Begin typing your search above and press return to search.

അലക്കി വെളുപ്പിക്കാം പ്രതി​​ച്ഛായ

അലക്കി വെളുപ്പിക്കാം   പ്രതി​​ച്ഛായ
cancel

ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ വ്യാപനത്തിൽ പ്രചാരണ തന്ത്രത്തിന്റെ സ്ഥാനം ചെറുതല്ല. എന്നാൽ, ആ പ്രചാരണങ്ങൾ സ്വന്തം ഊർജംകൊണ്ടല്ല നിലനിന്നതും ശക്തിപ്പെട്ടതും. അധികാരത്തിന്റെ താങ്ങില്ലാതെ അത് എളുപ്പമല്ല. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ജനങ്ങളുമായി സംവദിക്കാൻ പത്രങ്ങളെ ആശ്രയിച്ചു –യങ് ഇന്ത്യ, ഹരിജൻ. ഇവക്ക് അധികാരത്തിന്റെ പിൻബലമുണ്ടായിരുന്നില്ല. ധാർമികബലമായിരുന്നു അവയുടേത്. സ്വാതന്ത്ര്യത്തിനായുള്ള രാജ്യവാസികളുടെ അഭിലാഷത്തിന് ശബ്ദം നൽകുകയായിരുന്നു അവ.ജനപക്ഷ മാധ്യമങ്ങളും അധികാരപക്ഷ മാധ്യമങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും ഇതാണ്. ഒന്ന് ജനങ്ങളുടെ ശബ്ദം കേൾപ്പിക്കുന്നു; മറ്റേത് ജനങ്ങൾ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ വ്യാപനത്തിൽ പ്രചാരണ തന്ത്രത്തിന്റെ സ്ഥാനം ചെറുതല്ല. എന്നാൽ, ആ പ്രചാരണങ്ങൾ സ്വന്തം ഊർജംകൊണ്ടല്ല നിലനിന്നതും ശക്തിപ്പെട്ടതും. അധികാരത്തിന്റെ താങ്ങില്ലാതെ അത് എളുപ്പമല്ല. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ജനങ്ങളുമായി സംവദിക്കാൻ പത്രങ്ങളെ ആശ്രയിച്ചു –യങ് ഇന്ത്യ, ഹരിജൻ. ഇവക്ക് അധികാരത്തിന്റെ പിൻബലമുണ്ടായിരുന്നില്ല. ധാർമികബലമായിരുന്നു അവയുടേത്. സ്വാതന്ത്ര്യത്തിനായുള്ള രാജ്യവാസികളുടെ അഭിലാഷത്തിന് ശബ്ദം നൽകുകയായിരുന്നു അവ.

ജനപക്ഷ മാധ്യമങ്ങളും അധികാരപക്ഷ മാധ്യമങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും ഇതാണ്. ഒന്ന് ജനങ്ങളുടെ ശബ്ദം കേൾപ്പിക്കുന്നു; മറ്റേത് ജനങ്ങൾ എന്ത് ചിന്തിക്കണമെന്നും പറയണമെന്നും അവർക്ക് നിർദേശിച്ചുകൊടുക്കുന്നു. ഒന്ന് അടിത്തട്ടിൽനിന്ന് മുകളിലേക്ക് പ്രവഹിക്കുന്നു; മറ്റേത് മുകളിൽനിന്ന് താഴോട്ടും. ഒന്ന് ജനങ്ങളുടെ നേർമൊഴികളാണ്; മറ്റേത് റേഡിയോയും ‘മൻകീബാത്തു’മാണ് –ഏകദിശയിലുള്ള, സ്വതന്ത്ര മാധ്യമങ്ങൾക്കും വാർത്താസമ്മേളനങ്ങൾക്കും ഇടമനുവദിക്കാത്ത, ‘അപര’നെ കേൾക്കാൻ തയാറില്ലാത്ത ശൈലി. പൊതുമാധ്യമ രംഗത്ത് ഫാഷിസ്റ്റ് സാന്നിധ്യത്തിന്റെ മുൻഉപാധിയാണ് അധികാരം.

ആർ.എസ്.എസ് ജനിച്ചപ്പോഴേ (1925) യൂറോപ്പിലെ നാസി-ഫാഷിസ്റ്റ് ആശയങ്ങൾ കടംകൊണ്ടു. വംശവിശുദ്ധി എന്ന, മാനവിക സമത്വത്തിനെതിരായ ആശയം മുന്നിലുമുണ്ട്. ‘അപരൻ’മാരായ ന്യൂനപക്ഷങ്ങൾക്കെതിരെ ആസൂത്രിത പ്രചാരണവും വേട്ടയും; കർക്കശമായ പട്ടാളശൈലിയും യൂനിഫോമും; സമഗ്രാധിപത്യത്തോടുള്ള ആഭിമുഖ്യവും ജനാധിപത്യ വിരുദ്ധതയും; ചരിത്രവും വിദ്യാഭ്യാസവും വളച്ചെഴുതൽ –ഇത്തരം ശൈലികൾ ഉദാഹരണം. അധികാരം, ഹിംസ എന്നിവയുമായി ചേർത്തുള്ള വ്യക്തിപൂജയാണ് മറ്റൊന്ന്. മാധ്യമങ്ങളെ സ്വതന്ത്രമായ അഭി​പ്രായപ്രകടനത്തിനുള്ള ഉപാധിയായല്ല ഇവർ കരുതുന്നത്. മറിച്ച്, അധികാരത്തിന്റെ ഉപകരണം മാത്രമാണവ. ജർമനിയിലും ഇറ്റലിയിലും മാധ്യമങ്ങളെ മെരുക്കാൻ പാകത്തിൽ നാസി-ഫാഷിസ്റ്റ് പാർട്ടികൾക്ക് അധികാരം എളുപ്പത്തിൽ കൈക്കലാക്കാൻ കഴിഞ്ഞിരുന്നു.

മാധ്യമങ്ങൾ –അധീശത്വ ഉപകരണം

നാസി സർക്കാറിലെ പ്രോപഗൻഡ മന്ത്രിയായിരുന്നല്ലോ യോസഫ് ഗെബൽസ്. ഹിറ്റ്ലറോടുള്ള ഭക്തിയും ആര്യൻവംശ ശ്രേഷ്ഠതയും സ്ഥാപിക്കാനും ജൂതരടക്കമുള്ള ‘അപര’രെ പിശാചാക്കാനും അദ്ദേഹം പത്രങ്ങളെ വളച്ചെടുത്തു. 1933ൽ 4700 പത്രങ്ങളുണ്ടായിരുന്ന ജർമനിയിൽ, 1940കളിലേക്ക് ആയുസ്സ് കിട്ടിയത് 1100ഓളം മാത്രം. അതിൽതന്നെ പകുതി നാഷനൽ സോഷ്യലിസ്റ്റ് (നാസി) പാർട്ടിയുടെ കീഴിലായിക്കഴിഞ്ഞിരുന്നു. പത്രങ്ങളെ വരുതിക്കുനിർത്തുകയായിരുന്നു ‘റൈഖ് പ്രസ് ചേംബറി’ന്റെ ജോലി. സർക്കാർ കുത്തകയിലായിരുന്ന റേഡിയോ വഴി ഹിറ്റ്ലറുടെ പ്രസംഗങ്ങളും വംശീയ പ്രചാരണ പരിപാടികളും 70 ശതമാനം വീടുകളിലും എത്തി. നിലവിലുണ്ടായിരുന്ന ഫിലിം സ്റ്റുഡിയോ ഏറ്റെടുത്ത്, നാസി പ്രചാരണ ഡോക്യുമെന്ററികളും ന്യൂസ് റീലുകളും ഇറക്കി. പുസ്തകങ്ങൾ സെൻസർ ചെയ്തു; കുറെ കത്തിച്ചു. സാംസ്കാരിക പരിപാടികൾക്ക് ‘ആര്യൻ’ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി.

ഇറ്റലിയിലും സമാനമായിരുന്നു കാര്യങ്ങൾ. പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ ‘പോപ്പുലർ കൾചർ’ മന്ത്രിയും മറ്റു സംവിധാനങ്ങളും. മുസോളിനിയുടെ വ്യക്തിത്വം പൊലിപ്പിക്കാൻ പ്രത്യേക പരിപാടികൾ. പത്രനിയന്ത്രണം. 1925ഓടെ ഫാഷിസ്റ്റ് വിരുദ്ധ പത്രങ്ങൾ നിരോധിച്ചു. ജേണലിസ്റ്റുകൾക്ക് ഫാഷിസ്റ്റ് പാർട്ടി രജിസ്​ട്രേഷൻ നിർബന്ധമാക്കി. റേഡിയോ, സിനിമ തുടങ്ങിയ ഇതര മാധ്യമരംഗങ്ങളിലും സമഗ്രാധിപത്യംതന്നെ. മു​സോളിനിയുടെ ചിത്രങ്ങൾ നിരത്തുകളിലും പത്രങ്ങളിലും എന്നുവേണ്ട എങ്ങും നിറഞ്ഞു.

ഇന്ത്യയിൽ ഇതിന്റെ ലാഞ്ഛനകൾ കാണുന്നു​ണ്ടോ? നാസി, ഫാഷിസ്റ്റ് ആശയ​ങ്ങളോടും രീതികളോടും ആർ.എസ്.എസിന് ഉണ്ടായിരുന്ന ആഭിമുഖ്യം ചരിത്രരേഖയാണ്. എന്നാൽ, അടിച്ചേൽപിക്കാൻ പാകത്തിൽ അധികാരമില്ലാത്തതും ​പൊതുസ്വീകാര്യത ഇല്ലാത്തതും കാരണം മാധ്യമരംഗത്ത് അതിന് സാന്നിധ്യം തുടക്കത്തിൽ കുറവായിരുന്നു. അന്ന് മാധ്യമങ്ങൾ പൊതുവെ സ്വാതന്ത്ര്യസമരത്തോടു ചേർന്നുനിന്നു. ആർ.എസ്.എസ് മറുപക്ഷത്തായിരുന്നു. ഓർഗനൈസർ, പാഞ്ചജന്യ തുടങ്ങിയ സ്വന്തം മാധ്യമങ്ങൾ തന്നെ പൊതുസമൂഹത്തെ ഉദ്ദേശിച്ചായിരുന്നില്ല തുടക്കത്തിൽ ഇറക്കിയത്.

ആർ.എസ്.എസ് സ്വാതന്ത്ര്യസമരത്തിന് എതിരുനിൽക്കുക മാത്രമല്ല ഉണ്ടായത്. രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകും വിധം വെറുപ്പ് പ്രചരിപ്പിച്ചു. ആർ.എസ്.എസ് സൈദ്ധാന്തികരുടെ രചനകളിൽ ഇന്നത്തെ വിദ്വേഷ രാഷ്ട്രീയത്തിനാവശ്യമായ വിത്തുകൾ കാണാം. ഗാന്ധിവധവും ബാബരി ധ്വംസനവും പ്രതിച്ഛായക്ക് കൂടുതൽ പരിക്കേൽപിച്ചു. ഇത് മറികടക്കാൻ, തീവ്ര ഹിന്ദുത്വ പ്രചാരണത്തോടൊപ്പം, ദേശീയതയുടെ മറപറ്റിക്കൊണ്ടുള്ള പുതിയ ‘നാരേറ്റിവും’ ആർ.എസ്.എസിന് ആവശ്യമുണ്ടായിരുന്നു. അധികാരം കിട്ടുംവരെ പലതും (ഗാന്ധിവിരോധം, ഗോദ്സെ ഭക്തി, നാസി-ഫാഷിസ്റ്റ് ചായ്‍വ്) ആ നാരേറ്റിവിന്റെ ഭാഗമായി തള്ളിപ്പറയേണ്ടി വന്നിരുന്നു.

അകത്ത് വിഷം; പുറത്ത് മോടി

സംഘ്പരിവാർ അധികാരത്തിൽ വന്നതിനുശേഷം രണ്ട് വിരുദ്ധഭാവങ്ങൾ അവർക്ക് മാധ്യമങ്ങളിൽ കൈവന്നു. ഒന്ന്, പണ്ട് അകൽച്ച ഭാവിക്കേണ്ടി വന്നിരുന്ന തീവ്രവർഗീയതക്ക് മുഖ്യധാരയിൽ പ്രവേശനം ലഭിക്കുന്നു. രണ്ട്, ‘‘പരിവാർ’’ ഹിംസയുമായി മു​​ന്നോട്ടുപോകുമ്പോഴും ആർ.എസ്.എസ് സ്വന്തമായി മിതവാദത്തിന്റെ പുറംവേഷമണിയുകയും അതുവഴി പൊതുസ്വീകാര്യത നേടുകയും ചെയ്യുന്നു. അങ്ങനെ, ഒരുഭാഗത്ത് വംശീയത പ്രവൃത്തിപഥത്തിലെത്തുന്നു; മറുഭാഗത്ത് പൊതുമാധ്യമ എൻഗേജ്മെന്റുകളിലൂടെ വർഗീയ ദേശീയത നോർമലൈസ് ചെയ്യ​പ്പെടുകയുംചെയ്യുന്നു. മോദി​െയ വിഗ്രഹവത്കരിക്കുന്നു.

മുമ്പുണ്ടായിരുന്ന അയിത്തം മുഖ്യധാരാ മാധ്യമങ്ങളിൽ ഇന്നില്ല എന്നതിനാൽ ശതാബ്ദിവേളയിൽ ആർ.എസ്.എസിന് വലിയ ദൃശ്യത ലഭിച്ചു. മുമ്പൊരു ലക്കത്തിൽ ചൂണ്ടിക്കാണിച്ചപോലെ, ഗാന്ധിജിയെ എ​​പ്പോഴും സ്വന്തമാക്കാറുള്ള മാതൃഭൂമി പോലും ഇത്തവണ ഗാന്ധിജയന്തിയും ആർ.എസ്.എസ് ശതാബ്ദിയും ഒത്തുവന്ന​പ്പോൾ മുൻതൂക്കം കൊടുത്തത് ഗാന്ധിജിക്കായിരുന്നില്ല. മുമ്പ് ഓർഗനൈസറും പാഞ്ചജന്യയും സംസ്കാർ ടി.വിയുംപോലുള്ള സ്വന്തം മാധ്യമങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്ന ആർ.എസ്.എസ് ഇന്ന് വിമർശന രൂപത്തിലല്ലാതെ തന്നെ ഔട്ട്‍ലുക്ക്, ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്, മലയാള മനോരമ, ​കേരള കൗമുദി, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ തുടങ്ങിയവയിൽ പ്രത്യക്ഷ​പ്പെടുന്നു. ‘‘ഇന്ത്യയിലെ ഏറ്റവും വലിയ ‘തീവ്ര വലതുപക്ഷ’ ഗ്രൂപ്പായി വാഷിങ്ടൺ പോസ്റ്റും ബി.ബി.സിയും വാൾസ്ട്രീറ്റ് ജേണലും അതിനെ പരിചയപ്പെടുത്തുന്നു. സീ മീഡിയ, റിപ്പബ്ലിക് ടി.വി, ഇന്ത്യ ടി.വി മുതൽ എൻ.ഡി.ടി.വി വരെയുള്ള ഗോദീമീഡിയക്കു പുറമെയാണിത്. വിപുലമായ സമൂഹമാധ്യമ അക്കൗണ്ടുകൾ വേറെ.

ഇതിനോടൊപ്പം, സംഘ്പരിവാർ ഭാഷ്യങ്ങൾ ഔദ്യോഗിക ഭാഷ്യമാക്കുന്ന തരത്തിൽ മാധ്യമരംഗത്ത് ക്രമീകരണങ്ങൾ നടക്കുന്നു. പുതിയ ഐ.ടി നിയമം, സർക്കാർ വക ‘പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട്ചെക്ക്’ തുടങ്ങിയവ ഫലത്തിൽ എതിർശബ്ദങ്ങൾക്കുള്ള സെ​ൻസർഷിപ്പാണ്. ആർ.എസ്.എസിന്റെ പിന്തുണയുള്ള ‘ഹിന്ദുസ്താൻ സമാചാർ’ ന്യൂസ് ഏജൻസിയുമായി ദൂർദർശനും ആകാശവാണിയും വാർത്താ കരാർ ഒപ്പിട്ടതും എ.എൻ.ഐ പോലുള്ള സംഘ്പരിവാർ പക്ഷ ഏജൻസികൾക്ക് ലഭ്യമായ വിപുല ശൃംഖലയും പ്രചാരണരംഗത്ത് പുതിയ ഇടങ്ങൾ തുറന്നിട്ടുണ്ട്.

ആർ.എസ്.എസിൽനിന്നു വന്ന പുതിയ ഉപരാഷ്ട്രപതി രാധാകൃഷ്ണൻ ഹിന്ദുസ്താൻ ടൈംസിലും ദൈനിക് ജാഗരണിലും കോളമെഴുതിത്തുടങ്ങാൻ ഒട്ടും താമസിച്ചില്ല. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് (ടിസ്) വൈസ് ചാൻസലർ ബദ്‍രി നാരായൺ, ‘ഹിന്ദുത്വവും വികസനവും’ എന്ന തലക്കെട്ടിൽ (ഫിനാൻഷ്യൽ എക്സ്പ്രസ്), ‘‘ശതാബ്ദി വർഷത്തിൽ ആർ.എസ്.എസ് സമ്പന്നവും സമത്വപൂർണവുമായ ഇന്ത്യക്കായി അജണ്ടവെച്ച’’തായി ഉൗറ്റംകൊള്ളുന്നു. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഡയറക്ടർ മകരന്ദ് പരഞ്ജപെ എഴുതിയ (മെയിൽ ടു​ഡേ) ലേഖനത്തിന്റെ തലക്കെട്ട്: ‘‘ആർ.എസ്.എസിനെ വേട്ടയാടുന്നത് മാധ്യമങ്ങൾക്ക് നിർത്തിക്കൂടേ?’’

ബാബരി ധ്വംസനത്തെ അന്ന് വിമർശിച്ച മാധ്യമങ്ങൾ രാമക്ഷേത്രത്തെ പിന്നീട് കൊണ്ടാടി; ആർ.എസ്.എസിന്റെ ഇന്ത്യ വിരുദ്ധത ചൂണ്ടിക്കാട്ടിയിരുന്ന മാധ്യമങ്ങൾ ഇപ്പോൾ പറയുന്നു, വികസിത ഇന്ത്യയുടെ സ്രഷ്ടാക്കളാണ് അവരെന്ന്. അധികാരം എല്ലാ പാപങ്ങളും കഴുകിക്കളയുന്ന മരുന്നാണ്.


News Summary - propaganda strategy in the spread of fascist movements