Begin typing your search above and press return to search.

മാധ്യമങ്ങൾ മറച്ചതിനെ ഓസ്കർ ദൃശ്യമാക്കി

മാധ്യമങ്ങൾ മറച്ചതിനെ ഓസ്കർ ദൃശ്യമാക്കി
cancel

രണ്ട് വിദേശ സംഭവങ്ങൾ. രണ്ടും അമേരിക്കയിൽ നടന്നത്. രണ്ടിലുമുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങളുടെ നല്ലതല്ലാത്ത കൈയൊപ്പ്. ഒന്ന്, ഓസ്കർ പുരസ്കാര പ്രഖ്യാപനമാണ്. ഫലസ്തീൻ ആക്ടിവിസ്റ്റ് ബാസൽ അദ്റയും ഇസ്രായേലി ജേണലിസ്റ്റ് യുവാൽ അബ്രഹാമും സംവിധാനം ചെയ്ത ‘നോ അദർ ലാൻഡ്’ ആണ് മികച്ച ഡോക്യുമെന്ററി. ബാസലിന്റെ സ്വദേശമായ മസാഫർ യത്ത ഇസ്രായേലി സൈന്യം കൈയേറി സ്വന്തമാക്കുന്നത് നാലു വർഷങ്ങളിലെ നേർക്കാഴ്ചകളായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. അക്രമങ്ങൾ പകർത്താനെത്തുന്ന ബാസലിനെ സയണിസ്റ്റ് സൈന്യം വിലക്കുന്നുണ്ട്; എങ്കിലും സ്വജീവിതം അപായപ്പെടുത്തിക്കൊണ്ട് അദ്ദേഹം സത്യം രേഖപ്പെടുത്തുന്നു. ഒരുനിലക്ക് ഈ പുരസ്കാരം...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

രണ്ട് വിദേശ സംഭവങ്ങൾ. രണ്ടും അമേരിക്കയിൽ നടന്നത്. രണ്ടിലുമുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങളുടെ നല്ലതല്ലാത്ത കൈയൊപ്പ്.

ഒന്ന്, ഓസ്കർ പുരസ്കാര പ്രഖ്യാപനമാണ്. ഫലസ്തീൻ ആക്ടിവിസ്റ്റ് ബാസൽ അദ്റയും ഇസ്രായേലി ജേണലിസ്റ്റ് യുവാൽ അബ്രഹാമും സംവിധാനം ചെയ്ത ‘നോ അദർ ലാൻഡ്’ ആണ് മികച്ച ഡോക്യുമെന്ററി. ബാസലിന്റെ സ്വദേശമായ മസാഫർ യത്ത ഇസ്രായേലി സൈന്യം കൈയേറി സ്വന്തമാക്കുന്നത് നാലു വർഷങ്ങളിലെ നേർക്കാഴ്ചകളായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. അക്രമങ്ങൾ പകർത്താനെത്തുന്ന ബാസലിനെ സയണിസ്റ്റ് സൈന്യം വിലക്കുന്നുണ്ട്; എങ്കിലും സ്വജീവിതം അപായപ്പെടുത്തിക്കൊണ്ട് അദ്ദേഹം സത്യം രേഖപ്പെടുത്തുന്നു.

ഒരുനിലക്ക് ഈ പുരസ്കാരം അനേകം പാശ്ചാത്യ മാധ്യമങ്ങൾക്കുള്ള പ്രഹരം കൂടിയാണ്. കാരണം, ഇസ്രായേലിന്റെ വംശഹത്യ സാധ്യമാക്കാൻ പാകത്തിൽ ഫലസ്തീന്റെ ദുരിതങ്ങൾ വാർത്തയിൽ വരാതിരിക്കാൻ അവ നന്നായി ശ്രദ്ധിച്ചുവരുന്നു. ഇസ്രായേലി ഭാഷ്യം മാത്രമാണ് അവ വാർത്തയാക്കുന്നത്. അൽ ജസീറ പോലുള്ള ഏതാനും പൗരസ്ത്യ മാധ്യമങ്ങളും കുറേ ഓൺലൈൻ മാധ്യമങ്ങളും മാത്രമാണ് യാഥാർഥ്യമറിയാൻ ലോകസമൂഹത്തിന് ആശ്രയമായുള്ളത്. ഒപ്പം, വിവിധ കേന്ദ്രങ്ങൾ നിർമിച്ച് പ്രസിദ്ധപ്പെടുത്തുന്ന വിലപ്പെട്ട ഡോക്യുമെന്ററികളും.

പക്ഷേ, ഈ ഡോക്യുമെന്ററികളെപ്പോലും തടയാൻ പാശ്ചാത്യ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. ഓസ്കർ നേടിയ ‘നോ അദർ ലാൻഡ്’ അമേരിക്കയിൽ പ്രദർശിപ്പിക്കാൻ ആരെയും കിട്ടിയില്ലെന്നത് ഇതിന്റെ തെളിവാണ്. ഓസ്കർ മത്സരത്തിന് നാമനിർദേശം ചെയ്യപ്പെടുമ്പോഴേക്കും ഡിസ്ട്രിബ്യൂട്ടർമാർ പ്രദർശനാവകാശത്തിന് ക്യൂ നിൽക്കുന്ന ഒരു രാജ്യത്താണിങ്ങനെ.

ഫലസ്തീൻകാർ അധിനിവേശത്തിനും വംശീയ അതിക്രമത്തിനും ഇരയാണെന്ന വസ്തുതപോലും പാശ്ചാത്യ മാധ്യമങ്ങൾ പറയാറില്ല. ‘ജനസൈഡ്’ എന്ന വാക്ക് ഇസ്രായേലിനെതിരെ പറയരുതെന്ന നിർദേശമുണ്ട് ന്യൂയോർക് ടൈംസിലെയും ബി.ബി.സിയിലെയും ഡെസ്കുകൾക്ക്. ‘ഇസ്രായേലി ബന്ദികളെ’ന്നും ‘ഫലസ്തീനി തടവുകാരെ’ന്നും വേർതിരിച്ച് പറയുന്ന അവ ഫലസ്തീൻകാരെ മനുഷ്യരായി കാണുന്ന തരത്തിൽ റിപ്പോർട്ടുകൾപോലും എഴുതാറില്ല. (ഒരുതവണ –ഒറ്റത്തവണ മാത്രം– ബി.ബി.സി ‘ഇസ്രായേലി തടവുകാർ’ എന്ന് പ്രയോഗിച്ചു. അന്നുതന്നെ ആ പ്രയോഗത്തിന് മാപ്പും പറഞ്ഞു. ഫലസ്തീൻകാർക്ക് ഒരിക്കലും ആ പരിഗണന കൊടുത്തില്ല.)

ബി.ബി.സി മറുവശം പറയാനൊരു ശ്രമം നടത്തി. ‘ഗസ്സ: യുദ്ധമുഖത്തെ അതിജീവനം’ (Gazza: How to Survive a War Zone) എന്ന പേരിൽ ഒരു ഡോക്യുമെന്ററി തയാറാക്കി. ഇസ്രായേലി ബോംബുവർഷവും ക്രൂരതകളും അര​ങ്ങേറുന്ന ഗസ്സയിൽ കുട്ടികൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് അതിന്റെ വിഷയം. 15 മാസക്കാലത്തിനിടക്ക്, ഫലസ്തീൻകാരെ മനുഷ്യരായി കാണിക്കാൻ ബി.ബി.സി നടത്തിയ ഏക ശ്രമം.

എന്നിട്ടോ? ഡോക്യുമെന്ററി കഴിഞ്ഞമാസം പുറത്തിറങ്ങിയ ഉടനെ അത് പിൻവലിച്ചു. ‘ഐ പ്ലേയറി’ൽനിന്ന് നീക്കംചെയ്തു.

അതിന് കാരണം ഉള്ളടക്കത്തിലെ പ്രശ്നമല്ല. ദൃശ്യങ്ങളും വിവരണവുമെല്ലാം സത്യസന്ധംതന്നെ. പക്ഷേ, അതിൽ അവതാരകനായി പ്രത്യക്ഷപ്പെടുന്നവരിൽ ഒരു ബാലൻ, ഗസ്സ മന്ത്രിസഭയിലെ കൃഷി വകുപ്പ് സഹമന്ത്രിയുടെ മകനായിപ്പോയി! ഗസ്സയുടെ ദുരിതം ഗസ്സക്കാരൻ പറയുന്നതുപോലും ഉപാധികൾക്ക് വിധേയം!

ഓസ്കർകൊണ്ടുള്ള നേട്ടം

ഇതേ ബി.ബി.സി (ഇത്തരത്തിൽ ഫലസ്തീന്റെ ശബ്ദം അടിച്ചമർത്തുന്ന മറ്റു പാശ്ചാത്യ മാധ്യമങ്ങളും) മസാഫർ യത്തയിലെ വംശീയ ഉന്മൂലനത്തിന്റെ നേർസാക്ഷ്യമായ ‘നോ അദർ ലാൻഡി’ന്റെ പേര് പറയേണ്ടിവന്നതുതന്നെ ഓസ്കർകൊണ്ടുള്ള ചെറുതല്ലാത്ത നേട്ടമാണ്.

പക്ഷേ, പേരിനപ്പുറം, അതിന്റെ ഉള്ളടക്കം പറയാതിരിക്കാൻ ആ മാധ്യമങ്ങൾ നന്നായി പാടുപെടുന്നുണ്ട്. കാരണം അത് ഇസ്രായേലിനെതിരായ സാക്ഷ്യമാണ്.

അതുകൊണ്ട്, ഡോക്യുമെന്ററിയെപ്പറ്റി പറഞ്ഞ്, എന്നാൽ ഉള്ളടക്കത്തെപ്പറ്റി ഏറെ പറയാതെ, റിപ്പോർട്ട് ചെയ്യാനാണ് അവ ശ്രമിച്ചത്. ബാസലും യുവാലും തങ്ങളുടെ പ്രസംഗങ്ങളിൽ ഇസ്രായേലി ‘അപ്പാർതൈറ്റി’നെപ്പറ്റിയും ‘വംശീയ ഉന്മൂലന’ത്തെപ്പറ്റിയും പറഞ്ഞതാണ്. എന്നാൽ പല മാധ്യമങ്ങളും ആ വശം ഒഴിവാക്കി.

ന്യൂയോർക് ടൈംസ്: രാഷ്ട്രീയ ഉള്ളടക്കം കാരണം വിതരണക്കാർ ഒഴിവാക്കിയ ‘നോ അദർ ലാൻഡി’ന് പുരസ്കാരം (എന്ത് ‘രാഷ്ട്രീയം’?)

എ.ബി.സി ന്യൂസ്: ‘... വെസ്റ്റ് ബാങ്കിലെ ഒരു ചെറുസമൂഹത്തിന്റെ കഷ്ടപ്പാടാണ് ഈ ചിത്രത്തിന്റെ പ്രമേയം.’ (ഏത് സമൂഹം? എന്തുതരം കഷ്ടപ്പാടാണ് അവർക്ക്? ഒരു സൂചനയുമില്ല.)

ബി.ബി.സി റിപ്പോർട്ടിൽനിന്ന്: ‘... വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം തെറ്റാണെങ്കിലും ഇസ്രായേൽ അത് അംഗീകരിക്കുന്നില്ല. ഭൂപ്രദേശത്തെപ്പറ്റി വിരുദ്ധ അവകാശവാദങ്ങളുണ്ട്. ഇതാണ് സംഘർഷകാരണം.’ (നിയമ വിരുദ്ധ കുടിയേറ്റത്തെ തർക്കമായി അവതരിപ്പിക്കുന്നു. ‘വിരുദ്ധ അവകാശവാദങ്ങൾ’ അല്ല, അന്താരാഷ്ട്ര നിയമമാണ് ശരി.)

ഫോറിൻ പോളിസി മാഗസിൻ ഓസ്കർ നേടിയ ചിത്രത്തെ പരിചയപ്പെടുത്തുന്നത്, ‘വെസ്റ്റ് ബാങ്ക് ഒഴിപ്പിക്കലിനെപ്പറ്റിയുള്ള ഡോക്യുമെന്ററി’ എന്ന്. ആ വാക്ക് (ഒഴിപ്പിക്കൽ–evictions) ഡോക്യുമെന്ററിയുടെ ഉള്ളടക്കത്തെ വളച്ചൊടിക്കുന്നു. വംശീയ ഉന്മൂലനം (ethnic cleansing) എന്ന് ഡയറക്ടർമാർ വിളിക്കുന്നതിനെയാണ് ‘ഒഴിപ്പിക്കലാ’ക്കുന്നത്. അനധികൃതമായി ഒരിടത്ത് പാർക്കുന്നവരെ അവിടെനിന്ന് മാറ്റുന്നതാണ് ‘ഒഴിപ്പിക്കൽ’. പുറംനാട്ടുകാർ വന്ന് നാട്ടുകാരെ ആട്ടിയോടിക്കുന്നത് അതല്ലല്ലോ.

പൊളിറ്റികോ മാഗസിൻ പുരസ്കൃത ചിത്രത്തെ ‘വിവാദ മിഡിലീസ്റ്റ് ഡോക്യുമെന്ററി’ എന്ന് പരിചയപ്പെടുത്തുന്നു. ‘വിവാദം’ (controversial) എന്ന വിശേഷണം, ഇസ്രായേൽ നടത്തുന്ന ഉന്മൂലനത്തെ ന്യായീകരിക്കുന്നതാണ്. ഇതേ മാഗസിൻ കഴിഞ്ഞ രണ്ടു വർഷത്തെ ഓസ്കർ വാർത്തകൾ റിപ്പോർട്ട് ചെയ്ത രീതി കൗതുകകരമാണ്. 2023ൽ, റഷ്യൻ പ്രതിപക്ഷ നേതാവ് നവൽനിയെപ്പറ്റിയുള്ള ചിത്രവും 2024ൽ യുക്രെയ്നിലെ മരിയുപോൾ നഗരം റഷ്യൻ ആക്രമണത്തിൽ തകർക്കപ്പെട്ടതിനെപ്പറ്റിയുള്ള ചിത്രവുമാണ് ഡോക്യുമെന്ററി ഓസ്കർ നേടിയത്. രണ്ടും ആവേശപൂർവം റിപ്പോർട്ട് ചെയ്ത പൊളിറ്റികോ റഷ്യയുടെ ക്രൂരതയെപ്പറ്റി തലക്കെട്ടുകളിൽ സൂചിപ്പിച്ചു. ഇപ്പോൾ, ക്രൂരത ഇസ്രായേലിന്റേതാകുമ്പോൾ കുറ്റം ഡോക്യുമെന്ററിക്ക്!

ബ്രയൻ ഗ്ലെൻ: ട്രംപിന്റെ നാക്ക്

നിർമിതബുദ്ധി സോഫ്റ്റ്​വെയറായ ‘അർകാന’കൊണ്ട് ഒരു സാങ്കൽപിക വിഡിയോ ഉണ്ടാക്കി നോക്കുക മാത്രമായിരുന്നു സോളോ അവിതൽ, ആരിയേൽ വ്രോമൻ എന്നീ ടെക് വിദഗ്ധരുടെ ലക്ഷ്യം. ഗസ്സ താൻ എടുത്ത് മനോഹരമാക്കാമെന്ന പ്രസിഡന്റ് ട്രംപിന്റെ വിടുവായത്തം കേട്ട്, അതിനെ കളിയാക്കി ഒരു ചിത്രമുണ്ടാക്കാമെന്നായി ചിന്ത. അങ്ങനെ ഉണ്ടാക്കിയ ‘ട്രംപ് ഗസ്സ’ എന്ന ആക്ഷേപഹാസ്യ ചിത്രം എങ്ങനെയോ ട്രംപിന്റെ കൈയിലെത്തി. അദ്ദേഹം അത് മോഷ്ടിച്ച് സ്വന്തമെന്ന മട്ടിൽ തന്റെ ‘ട്രൂത്ത് സോഷ്യലി’ൽ പോസ്റ്റ് ചെയ്തു. തങ്ങളുടെ പരിഹാസം ഗൗരവപ്പെട്ട രാഷ്ട്രീയ തർക്കത്തിന് വിഷയമാകുന്നത് കണ്ട് അതിന്റെ സ്രഷ്ടാക്കൾ അമ്പരന്നു.

ആത്മപ്രശംസ ഇഷ്ടപ്പെടുന്ന ഏകാധിപതികളിൽ ട്രംപുമുണ്ട്. അദ്ദേഹം വൈറ്റ്ഹൗസിലെ റിപ്പോർട്ടർമാരുടെ ലിസ്റ്റൊന്ന് പുതുക്കി. പഴയ ‘ശല്യക്കാ’രെ ഒഴിവാക്കി. സ്തുതിപാഠകരെ ധാരാളമായി ചേർത്തു; അവർക്ക് മുൻസീറ്റുകളും അനുവദിച്ചു.

സ്തുതിപാഠകരിൽ മുമ്പനായ ബ്രയൻ ഗ്ലെൻ ആണ് ട്രംപ്-സെലൻസ്കി കോലാഹലത്തിന്റെ സംവിധായകനെന്ന് പറയാം. ഗൗരവമേറിയ അന്താരാഷ്ട്ര ചർച്ച മാധ്യമങ്ങൾക്ക് മുന്നിലാക്കിയതിന്റെ ബഹുമതി ഏറ്റെടുത്ത ട്രംപ്, സെലൻസ്കിയുടെ വസ്ത്രധാരണത്തിൽ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ‘ചർച്ച’ തുടങ്ങുമ്പോഴേക്കും ഗ്ലെൻ ചോദ്യമെറിഞ്ഞു: താങ്കളെന്തുകൊണ്ട് ഒരു സൂട്ട് ധരിച്ചില്ല? വൈസ് പ്രസിഡന്റ് വാൻസ് അവിടം കൊണ്ട് തുടങ്ങി. സെലൻസ്കി നന്ദി കാണിക്കുന്നില്ല, ബഹുമാനിക്കുന്നില്ല എന്നും മറ്റും. ആ ഉന്നതതല ചർച്ച അലസിയതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ബ്രയൻ ഗ്ലെൻ എന്ന ട്രംപ് ഉച്ചഭാഷിണിക്കാവണം.


News Summary - No Other Land getting oscar