കോവിഡ് കാലത്ത് മാധ്യമങ്ങൾ ചെയ്തത്

ജൂലൈ 17ലെ ഒരു കോടതിവിധി രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും വാർത്തയാകേണ്ടതായിരുന്നു. പക്ഷേ, പല മാധ്യമങ്ങളും അത് അവഗണിച്ചു. ഡൽഹി ഹൈകോടതിയുടേതായിരുന്നു തീർപ്പ്. കോവിഡ് പകർച്ചയിൽ രാജ്യമാകെ ഭീതിയിലമർന്ന 2020ൽ പകർച്ചവ്യാധിയുടെ പ്രധാന ഉറവിടമായി അധികാരികൾ ആരോപിച്ചത് ഡൽഹിയിൽ ചേർന്ന തബ്‍ലീഗ് ജമാഅത്ത് സമ്മേളനത്തെയായിരുന്നു. അതനുസരിച്ച് 70 തബ്‍ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 70 പേരെയും കുറ്റമുക്തരാക്കിക്കൊണ്ട് ഡൽഹി ഹൈകോടതി, ബന്ധപ്പെട്ട 16 കേസുകളും റദ്ദാക്കിയതാണ് പുതിയ വാർത്ത.അന്ന് തബ്‍ലീഗ് പ്രവർത്തകരുടെ അറസ്റ്റിനും അവർക്കെതിരെ ഉയർത്തപ്പെട്ട ആരോപണങ്ങൾക്കും മാധ്യമങ്ങളിൽ ലഭിച്ച കവറേജ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ജൂലൈ 17ലെ ഒരു കോടതിവിധി രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും വാർത്തയാകേണ്ടതായിരുന്നു. പക്ഷേ, പല മാധ്യമങ്ങളും അത് അവഗണിച്ചു. ഡൽഹി ഹൈകോടതിയുടേതായിരുന്നു തീർപ്പ്. കോവിഡ് പകർച്ചയിൽ രാജ്യമാകെ ഭീതിയിലമർന്ന 2020ൽ പകർച്ചവ്യാധിയുടെ പ്രധാന ഉറവിടമായി അധികാരികൾ ആരോപിച്ചത് ഡൽഹിയിൽ ചേർന്ന തബ്‍ലീഗ് ജമാഅത്ത് സമ്മേളനത്തെയായിരുന്നു. അതനുസരിച്ച് 70 തബ്‍ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 70 പേരെയും കുറ്റമുക്തരാക്കിക്കൊണ്ട് ഡൽഹി ഹൈകോടതി, ബന്ധപ്പെട്ട 16 കേസുകളും റദ്ദാക്കിയതാണ് പുതിയ വാർത്ത.
അന്ന് തബ്‍ലീഗ് പ്രവർത്തകരുടെ അറസ്റ്റിനും അവർക്കെതിരെ ഉയർത്തപ്പെട്ട ആരോപണങ്ങൾക്കും മാധ്യമങ്ങളിൽ ലഭിച്ച കവറേജ് നോക്കിയാൽ, തെളിവില്ലാത്തതിനാൽ സകല കേസും തള്ളിയ കോടതിവിധി പത്രങ്ങളിൽ ഒന്നാംപേജ് വാർത്തയാകേണ്ടതായിരുന്നു. വാർത്താ ചാനലുകളിൽ ചർച്ചക്കെടുക്കേണ്ടതായിരുന്നു. പക്ഷേ, മിക്ക മാധ്യമങ്ങളും ആ വാർത്തതന്നെ തമസ്കരിച്ചു. കോവിഡ് 19 മഹാമാരി രാജ്യമാകെ പടരുമ്പോൾ അത് നിയന്ത്രിക്കാൻ ശാസ്ത്രീയമായ നടപടികൾ അധികൃതർ എടുക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിരുന്നു. ആ ഘട്ടത്തിലാണ് പഴിയെല്ലാം ഒരു കൂട്ടരിലേക്ക് തിരിച്ചുവിടാൻ പാകത്തിൽ ഡൽഹിയിലെ ‘മർകസ് നിസാമുദ്ദീനി’ൽ തബ്‍ലീഗ് സമ്മേളനം നടക്കുന്ന കാര്യം മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത്.
‘ദേശീയ’ മാധ്യമങ്ങൾ അത് ശരിക്കും ഉത്സവംതന്നെയാക്കി. എ.ബി.പി ന്യൂസ് (ഹിന്ദി) ചാനലിൽ റൂബിക ലിയാഖത് പറഞ്ഞു: കോവിഡ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ്; പിശാചാണ്. അതിന്റെ പോരാളികളാണ് തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുന്നവർ.
സീ ന്യൂസിൽ തബ്‍ലീഗ് സമ്മേളനക്കാരെ ‘ചാവേറുകൾ’ എന്നാണ് വിശേഷിപ്പിച്ചത് –മറ്റുള്ളവരെ കൊല്ലാൻ വേണ്ടി സ്വയംമരണം ഏറ്റുവാങ്ങുന്നവർ. ‘‘ഇവർ മതപ്രചാരണത്തിനോ അതോ ഏതെങ്കിലും ഭീകരസംഘടനകളെ സഹായിക്കാനോ ഇവിടെ വന്നതെന്ന് ചോദിച്ചുപോകുന്നു’’ –ഒരു അവതാരകൻ രോഷംകൊണ്ടു.
ഇന്ത്യ ടി.വി തബ്‍ലീഗ്കാരെ ‘കൊറോണ ബോംബുകൾ’ എന്ന് വിളിച്ചു. ഒരു അവതാരകൻ പറഞ്ഞു: ‘‘ഇമ്മാതിരി എത്ര തബ്‍ലീഗുകാർ രാജ്യമാകെ കൊറോണ ബോംബുകളായി അലയുന്നുണ്ടെന്ന് ഈശ്വരനറിയാം.’’
സഹ അവതാരകയുടെ പ്രതിവചനം ഇങ്ങനെ: ‘‘ഏത് നിമിഷവും വൈറസ് ബോംബ് പൊട്ടിക്കാൻ പാകത്തിലാണല്ലോ ഇവർ.’’
‘സൂത്രധാരൻ’ (മാസ്റ്റർ മൈൻഡ്) എന്ന വാക്ക് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറുള്ളതാണ്. തബ്‍ലീഗ് ജമാഅത്ത് നേതാവായ മൗലാന മുഹമ്മദ് സഅദിനെ റിപ്പബ്ലിക് ടി.വി (ഹിന്ദി)യിൽ അർണബ് ഗോസ്വാമി അങ്ങനെയാണ് വിശേഷിപ്പിച്ചത്. ചാനൽ സ്ക്രീനിലെ ടിക്കറുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു: ‘‘തബ്‍ലീഗ് ജമാഅത്ത് കൊറോണ പടർത്തി.’’ ജീവന് ഭീഷണിയാണ് തബ്‍ലീഗ് എന്നായിരുന്നു മറ്റൊരു വാർത്താ അവതാരകന്റെ കമന്റ്.
ഇന്ത്യ ടി.വിയിൽ ഷഹ്സാദ് പൂനാവാല തബ്‍ലീഗ് ജമാഅത്ത് സമ്മേളനത്തെപ്പറ്റി വിവരിക്കുമ്പോൾ സ്ക്രീനിൽ ഒരു ഹാഷ് ടാഗ്: ‘‘കൊറോണ ജിഹാദ്’’. കുറേ പേർ തുമ്മുന്ന ദൃശ്യം അതിൽ കൂടക്കൂടെ കാണിക്കുന്നുണ്ടായിരുന്നു (ഈ ദൃശ്യം കോവിഡുമായി ബന്ധമില്ലാത്ത വിഡിയോയിൽനിന്നുള്ളതാണെന്ന് വസ്തുതാപരിശോധകരായ ആൾട്ട്ന്യൂസ് പിന്നീട് കണ്ടെത്തി).
അറസ്റ്റിലായ തബ്‍ലീഗുകാർ ജയിലിൽ മാംസാഹാരത്തിനായി ശാഠ്യം പിടിച്ചു എന്ന് മാധ്യമവാർത്ത വന്നു. ഇത് വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. തബ്‍ലീഗുകാർ ക്ഷുബ്ധരായി ആളുകളെ കല്ലെറിഞ്ഞെന്ന വാർത്ത സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇത് കള്ളമാണെന്നും നീക്കംചെയ്യണമെന്നും ഫിറോസാബാദ് (യു.പി) പൊലീസ് താക്കീത് ചെയ്തതോടെ വാർത്ത പിൻവലിച്ചു.
ഇന്ത്യയിൽ കോവിഡിനെ പ്രതിരോധിക്കാൻ അധികൃതർ നടത്തുന്ന യത്നങ്ങൾക്ക് തബ്‍ലീഗ് പാരവെക്കുന്നു എന്നായി പ്രചാരണം. ഇന്ത്യയിൽ മൊത്തം പരന്ന കോവിഡ് രോഗബാധയുടെ 60 ശതമാനവും തബ്‍ലീഗ് സമ്മേളനത്തിന്റെ സംഭാവനയാണെന്ന് ഇന്ത്യ ടുഡേ (2020 ഏപ്രിൽ 3) പറഞ്ഞു.
ഇന്ത്യ ടുഡേ ന്യൂസ് എഡിറ്റർ രാഹുൽ കവൽ അടക്കം പലരും ‘കൊറോണ ജിഹാദി’നെ വിശാലമായ ‘ജിഹാദ് പദ്ധതി’യുടെ ഭാഗമായി അവതരിപ്പിച്ചു. ‘സമീൻ ജിഹാദ്’, ‘ലവ് ജിഹാദ്,’ ‘ആർഥിക് ജിഹാദ്’ തുടങ്ങിയവയുടെ കൂട്ടത്തിൽ ‘കൊറോണ ജിഹാദും’. ‘കൊറോണ ഗൂഢാലോചന’യുടെ തുടർച്ചയായി മദ്റസകളിൽ കുട്ടികളെ കൂട്ടമായി ഒളിപ്പിച്ച് രോഗം പടർത്തുന്നതായിപ്പോലും രാഹുൽ കവൽ ‘സ്റ്റിങ് ഓപറേഷനി’ലൂടെ കണ്ടെത്തിയെന്നും അറിയിച്ചു. എട്ട് പള്ളികളിൽ ‘‘ഒളിച്ചിരുന്ന’’ 118 പേർ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നെന്ന് സീ ന്യൂസ് വിളംബരം ചെയ്തു: ഡൽഹിയിൽ പലേടങ്ങളിലായി 600 വിദേശി തബ്‍ലീഗുകാർ ഒളിച്ചിരിപ്പുണ്ടെന്ന് ഹിന്ദുസ്താൻ ടൈംസ് ആരോപിച്ചു.
തെക്കേ ഇന്ത്യയിൽ ഇത്രതന്നെ വ്യാപകമല്ലെങ്കിലും തബ്‍ലീഗ് വിരുദ്ധ വ്യാജങ്ങൾ മാധ്യമങ്ങളിലൂടെ പരന്നിരുന്നു. കർണാടകയിലെ മൈസൂരുവിൽ ഇറങ്ങുന്ന സ്റ്റാർ ഓഫ് മൈസൂർ പത്രത്തിന്റെ 2020 ഏപ്രിൽ ആറിലെ എഡിറ്റോറിയലിന് ‘കൊട്ടയിലെ ചീഞ്ഞ ആപ്പിൾ പഴങ്ങൾ’ എന്നായിരുന്നു തലക്കെട്ട്. മുസ്‍ലിംകളെയാണ് ‘ചീഞ്ഞ ആപ്പിൾ’ എന്ന് വിശേഷിപ്പിച്ചത്. കെട്ട പഴങ്ങളെ ‘‘ഒഴിവാക്കണം’’ എന്ന് എഡിറ്റോറിയൽ ആവശ്യപ്പെട്ടു. പ്രതിഷേധമുയർന്നപ്പോൾ ‘‘കോവിഡ് മഹാമാരിയെപ്പറ്റിയാണ് പറഞ്ഞത്, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്’’ എന്ന് ക്ഷമാപണക്കുറിപ്പ് പ്രസിദ്ധപ്പെടുത്തി (എഡിറ്റർ: എം. ഗോവിന്ദ ഗൗഡ).
കോവിഡ് കാലത്ത് ഇന്ത്യൻ മാധ്യമങ്ങൾ പ്രകടിപ്പിച്ച വംശീയതയെപ്പറ്റി പിന്നീട് ചില പഠനങ്ങൾ നടന്നിട്ടുണ്ട്. പോണ്ടിച്ചേരി ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സൗന്ദര്യ അയ്യരും ദിവേച ക്ലൈമറ്റ് ചേഞ്ച് സെന്ററിലെ ഷൊയ്ബാൾ ചക്രവർത്തിയും നടത്തിയ പഠനത്തിലെ ഒരു കണക്ക്:
2020 മാർച്ച് 20 മുതൽ ഏപ്രിൽ 27 വരെ ഇന്ത്യയിലെ കോവിഡ് ബാധയെപ്പറ്റി ഇവിടത്തെ 271 മാധ്യമങ്ങളിലായി വന്ന 11,074 വാർത്തകളിലും ലേഖനങ്ങളിലും ‘തബ്‍ലീഗി ജമാഅത്തി’നെയുംപരാമർശിച്ചു. മറ്റൊരു പഠനം ഇന്ത്യൻ ജേണലിസം റിവ്യൂവിന്റേത്: ഹിന്ദിയിൽ വൻ പ്രചാരമുള്ള ദൈനിക് ജാഗരൺ എന്ന ഒറ്റ പത്രത്തിൽ മാത്രം വർഗീയ ഉള്ളടക്കമുള്ള 156 വാർത്തകളും എട്ട് എഡിറ്റോറിയലുകളും അഞ്ച് കാർട്ടൂണുകളും പ്രസിദ്ധീകൃതമായി –ഇത് മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെയുള്ള രണ്ടാഴ്ചയിൽ മാത്രം.
മാർച്ച് 14-ഏപ്രിൽ 12 കാലത്തെ മാധ്യമങ്ങൾ പരിശോധിച്ച മിഷിഗൻ യൂനിവേഴ്സിറ്റിയിലെ ജയജീത്പാലും സഹപ്രവർത്തകരും കണ്ടത്, ഇന്ത്യയിലെ മാധ്യമങ്ങൾ മഹാമാരിയിൽനിന്ന് ശ്രദ്ധ മുസ്‍ലിം വിദ്വേഷത്തിലേക്ക് തിരിച്ചു എന്നാണ്. വ്യാജ പ്രചാരണത്തിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുതൽ എ.എൻ.ഐ വരെയുള്ളവക്ക് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു എന്നും അവർ കണ്ടെത്തി.
രോഗത്തോളംതന്നെ ഭീകരമായിരുന്നു വിദ്വേഷ വൈറസിന്റെ വ്യാപനം എന്ന് കാണാൻ പ്രയാസമില്ല. അന്ന് രാജ്യമൊട്ടാകെ രോഗം പടർത്താൻ കാരണക്കാരായി കണ്ട് അറസ്റ്റ് ചെയ്ത് കേസെടുത്തവരെയാണ്, തെളിവൊന്നുമില്ലാത്ത കള്ളക്കേസായിരുന്നു ഇതെന്നു പറഞ്ഞ് കോടതി കുറ്റമുക്തരാക്കിയിരിക്കുന്നത്.
ജസ്റ്റിസ് നീനാ ബൻസൽ കൃഷ്ണയുടെ ബെഞ്ച് നൽകിയ വിധിന്യായത്തിന്റെ ചുരുക്കം ഇതാണ്:
തബ്‍ലീഗുകാർ കോവിഡ് രോഗവാഹികളായിരുന്നു എന്നതിന് തെളിവില്ല. അവർ പരിശോധനയിൽ കൂട്ടത്തോടെ പോസിറ്റിവ് ആയതിന് തെളിവില്ല. മാത്രമല്ല, സമ്മേളന സ്ഥലത്തേക്ക് അവർ കടന്നത് രോഗവ്യാപനം മൂർച്ഛിക്കുന്നതിനു മുമ്പാണ് –ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനും മുമ്പ്. ഏതെങ്കിലും നിയമം അവർ ലംഘിച്ചതിന് തെളിവില്ല. ഏതെങ്കിലും ഔദ്യോഗിക കൽപന ലംഘിച്ചതിന് തെളിവില്ല. രോഗം പരത്താൻ എന്തെങ്കിലും ചെയ്തതിന് തെളിവില്ല. അങ്ങനെ, അഞ്ചു വർഷങ്ങൾക്കു ശേഷം, അന്ന് ‘‘ദേശീയ’’ മാധ്യമങ്ങൾ പരത്തിയ നുണകൾ വെളിപ്പെട്ടിരിക്കുന്നു. പക്ഷേ, ആ മാധ്യമങ്ങൾ തിരുത്തിയിട്ടില്ല; ക്ഷമാപണം നടത്തിയിട്ടില്ല. എന്നല്ല, പുതിയ വിദ്വേഷ വൈറസുകളുമായി അവർ പുതിയ ഇരകളെ തേടി ഇപ്പോഴും രംഗത്തുണ്ട്.