ഭീകര രാഷ്ട്രീയത്തിന് മറയായി പാർട്ടി പത്രങ്ങൾ

തീവ്രവാദം, ഭീകരത തുടങ്ങിയ മുദ്രകൾകൊണ്ട് രാഷ്ട്രീയ നേതാക്കൾ അപരർക്കെതിരെ വാർത്താ വിനോദങ്ങളിലേർപ്പെടുമ്പോഴും സംസ്ഥാനത്തെ മാധ്യമങ്ങളിൽ നിറയുന്ന യഥാർഥ കുറ്റകൃത്യങ്ങൾ മറ്റാരുടെയും വകയല്ല –രാഷ്ടീയക്കാരുടേതു തന്നെ. രാഷ്ട്രീയ തീവ്രവാദവും രാഷ്ട്രീയ ഭീകരതയുമാണ് നാടനുഭവിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകർ പറഞ്ഞുതരും; വാർത്തകളിലും രാഷ്ട്രീയ ചായ്‍വുകൾ പ്രകടമാകുന്നുണ്ടെന്നും.
ഡിസംബർ 29ലെ മലയാള പത്രങ്ങൾ നോക്കാം. മുഖ്യവാർത്ത പെരിയ ഇരട്ടക്കൊലപാതകക്കേസിലെ വിധിയാണ്. മാതൃഭൂമി തലക്കെട്ട്: ‘‘പെരിയ ഇരട്ടെക്കാല: തെളിഞ്ഞു സത്യം. സി.പി.എം മുൻ എം.എൽ.എ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ.’’ ഉപവാർത്ത: ‘‘പെരിയ: നേതാക്കളും പ്രവർത്തകരും കുറ്റക്കാർ; ഉലഞ്ഞ് സി.പി.എം.’’
ചന്ദ്രിക: ‘‘ ‘പെരിയ’ ക്രിമിനലുകൾ; പെരിയ... കേസിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി.’’ കേരള കൗമുദി: ‘‘പെരിയ ഇരട്ടക്കൊലക്കേസ്: സി.പി.എം നേതാക്കളടക്കം 14 പേർ കുറ്റക്കാർ.’’ ഉപവാർത്ത: ‘‘ക്രൈംബ്രാഞ്ച് ശ്രമിച്ചത് ഒതുക്കാൻ; സി.ബി.ഐ വന്ന് കേസ് മുറുക്കി.’’
മാധ്യമം: ‘‘പെരിയ ഇരട്ടക്കൊല: സി.പി.എം മുൻ എം.എൽ.എയടക്കം 14 പ്രതികൾ കുറ്റക്കാർ.’’ ഉപവാർത്ത: ‘‘പാർട്ടി ആദ്യം തള്ളി; സർക്കാർ പ്രതികൾക്കൊപ്പം നിന്നു.’’
മലയാള മനോരമ: ‘‘ഇവർ കൊന്നതാണ്... പെരിയ ഇരട്ടക്കൊല: മുൻ എംഎൽഎ ഉൾപ്പെടെ 14 കുറ്റക്കാർ; സിപിഎമ്മിന് തിരിച്ചടി.’’ ഉപവാർത്തകൾ: ‘‘പെരിയ ക്രൂരത; സിബിഐ വന്നു; സിപിഎം വെട്ടിലായി; പണി പലതു പയറ്റിയിട്ടും സർക്കാരിന് കനത്ത പ്രഹരം.’’ സുപ്രഭാതം: ‘‘പെരിയ ഇരട്ടക്കൊല: സി.പി.എമ്മിന് കനത്ത തിരിച്ചടി...’’
വീക്ഷണം: ‘‘വെട്ടേറ്റ് സി.പി.എം...’’
കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ (മറ്റു ചില പത്രങ്ങളിലും) കാണാത്ത വാർത്തയാണ് ഇതേ ദിവസം (ഡിസംബർ 29) ദേശാഭിമാനിയുടെ ലീഡ്: ‘‘ജീവനൊടുക്കി ഡിസിസി ട്രഷററും മകനും. കോഴ വാങ്ങി കൊന്നു.’’ പെരിയ കേസ് വിധിയും മുൻ പേജിൽ ചേർത്തിട്ടുണ്ട്. പക്ഷേ, സി.പി.എമ്മിനെതിരായ സി.ബി.ഐ കേസ് പൊളിഞ്ഞു എന്നാണ് അതിന്റെ ആംഗിൾ: ‘‘സിബിഐയുടെ ഗൂഢാലോചനാവാദം പൊളിഞ്ഞു. പെരിയ കേസ്: പ്രതിചേർത്ത 10ൽ 9 പേർക്കും കൊലപാതകത്തിൽ പങ്കില്ല.’’ ഉപവാർത്ത: ‘‘പെരിയ കൊലപാതകം: 10 പേരെ വെറുതെ വിട്ടു; 14 പേർ കുറ്റക്കാർ.’’
ഒരേ വിധി. രണ്ടുതരം ആഖ്യാനങ്ങൾ. ദേശാഭിമാനി വായിച്ചാൽ, കേസിൽ സി.പി.എമ്മാണ് ജയിച്ചതെന്ന് തോന്നിയാലും തെറ്റില്ല. ശിക്ഷിക്കപ്പെട്ടവരിൽ പാർട്ടി നേതാക്കൾ കുറെ ഉണ്ടെങ്കിലും പാർട്ടിക്ക് അതിൽ പങ്കില്ല, സി.ബി.ഐ പ്രതിചേർത്ത കുറെ പാർട്ടിക്കാരെ കോടതി വെറുതെ വിട്ടു എന്നിവയിലൂന്നിയാണ് പാർട്ടി പത്രത്തിലെ റിപ്പോർട്ടുകൾ; ജനുവരി 7ലെ മുഖപ്രസംഗത്തിന്റെ ഊന്നൽ അതാണ്. ജനുവരി 4ന്, ശിക്ഷാവിധിയുടെ കവറേജിലും ഈ ചായ്വ് കാണാം.
മറുവശത്ത്, വയനാട് ജില്ല കോൺഗ്രസ് ട്രഷററും മകനും ആത്മഹത്യ ചെയ്യേണ്ടിവന്നത് ആ പാർട്ടിയുടെ എം.എൽ.എ അടക്കമുള്ള നേതാക്കളുടെ കോഴ ഇടപാടുകൾ സൃഷ്ടിച്ച പ്രതിസന്ധിമൂലമാണ് എന്ന വാർത്ത 29ലെ ദേശാഭിമാനിയിലും ജനയുഗത്തിലും മറ്റും കണ്ടെങ്കിലും വീക്ഷണത്തിൽ കാണാനായില്ല. അതേസമയം അതിൽ പെരിയ കേസിലെ സി.പി.എമ്മിന്റെ കളികൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുകയുംചെയ്തു.
ഡി.സി.സി ട്രഷററുടെയും മകന്റെയും ആത്മഹത്യ ദേശാഭിമാനിക്ക് തുടർദിവസങ്ങളിലും ലീഡായി. ട്രഷററുടെ ആത്മഹത്യക്കുറിപ്പ് പത്രങ്ങളിൽ വന്ന ജനുവരി 7ന് മിക്ക പത്രങ്ങൾക്കും അത് ലീഡായി; വീക്ഷണം, പക്ഷേ, ദിവസങ്ങൾക്കു മുമ്പത്തെ മറ്റൊരു സംഭവത്തെപ്പറ്റിയുള്ള കോടതി പരാമർശമാണ് പകരം ലീഡാക്കിയത്: ‘‘മനുഷ്യജീവന് വിലയില്ലേ? –ഹൈക്കോടതിയുടെ രോഷപ്രകടനം. എന്തൊരു ക്രൂരതയാണിതെന്ന് ചോദ്യം. ഉമാ തോമസിന്റെ അപകടം: സംഘാടകർക്കെതിരെ രൂക്ഷവിമർശനം.’’
സ്വന്തം കുറ്റം മറയ്ക്കാൻ അന്യന്റെ കുറ്റം എടുത്ത് കാട്ടുക –ഇതാണ് പാർട്ടി പത്രധർമം. പരസ്പരം ആരോപിക്കാനാവശ്യമായ കുറ്റകൃത്യങ്ങൾ വേണ്ടുവോളം വിവിധ പാർട്ടികൾതന്നെ സപ്ലൈ ചെയ്യുന്നുണ്ട്. സി.പിഎമ്മും കോൺഗ്രസും മാത്രമാണീ കളിയിൽ എന്നും കരുതേണ്ട. ‘‘സി.പി.എമ്മിെന്റ ഇരട്ടക്കൊല’’യെപ്പറ്റി വീക്ഷണം ഡി.സി.സി ട്രഷററുടെയും മകന്റെയും മരണം ‘‘ആത്മഹത്യയല്ല, ഇരട്ടക്കൊല’’എന്ന് ദേശാഭിമാനി. അതിനിടക്ക്, ജനുവരി 5ന് വരുന്നു ഈ വാർത്ത: തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ റിജിത്ത് ശങ്കരനെ വെട്ടിക്കൊന്ന കേസിൽ 9 ആർ.എസ്.എസുകാർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
രാഷ്ട്രീയ ഭീകരതയല്ലേ കേരളത്തിന്റെ ഒരു പ്രശ്നം?
ട്രംപ് വരുന്നു; ഓച്ചാനിക്കാം
മുതലാളിയെപ്പറ്റി കാർട്ടൂൺ. അത് പ്രസിദ്ധപ്പെടുത്താമോ? വാഷിങ്ടൺ പോസ്റ്റിന് സംശയമുണ്ടായില്ല –അവർ കാർട്ടൂൺ തിരസ്കരിച്ചു.
കാർട്ടൂണിസ്റ്റ് ഉടൻ രാജിവെച്ചു. പുലിറ്റ്സർ നേടിയ കാർട്ടൂണിസ്റ്റാണ് ആൻ ടെൽനേസ്. 2008 മുതൽ ജനുവരി 3ന് രാജിവെക്കുംവരെ പോസ്റ്റിന്റെ സ്ഥിരം കാർട്ടൂണിസ്റ്റ്.
ഇടക്കാലത്ത് അവർ അമേരിക്കൻ എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ് അസോസിയേഷന്റെ അധ്യക്ഷയായിരുന്നിട്ടുണ്ട്. മുതലാളിമാരുടെ സ്വന്തക്കാരനും മുൻ ബിസിനസുകാരനുമാണ്. അദ്ദേഹം (വീണ്ടും) പ്രസിഡന്റായി പ്രതിജ്ഞ ചെയ്യുന്നതിനു മുമ്പേ കുറെ പണച്ചാക്കുകൾ ചങ്ങാത്തം കൂടാൻ ശ്രമം തുടങ്ങി. ഇലോൺ മസ്കിനെ ട്രംപ് മുൻകൂട്ടിത്തന്നെ ഭരണസംഘത്തിൽ ചേർത്തിട്ടുണ്ടല്ലോ.
ഭരണകൂട ചങ്ങാത്തത്തിന്റെ സുഖം തേടി ഇങ്ങനെ എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന സമ്പന്നരെ കളിയാക്കിക്കൊണ്ടാണ് ആൻ ടെൽനേസ് കാർട്ടൂൺ വരച്ചത്.
അവർ പരിഹാസത്തിനായി കണ്ടെത്തിയ പണക്കാർ ചില്ലറക്കാരായിരിക്കില്ലല്ലോ. ‘മെറ്റ’ കമ്പനിയുടെ (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്) ഉടമ മാർക് സക്കർബർഗ്, ഓപൻ എ.ഐയുടെ സി.ഇ.ഒ സാം ആൾട്ട്മൻ തുടങ്ങിയവർ ട്രംപിന് മുമ്പിൽ പണം കാഴ്ചവെക്കുകയാണ്. ഒപ്പം, മറ്റൊരു സമ്പന്നനും ലോസ്ആഞ്ജലസ് ടൈംസ് മുതലാളിയുമായ പാട്രിക് സൂങ്-ഷിയോങ് ഒരു ട്യൂബ് ലിപ്സ്റ്റിക്കുമായി വന്നിട്ടുണ്ട്.
ഇവർക്കൊപ്പം, ട്രംപിനു മുമ്പാകെ മുട്ടിലിഴയാൻ തയാറായി മറ്റൊരാൾ കൂടി –സാക്ഷാൽ ജെഫ് ബേസോസ്. ജെഫ് ബേസോസ് എണ്ണം പറഞ്ഞ അതിസമ്പന്നരിൽ ഒരാളാണ്. ‘ആമസോൺ’ എന്ന ഇ-വ്യാപാര സ്ഥാപനത്തിന്റെ സ്ഥാപകൻ. മറ്റു പല പണക്കാരെയുംപോലെ, അധികാര സ്വാധീനത്തിന് പണം മാത്രമല്ല മാധ്യമരംഗത്തെ ആധിപത്യവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞയാൾ.
അങ്ങനെ, 2013ൽ അദ്ദേഹം വാഷിങ്ടൺ പോസ്റ്റ് പത്രം 25 കോടി ഡോളർ വില കൊടുത്ത് സ്വന്തമാക്കി. ആ പത്രത്തിലാണ്, ട്രംപിന്റെ മുമ്പാകെ ഹാജരാകുന്ന സ്തുതിപാഠക സംഘത്തിന്റെ ക്യൂവിൽ ബേസോസിനെക്കൂടി കാർട്ടൂണിസ്റ്റ് വരച്ചുകളഞ്ഞത്. പത്രത്തിന്റെ എഡിറ്റ് പേജിന്റെ ചുമതലയള്ള ഡേവിഡ് ജൂലിയൻ ഷിപ്‍ലിക്ക് ഇത് കടന്ന കൈയായി തോന്നിക്കാണണം. അദ്ദേഹം ആ കാർട്ടൂൺ ഉടനെ തള്ളി.
കാർട്ടൂണിസ്റ്റ് രാജിവെച്ചത് അങ്ങനെയാണ്. അമേരിക്കൻ കാർട്ടൂണിസ്റ്റുകളുടെ അസോസിയേഷൻ പോസ്റ്റിന്റെ നിലപാടിനെ വിമർശിച്ചു. ഇതിനു മുമ്പ് 2015ലും ആൻ വരച്ച കാർട്ടൂൺ വിവാദമുണ്ടാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു അതിന്റെയും പശ്ചാത്തലം. യു.എസിലെ രാഷ്ട്രീയ നേതാവും സെനറ്ററുമായ ടെഡ് ക്രൂസിനെയാണ് അന്ന് കളിയാക്കിയത്.
ഇക്കുറി പത്രമുതലാളിയെത്തന്നെ പരിഹസിച്ചത് എഡിറ്റർക്ക് അനുചിതമായി തോന്നിക്കാണണം. മുതലാളിയായ ബേസോസിന്റെ രാഷ്ട്രീയ നിലപാടിനെതിരായി പത്രം ഈയിടെ നിലകൊണ്ടിരുന്നു. തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് പത്രം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബേസോസ് ഉടനെ ഇടപെട്ടു. പത്രത്തിന്റെ ആ തീരുമാനം റദ്ദ് ചെയ്തു. ട്രംപിനോടുള്ള ആ വിധേയത്വം പോസ്റ്റിലെ അനേകം പത്രപ്രവർത്തകർക്കും അതിന്റെ വായനക്കാർക്കും ഇഷ്ടപ്പെട്ടില്ല. അതിന്റെ ഡിജിറ്റൽ പതിപ്പിന്റെ വരിക്കാരിൽ മൂന്നു ലക്ഷത്തിലേറെ പേർ ഇതുകാരണം കഴിഞ്ഞ ഒക്ടോബറിൽ തങ്ങളുടെ വരി റദ്ദാക്കി എന്നാണ് റിപ്പോർട്ട്. ആ വികാരമാകണം കാർട്ടൂണിസ്റ്റ് പ്രകടിപ്പിച്ചത്.