ഇസ്രായേലിനുവേണ്ടി റോയിട്ടേഴ്സ് സ്വന്തം കാമറയെ തള്ളി

20 മാസത്തിനുള്ളിൽ 280ഓളം മാധ്യമ പ്രവർത്തകരെ കൊന്നിട്ടും ഇസ്രായേൽ പറയുന്നു, തങ്ങൾ ജേണലിസ്റ്റുകളെ കൊല്ലാറില്ലെന്ന്. കുറച്ചാഴ്ച മുമ്പ് ഗസ്സയിലെ അനസ് അൽ ശരീഫിനെയും വേറെ അഞ്ച് മാധ്യമപ്രവർത്തകരെയും കൊന്നപ്പോഴും പതിവുപോലെ അവർ അതാവർത്തിച്ചു. അനസ് ഹമാസിന്റെ കമാൻഡറായിരുന്നു എന്ന കള്ളവും പറഞ്ഞു. മരണത്തിനു മുമ്പ് അനസ് തന്റെ അന്ത്യസന്ദേശം തയാറാക്കി സഹപ്രവർത്തകരെ ഏൽപിച്ചിരുന്നു.ഗസ്സ ജേണലിസ്റ്റുകൾ അങ്ങനെയാണ്. കീഴടങ്ങാനോ ജോലി ഉപേക്ഷിച്ച് ജീവരക്ഷ തേടാനോ അവർ തയാറല്ല. പകരം, മരണപത്രമെഴുതി ജോലി തുടരുന്നു. ഏതു നിമിഷവും വരാവുന്ന മരണം പ്രതീക്ഷിച്ച്... കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട മറിയം അബൂ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
20 മാസത്തിനുള്ളിൽ 280ഓളം മാധ്യമ പ്രവർത്തകരെ കൊന്നിട്ടും ഇസ്രായേൽ പറയുന്നു, തങ്ങൾ ജേണലിസ്റ്റുകളെ കൊല്ലാറില്ലെന്ന്. കുറച്ചാഴ്ച മുമ്പ് ഗസ്സയിലെ അനസ് അൽ ശരീഫിനെയും വേറെ അഞ്ച് മാധ്യമപ്രവർത്തകരെയും കൊന്നപ്പോഴും പതിവുപോലെ അവർ അതാവർത്തിച്ചു. അനസ് ഹമാസിന്റെ കമാൻഡറായിരുന്നു എന്ന കള്ളവും പറഞ്ഞു. മരണത്തിനു മുമ്പ് അനസ് തന്റെ അന്ത്യസന്ദേശം തയാറാക്കി സഹപ്രവർത്തകരെ ഏൽപിച്ചിരുന്നു.
ഗസ്സ ജേണലിസ്റ്റുകൾ അങ്ങനെയാണ്. കീഴടങ്ങാനോ ജോലി ഉപേക്ഷിച്ച് ജീവരക്ഷ തേടാനോ അവർ തയാറല്ല. പകരം, മരണപത്രമെഴുതി ജോലി തുടരുന്നു. ഏതു നിമിഷവും വരാവുന്ന മരണം പ്രതീക്ഷിച്ച്... കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട മറിയം അബൂ ദഖ്‍ഖയും മരണക്കുറിപ്പെഴുതിവെച്ചിരുന്നു. ഒന്നല്ല, രണ്ടെണ്ണം. ഒന്ന്, സഹപ്രവർത്തകർക്ക് –താൻ കൊല്ലപ്പെട്ടാൽ കരയരുത് എന്ന്. മറ്റേത് ഏക മകൻ ഗൈഥിന് –‘‘നീ എന്റെ അഭിമാനമാകണം. ഭാവിയിൽ നിനക്ക് മകളുണ്ടായാൽ അവൾക്ക് എന്റെ പേരിടണം.’’
ഗസ്സക്കാരായിരുന്ന രിഫ്അത് അരീർ എന്ന കവിയുടെയും അനേകം ജേണലിസ്റ്റുകളുടെയും മരണക്കുറിപ്പുകൾ ഇന്ന് ജീവസ്സുറ്റ ഫലസ്തീൻ സാഹിത്യത്തിന്റെ കൂടി ഭാഗമാണ്. ഒരു ആയുധംകൊണ്ടും നശിപ്പിക്കാനാകാത്ത ആ വാക്കുകൾ വംശഹത്യയെ അതിജീവിക്കുന്നു. മറുവശത്ത് ഇസ്രായേലിന്റെ നെറികേടുകൾക്കു കൂടി അവ സാക്ഷ്യമാകുന്നു; ഇസ്രായേലിപക്ഷ മാധ്യമങ്ങളുടെയും. മറിയമിനോടൊപ്പം വേറെ ജേണലിസ്റ്റുകളും സിവിലിയന്മാരും കൊല്ലപ്പെട്ടു; മൊത്തം 20 പേർ. ആശുപത്രിയിൽ ബോംബ്. സിവിലിയന്മാർക്കു മേൽ ബോംബ്. മാധ്യമപ്രവർത്തകർക്കു മേൽ ബോംബ്. മൂന്നിരട്ടി യുദ്ധക്കുറ്റം.
എന്നിട്ട് ഇസ്രായേൽ പറഞ്ഞു, അബദ്ധം പറ്റിപ്പോയതാണ് എന്ന്. ഒന്നുകിൽ ഹമാസ്; അല്ലെങ്കിൽ അബദ്ധം –ഇസ്രായേലിന്റെ പതിവ് നുണകൾ. ഇത്തവണ, പക്ഷേ, ഇസ്രായേലിന്റെ നെറികേടിനൊപ്പം പടിഞ്ഞാറൻ മാധ്യമങ്ങളുടെ നെറികെട്ട വിധേയത്വവും മറനീക്കി. മറിയം അടക്കം ഗസ്സ നാസർ ആശുപത്രി ബോംബിങ്ങിൽ അഞ്ച് മാധ്യമപ്രവർത്തകരാണ് മരിച്ചത്. മറിയം അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഫോട്ടോ ജേണലിസ്റ്റായിരുന്നു. റോയിട്ടേഴ്സിന്റെ ഹുസാം മസ് രിയാണ് മറ്റൊരാൾ. പിന്നെ അൽ ജസീറയുടെ മുഹമ്മദ് സലാമ, മുഅസ് അബൂ താഹ, അഹ്മദ് അസീസ്. സ്വന്തം ആളുകൾ കൊല്ലപ്പെട്ടിട്ടുപോലും പാശ്ചാത്യ മാധ്യമങ്ങൾ (എ.പി, റോയിട്ടേഴ്സ് എന്നീ വാർത്താ ഏജൻസികൾ) ഇസ്രായേലിന്റെ കുറ്റം ചൂണ്ടിക്കാട്ടുന്നതിനു പകരം അവരുടെ കള്ളന്യായങ്ങൾ ആവർത്തിക്കുകയാണ് ചെയ്തത്.
ആദ്യം ഇസ്രായേൽ പറഞ്ഞത്, തങ്ങൾക്ക് അബദ്ധം പറ്റിപ്പോയി എന്നായിരുന്നല്ലോ. അത് നുണയാണെന്ന് തെളിയാൻ അധികം നേരമെടുത്തില്ല. കാരണം, ഇസ്രായേൽ നടത്തിയത് ‘ഡബ്ൾ ടാപ്പ്’ ബോംബിങ്ങാണ്. ആദ്യം ബോംബിടുക, പിന്നാലെ മറ്റൊന്നു കൂടി ഇടുക –ആദ്യത്തേതിൽ കൊല്ലപ്പെടാത്തവരെയും രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്ന ആശ്വാസപ്രവർത്തകരെയും, വാർത്ത ചെയ്യാൻ പാഞ്ഞുവരുന്ന മാധ്യമപ്രവർത്തകരെയും കൊല്ലാനാണ് ഈ രണ്ടാം പ്രഹരം. ഇതാണ് ‘ഡബ്ൾ ടാപ്പ്’ ബോംബിങ്.
അബദ്ധം പറ്റിയതായിരുന്നെങ്കിൽ പിന്നെയും ബോംബിടില്ലല്ലോ. ആശുപത്രിയിലെ മുകൾനിലയാണ് മാധ്യമപ്രവർത്തകർ ഉപയോഗിച്ചിരുന്നത്. രണ്ട് കാരണങ്ങളുണ്ട് അതിന്. ഒന്നാമത്, അത്ര ഉയരത്തിൽ നല്ല ഇന്റർനെറ്റ് സിഗ്നൽ ഉള്ളതിനാൽ വിദേശങ്ങളിലെ മാധ്യമങ്ങളിലേക്ക് ലൈവ് സ്ട്രീം ചെയ്യാൻ സൗകര്യമാണവിടെ. രണ്ടാമത്, വാർത്തകൾ എപ്പോഴും ഉണ്ടാകുന്ന ഇടമാണ് യുദ്ധമേഖലയിലെ ആശുപത്രി. ഈ ആശുപത്രിയിൽ, മുകളിലെ ബാൽക്കണിക്കടുത്തുള്ള നാലാംനിലയിലെ കോണിത്തട്ടിലാണ് ഇസ്രായേലിന്റെ ആദ്യ മിസൈൽ വീണത്. ആശ്വാസപ്രവർത്തകരും ജേണലിസ്റ്റുകളും ഓടിയെത്തിക്കൊണ്ടിരിക്കെ, 10 മിനിറ്റിനകം രണ്ടാമത്തെയും മൂന്നാമത്തെയും മിസൈലുകൾ വീണു. (അതെ, ‘‘ഡബ്ൾ ടാപ്പി’’ൽ മൂന്ന് മിസൈലുകൾ ഉൾപ്പെട്ടിരുന്നു. സി.എൻ.എൻ പിന്നീട് നടത്തിയ വിദഗ്ധാന്വേഷണത്തിൽ ഇത് സ്ഥിരീകരിച്ചു.)
‘‘ദാരുണമായ അബദ്ധം’’ എന്ന ഇസ്രായേലി നുണ ഇങ്ങനെ പൊളിഞ്ഞു. ഉടനെ അവർ കഥ മാറ്റി. ‘‘പ്രാഥമികാന്വേഷണ’’ത്തിൽ, ആശുപത്രിയുടെ ബാൽക്കണിക്കടുത്ത് കോണിയിൽ ഹമാസിന്റെ നിരീക്ഷണ കാമറ ഉള്ളതായി കണ്ടു എന്നായി കഥ. കാമറ ഉണ്ടായിരുന്നു എന്നത് സത്യം. വാസ്‍തവത്തിൽ ആ കാമറ, ഹുസാം മസ്‍രി എന്ന റോയിട്ടേഴ്സ് ലേഖകന്റേതായിരുന്നു. ഇസ്രായേലി മിസൈലേറ്റ് കൊല്ലപ്പെടുന്ന നേരത്ത് അദ്ദേഹം അതുപയോഗിച്ച് ലൈവ് ന്യൂസ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹുസാം പകർത്തുന്ന ദൃശ്യങ്ങൾ ലണ്ടനിൽ റോയിട്ടേഴ്സിന്റെ ന്യൂസ് ഫീഡിൽ വന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് അത് നിലക്കുന്നു. കാരണം ഗസ്സയിൽ ആ കാമറയും കാമറക്കാരനും ബോംബിങ്ങിൽ നിശ്ചലമാക്കപ്പെട്ടിരുന്നു.
ആ കാമറ ഹമാസിന്റേതാണെന്ന് ഇസ്രായേൽ പറഞ്ഞപ്പോൾ അത് നിഷേധിക്കാൻ റോയിട്ടേഴ്സിന് കഴിയുമായിരുന്നു. കാമറ അവരുടേതാണല്ലോ. എന്നിട്ടും അവർ ഇസ്രായേൽ ഭക്തിയിൽ വീണു. ഇസ്രായേലിന്റെ ആ (രണ്ടാംഘട്ട) നുണ അതേപടി പ്രചരിപ്പിച്ചവരിൽ ഇങ്ങ് ഇന്ത്യയിലെ ആകാശവാണി മുതൽ അങ്ങ് റോയിട്ടേഴ്സ് വരെ ഉണ്ടായിരുന്നു. ഇസ്രായേലിന്റെ നുണക്കുവേണ്ടി സ്വന്തം കാമറയെയും ഫോട്ടോ ജേണലിസ്റ്റിനെയും റോയിട്ടേഴ്സ് തള്ളിപ്പറഞ്ഞു. മറിയം അബൂദഖ്ഖ അയച്ച ഫോട്ടോകൾ ഉപയോഗിച്ചുകൊണ്ടിരുന്ന എ.പിക്കും ഇസ്രായേലിന്റെ കള്ളന്യായങ്ങൾ ചോദ്യചിഹ്നമോ സന്ദേഹസൂചകമായ ഉദ്ധരണി ചിഹ്നമോ ഇല്ലാതെ വാർത്തയാക്കാൻ മടി തോന്നിയില്ല.
മാധ്യമസമൂഹം പ്രതിഷേധിക്കുന്നു
റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) ഗസ്സയിലെ മാധ്യമപ്രവർത്തകർക്കുവേണ്ടി ഒരു പ്രതിഷേധ ദിനമാചരിച്ചു. സെപ്റ്റംബർ 1നായിരുന്നു അത്. ‘‘ഇസ്രായേലി സൈന്യം ഗസ്സ ജേണലിസ്റ്റുകളെ ഈ തോതിൽ കൊന്നുകൊണ്ടിരുന്നാൽ ഏറെ കഴിയും മുമ്പ് അവിടത്തെ കാര്യം പറഞ്ഞുതരാൻ ആരുമുണ്ടാകില്ല’’ എന്നാണ് ഇതിനെപ്പറ്റിയുള്ള ആർ.എസ്.എഫിന്റെ അറിയിപ്പിൽ ആമുഖമായി പറഞ്ഞത്. ‘ആവാസ്’ എന്ന ഓൺലൈൻ പ്രചാരണ വേദി സംഘാടനത്തിൽ പങ്കാളിയായി. വേണ്ടത്ര പരസ്യം ഇല്ലാതിരുന്നിട്ടും 250ലേറെ മാധ്യമങ്ങൾ (ഏറെയും ഓൺലൈൻ മാധ്യമങ്ങൾ) പ്രതിഷേധത്തിൽ പങ്കെടുത്തു. പത്രങ്ങൾ മുൻപേജ് ഒഴിച്ചിടുക, ഡിജിറ്റൽ മാധ്യമങ്ങൾ സമൂഹമാധ്യമ പോസ്റ്റുകൾ ഒരു ദിവസത്തേക്ക് നിർത്തുക തുടങ്ങി വിവിധ രീതികളിലാണ് പ്രതിഷേധം പ്രകടിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽനിന്ന് ദ ക്വിന്റ്, ദ വയർ എന്നീ പോർട്ടലുകൾ പങ്കെടുത്തു.
വിവരാവകാശത്തിന്റെ ഇടം ചുരുങ്ങുന്നു
ഭരണകൂടത്തെപ്പറ്റി എല്ലാം ജനങ്ങളറിയണം –ഈ അറിവ് ജനാധിപത്യാവകാശങ്ങളിൽപെടുന്നു. അങ്ങനെയാണ് 2005ൽ ഇന്ത്യ വിവരാവകാശ നിയമം പാസാക്കുന്നത്. എന്നാൽ, നരേന്ദ്ര മോദി ഭരണമേറ്റ ശേഷം ഈ നിയമത്തിന്റെ പല്ല് കൊഴിക്കാൻ തുടങ്ങി. 2019ലെ ഭേദഗതി വിവരാവകാശ കമീഷനുകളുടെ കരുത്ത് കുറച്ചു. നിയമനവും ശമ്പളവും ഭരണകൂടത്തിന്റെ ദയക്ക് വിധേയമാക്കപ്പെട്ടു.
2023ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമം, വ്യക്തിഗത വിവരമെന്ന പേരിൽ (പൊതു താൽപര്യം ഉൾക്കൊള്ളുന്ന സന്ദർഭങ്ങളിൽപോലും) വിവരം നൽകുന്നത് നിഷേധിക്കാൻ പഴുത് സൃഷ്ടിച്ചു. സർക്കാറിന്റെ പക്കൽ ഉണ്ടായിരിക്കേണ്ട വിവരങ്ങൾപോലും ഇല്ലെന്ന് പറയാൻ അറക്കാത്ത സ്ഥിതിവന്നു. ‘എൻ.ഡി.എ’ സർക്കാറിന് ‘നോ ഡേറ്റ അവെയ്‍ലബ്ൾ’ സർക്കാർ എന്ന പൂർണരൂപം പോലുമുണ്ടല്ലോ. അപ്പോഴാണ് ജനങ്ങൾക്കവകാശപ്പെട്ടതായിട്ടും നിഷേധിക്കാവുന്ന വിവരങ്ങളുെട വ്യാപ്തി ഡൽഹി ഹൈകോടതി പിന്നെയും വർധിപ്പിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ (സ്മൃതി ഇറാനിയുടെയും) ബിരുദത്തെപ്പറ്റി ആവശ്യപ്പെട്ട വിവരം നൽകേണ്ടതില്ല എന്ന് കോടതി. വ്യക്തിഗത, സ്വകാര്യ വിവരമാണത്രെ അത്.
ബിരുദങ്ങളെങ്ങനെ സ്വകാര്യ വിവരമാകും? ഏതായാലും ഈ കേസ് വിവരാവകാശത്തിന്റെ മാത്രം പ്രശ്നമല്ല. ആവശ്യപ്പെട്ട വിവരം തെരഞ്ഞെടുപ്പഴിമതിയുമായി കൂടി ബന്ധപ്പെട്ടതാണ്. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ ബിരുദമുള്ളതായി അവകാശപ്പെട്ടിരുന്നു. സത്യവാങ്മൂലത്തിൽ പറഞ്ഞത് കള്ളമാണെങ്കിൽ തെരഞ്ഞെടുപ്പ് അസാധുവാകും. ആ നിലക്ക് ആ വിവരം വ്യക്തിഗത കാര്യം മാത്രമാകുന്നതെങ്ങനെ? മാധ്യമങ്ങളേതായാലും ഇത് വിഷയമാക്കിക്കണ്ടില്ല.