Begin typing your search above and press return to search.

വാർത്താ സമ്മേളനങ്ങൾ,മൂന്നു തരം

വാർത്താ സമ്മേളനങ്ങൾ,മൂന്നു തരം
cancel

ആഗസ്റ്റ് 7ന് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം വസ്തുതകൾ വ്യക്തതയോടെ നിരത്തി. തെളിവുകൾ തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ രേഖകളിൽനിന്ന്. ഉറച്ച നിലപാടും മാന്യമായ ഭാഷയും. ലളിതമായി, ഇംഗ്ലീഷിലും ഹിന്ദിയിലും പവർപോയന്റ് അവതരണം. ഇങ്ങനെ വേണം വാർത്താസമ്മേളനമെന്ന്, മുതിർന്ന മാധ്യമപ്രവർത്തകർ വരെ പറയുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമീഷനെതിരായ ദേശീയ പ്രതിപക്ഷത്തിന്റെ പരാതികൾ ജുഡീഷ്യറിക്കും പാർലമെന്റിനും മുന്നിൽ എത്തുന്നതിനു മുമ്പ് ‘നാലാം തൂണാ’യ മാധ്യമരംഗത്താണ് ഏറ്റവും ചൂടുള്ള ചർച്ചയായത്.പ്രധാനമായും മൂന്നുതരം വാർത്താ സമ്മേളനങ്ങൾ രാജ്യം ഇക്കാര്യത്തിൽ കണ്ടു. ഒന്ന്, ലോക്സഭാ പ്രതിപക്ഷ നേതാവ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ആഗസ്റ്റ് 7ന് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം വസ്തുതകൾ വ്യക്തതയോടെ നിരത്തി. തെളിവുകൾ തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ രേഖകളിൽനിന്ന്. ഉറച്ച നിലപാടും മാന്യമായ ഭാഷയും. ലളിതമായി, ഇംഗ്ലീഷിലും ഹിന്ദിയിലും പവർപോയന്റ് അവതരണം. ഇങ്ങനെ വേണം വാർത്താസമ്മേളനമെന്ന്, മുതിർന്ന മാധ്യമപ്രവർത്തകർ വരെ പറയുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമീഷനെതിരായ ദേശീയ പ്രതിപക്ഷത്തിന്റെ പരാതികൾ ജുഡീഷ്യറിക്കും പാർലമെന്റിനും മുന്നിൽ എത്തുന്നതിനു മുമ്പ് ‘നാലാം തൂണാ’യ മാധ്യമരംഗത്താണ് ഏറ്റവും ചൂടുള്ള ചർച്ചയായത്.

പ്രധാനമായും മൂന്നുതരം വാർത്താ സമ്മേളനങ്ങൾ രാജ്യം ഇക്കാര്യത്തിൽ കണ്ടു. ഒന്ന്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേത്. രണ്ട്, ബി.ജെ.പി നേതാവും മന്ത്രിയുമായ അനുരാഗ് ഠാകുറിന്റേത്. മൂന്ന്, ഇലക്ഷൻ കമീഷന്റേത്. ആഗസ്റ്റ് 7ന് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം വസ്തുതകൾ വ്യക്തതയോടെ നിരത്തി. തെളിവുകൾ തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ രേഖകളിൽനിന്ന്. ഉറച്ച നിലപാടും മാന്യമായ ഭാഷയും. ആർക്കും മനസ്സിലാകുന്ന തരത്തിൽ ലളിതമായി, ഇംഗ്ലീഷിലും ഹിന്ദിയിലും പവർപോയന്റ് അവതരണം. മുറിയിൽ തിങ്ങിനിറഞ്ഞ ലേഖകർക്ക് ചോദ്യമുന്നയിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും മതിയായ അവസരം. ഇങ്ങനെ വേണം വാർത്താസമ്മേളനമെന്ന്, അനേകം വർഷങ്ങളുടെ അനുഭവമുള്ള മുതിർന്ന മാധ്യമപ്രവർത്തകർ വരെ പിന്നീട് പറയുന്നുണ്ടായിരുന്നു. രാഹുൽ ‘‘പ്രസറി’’ന്റെ മുഖമുദ്ര, അത് വസ്തുതകളിലാണ് ഊന്നിയത് എന്നതാണ്.

ഈ വാർത്താസമ്മേളനത്തോടുള്ള പ്രതികരണമായാണ് അനുരാഗ് ഠാകുറിന്റെയും തെരഞ്ഞെടുപ്പ് മുഖ്യ കമീഷണർ ഗ്യാനേഷ് കുമാറിന്റെയും പ്രകടനങ്ങൾ. ആഗസ്റ്റ് 13ന് ഠാകുർ വിളിച്ച വാർത്താസമ്മേളനത്തിന്റെ ഉദ്ദേശ്യം രാഹുലിന്റെ വാദങ്ങളെ ഖണ്ഡിക്കുകയായിരുന്നെങ്കിലും പ്രതിപക്ഷ നേതാക്കൾ (രാഹുൽ, പ്രിയങ്ക, അഖിലേഷ് യാദവ്, അഭിഷേക് ബാനർജി) ജയിച്ച ലോക്സഭ മണ്ഡലങ്ങളിൽ വ്യാജ വോട്ടർമാരെ ചേർത്തു എന്ന് പറയുകവഴി തെരഞ്ഞെടുപ്പ് കൃത്രിമം നടന്നു എന്ന രാഹുലിന്റെ ആരോപണത്തെ ഫലത്തിൽ ശരിവെക്കുകയാണ് ചെയ്തത്. കൃത്രിമം തടയുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടു എന്ന് അതുവഴി അദ്ദേഹം സമ്മതിച്ചു. അതേസമയം, അദ്ദേഹം മുന്നോട്ടുവെച്ച തെളിവുകൾ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.

കർണാടകയിലെ മഹാദേവ്പുരയിൽ വൻതോതിൽ കള്ള വോട്ടർമാരുണ്ടായിരുന്നു എന്ന രാഹുലിന്റെ ആരോപണം വിവിധ മാധ്യമങ്ങൾ പിന്നീട് അന്വേഷിക്കുകയും സത്യമാണെന്ന് കണ്ടെത്തുകയുംചെയ്തു. എന്നാൽ, വയനാട്ടിൽ കള്ളവോട്ടുണ്ടെന്ന അനുരാഗ് ഠാകുറിന്റെ ആരോപണമാകട്ടെ പരിശോധനയിൽ ചീറ്റിപ്പോവുകയാണ് ചെയ്തത്. വയനാട്ടിൽ ചൗണ്ടേരി എന്ന ഒരേ വീട്ടുപേരിൽ വിവിധ മതക്കാരായ നാലായിരത്തിലേറെ വോട്ടർമാരുണ്ടെന്ന ആരോപണം പരിഹാസ്യംതന്നെയായിരുന്നു. ‘‘ചൗണ്ടേരി’’ വീട്ടുപേരല്ല, സ്ഥല​പ്പേരാണ്.

പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നുമുള്ള വാർത്താ സമ്മേളനങ്ങൾക്കു പിറകെ, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ പ്രസർ നടത്തുമ്പോൾ അത് വസ്തുതാപരവും പക്ഷപാതരഹിതവും സന്തുലിതവുമാകും എന്ന് പലരും പ്രതീക്ഷിച്ചു. ആഗസ്റ്റ് 17ലെ ആ വാർത്താസമ്മേളനം ഇലക്ഷൻ കമീഷന്റെ ഭരണപക്ഷ ചായ്‍വ് തെളിച്ചുകാട്ടാ​നേ ഉപകരിച്ചുള്ളൂ. ഒരു ലക്ഷത്തിലധികം കള്ളവോട്ടർമാരുണ്ടെന്ന് രാഹുൽ ഗാന്ധി വോട്ടർ പട്ടിക കാണിച്ചുകൊണ്ട് തെളിയിച്ചതിനു പിന്നാലെ അതിന് മറുപടി പറയുന്നതിനു പകരം പരാതി സത്യവാങ്മൂലമായി സമർപ്പിക്കാൻ കമീഷൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. എന്നാൽ, സമാനമായ ആരോപണത്തിന്റെ പേരിൽ അനുരാഗ് ഠാകുറിനോട് അത്തരം ആവശ്യമുന്നയിച്ചില്ല. കൂടുതൽ ഗൗരവപ്പെട്ടതാണ്, ഇലക്ഷൻ കമീഷന് സ്വന്തം നിയമങ്ങൾപോലും അറിയില്ല എന്നത് (വിശദമായ ലേഖനം: സിദ്ധാർഥ വരദരാജൻ, the indiacable.com).

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. ചോദ്യം, ഉത്തരം എന്ന രീതി ഒഴിവാക്കി. കുറെ പേർ കുറെ ചോദ്യങ്ങൾ ചോദിക്കുന്നു; മുഖ്യ കമീഷണർ മർമം തൊടാത്ത തരത്തിൽ ഒരു ​പ്രസംഗംചെയ്യുന്നു. പല വാദങ്ങളും അയുക്തികമാണ്. വോട്ടർ പട്ടിക നൽകാത്തതും ബൂത്തിലെ നിരീക്ഷണ വിഡിയോ ദൃശ്യങ്ങൾ നീക്കംചെയ്യുന്നതും സ്വകാര്യത സംരക്ഷിക്കാനാണത്രെ. സ്ത്രീകളടക്കം പോളിങ് ബൂത്തിൽ വോട്ടുചെയ്യാനെത്തുന്ന വിഡിയോ ദൃശ്യങ്ങൾ ആഘോഷപൂർവം പോസ്റ്റ് ചെയ്യാറുള്ള കമീഷനാണ് സി.സി.ടി.വി ദൃശ്യങ്ങൾ ചോദിക്കുമ്പോൾ ‘‘അമ്മ പെങ്ങന്മാരുടെ ചിത്രം പരസ്യപ്പെടുത്തുകയോ’’ എന്ന് ചോദിക്കുന്നത്. ‘‘പബ്ലിക് ഡോക്യുമെന്റാ’’ണ് വോട്ടർ പട്ടിക. ബൂത്തിലെയും വോട്ടെണ്ണലിലെയും ക്രമക്കേടുകൾ കണ്ടുപിടിക്കാൻ നിരീക്ഷണ കാമറകൾകൊണ്ട് കഴിയും. ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ (2024) പ്രിസൈഡിങ് ഓഫിസർ അനിൽ മസിഹ് ബാലറ്റ് പേപ്പറിൽ കൃത്രിമം കാട്ടുന്ന കാമറ ദൃശ്യമാണ് തെളിവായത്. കമീഷന് സുതാര്യതയില്ലായ്മയും രഹസ്യാത്മകതയുമാണ് ഇഷ്ടമെന്ന് പ്രസറിൽ വ്യക്തമായി.

കമീഷന്റെ ഉത്തരങ്ങളിലെ തെറ്റും യുക്തിയില്ലായ്മയും പലരും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാര്യങ്ങൾ മറച്ചുപിടിക്കുകയും അതിന് വ്യാജ ന്യായങ്ങൾ നിരത്തുകയുമാണ് കമീഷൻ ചെയ്യുന്നത്. ‘‘വോട്ടു ചോരണം’’, ബിഹാറിലെ ‘‘തീവ്ര പരിശോധന’’ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ കൃത്യമായി ഒന്നും പറയാൻ അവർ തയാറായില്ല.

മദ്രാസ് കൂറിയർ എന്ന ഓൺലൈൻ പത്രിക ചോദിച്ചപോലെ, വാർത്താസമ്മേളനത്തിൽ നൽകിയ അവ്യക്തവും അയുക്തികവുമായ മറുപടികൾ കോടതിയിൽ സത്യവാങ്മൂലമായി നൽകുമോ കമീഷൻ? രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം ഡേറ്റയാൽ സമ്പന്നമായിരുന്നു. അനുരാഗ് ഠാകുറിന്റേത് ഡേറ്റയിൽ കലർപ്പ് ചേർക്കാനുള്ള ശ്രമമായി. ഇലക്ഷൻ കമീഷനാകട്ടെ ഡേറ്റ രഹസ്യമാക്കിവെക്കാനുള്ള ന്യായങ്ങൾ നിരത്തി. ഒന്ന് വസ്തുതാപരം, രണ്ടാമത്തേത് പ്രചാരണപ്രധാനം, മൂന്നാമത്തേത് നിരുത്തരവാദപരം.

അനസ് ശരീഫും രക്തസാക്ഷിയായി

ഇസ്രായേലി അധിനിവേശ ഭീകരത മാത്രം അനുഭവിച്ച ജീവിതത്തോട് ആഗസ്റ്റ് 10ന് വിടപറഞ്ഞപ്പോൾ അനസ് അൽ ശരീഫ് എന്ന അൽജസീറ ലേഖകന് പ്രായം 28. ഗസ്സയിലെ നരഹത്യ ലോകമറിയുന്നത് അവിടത്തെ മാധ്യമപ്രവർത്തകരിലൂടെ മാത്രമാണ്. അതുകൊണ്ട് അവരെ ഒന്നൊന്നായും കൂട്ടമായും ഇസ്രായേൽ ലക്ഷ്യമിട്ട് കൊല്ലുന്നു. മാധ്യമപ്രവർത്തകരെ കൃത്യമായി ഉന്നമിടാൻ പ്രാപ്തിയുള്ള സാ​ങ്കേതികവിദ്യക്കു മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.

ഗസ്സയിലെ റിപ്പോർട്ടർ സംഘത്തിൽ ബാക്കിയായ ഏതാനും ചിലരായിരുന്നു അനസും മുഹമ്മദ് ഖുറൈഖയും ഇബ്രാഹിം സാഹിറും മുഹമ്മദ് നൗഫലും മുഅ്മിൻ അലിവയും മുഹമ്മദ് ഖാലിദിയും. അൽശിഫ ആശുപത്രിക്കു പുറത്തെ കൂടാരത്തിലുണ്ടായിരുന്ന അവരെ ഒറ്റയടിക്ക് ഇസ്രായേൽ കൂട്ടക്കൊല ചെയ്തു. ഗസ്സയിൽ ഇസ്രായേലി കൂട്ടക്കൊലയുടേതായ കഴിഞ്ഞ 673 ദിവസവും നാട്ടുകാരോടൊപ്പം പട്ടിണിയനുഭവിച്ച അനസിന് വേണമെങ്കിൽ വളരെ നേരത്തേ രക്ഷപ്പെടാമായിരുന്നു. ഇസ്രായേൽ നോട്ടമിട്ടിരുന്ന അദ്ദേഹത്തെ ഗസ്സയിൽനിന്ന് പുറത്തെത്തിക്കാമെന്ന് അൽ ജസീറ നിർദേശം വെച്ചിരുന്നു. റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എന്ന സംഘടനയും അദ്ദേഹത്തിന് അത്തരം ഉപദേശം നൽകിയെന്നും ഇസ്രായേൽതന്നെ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് പുറത്തേക്ക് സുരക്ഷിത പാത നൽകാൻ തയാറായെന്നും റിപ്പോർട്ടുണ്ട്.

പക്ഷേ, അദ്ദേഹം ഒരേയൊരു നിലപാടിൽ ഉറച്ചുനിന്നു: എന്റെ നാട്ടിൽ നിൽക്കും; എന്റെ നാട്ടിന്റെ അവസ്ഥ വിളിച്ചുപറയും; ഒന്നുകിൽ യുദ്ധത്തിന്റെ അവസാനം കാണും, അല്ലെങ്കിൽ രക്തസാക്ഷിയാകും. ബോംബ് വീഴുമ്പോൾ അകലേക്കല്ല, അതിനടുത്തേക്ക് ഓടുന്ന അനസിന്റെ റിപ്പോർട്ടുകൾ ലോകമെങ്ങും കോടിക്കണക്കിനാളുകൾ അൽജസീറയിലൂടെ കേട്ടു. യഥാർഥ മാധ്യമപ്രവർത്തനത്തിന്റെ മറ്റൊരു ഉരകല്ലായിരുന്ന അനസും രംഗം വിടുന്നു. അദ്ദേഹത്തെ വേട്ടയാടിയ ബി.ബി.സി പോലുള്ളവ തുറന്നുകാട്ട​പ്പെടുന്നു. അത് മറ്റൊരു കഥതന്നെയാണ്.


News Summary - Press conference held by Rahul Gandhi