വാർത്ത വളക്കുന്ന അവതരണ കൗശലം

‘‘തെരഞ്ഞെടുപ്പു മുഖ്യകമീഷണർ ജനങ്ങളുടെ ശബ്ദം കവർന്നു; ജയിൽശിക്ഷ അനുഭവിക്കും –രാഹുൽ’’ (ദ ഹിന്ദു). ‘‘നാം ഇന്ത്യ; പുതുചരിത്രമായി ഇന്ത്യ കൂട്ടായ്മയുടെ മഹാറാലി’’ (ദേശാഭിമാനി). ‘‘ ‘ചലോ ദില്ലി’ റാലിയിൽ അണിനിരന്നത് ലക്ഷങ്ങൾ; ഡൽഹി നിറഞ്ഞ് ഇന്ത്യ’’ (ജനയുഗം). ‘‘തിളച്ചുമറിഞ്ഞ് ഡൽഹി’’ (മാതൃഭൂമി). ‘‘പ്രതിഷേധ സാഗരം’’ (മംഗളം). നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടന്ന മാർച്ചിനെപ്പറ്റി വന്ന വാർത്താ തലക്കെട്ടുകളിൽ ചിലതാണിത്. രാജ്യാന്തര ശ്രദ്ധനേടിയ സംഭവത്തെ എങ്ങനെ നിസ്സാരമാക്കി അവതരിപ്പിക്കാമെന്നതിന് തെളിവായി ജന്മഭൂമിപോലുള്ള പത്രങ്ങളും. ‘‘സിഖ് വിരുദ്ധ കലാപ വാർഷികത്തിൽ റാലി; കോൺഗ്രസിനെതിരെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘തെരഞ്ഞെടുപ്പു മുഖ്യകമീഷണർ ജനങ്ങളുടെ ശബ്ദം കവർന്നു; ജയിൽശിക്ഷ അനുഭവിക്കും –രാഹുൽ’’ (ദ ഹിന്ദു). ‘‘നാം ഇന്ത്യ; പുതുചരിത്രമായി ഇന്ത്യ കൂട്ടായ്മയുടെ മഹാറാലി’’ (ദേശാഭിമാനി).
‘‘ ‘ചലോ ദില്ലി’ റാലിയിൽ അണിനിരന്നത് ലക്ഷങ്ങൾ; ഡൽഹി നിറഞ്ഞ് ഇന്ത്യ’’ (ജനയുഗം).
‘‘തിളച്ചുമറിഞ്ഞ് ഡൽഹി’’ (മാതൃഭൂമി).
‘‘പ്രതിഷേധ സാഗരം’’ (മംഗളം).
നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടന്ന മാർച്ചിനെപ്പറ്റി വന്ന വാർത്താ തലക്കെട്ടുകളിൽ ചിലതാണിത്. രാജ്യാന്തര ശ്രദ്ധനേടിയ സംഭവത്തെ എങ്ങനെ നിസ്സാരമാക്കി അവതരിപ്പിക്കാമെന്നതിന് തെളിവായി ജന്മഭൂമിപോലുള്ള പത്രങ്ങളും.
‘‘സിഖ് വിരുദ്ധ കലാപ വാർഷികത്തിൽ റാലി; കോൺഗ്രസിനെതിരെ സിഖ് സമൂഹത്തിന്‍റെ പ്രതിഷേധമിരമ്പി’’ എന്നാണ് ജന്മഭൂമിയുടെ സൂപ്പർ ലീഡ്. മുഖ്യ ലീഡ് ‘‘ചലോ ദില്ലിയും പൊളിഞ്ഞു’’ എന്നും.
രണ്ടറ്റത്തായി വാർത്തയും അവാർത്തയും ഇങ്ങനെ അണിനിരക്കുമ്പോൾ, ഇടയിൽ വാർത്ത വളക്കാനായി ‘‘ഫ്രെയിം’’ മാറ്റുന്ന ചില ഉദാഹരണങ്ങളും കാണാം. പ്രത്യക്ഷത്തിൽ വാർത്തയുണ്ട്; എന്നാൽ ‘‘തൂക്കമൊപ്പിച്ചും’’ ഊന്നൽ മാറ്റിയും അതിന്‍റെ മൂർച്ച കളയാൻ ശ്രദ്ധിച്ചതിന്‍റെ മാതൃകകൾ.
കേരള കൗമുദിക്ക് ഡൽഹി റാലി ലീഡ് വാർത്തയല്ല. ‘‘സമരസാഗരമായി രാംലീല’’ എന്ന് ഒന്നാംപേജ് സൂപ്പർലീഡ്. അതേസമയം, അടുത്ത പേജിൽ കൂടുതൽ മുഴുപ്പുള്ള വർണത്തലക്കെട്ടിൽ അമിത് ഷായുടെ പരിഹാസം വലിയ വാർത്തയാണ്: ‘‘രാഹുലിന് യോഗം മോക് പാർലമെന്‍റ്.’’ ബി.ജെ.പി അധ്യക്ഷന്‍റെ ഒരു പ്രസ്താവന വേറെയും. ‘‘മോദി സർക്കാറിനെ തൊടാൻ കഴിയില്ല: നിതിൻ നബിൻ.’’
റാലിയുടെ റിപ്പോർട്ടും അതിനോടുള്ള പ്രതികരണ പ്രസ്താവനകളും ചേർത്തുവെക്കുന്നതോടെ, ജനകീയ പ്രക്ഷോഭം വെറുമൊരു രാഷ്ട്രീയ ബലപരീക്ഷണമായി മാറ്റപ്പെടുന്നു. വോട്ടു നിഷേധമെന്ന ഗുരുതരമായ വിഷയം മറച്ചുവെക്കപ്പെടുന്നു. പ്രതിഷേധം വെറും ഭരണപക്ഷ-പ്രതിപക്ഷ തർക്കം മാത്രമായി ഫ്രെയിം ചെയ്യപ്പെടുന്നു.
മുമ്പ്, അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം അന്ന് മാധ്യമങ്ങൾ അവതരിപ്പിച്ചത് സർക്കാറിനെതിരായ ജനങ്ങളുടെ രോഷപ്രകടനമായിട്ടായിരുന്നെങ്കിൽ, ഇന്ന് കോടിക്കണക്കിനാളുകളുടെ വോട്ട് വെട്ടിയതിനെതിരെ ഭരണപക്ഷമൊഴികെ എല്ലാവരും (അന്നത്തെപ്പോലെ) ചേർന്ന് നടത്തുന്ന വൻ പ്രക്ഷോഭത്തെ ചിലർ ചിത്രീകരിക്കുന്നത് പതിവ് രാഷ്ട്രീയ പ്രകടനങ്ങളിൽ ഒന്നുമാത്രമായിട്ടാണ്.
യാഥാർഥ്യത്തെ മറച്ചുപിടിക്കലാണിത്. ടൈംസ് ഒാഫ് ഇന്ത്യ, രാംലീല മാർച്ചും അമിത് ഷായുടെ പരിഹാസവും ഒന്നാംപേജിൽ അടുത്തടുത്ത് വെച്ചുകൊണ്ടാണ് ‘‘ബാലൻസ്’’ സൂക്ഷിച്ചത്. ഇതേ പത്രം 2011ൽ അണ്ണാ ഹസാരെക്ക് എട്ടുകോളം പോസ്റ്റർ തലക്കെട്ട് നൽകി, വിളിച്ചുപറഞ്ഞു: ‘‘ആഗസ്റ്റ് ക്രാന്തി പ്രക്ഷോഭം തടുക്കാൻ സർക്കാറിനാകില്ല.’’
അന്ന് ആക്ടിവിസം, ഇന്ന് വ്യാജ സന്തുലനം.
എണ്ണം പറഞ്ഞ് തർക്കം
യുദ്ധമായാലും രാഷ്ട്രീയമായാലും കളത്തിനു പിന്നിൽ മറ്റൊരു പോരാട്ട മുഖമുണ്ട്. പ്രചാരണത്തിന്‍റെ, മാധ്യമ ആഖ്യാനങ്ങളുടെ പോർമുഖം.
ഈ പിന്നണിപ്പോര് ഒരു സൂചിക കൂടിയാണ്. യഥാർഥ പോർമുഖം എത്രത്തോളം ജനങ്ങളെ സ്വാധീനിക്കാൻ പോന്നതാണ് എന്നതിന്റെ അളവ്. ജനങ്ങളെ കൂടുതൽ ഇളക്കാൻ പോന്ന രാഷ്ട്രീയ സംഭവം അവഗണിക്കാൻ പറ്റാതാകുന്നതോടെ മാധ്യമങ്ങളിൽ വിരുദ്ധ ആഖ്യാനങ്ങൾക്കും വിവാദങ്ങൾക്കും വിഷയമാകും.
ഇപ്പറഞ്ഞത് ശരിയാണെങ്കിൽ, ഡൽഹി രാംലീല ഗ്രൗണ്ടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന മഹാറാലി രാജ്യത്തെ രാഷ്ട്രീയമായി സ്വാധീനിക്കാൻ ശേഷിയുള്ള ഒന്നാണ്.
അതുകൊണ്ടാകണമല്ലോ മാധ്യമങ്ങൾ അതിന്റെ പൊലിമയെപ്പറ്റി വിപരീത കഥകൾ പറയുന്നത്. ചിലരതിനെ അളവിലേറെ പൊലിപ്പിക്കുമ്പോൾ മറ്റു ചിലർ അതിനെ നിസ്സാരമാക്കി കാണിക്കുന്നു.
ഹിന്ദി ചാനലായ എ.ബി.സി ന്യൂസ് ‘‘എക്സ് ക്ലൂസിവ്’’ എന്നും ‘‘ബ്രേക്കിങ് ന്യൂസ്’’ എന്നുമൊക്കെ വിശേഷിപ്പിച്ച് ഒരു വിഡിയോ ചെയ്തു. അതിൽ, രാംലീല മൈതാനത്തിന്റെ ഒരു ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കാണിച്ചു. ആറുലക്ഷം പേർ പങ്കെടുക്കുമെന്ന് പെരുമ്പറ കൊട്ടിയ സംഘാടകർക്ക് 50,000 പേരെ കൊള്ളുന്ന മൈതാനം നിറക്കാൻപോലും കഴിഞ്ഞില്ല എന്ന് അവതാരകൻ പറഞ്ഞു. ‘‘നവംബർ ഒന്നിന്റെ വോട്ട് ലീല’’ പൊളിഞ്ഞെന്ന് എഴുതിക്കാണിച്ചു.

ടൈംസ് ഒാഫ് ഇന്ത്യ 2011ലെ അണ്ണാ ഹസാരെ പ്രക്ഷോഭ കാലത്തും 2026ലെ വോട്ട് ചോരി വിരുദ്ധ കാലത്തും. അവതരണത്തിൽ പ്രകടമായ വ്യത്യാസം
പത്തു ലക്ഷത്തിലധികം പേർ മാർച്ചിനെത്തി എന്ന കണക്ക് മറുവശത്ത് വേറെയുണ്ട്. അരലക്ഷം പേരെ ഉൾക്കൊള്ളുന്ന രാംലീല മൈതാനത്തിനു പുറത്തും അതിലുമെത്രയോ കൂടുതലാളുകൾ വന്നെത്തിയതായി ഡ്രോൺ ദൃശ്യങ്ങൾ തെളിയിക്കുന്നുണ്ട്. വിഡിയോ ദൃശ്യങ്ങളും ധാരാളം. ഇതെല്ലാം എ.ഐ ദൃശ്യങ്ങളാണെന്ന ബാലിശമായ മറുവാദമാണ് ഭരണപക്ഷം ഉയർത്തുന്നത്. ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് മുടന്തൻ വാദമാണെന്ന് വ്യക്തമാകും.
മഴ പെയ്ത് മൈതാനത്തിന്റെ ഒരു ഭാഗത്ത് നിലമാകെ ചളിയായതിനാൽ അവിടം ഒഴിച്ചിട്ടിരുന്നു.
ഇന്ത്യ ടി.വി, എ.ബി.പി തുടങ്ങിയ ചാനലുകൾ ആളില്ലാത്ത ആ ഭാഗം മാത്രം കാണിച്ചാണ് റാലി പൊളിെഞ്ഞന്ന് പ്രചരിപ്പിച്ചത്. നിലമാകെ വെള്ളവും ചളിയുമുള്ളത് ആ ദൃശ്യങ്ങളിൽതന്നെ വ്യക്തമാണു താനും.
മൈതാനത്തിന്റെ ഉൾക്കൊള്ളൽ ശേഷിയും, പുറത്തുണ്ടായിരുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങളും നോക്കി ഏറക്കുറെ വസ്തുനിഷ്ഠമെന്നു പറയാവുന്ന കണക്കനുസരിച്ച്, ചുരുങ്ങിയത് നാലര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ആളുകൾ മാർച്ചിനെത്തിയെന്നാണ് കരുതപ്പെടുന്നത്.
കൃത്യമായ കണക്ക് എന്തു തന്നെയായാലും, അതിനെപ്പറ്റി ചില മാധ്യമങ്ങൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ തന്നെ ഒരു സൂചനയാണ് –റാലി വലിയ സംഭവമായിരുന്നു എന്ന്. പത്തു ലക്ഷത്തിലും കുറവാണെന്നു വന്നാലും റാലിയുടെ രാഷ്ട്രീയ പ്രാധാന്യം കുറയുന്നില്ലല്ലോ.


