരവിഭാഗമായ ‘യൂനിറ്റ് 8200’ ഗസ്സയിലെ (വെസ്റ്റ്ബാങ്കിലെയും) ഫലസ്തീൻകാരുടെ ഫോൺകാളുകളെല്ലാം ചോർത്തും. എന്നിട്ട് ആ കൂറ്റൻ ഡേറ്റ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഗസ്സ വിഷയത്തിൽ ഇസ്രായേൽപക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും ഒരുഭാഗത്തും സാധാരണ ജനസമൂഹങ്ങൾ മറുഭാഗത്തുമായി നടക്കുന്ന വടംവലിയിൽ ബദൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. പടിഞ്ഞാറൻ മാധ്യമങ്ങൾ സയണിസ്റ്റ് വാദങ്ങൾ ഏറ്റെടുക്കുമ്പോൾ ബദൽ മാധ്യമങ്ങൾ മറുപക്ഷം പറയുന്നു. അതിന് ഫലവുമുണ്ട്. ഇസ്രായേലി സൈന്യത്തിന് സ്വന്തം സേവനങ്ങൾ ഉദാരമായി വിട്ടുകൊടുത്ത മൈക്രോസോഫ്റ്റ് അൽപമെങ്കിലും തെറ്റുതിരുത്താൻ നിർബന്ധിതരായിരിക്കുന്നത് ദ ഗാർഡിയൻ പുറത്തുവിട്ട വാർത്തയെ തുടർന്നാണ്.
ഇസ്രായേലി സേനയുടെ ചാരവിഭാഗമായ ‘യൂനിറ്റ് 8200’ ഗസ്സയിലെ (വെസ്റ്റ്ബാങ്കിലെയും) ഫലസ്തീൻകാരുടെ ഫോൺകാളുകളെല്ലാം ചോർത്തും. എന്നിട്ട് ആ കൂറ്റൻ ഡേറ്റ (ആഗസ്റ്റ് വരെ മാത്രം 8000 ടെറാബൈറ്റ്) സൂക്ഷിക്കാൻ മൈക്രോസോഫ്റ്റിന്റെ ‘ആഷ്വർ’ (Azure) ക്ലൗഡ് പ്ലാറ്റ്ഫോമിന്റെ നെതർലൻഡ്സ് ഡേറ്റാ സെന്റർ ഉപയോഗിക്കും. മൈക്രോസോഫ്റ്റിന്റെ വേദിയും നിർമിതബുദ്ധിയും ഉപയോഗിച്ചുതന്നെ ഡേറ്റ വിശകലനംചെയ്യും.
എല്ലാം ഫലസ്തീൻകാരെ രഹസ്യനിരീക്ഷണം നടത്താൻ. അതാകട്ടെ വംശഹത്യ കൃത്യമായി ചെയ്യാനും.ഇത്തരം ചാരപ്പണി മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്. വംശഹത്യ തുടങ്ങിയ 2023ന് മുമ്പ്, 2021ൽതന്നെ, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനാരായണ നദേലയും ‘യൂനിറ്റ് 8200’ കമാൻഡർ യോസി സരിയേലും തമ്മിൽ ‘ആഷ്വർ’ ടെക്നോളജി സംബന്ധിച്ച് ധാരണയായിരുന്നു. ഇത് ചാരപ്പണിക്ക് ഉപയോഗിക്കുന്നതറിഞ്ഞിട്ടും മൈക്രോസോഫ്റ്റ് ആദ്യം അനങ്ങാതിരുന്നു.
ഇക്കൊല്ലം ജനുവരിയിൽ ദ ഗാർഡിയൻ (+972, ഹീബ്രൂ പത്രമായ ലോക്കൽ കോൾ എന്നിവയുടെ സഹകരണത്തോടെ) അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. ഗസ്സ വംശഹത്യക്ക് മൈക്രോസോഫ്റ്റ് സേവനം ധാരാളമായി ഉപയോഗപ്പെടുത്തി എന്നായിരുന്നു അത്.
മൈക്രോസോഫ്റ്റ് മേയിൽ പറഞ്ഞു –‘‘ആരോപണങ്ങൾക്ക് തെളിവു കിട്ടിയിട്ടില്ല.’’
ആഗസ്റ്റിൽ ദ ഗാർഡിയൻ തുടർ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി, അവഗണിക്കാനാകാത്ത തെളിവുകളോടെ.
ഇതിനിടെ ക്ഷുബ്ധരായ മൈക്രോസോഫ്റ്റ് ജീവനക്കാരും ഉപഭോക്താക്കളും സമ്മർദം മുറുക്കുന്നുമുണ്ടായിരുന്നു.
സെപ്റ്റംബർ 18ന് മൈക്രോസോഫ്റ്റ് ആരോപണം ശരിയാണെന്ന് സമ്മതിച്ചു.
ചാരപ്പണി നടത്താൻ പറ്റാത്ത പാകത്തിൽ തങ്ങൾ ഇസ്രായേലിന് നൽകുന്ന സേവനങ്ങൾ പരിമിതപ്പെടുത്തുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് ബ്രാഡ്സ്മിത്ത് ജീവനക്കാരെ അറിയിച്ചിരിക്കുന്നു.
പക്ഷേ, ഇതിനകം ഇസ്രായേൽ ആ ഡേറ്റ മുഴുവൻ മൈക്രോസോഫ്റ്റിൽനിന്ന് ആമസോണിലേക്ക് മാറ്റി. മൈക്രോസോഫ്റ്റിന്റെ മറ്റു സേവനങ്ങൾ ഇസ്രായേലിന് തുടർന്നും ലഭിക്കുമത്രെ.
‘‘വംശവെറിക്കു സാങ്കേതിക വിദ്യ നൽകരുത്’’ (No Tech for Apartheid) എന്ന കൂട്ടായ്മയും ബദൽ മാധ്യമങ്ങൾക്കൊപ്പം ഇസ്രായേലിപക്ഷ കമ്പനികൾക്കെതിരെ രംഗത്തുണ്ട്.
രണ്ടു വർഷം വൈകിപ്പോയ ഒരാവശ്യം
ഗസ്സ വംശഹത്യ രണ്ടു വർഷം തികക്കുമ്പോൾ മുക്കാൽ ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടിരിക്കുന്നു –ഇത് ഏറ്റവും ചുരുങ്ങിയ കണക്ക്. തുടക്കത്തിൽ ഇസ്രായേലി പ്രചാരണ സംവിധാനങ്ങളും പാശ്ചാത്യ മുഖ്യധാരയിലെ വിധേയരും സൃഷ്ടിച്ചെടുത്ത യുദ്ധഭ്രാന്തിനായിരുന്നു ലോകത്ത് മേൽക്കൈയെങ്കിൽ രണ്ടു വർഷമായപ്പോഴേക്കും ആ ഏകപക്ഷീയ മനസ്സിന് മാറ്റം സംഭവിച്ചിരിക്കുന്നു.
ഒന്നാമത്, വംശഹത്യക്കനുകൂലമായി ലോകാഭിപ്രായം സൃഷ്ടിക്കുമാറ് ഇസ്രായേൽ പടച്ചിറക്കിയ കള്ളങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു –മാധ്യമങ്ങൾ അക്കാര്യം മൂടിവെക്കുന്നുവെങ്കിലും.
രണ്ട്, ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് ഹ്യൂമൻ റൈറ്റ്സ്‍വാച്ച്, ആംനസ്റ്റി ഇന്റർനാഷനൽ, ബെയ്ത്സലേം, ഓക്സ്ഫാം, അന്താരാഷ്ട്ര ജനസൈഡ് പണ്ഡിതരുടെ സംഘടന, യു.എൻ കമീഷൻ തുടങ്ങി അനേകം കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തി.
മൂന്ന്, ഫലസ്തീനെ അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന കുറെ രാജ്യങ്ങൾ (കാനഡ, യു.കെ, ഫ്രാൻസ്, ആസ്ട്രേലിയ തുടങ്ങിയവ) അംഗീകരിക്കാൻ നിർബന്ധിതരായി.
ഇസ്രായേലിന് ദാസ്യവേല ചെയ്യുന്നതിൽ പാശ്ചാത്യ മാധ്യമങ്ങൾ ഇപ്പോഴും മുന്നിലുണ്ട്. വംശഹത്യ സ്ഥിരീകരിക്കുന്ന ആധികാരിക റിപ്പോർട്ടുകൾ തമസ്കരിച്ചു. ഗസ്സയിലെ ചെറുത്തുനിൽപ് പ്രസ്ഥാനത്തെ ‘‘ഹമാസ് ഭീകരർ’’ എന്ന് എപ്പോഴും വിശേഷിപ്പിക്കാൻ മറക്കാത്തവർ –ലോക കോടതിയുടെ അറസ്റ്റ് വാറന്റുള്ളയാളാണ് ഇസ്രായേലി പ്രധാനമന്ത്രി എന്ന് പറയാറേയില്ല.
രണ്ടു വർഷം ഗസ്സ ജേണലിസ്റ്റുകളെ കരുതിക്കൂട്ടി കൊന്നുകൊണ്ടിരുന്ന ഇസ്രായേലിന്റെ ഭാഷ്യം മാത്രം വാർത്തയാക്കിക്കൊണ്ടിരുന്നവർ ഇപ്പോൾ കണ്ണുതുറക്കുന്നു. ബി.ബി.സി, എ.പി, എ.എഫ്.പി, റോയിട്ടേഴ്സ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾ ഇസ്രായേലിനോട് വിദേശ ജേണലിസ്റ്റുകൾക്ക് ഗസ്സയിൽ പ്രവേശനമനുവദിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. (ചില ജേണലിസ്റ്റുകളെ ഇസ്രായേൽ അനുവദിക്കുന്നുണ്ടെങ്കിലും ഇസ്രായേലി സൈന്യത്തോടൊപ്പം പോകാനേ അനുവാദമുള്ളൂ.)
സ്വതന്ത്രമായി സഞ്ചരിക്കാനും റിപ്പോർട്ട് ചെയ്യാനും തങ്ങളെ സമ്മതിക്കണമെന്ന ആവശ്യം ഈ മാധ്യമങ്ങൾ ഇസ്രായേലി അധികൃതരോട് നേരിട്ട് ഉന്നയിച്ചതല്ല. അത് ഒരു രണ്ടേകാൽ മിനിറ്റ് വിഡിയോ ആക്കി റിലീസ് ചെയ്തു –അത്രതന്നെ. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സിന്റെ ആഭിമുഖ്യത്തിൽ അത്, സെപ്റ്റംബർ 24ന് ന്യൂയോർക്കിൽ റിലീസ് ചെയ്തു.
ഇതിനകം ഇസ്രായേലിപക്ഷ വാർത്തകൾ മാത്രം, മറുപക്ഷമുണ്ടോ എന്നന്വേഷിക്കാതെ പ്രചരിപ്പിച്ചുകൊണ്ടിരുന്നവർ ഇപ്പോഴും ആ അടിസ്ഥാന നിലപാട് മാറ്റിയെന്ന് പറയാറായിട്ടില്ല.
മറുപക്ഷത്തും വാർത്തയുണ്ട്. പക്ഷേ...
യു.എൻ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോൾ ഭൂരിപക്ഷം പ്രതിനിധികളും ഇറങ്ങിപ്പോയി.
ഇത് വലിയ വാർത്തയായി. പാശ്ചാത്യ ഏജൻസികൾക്ക് നിർണായക സ്വാധീനമുള്ള ആഗോള മാധ്യമങ്ങളിൽ വാക്കൗട്ടിന്റെ വാർത്തയും ദൃശ്യങ്ങളും പ്രാധാന്യത്തോടെ വന്നു. സംഭവത്തിന്റെ നാടകീയത അത്ര വലുതായിരുന്നു.
എന്നാൽ, യു.എന്നിൽ ഗൗരവത്തോടെ നടന്ന ചർച്ചകൾ അവ എത്രത്തോളം റിപ്പോർട്ട് ചെയ്തു? അതന്വേഷിക്കുമ്പോൾ വീണ്ടും കാണാനാവുക മാധ്യമവാർത്തകളിലെ ഇസ്രായേലി ചായ്‍വാണ്.
നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ സാരാംശം മാധ്യമങ്ങളിൽ വന്നു. അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം വാർത്തകളിലുണ്ടായിരുന്നു.
എന്നാൽ, ഇസ്രായേലിനോട് എതിർപ്പുള്ള രാജ്യങ്ങളുടെ (അവക്കാണ് ഭൂരിപക്ഷം) പ്രതിനിധികൾ ചെയ്ത പ്രസംഗങ്ങൾ ഭാഗികമായിപ്പോലും അവ റിപ്പോർട്ട് ചെയ്തില്ല.
അവ പ്രസക്തമല്ലാത്തതുകൊണ്ടാകുമോ? നെതന്യാഹുവിന്റെ തൊട്ടുമുമ്പും ശേഷവുമായി യു.എന്നിൽ കേട്ട ഏതാനും പ്രസംഗങ്ങളിൽനിന്ന്:
‘‘ഒരൊറ്റ രാഷ്ട്രത്തിനും വീറ്റോ അധികാരം ഉണ്ടാകരുത്. രക്ഷാസമിതിയിലെ ഏതെങ്കിലും അംഗം യു.എൻ ചാർട്ടർ ലംഘിച്ചാൽ ആ രാജ്യത്തിന്റെ വോട്ടവകാശം തൽക്കാലത്തേക്ക് എടുത്തുകളയണം’’ –ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്.
‘‘ശ്രേഷ്ഠ സമുദായം എന്നൊന്നില്ല. ദൈവം തിരഞ്ഞെടുത്ത കൂട്ടർ എന്നൊന്നില്ല. അമേരിക്കയോ ഇസ്രായേലോ അതല്ല. ദൈവത്തിന്റെ ഇഷ്ടജനം എല്ലാ മനുഷ്യരുമാണ്’’ –കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെദ്രോ.
‘‘ചരിത്രം നമ്മെ വിധിക്കും. അത് ഈ കൂട്ടക്കൊല നടത്തിയവർക്കും വായടച്ചും കണ്ണടച്ചും ഒപ്പം ചേർന്നവർക്കും അങ്ങേയറ്റം കടുത്തതായിരിക്കും’’ –സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്.
‘‘ഫലസ്തീൻകാർക്ക് രാഷ്ട്രമുണ്ടാകണമെന്നത് ഔദാര്യമല്ല അവകാശമാണ്’’ –യു.എൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുെട്ടറസ്. ഇതെല്ലാം കാര്യമാത്ര പ്രസക്തമായ പ്രസംഗങ്ങളിലെ ഏതാനും വാചകങ്ങൾ മാത്രം.
നെതന്യാഹുവിന്റെ ഭീഷണികളും അതിനുമുമ്പ് ഡോണൾഡ് ട്രംപിന്റെ ജൽപനങ്ങളും വലിയ വാർത്തയായപ്പോൾ നീതിയുടെയും വിവേകത്തിന്റെയുമായ ഇത്തരം അനേകം പ്രസംഗങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാഞ്ഞതെന്തേ?ഇസ്രായേലി പക്ഷവാദങ്ങൾക്ക് പ്രാമുഖ്യം നൽകിയ മാധ്യമങ്ങൾ, ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ അവരുടെ പ്രതികരണം എടുത്തുകൊടുക്കാതിരുന്നതെന്തേ?