അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥയും പൊലീസ് പീഡനങ്ങളും വിദ്യാഭ്യാസം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നു. ആ അവസ്ഥയും അടിയന്തരാവസ്ഥയിലെ യാഥാർഥ്യങ്ങളും വിവരിക്കുകയാണ് ഇൗ അധ്യായത്തിൽ. ഭരണകൂടത്തിന്റെ ആശീർവാദത്തോടെ 1975ലെ അടിയന്തരാവസ്ഥക്കാലത്ത് പരമാധികാരികളായ കേരള പൊലീസ് ആഘോഷിക്കുകയായിരുന്നു. കെ. ലക്ഷ്മണയെ മാതൃകയാക്കി ജയറാം പടിക്കലിനെപ്പോലുള്ള നിരവധി ക്രിമിനലുകളെ അതിനായി ഭരണകൂടം ചുമതലയേൽപിച്ചു. കെ. കരുണാകരനും സി. അച്യുതമേനോനും സി.എച്ച്. മുഹമ്മദ് കോയയും കെ.എം. മാണിയുമെല്ലാം അതിന് രാഷ്ട്രീയ നേതൃത്വം നൽകി. അടിയന്തരാവസ്ഥക്കെതിരെ ചെറുത്തുനിൽപ് സമരം നടത്തിയ ഇ.എം.എസിന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അടിയന്തരാവസ്ഥയും പൊലീസ് പീഡനങ്ങളും വിദ്യാഭ്യാസം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നു. ആ അവസ്ഥയും അടിയന്തരാവസ്ഥയിലെ യാഥാർഥ്യങ്ങളും വിവരിക്കുകയാണ് ഇൗ അധ്യായത്തിൽ.
ഭരണകൂടത്തിന്റെ ആശീർവാദത്തോടെ 1975ലെ അടിയന്തരാവസ്ഥക്കാലത്ത് പരമാധികാരികളായ കേരള പൊലീസ് ആഘോഷിക്കുകയായിരുന്നു. കെ. ലക്ഷ്മണയെ മാതൃകയാക്കി ജയറാം പടിക്കലിനെപ്പോലുള്ള നിരവധി ക്രിമിനലുകളെ അതിനായി ഭരണകൂടം ചുമതലയേൽപിച്ചു. കെ. കരുണാകരനും സി. അച്യുതമേനോനും സി.എച്ച്. മുഹമ്മദ് കോയയും കെ.എം. മാണിയുമെല്ലാം അതിന് രാഷ്ട്രീയ നേതൃത്വം നൽകി. അടിയന്തരാവസ്ഥക്കെതിരെ ചെറുത്തുനിൽപ് സമരം നടത്തിയ ഇ.എം.എസിന്റെ രാഷ്ടീയനേതൃത്വം, ധീരമായി ചെറുത്തുനിന്ന നക്സലൈറ്റുകൾക്കിടയിൽനിന്ന് ഇരകളെ കണ്ടെത്തി. ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും പ്രശ്നങ്ങൾ ഉന്നയിക്കേണ്ട ദുഃസ്ഥിതിയിലായിരുന്നു. 77ൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോൾ കേരളജനത ആഘോഷപൂർവം അധികാരത്തിലെത്തിച്ച, കരുണാകര ഭരണം തകിടംമറിയപ്പെട്ടത് കരുണാകരനും കൂട്ടരും തഴച്ചുവളർത്തിയ പൊലീസ് രാജ് മൂലമായിരുന്നുവെന്നത് ചിലരെയെങ്കിലും പിൽക്കാലത്ത് ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചു.
ചിലപ്പോൾ ഇന്ന ദിവസം പുല്ലേപ്പടിയിലുള്ള ഹാരിസ് സേവ്യറിന്റെ ഓഫിസിൽ ചെല്ലണമെന്ന് പറയും. ചെന്നില്ലെങ്കിൽ ഭീഷണിയുമായി ഹോസ്റ്റലിലെത്തും. ക്ലാസ് വിട്ടയുടൻതന്നെ അയാളെ കാണാൻ പോയ ദിനങ്ങളുമുണ്ട്. പൊലീസ് ഭീകരത മനസ്സിനെയും പഠനത്തിനെയും ബാധിക്കുന്നൊരു വിപത്തായി മാറിയിരുന്നു. പിൻബലമില്ലാത്ത യൗവനത്തെ സംബന്ധിച്ചിടത്തോളം അത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒന്നുകിൽ നക്സലൈറ്റ് ബന്ധങ്ങൾ ഉപേക്ഷിക്കുക, അല്ലെങ്കിൽ കണ്ടെത്തിയ ശരികളുമായി മുന്നോട്ട് പോവുക. രണ്ടാമത്തെ സാധ്യത തെരഞ്ഞെടുക്കുന്നതിലായിരുന്നു മനസ്സിന്റെ വ്യഗ്രത –അപ്പോ പീഡാനുഭവങ്ങളോ, അത് ഒഴിവാക്കാനാവില്ല.
നക്സലൈറ്റ് അനുഭാവികളായി മുന്നോട്ടുവന്ന പലരെയും കാണാതായി. ഫൈനൽ ഇയർ ബി.എക്കും എം.എക്കും പഠിച്ചിരുന്ന എന്റെ സീനിയേഴ്സ് ആയവരെല്ലാം ഹോസ്റ്റൽ വിട്ടു. രാഷ്ട്രീയത്തിലോ പൊലീസിലോ സ്വാധീനമുള്ള കുടുംബങ്ങളിൽനിന്ന് വന്നവർ പൊലീസ് വേട്ടയിൽനിന്ന് രക്ഷപ്പെട്ടു. പലരും ന്യൂട്രലായി. കെ.കെ. തങ്കപ്പൻ ഒരിക്കൽ ഹോസ്റ്റലിൽ വന്ന് പറഞ്ഞത് ഞാനിനി ഇല്ലെന്നായിരുന്നു. പൊലീസ് ചോദിച്ചാൽ അങ്ങനെ പറയണമെന്നും ആവശ്യപ്പെട്ടു.
ഈ തങ്കപ്പനാണോ കെ.എസ്.യുക്കാരന്റെ അടിയും ചവിട്ടുമെല്ലാം എന്റെ കൺമുന്നിൽ വെച്ച് ധീരതയോടെ നേരിട്ടത് എന്നോർത്തുപോയി. പക്ഷേ പൊലീസ് മർദനവും മറ്റൊരനുഭവമാണ്. ഞാൻ സെക്കൻഡ് ഇയർ ആയിരുന്നതുകൊണ്ടും ഹോസ്റ്റലിൽ തുടരേണ്ടതുകൊണ്ടും ഭീതിയുടെ നിഴലിലായി ജീവിതവും വിദ്യാഭ്യാസവും.
ഈയിടക്ക് മട്ടാഞ്ചേരി ആനവാതിൽക്കാരനായ, മുൻ പരിചയമില്ലാത്തൊരു വെളുത്ത് മെലിഞ്ഞ ബാലൻ ഉച്ചയോടടുത്തപ്പോൾ എന്നെ തിരക്കി ഹോസ്റ്റലിലെത്തി. ജനൽ കമ്പികളിൽ പിടിച്ച് പുറത്തുനിന്നാണ് സംസാരിച്ചത്. മുറിയിലേക്ക് വരാൻ പറഞ്ഞിട്ട് വന്നില്ല. ആകെ പരിഭ്രാന്തിയിലും വെപ്രാളത്തിലുമായിരുന്നു. കൺമണി ഫിലിംസിലെ ഗോപിച്ചേട്ടനെ പൊലീസ് പിടിച്ചെന്ന് പറഞ്ഞു. കൂടുതലൊന്നും സംസാരിച്ചില്ല. ഞാനടക്കം ഇവിടെയും ചിലരെ പൊലീസ് കസ്റ്റഡിൽ എടുത്തതും ചോദ്യംചെയ്ത് വിട്ടയച്ചതുമെല്ലാം ഞാൻ പറഞ്ഞു. എന്റെ സമാശ്വാസ വാക്കുകളൊന്നും അവനെ സ്വസ്ഥനാക്കിയിരുന്നില്ല. അവന്റെ ഭീതി മാറുന്നില്ലായിരുന്നു. അവനിൽ ചിരി കെട്ടുപോയതുപോലെ തോന്നി. രണ്ടാംനാൾ ഞാൻ കോളജിൽ എത്തുമ്പോൾ ആന്റണി കാത്തുനിൽക്കുന്നുണ്ടായിരുന്നു ഒരു ദുരന്ത വാർത്തയുമായി. വീടിനരികെയുള്ള പാഴ്മരക്കൊമ്പിൽ ആ ബാലൻ തൂങ്ങിമരിച്ചു. ആന്റണിക്ക് അയൽവാസിയും ജൂനിയറുമായൊരു കൂട്ടുകാരൻ മാത്രമായിരുന്നു അവൻ. പൊലീസ് അവനെയും തിരക്കി വീട്ടിലെത്തിയാലോ എന്ന ആധി മൂലമാണ് അവൻ മരിച്ചതെന്നാണ് ആന്റണി പറഞ്ഞത്. അവന്റെ പേരുപോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ ചോദിച്ചതുമില്ല. നക്സലൈറ്റുകൾക്കെതിരായ പൊലീസ് ഭീകരത ഇത്തരത്തിൽ എത്രയെത്ര ബാല്യങ്ങളെ നുള്ളിമാറ്റിയിട്ടുണ്ടാവും. അതൊരിക്കലും ആരും അറിയില്ലെന്ന് അവർക്കുറപ്പുണ്ടായിരുന്നു.
സായാഹ്ന പത്രമായ ‘ജയ്ഹിന്ദി’ൽ ഈ വാർത്ത ഉണ്ടായിരുന്നുവെന്ന് ആന്റണി പറഞ്ഞു. ഗോപിച്ചേട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്ത ദിവസം, മറ്റുള്ളവരെയും പിടിക്കുമെന്ന ഭീതിയിലായിരുന്ന സേവ്യറെപ്പോലെ ചിലർ ബോംബെക്ക് തീവണ്ടികയറി. മറ്റു ചിലർ പൊലീസിനെ മാറിനടന്നു.
സെക്കൻഡ് ഇയറിലെ ഹോസ്റ്റൽ ഡേക്ക് എൻ.യു. നീലാംബരന് പങ്കെടുക്കാനായില്ല. പൊലീസ് കസ്റ്റഡിയിൽനിന്ന് സന്ധ്യക്കാണദ്ദേഹം ഹോസ്റ്റലിൽ എത്തിയത്. വെള്ളത്തൂവൽ സ്റ്റീഫനു പുറമെ, വി.എസ്. നാരായണനും കെ.കെ. മന്മഥനും കെ.കെ. മോഹനനുമെല്ലാം അറസ്റ്റ്ചെയ്യപ്പെടുന്നിടംവരെ പൊലീസ് പീഡനം തുടർന്നു.
ഒരിക്കൽ ഹാരിസ് സേവ്യർ ബോട്ട്ജെട്ടിയിൽ െവച്ച് കണ്ടപ്പോൾ സൗഹാർദം കാട്ടി. കുറേനേരം ഭീഷണിയുടെ സ്വരം ഇല്ലാതെ സംസാരിച്ചു. എന്റെ പ്രായം തിരക്കി. എന്നെക്കാൾ 12 വയസ്സ് അയാൾക്ക് കൂടുതലാണെന്നും ഒരു മൂത്ത സഹോദരനെപ്പോലെ കാണണമെന്നും പറഞ്ഞു. രണ്ട് മൂന്നു തവണ അയാളുടെ ഓഫിസിൽ എത്തുമ്പോൾ ചായ തന്നിരുന്നു. മുട്ടയൊഴിച്ച ചായ ഞാൻ ആദ്യം കുടിച്ചതും അവിടെനിന്നാണ്. പൊലീസിന്റെ ഈ സാഹോദര്യം എനിക്ക് മനസ്സിലായില്ല. അയാൾ പറഞ്ഞതിൽ നിഗൂഢമായ പൊലീസ് താൽപര്യത്തിനപ്പുറം ചില സത്യമുണ്ടാകാം. പക്ഷേ, അപ്പോഴേക്കും ഞാൻ കണ്ടെത്താൻ ശ്രമിച്ച മനുഷ്യരുടെ പീഡാനുഭവങ്ങൾ എന്റേതുകൂടിയായി മാറിക്കഴിഞ്ഞിരുന്നുവല്ലോ!
മറ്റു ചില കോളജ്കാല അനുഭവങ്ങൾ
ഒരവധിക്കാലം തീരാറായപ്പോൾ കാട്ടിക്കുന്നിലെ വീട്ടിലെത്തിയ ഞാൻ ഇക്കരെ നിൽക്കുമ്പോൾ ‘കാട്ടുരാജാവേ’ എന്ന് ഉച്ചത്തിലുള്ള വിളിയോടെ പുഴയിലേക്ക് ചാടി മറുകര താണ്ടുന്ന അപ്പച്ഛനെയാണ് കണ്ടത്. അപ്പച്ഛന് അസുഖമാണെന്ന് അറിഞ്ഞെങ്കിലും ഇത്രമാത്രം നിലതെറ്റിയ അവസ്ഥയിലാണെന്ന് കരുതിയില്ല. മാതാപിതാക്കളടക്കം മുതിർന്നവരെല്ലാം മ്ലാനതയിലാണ്. വൈകിയാണ് അമ്മ കാര്യങ്ങൾ പറയാൻ തുടങ്ങിയത്. അപ്പച്ഛന്റെ ദേഹത്ത് എന്തോ ബാധയാണെന്നാണ് അവർ വിശ്വസിക്കുന്നത്. മന്ത്രവാദികളെ കണ്ടു. ഒരു ഹോമം നടത്തി. ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകാൻ തയാറായിരിക്കുകയാണ്.
എനിക്കാകെ ബുദ്ധിമുട്ട് തോന്നി. രണ്ടുമൂന്ന് ദിവസം അവിടെ തങ്ങി. എന്റെ സാന്നിധ്യം അപ്പച്ഛനിൽ ചില മാറ്റങ്ങൾ വരുത്തിയതുപോലെ തോന്നി. ഹോസ്റ്റലിലെത്തി ഞാൻ ഈ കാര്യം അണ്ണനോട് (എൻ.യു. നീലാംബരൻ) പറഞ്ഞു. അണ്ണൻ പറഞ്ഞതനുസരിച്ച് അപ്പച്ഛനെ എറണാകുളത്തേക്ക് കൊണ്ടുവന്നു. ഒരുദിവസം പാർക്കും സിനിമയുമെല്ലാമായി എറണാകുളത്ത് തങ്ങി. പിന്നെയും അപ്പച്ഛനിൽ ചില മാറ്റങ്ങൾ കണ്ടു. തുടർന്ന് ഞങ്ങൾ അപ്പച്ഛനെ ഇടുക്കിയിലേക്ക് കൊണ്ടുപോകാൻ പ്ലാനിട്ടു. ഇക്കാര്യം ഞാൻ വീട്ടിൽ അറിയിച്ചെങ്കിലും സമനില തെറ്റിയ ആളെ എന്നോടൊപ്പമയക്കാൻ വീട്ടുകാർക്ക് ഭയമായിരുന്നു. മുത്തച്ഛൻ സമ്മതിച്ചു. ഒരാഴ്ചത്തെ ഇടുക്കി വാസത്തോടെ അപ്പച്ഛന്റെ മാനസികാവസ്ഥ പൂർവ സ്ഥിതിയിലായി. സമനില തെറ്റിയ സമപ്രായക്കാരനായ വ്യക്തിയോടൊത്തുള്ള സഹവാസം ഇക്കാലത്ത് പുതിയൊരു ജീവിതാനുഭവമായിരുന്നു. പിൽക്കാലത്ത് എന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ ഏറെക്കാലം സന്തതസഹചാരിയായിരുന്ന എം. പവിത്രന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു.
അപ്പച്ഛനിൽനിന്ന് തുടങ്ങാനായതുകൊണ്ടാണ് കുടുംബവും കൂട്ടവുമെല്ലാം ഭ്രാന്താണെന്ന് പതുക്കെയും ഉറക്കെയും പറയുമ്പോഴും പവിത്രൻ എന്റെ സഖാവായിരുന്നത്. അപ്പച്ഛനെ സർവാത്മനാ പിന്തുണച്ച ഞാൻ രോഗശമനിയായി മാറി. അപ്പച്ഛനും രാജമ്മയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അവർക്കുണ്ടായ ആദ്യ കുഞ്ഞിന്റെ മരണം സംശയകരമായിരുന്നു. ഒരു വലിയ ദുഃഖം. എന്നെ കുഞ്ഞുമണി വാപ്പൻ ക്ലാസിൽനിന്ന് വിളിച്ച് ശവസംസ്കാരത്തിനായി കൊണ്ടുപോയി. ഈ മരണം എന്നെ അറിയിച്ചതിലും ഞാൻ അവിടെ ചെന്നതിലും അമ്മ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്റെ ക്ലാസ് മുടക്കിയെന്നായിരുന്നു അമ്മ അതിന് പറഞ്ഞ കാരണം. അപ്പോഴും അപ്പച്ഛനും രാജമ്മയും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് സ്വീകാര്യമായിരുന്നില്ല. പിന്നീടവർ സ്വന്തമായി മെച്ചപ്പെട്ട നിലയിൽ ജീവിക്കാൻ തുടങ്ങിയപ്പോഴാണ് ഈ സ്ഥിതിയിൽ മാറ്റം ഉണ്ടായത്.
എന്റെ ക്ലാസ്മേറ്റും ഫസ്റ്റ് ഇയർ പ്രീഡിഗ്രി വിദ്യാർഥിയുമായിരുന്ന പട്ടിമറ്റം സ്വദേശി വി.ടി. അയ്യപ്പൻ കുട്ടിയുടെ അച്ഛൻ എറണാകുളം ഗവ. ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ആരും സഹായത്തിനുണ്ടായിരുന്നില്ല. പണത്തിനും ബുദ്ധിമുട്ട്. അയ്യപ്പൻ കുട്ടിയോടൊപ്പം ഞാനും അച്ഛനടുത്തു പോയി. ഒരു സന്ധ്യക്ക് ഹോസ്റ്റലിൽനിന്ന് ഭക്ഷണവുമായി പോയ എന്നിൽനിന്ന് 25 പൈസ ഗേറ്റ് കീപ്പർ കൈമടക്ക് വാങ്ങി. അതു കൊടുത്തില്ലെങ്കിൽ അയാളെന്നെ കടത്തിവിടില്ലായിരുന്നു. അച്ഛന്റെ ഭക്ഷണവും മുടങ്ങും. അതെന്റെ രണ്ടാമത്തെ കൈക്കൂലിയായിരുന്നു.
അയ്യപ്പൻ കുട്ടിയുടെ സഹോദരിയെ വിവാഹംചെയ്തത് എന്റെ വൈഫിന്റെ നേരെ മൂത്ത സഹോദരനായിരുന്നു. വൈക്കത്തുനിന്ന് പട്ടിമറ്റത്തേക്ക് താമസം മാറിയ വൈഫിന്റെ വീട്ടുകാർ അവിടെ വൈഫിനെ ഒഴിവാക്കിക്കൊണ്ടാണ് സ്ഥലം വാങ്ങിയത്. മാതാപിതാക്കളും അഞ്ച് മക്കളും അടങ്ങുന്ന ഒരു കുടുംബമായിരിക്കെ ഒരാളെ ഒഴിവാക്കിക്കൊണ്ടുള്ള പ്രമാണത്തിന് അയ്യപ്പൻ കുട്ടിയുടെ അച്ഛന് സാക്ഷിയാകേണ്ടിവന്നു. വർഷങ്ങൾക്കു ശേഷം പട്ടിമറ്റത്ത് െവച്ച് യാദൃച്ഛികമായി കാണുമ്പോൾ ഇടുക്കിയിൽ ഞങ്ങളുടെ വീട്ടിലേക്ക് വരാൻ താൽപര്യം കാണിച്ചിരുന്നു. അഡ്രസ് വാങ്ങുകയും ചെയ്തു. ഒരുദിവസം അദ്ദേഹം വീട്ടിൽ വന്നു, വൈഫിന്റെ വീട്ടുകാർ സ്ഥലം വാങ്ങിയപ്പോൾ കാണിച്ച സത്യസന്ധത ഇല്ലായ്മയിൽ താനും പങ്കാളിയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തുവാൻ.
കോളജ് വിട്ടതിനുശേഷം അയ്യപ്പൻ കുട്ടിയുമായിട്ടുള്ള ബന്ധത്തിന് തുടർച്ചയുണ്ടായില്ലെങ്കിലും എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയിൽ 70കളുടെ അവസാനത്തിൽ ജോലിയിലിരിക്കെ ഹൃദ്രോഗബാധയെത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെ കുറച്ചുദിവസം ഞാനായിരുന്നു കൂടെയുണ്ടായിരുന്നത്. അയ്യപ്പൻ കുട്ടിയുടെ അടുത്ത് ഭാര്യ ലതയോടൊപ്പം ഒരു പ്രഭാതത്തിൽ കന്യാസ്ത്രീ യുവതിക്ക്, സിസ്റ്റർ ഗഡ്രൂടിന് വിശ്രമസ്ഥലം അറേഞ്ച് ചെയ്തുകൊടുത്തത് ഞാനാണ്. അവർ മടങ്ങുന്നതിനു മുമ്പ് ജോസ് ബ്രദേഴ്സ് ടെക്സ്റ്റൈൽസിൽനിന്ന് എന്റെ പഴയ വസ്ത്രങ്ങൾക്കു പകരം മെച്ചപ്പെട്ട വസ്ത്രങ്ങൾ വാങ്ങിത്തന്നു. അടിവസ്ത്രങ്ങൾ ഉൾപ്പെടെ. പരസ്പരം അറിയാൻ ശ്രമിച്ചതുകൊണ്ടാകാം സംഭാഷണത്തിൽ സ്വകാര്യ ദുഃഖങ്ങൾ പങ്കിടുവാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീടവർ ഗോവക്ക് പോയെന്നറിഞ്ഞു.
അയ്യപ്പൻ കുട്ടിയുടെ അച്ഛനെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പ് കോതമംഗലം തൃക്കാരിയൂർ പിണ്ടിമനയിൽനിന്ന് ക്രൂരമായ ബലാത്സംഗത്തിനിരയായ കറുത്തു മെലിഞ്ഞൊരു പെൺകുട്ടി ജനറൽ ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയിരുന്നു. കോതമംഗലം ഗവ. ഹോസ്പിറ്റലിൽനിന്നാണ് എറണാകുളത്ത് വന്നത്. എഴുന്നേറ്റ് നടക്കാവുന്ന അവസ്ഥ ഇല്ല. അമ്മ കൂടെയുണ്ട്; ഒരു സാധു സ്ത്രീ. അച്ഛൻ ഇടക്കിടക്ക് വന്നുപോകും. ഉപദ്രവിച്ചത് ഉയർന്ന ജാതിക്കാരായ രണ്ട് നായർ യുവാക്കളാണെന്നും കേസിന് പോകാതിരിക്കാൻ അവർ സമ്മർദം ചെലുത്തിയെന്നും; തങ്ങൾ പറയരാണെന്നും അവർ പറഞ്ഞു. സ്കൂൾ വിട്ട് ഒറ്റക്ക് വീട്ടിലേക്ക് പോകുമ്പോൾ ഒരു വിജനസ്ഥലത്തുവെച്ചായിരുന്നു ആക്രമണം.
ഈ കേസിൽ സാക്ഷിവിസ്താരം നടക്കുമ്പോൾ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഞാനും പോയിരുന്നു. ഒരു പെൺകുട്ടി ന്യായാധിപന്റെയും നിയമജ്ഞന്മാരുടെയും പൊതുകൂട്ടത്തിൽ ഇത്രമാത്രം അപമാനിക്കപ്പെടുമോയെന്ന് ഞാൻ ഉത്കണ്ഠപ്പെട്ടു. അതും യാതൊരു പിൻബലവും ഇല്ലാത്ത പട്ടികജാതി പെൺകുട്ടി. വിസ്താരങ്ങളിൽനിന്ന് താൻ ആക്രമിക്കപ്പെട്ടുവെന്ന് ന്യായാസനത്തെ ബോധ്യപ്പെടുത്തുവാൻ കഴിയാതെ അവൾ കണ്ണീരൊഴുക്കി. പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ കോടതി അവരെ വെറുതെ വിട്ടു. ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് കോടതിമുറിയിൽനിന്ന് നീതി ലഭിക്കുക അസാധ്യമാണെന്ന ചിന്തയിലേക്കാണ് ഇതെന്നെ കൊണ്ടുപോയത്. സ്വന്തം അനുഭവത്തിലൂടെ നിയമവ്യവസ്ഥയെയും കോടതിയെയും അവിശ്വസിക്കാൻ പ്രേരിപ്പിച്ചൊരു സംഭവമായിരുന്നു ഇത്. കുറ്റവാളികൾ മാത്രമല്ല ന്യായാസനങ്ങൾ അടക്കിവാഴുന്നവരും നിയമജ്ഞരുമെല്ലാം പുരുഷന്മാരും മേൽജാതിക്കാരുമായിരുന്നുവല്ലോ. തമ്പ്രാന്റെ കോടതിയിൽ അടിയാത്തികൾക്ക് നീതിയോ...
ഒരിക്കൽ റൂംമേറ്റായ പി.ടി. അയ്യപ്പൻ കുട്ടിയും ഞാനും ഈ പെൺകുട്ടിയുടെ വീട്ടിൽ പോയി, ഇഷ്ടികകൊണ്ടുണ്ടാക്കിയ അടുക്കളയും ഒരു മുറിയും മാത്രമുള്ളൊരു കൊച്ചുവീട്. അമ്മയും മകളും മാത്രം. അമ്മാവന്റെ കുടുംബവുമായിട്ടാണ് അടുപ്പം. അച്ഛനുമമ്മയും തമ്മിൽ അകൽച്ചയിലാണ്. അച്ഛൻ തൊട്ടടുത്തുതന്നെയുള്ള മറ്റൊരു വീട്ടിലാണ്. ഒരമ്മയും മൂന്ന് പെൺമക്കളുമുള്ള ആ വീട്ടിലെ രണ്ട് പെൺമക്കളിലും അദ്ദേഹത്തിന് കുട്ടികളുണ്ട്. കൂലിവേലക്കാരായൊരു ദരിദ്ര കുടുംബം. ഗോത്രാവസ്ഥ വെടിഞ്ഞിട്ടില്ല; ബഹുഭാര്യത്വമാണ്.
പിന്നീടൊരിക്കൽ നേരിൽ കാണണമെന്നും എന്തിനിങ്ങനെ ജീവിക്കണമെന്ന് തോന്നുന്നുവെന്നും നൈരാശ്യഭാവത്തിൽ കത്തെഴുതിയപ്പോൾ മറ്റൊരു റൂംമേറ്റായ ജി. രാഘവനുമൊത്ത് അവരുടെ വീട്ടിൽ പോയി. കത്തിടപാടുകൾ തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥയിൽ ജയിലിൽനിന്ന് ഞാനയച്ചൊരു കത്തിന് മറുപടി കിട്ടി. ജയിൽമോചിതനായി വീട്ടിലെത്തുമ്പോൾ തന്റെ വിവാഹം അറിയിച്ചുകൊണ്ട് ഒരു പെണ്ണ് അയച്ച കത്ത് കിട്ടിയിരുന്നുവെന്ന് അറിഞ്ഞു. പിന്നെ തന്റെ സഹോദരിയും ഞാനുമായി ഒന്നിച്ച് ജീവിക്കാൻ ആലോചിച്ചപ്പോൾ ഈ ബന്ധം ചൂണ്ടിക്കാട്ടി സഹോദരിയെ അകറ്റുവാൻ രാഘവനും വീട്ടുകാരും ശ്രമിച്ചിരുന്നു. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ ഇയാളുടെ പഴയ ബന്ധം പറഞ്ഞ് വൈഫ് എന്നെക്കൊണ്ട് കത്തെഴുതിച്ചു. മറുപടി ഉണ്ടായില്ല. പിന്നീടൊരിക്കലും ആ ബന്ധം പുതുക്കാൻ ശ്രമിച്ചില്ലെങ്കിലും ആ പെൺകുട്ടി എങ്ങനെ ജീവിക്കുന്നുവെന്ന് അറിയാൻ ആഗ്രഹിച്ചിരുന്നു.
വായനക്കൊപ്പം എഴുത്തും ഒരാഗ്രഹമായിരുന്നു. ആരോരുമറിയാതെ പലതും കുത്തിക്കുറിക്കുകയും ഉപേക്ഷിക്കുകയുംചെയ്തു. ചെറുകഥയും സിനിമ നിരൂപണവും നോവലും എഴുതിനോക്കി.കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ച ‘യുക്തി’ മാസികയിൽ ഒരു കത്ത് പ്രസിദ്ധീകരിച്ചതാണ് ആദ്യത്തെ പ്രസിദ്ധീകരണാനുഭവം. ഹോസ്റ്റലിൽ ഒരു കൈയെഴുത്ത് മാസിക ഉണ്ടാക്കുന്നതിന് മുൻകൈയെടുത്തു. പ്രസിദ്ധ അമേരിക്കൻ സ്വതന്ത്ര ചിന്തകനായ ബർട്രൻഡ് റസലിന്റെ ‘വെസ്റ്റേൺ ഫിലോസഫി’യുടെയും മറ്റും അടിസ്ഥാനത്തിൽ കോളജ് മാഗസിനിൽ ഒരു ലേഖനം എഴുതി. വിദ്യാർഥികൾ നടത്തിയ ലേഖന മത്സരത്തിൽ ക്യൂബൻ വിപ്ലവകാരി ഏണസ്റ്റ് ചെഗുവേരയുടെ ബൊളീവിയൻ ഡയറി പാരിതോഷികമായി കിട്ടി. അതിനുമുമ്പോ പിമ്പോ മറ്റൊരു പാരിതോഷികവും ജീവിതത്തിൽ ഉണ്ടായില്ല. കൂട്ടുകാരുടെ വീടുകളിലേക്കുള്ള യാത്രകളിൽ ഗ്രാമങ്ങളുടെ ഹിംസാത്മകമായ മുഖങ്ങൾ കണ്ടു. ഗ്രാമഘടനയിലെ പൈശാചികമായ ജാതീയതയും ദലിതരുടെ തീരാ ദുഃഖങ്ങളും കണ്ടു. സൂക്ഷ്മമായ ജീവിതാനുഭവങ്ങളുടെ പഠനയാത്രകളായിരുന്നു അവ.
സിനിമയും നാടകവും ഗാനമേളയും സംഗീതക്കച്ചേരിയും കഥകളിയും മരടിലും ഉദയംപേരൂരിലും ക്ഷേത്രോത്സവകാലത്ത് നടക്കുന്ന വെടിക്കെട്ടുപോലും ഒഴിവാക്കിയില്ല. ആഘോഷത്തിരക്കിൽനിന്ന് വിജനമായ തെരുവുകളിലൂടെ മങ്ങിയ വെളിച്ചത്തിൽ ‘ആത്മവിദ്യാലയവും’, ‘ഏകാന്തപഥികൻ ഞാനു’മെല്ലാം പാടി ദൂരമറിയാതെ അണ്ണനോടൊപ്പം നടന്ന രാത്രി.
ഇതൊന്നും പഠനത്തെ ബാധിക്കരുതെന്ന് വാശിയുണ്ടായിരുന്നു. പൊലീസ് പീഡനകാലത്തുപോലും പഠിക്കാൻ ശ്രമിച്ചിരുന്നു. എന്നാലത് ഫലം കണ്ടില്ല. പഠനമാകെ അലങ്കോലപ്പെട്ട സന്ദർഭമായിരുന്നു അത്. പഠനവിഷയങ്ങൾ ചിലത് വഴങ്ങുന്നില്ലായെന്നുള്ളത് മറ്റൊരു വസ്തുത. ഇംഗ്ലീഷ് ഭാഷ മുഖ്യ പ്രതിസന്ധിയായി. പാഠ്യേതര വിഷയങ്ങളായ പൊളിറ്റിക്സിലും ഫിലോസഫിയിലും ഹിസ്റ്ററിയിലുമെല്ലാം താൽപര്യം വർധിക്കുകയും ചെയ്തു. എന്നിരിക്കിലും പരാജയപ്പെട്ട വിഷയങ്ങൾ എഴുതിയെടുത്ത് കോഴ്സ് പൂർത്തിയാക്കാമായിരുന്നു. അപ്പോഴേക്കും വിദ്യാഭ്യാസത്തിലൂടെ സർക്കാർ സെർവന്റാകുകയെന്ന സാധ്യതയോട് പുറംതിരിഞ്ഞു കഴിഞ്ഞിരുന്നു. സർട്ടിഫിക്കറ്റുപോലും വാങ്ങാൻ നിൽക്കാതെ കോളജിനോട് യാത്ര പറയാൻ നിശ്ചയിച്ചു. കോളജ് വിദ്യാഭ്യാസം നേടിയ എന്റെ തലമുറക്കാരായ പട്ടിക വിഭാഗക്കാരെ ഒന്നടങ്കം സ്വീകരിക്കാൻ പോന്നതായിരുന്നു അന്നത്തെ സർവിസ് മേഖല. ആദിവാസിയെന്ന എന്റെ സാധ്യത അതിലേറെയുമായിരുന്നു. എല്ലാം വേണ്ടെന്നുെവച്ചു.
തിരിച്ചു ചെല്ലാൻ സ്വന്തമായൊരിടമുണ്ടായിരുന്നുവെന്നത് ഒരുതരം ആത്മബലം ആയിരുന്നു. അതിനേക്കാൾ പ്രധാനം സാമൂഹികാന്വേഷണങ്ങളും തിരിച്ചറിഞ്ഞ സാമൂഹിക പ്രശ്നങ്ങളോട് നീതിപുലർത്താനുമുള്ള സന്നദ്ധതയുമായിരുന്നു. ഹോസ്റ്റൽ ജീവിതത്തിൽ അടുത്തും അകന്നും നിന്ന് സാഹോദര്യം പകർന്ന കൂട്ടുകാർ എന്നിൽ അർപ്പിച്ച പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും സ്പന്ദനങ്ങളുണ്ടായിരുന്നു അതിൽ. നിസ്വാർഥതയുടെ പക്ഷത്താണ് അവരെന്റെ ജീവിതം കണ്ടത്. എന്റേതു കൂടെയായ ആ പക്ഷം എന്റെ ജീവിതവഴിയായി. തിരിഞ്ഞുനോക്കുമ്പോൾ അവരിലേറെപ്പേരെയും എന്റെ ജീവിതവഴികളിൽ ഒരിക്കൽപോലും കണ്ടുമുട്ടിയില്ലാ എന്നുള്ളത് ഒരു ദുര്യോഗമാണ്. കണ്ടുമുട്ടിയ ചിലതാകട്ടെ ഔദ്യോഗിക ജീവിതത്തിന്റെ ക്രമബദ്ധതയിലും കുടുംബത്തിലും ജാതിയിലും വ്യവസ്ഥാപിത പ്രസ്ഥാനങ്ങളിലെ വിധേയത്വ ബന്ധങ്ങളിലും തളക്കപ്പെട്ടവരായിരുന്നു. അവരിലാർക്കും എന്നെയേൽപിച്ച സാമൂഹിക ഉത്കണ്ഠയുണ്ടായില്ലായിരുന്നുവെന്ന് പറഞ്ഞാൽ അതൊരതിശയോക്തിയല്ല. ഞാനോ ആൾക്കൂട്ടത്തിൽപോലും തനിച്ചാകുന്നൊരു ആന്തരിക ഭാവത്തിലേക്ക് കടന്നിരുന്നു.
ഹോസ്റ്റലിൽനിന്ന് മടക്കയാത്രക്കൊരുങ്ങുമ്പോൾ പാഠപുസ്തകങ്ങൾ ജൂനിയറായിരുന്ന വൈക്കം ഇടവട്ടം സ്വദേശി എൻ.കെ. പവിത്രന് നൽകി. പാന്റ്സും ഷൂസും അരൂകുറ്റിക്കാരൻ കെ.എൻ. കുമാരനും. പവിത്രന് എം.ബി.ബി.എസിന് സീറ്റ് ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഉപേക്ഷിക്കേണ്ടിവന്നു. എന്നോട് കാര്യം പറഞ്ഞിരുന്നുവെങ്കിലും സഹായിക്കാനായില്ല. കോളജ് അധ്യാപകനായി ജോലിനോക്കി. കുമാരൻ ഫോറസ്റ്റ് റെയ്ഞ്ചറായി റിട്ടയർ ചെയ്തു. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോൾ എം.പി.ഇ.ഡിയിലെ ഉദ്യോഗസ്ഥയായ ഭാര്യയോടും കുട്ടികളോടും ഞാൻ നൽകിയ പാന്റ്സിന്റെയും ഷൂസിന്റെയുമെല്ലാം കാര്യം പറഞ്ഞ് കുമാരൻ ഓർമ പുതുക്കുന്നുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതിയിലും പദവിയിലുമുണ്ടാകുന്ന മാറ്റങ്ങളിലൂടെ ഗ്രാമങ്ങൾ വിട്ട് നഗരപരിസരങ്ങളിൽ പാർപ്പുറപ്പിക്കാൻ കഴിഞ്ഞ എന്റെ തലമുറയിൽപെട്ട അനേകർ ഓർമിക്കാൻ ഇഷ്ടപ്പെടാത്ത സ്നേഹത്തിന്റെയും ആദരവിന്റെയും കഷ്ടപ്പാടിന്റെയും ധ്വനികൾ കുമാരന്റെ ഓർമപ്പെടുത്തലിലുണ്ടായിരുന്നു.
പാഠ്യേതരമായ കുറെ പുസ്തകങ്ങളുമായിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്. തെരുവുകളിലെ നിറസാന്നിധ്യമായ മനുഷ്യരില്ലാത്ത, കായലോരത്തെ കാറ്റുകൊണ്ട് കൂട്ടുകാരുമായുള്ള സഞ്ചാരമില്ലാത്ത, വായനശാലയോ പത്രമോ പോലുമില്ലാത്ത, ചർച്ചകളും സംവാദങ്ങളുമില്ലാത്ത സ്വദേശത്തേക്കുള്ള ‘മടക്കയാത്ര’. ഹോസ്റ്റലും കൂട്ടുകാരുമായുള്ള ബന്ധങ്ങളും വിട്ടുപോകുന്നതിലെ ദുഃഖത്തേക്കാൾ ഭീതിദമായിരുന്നു കുടിയിലെത്തുമ്പോഴുണ്ടാകുന്ന ഏകാകിത്വം. കാടിനുള്ളിൽ അർഥശൂന്യമായ ശബ്ദങ്ങൾ ഉണ്ടാക്കിയും പക്ഷികൾക്കൊപ്പം അവരുടെ സ്വരവൈരുധ്യങ്ങൾ ആവർത്തിച്ചും ഭീതിയകറ്റുവാൻ ബാല്യകാലത്ത് ശ്രമിച്ചിട്ടുണ്ട്. നഗരത്തിലത് ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സംഘം ചേരലിലൂടെയുമാണ് മറികടക്കാൻ ശ്രമിച്ചത്. ഈ സാധ്യതയാണ് ഇപ്പോൾ നഷ്ടപ്പെട്ടത്.
മണ്ണിൽ പണിയെടുക്കുക എന്ന് പറയുന്നത് എനിക്കെന്നും ഇഷ്ടമായിരുന്നു. ചില താൽക്കാലിക കൃഷികളോടൊപ്പം വായനയും തുടർന്നു. പഠിക്കാൻ വിട്ടിട്ട് മണ്ണിലേക്ക് വന്ന എന്നെ അസന്തുഷ്ടിയോടെയാണ് അച്ഛനും അമ്മയും നോക്കിക്കണ്ടത്. കൂലിവേലയല്ല സ്വന്തം മണ്ണിൽ ഞാൻ ജോലിചെയ്തിട്ടും അത് അംഗീകരിക്കാൻ അച്ഛനമ്മമാർ തയാറായിരുന്നില്ല. ഞാനൊരു മോശം പണിക്കാരനാണെന്നതിനുപരി എന്നിലർപ്പിക്കപ്പെട്ട പ്രതീക്ഷയുടെ നഷ്ടബോധമായിരുന്നു ആ അനിഷ്ടത്തിന് കാരണം. ‘‘അവന് വായിക്കാൻ മാത്രം അറിയാം. ഏതുസമയത്തും ഒരു വായന’’ എന്ന് അച്ഛൻ പലരോടും പറയുന്നത് കേട്ടിട്ടുണ്ട്. തങ്ങളുടെ പ്രതീക്ഷ തകർത്തതിലുള്ള രോഷവും; ദുഃഖവുമെല്ലാം അതിലടങ്ങിയിരുന്നു. ഒരു കുടുംബത്തിന്റേതല്ല, ഒരു കൂട്ടത്തിന്റെ പ്രതീക്ഷകളാണ് തകർക്കപ്പെട്ടത്. ഞാനോ എന്റെ നിശ്ചയങ്ങൾ വെളിപ്പെടുത്തിയതുമില്ല. ഒരിക്കലുമെനിക്കതിന് കഴിഞ്ഞില്ല എന്നുള്ളത് ദുഃഖകരമായ മറ്റൊരു സത്യം.

എന്റെ കൂടെ പഠിച്ച ആർക്കെങ്കിലും സർക്കാർ ജോലി കിട്ടിയാൽ അതും വീട്ടിലൊരു സംസാരവിഷയമാണ്. എനിക്ക് ജോലി കിട്ടിയോന്ന് ആരെങ്കിലും ചോദിച്ചാൽ അച്ഛൻ അത് വന്ന് ഞാൻ കേൾക്കെ അമ്മയോട് പറയും. സർക്കാർ ജോലിക്ക് പോകുന്നില്ലേയെന്ന് അച്ഛന്റെ സുഹൃത്തുക്കളും എന്റെ അഭ്യുദയകാംക്ഷികളും വളരെക്കാലം ചോദിച്ചുകൊണ്ടിരുന്നു. മറുപടി ചിരിയിലൊതുക്കും. ഇത് അച്ഛന്റെയുള്ളിൽനിന്നു തന്നെയുള്ള ചോദ്യമായിരുന്നു.
എല്ലാ അർഥത്തിലും അച്ഛനായിരുന്നു ശരി. പൂർവികരുടെ ജീവിത സമ്പ്രദായങ്ങൾ, വിച്ഛേദിച്ച് കാർഷികവൃത്തിയിലേക്ക് കടന്നുവന്നൊരു തലമുറയുടെ പിൻമുറക്കാർ അതേ സമ്പ്രദായത്തിൽതന്നെ തളയ്ക്കപ്പെടാൻ പാടില്ല എന്നുള്ളത് ഉത്കർഷേച്ഛുവായൊരു വ്യക്തിയുടെ ചിന്തയാണ്. മുമ്പ് ഞാൻ സൂചിപ്പിച്ചതുപോലെ തങ്ങളുടെ കാർഷികമിച്ചം സ്വർണമായി സമാഹരിക്കുന്നതിനു പുറമെ പലിശക്കല്ലെങ്കിലും മറ്റുള്ളവർക്ക് കടം കൊടുക്കുന്ന ഒരു രീതി മാതാപിതാക്കൾ അവലംബിച്ചിരുന്നു. കാർഷിക സമൂഹത്തിന്റെ പരിണാമത്തിന്റെ മറ്റൊരു സൂചകമാണിത്. എന്നേക്കാൾ പഠനത്തിൽ സമർഥരായിരുന്ന കുട്ടികളെ ഞാനുമായി താരതമ്യം ചെയ്ത് അമ്മ പ്രോത്സാഹിപ്പിക്കുന്നതും ഡോക്ടറും വക്കീലുമാകാൻ പോകുന്ന പേരക്കുട്ടികളിലൂടെ മകന് നേടാനാകാതെ പോയത് പേരക്കുട്ടികൾ നേടാൻ പോകുന്നതിലുള്ള അമിതമായ സന്തോഷം മരണത്തിനു മുമ്പ് അമ്മ ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് മെഡിക്കൽ വിദ്യാർഥിയായ പേരക്കിടാവ് മൂത്തമ്മയുടെ ചെവിയിൽ സ്റ്റെതസ്കോപ് വെച്ച് ഞാൻ ഡോക്ടറാകുവാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ. അച്ഛൻ വേർപിരിഞ്ഞിട്ട് അപ്പോഴേക്കും കാൽനൂറ്റാണ്ട് കഴിഞ്ഞിരുന്നു.
ഇടക്ക് നാട്ടിലും നഗരത്തിലുമെത്തി പുസ്തകങ്ങൾ സംഘടിപ്പിച്ച് വീട്ടിലേക്ക് മടങ്ങും. നക്സലൈറ്റ് അനുഭാവം പുലർത്തുന്ന ‘ഫ്രോണ്ടിയറും’, ‘സ്ട്രീറ്റും’ യഥാക്രമം കൊൽക്കത്തയിൽനിന്നും തിരുവനന്തപുരത്തുനിന്നും പോസ്റ്റലായി കിട്ടും. മുൻനിരക്കാരെയെല്ലാം ജയിലിലടച്ചും കൊടിയ മർദനങ്ങൾ അഴിച്ചുവിട്ടും കേരളത്തിലെ നക്സലൈറ്റ് പ്രവർത്തനം തകർത്തിരുന്നു. വി.എസ്. നാരായണനും കെ.കെ. മന്മഥനുമെല്ലാം ജയിലിലാവുകയും പ്രസ്ഥാനവുമായി ആഭിമുഖ്യം പുലർത്തിയ വിദ്യാർഥികളോട് ബന്ധമില്ലാതാവുകയുംചെയ്തു. യൗവനകാലത്തിന്റെ താൽക്കാലികമായ ആവേശങ്ങളെ തല്ലിത്തകർക്കുവാൻ ഭരണകൂടത്തിന് എളുപ്പമായിരുന്നു.
ഈയിടെ ഞാൻ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക്, നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കുമെല്ലാം എന്നെ പ്രേരിപ്പിച്ച ചില സുഹൃത്തുക്കൾക്കയച്ച കത്തുകൾക്കുള്ള മറുപടികൾ ഒട്ടും ആവേശകരമായിരുന്നില്ല. വിപ്ലവത്തോടുള്ള അഭിനിവേശം മനസ്സിലൊതുക്കിക്കൊണ്ടുതന്നെ ദലിതരായ എന്റെ നക്സലൈറ്റ് സുഹൃത്തുക്കൾ സർക്കാർ സർവിസിലേക്ക് കടന്നുകൂടാനുള്ള ശ്രമത്തിലായിരുന്നു. എന്നിലാകട്ടെ നക്സൽ ബാരിക്ക് പിന്നിലുള്ള ആശയങ്ങളും അത് സൃഷ്ടിച്ച ആവേശവും ഒട്ടും കെട്ടടങ്ങിയിരുന്നുമില്ല. അതിന്റെ പ്രായോഗിക ആവിഷ്‍കാരങ്ങൾക്കായി കാതോർത്തു. അധികാരം തോക്കിൻ കുഴലിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ഇന്ത്യൻ ഗ്രാമങ്ങൾ വിപ്ലവത്തിന് പാകമാണെന്നും ഗ്രാമങ്ങൾ നഗരത്തെ വളയുമെന്നും ഒരു സോഷ്യലിസ്റ്റ് രാജ്യമായി ഇന്ത്യ മാറുമെന്നുമെല്ലാം സ്വപ്നം കണ്ടു.