അധികാരികളുടെ പിഴവുകൾ ചൂണ്ടിക്കാട്ടിയാൽ...

ഭരണകൂടത്തെ, അതിന്റെ വിവിധ ഘടകങ്ങളെ, വിമർശിക്കരുത്. അധികാരികളുടെ തെറ്റ് ചൂണ്ടിക്കാട്ടരുത്. കേരളത്തിലെ മുഖ്യ ഭരണകക്ഷി മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ അക്രമോത്സുക മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവിൽ ഭീഷണി ഉയർത്തിയ സംഭവത്തിനു പിന്നാലെ ബിഹാറിൽ മറ്റൊരു ജേണലിസ്റ്റിനെതിരെ അധികാരികൾ കേസെടുത്തിരിക്കുന്നു.ബിഹാറിൽ വോട്ടർ പട്ടിക പുതുക്കലെന്ന പേരിൽ വ്യാപകമായി പൗരത്വ പരിശോധനയും വോട്ടവകാശ നിഷേധവും നടക്കുന്നത്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഭരണകൂടത്തെ, അതിന്റെ വിവിധ ഘടകങ്ങളെ, വിമർശിക്കരുത്. അധികാരികളുടെ തെറ്റ് ചൂണ്ടിക്കാട്ടരുത്. കേരളത്തിലെ മുഖ്യ ഭരണകക്ഷി മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ അക്രമോത്സുക മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവിൽ ഭീഷണി ഉയർത്തിയ സംഭവത്തിനു പിന്നാലെ ബിഹാറിൽ മറ്റൊരു ജേണലിസ്റ്റിനെതിരെ അധികാരികൾ കേസെടുത്തിരിക്കുന്നു.
ബിഹാറിൽ വോട്ടർ പട്ടിക പുതുക്കലെന്ന പേരിൽ വ്യാപകമായി പൗരത്വ പരിശോധനയും വോട്ടവകാശ നിഷേധവും നടക്കുന്നത് അന്താരാഷ്ട്ര ശ്രദ്ധയിൽ വന്നുകഴിഞ്ഞതാണ്. ഇതിൽ വംശീയമായ അജണ്ടകൂടി ഉണ്ടെന്ന ആരോപണവും ശക്തമാണ്. ഒപ്പം, പലതരത്തിലുള്ള തെരഞ്ഞെടുപ്പ് അഴിമതികളെപ്പറ്റി പ്രതിപക്ഷമടക്കം പരാതികളും ആരോപണങ്ങളുമുയർത്തിക്കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ, വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധനയെപ്പറ്റി അന്വേഷിക്കാൻ അജിത് അൻജും തീരുമാനിച്ചു. മുതിർന്ന ജേണലിസ്റ്റും യൂട്യൂബറുമാണ് അദ്ദേഹം. ന്യൂസ് 24, ഇന്ത്യ ടി.വി എന്നീ ചാനലുകളുടെ മാനേജിങ് എഡിറ്ററായിരുന്നിട്ടുണ്ട്. മികച്ച ജേണലിസ്റ്റിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയിട്ടുണ്ട്.
വോട്ടർ പട്ടിക പുനഃപരിശോധന എന്ന വിവാദ പ്രക്രിയയെപ്പറ്റി നേരിട്ടന്വേഷിക്കാൻ അജിത് അൻജും ബഗുസറായിയിലെത്തി. അവിടെ ബലിയ ബ്ലോക്ക് ഓഡിറ്റോറിയത്തിൽ പുനഃപരിശോധന നടക്കുന്നു. ഒരുപാട് വോട്ടർ ഫോമുകൾ ശരിയായ രേഖകളോ വിവരങ്ങേളാ ഫോട്ടോ പോലുമോ ഇല്ലാതെ പൂരിപ്പിച്ച് അപ് ലോഡ് ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടു. ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) അടക്കമുള്ള ഉദ്യോഗസ്ഥരോട് അജിത് ഇതിനെപ്പറ്റി അന്വേഷിച്ചു.
ഈ അന്വേഷണത്തിന്റെ ഫലം അദ്ദേഹം ഒരു വിഡിയോ റിപ്പോർട്ടായി യൂട്യൂബിലിട്ടു. അതിൽ ആധികാരിക രേഖകളില്ലാതെ വോട്ടർ ഫോമുകൾ അപ് ലോഡ് ചെയ്യുന്നത് കാണിച്ചിരുന്നു. ബി.എൽ.ഒയും സൂപ്പർ വൈസറുമടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്ന് നേരിട്ട് ചോദിച്ചറിഞ്ഞതനുസരിച്ച്, അപൂർണവും തിരിച്ചറിയൽ രേഖയില്ലാത്തതുമായ ഫോമുകൾ വോട്ടർ പട്ടികയിൽ ചേർത്തതായി വിഡിയോ വാർത്തയിൽ അറിയിച്ചു.
വോട്ടർ പട്ടികയിൽ ക്രമക്കേടുവഴി വ്യാജ വോട്ടർമാരെ ധാരാളമായി ചേർക്കുമ്പോൾതന്നെ, ‘‘മുസ്ലിം ഭൂരിപക്ഷ’’ ബൂത്തുകളിൽ 80 ശതമാനം വോട്ടർമാരും ആവശ്യമുള്ള എല്ലാ രേഖകളും സമർപ്പിച്ചതായും റിപ്പോർട്ട് പറഞ്ഞു.
‘പ്രത്യേക തീവ്ര പുനഃപരിശോധന’ എന്ന വിവാദ നടപടിയിലും നടക്കുന്നത് കൃത്യമായ പരിശോധനയല്ല എന്ന് കാണിക്കുന്ന അജിതിന്റെ വിഡിയോ വാർത്ത ഇറങ്ങിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ വന്നു. മുഹമ്മദ് അൻസാറുൽ ഹഖ് എന്ന ഒരു ബി.എൽ.ഒയുടെ പരാതി പ്രകാരമാണ് കേസ്. ജോലി തടസ്സപ്പെടുത്തിയെന്നും വോട്ടർമാരുടെ എണ്ണത്തെപ്പറ്റിയും അതിൽ മുസ്ലിം വോട്ടർമാർ എത്രയെന്നുമൊക്കെ ചോദിച്ചെന്നുമാണ് അജിതിനെതിരായ അൻസാറുൽ ഹഖിന്റെ പരാതി.
ആരോപണങ്ങൾ അജിത് നിഷേധിക്കുന്നു. താൻ ഉന്നയിച്ച ക്രമക്കേടുകളെപ്പറ്റി ഇലക്ഷൻ കമീഷൻ ധൈര്യമുണ്ടെങ്കിൽ അന്വേഷിക്കട്ടെ. താൻ പറയാത്ത വർഗീയത തന്നിലാരോപിക്കാൻ ഒരു മുസ്ലിം ബി.എൽ.ഒയെ ഉപകരണമാക്കുകയാണ് അധികാരികൾ. ഡിജിറ്റൽ മീഡിയ രംഗത്തെ കൂട്ടായ്മയായ ഡിജിപബ്, സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരായ കടന്നാക്രമണമാണ് അജിതിനെ പ്രതിചേർത്തുള്ള കേസ് എന്ന് ചൂണ്ടിക്കാട്ടുന്നു. അധികാരികൾ സ്വന്തം കുറ്റങ്ങൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്നു. അവ ചൂണ്ടിക്കാട്ടുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കുന്നു.
മാധ്യമങ്ങൾ അവർക്ക് ശല്യമാണ്
ജേണലിസ്റ്റുകൾ ഏറ്റവുമധികം ആപത്ത് നേരിടുന്ന രാജ്യങ്ങളിലൊന്നായിട്ടാണ് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. കരിനിയമങ്ങൾ മുതൽ രാഷ്ട്രീയക്കാരുടെ നിയന്ത്രണങ്ങൾ വരെ ഈ അവസ്ഥക്ക് കാരണമാണ്. ഒപ്പം, കേസുകളും. ജനാധിപത്യത്തെ അട്ടിമറിച്ച് സമഗ്രാധിപത്യത്തിലേക്കും ഫാഷിസത്തിലേക്കുമുള്ള പ്രയാണത്തിലാണ് ഇന്ത്യയെന്ന് ജേണലിസ്റ്റ് പ്രേംശങ്കർ ഝാ തന്റെ പുതിയ പുസ്തകത്തിൽ (The Dismantling of India's Democracy: 1947 to 2025) ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റത്തിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരായ നീക്കങ്ങൾ ഗണ്യമായ പങ്കുവഹിക്കുന്നതെങ്ങനെയെന്നും ഝാ വിശദീകരിക്കുന്നുണ്ട്.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ജോലി, ഭരണമേറ്റ് ആഴ്ചകൾക്കകം നരേന്ദ്ര മോദി തുടങ്ങിയതെങ്ങനെയെന്നും അദ്ദേഹം വിവരിക്കുന്നു. പ്രത്യക്ഷത്തിൽ നിർദോഷമായ നീക്കങ്ങൾ. സകല മന്ത്രാലയങ്ങളിലും പ്രവേശന കവാടത്തിൽ ടി.വി കാമറകൾ വെച്ചു. ഒപ്പം പി.ഐ.ബി കാർഡ് സമ്പ്രദായം നിർത്തലാക്കി.
പി.ഐ.ബി (പ്രസ് ഇൻഫർമേഷൻ ബ്യൂറോ) കാർഡുകൾ മാധ്യമങ്ങളിലെ സ്പെഷൽ കറസ്പോണ്ടന്റുമാർക്കും മറ്റു മുതിർന്ന ജേണലിസ്റ്റുകൾക്കും നൽകിവന്നിരുന്ന ഒരു ആനുകൂല്യമായിരുന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജനാധിപത്യ ബോധത്തിന്റെ തെളിവ്. ശക്തമായ പ്രതിപക്ഷമില്ലാതിരുന്ന കാലത്ത് മാധ്യമങ്ങളെങ്കിലും ആ ധർമം നിറവേറ്റട്ടെ എന്ന കാഴ്ചപ്പാടിന്റെ ഫലം.
പി.ഐ.ബി കാർഡുള്ളവർക്ക് മന്ത്രാലയങ്ങളിലേക്ക് ചെന്ന് ഉദ്യോഗസ്ഥരുമായി സംസാരിക്കാനും വിവരം തേടാനും അധികാരമുണ്ടായിരുന്നു. താൻ ആരെന്നോ ഏത് മാധ്യമത്തിൽനിന്നെന്നോ വെളിപ്പടുത്താതെ തന്നെ അധികാരത്തിന്റെ ഉന്നതങ്ങളിൽനിന്ന് വിവരം ശേഖരിക്കാനുള്ള അധികാരം. സുതാര്യമായ ജനാധിപത്യത്തിന്റെ ഒരു മുഖം.
ജനാധിപത്യം ഇല്ലാതാക്കാൻ ആദ്യം വേണ്ടതും ഈ സുതാര്യത ഇല്ലാതാക്കലാണെന്ന് മോദിസർക്കാർ കണ്ടു. വാജ്പേയി അടക്കമുള പ്രധാനമന്ത്രിമാർക്ക് കീഴിൽ നടന്നുവന്ന പി.ഐ.ബി കാർഡ് സമ്പ്രദായം ആദ്യമേ നിർത്തി. എന്തെങ്കിലും പരാതിയോ ദുരുപയോഗ വാദമോ ഉണ്ടായിട്ടല്ല ഇത് ചെയ്തത്. സൂര്യപ്രകാശമെത്തുന്ന ജാലകങ്ങൾ അടച്ചാലല്ലേ മുറിയിൽ ഇരുട്ടു വരൂ.
ആ ഇരുട്ടിലേക്ക് മറ്റൊരു സംഭാവനയായിരുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെ മെരുക്കാൻ നടത്തിയ നീക്കങ്ങൾ. ഇഷ്ടമില്ലാത്തവക്ക് പരസ്യം വിലക്കി. അത്തരം മാധ്യമങ്ങളുടെ അണിയറ പ്രവർത്തകർക്കെതിരെ നികുതി വെട്ടിപ്പും പണംവെളുപ്പിക്കലുംപോലുള്ള കേസുകളെടുത്തു. ഒരിക്കലും തെളിയിക്കപ്പെട്ടില്ലെങ്കിലും വർഷങ്ങളോളം അവരെ ശ്വാസം മുട്ടിക്കാൻ അതു മതിയായി. എൻ.ഡി.ടി.വി ഉദാഹരണം. സർക്കാർ വേട്ടക്കു പിന്നാലെ, പരസ്യദാതാക്കളെല്ലാം വിട്ടൊഴിഞ്ഞ അവസ്ഥയിൽ, നിർവാഹമില്ലാതെ പ്രണയ്-രാധിക റോയിമാർ അദാനി ഗ്രൂപ്പിന്റെ വരവിനായി സ്ഥലമൊഴിഞ്ഞുകൊടുത്തു.
ഒരുകാലത്ത് സ്വതന്ത്ര മാധ്യമസ്ഥാപനമായിരുന്ന എൻ.ഡി.ടി.വി ഇന്ന് സർക്കാറിന്റെ ജിഹ്വയായി മാറിയിരിക്കുന്നു. ഒരൊറ്റ സ്വതന്ത്ര വാർത്താസമ്മേളനത്തെയും അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി എന്ന പദവി നേടിയ മോദി, മാധ്യമങ്ങളെ കാണുന്നത് സ്വൈര ഭരണത്തിന് മുന്നിലെ തടസ്സങ്ങളായിട്ടാണെന്ന് വ്യക്തം. ആ കാഴ്ചപ്പാട് ഏതായാലും ജനാധിപത്യത്തിന്റേതല്ല; ഹിറ്റ്ലറും സ്റ്റാലിനും പോലുള്ളവരുടേതാണ്.