Begin typing your search above and press return to search.

യു.എസ്, ഇന്ത്യ, ഇസ്രായേൽ: ഭരണകൂടവും മാധ്യമങ്ങളും

യു.എസ്, ഇന്ത്യ, ഇസ്രായേൽ: ഭരണകൂടവും മാധ്യമങ്ങളും
cancel

‘ജനാധിപത്യ’ രാജ്യങ്ങളിലെ നേതാക്കൾക്ക് സ്വതന്ത്ര മാധ്യമങ്ങളോട് മമത കുറവാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി വാർത്താസമ്മേളനവും സ്വതന്ത്ര മാധ്യമങ്ങളുമായുള്ള അഭിമുഖവും ഒഴിവാക്കു​മ്പോൾ അമേരിക്കയുടെ പ്രസിഡന്റ് ഇഷ്ടമില്ലാത്ത മാധ്യമങ്ങളുമായി നേർക്കുനേരെ പോരിനിറങ്ങി ശീലിച്ചയാളാണ്. മാധ്യമങ്ങൾ പലപ്പോഴും വിശ്വാസ്യത കളഞ്ഞുകുളിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാറുണ്ട്. ഡോണൾഡ് ട്രംപിന് പക്ഷേ അതൊന്നുമല്ല പ്രശ്നം. അദ്ദേഹത്തെയെങ്ങാനും വിമർശിച്ചാൽ ശകാരം തുടങ്ങും. വിവിധ മാധ്യമങ്ങളെ അ​േദ്ദഹം വിവിധ സന്ദർഭങ്ങളിൽ ‘വ്യാജ വാർത്തക്കാരെ’ന്ന് വിളിച്ചിട്ടുണ്ട്. റിപ്പോർട്ടർമാരെ പേരുപറഞ്ഞ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

‘ജനാധിപത്യ’ രാജ്യങ്ങളിലെ നേതാക്കൾക്ക് സ്വതന്ത്ര മാധ്യമങ്ങളോട് മമത കുറവാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി വാർത്താസമ്മേളനവും സ്വതന്ത്ര മാധ്യമങ്ങളുമായുള്ള അഭിമുഖവും ഒഴിവാക്കു​മ്പോൾ അമേരിക്കയുടെ പ്രസിഡന്റ് ഇഷ്ടമില്ലാത്ത മാധ്യമങ്ങളുമായി നേർക്കുനേരെ പോരിനിറങ്ങി ശീലിച്ചയാളാണ്.

മാധ്യമങ്ങൾ പലപ്പോഴും വിശ്വാസ്യത കളഞ്ഞുകുളിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാറുണ്ട്. ഡോണൾഡ് ട്രംപിന് പക്ഷേ അതൊന്നുമല്ല പ്രശ്നം. അദ്ദേഹത്തെയെങ്ങാനും വിമർശിച്ചാൽ ശകാരം തുടങ്ങും. വിവിധ മാധ്യമങ്ങളെ അ​േദ്ദഹം വിവിധ സന്ദർഭങ്ങളിൽ ‘വ്യാജ വാർത്തക്കാരെ’ന്ന് വിളിച്ചിട്ടുണ്ട്. റിപ്പോർട്ടർമാരെ പേരുപറഞ്ഞ് തെറിവിളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞത്, ‘‘ഇതാ ഇപ്പോൾ എന്നോട് സംസാരിക്കുമ്പോഴും നിങ്ങൾ ആപത്തിലാണെന്ന് ഓർത്തോളൂ’’ എന്നാണ്. ഇറാനിലെ യു.എസ് ആക്രമണത്തെ വിമർശിച്ച മാധ്യമങ്ങളെ ‘ദേശവിരുദ്ധരെ’ന്ന് വിളിച്ചു. പല ടി.വി ചാനലുകളെയും ലൈസൻസ് റദ്ദാക്കുമെന്ന് പറഞ്ഞ് വിരട്ടി. വൈറ്റ് ഹൗസ് വാർത്താസ​മ്മേളനങ്ങളിൽനിന്ന് കുറേ മാധ്യമപ്രവർത്തകരെ വിലക്കിയിട്ടുണ്ട്. മൂർച്ചയുള്ള ചോദ്യങ്ങൾ ചോദിക്കാത്തവരെ, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലെ റിപ്പോർട്ടർമാരെ, സ്ഥിരമായി മുൻനിരയിലിരുത്തിയാണ് വാർത്താസമ്മേളനങ്ങൾ.

‘എക്സ്’ പോലുള്ള സമൂഹമാധ്യമങ്ങളാണ് ഇന്ന് മിക്ക ഭരണകർത്താക്കളുടെയും പൊതുവിളംബര വേദികൾ. വാർത്താസമ്മേളനങ്ങളിലെപ്പോലെ ആരും തിരിച്ച് ചോദ്യം ചോദിക്കില്ലെന്ന മെച്ചമുണ്ട്. ട്രംപിനാണെങ്കിൽ സ്വന്തമായി ഒരു സമൂഹമാധ്യമ പ്ലാറ്റ്ഫോം തന്നെ ഉണ്ട്: ‘ട്രൂത്ത് സോഷ്യൽ’. അതിൽ ജൂൺ 25ന് അദ്ദേഹം ഇട്ട കുറിപ്പ് നടാഷ ബെർട്രൻഡ് എന്ന സി.എൻ.എൻ ലേഖികയെ നേരിട്ട് ഉന്നംവെച്ചുള്ളതായിരുന്നു.

സി.എൻ.എന്നും നടാഷയും മുമ്പുതന്നെ ട്രംപിന്റെ ക്രോധം ഏറ്റുവാങ്ങിയതാണ്. മകനുവേണ്ടി ജോ ബൈഡൻ (വൈസ് പ്രസിഡന്റായിരിക്കെ) നടത്തിയ അധികാര ദുർവിനിയോഗത്തിന്റെ തെളിവുകൾ ന്യൂയോർക് പോസ്റ്റിൽ 2020ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എമ ജോ മോറിസ് എന്ന ലേഖികയുടേതായി വന്നു. ഇത് ബൈഡനെതിരായ റഷ്യൻ ഗൂഢാലോചനയാണ് എന്ന (വ്യാജ) കഥയുമായി നടാഷ സി.എൻ.എന്നിൽ റിപ്പോർട്ടെഴുതി. ഇത് തന്റെ വിജയസാധ്യത കുറച്ചു എന്ന് ട്രംപ് കരുതി. നടാഷയോടുള്ള രോഷം മനസ്സിൽ വെച്ചു.

ഇത്തവണയും നടാഷയുടെ ഒരു റിപ്പോർട്ട് ട്രംപിനെ അരിശംകൊള്ളിച്ചു. അമേരിക്ക ഇറാന്റെ ആണവ റിയാക്ടർ (ഫോർദോ) ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണം തന്റെ മഹാവിജയമായി ട്രംപ് കൊണ്ടാടുമ്പോഴാണ്, അതൊരു പരാജയമായിരുന്നു എന്ന തരത്തിൽ നടാഷയുടെ എക്സ് ക്ലൂസിവ് റിപ്പോർട്ട് സി.എൻ.എൻ പുറത്തുവിടുന്നത്. ഇറാന്റെ ആണവപദ്ധതിക്ക് സാരമായ പരി​ക്കൊന്നും യു.എസ് ആക്രമണം ഉണ്ടാക്കിയില്ല എന്ന്.

ഉടനെ ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ കുറിപ്പിട്ടു: ‘‘നടാഷ ബെർട്രൻഡിനെ സി.എൻ.എന്നിൽനിന്ന് പുറത്താക്കണം... അവളെ ഉടനെ ശാസിക്കണം; എന്നിട്ട് ഒരു പട്ടിയെപ്പോലെ വലിച്ചെറിയണം... [ഇറാനിൽ ആക്രമണം നടത്തിയ] നമ്മുടെ രാജ്യസ്നേഹികളായ പൈലറ്റുമാരെ നശിപ്പിക്കാനാണ് അവൾ ശ്രമിച്ചത്... ആണവ കേന്ദ്രം സമ്പൂർണമായി നശിപ്പിച്ചവരല്ലേ നമ്മൾ!

‘‘ഇവളെപ്പോലുള്ളവരാണ്, ഒരുകാലത്ത് മികവ് കാട്ടിയിരുന്ന ചാനലിനെ നശിപ്പിക്കുന്നത്. ചാനൽ റിപ്പോർട്ടിങ് ഒട്ടും അറിയാത്തവൾ. പുറത്താക്കൂ നടാഷയെ.’’

ഒരു പ്രസിഡന്റാണ് ഇതെഴുതുന്നത് എന്നതു മാത്രമല്ല ശ്രദ്ധിക്കേണ്ടത്. പ്രസിഡന്റായിട്ടു​പോലും ഇങ്ങനെ രോഷം കരഞ്ഞുതീർക്കാനേ കഴിയുന്നുള്ളൂ എന്നതുകൂടിയാണ്. മാധ്യമങ്ങളെ തൊടാൻ ഒരു പരിധിക്കപ്പുറം യു.എസ് ഭരണകൂടത്തിനാവില്ല.

ഇന്ത്യയിൽ, ഇ​സ്രായേലിൽ

ഇങ്ങ് ഇന്ത്യയിൽ, ‘ഓപറേഷൻ സിന്ദൂറി’ലെ പാളിച്ചകളെപ്പറ്റി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞിട്ടും അന്വേഷിക്കാൻ വലിയ മാധ്യമങ്ങൾ അറച്ചു. എന്നുതന്നെയല്ല, രാഹുലിനെ രാജ്യസ്നേഹമില്ലാത്തവനെന്ന് അധിക്ഷേപിച്ച ഭരണപക്ഷ ആഖ്യാനത്തിനൊത്തായിരുന്നു ‘ദേശീയ’ ചാനലുകളിലെ ചർച്ചകൾ. എന്നാൽ, പിന്നീട് ​സൈനിക നേതൃത്വത്തിൽനിന്നുതന്നെ വീഴ്ചയെപ്പറ്റിയുള്ള ഏറ്റുപറച്ചിൽ വന്നു. ഇന്തോനേഷ്യയിലെ ഇന്ത്യൻ സൈനിക അറ്റാഷെ ക്യാപ്റ്റൻ ശിവകുമാർ തുറന്നുപറഞ്ഞത്, ‘‘പാക് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കരുതെന്ന് രാഷ്ട്രീയ നേതൃത്വം നിർദേശിച്ചിരുന്നു’’ എന്നാണ്. ഒന്നിലേറെ പോർവിമാനം ഇന്ത്യക്ക് നഷ്ടമായി എന്നും.

അമേരിക്കയിലും ഇന്ത്യയിലും ഭരണകൂടത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അളവിൽ വ്യത്യസ്തമാണ് എന്നർഥം.

ഇനി, ഏറ്റവും കടുത്ത സമഗ്രാധിപത്യത്തിന്റെ ആൾരൂപമായ ബിന്യമിൻ നെതന്യാഹുവിന്റെ ഇസ്രായേലിലോ?

അവിടെ മിക്ക മാധ്യമങ്ങളും സർക്കാറിന് വിധേയരാണെങ്കിലും ഹആരറ്റ്സ് ​പോലുള്ള സ്വതന്ത്ര മാധ്യമങ്ങൾ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നു. വല്ല നിവൃത്തിയുമുണ്ടെങ്കിൽ ആ പത്രത്തെ ഇല്ലാതാക്കുമായിരുന്നു ഇസ്രായേലി പ്രധാനമന്ത്രി. പത്രത്തിനുള്ള സർക്കാർ പരസ്യങ്ങളും മറ്റു ഔദ്യോഗിക സഹായങ്ങളും കഴിഞ്ഞ നവംബറിൽ നിർത്തി. പത്രത്തെ രൂക്ഷമായി വിമർശിക്കുന്നു നിരന്തരം.

ഗസ്സയിൽ ഭക്ഷണം തേടിയെത്തുന്നവരെ ആശ്വാസകേന്ദ്രങ്ങളിൽ വെടിവെച്ചു കൊല്ലുന്ന ഇസ്രായേലി പട്ടാളത്തിന്റെ ശൈലി തുറന്നുകാട്ടിയതോടെയാണ് പത്രത്തിനെതിരെ സർക്കാർ ‘ഉപരോധം’ തുടങ്ങിയത്. എന്നാൽ, ഹആരറ്റ്സ് കീഴടങ്ങിയില്ല. പട്ടാളക്കാരുടെ യുദ്ധക്കുറ്റങ്ങളെപ്പറ്റി തുറന്നെഴുതി. ആശ്വാസകേന്ദ്രങ്ങളിൽ എത്തുന്ന ഗസ്സയിലെ പട്ടിണിക്കാരെ വെടിവെച്ചു കൊല്ലാൻ ഔദ്യോഗിക കൽപനതന്നെ ഉണ്ടെന്ന ജൂൺ 27ലെ റിപ്പോർട്ട് രാജ്യാന്തര തലത്തിൽ കോളിളക്കമുണ്ടാക്കിയിരിക്കുന്നു. ഇസ്രായേലി വംശഹത്യയുടെ തെളിവ് നൽകുകയാണല്ലോ അവിടത്തെ പത്രം.ഇസ്രായേലിൽ സർക്കാറിനെ മാത്രമല്ല, സൈന്യത്തെയും വിമ​ർശിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നു.

കെ.എം. സലിംകുമാർ

കെ.എം. സലിംകുമാർ അന്തരിച്ച വാർത്തയുണ്ടായിരുന്നു ജൂൺ 30ലെ പത്രങ്ങളിൽ.

ചന്ദ്രിക ഒന്നാം പേജിൽ രണ്ടു കോളം വാർത്തയായി ഇത് ചേർത്തു: ‘ദലിത് ചിന്തകൻ കെ.എം. സലിംകുമാർ ഓർമ്മയായി.’ ഇതിനു പുറമെ, പിൻ പേജിൽ അനുബന്ധക്കുറിപ്പും: ‘വിപ്ലവകാരിയായ ദലിത് ചിന്തകൻ, ആദിവാസി സമൂഹത്തി​ന്റെ ശബ്ദം’ എന്നെല്ലാം ആ മൂന്ന് കോളം കുറിപ്പിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചു.

മാധ്യമത്തിലും ഒന്നാം പേജിൽ രണ്ടു കോളം വാർത്തയാണിത്. എഡിറ്റ് പേജിൽ കെ. വേണുവിന്റെ അനുസ്മരണം: ‘ദലിത് രാഷ്ട്രീയത്തിലെ മാർക്സിസ്റ്റ് സൈദ്ധാന്തികൻ.’ സുപ്രഭാതത്തിലും രണ്ടു കോളം വാർത്ത മുൻപേജിലുണ്ട്. അകത്ത് ‘അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം’ എന്ന തലക്കെട്ടിൽ മൂന്ന് കോളം കുറിപ്പ്. ദേശാഭിമാനിയിൽ മുൻ പേജ് വാർത്തയും 14ാം പേജിൽ അനുസ്മരണക്കുറിപ്പും. സിറാജിലും മുൻപേജ് വാർത്തയാണ് സലിംകുമാറിന്റെ നിര്യാണം. മംഗളം രണ്ടാം ടൈറ്റിൽ പേജിൽ ഈ വാർത്ത ചേർത്തു.

എന്നാൽ, കേരള കൗമുദിയിൽ ഈ വിവരം കാണാൻ ‘കളിക്കളം’ എന്ന 10ാം പേജിന്റെ ചുവട്ടിലെ ‘വിവിധം’ പംക്തി നോക്കണം. മലയാള മനോരമ എട്ടാം പേജിലാണ് വാർത്ത ചേർത്തത്.

മാതൃഭൂമിയുടെ ‘ചരമം’ പേജിൽ ദീർഘമായ ഒറ്റക്കോളം ചരമവാർത്തയുണ്ട്. ഇതേ പത്രത്തിന്റെ എറണാകുളം എഡിഷനിൽ മുൻപേജിൽ വാർത്തയും പ്രാദേശിക പേജിൽ രണ്ട് അനുബന്ധക്കുറിപ്പും കാണാം.

എഡിഷനനുസരിച്ച് വ്യത്യാസപ്പെടുത്തിയാണ് ജനയുഗവും ഈ വാർത്ത ചെയ്തത്. എറണാകുളം അടക്കമുള്ള മധ്യകേരള ജില്ലകളിൽ ചരമം പേജിൽ രണ്ടു കോളം വാർത്ത. ഉത്തര കേരളത്തിൽ അതേപടി. പക്ഷേ, പടം ഒഴിവാക്കി. തെക്ക് വാർത്തയേ ഇല്ല.

സംസ്ഥാനത്തെങ്ങുമെത്തുന്ന പൊതു പേജുകളിൽ (ഒന്നാം പേജിൽതന്നെ) ഇടംകിട്ടേണ്ട ഒരു നിര്യാണവാർത്തയുടെ കാര്യത്തിൽ ഇത്രയേറെ അളവു വ്യത്യാസം എങ്ങനെ വന്നു? ചിന്തകനാണെങ്കിലും മരിച്ചത് ദലിത് ചിന്തകനാണല്ലോ!


News Summary - Leaders in 'democratic' countries have little respect for a free press