മാർക്സിനെ അറിഞ്ഞപ്പോൾ
കടുത്ത ഭാഗം-6

മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കെ മാർക്സിസത്തെക്കുറിച്ച് കൂടുതൽ അറിയുന്നു. ഇക്കാലത്ത് നക്സലൈറ്റ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടതിന് പൊലീസ് മർദനമേൽക്കുന്നു. ഇത് 1970കളുടെ മധ്യത്തിലെ കേരള അവസ്ഥകൂടിയാണ്–ആത്മകഥ തുടരുന്നു.ഈ കാലത്ത് കൊച്ചി നഗരത്തിൽ പലയിടത്തും നക്സൽബാരി സമരത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രാജേന്ദ്ര മൈതാനിയിലെ രാമവർമ മഹാരാജാവിന്റെ പൂർണകായ പ്രതിമക്കു താഴെ ഇന്നും മാഞ്ഞുതീരാതെ അവശേഷിക്കുന്ന ചുവരെഴുത്ത് അതിലൊന്നാണ് –നക്സൽ ബാരി സിന്ദാബാദ്, ശ്രീകാകുളം നീണാൾ വാഴട്ടെ; ആരാണ് ഇതെഴുതിയതെന്ന് പരസ്പരം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കെ മാർക്സിസത്തെക്കുറിച്ച് കൂടുതൽ അറിയുന്നു. ഇക്കാലത്ത് നക്സലൈറ്റ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടതിന് പൊലീസ് മർദനമേൽക്കുന്നു. ഇത് 1970കളുടെ മധ്യത്തിലെ കേരള അവസ്ഥകൂടിയാണ്–ആത്മകഥ തുടരുന്നു.
ഈ കാലത്ത് കൊച്ചി നഗരത്തിൽ പലയിടത്തും നക്സൽബാരി സമരത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രാജേന്ദ്ര മൈതാനിയിലെ രാമവർമ മഹാരാജാവിന്റെ പൂർണകായ പ്രതിമക്കു താഴെ ഇന്നും മാഞ്ഞുതീരാതെ അവശേഷിക്കുന്ന ചുവരെഴുത്ത് അതിലൊന്നാണ് –നക്സൽ ബാരി സിന്ദാബാദ്, ശ്രീകാകുളം നീണാൾ വാഴട്ടെ; ആരാണ് ഇതെഴുതിയതെന്ന് പരസ്പരം ചോദിച്ചില്ല. രഹസ്യപ്രവർത്തനങ്ങളുടെ കാലമായിരുന്നു ഇത്. അതിനുപുറമെ സ്വയോത്ഭവമായൊരു ഉണർവിന്റെ ജ്വാല ആർക്കുവേണമെങ്കിലും ഏറ്റെടുക്കാവുന്നതാണ്. കോളജ് ഹോസ്റ്റലിൽ (മഹാരാജാസ് കോളജ് ന്യൂ ഹോസ്റ്റൽ) നക്സലൈറ്റ് അനുഭാവികളായ ഏതാനും വിദ്യാർഥികളുടെ ഒരു യോഗം നടന്നു. സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന വി.എസ്. നാരായണൻ യോഗത്തിൽ പങ്കെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശിയാണ് അദ്ദേഹം എന്ന് പിന്നീട് അറിഞ്ഞു. ഞാൻ പെങ്കടുത്ത ആദ്യത്തെ നക്സലൈറ്റ് യോഗമായിരുന്നു അത്. ആ യോഗത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി ഞാനായിരുന്നു.
ഇന്ത്യ ഒരു അർധ ഫ്യൂഡൽ-അർധ കൊളോണിയൽ രാജ്യമാണ്. ഇന്ത്യ ഭരിക്കുന്നത് സാമ്രാജ്യത്വ ദല്ലാളന്മാരായ കോമ്പ്രദോർ ബൂർഷ്വാസിയാണ്. കാർഷിക വിപ്ലവമാണ് ഇന്ത്യയിൽ നടക്കേണ്ടത്. അതിന്റെ തുടക്കമാണ് നക്സൽബാരിയിൽ കണ്ടത്. സി.പി.ഐ, സി.പി.എം പാർട്ടികൾ തിരുത്തൽവാദ പാർട്ടികളാണ്. റഷ്യ വിപ്ലവപാതയിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു. മാവോ സെ തുങ്ങും ചൈനയുമാണ് ശരി– ഇങ്ങനെപോയി വി.എസിന്റെ വിഷയാവതരണം. വ്യക്തമായ രാഷ്ട്രീയാവതരണ രീതിയും സംശയനിവാരണവുമെല്ലാം ആകർഷകമായി തോന്നി. രാഷ്ട്രീയ നേതൃത്വങ്ങളിൽ സാധാരണ കാണുന്ന പ്രാമാണികത്വവും അഹന്തയുമൊന്നും കണ്ടില്ല. സമീപനങ്ങളിൽ സമഭാവന, അഭിപ്രായങ്ങളിൽ ദൃഢത. ഹോസ്റ്റൽ മുറിയിൽ നിറഞ്ഞുനിന്നിരുന്ന ബീഡിപ്പുകക്കുള്ളിലായിരുന്നു മീറ്റിങ്. വി.എസ്. നാരായണൻ തുരുതുരാ ബീഡിവലിക്കുന്നുണ്ടായിരുന്നു. മീറ്റിങ്ങിനെത്തിയ വിദ്യാർഥികളും പുകവലിക്കാർ. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, കുടുംബം സ്വകാര്യ-സ്വത്ത് ഭരണകൂടം, ഭരണകൂടവും വിപ്ലവവും തുടങ്ങിയ മാർക്സിസ്റ്റ് കൃതികൾ വായിക്കാൻ അദ്ദേഹം പറഞ്ഞു.
നഗരത്തിലെത്തി ആദ്യനാളുകൾ കഴിച്ചുകൂട്ടിയ മാരുതിവിലാസം ലോഡ്ജിന് എതിർവശത്തുള്ള പ്രഭാത് ബുക്ക് ഹൗസിൽനിന്നും വൈകാതെതന്നെ ഈ കൃതികളെല്ലാം വാങ്ങി വായിച്ചു. അതിനുശേഷവും നക്സലൈറ്റ് പ്രവർത്തനങ്ങളോട് വിടപറഞ്ഞ് ദലിത് പ്രവർത്തനങ്ങളിൽ മുഴുകിയതിനിടയിലും ഞാൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു. അതിന്റെ ഉള്ളടക്കം എത്രമാത്രം ഉൾക്കൊള്ളാനായി എന്നെനിക്കറിയില്ല. എങ്കിലും മാനിഫെസ്റ്റോയിലും മൗലികമായ മറ്റു ചില എഴുത്തുകളിലും കണ്ട മാർക്സിനെ എനിക്കൊരിക്കലും വിസ്മരിക്കാനാവില്ലായിരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു, പ്രകാശംപോലെ. മറ്റൊരു പ്രത്യയശാസ്ത്ര നിലപാടിനും ഇത്രമാത്രം എന്നെ സ്വാധീനിക്കാനായില്ല.
മനുഷ്യനെക്കുറിച്ചുള്ള മാർക്സിന്റെ ഉത്കണ്ഠകളും മനുഷ്യരാശിയുടെ നാളെയെക്കുറിച്ചുള്ള ഭാവനയും എനിക്കൊരു വിസ്മയമായിരുന്നു. ആധുനിക ലോകത്തേക്ക് പ്രവേശിച്ച മനുഷ്യന്റെ ദുഃഖം മാർക്സിനെപ്പോലെ തിരിച്ച് അതിന്റെ പ്രായോഗിക പരിഹാരത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സമാനമായ മറ്റൊരു ജീവിതവും ഞാൻ കണ്ടില്ല. സമ്പത്തിന്റെയും അധികാരത്തിന്റെയും പദവിയുടെയുമെല്ലാം പുറത്ത് ദുഃഖിതരുടെ ലോകാനുഭവം സ്വാനുഭവമാക്കി തന്റേതായൊരു വൈയക്തിക ജീവിതത്തിന് അദ്ദേഹം രൂപം നൽകി. കൂട്ടിന് മരണത്തിന് മാത്രം വേർപെടുത്താൻ കഴിഞ്ഞ ജെന്നിയും. ആഡംബരങ്ങളും പരിഹാരങ്ങളുമില്ലാതെ, വാർധക്യകാലത്തും കർമനിരതനായിരുന്ന ആ ജീവിതത്തിന് അന്ത്യവിശ്രമ സമയത്തും ഒഴുകിയെത്തിയ ആൾക്കൂട്ടങ്ങളോ ആചാരവെടികളോ ഉണ്ടായിരുന്നില്ല. ഗോത്രത്തിനും കുടുംബത്തിനും ഭാവിക്കും വംശത്തിനും മതസംസ്കൃതികൾക്കും ദേശത്തിനും രാഷ്ട്രത്തിനും വർഗത്തിനുമെല്ലാം അപ്പുറമുള്ളൊരു മനുഷ്യനെ അദ്ദേഹം സ്വപ്നം കണ്ടു. പരസ്പരം അന്യമാക്കപ്പെടുന്ന മനുഷ്യാവസ്ഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതപ്രമേയം. തന്റെ കാലത്തെ മനുഷ്യബന്ധങ്ങളുടെ തിരസ്കരണത്തിനായിരുന്നു അദ്ദേഹം ഉത്തരം തേടിയത്.
മനുഷ്യരാശിയെ നൂറ്റാണ്ടുകളിലൂടെ മുന്നോട്ട് നയിച്ച മഹാപ്രസ്ഥാനങ്ങളും സംസ്കാരങ്ങളുമെല്ലാം അവയുടെ ഈറ്റില്ലങ്ങളിൽത്തന്നെ ആഭ്യന്തരവും ബാഹ്യവുമായി പാരസ്പര്യരാഹിത്യത്തിലൂടെ വിറങ്ങലിച്ചുനിൽക്കുകയോ തകർന്നടിയുകയോ പുനരുജ്ജീവനം അസാധ്യമായ അപചയങ്ങൾക്ക് വിധേയമാക്കപ്പെടുകയോ ചെയ്തൊരു കാലത്താണ് മാർക്സ് ജീവിച്ചത്. പൂർവ സംസ്കൃതികളിൽ മനുഷ്യർ താലോലിക്കാൻ ശ്രമിച്ച മഹാമൂല്യങ്ങളെല്ലാം കടപുഴക്കപ്പെട്ട കാലം. തന്മൂലം മതങ്ങളെയും സംസ്കാരങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും രാഷ്ട്രീയവ്യവസ്ഥകളെയുമെല്ലാം നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് വേണ്ടിയിരുന്നു മാർക്സിന് തന്റെ സാമൂഹിക ഇടപെടൽ സാധ്യമാക്കുവാൻ. മനുഷ്യാവസ്ഥയുടെ പുനർ നിർമിതികൾക്ക് മാർക്സ് ആശ്രയിച്ച സമസ്യയും അതുതന്നെയായിരുന്നു.
സംശയങ്ങളെ താലോലിക്കുന്ന പ്രവണത എന്നുമുണ്ടായിരുന്നു. എന്നാൽ, മാർക്സിന്റെ വിചിന്തന സമ്പ്രദായത്തെ ഞാൻ ഒരിക്കലും സംശയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രപഞ്ചവീക്ഷണവും ഭൗതികവാദപരമായ സാമൂഹിക വിശകലനരീതിയും എന്നെ സ്വാധീനിച്ചു. എന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിലും, വ്യക്തിജീവിതത്തിലുമെല്ലാം നിശ്ചയമായും അതിന്റെ പാടുകളുണ്ട്. അതെന്റെ സന്തോഷവുമായിരുന്നു. യൂറോപ്പിലെ ഇളകിമറിയുന്ന സാമൂഹിക രാഷ്ട്രീയ സംഘർഷങ്ങളുടെ നേർക്കാഴ്ചകളിൽനിന്നാണ് മാർക്സ് ചരിത്രത്തിന്റെ പുനർവായന നടത്തുവാൻ ശ്രമിച്ചത്. മനുഷ്യ സംസ്കൃതിയുടെ സംഘർഷാത്മകവും ശാന്തവുമായ ഭൂതകാലത്തേക്ക് പിൻയാത്ര നടത്തിയത്. വർഗസമരംപോലൊരു സിദ്ധാന്തത്തെ തന്റെയും പ്രത്യയശാസ്ത്ര നിലപാടായി മനുഷ്യരാശിക്ക് മുന്നിൽ അവതരിപ്പിച്ചത്. റഷ്യൻ വിപ്ലവവും ചൈനീസ് വിപ്ലവവുമെല്ലാം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര നിലപാടിന്റെ പ്രായോഗികത ലോകത്തെ ബോധ്യപ്പെടുത്തി. വിപ്ലവാനന്തരം റഷ്യയിലും ചൈനയിലുമെല്ലാമുണ്ടായ സാമൂഹിക മാറ്റങ്ങൾ അനിഷേധ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ മനുഷ്യരാശിയെ പല തലങ്ങളിൽ ഇളക്കിമറിച്ച മഹാപ്രതിഭകളിൽ മാർക്സ് തന്നെയായിരുന്നു മുന്നിൽ.
സാമ്പത്തിക സമത്വങ്ങളും ആർത്തിപിടിച്ച മൂലധന സമാഹരണവും സൃഷ്ടിക്കുന്ന വിനാശകരമായ സംഘർഷങ്ങളെക്കുറിച്ച് മാർക്സ് ദീർഘദർശനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വേർപാടിനുശേഷം കാൽ നൂറ്റാണ്ടു പിന്നിട്ട ലോകം മനുഷ്യരാശിയെ ആയുധത്തിന്റെ മുൾമുനയിൽ നിർത്തി ഒന്നാം ലോകയുദ്ധത്തിന് സാക്ഷ്യം വഹിച്ചു. മനുഷ്യ സംസ്കൃതിയിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം ഹിരോഷിമയും നാഗസാക്കിയുമെല്ലാം ചുട്ടെരിച്ചുകൊണ്ടാണ് പിന്നാലെ വന്ന മറ്റൊരു ലോകയുദ്ധം അവസാനിച്ചത്. എല്ലാം ഭൂഗോളം പങ്കുവെക്കുന്നതിനും സ്വന്തം നിയന്ത്രണത്തിലാക്കുന്നതിനും ആർത്തിപിടിച്ച മൂലധന ശക്തികൾ മുൻകൈയെടുത്ത് നടത്തിയ ഹിംസാത്മകമായ ഇടപെടലുകളായിരുന്നു.
മാർക്സ് ദീർഘദർശനം നടത്തിയതുപോലെ ലോകം മുഴുവൻ ഒരു കമ്പോളമായി മാറിയിരിക്കുന്നു. മൂലധനശക്തികൾ കമ്പോളത്തിനുവേണ്ടി നടത്തുന്ന കിടമത്സരങ്ങളാണ് ലോകമെങ്ങും കാണുന്നത്. അതിന്റെ രൂപങ്ങളിലും സ്വഭാവങ്ങളിലുമെല്ലാം മാറ്റങ്ങളുണ്ടെന്നു മാത്രം. മൂലധനത്തിന്റെ ആധിപത്യത്തെ മറികടക്കുന്നതിനായി മാർക്സ് എത്തിച്ചേർന്ന നിഗമനങ്ങൾ അതിന്റെ പരീക്ഷണശാലകളിൽതന്നെ പരാജയപ്പെട്ടുവെന്നത് ഒരു വസ്തുതയാണ്. ഇത് മാർക്സിനെ എഴുതിത്തള്ളുവാനുള്ള ഒരുപാധിയായി മൂലധനശക്തികളും അവരുടെ കുഴലൂത്തുകാരും ശ്രമിക്കുകയുണ്ടായെങ്കിലും, ഇന്ന് യൂറോപ്പിലും അമേരിക്കയിലുമെല്ലാം മൂലധനത്തിന്റെ അമിത കേന്ദ്രീകരണത്തിനെതിരെ കാണുന്ന ഉണർവുകളിലും ചലനങ്ങളിലും മാർക്സിന്റെ മുഖമുണ്ട്. ഒരു ശതമാനം വരുന്ന കോടീശ്വരന്മാരുടെ താൽപര്യത്തിനായി സ്വന്തം ജനതയെയും ലോകജനതയെയും കൊന്നുകളയുന്ന അമേരിക്കൻ ഭരണാധികാരികൾക്കെതിരെ വാൾസ്ട്രീറ്റിലും താൻ അന്തിയുറങ്ങുന്ന ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിനു സമീപത്ത് പോരാട്ടവുമായി തമ്പടിച്ചിരുന്ന ജനക്കൂട്ടത്തിനിടയിലും മാർക്സിന് സ്ഥാനമുണ്ട്.
ജർമനിയിലെ (മാർക്സിന്റെ ജന്മനാട്) ഫ്രാങ്ക്ഫർട്ടിലും വിദൂരസ്ഥമായ തായ്വാനിലെ ഹോങ്കോങ്ങിലും ജപ്പാനിലെ ടോക്യോയിലും ലോകത്തെ മറ്റ് നൂറുകണക്കന് വൻ നഗരങ്ങളിലും ജനങ്ങൾ മൂലധന ശക്തിക്കെതിരെയുള്ള രോഷപ്രകടനത്തിലാണ്. വിലക്കയറ്റം വികസനത്തിന്റെ ഭാഗമാണെന്നും ദാരിദ്ര്യം പുരോഗതിയുടെ ലക്ഷണമാണെന്നും പറയുന്ന ഒരു ഭരണാധികാരിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഡോ. മൻമോഹൻസിങ്, സ്വതന്ത്ര ഇന്ത്യയിലെ അദ്ദേഹത്തിന്റെ പൂർവികരായ ഭരണാധികാരികളും സാമ്പത്തിക സമത്വത്തെ പരിപോഷിപ്പിച്ചവരായിരുന്നു. ജനതയെ ദാരിദ്ര്യത്തിലൂടെയും നിരക്ഷരതയിലൂടെയും കടത്തിക്കൊണ്ടുപോവുകയും രാജ്യത്തുനിന്ന് ലോക കോടീശ്വരന്മാരിൽ ഒന്നാംകിടക്കാരനെ സൃഷ്ടിച്ചെടുക്കുകയുമായിരുന്നു അവരുടെ ദൗത്യം. ഇന്ത്യൻ ജനാധിപത്യത്തിന്റെ സാമ്പത്തികമായ ഈ അസന്തുലിതാവസ്ഥകൾക്കും മറ്റ് ദൗർബല്യങ്ങൾക്കിടയിലും മാർക്സ് പ്രസക്തനാണ്. കാപിറ്റലിസത്തിന്റെ സമാനതയില്ലാത്ത വിമർശകനെന്ന നിലയിൽ.

മാർക്സിസ്റ്റ് പാർട്ടിയും നക്സെലെറ്റുകളും
ഒരു സന്ധ്യമയക്കത്തിൽ ഫോർട്ട് കൊച്ചി കടപ്പുറത്ത് വിളിച്ചുചേർത്ത, ഏതാനും പേർ മാത്രം പങ്കെടുത്ത ചെറു യോഗത്തിൽ പങ്കെടുക്കാൻ പോയതാണ് എന്റെ ആദ്യത്തെ നക്സലൈറ്റ് പ്രവർത്തനം. ആരും ചുമതലപ്പെടുത്തിയതായിരുന്നില്ല. ബോധ്യമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നക്സൽബാരി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വിശദീകരിച്ചശേഷം ഉയർന്ന ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാൻ കഴിഞ്ഞത് ആത്മവിശ്വാസം ഉണ്ടാക്കി. ഫിസിക്സ് ക്ലാസിൽ ഒന്നിച്ചുണ്ടായിരുന്ന മട്ടാഞ്ചേരി ആനവാതിൽ സ്വദേശി ആന്റണിയാണ് യോഗം വിളിച്ചുചേർത്തത്. ‘ചെമ്മീൻ’ സിനിമാ നിർമാതാക്കളായ കൺമണി ഫിലിംസിന്റെ എറണാകുളത്തെ ഓഫിസിൽ ജോലിചെയ്ത ഒരു ഗോപിച്ചേട്ടനും മട്ടാഞ്ചേരി സ്വദേശിയായിരുന്ന സേവ്യറും മറ്റു ചിലരുമായിരുന്നു യോഗത്തിൽ പങ്കെടുത്തത്. യോഗം കഴിഞ്ഞ് കാറിൽ അവരെന്നെ ഹോസ്റ്റലിൽ എത്തിച്ചു. ഇടക്ക് ബാർഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ചിലർ മദ്യംകൂടി കഴിച്ചു. എന്നെ സൽക്കരിക്കാൻ ശ്രമിച്ചതും ഞാനത് സ്നേഹപൂർവം നിഷേധിച്ചതും ഓർക്കുന്നു.
ഇൗയിടക്ക് എറണാകുളം തൈക്കൂട്ടത്തുനിന്ന് സർക്കാർ 500 രൂപ തലക്ക് ഇനാം പ്രഖ്യാപിച്ച വെള്ളത്തൂവൽ സ്റ്റീഫൻ അറസ്റ്റിലായി. മെഡിക്കൽ വിദ്യാർഥിയായിരിക്കെ, നക്സലൈറ്റ് ബന്ധംമൂലം ഒളിവിൽ പോയ കെ.കെ. മന്മഥനും അദ്ദേഹത്തിന്റെ സഹോദരനായ കെ.കെ. മോഹനനും വി.എസ്. നാരായണന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഹോസ്റ്റലിൽ വന്നിരുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായിരുന്ന ഫിലിപ് എം. പ്രസാദ് ജാമ്യത്തിലിറങ്ങി എറണാകുളത്ത് വിദ്യാർഥികളുമായി ബന്ധപ്പെട്ടിരുന്നു. ഇതെല്ലാം മണത്തറിഞ്ഞ പൊലീസ് വിദ്യാർഥികൾക്കിടയിലെ നക്സലൈറ്റ് വേട്ട ആരംഭിച്ചു.
സംസ്ഥാന വ്യാപകമായി മുളപൊട്ടുന്ന നക്സലൈറ്റ് പ്രവർത്തനങ്ങളെ ആരംഭത്തിലേ ഉന്മൂലനം ചെയ്യുക എന്നത് കേരളത്തിലെ രാഷ്ട്രീയ സംഘടനകളുടെ ആവശ്യമായിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നാലെ ഭൂവുടമകളും ആക്രമിക്കപ്പെട്ടത് സ്വത്തുടമാ വിഭാഗങ്ങളെ പ്രത്യേകിച്ച് നൂറുകണക്കിനേക്കർ കൃഷിഭൂമി കൈയടക്കിവെച്ചിരിക്കുന്നവരെയും വിറളി പിടിപ്പിച്ചു. ഫ്യൂഡൽ മുതലാളിത്ത താൽപര്യങ്ങൾ പേറുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും മുസ്‍ലിം ലീഗുകാരുടെയും മാത്രമല്ല, തൊഴിലാളി കർഷക താൽപര്യങ്ങൾ പേറുന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെയും പൊതുലക്ഷ്യമായി നക്സലൈറ്റ് ഉന്മൂലനം. കമ്യൂണിസ്റ്റ് പാർട്ടികളാകട്ടെ പ്രത്യേകിച്ച് സി.പി.എം എ.കെ.ജിയുടെ നേതൃത്വത്തിൽ ഭൂപരിഷ്കരണത്തിനുവേണ്ടിയുള്ള സമരം ശക്തമാക്കി. തങ്ങളുടെ അടിത്തറ സംരക്ഷിക്കാൻ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല.
നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ജന്മഗൃഹമായ നക്സൽ ബാരിയിൽ 1967ൽ നടന്ന കാർഷിക സമരത്തെ നയിച്ചത് സി.പി.എം ഡാർജീലിങ് ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ചാരുമജുംദാറിനെയും കനുസന്യാലിനെയും ജംഗൾ സന്താളിനെയുംപോലെയുള്ള നേതാക്കളായിരുന്നു. കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം കാട്ടി മുന്നോട്ടുവന്നവരിലേറെയും സി.പി.എം നേതാക്കളോ പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു. തൂക്കുമരത്തിൽനിന്ന് മോചിതനായ കെ.പി.ആർ. ഗോപാലനും, സി.പി.എം മുൻ എം.എൽ.എ ആയിരുന്ന എം.വി. ആര്യനും തൊഴിലാളി നേതാക്കളായ കെ.പി. കോസല രാമദാസും ജോസ് എബ്രാഹവുമടക്കം പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃനിരകളിൽനിന്നുതന്നെ പ്രഗല്ഭരായ പലരും നക്സലൈറ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം കാട്ടി. പാർട്ടിയുടെ നയപരിപാടികളോട് സൈദ്ധാന്തികമായി വിയോജിച്ചു. ഇത്തരക്കാരോട് പാർട്ടി നേതൃത്വം സ്വീകരിച്ച ശത്രുതാപരമായ സമീപനം കുപ്രസിദ്ധമാണ്.
എത്ര ഉന്നതരാണെങ്കിലും പരമോന്നത നേതൃത്വത്തോട് വിയോജിക്കുന്ന സഹപ്രവർത്തകരെയും ഘടകങ്ങളെയും ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു സ്റ്റാലിനിസ്റ്റ് കാലത്ത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി അവലംബിച്ചിരുന്ന കീഴ്വഴക്കം. പാർട്ടിയുടെയും രാഷ്ട്രത്തിന്റെയും സർവാധിപതി സ്റ്റാലിൻ തന്നെയായിരുന്നുവല്ലോ! തന്റെ ഭരണത്തോട് വിയോജിച്ച ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകളെ ഇന്തോനേഷ്യൻ പട്ടാള ഭരണാധികാരി ജനറൽ സുഹാർത്തെ കൊന്നുതീർത്തതും സമാനമായ വീക്ഷണത്തിൽനിന്നായിരുന്നു. സി.പി.ഐ (എം.എൽ) രൂപവത്കരിച്ചുകൊണ്ട് ’70കളുടെ തുടക്കത്തിൽ സ്വന്തം സാന്നിധ്യമുറപ്പിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് നക്സലൈറ്റുകളെയാണ് സിദ്ധാർഥ ശങ്കർ റേയുടെയും ജ്യോതിബസുവിന്റെയും ബംഗാൾ കൊന്നൊടുക്കിയത്. ബാരനഗർപോലുള്ള സ്ഥലങ്ങളിൽ നൂറുകണക്കിനാളുകൾ കൊലചെയ്യപ്പെട്ടു. കൊൽക്കത്ത നഗരത്തിലെ ഓരോ പ്രഭാതവും കൊലചെയ്യപ്പെട്ട യുവാക്കളുടെയും വിദ്യാർഥികളുടെയും കണക്കെടുപ്പുകളോടെയായിരുന്നു. അവരുടെ കബന്ധങ്ങൾ ഇന്ത്യൻ സംസ്കാരത്തിലെ വിശുദ്ധ നദിയായ ഗംഗയിലേക്ക് വലിച്ചെറിഞ്ഞ് ഭരണാധികാരികൾ അട്ടഹസിച്ചു. ശവംതീനികളായ കഴുകന്മാർ ആർത്തുപരന്നു.
ഒരുപക്ഷേ നക്സലൈറ്റ് പാതയിലൂടെ കടന്നുവന്ന് പിൽക്കാല കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളെ തങ്ങളുടേതായ തലത്തിൽ സ്വാധീനിച്ച കെ. അജിതയും കെ. വേണുവും കെ. സച്ചിദാനന്ദനെയുമെല്ലാംപോലുള്ള എത്രയെത്ര ബുദ്ധിശാലികളായ വ്യക്തികൾ ഇക്കൂട്ടത്തിൽ ഉണ്ടായിക്കൂടെന്നില്ല. ഇന്ത്യയുടെ സാമൂഹിക പരിവർത്തനത്തിനായി തീക്ഷ്ണമായി കൊതിച്ച ക്ഷുഭിതമായ ബംഗാളി യൗവനത്തിന്റെ ഗളഛേദമായിരുന്നു ഇത്. രവീന്ദ്രനാഥ ടാഗോറിനും സുഭാഷ് ചന്ദ്രബോസിനുമെല്ലാം ജന്മം നൽകിയ നാടാണ് ബംഗാൾ. സ്വാതന്ത്ര്യസമരകാലത്ത് നാടിനെ ത്രസിപ്പിച്ച ഉൽപതിഷ്ണുക്കളായ ബംഗാളി യുവാക്കൾക്കെതിരെ ബ്രിട്ടീഷുകാർപോലും സ്വീകരിക്കാത്ത നടപടിയായിരുന്നു ഇത്.
ഒപ്പം നക്സലൈറ്റുകൾക്കെതിരായി ബഹുമുഖമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു, ശാരീരികവും ആശയപരവുമായി. കമ്യൂണിസ്റ്റ് തീവ്രവാദികൾ എന്നതിനേക്കാൾ പ്രാധാന്യത്തോടെ തലവെട്ടികളും സാമൂഹിക വിരുദ്ധരുമാണ് നക്സലൈറ്റുകൾ എന്നവർ പ്രചരിപ്പിച്ചു. വർഗീസിന്റെ ചോരയൊഴുക്കിക്കൊണ്ട് കേരളത്തിൽ ഈ നീക്കം ആരംഭിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രാജനെയും വിജയനെയും ബാലകൃഷ്ണനെയുംപോലുള്ള യുവാക്കളെ നിഷ്കരുണം കൊലചെയ്തു. വർഗീസിന്റെ അറുകൊല നക്സലൈറ്റ് വിരുദ്ധർക്ക് ആഘോഷമായിരുന്നുവെങ്കിലും രാജന്റെയും വിജയന്റെയും ബാലകൃഷ്ണന്റെയുമെല്ലാം മരണങ്ങൾ ഭരണകൂടത്തിന്റെയും അതിന് നേതൃത്വം നൽകിയവരുടെയും ഹിംസാത്മകതയെ വെല്ലുവിളിച്ചു. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ ആവാതെ വന്നു. ഇതിനർഥം നക്സലൈറ്റുകൾക്കെതിരെയുള്ള പകയും വിദ്വേഷവും ആക്രമണോത്സുകതയുമെല്ലാം അവർ ഉപേക്ഷിച്ചുവെന്നല്ല. വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ആക്രമിക്കുന്ന സി.പി.എം നയത്തിനെതിരെ കൈകെട്ടി നിന്ന് മർദനമേൽക്കുന്ന സാംസ്കാരികവേദി പ്രവർത്തകരുടെ കാലത്താണ് അവർ കുറെയെങ്കിലും പിന്മാറിയത്.
ഈ കമ്യൂണിസ്റ്റ് മനോഭാവത്തിന്റെ ആഴത്തെക്കുറിച്ച് എ.വി. ആര്യന്റെ സഹധർമിണി അദ്ദേഹത്തിന്റെ വിയോഗശേഷം എഴുതുകയുണ്ടായി. ഇ.എം.എസും, എ.കെ.ജിയും, സുന്ദരയ്യയും, രണദിെവയും ഉൾപ്പെട്ട ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരായ പലരും വരുകയും പോവുകയും ചെയ്ത വീടാണ് തങ്ങളുടേതെങ്കിലും ആര്യന്റെ മരണസമയത്ത് ഈ കൂട്ടത്തിൽപ്പെട്ട ഒരൊറ്റയാളെയെങ്കിലും കണ്ടില്ലെന്നതായിരുന്നു അവരുടെ ദുഃഖം. സ്വന്തം അധ്വാനവും വിയർപ്പുംകൊണ്ട് കമ്യൂണിസ്റ്റ് നേതൃത്വത്തെ വെച്ചും വിളമ്പിയും ഊട്ടിയ സ്ത്രീയുടെ ദുഃഖമാണിത്. സ്വന്തം നില ഭദ്രമാക്കുന്നതിന് രാഷ്ട്രീയ നേതൃത്വങ്ങൾ വിയോജിക്കുന്നവരോട് പുലർത്തുന്ന അസഹിഷ്ണുത എത്രമാത്രം ക്രൂരമാണെന്നാണ് ഇത് കാണിക്കുന്നത്. ’70കളുടെ തുടക്കത്തിൽ കാമ്പസുകളിൽ ഒന്നിച്ച് നടന്നവർക്കിടയിൽ ഭിന്നിപ്പും ശത്രുതയും വളർന്നു. വിദ്യാർഥി നേതാക്കൾ പലരും നക്സലൈറ്റ് അനുഭാവികളായ വിദ്യാർഥികളുടെ സ്വാഭാവിക ഒറ്റുകാരായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ നേതാവായ എസ്.ആർ. ശശിധരനെപ്പോലെ. എന്നെ ചോദ്യം ചെയ്യുന്നതിനിടയിൽ നക്സലൈറ്റ് വേട്ടയുടെ ചുമതലക്കാരിലൊരാളായ ഹാരിസ് സേവ്യർ എസ്.ആർ. ശശിധരനെ നേരിട്ട് കാണുന്നതിനായി ഒരു പൊലീസുകാരനെ ചുമതലപ്പെടുത്തുന്നുണ്ടായിരുന്നു.

പൊലീസ് പീഡനം
സെക്കൻഡ് ഇയർ കെമിസ്ട്രി പരീക്ഷയുടെ തലേദിവസം രാവിലെ ഹോസ്റ്റൽ മുറിക്ക് പുറത്ത് പതിവ് സ്ഥലത്ത് പഠിച്ചുകൊണ്ടിരുന്ന എന്നെ നക്സലൈറ്റ് വേട്ടക്കാരായിരുന്ന പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. നോർത്തിലുള്ള അവരുടെ സങ്കേതത്തിൽ ഫസ്റ്റ് ഫ്ലോറിലുള്ള ഒരു മുറിയിൽ െവച്ചായിരുന്നു ചോദ്യം ചെയ്യൽ. സെന്റ് ആൽബർട്സ് കോളജിന് അടുത്തുള്ള മെഫെയർ ലോഡ്ജിൽ. സ്പെഷൽ ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ഹമീദിന്റെ ഓഫിസിലേക്ക് കൊണ്ടുപോയി. എന്നെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ്തന്നെ എം.എസ്. ജയകുമാർ ഇവരുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. ജയകുമാറിനുശേഷമായിരുന്നു എന്റെ ഊഴം. വി.എസ്. നാരായണനും കെ.കെ. മന്മഥനുമടക്കം എറണാകുളത്ത് വന്നുപോകുന്ന നക്സലൈറ്റ് പ്രവർത്തകരുടെ വിവരങ്ങളായിരുന്നു അവർക്ക് വേണ്ടിയിരുന്നത്.
എന്റെ മറുപടി തൃപ്തികരമല്ലെന്ന് തോന്നിയ ഹമീദ് ഒരു സ്റ്റൂളിൽ ഇരുന്ന്, വിവസ്ത്രനാക്കി ചമ്രംപടിഞ്ഞിരുത്തിയ എന്റെ മുതുകിൽ ചവിട്ടി കവിളിൽ മാറിമാറി അടിച്ചു. തലപിടിച്ച് കുനിച്ച് എന്റെ പുറത്ത് ആഞ്ഞടിച്ചു. നല്ല ശരീരമാണ് അത് നശിപ്പിക്കണോയെന്ന് ഹാരിസ് സേവ്യർ. അതുകൊണ്ടും തൃപ്തരാകാതെ എഴുേന്നൽപിച്ച് തലക്കു മുകളിലേക്ക് കൈകളുയർത്തി, ചരടുകൊണ്ട് കൂട്ടിക്കെട്ടി. തലക്കും കൈകൾക്കുമിടയിലൂടെ കഴുത്തിൽ റൂൾതടിയിട്ടു. ഒരു പൊലീസുകാരനെ തെറിപറയാനേൽപ്പിച്ചിട്ട് അവർ പിന്മാറി. ഏതെങ്കിലും തരത്തിലുള്ള ശാരീരിക ആക്രമണം ആദ്യത്തെ അനുഭവമായിരുന്നു. ഒപ്പം തിരുവനന്തപുരം സംസ്കാരം നിനക്കറിയാമോടെ എന്ന് ചോദിച്ചുകൊണ്ടുള്ള തെറിയഭിഷേകവും.
പൊലീസുകാർ ഇത്രമാത്രം തരംതാണവരും സംസ്കാര ശൂന്യരുമായ മനുഷ്യരാണെന്ന് ഞാൻ നേരിട്ടറിഞ്ഞത് അന്നാണ്. കെ. ലക്ഷ്മണയെ മാതൃകയാക്കുന്നവരെയാണ് നക്സലൈറ്റ് വേട്ടക്ക് ചുമതലപ്പെടുത്തുന്നതെന്ന് അവരുടെ വാക്കുകളിൽനിന്ന് വ്യക്തമായി. നക്സൽ വേട്ടക്ക് ‘ജനാധിപത്യ കേരളം’ കണ്ടെത്തിയ മാതൃകയായിരുന്നുവല്ലോ കെ. ലക്ഷ്മണ. കുറച്ചുനേരം കഴിഞ്ഞപ്പോൾ കൈകൾ മരവിച്ചിറങ്ങാൻ തുടങ്ങി. കഴുത്തിലും ശരീരമാസകലവും അത് വ്യാപിച്ചു. തളർന്നുവീഴുന്നിടംവരെ പൊലീസിെന്റ ക്രൂരവിനോദം തുടർന്നു. കൊൽക്കത്ത തെരുവുകളിൽ കശാപ്പുചെയ്യപ്പെടുന്ന നക്സലൈറ്റുകളെ ഓർമിപ്പിച്ചുകൊണ്ട് നിന്നെപ്പോലുള്ളവർക്കും ആ ഗതിവരുമെന്നും അത് ചോദിക്കാൻ ആരുമില്ലെന്നും ഭീഷണിപ്പെടുത്തി. ഞാൻ പഠിച്ചിട്ട് ആർക്കും പ്രയോജനമില്ലെന്നും പരീക്ഷ എഴുതേെണ്ടന്നുമായിരുന്നു പൊലീസിന്റെ കൽപന.
പരീക്ഷ മാത്രമല്ല, പഠനമാകെയും മനസ്സിൽനിന്ന് മാഞ്ഞുതുടങ്ങി. ഭരണകൂടത്തിന്റെ മാറുന്ന സ്വഭാവത്തെക്കുറിച്ചുള്ള ലെനിന്റെ ഭാഷ്യം നേരനുഭവമായി. കീഴടങ്ങാനോ മർദകന്റെ സേവകനാകാനോ വിസമ്മതിക്കുന്നൊരു മനോഭാവം ശക്തമായി. കൈകാലുകളിൽ ചങ്ങലയിട്ട് ബന്ധനസ്ഥനായി ശത്രുക്കൾക്കിടയിലിരിക്കുന്ന ഭഗത് സിങ്ങിന്റെ ചിത്രം അക്കാലത്തിന്റെ പ്രചോദനമായിരുന്നു. യൗവനത്തോടെ ദുഃഖിതർക്കിടയിൽനിന്ന് പൊരുതിക്കയറിയൊരു ജീവിതംപോലും മനസ്സിൽ ഇടംനേടി. സന്ധ്യയേറെ കഴിയുന്നതുവരെ വിട്ടയിച്ചില്ല. അന്ന് വിടില്ലെന്ന് കരുതിയെങ്കിലും പിന്നീട് വിട്ടയച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ കൂട്ടുകാർ ഉത്കണ്ഠാകുലരായിരുന്നു. ചെറായിക്കാരൻ പുരുഷൻ (പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി നേടി) ചതവുമാറാനാണെന്ന് പറഞ്ഞ് മുട്ട വാട്ടിത്തന്നു. കുളിക്കാൻ ചൂടുവെള്ളമുണ്ടാക്കി. പിന്നീട് പാർക്കിലും മറ്റും എന്നോടൊപ്പം ഒന്നിച്ചുനടക്കാൻ എല്ലാവർക്കും ഭയമായിരുന്നു. അനധികൃതമെങ്കിലും പൊതുസമ്മതം നേടി ഒരന്തേവാസിയെപ്പോലെ േഹാസ്റ്റലിൽ കഴിഞ്ഞുകൂടിയ കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ പുരുഷോത്തമൻ പിള്ള മാത്രമായിരുന്നു അതിനൊരപവാദം. കെ.എസ്.ആർ.ടി.സിയിൽ പെയിന്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിരിക്കുകയായിരുന്നു പുരുഷോത്തമൻ പിള്ള.
എന്നോടുള്ള അടുപ്പം ജോലിക്ക് തടസ്സമായാലോ എന്ന ആശങ്ക അദ്ദേഹം വകവെച്ചില്ല. മറ്റെല്ലാവരും തന്നെ പൊലീസ് ഭീഷണിക്കു മുന്നിൽ ബന്ധങ്ങൾ നിലനിൽക്കെ തന്നെ അകന്നുനിൽക്കാൻ തുടങ്ങി. ഈ സന്ദർഭത്തിൽ ഹോസ്റ്റലിലെ നല്ലൊരു ശതമാനവും നക്സലൈറ്റ് അനുഭാവമുള്ളവരായിരുന്നു. കുറവിലങ്ങാട്ടുകാരനായ പുരുഷോത്തമനെയും അരൂകുറ്റിക്കാരനായ ശിവദാസനെയുംപോലുള്ള ചിലർ മാത്രമായിരുന്നു അടിയുറച്ച കെ.എസ്.എഫുകാരായി ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. അവരെ മറ്റു കുട്ടികൾ ഭയപ്പെട്ടിരുന്നു. പൊലീസ് ഒറ്റുകാരായി മാറിയാലോ...
ഒരു സായാഹ്നത്തിൽ ഹോസ്റ്റലിന് മുന്നിൽ പൊലീസ് ജീപ്പ് ചവിട്ടി നിർത്തി ചാടിയിറങ്ങി. മന്മഥനുണ്ടോയെന്ന് ചോദിച്ചുകൊണ്ട് ഹാരിസ് സേവ്യറും സംഘവും മുറിയിലേക്ക് ഇരച്ചുകയറി മറ്റുള്ളവരെ പുറത്താക്കി വാതിൽ കുറ്റിയിട്ടു. അറിയില്ലെന്ന മറുപടിക്ക് ഞങ്ങൾ ഇപ്പോൾ കണ്ടതല്ലേയെന്ന മറുചോദ്യം. എന്നാൽ, പിടിച്ചുകൂടായിരുന്നോ എന്ന പെട്ടെന്നുള്ള പ്രതികരണം ഹാരിസ് സേവ്യറിനെ ക്ഷുഭിതനാക്കി. ഹോസ്റ്റലാണെന്ന് വിചാരിക്കില്ല, നിന്നെയിപ്പോൾ കാണിച്ചുതരാമെന്ന് പറഞ്ഞ് അയാൾ കൈയുയർത്തി. ഹാരിസ് സേവ്യറും സംഘവും കൊലവിളി നടത്തുന്നത് ഒരിക്കലും എനിക്ക് ഉൾക്കൊള്ളാനായില്ല. ഒരിക്കൽ എന്നെയവർ സുഭാഷ് ചന്ദ്രബോസ് പാർക്കിലേക്ക് കൊണ്ടുപോയി. കായലിനഭിമുഖമായ െബഞ്ചിൽ നടുവിലിരുത്തി. കായലിനെ ചൂണ്ടിക്കാട്ടി മരണഭീതിയുയർത്തുന്ന ഭീഷണികളും ചോദ്യംചെയ്യലും. അന്നവർക്ക് അറിയേണ്ടിയിരുന്നത് ജയിലിൽനിന്ന് ജാമ്യമെടുത്തിറങ്ങിയ ഫിലിപ്പ് എം. പ്രസാദ് എറണാകുളത്ത് വന്നിട്ട് എങ്ങോട്ടുപോയി എന്നതായിരുന്നു. പിന്നീട് ഞാനറിഞ്ഞത് അദ്ദേഹം എസ്. രാജപ്പനോടൊപ്പം കല്ലറക്ക് പോയെന്നതായിരുന്നു. ഇത്തരമൊരു കാര്യത്തിൽപ്പോലും ഹാരിസ് സേവ്യറും സംഘവും ചോദ്യംചെയ്യൽ തുടർന്നു.
പൊലീസ് പറയുന്നത് ശരിയായിരുന്നു. ഒരു പൊതുസ്ഥാപനമായിരുന്നിട്ടും ഹോസ്റ്റലിൽ ഇരച്ചുകയറുവാനും കുട്ടികളെ അകാരണമായി കസ്റ്റഡിയിലെടുക്കാനും മർദിക്കാനുമൊന്നും അവർക്ക് യാതൊരു തടസ്സവുമുണ്ടായില്ല. കോസ്മോപൊളിറ്റൻ ഹോസ്റ്റൽ, ഒരു പട്ടികജാതി പട്ടികവർഗ സ്ഥാപനമായിരുന്നുവെന്നത് അവർക്ക് കൂടുതൽ അവസരം നൽകി. നക്സലൈറ്റുകളോടും നക്സലൈറ്റ് അനുഭാവികളോടും എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം പൊലീസിന് ഭരണകൂടം നൽകിയിരുന്നു. പൗരാവകാശങ്ങളോ മനുഷ്യാവകാശങ്ങളോ ഒന്നും നക്സലൈറ്റുകൾക്ക് ബാധകമായിരുന്നില്ല. അതിന്റെ ക്ലൈമാക്സാണ് ’75ലെ അടിയന്തരാവസ്ഥക്കാലത്ത് കേരളം കണ്ടത്.