Begin typing your search above and press return to search.

അധഃസ്ഥിത നവോത്ഥാന മുന്നണി

കടുത്ത -16

അധഃസ്ഥിത നവോത്ഥാന മുന്നണി
cancel

സി.ആർ.സി. സി.പി.​െഎ (എം.എൽ) എന്ന സംഘടന പിളരുന്ന കാലത്തെ അനുഭവങ്ങളും ‘ജാതിപ്രശ്ന’ങ്ങളും എഴുതുന്നു. പുതിയ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് വരുന്നതിനെക്കുറിച്ചും വിവരിക്കുന്നു. നക്സൽബാരി വെറുമൊരു കലാപമോ സായുധ ചെറുത്തുനിൽപോ ആയിരുന്നില്ല. ഇന്ത്യയിലെ വിമോചന സ്വപ്നങ്ങളുടെ പൂക്കാലമായിരുന്നു. ഉയിർത്തെഴുന്നേൽപിനൊപ്പം വഴിപിരിയലും അന്തർലീനമായൊരു പ്രതിഭാസമായിരുന്നു അത്. മാർക്സിയൻ ചിന്താപദ്ധതിയുടെ ആഗോളവ്യാപനത്തോടൊപ്പം 70കളിൽ ദൃശ്യമായപോലുള്ള സ്വരവ്യതിയാനങ്ങൾ മുമ്പെങ്ങും കണ്ടിട്ടില്ല. ഒരുഭാഗത്ത് വിപ്ലവഭാവനയുടെ വിജയചിഹ്നങ്ങളായിരുന്ന റഷ്യ സോഷ്യലിസത്തിൽനിന്ന് മുതലാളിത്തത്തി​ലേക്ക്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
സി.ആർ.സി. സി.പി.​െഎ (എം.എൽ) എന്ന സംഘടന പിളരുന്ന കാലത്തെ അനുഭവങ്ങളും ‘ജാതിപ്രശ്ന’ങ്ങളും എഴുതുന്നു. പുതിയ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് വരുന്നതിനെക്കുറിച്ചും വിവരിക്കുന്നു.

നക്സൽബാരി വെറുമൊരു കലാപമോ സായുധ ചെറുത്തുനിൽപോ ആയിരുന്നില്ല. ഇന്ത്യയിലെ വിമോചന സ്വപ്നങ്ങളുടെ പൂക്കാലമായിരുന്നു. ഉയിർത്തെഴുന്നേൽപിനൊപ്പം വഴിപിരിയലും അന്തർലീനമായൊരു പ്രതിഭാസമായിരുന്നു അത്. മാർക്സിയൻ ചിന്താപദ്ധതിയുടെ ആഗോളവ്യാപനത്തോടൊപ്പം 70കളിൽ ദൃശ്യമായപോലുള്ള സ്വരവ്യതിയാനങ്ങൾ മുമ്പെങ്ങും കണ്ടിട്ടില്ല. ഒരുഭാഗത്ത് വിപ്ലവഭാവനയുടെ വിജയചിഹ്നങ്ങളായിരുന്ന റഷ്യ സോഷ്യലിസത്തിൽനിന്ന് മുതലാളിത്തത്തി​ലേക്ക് വഴുതിപ്പോകുകയും ചൈന ആശങ്ക ഉണർത്തുകയും ചെയ്തു. മറുഭാഗത്ത് മാർക്സ് കുരുക്കഴിക്കുവാൻ ശ്രമിച്ച മൂലധനവും ലെനിൻ വ്യാഖ്യാനിക്കാൻ ശ്രമിച്ച സാമ്രാജ്യത്വവുമെല്ലാം നിയോ കൊളോണിയലിസമായി വ്യാപരിക്കപ്പെട്ടു.

മനുഷ്യസമൂഹത്തെ പിടിച്ചുകുലുക്കുന്നതും ചേതസ്സുറ്റതാക്കുന്നതും ഉൽപാദനശക്തികളുടെ വികാസമാണെന്ന മാർക്സിന്റെ കണ്ടെത്തൽ അന്വർഥമാക്കിക്കൊണ്ട് ലോകത്താകമാനം ഇരുൾ മൂടിക്കിടന്ന മനുഷ്യക്കൂട്ടങ്ങൾക്കിടയിൽനിന്നുപോലും പുതുസ്വരങ്ങൾ കേട്ടുതുടങ്ങി. മാർക്സ് ആധുനിക യുഗത്തിന്റെ പുറപ്പാട് കണ്ട് അശ്രദ്ധമായി നോക്കിക്കാണാൻ ​ശ്രമിക്കുകയോ അവഗണിക്കുകയോ​ ചെയ്ത പ്രതിഭാസങ്ങളായിരുന്നു ഇവയിലേറെയും. അവയിൽ ഭാഷയും ദേശവും വർണവും വംശവും ഗോത്രവും ജാതിയും മതവും ലിംഗവുമെല്ലാം ഉൾപ്പെട്ടിരുന്നു. അവയുടെ അർഥതലങ്ങൾ തേടുന്നവർക്കിടയിൽ ഇന്ത്യയിലെ നക്സ​െലെറ്റുകളുമുണ്ടായിരുന്നു. മനുഷ്യജീവിതത്തെ സാമ്പ്രദായിക-സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ ഒതുക്കുന്ന മാർക്സിയൻ സമീപനങ്ങളെ ചോദ്യംചെയ്തുകൊണ്ടാണ് അവർ രംഗത്തുവന്നത്.

എന്നാൽ, ഏതൊരു പ്രത്യയശാസ്ത്രത്തെയുംപോലെ മാർക്സിസവും അതിന്റെ പ്രമാണങ്ങളെ അധികരിച്ചുണ്ടാക്കുന്ന വ്യവസ്ഥാപിതത്വത്തിന് വിധേയമാണ്. ഈ വ്യവസ്ഥാപിതത്വമാകട്ടെ അതിനെ ഒരടഞ്ഞ ചട്ടക്കൂടാക്കി നിലനിർത്തുവാൻ നിർബന്ധിക്കുന്നു. തന്മൂലം പുതിയ പ്രശ്നങ്ങൾ ഉൾക്കൊള്ളുവാനോ മാറുന്ന കാലത്തെ സംബോധന ചെയ്യാനോ അതിന് കഴിയാതെ പോകുന്നു. സാമൂഹികനിർമിതിയിലെ വിരുദ്ധഭാവങ്ങളുടെ വൈപുല്യത്തെപ്പോലും ഉൾക്കൊള്ളുവാനാവാത്ത സ്ഥിതി. ഇത്തരം സന്ദർഭങ്ങളിൽ പ്രത്യയശാസ്ത്രങ്ങൾ മനുഷ്യമോചനത്തിന്റെ ഭാഗത്തല്ല, വ്യവസ്ഥയുടെ ഭാഗത്താണ്. മതങ്ങൾക്ക് മാത്രമല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്. തന്മൂലം മൗലികമായ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രമാണങ്ങൾക്കും സംഘടനാ സംവിധാനത്തിനുമകത്തുനിന്നുകൊണ്ട് ഉന്നയിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന പ്രശ്നങ്ങൾക്ക് പൊതുവായ ഉത്തരങ്ങളിൽ എത്തിച്ചേരുക അസാധ്യമായിരുന്നു. ഇത് നക്സ​െലെറ്റ് പ്രസ്ഥാനത്തിൽ നിരന്തരമായ ആശയസമരങ്ങളും പിളർപ്പുകളും സൃഷ്ടിച്ചു. സി.ആർ.സി.സി.പി.ഐ (എം.എൽ)നും ഇത് ബാധകമായിരുന്നു. രാഷ്ട്രീയവും സംഘടനയും മാത്രമല്ല, ഭാഷയും ദേശവും ഗോ​ത്രവും വർണവും വംശവും ജാതിയും മതവും ലിംഗവുമെല്ലാം ആശയസമരങ്ങളുടെ വിഷയങ്ങളായി; പിളർപ്പുകളുടെയും.

മിഡ്നാപ്പൂർ സമ്മേളനത്തിൽ ചർച്ച​​ചെയ്യപ്പെട്ട വിഷയങ്ങളിലുള്ള ഭിന്നസ്വരങ്ങൾ കേരളത്തിലെ സഖാക്കൾക്കിടയിൽ സമവായം തേടുകയല്ല, വഴിപിരിയാനുള്ള വ്യഗ്രതയാണ് പ്രകടിപ്പിച്ചത്. ഇന്ത്യ ഒരു​ ഡെമോക്രാറ്റിക് സ്റ്റേറ്റ് ആണോയെന്ന ചോദ്യത്തിനുപോലും പൊതുസ​മ്മതമുള്ള ഒരുത്തരവും കണ്ടെത്താനായില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണകൂട​ത്തെ ‘കപടജനാധിപത്യ’മെന്നും ‘പരിമിത ജനാധിപത്യ’മെന്നും സ്വഭാവനിർണയം നടത്തി പാർട്ടിയിൽ നടന്ന രണ്ട് ലൈൻ സമരത്തിന് ശമനമുണ്ടായില്ല. ജനാധിപത്യ കേന്ദ്രീകരണം എന്ന പാർട്ടി സംഘടനാസമ്പ്രദായം അപ്രായോഗികമായി. ന്യൂനപക്ഷം ഭൂരിപക്ഷത്തിന് വിധേയമാകണമെന്ന പാർട്ടി സംഘടനാതത്ത്വവും; പാർട്ടി അഖിലേന്ത്യാ സെക്രട്ടറി സഖാവ് കെ. വേണുവും സംസ്ഥാന സെക്രട്ടറി സഖാവ് കെ.എൻ. രാമചന്ദ്രനും പ​ങ്കെടുത്ത് ഈ വിഷയത്തിൽ നടന്നൊരു സമ്മേളനം ഞങ്ങളുടെ വീട്ടുമുറ്റത്തു​െവച്ചായിരുന്നു.​ കെ. ​വേണു അടക്കമുള്ള ഒരു വിഭാഗം കേന്ദ്ര-സംസ്ഥാന നേതാക്കൾ ‘കപട ജനാധിപത്യ’മെന്ന് ഇന്ത്യയെ വിലയിരുത്തിയപ്പോൾ കെ.എൻ. രാമചന്ദ്രൻ അടക്കമുള്ള മറുവിഭാഗം ‘പരിമിത ജനാധിപത്യ’മെന്ന്‍ വിലയിരുത്തി. ഞാൻ കപട ജനാധിപത്യമെന്ന വിലയിരുത്തലിന്റെ ഭാഗമായിരുന്നു.

ഈ സമ്മേളനത്തിൽ പ​ങ്കെടുക്കാൻ രാജാക്കാടുനിന്ന് കരിപ്പലങ്ങാട് എത്തി അതിന് കഴിയാതെപോയ അതിരമ്പുഴ സ്വദേശിയായ അന്തരിച്ച സഖാവ് തമ്പിയുമായി ബന്ധ​പ്പെട്ട ഒരു കഥയുണ്ട്. സന്ധ്യ കഴിഞ്ഞപ്പോഴാണ് അദ്ദേഹം കരിപ്പലങ്ങാട് വണ്ടിയിറങ്ങിയത്. തത്സമയം അവിടെ കാണാമെന്ന് ഏറ്റവരെ കണ്ടില്ല. സഖാവോ പാർട്ടിയുടെ രഹസ്യസ്വഭാവംമൂലം ഒറ്റുകാരെ ഭയന്ന് എന്റെ വീട് അന്വേഷിക്കാനും തയാറായില്ല. യഥാർഥത്തിൽ എന്നെ ഒറ്റുകൊടുക്കണമെന്ന് കരുതുന്ന ഒറ്റൊരാൾ ആ പ്രദേശത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. രാത്രി മുഴുവൻ വെയിറ്റിങ്ഷെഡിൽ തണുത്തുവിറച്ച് കഴിച്ചുകൂട്ടിയ സഖാവ് വെളുപ്പിന് രാജാക്കാടിന് തിരിച്ചുപോയി. സത്യസന്ധനായൊരു കമ്യൂണിസ്റ്റുകാരനായിരുന്നു തമ്പി സഖാവ്. ഒപ്പം ദലിതനും. ഞാനുൾപ്പെടെ ദലിത് സഖാക്കളിലേറെപ്പേരും, ഏറിയോ കുറഞ്ഞോ ഇത്തരക്കാരായിരുന്നു. പാർട്ടിയിൽ നടക്കുന്ന ആശയസമരങ്ങളിൽ ഏതെങ്കിലും പക്ഷത്ത് നിൽക്കുന്നുവെന്നല്ലാതെ ഏതാണ് തന്റെ പക്ഷമെന്ന്‍ വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനത്തിലെത്തിച്ചേരാൻ ഇത്തരക്കാർക്ക് സാധിച്ചിരുന്നില്ല. അത്രമാത്രം ബൗദ്ധികമായും പ്രായോഗികമായും പിന്നാക്കമായിരുന്നു എന്നെപ്പോലുള്ളവർ.

 

ജനാധിപത്യത്തെക്കുറിച്ച് നടന്ന രണ്ടു ലൈൻ സമരത്തിന്റെ സ്ഥിതിതന്നെയായിരുന്നു ദേശീയപ്രശ്നവും ജാതിപ്രശ്നവും ചർച്ചചെയ്യപ്പെട്ടപ്പോഴും ഉണ്ടായത്. ചർച്ചകൾ സമാന്തര രേഖകൾ ആയി കടന്നുപോയതല്ലാതെ സന്ധിക്കപ്പെടുന്ന സ്ഥലങ്ങൾ ഇല്ലായിരുന്നു. അന്വേഷണത്തിന്റെ പുതിയ തലങ്ങളെല്ലാം മാർക്സിസത്തിന്റെ മൗലികവാദ നിലപാടുകളാൽ ബന്ധിക്കപ്പെട്ടു. വർഗസിദ്ധാന്തവും കാർഷിക വിപ്ലവവുമായിരുന്നു എല്ലാത്തിന്റെയും ഉരകല്ല്. ഇതുമായി ബന്ധമില്ലെന്ന് തോന്നുന്ന എന്തിനെയും അന്യവർഗചിന്തയായും സാമ്രാജ്യത്വ ഇടപെടലായും സി.ഐ.എയുടെ കടന്നുകയറ്റവുമായെല്ലാം പരസ്പരം ചി​ത്രീകരിച്ചു.

സിദ്ധാന്തശാഠ്യങ്ങളിൽനിന്നുള്ള വിപ്ലവത്തോടുള്ള ഈ അഭിനിവേശമാണ് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചത്. തങ്ങൾ എഴുതി തയാറാക്കിയ ബ്ലൂ പ്രിന്റുകൾക്കനുസരിച്ച് വിപ്ലവം നടത്താൻ ശ്രമിച്ചവരാണ് നക്സ​െലെറ്റുകൾ. ലോകത്തെ വ്യാഖ്യാനിക്കുകയല്ല, മാറ്റിത്തീർക്കുകയാണ് വേണ്ടത് എന്നുപറഞ്ഞ മാർക്സിനെ ഓർക്കുമ്പോൾ ഇത് മാർക്സിന്റെ ന്യൂനതയായിരുന്നുവെന്ന് പറയാനാവില്ല. അതെന്തായാലും ഈ ചർച്ചകളെല്ലാം കല്ലറയിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെ അവസാനിച്ചു. ഇതിനുശേഷം നടന്ന പൊതുയോഗത്തിൽ പ​ങ്കെടുക്കാൻ പാർട്ടി അഖിലേന്ത്യാ സെക്രട്ടറി കെ. വേണു നിന്നില്ല.

പിളർപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന രാഷ്ട്രീയ ചർച്ചകളി​​ലെല്ലാം സഖാവ് കെ. വേണുവിന്റെ നിലപാടുകളാണ് ​ശരിയെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടുള്ള പക്ഷംചേരലായിരുന്നില്ല ഇത്. 70കളുടെ ആരംഭത്തിൽ കെ. വേണു രചിച്ച ‘പ്രപഞ്ചവും മനുഷ്യനും’ എന്ന കൃതിയിലും ‘ജനയുഗം’ ആഴ്ചപ്പതിപ്പിൽ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ‘ഭഗവത്ഗീത ഇരുപതാം നൂറ്റാണ്ടിൽ’ എന്ന ഗീതാപഠനവും വായിച്ചപ്പോൾ വേണുവിനോട് തോന്നിയ ആഭിമുഖ്യംപോലും ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ, ​പ്രായോഗികരംഗത്ത് വേണുവിനെക്കാൾ രാമചന്ദ്രനോടായിരുന്നു അടുപ്പം. സംസ്ഥാന ഘടകത്തിലെ മുൻനിരക്കാരായ പ്രധാന സഖാക്കളെല്ലാം കെ. വേണുവിന്റെ നിലപാടുകൾക്ക് എതിരായിരുന്നു. എം.എസ്. ജയകുമാറും എം. സോമശേഖരനും ഉണ്ണിച്ചെക്കനും കുഞ്ഞിക്കണ്ണനും ബേബിയുമെല്ലാമടക്കം സംഘാടകരും എഴുത്തുകാരും പ്രസംഗകരുമെല്ലാമായ ഒരു നിരയായിരുന്നു അവർ.

തന്നോടൊപ്പമുള്ള ഈ നേതൃസാന്നിധ്യത്തെ മുൻനിർത്തി മിഡ്നാപൂർ സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒരുദിവസം​ തൊടുപുഴ പാലത്തിലൂ​ടെ ഞങ്ങൾ നടന്നുപോകുമ്പോൾ സഖാവ് കെ.എൻ. എന്നോട് പറഞ്ഞു, ‘‘സമ്മേളന പ്രതിനിധിയായി സലിംകുമാറും ഉണ്ടാകും.’’ സമ്മേളനത്തിലേക്ക് എന്നെ നിശ്ചയിക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയിൽ അത് അറിയിച്ച ഭാഷാരീതിമൂലം എനിക്ക് സംശയം ഉണ്ടായി. അന്ന് തൊടുപുഴ വുഡ്‍ലാൻഡ് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പാർട്ടി ഇടുക്കി ജില്ല കമ്മിറ്റി അംഗം സഖാവ് കെ.എസ്. ടോമിയുടെ വിവാഹാലോചന ചർച്ചാവിഷയമായി. അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട ഒരു പെണ്ണിനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ടോമി സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും ക്രൈസ്തവ പാരമ്പര്യവും സംസ്കാരവുമെല്ലാം കണക്കിലെടുത്ത് ഇത്തരമൊരു വിവാഹം പോസിറ്റിവ് ആകാൻ സാധ്യതയില്ലെന്ന അഭിപ്രായമാണ് കെ.എൻ. രാമചന്ദ്രൻ പ്രകടിപ്പിച്ചത്. ഞാൻ യോജിക്കാനോ വിയോജിക്കാനോ ശ്രമിച്ചില്ല. എന്നാൽ ആശ്ചര്യം തോന്നി. കെ.എന്നിനെ​പ്പോലൊരു ആളിൽനിന്ന് ഇത്തരമൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരകൾപ്പോലും ജാതിവിമുക്തമല്ലെന്ന നേരറിവിലേക്ക് എന്നെ നയിച്ച സംഭവമായിരുന്നു ഇത്.

പാർട്ടി പിളർപ്പിനു മുമ്പ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ് ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കഴിച്ചുകൂട്ടിയൊരു രാത്രിയിൽ ആമ്പല്ലൂർ സ്വദേശിയായ കൃഷ്ണൻകുട്ടിയും ഞാനും തമ്മിൽ നടന്ന സുപ്രധാന ചർച്ച ജാതിപ്രശ്നമായിരുന്നു. പാർട്ടിയിൽ അവതരിപ്പിച്ച ‘അടിവാരത്തിൽനിന്ന്’ എന്ന കുറിപ്പിലൂടെയാണ് കുട്ടികൃഷ്ണൻ എന്റെ മനസ്സിൽ പതിഞ്ഞത്. പാർട്ടി സംഭവവികാസങ്ങൾ എന്തുതന്നെയായാലും ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് ഏക അഭിപ്രായത്തിലാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്. പാർട്ടിക്കുള്ളിൽ ദലിതരായ മറ്റാരുമായും ഇത്തരമൊരു ചർച്ച നടത്തിയിരുന്നില്ല. എന്നാൽ, പാർട്ടി പിളർന്നപ്പോൾ ഞങ്ങൾ രണ്ട് പക്ഷത്തായി. അടിസ്ഥാന വർഗത്തിന്റെയും ദരിദ്ര കർഷകരുടെയും കർഷക തൊഴിലാളികളുടെയും മാർക്സിയൻ വ്യവഹാരമണ്ഡലത്തിന് പുറത്തുകടക്കാൻ കൃഷ്ണൻകുട്ടി​ക്കെന്നല്ല കമ്യൂണിസ്റ്റുകാരായിരുന്ന ദലിത് സഖാക്കൾക്കൊന്നും എളുപ്പമായിരുന്നില്ല.

കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ചിന്താധാരയിൽപ്പെടാത്ത അംബേദ്കറിസ്റ്റുകൾക്കുപോലും അത് അസാധ്യമായിരുന്നു. ദലിത് ഉയിർത്തെഴുന്നേൽപി​ന്റെ ആദ്യകാല പ്രതിനിധാനങ്ങളിൽ പ്രമുഖനായ അയ്യൻകാളിയെ അടിസ്ഥാനവർഗത്തിന്റെ വിമോചകനും കാർഷികവിപ്ലവകാരിയുമായി അവതരിപ്പിക്കാനാണ് കല്ലറ സുകുമാരനും പോൾ ചിറക്കരോടും അടക്കമുള്ളവർ ശ്രമിച്ചിരുന്നത്. എഴുത്തുകാരനായ ദലിത്ബന്ധു എൻ.കെ. ജോസിന്റെ സ്വാധീനം ഇക്കാര്യത്തിൽ നിർണായകമായിരുന്നു. മാർക്സിയൻ ചിന്താധാരയുമായി ആഭിമുഖ്യം പുലർത്തിയ സീഡിയൻ സർവിസ്​ സൊസൈറ്റി മാത്രമല്ല, 80കളുടെ ഒടുവിൽ രൂപംകൊണ്ട കേരള ദലിത് പാ​ന്തേഴ്സ് പോലുള്ള സംഘടനകളും ഇതേ സമീപനമാണ് പുലർത്തിപ്പോന്നത്. പുതിയ ഉൾക്കാഴ്ചകളും വ്യാഖ്യാനങ്ങളും ആവശ്യമുള്ളൊരു പ്രവർത്തനമണ്ഡലമായിരുന്നു ദലിതരുടേതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

പാർട്ടി പിളർന്നപ്പോൾ സ്വാഭാവികമായും കെ. വേണുവിന്റെ നേതൃത്വമാണ് ​ശരിയെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഇന്ത്യൻ ജനാധിപത്യം ‘കപടമാ​ണോ പരിമിതമാണോ’ എന്നതിനപ്പുറം ദേശവും ഭാഷയും ജാതിയും മതവും ലിംഗവുമെല്ലാം ഗൗരവപൂർവം പരിഗണിക്കപ്പെടുന്നത് വേണുവിന്റെ​ നേതൃത്വമായിരുന്നുവെന്നതാണ് അതിന് കാരണം. പ്രത്യേകിച്ചും ജാതിപ്രശ്നം. കശ്മീരിനു പുറമെ പഞ്ചാബിലും അസമിലുമെല്ലാം ഭാഷയും ദേശവും മതവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളും നാഗാലാൻഡിലും മിസോറമിലും മണിപ്പൂരിലും ഝാർഖണ്ഡിലുമെല്ലാം ​തദ്ദേശവാസികളായ ഗോത്രവിഭാഗങ്ങൾ ഉയർത്തിയ സാമൂഹിക രാഷ്ട്രീയ ലക്ഷ്യങ്ങളു​​മെല്ലാം ഇന്ത്യൻ സമൂഹത്തിന്റെ വൈവിധ്യത്തെയാണ് ബോധ്യപ്പെടുത്തുന്നത്. എന്നാൽ, ഇത്തരം നീക്കങ്ങളെ വിഘടനവാദമായി ചിത്രീകരിച്ച് അഖണ്ഡവാദമുയർത്തി നേരിടുവാനാണ് ഇന്ത്യൻ ഭരണകൂടം തയാറായത്. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത, ​ഒരൊറ്റ സംസ്കാരം എന്ന മുദ്രാവാക്യം വിവിധ കോണുകളിൽനിന്ന് ഉയർത്തപ്പെട്ടു. ഇന്ത്യയുടെ നാനാത്വം ഏകത്വംകൊണ്ട് നേരിട്ട മ​റ്റൊരു കാലമുണ്ടാവില്ല. ഭരണകക്ഷിയായ കോൺഗ്രസ് മാത്രമല്ല പ്രതിപക്ഷ കക്ഷികളായ എസ്.​ജെ.പി, സി.പി.​ഐ, സി.പി.എം പാർട്ടികളെല്ലാം ഇതേ നിലപാടിലായിരുന്നു.

ഇന്ത്യയുടെ മഹത്തായ പാരമ്പര്യം എന്ന നിലയിൽ നാനാത്വം പുലമ്പുകയും ഹിന്ദുരാഷ്ട്രം എന്ന ഏകത്വത്തിൽ ഊന്നുകയും ചെയ്യുന്ന ആർ.എസ്.എസിന്റെ സാംസ്കാരിക ദേശീയ വാദമായിരുന്നു ഈ അഖണ്ഡതാവാദത്തിന്റെ ഉള്ളടക്കം. അതിന് ഏറ്റവും വലിയ വിലകൊടുക്കേണ്ടിവന്നത് കോൺഗ്രസും കുടുംബവുമായിരുന്നു. കാരണം, ഈ ഏകത്വമെന്ന ​സ്വേച്ഛാധിപത്യ പ്രവണതയുടെ ഭരണരൂപം കോൺഗ്രസ് ആയിരുന്നു. സിഖ് മതവികാരത്തിൽ ഇന്ദിരാഗാന്ധിയും തമിഴ് ഭാഷാ ദേശീയവികാരത്തിൽ രാജീവ്ഗാന്ധിയും വധിക്കപ്പെട്ടു. രണ്ടു പേരും ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്നുവെന്നത് മറ്റൊരു കാര്യം. ജാതിപ്രശ്നം​പോലെതന്നെ ദേശവും ഭാഷയും മതവും ഗോത്രവും മറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും വ്യത്യസ്തമായൊരു നിലപാട് പുലർത്തുവാൻ വേണുവിനോട് ഒപ്പമുള്ളവർക്ക് കഴിഞ്ഞിരുന്നു. ‘പരിമിത ജനാധിപത്യ’ത്തിനും ‘കപട ജനാധിപത്യ’ത്തിനുമപ്പുറം ഇന്ത്യയെ മനസ്സിലാക്കുന്നതിലേക്ക് നയിച്ച രാഷ്ട്രീയ അനുഭവമായിരുന്നു ഇത്.

ഈ കാലത്ത് പാർട്ടി പിളർപ്പിനെ തുടർന്ന് രസകരമായൊരു രാഷ്ട്രീയ അനുഭവമുണ്ട്. ഒരിക്കൽ ഏറ്റുമാനൂരിൽ അഡ്വ. ടി.​എം. ചാക്കോയുടെ ഓഫിസിലിരിക്കുമ്പോൾ യാദൃച്ഛികമായി കെ.എൻ. രാമചന്ദ്രൻ അവിടെ വന്നു. പാർട്ടി പിളർന്നതിനുശേഷം ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു. പാർട്ടി പിളർപ്പിനെ ഒട്ടും വൈകാരികമായിട്ടല്ല ഞാൻ കണ്ടിരുന്നത് എന്നതുകൊണ്ട് കെ.എന്നിന്റെ കടന്നുവരവ് സൗഹൃദമായൊരു അനുഭവമായിരുന്നു എനിക്ക്.​

കെ.എന്നിനെയും കെ.വിയെയും പോലുള്ള മുതിർന്ന സഖാക്കളെ എങ്ങനെയാണോ കണ്ടിരുന്നത് അതുപോലെ ഞാൻ അദ്ദേഹത്തെ മനസ്സിൽ സ്വീകരിച്ചു. എന്നാൽ, സംഭാഷണം പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക്‍ വ്യതിചലിക്കുകയും ‘വേണുവിന്റെ ചെരുപ്പുനക്കികൾ’ എന്ന പ്രയോഗം അദ്ദേഹത്തിൽനിന്ന് പുറത്തുവരുകയും ചെയ്തു. സ്വാഭാവികമായും ഈ പ്രയോഗത്തിന്റെ പരിധിയിൽ ഞാനും ഉൾപ്പെടുന്നതായി ​തോന്നി. എതിരാളികൾക്കുനേരെയുള്ള ശക്തമായൊരു രാഷ്ട്രീയ വിമർശനമാണിതെങ്കിലും എനിക്കത് ഉൾക്കൊള്ളാനായില്ല. വിപ്ലവാഭിലാഷങ്ങളുമായി ഇത്തരക്കാരുടെ പിന്നാലെയാണല്ലോ നടന്നത് എന്ന ചിന്ത എന്റെ സഹിഷ്ണുതയെ തകർത്തു. എന്റെ കീഴാളത്വത്തെ അത് ശക്തമായി സ്പർശിച്ചു. ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന സഖാവ് കെ.എൻ. രാമച​​ന്ദ്രനോട് അതിരുകൾ വിട്ട് സംസാരിക്കേണ്ടിവന്നു. വികാരങ്ങളെ നിയന്ത്രിക്കാനായില്ല. എല്ലാം നിസ്സംഗതയോടെ നോക്കിയിരിക്കുകയായിരുന്നു സഖാവ് ചാ​ക്കോ.

ഒടുവിൽ അവിടെ തുടരുന്നതിൽ അനൗചിത്യം തോന്നിയ ഞാൻ ഇറങ്ങിപ്പോകാൻ നിശ്ചയിച്ചു. സഞ്ചിയുമായി എഴുന്നേറ്റ് കെ.എന്നിന്റെ മുതുകിൽ തടവി പറഞ്ഞു, ‘‘സഖാവിന്റെ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം കഴിച്ചുകൊടുക്കണം.’’ കെ.എന്നിന് ഒട്ടും ഉൾക്കൊള്ളുവാൻ കഴിയുന്നൊരു പ്രസ്താവന അല്ലായിരുന്നു അതെന്ന് ക്ഷുഭിതനായ അദ്ദേഹത്തിന്റെ പ്രതികരണം ബോധ്യപ്പെടുത്തി. വിവാഹം ഒരു സാമൂഹികപ്രശ്നമാണെന്നും താനല്ല അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവാഹം സ്ത്രീയുടെ സ്വാത​ന്ത്ര്യത്തിന്റെ പ്രശ്നമായി അവതരിപ്പിക്കാൻ ശ്രമിച്ച സഖാവിനോട് ‘കറുത്തവർ കള്ളൻമാരെന്നും കറുപ്പ് സുന്ദരമല്ലെന്നും’ ഇളം മനസ്സുകളെ ബോധ്യപ്പെടുത്തുന്ന സംസ്കാരമല്ലേ നിങ്ങളുടെയെല്ലാം കുടുംബങ്ങളിൽ നിലനിൽക്കുന്നതെന്ന് ഞാൻ ചോദിച്ചു. ‘‘കൊള്ളാം സഖാവേ, നിങ്ങളൊരു നല്ല നായരും ഞാൻ ഉള്ളാടനെന്നും’’ പറഞ്ഞ് മുറിവിട്ടിറങ്ങി.

തലയോലപ്പറമ്പിലെ പുലയരും ഉള്ളാടൻമാരും എല്ലാം ‘തമ്പ്രാൻ’ എന്ന് വിളിക്കുന്ന നായൻമാർക്കിടയിൽനിന്ന് കമ്യൂണിസ്റ്റ് വിപ്ലവകാരിയായി ഇറങ്ങിത്തിരിച്ച ആളാണ് സ. രാമചന്ദ്രൻ. പ്രതിബദ്ധതയുള്ള കമ്യൂണിസ്റ്റുകാരൻ. പാലായിലായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി പരിചയപ്പെടുവാൻ അവസരം ഉണ്ടായില്ല. അവർക്കതിൽ താൽപര്യവും ഇല്ലായിരിക്കാം. വരാന്തയിലിരുന്ന് സംസാരിച്ച് പിരിഞ്ഞു. ചിലർ അങ്ങനെയാണ്. കുടുംബബന്ധങ്ങൾ നിലനിർത്തി​ക്കൊണ്ടുത​ന്നെ തങ്ങളുടെ പ്രത്യയശാസ്ത്രവും വിശ്വാസങ്ങളുമായി കുടുംബങ്ങൾക്കപ്പുറത്തേക്ക് കടന്നുപോകുന്നു. തങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതുമൊന്നും കുടുംബത്തിന് ബാധകമല്ലെന്ന മട്ടിൽ.

ഞാൻ ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയപ്പോൾ തൊട്ടുപിന്നാലെ അസ്വസ്ഥനായി കെ.എന്നുമെത്തി. വൈകാരികമായി നടന്ന സംഭാഷണത്തിൽ ഖേദം പ്രകടിപ്പിച്ചു. എനിക്കത് ഉൾക്കൊള്ളാനായില്ല. ഞാൻ ഈ കാര്യം പുറത്തുപറയുമെന്ന് അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നു. അത് വെളിപ്പെടുത്തിയ കെ.എന്നിനോട് ഞാൻ പറഞ്ഞത്, ‘‘നിങ്ങൾ നായൻമാരുടെ രീതിയാണ്. ഞാനിത് പാർട്ടിക്കുള്ളിൽ കണ്ടിട്ടുണ്ട്.’’ സഖാവിന് പാതി ആശ്വാസമായി. ഈ വാഗ്ദാനത്തോട് നീതി പുലർത്താനായില്ല. ആത്മബന്ധമുള്ള അപൂർവം ചിലരോട് ഈ കാര്യം പറഞ്ഞു. കെ.എൻ പറഞ്ഞതുപോലെ ഇതൊരു കുടുംബ സംസ്കാരത്തിന്റെ പ്രശ്നമോ സ്ത്രീസ്വാത​ന്ത്ര്യത്തിന്റെ പ്രശ്നമോ ആണെന്ന് തോന്നിയില്ല.

കമ്യൂണിസ്റ്റുകാർക്കിടയിലെ ജാതി സ്വാധീനത്തിന്റെ പ്രശ്നമായിരുന്നു. കുടുംബങ്ങളിൽ ആഴ്ന്നിറങ്ങിയാണ് ജാതികളും ജാത്യാധിപത്യവും നിലനിൽക്കുന്നത്. തങ്ങളുടെ കുടുംബങ്ങളെ ജാതികൾക്കും ജാതിവ്യവസ്ഥകൾക്കും വിട്ടുകൊടുത്തുകൊണ്ടാണ് കമ്യൂണിസ്റ്റുകളും ജാതിക്കെതിരെ സംസാരിച്ചത്. സി.പി.ഐ, സി.പി.എം നേതൃത്വങ്ങൾ മാത്രമല്ല, അവരെ തിരുത്തൽവാദികളെന്ന് മുദ്രയടിച്ച് സായുധവിപ്ലവത്തിന്റെ പാത സ്വീകരിച്ച കമ്യൂണിസ്റ്റ് നേതൃത്വങ്ങളും കുടുംബത്തോടടുക്കുമ്പോൾ ജാതിയുടെ സംരക്ഷകരായി മാറുന്നു. അപവാദങ്ങളില്ലെന്നല്ല, ജാതിയെ വിപ്ലവാനന്തരകാലത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് ഇത്തരക്കാ​ർ രക്ഷപ്പെടുന്നത്. ഈ സാഹചര്യത്തിൽ കെ.എന്നിനോടുള്ള വാഗ്ദാനം ലംഘിക്കപ്പെടേണ്ടതാണെന്ന് മനസ്സ് പറഞ്ഞു. സമൂഹത്തെ മാറ്റിത്തീർക്കുവാൻ ജീവിതം ഉഴിഞ്ഞുവെക്കുന്നവർ എന്തുകൊണ്ടാണ് തന്നെത്തന്നെയും കുടുംബത്തെയും മാറ്റിത്തീർക്കാൻ ശ്രമിക്കുന്നില്ലെന്നതിന് ഇത്തരക്കാർ ഉത്തരം പറയേണ്ടതുണ്ട്.

പാർട്ടി പിളർന്നുപോയപ്പോൾ സ. കെ.എൻ. രാമചന്ദ്രൻ അഖിലേന്ത്യാ സെക്രട്ടറിയായി, സി.ആർ.സി.സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗായി മാറി. വേണുവിന്റെ നേതൃത്വം അംഗീകരിക്കുന്നവർ കോഴിക്കോട് കൂമ്പാറ സ. ഫിലിപ്പിന്റെ വസതിയിൽ ചേർന്ന് സി.ആർ.സി.സി.പി.ഐ (എം.എൽ) പുനഃസംഘടിപ്പിച്ചു. മുതിർന്ന പാർട്ടി നേതാവ് സ. എൻ.എൻ. രാവുണ്ണി സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. പുനഃസംഘടനക്കുശേഷം എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത് ഞാനായിരുന്നു. അത്ര വലിയ സദസ്സിനെ അഭിസംബോധന ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു.

 

കെ. വേണു,കെ.എൻ. രാമചന്ദ്രൻ

ചെല്ലാനത്തു ​െവച്ച് നടന്ന പാർട്ടി സംസ്ഥാന പ്രവർത്തക യോഗത്തിലെ മുഖ്യമായൊരിനം ജാതിപ്രശ്നമായിരുന്നു. വേനൽമഴ ഭയന്ന് കപ്പ വാട്ട് ഉപേക്ഷിച്ച് യോഗത്തിലെത്തുവാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അക്കാലത്തെ മുഖ്യമായൊരു വരുമാനമാർഗമായിരുന്നു കപ്പ. അത് പക്ഷേ, യോഗസ്ഥലത്ത് ഞാനെത്താതിരുന്നപ്പോൾ രണ്ടാംനാൾ ഉച്ചക്കുമുമ്പ് എന്നെ അന്വേഷിച്ച് രണ്ട് സഖാക്കൾ വീട്ടിലെത്തി. നിർബന്ധമായും യോഗത്തിൽ പ​ങ്കെടുക്കണമെന്ന് കെ.വി ആവ​ശ്യപ്പെട്ടതായി അവരറിയിച്ചു. ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് നിലപാട് അവതരിപ്പിക്കുവാൻ മറ്റാരെയോ ചുമതലപ്പെടുത്തുവാനുള്ള ശ്രമം ഒഴിവാക്കിയാണ് എന്നെ തിരക്കി ആളെ അയച്ചതെന്നാണ് ഞാനറിഞ്ഞത്.

പിളർപ്പിനു മുമ്പ് സി.ആർ.സി. സി.പി.ഐ (എം.എൽ)ൽ നിലനിന്ന രണ്ട് ലൈൻ സമരത്തിന്റെ മറ്റൊരു തരത്തിലുള്ള തുടർച്ചയുടെ സൂചന കെ.വിയുടെ ഈ പ്രത്യേക താൽപര്യത്തിന് പിന്നിലുണ്ടായിരുന്നു. എന്റെ വ്യക്തിത്വ വികാസം അനുഭവപ്പെട്ടൊരു യോഗമായിരുന്നു ഇത്. മാർക്സിസത്തിന്റെ സൈദ്ധാന്തികമായ വായനാനുഭവം സ്റ്റഡിക്ലാസുകളിലും പൊതുവേദികളിലും അവതരിപ്പിക്കുന്നതിനപ്പുറം മാർക്സിസ്റ്റ് ഫ്രെയിമിന് പുറത്തുള്ളൊരു കാര്യം അതിനുള്ളിൽനിന്നുതന്നെ പാർട്ടി സഖാക്ക​ളെ​ ബോധ്യപ്പെടുത്തുവാൻ ലഭിച്ച ആദ്യത്തെ അവസരമായിരുന്നു അത്. ചോദ്യങ്ങളും മറുപടികളുമായി അസാധ്യമാ​യൊരു കാര്യത്തിന് തുടക്കമിട്ടു. തൊഴിലാളിമാർക്കിടയിലും യുവാക്കൾക്കിടയിലും അധഃസ്ഥിതർക്കിടയിലുമെല്ലാം പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബഹുജന സംഘടനകൾ ഉണ്ടാക്കുവാൻ തീരുമാനിച്ചതിന്റെ ഫലമായി എം. ഗീതാനന്ദൻ ട്രേഡ് യൂനിയൻ രംഗത്തും എന്നെ അധഃസ്ഥിതരംഗത്തും സി.എസ്. ജോർജിനെ യുവജനരംഗത്തും ചുമതലപ്പെടുത്തിയിരുന്നു. മേയ്ദിന തൊഴിലാളികേന്ദ്രവും കേരളീയ യുവജനവേദിയും അധഃസ്ഥിത നവോത്ഥാന മുന്നണിയുമെല്ലാം ഈ പാർട്ടി തീരുമാനത്തിന്റെ ഭാഗമായിരുന്നു.

1988 ആഗസ്റ്റ് 8ന് കോട്ടയം കാണക്കാരിയിൽ ചേർന്ന അധഃസ്ഥിതരായ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് അധഃസ്ഥിത നവോത്ഥാന മുന്നണി രൂപവത്കരിക്കപ്പെട്ടത്. അധഃസ്ഥിത നവോത്ഥാന മുന്നണി ദേശീയ സംഘാടക കമ്മിറ്റി എന്ന പേരിലാണ് സംഘടന മുന്നണി പ്രവർത്തനമാരംഭിച്ചത്. കേരളത്തെ ഒരു ദേശീയ സമൂഹമായി കണ്ടുകൊണ്ടായിരുന്നു ഈ പരികൽപന. എന്നെ കൺവീനറും ജി. ബാബുവിനെ ജോ. കൺവീനറുമായി ചുമതലപ്പെടുത്തി. ബാബുവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ സംഘടനാ ചുമതല സേവ്യർ കാണക്കാരി, സി.എസ്. മുരളി, മധു മാവേലിക്കര, ആർ. മണി എന്നിവരെ യഥാക്രമം ഏൽപിച്ചു. പിന്നീട് എം.കെ. രാജു തൃശൂരിന്റെയും ജോസ് വണ്ണപ്പുറം ഇടുക്കിയുടെയും ചുമതല ഏറ്റെടുത്തു.

(തുടരും)

News Summary - km salim kumar biogaraphy