Begin typing your search above and press return to search.

കടുത്ത

കടുത്ത
cancel

നിരക്ഷരർക്കിടയിൽനിന്ന് ചിലർ ചരിത്രത്തിൽ ജനിക്കുകയും ജീവിക്കുകയുംചെയ്യുന്നു. മരണത്തിലൂടെയും അവർ ചരിത്രരചന നടത്തുന്നു. ചരിത്രത്തെ അവർ തങ്ങളുടേതാക്കി മാറ്റുന്നു. മറ്റു ചിലർ ചരിത്രത്തിന് പുറത്താണ്. അവരുടെ ജനനവും ജീവിതവും മരണവുമെല്ലാം ചരിത്രത്തിന് അന്യമാണ്. ഫോസിലുകൾപോലെയാണ്. അതിജീവനം മാത്രമാണ് അവരുടെ ചരിത്രസാക്ഷ്യം. എന്റെ പ്രിയതമയുടെ ശവമാടത്തിനരികെയുള്ള സ്മാരകശിലകളെ നോക്കൂ. വന്യമായ ഗോത്രജീവിതത്തിന്റെ സഞ്ചാരപഥങ്ങളിൽ പൂർവികർ പ്രിയപ്പെട്ടവർക്കായി ഉയർത്തുകയും ഉപേക്ഷിച്ചുപോവുകയുംചെയ്ത പ്രാക്​തന സ്മരണകളുടെ സ്ഥൂലരൂപങ്ങളാണിവ. ചരിത്രമില്ലാത്തവരുടെ ചരിത്രം. ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

നിരക്ഷരർക്കിടയിൽനിന്ന്

ചിലർ ചരിത്രത്തിൽ ജനിക്കുകയും ജീവിക്കുകയുംചെയ്യുന്നു. മരണത്തിലൂടെയും അവർ ചരിത്രരചന നടത്തുന്നു. ചരിത്രത്തെ അവർ തങ്ങളുടേതാക്കി മാറ്റുന്നു. മറ്റു ചിലർ ചരിത്രത്തിന് പുറത്താണ്. അവരുടെ ജനനവും ജീവിതവും മരണവുമെല്ലാം ചരിത്രത്തിന് അന്യമാണ്. ഫോസിലുകൾപോലെയാണ്. അതിജീവനം മാത്രമാണ് അവരുടെ ചരിത്രസാക്ഷ്യം. എന്റെ പ്രിയതമയുടെ ശവമാടത്തിനരികെയുള്ള സ്മാരകശിലകളെ നോക്കൂ. വന്യമായ ഗോത്രജീവിതത്തിന്റെ സഞ്ചാരപഥങ്ങളിൽ പൂർവികർ പ്രിയപ്പെട്ടവർക്കായി ഉയർത്തുകയും ഉപേക്ഷിച്ചുപോവുകയുംചെയ്ത പ്രാക്​തന സ്മരണകളുടെ സ്ഥൂലരൂപങ്ങളാണിവ. ചരിത്രമില്ലാത്തവരുടെ ചരിത്രം. ചരിത്രത്തിലിടമില്ലാത്തവരുടെ ഭാഷയാണിത്. നിരക്ഷരരുടെ അ​ക്ഷരങ്ങളും അക്കങ്ങളും. കാലാതീതമായ കാലമെ​​േന്നാ കാലമില്ലാത്തവരു​ടെ കാലമെന്നോ പറയാം.

ബാല്യകാലത്ത് ഞാൻ കണ്ട ഏറ്റവും മുതിർന്ന മനുഷ്യൻ അമ്മയുടെ മുത്തച്ഛനാണ്. കോന്നൻ. പാറേൽ മുത്തൻ. സംസ്കൃത മനുഷ്യൻ ചരിത്രത്തിന്റെ പിന്നിലേക്ക് വലിച്ചെറിഞ്ഞ് കടന്നുപോയ മനുഷ്യാവസ്ഥയുടെ പ്രാഗ്​ രൂപം. കൗപീനധാരിയായ കൃശഗാത്രനായൊരു ചെമ്പൻമുടിക്കാരൻ. മേലാകെ ചുളിവുകൾ വീണിരുന്നു. ശാന്തമായ ഭാവം. അവശ്യ ഭാഷണം. മക്കളും പേരമക്കളും സഹോദരങ്ങളുമുണ്ടെങ്കിലും അവരിൽനിന്നെല്ലാം വിളിപ്പാടുകൾക്ക​കലെ ഒറ്റയാനായി. വിസ്തൃതമായൊരു പാറക്കും ഗുഹക്കും വറ്റാത്ത നീരുറവക്കുമരികെ തന്നെപ്പോലെ വൃദ്ധനായൊരു വൻ മരത്തിന്റെ ചുവട്ടിൽ എട്ടു പത്തടി നീളത്തിൽ, നിലത്തു നാട്ടിയ ആറ് തൂണുകളിൽ, ഈറ്റയിലകൊണ്ട് മേഞ്ഞ് മുളം തൈതൽ ​െകാണ്ട് മറച്ചും പാർക്കാനൊരു പന്തൽ. അടുക്കളയും കിടപ്പുമുറിയും ഒന്നുതന്നെ. നിലത്തുനിന്ന് മൂന്നു നാലടി ഉയരത്തിൽ തൈതൽ വിരി​ച്ചൊരു തട്ട് നിദ്രക്കും വിശ്രമത്തിനും. വെള്ളമെടുക്കാൻ മുളങ്കുറ്റി. പാചകത്തിനൊരലുമിനിയം പാത്രം. വിളമ്പാൻ വെള്ള പൂശിയൊരിരുമ്പു പാത്രം. വർഷകാലമായാൽ തീയണക്കാറില്ല. തീ കൊളുത്താൻ വെള്ളാരംകല്ലും ഉരുക്കു കഷണവും. കൂട്ടിനൊരു വെട്ടുകത്തി. അടുത്ത തലമുറ കൃഷിയിലേക്ക് ചുവടുമാറ്റിയെങ്കിലും അറിഞ്ഞ മട്ടില്ല. കാടനക്കാത്ത ജീവിതം.

എന്റെ മുതുമുത്തശ്ശി, അമ്മയുടെ അമ്മയുടെ അമ്മ തേവിയാണ് പൂർവ സംസ്കൃതിയുടെ അറ്റുതീരാത്ത കണ്ണിയായി ഞാൻ കണ്ട ഏറ്റവും മുതിർന്ന സ്ത്രീ. കുറിയ ശരീരം, ബ്രൗൺകളർ, ബ്രൗൺ കണ്ണുകൾ, തടിച്ച വിരലുകൾ, വിടർന്ന കാൽപ്പത്തി, കാലിലെ മസിലുകൾ, കഴുത്തിലൊരു തുണി, അരക്കുതാഴെ മുട്ടോളമെത്തുന്ന മേൽവസ്ത്രം, തേച്ചുമിനുക്കി അരയോടൊപ്പം ചേർത്തുവെച്ചൊരു കുഞ്ഞരിവാൾ, തൂങ്ങിക്കിടക്കുന്ന മുലകൾക്കിടയിൽ കുറെ കല്ലുമാലകൾ, നിരന്തരം ചലിക്കുന്ന നാവ് –പാറേമൂത്തനിൽനിന്ന് വ്യത്യസ്തയായി തേവിമുത്തി. ഭർത്താവ് മരണമടഞ്ഞപ്പോൾ മക്കളും സഹോദരിയും അവരുടെ മക്കളുമൊത്തായിരുന്നു താമസം.

ഭർത്താവിന്റെ വീട് മേത്തൊട്ടിയിലായിരുന്നു. എലി പിടിക്കാൻ മാളത്തിൽ കയറിയ വിഷപ്പാമ്പിന്റെ പിന്നാലെ മാളം തുരന്നു കൈയിട്ട അനിയത്തി പാമ്പുകടിയേറ്റ് മരിച്ചു. മുത്തിയുടെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം ഉപ്പുകുന്നിലും ചെപ്പുക്കുളത്തും വെണ്ണിയാനിയുമൊക്കെയാണ് താമസം. ഭർത്തൃമതിയായിരുന്ന തന്റെ മകളെ ഭർത്താവ് മരിച്ചപ്പോൾ മുത്തി നാളിയാനി കോടിക്കല്ലിലെ കോന്നൻ മുത്തന്റെ മൂത്ത മകൻ കടുത്തക്ക് കല്യാണം ചെയ്തുകൊടുത്തു. നാളിയാനിയുടെ കാവൽക്കാരനെപ്പോലെ ഉയർന്നുനിൽക്കുന്ന പർവതനിരയിൽ വിണ്ടുകീറി, തലയുയർത്തി നിൽക്കുന്ന കോടിക്കല്ലിന് തൊട്ടുതൊട്ടില്ലാ എന്ന മട്ടിലാണ് കടുത്തയുടെയും അവിവാഹിതനായ ഏക സഹോദരൻ ചാരന്റെയും വീട്. കൂവക്കണ്ടത്തിന്റെ മേൽഭാഗത്ത്. ജന്മം കുന്നുംകുടിയിലാണെങ്കിലും എന്റെ ബാല്യകാലത്തിന്റെ നല്ലൊരു അംശം ഈ വീട്ടിലായിരുന്നു.

തേവിമുത്തിയുടെ മകൻ കോടിക്കല്ലിൽ കടുത്ത വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് അമ്മയില്ലാത്ത രണ്ട് പെൺമക്കളുണ്ടായിരുന്നു. ചെറിയയെ അവരുടെ അമ്മവീടായിരുന്ന ഇടക്കുന്നത്ത് അമ്മാവന്മാരോടൊപ്പം താമസിക്കുകയും അവിടെതന്നെ രണ്ടുപേരും വിവാഹിതരാകുകയുംചെയ്തു. രണ്ടാം വിവാഹത്തിനൊരുങ്ങിയ കടുത്തയോടൊപ്പം ജീവിക്കാൻ ഒരുങ്ങിയെത്തുമ്പോൾ ചെറിയയോടൊപ്പം ആണും പെണ്ണുമായി ആറു മക്കളുണ്ടായിരുന്നു. ഇത്തരം വിവാഹങ്ങൾ തേവിയുടെ​ ഗോത്രത്തിന് അന്യമായിരുന്നില്ല. പ്രകൃതി വരുത്തുന്ന വംശനാശത്തോളം വിനാശകരമായ ദുരന്തങ്ങളെ അവർ മറികടന്നത് ഇങ്ങനെയെല്ലാമാണ്. കടുത്ത, കോത, വെള്ളാൻ, തേവി, ചാമൻ, നീലി എന്നിവരായിരുന്നു ചെറിയയുടെ മക്കൾ. രണ്ടാം വിവാഹത്തിൽ കടുത്തയുടെ രണ്ട് ആൺമക്കൾകൂടി ഉണ്ടായി. കൊലുമ്പനും ചന്ദ്രനും. ചന്ദ്രൻ അമ്മാവൻ എന്റെ സമപ്രായക്കാരനായിരുന്നു. ഈയിടെയാണ് മരണമടഞ്ഞത്. നെല്ലുകുത്തുമ്പോൾ എല്ലാ വൈകുന്നേരങ്ങളിലും തുണിയിൽ പൊതിഞ്ഞ അരിയുമായി പാറേമുത്തി​ന്റെ പന്തലിലേക്ക് പായുന്നത് ഞങ്ങളായിരുന്നു.

നാലഞ്ച് കിലോമീറ്ററുകൾക്കു താഴെ കൂവക്കണ്ടത്ത് കൊന്നൻ മുത്തന്റെ സഹോദരനായ പറക്കാനം ചാമനും മക്കൾക്കുമൊപ്പം കടുത്തയ്ക്കും ചാരനും നെൽപ്പാടമുണ്ടായിരുന്നു. ആ പാടത്തെ ​െചളിവെള്ളത്തിൽ നീരാടിയ ഓർമകൾ മായാതെ മനസ്സിൽ ഇന്നുമുണ്ട്. എല്ലായിടത്തും ഒരുപോലെ കുളിക്കാൻ സമ്മതമുണ്ടായിരുന്നില്ല. ചിലയിടങ്ങളിൽ ചളി കൊളങ്ങി മുതിർന്നവരുടെ മുട്ടിനു മുകൾപോലും മുങ്ങിയിരുന്നു. എന്റെ ഇളംമനസ്സിൽപോലും കുലച്ചുപൂത്തുനിൽക്കുന്നതും കായ്ഫലം നൽകുന്നതുമായ നിരവധി തെങ്ങുകളും കവുങ്ങുകളും പ്ലാവുകളും മാവുകളുമുള്ള കര ഭൂമിയുമുണ്ടായിരുന്നു. കോന്നൻ മുത്തന്റെ സഹോദരനായ പറക്കാനം ചാമൻ മുത്തനും മക്കൾക്കും സമാനമായി വയലും കരകൃഷിയുമുണ്ടായിരുന്നു.

ഇളയ സഹോദരൻ കൊലുമ്പനും കൂവക്കണ്ടത്തിൽ കരഭൂമിയിൽ കൃഷിയുണ്ടായിരുന്നുവെങ്കിലും വയൽകൃഷിയിലേക്ക് വന്നില്ല. കോഴിപ്പള്ളിയുടെ അടിവാരത്ത് കരകൃഷിയിലായിരുന്നു താൽപര്യം. രണ്ട് ജീവിതദർശനങ്ങളിലും കാഴ്ചപ്പാടുകളിലുമായിരുന്നുവെങ്കിലും കോന്നനും അദ്ദേഹത്തിന്റെ സഹോദരങ്ങളും അവരുടെ മക്കളും പേരമക്കളുമാണ് നാളിയാനിയിൽ പ്രകൃതിനിർധാരണത്തെ അൽപമെങ്കിലും മറികടന്ന് എണ്ണത്തിലെങ്കിലും ഊരാളി ഗോത്രത്തെ വളർത്തിയത്. കാടിനെ മാത്രം ആശ്രയിച്ച് ഭക്ഷ്യവിഭവങ്ങൾ ശേഖരിക്കുകയും നിലനിന്നുപോരുകയും ചെയ്ത സമൂഹത്തെ ജീവിതോപാധികളുടെ പുതിയൊരു സമ്പാദനരീതിയിലേക്കും കാർഷികവൃത്തിയിലേക്കും സ്ഥിരവാസത്തിലേക്കും കൊണ്ടുപോയത് ഇവരായിരുന്നു. ഈ ജൈവ പരിണാമത്തിന് സാക്ഷിയാകാൻ കഴിഞ്ഞുവെന്നതായിരുന്നു എന്റെ ബാല്യകാല ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

തേവി മുത്തി മേത്തെട്ടി കുന്നിറങ്ങി കൂവക്കണ്ടത്തെത്തി, ചാഞ്ഞ നടപ്പാതയിലൂടെ ചെറിയയെയും മക്കളെയും പേരമക്കളെയും കാണാൻ നാളിയാനി മലകയറും. ഞാൻ കുന്നംമല കയറുമെന്നു​റപ്പായപ്പോൾ മൂത്ത ചെറുമക്കളിൽ ഒരാളായ എന്റെ അമ്മ കോതയെ കാണാൻ എന്നെയും കൂട്ടി കുന്നംമലക്കു തിരിക്കും. അമ്മയുടെ വിവാഹപ്രായത്തെപ്പറ്റി മുത്തി പറഞ്ഞത് മാറാപ്പുകെട്ടിയാണ് കുന്നംമല കയറിയതെന്നാണ്. മുത്തി​യോടൊപ്പമുള്ള യാത്ര സുഗമമായിരുന്നില്ല. പാതകൾ സുരക്ഷിതമല്ല. പാതകൾ നിർമിക്കുന്നതും സഞ്ചരിക്കുന്ന മനുഷ്യ​നാണെങ്കിലും പ്രകൃതി പെരുമഴയായെത്തി അവന്റെ പാതകൾ കുത്തിയൊലിപ്പിച്ച് കൂർത്തുമൂർത്ത വെള്ളാരംകല്ലുകൾ പുറത്തുകൊണ്ടുവരും. കട്ടിപിടിച്ച തഴമ്പുള്ള കാൽപാദങ്ങൾക്കേ പിടിച്ചുനിൽക്കാനാകൂ. നാളിയാനി സ്കൂൾ കഴിഞ്ഞ് തേവരു പാറയിലേക്കുള്ള മലയിറക്കം തുടങ്ങുമ്പോൾതന്നെ ഈ വെള്ളാരംകല്ലുകൾക്ക് മുകളിലൂടെ വേണം നടക്കാൻ.

എന്നെ മുന്നിൽ നിർത്തി പാതയുടെ അരികിലെ മണ്ണിലൂടെ ചെടികളും കരിയിലകളും ചവിട്ടി മുത്തി നടക്കും. പൊട്ടിത്തെറിച്ചുകിടക്കുന്ന ഇരുവിൾ വിത്തുകൾ കിരുകിരാ കടിച്ചുപൊട്ടിച്ച് തിന്നുന്നതിന് തടസ്സം നിൽക്കില്ല. ഈ യാത്രയിൽ മുത്തി കല്ലും മുള്ളും നിറഞ്ഞ കാടുകളെക്കുറിച്ചും അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും വിഷച്ചെടികളെയും വിഷപ്പൂക്കളെയും വിഷക്കായ്കളെയും വിഷക്കൂണുകളെയും വിഷജന്തുക്കളെയും വിഷ ജീവികളെയും കുറിച്ചെല്ലാം പറഞ്ഞുകൊണ്ടിരിക്കും. വായിൽ കടിക്കാത്തതെന്തും തിന്നാമെന്ന ഭക്ഷ്യസിദ്ധാന്തം പറയും. കാട്ടിലൂടെ എങ്ങനെ സഞ്ചരിക്കണമെന്ന് ബാലപാഠം എന്നെ പഠിപ്പിച്ച കാരണവന്മാർക്കിടയിൽ ഏറ്റവും മുതിർന്ന വ്യക്തി തേവി മുത്തിയായിരുന്നു. കാട് എന്റെ പാഠശാലയായി. തേവി മുത്തി അധ്യാപികയും. ഗുരുദക്ഷിണയോ പാദനമസ്കാരമോ വേണ്ടാത്ത അധ്യാപിക. അവരുടെ പൂർവികർ വായുവിന്റെയും വെള്ളത്തിന്റെയും ഗതിവിഗതികളും പോക്കുവരവുകളും പഠിച്ചതും കാലഗണന നടത്തിയതുമെല്ലാം പ്രകൃതിയിൽനിന്നാണ്. പ്രകൃതിയിൽനിന്നാണവർ ഭക്ഷണത്തിന്റെ യോഗ്യതയും അയോഗ്യതയും പഠിച്ചത്. പ്രകൃതിയായിരുന്നു അവരുടെ പാഠശാല.

തേവരുപാറ ആറ്റിലിറങ്ങി ​ൈകയും മുഖവും കഴുകി വയറു നിറച്ച് വെള്ളം കുടിച്ച് തോന്നിയാൽ കുളിച്ചുണക്കി ആറു കടക്കുന്നതാണ് പൊതുരീതി. ഒരിക്കൽ കുഞ്ഞമ്മ നീലിയോടൊപ്പം കുളിക്കാനിറങ്ങി വിലക്കപ്പെട്ട ഇടത്തേക്ക് തെന്നിമാറി മുങ്ങി പേടിച്ച അനുഭവം മായാതെ മനസ്സിലുണ്ട്. വർഷകാലത്ത് അലറിപ്പാഞ്ഞും വേനൽക്കാലത്ത് വറ്റിവരണ്ട് ശാന്തമായും ഒഴുകുന്ന പ്രകൃതം. ഉറവകൾ വറ്റുകയും നീരൊഴുക്ക് കുറയുകയും ചെയ്യുമ്പോൾ അനിവാര്യമാകുന്ന പ്രകൃതി നിശ്ചയം. വർഷകാലത്ത് അലറിപ്പാഞ്ഞു വരുന്ന തേവരുപാറയാർ മുളപ്പാലങ്ങൾ എടുത്തുകൊണ്ടുപോയ അനുഭവങ്ങളുണ്ട്. വിടർന്നുകിടക്കുന്ന വൻമരത്തിൻ തടികൊണ്ടും മരംകൊണ്ടും കൈവുരി കെട്ടി പാത മാറുകയേ വഴിയുള്ളൂ. മുത്തിയുരുണയിൽനിന്നും ഇല്ലിക്കാട്ടിൽനിന്നും കുന്നുംമലയിൽനിന്നും നാളിയാനിയിൽനിന്നും കോഴിപ്പള്ളിയിൽനിന്നും വട്ടക്കണ്ണിയിൽനിന്നുമെല്ലാം കുത്തിയൊലിച്ചുവരുന്ന വെള്ളമാണ്. തേവരുപാറക്ക് തൊട്ടു​താഴെ പെലയൻ ചാലുണ്ട്. കലിപൂണ്ടുവരുന്ന തന്നെ മറികടക്കാൻ സാഹസം കാണിച്ച പെലയനെ കുരുതിയെറിഞ്ഞു കൊണ്ടുപോയ പെലയൻ ചാൽ. വേനൽക്കാലമായാൽ സ്ഥിതി മാറി. ഉറവകൾ വറ്റി നീരൊഴുക്ക് കുറഞ്ഞു. ആറ് ശാന്തമാവും. കുന്നുംമലയുടെ താഴ്വരയാണ് തേവരുപാറ.

തേവരുപാറക്കും മുത്തിക്കൊരു ഭാഷ്യമുണ്ട്. കേട്ടറിവുകളിലും നേരറിവുകളിലും പൊതിഞ്ഞ ഭാഷ്യം. തേവരുപാറ തേവന്റെ മണ്ണാണ്.​ തേവൻ തന്റെ ഗോത്രക്കാരനാണ്. ഊരാളി. മുത്തിയുടെ ഗോത്രനാമങ്ങൾ കടുത്ത സ്വാമിയിലും നീലിമലയിലും കാണാം. നിരപ്പായ മണ്ണാണ്. മുമ്പേ പോയവർ കാടുവെട്ടിയും തീയിട്ടും വിത്തെറിഞ്ഞും വിളവെടുത്തും ഇവിടെ പാർത്തിരുന്നു. കാർഷികവൃത്തി മുഖ്യജീവിതോപാധിയായി മാറുകയോ സ്ഥിരവാസം ഉറപ്പാക്കുകയോ ചെയ്യാത്ത ഊരാളി ഗോത്രക്കാർ ഒരിക്കൽ കൃഷിചെയ്ത മണ്ണിൽ ഒരിക്കൽകൂടി കൃഷിചെയ്ത് അടുത്ത കൃഷിയിടത്തേക്ക് ചുവടുമാറ്റും.

മാറ്റകൃഷി സമ്പ്രദായമാണിത്. ഇന്ന് തേവരുപാറ വെറുമൊരു പാറയാണ്. നാഗരികതയുടെ അധിനിവേശമാണിത്. ഹിന്ദു മേൽകോയ്മയുടെയും. ഗോത്ര സമൂഹങ്ങൾക്കിടയിൽ ജാതിയുടെ വിഷവിത്തുകൾ വളർന്നുതുടങ്ങി. അത് സാധ്യമാക്കിയതാകട്ടെ ഊരാളി ഗോത്രത്തേക്കാൾ ഏറെ മുന്നിലുള്ള മല അരയ ഗോത്രത്തിലെ വിദ്യാസമ്പന്നരിലൂടെ. കുന്നുംമല കയറ്റത്തിന് തേവരുപാറയിൽ ഒന്നു രണ്ട് പാതകളുണ്ട്. ഒന്ന് നേരിട്ടുള്ള മലകയറ്റം. മറ്റൊന്ന് ചില മല അരയ വീടുകളെ വിളിച്ചുണർത്തി ചരിഞ്ഞും കുത്തനെയുമുള്ള മലകയറ്റം. വഴിയിൽ പലയിടത്തും വിരൽചൂണ്ടി മുത്തി പറയും. ഊരാളിമാരുടേതായിരുന്നു ഈ മണ്ണ്. കല്ലുകളാണ് മാറാത്ത സാക്ഷ്യം. ഈ ഭൂമിയെല്ലാമിന്ന് മല അരയന്മാരുടെ സ്വത്താണ്. അസമമായ ഗോത്ര വികാസത്തിന്റെ സൂചകമാണിത്. അധിനിവേശത്തിന്റെ ചരിത്രവും തുടങ്ങുന്നു.

എന്നെ ഇടക്കിടക്ക് കുന്നുംമലക്ക് കൊണ്ടുപോയത് ചാ​രൻ മുത്തനാണ്. മേൽവസ്ത്രമില്ല. മുട്ടിനു താഴെ വരെ മാത്രം വസ്ത്രം. ഉടുതുണിയേക്കാൾ വലിയൊരു തുണിഞൊറിഞ്ഞ് തലമൂടിയൊരു കെട്ട്. ഭക്ഷണത്തിനായി കിട്ടുന്നതെന്തും പൂണ്ടുകൊണ്ടുപോകുന്നത് ഈ തലക്കെട്ടിലാണ്. പുതക്കുന്നതും. മുത്തന്റെ പുതപ്പിനുള്ളിലായിരുന്നു രാത്രികാലങ്ങളിൽ എന്റെ ഉറക്കം. പാതകൾക്കനുസരിച്ച പാദങ്ങൾ ഉള്ളവരിലൊരാളാണ് ചാരൻ മുത്തൻ. കോടിക്കല്ലിലെ വീട്ടിൽനിന്നിറങ്ങുമ്പോൾതന്നെ പാറേമുത്തന്റെ പാറയിൽനിന്ന് കുന്നംകുടിയിലെ വീടിനെ ലക്ഷ്യംവെച്ച് മുത്തൻ അലറിവിളിച്ചുപറയും. ‘‘കോതേ കടുത്ത വരുന്നേ.’’ കുന്നംകാര് വിളികേട്ടെന്നാണ് മുത്തന്റെ വിശ്വാസം. വിളിച്ചത് കേട്ടില്ലായിരുന്നൊയെന്ന് വീട്ടിലെത്തുമ്പോഴെ, ചോദിക്കും. മുത്തന് ‘പടവായൻ ചാരൻ’ എന്നൊരു വിളിപ്പേരുമുണ്ട്. സ്കൂൾ കഴിഞ്ഞ് മലയിറങ്ങാൻ തുടങ്ങുമ്പോൾതന്നെ ഞാൻ തോളിൽ കയറും. നിരപ്പുകാണുന്നിടത്തേ ഇറങ്ങൂ.

തേവരുപാറയുടെ നിരപ്പ് അവസാനിക്കുന്നിടത്ത് കുന്നംമലയുടെ കയറ്റം തുടങ്ങും. വെലുത്താനംതണ്ടിനെ പകുത്തുമാറ്റിയാണ് പുതുപാത. അത്ര എളുപ്പമുള്ളതല്ലെങ്കിലും മുത്തന്റെ വഴി ഇതാണ്. പാതയെ മൂടിവരിഞ്ഞുകെട്ടുന്ന, ദേഹം വരിഞ്ഞുകീറുന്ന പാറമ്പുല്ലും സൂചിമുളയുള്ള എഴുകുപുല്ലും തള്ളിയും വകഞ്ഞുമാറ്റിയും ചവിട്ടിയും വേണം മലകയറാൻ. എങ്കിലും മുത്തന് എന്നെയും തോളിൽ കയറ്റി വെലുത്തനംതണ്ടു കയറാനാണ് ഇഷ്ടം. എളുപ്പമാണു താനും. രണ്ടിടത്തേ വിശ്രമമുള്ളൂ. തണ്ടു കയറിയെത്തുന്നവർക്ക് തണൽ വിരിച്ചുനിൽക്കുന്ന ഈട്ടിമരങ്ങളുടെ ചുവട്ടിൽ ഇരിക്കാൻ കരിങ്കല്ലുകൾ ഉണ്ട്. പിന്നെ ചരിഞ്ഞ കയറ്റമാണ്. ആന നിന്നാൽ കാണാനാവാത്ത വലിപ്പത്തിൽ തലയുയർത്തി നിൽക്കുന്ന ഒറ്റയാൻ തേക്കിന്റെ ചുവട്ടിലാണ് അടുത്ത വിശ്രമം.

ഒന്നൊന്നര കിലോമീറ്റർ നടന്നാൽ വീടായി. വീട്ടിൽനിന്ന് മടങ്ങുമ്പോൾ മുത്തന്റെ തലക്കെട്ട് മാറാപ്പാകും. കപ്പയോ ചക്കയോ ചേമ്പോ എന്തുമാകാം. കോടിക്കല്ലിലെ ഭക്ഷ്യവകുപ്പിന്റെ ചുമതലക്കാരനാണ്. സന്ധ്യയാകുമ്പോൾ കോടിക്കല്ലിനപ്പുറത്തുനിന്ന് കാട്ടാനകളുടെ അലർച്ച കേൾക്കാം. ഞങ്ങളുടെ സാന്നിധ്യമറിയിക്കാമെന്നല്ലാതെ മലയിറങ്ങാൻ കഴിയില്ല. മുത്തിയുരുണ്ടയിലെ പാറക്കല്ലുകളിൽ കൊളുത്തി കോടിക്കല്ലിനും കോഴിപ്പള്ളിക്കും പുത്തടത്തിനും സുരക്ഷയേർപ്പെടുത്തി പൊട്ടൻപടിയിലെ പാറക്കെട്ടുകളിൽ ഇടിച്ചുകയറി രൂപംകൊണ്ട പാറക്കെട്ടുകളുടെ ശൃംഖലിതമായൊരു ഭിത്തിയാണ് തടസ്സം. ചീവിടിന്റെ ചിറകടികൊണ്ട് ഭൂമി ത്രസിക്കും.

വേനൽമഴ പെയ്താൽ മുറ്റം നിറയെ ഈയലുകൾകൊണ്ട് നിറയും. ഉ​യ​ർ​ന്നു​പ​റ​ക്കാ​ൻ നോ​ക്കി ചി​റ​ക​റ്റ് നി​ലം പ​തി​ക്കും. നൈ​മി​ഷി​ക​മാ​യ ജീ​വി​ത​ത്തി​ന്റെ ഓ​ർ​മ​പ്പെ​ടു​ത്തൽ, ചി​ല​ർ ഈ​യ​ലു​ക​ളെ വ​റു​ത്തു​​തി​ന്നും. രാത്രിയാകുമ്പോൾ വാനമ്പാടികളുടെ സംഗീതമുണരുന്നു. മല അരയൻമാർ മുമ്പുതന്നെ ഹിന്ദുക്കളും ക്രൈസ്തവരുമായി ജാതിവത്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മലയാറായന്മാർ ബഹുസ്വരമുയർത്തി അന്തരീക്ഷം തങ്ങളുടേതാക്കി മാറ്റും. ഓരോ പ്രഭാതവും ഉണരുന്നത് കാട്ടുകോഴികളുടെ കൂവൽ ​കേട്ടാണ്. മുളങ്കാടുകളാണ് അവയുടെ ആവാസകേന്ദ്രം. ഒപ്പം കുടുക്കകളുടെ നാദവുമുണ്ട്. പിന്നാലെ ചൂളംവിളിച്ചുകൊണ്ട് ചൂളി എത്തും. കാട്ടിലെ കറുത്ത സുന്ദരിയാണ് ചൂളി. പിന്നെ പലതരത്തിലും വലിപ്പത്തിലും നിറത്തിലുമുള്ള പക്ഷികൾ ചിലമ്പിയെത്തും. കുരുവികളും മരംകൊത്തികളും കാട്ടുതത്തയും ഉപ്പനും ഇഞ്ചക്കോഴിയും തുത്തുകുലുക്കിയും ച​ക്ക​യു​ടെ കാ​ല​ത്ത് ‘ച​ക്ക​ക്കു​പ്പു​ണ്ടോ’ എ​ന്ന് ചോ​ദി​ച്ച് എ​ത്തു​ന്ന വി​ഷു​പ്പക്ഷി​യും വ​ള​കി​ലു​ക്കി​യും ചി​ല്ല​നും മഞ്ഞകുടുക്കയും കൂട്ടമായെത്തുന്ന കരിയിലപ്പടയും എല്ലാവർക്കും മുകളിൽ എന്തിനെയും കൊത്തിക്കീറി തിന്നാൻ വായ് പിളർന്നെത്തുന്ന പരുന്തും.

മരങ്ങൾ കയറിയിറങ്ങി ചാടിനടക്കുന്ന അണ്ണാനും ഗുഹകളിലും മാളങ്ങളിലും മരപ്പൊത്തുകളിലും കഴിഞ്ഞിരുന്ന മൃഗങ്ങളും ഇഴജന്തുക്കളെുമെല്ലാം സ്വൈര സഞ്ചാരത്തിനിറങ്ങും. രാത്രി കു​റു​ക്ക​ന്റെ കൂ​വ​ലും. സസ്യജാലങ്ങൾ പൂത്തുലയുന്നതും കായ്കനികൾ വിളയുന്നതും തങ്ങൾക്കുവേണ്ടിയാണെന്ന മട്ടിലാണ് ചിലർ. വേനൽക്കാലത്ത് കരുതിവെച്ചവ തീരുമ്പോൾ ദാരിദ്ര്യവും വറുതിയും കുടികളിലെ മനുഷ്യരെ കാടുകളിലേക്ക് വലിച്ചടുപ്പിക്കും. പാകമായി തുടങ്ങിയ കാട്ടുകിഴങ്ങും നൂറോനും കുയലയുമാണ് ലക്ഷ്യം. ചവർപ്പാണെങ്കിലും ചോകോനെയും ഉപേക്ഷിക്കില്ല. എല്ലാവർക്കും അവരവരുടെ ഭാഷയുണ്ട്. എല്ലാ ബന്ധങ്ങളുടെയും പ്രഭവകേന്ദ്രം. വംശങ്ങളുടെ നിലനിൽപിന്റെയും അതിജീവനത്തിന്റെയും പ്രശ്നമുണ്ട്. വർഷകാലവും ശൈത്യകാലവും പിന്മാറിയതിനെ ആഘോഷിക്കുകയാണവർ. വസന്തമായി. ഈ ഭൂമി മനുഷ്യന്റേതല്ലെന്ന് തോന്നുന്ന നിമിഷം.

സ്വതന്ത്ര ഇന്ത്യയിലായിരുന്നു എന്റെ ജന്മം. രാഷ്ട്രശിൽപികൾ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവും ധാർമികവുമായി രാജ്യത്തെ പുനർനിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ. സ്വാതന്ത്ര്യത്തോടകലം പാലിച്ച ഹിന്ദുരാജ്യമായ തിരുവിതാംകൂറിന്റെ പശ്ചിമഘട്ടത്തിൽ, ഇപ്പോൾ തൊടുപുഴ താലൂക്കിൽപെട്ട വെള്ളിയാമറ്റം വില്ലേജിലെ ഒരു മലമടക്കിൽ. മുത്തിയുരുണ്ടനിന്ന്, കുന്നംകുടിയിൽനിന്ന് കാണാവുന്ന മൂലക്കാടും ചെപ്പുകുളവും വെണ്ണിയാനിയും പെരിങ്ങാശ്ശേരിയും ചേർന്ന്‍ വൃക്ഷലതാദികൾ ചിത്രം വരക്കുന്ന ഒരു മരനിരക്കുള്ളിൽ. വേനൽക്കാലമായാൽ വ്യാപകമായി തീയും പുകയും കാണാം. പ്രത്യേകിച്ചും കുംഭം-മീനം മാസങ്ങളിൽ. കാർഷികാവശ്യങ്ങൾക്കുവേണ്ടി മാത്രമല്ല, കൗതുകത്തിനും തീയിടുന്നവരുണ്ട്. ഈ മലമടക്കിന്റെ വിശാലമായ കവാടമായി തെക്കുവടക്കോട്ട് ചാഞ്ഞ് വെള്ളിയാമറ്റവും ഇളംദേശവും കലയത്താനിയും കണ്ണെത്താവുന്ന ദൂരത്തിൽ നിലനിൽക്കുന്നു.

കുന്നംമലയിലേക്ക് മഴയും മഞ്ഞും തണുപ്പുമെല്ലാം എത്തിച്ചേരുന്നത് ഈ കവാടത്തിലൂടെയാണ്. അത് മുൻകൂട്ടി കണ്ടറിഞ്ഞ് കുടിയിലുള്ളവർ സുരക്ഷയൊരുക്കും. വേനൽമഴ തുടങ്ങുമ്പോൾ ഈ മലയിടുക്ക് ഇടിമുഴക്കത്തിന്റെയും മിന്നലിന്റെയും കേന്ദ്രങ്ങളിലൊന്നായി മാറും. ഇന്നും തുടരുന്നൊരു പ്രതിഭാസം. പോതുള്ള മരങ്ങൾ ഇടിവെട്ടലിൽ വെന്തുനീറുന്നത് കണ്ടിട്ടുണ്ട്. ഈ മലയിടുക്കിൽനിന്ന് ഉദ്ഭവിക്കുന്ന ഉറവകളും നീർച്ചാലുകളും തോടുകളും അരുവികളും തേവരുപാറ ആറായും പന്നിമറ്റം തൊടുപുഴ മൂവാറ്റുപുഴ ആറുകളായും വളർന്ന് കാലവർഷം കനക്കുമ്പോൾ കൂലംകുത്തി​ ഒഴുകി​ വൈക്കം കായലിൽ സന്ധിക്കുന്നു. ഈ മലയിടുക്കിൽ, കുന്നംകുടിയിൽ, ഊരാളി ഗോത്രത്തിൽ കുന്നത്തു മാണിക്കന്റെയും കോതയുടെയും മൂത്ത മകനായിട്ടായിരുന്നു എന്റെ ജനനം.

ഓർമയില്ലാത്ത കാലത്തുതന്നെ അപ്പൻ നഷ്ടപ്പെട്ട ജന്മങ്ങളിൽ ഒന്നായിരുന്നു എന്റേത്. യൗവനത്തിലേക്ക് ചുവടുവെക്കുമ്പോൾതന്നെ പ്രകൃതി അപ്പന്റെ ജീവൻ തിരിച്ചെടുത്തു. ഓലിയിൽ കുളിക്കുമ്പോൾ അപ്പന്റെ തലയിലൊഴിക്കുന്ന വെള്ളം കാൽച്ചുവട്ടിൽ നിൽക്കുന്ന എന്റെ തലയിലേക്ക് പതിക്കുന്നതിൽ തുള്ളിച്ചാടുന്ന മങ്ങിയ ഒരോർമ മാത്രം. ഉള്ളതെല്ലാം കുടുംബാംഗങ്ങളും മറ്റുള്ളവരും പറഞ്ഞുകേട്ട ഓർമകളാണ്. ചില ലിഖിത സാക്ഷ്യങ്ങളുമുണ്ട്. അപ്പൻ വേർപിരിയുമ്പോൾ അമ്മ ഗർഭിണിയായിരുന്നു. ഗർഭിണിയായ അമ്മയെ കാരണവന്മാർ അപ്പന്റെ മച്ചുനനായ കൊലുമ്പന് പുനർവിവാഹം കഴിച്ചുകൊടുത്തു. ഗോത്രത്തിലെ വിളിമുറയനുസരിച്ച് കൊലുമ്പൻ എനിക്ക് അച്ഛനായിരുന്നു. എന്നെയും അപ്പന്റെ എട്ടു പത്തേക്കർ കൃഷിയിടത്തിന്റെയും സംരക്ഷണവും സുരക്ഷയും അച്ഛനെ ഏൽപിച്ചു. നാളിയാനി മുത്തിയും മുത്തനും അവരോടൊപ്പം എന്നെയും കൊണ്ടുപോയി.

ആയിടക്കാണ് പൂച്ചപ്ര നാളിയാനി കരിപ്പലങ്ങാട് സർക്കാർ ട്രൈബൽ എൽ.പി സ്കൂളുകൾ നിലവിൽവന്നത്. പൂച്ചപ്രയും നാളിയാനിയും വെള്ളിയാമറ്റം വില്ലേജിലും കരിപ്പിലങ്ങാട് അറക്കുളം വില്ലേജിലുമായിരുന്നു. 1952ലാണ് ഈ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത്. തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോണിന്റെ മന്ത്രിസഭയിലെ ആദ്യത്തെ പട്ടികജാതി പട്ടികവർഗ വകുപ്പിൽനിന്നുള്ള മന്ത്രി കുഞ്ഞുകുട്ടനാണ് നാളിയാനി സ്കൂൾ ഉദ്ഘാടനംചെയ്തത്. ഈ ചടങ്ങിൽ കൗപീനധാരിയായ കോന്നൻ മുത്തനുമുണ്ടായിരുന്നു. ഏറെക്കാലം കോടിക്കല്ലിലെ കുടുംബവീട്ടിൽ ഈ ചടങ്ങിന്റെ ഫോട്ടോ ഉണ്ടായിരുന്നു. ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി 1955ൽ എന്നെ ചേർത്തത്. ആശാൻ കളരിയും കുടിപ്പള്ളിക്കൂടവും കഴിഞ്ഞാണ് എല്ലാവരും പള്ളിക്കൂടത്തിൽ എത്തിയിരുന്നത്. കൂമ്പക്കല്ലിൽ മുണ്ടൻ ആയിരുന്നു എന്റെ കളരി ആശാൻ. ഇളയ അമ്മാവനായ ചന്ദ്രനും ആശാന്റെ മൂത്ത പേരക്കുട്ടിയായ ഉണ്ണികൃഷ്ണനും കളരിയിലെ എന്റെ സഹപാഠികളായിരുന്നു. അക്ഷരാഭ്യാസം നേടാനായ മല അരയന്മാരാണ് ഈ കളരികളും കുടിപ്പള്ളിക്കൂടങ്ങളും നടത്തിയിരുന്നത്. ഉൗരാളിമാർ നിരക്ഷരരായിരിക്കുമ്പോൾ ക്രിസ്ത്യാനികളും ഹിന്ദുക്കളുമായ അരയന്മാർ അക്ഷരത്തിന്റെ ലോകത്ത് ഒരു നൂറ്റാണ്ട് പിന്നിട്ടിരുന്നു. ഇന്നും തുടരുന്ന അന്തരമാണിത്. ആശാൻ കളരിയിൽനിന്ന് 1955ലാണ് എന്നെ നാളിയാനി ട്രൈബൽ സ്കൂളിൽ ചേർത്തത്.

അപ്പോഴും ചില പ്രതിസന്ധികൾ ബാക്കിയായിരുന്നു. എവിടെയാണ് ഞാൻ ജനിച്ചത് വീട്ടിലോ കാട്ടിലോ! ഋതുമതിയാകുന്നതോടെ സ്ത്രീകൾ ശുദ്ധാശുദ്ധസലകായത്തിൽ അകപ്പെടുകയും വീടിന്റെ പരിശുദ്ധി അവരെ പുറത്താക്കുകയുംചെയ്യുന്നു. ആർത്തവ കാലവും പ്രസവകാലവും അവർ വീടിനു പുറത്താണ്: കാട്ടിലാണ്. പാട്ടുമാടത്തിൽ കാട്ടിലായി എന്നാണ് പറയുന്നത്. ഒരുതരം അയിത്തമാണിത്. ഭക്ഷണംപോലും മാടത്തിൽ സ്വയം ഉണ്ടാക്കിക്കഴിക്കണം. വീട്ടുകാർ ഭക്ഷണം അകലെ വെച്ചുപോകും. സ്പർശസ്വാതന്ത്ര്യമില്ല. മറിച്ചായാൽ കുളിച്ചു ശുദ്ധിവരുത്തിയേ വീട്ടിൽ പ്രവേശനമുള്ളൂ. ചില മാറ്റങ്ങൾ ദൃശ്യമായിരുന്നുവെങ്കിലും എന്റെ പിറവിയും കാട്ടിലായിരുന്നു. അർധനഗ്നയായൊരു മുതിർന്ന ഈഴവ സ്ത്രീ, പാമ്പൂരിമുണ്ടി ആയിരുന്നു വയറ്റാട്ടി. പാമ്പൂരി അമ്മയുടെ രണ്ടാമത്തെ മകൻ പാപ്പന്റെയും ജന്മം ഒരേ സമയത്തായിരുന്നു. കാരിക്കോട് അമ്പലത്തിലായിരുന്നു ഞങ്ങളുടെ ചോറൂണ്.

 

കെ.എം. സലിംകുമാറി​ന്റെ വീട്​ –പഴയ ചിത്രം

കാലംമാറുകയാണ്. അതുപോലെതന്നെ വേനൽക്കാല​മോ വർഷകാലമോ ശൈത്യകാലമോ അല്ലാതെ നാഗരികതയുടെയും ആധുനികതയുടെയും കാലഗണനാ പട്ടികയിൽ ഞാനോ എന്റെ ഗോത്രമോ ഉണ്ടായിരുന്നില്ല. കാലമില്ലാത്ത ഒരു ജന്മമായിരുന്നു എന്റേത്. തിരുവിതാംകൂറിന്റെ കാലഗണന പട്ടികയിൽ. തിരുവിതാംകൂറിലെ കാലഗണന, കൊല്ലവർഷം അപ്പോൾ ആയിരം ആണ്ട് പിന്നിട്ടിരുന്നു. 1124ൽ ആയിരുന്നു എന്റെ സ്കൂൾ പ്രവേശനം. പേരും ഒരു പ്രശ്നമായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസം പിന്മാറിയ സ്​പേസിലേക്ക് പാശ്ചാത്യ ആധുനികതയോടൊപ്പം ഇരച്ചുകയറിയ ഹിന്ദു കൊളോണിയലിസം അയിത്തജാതിക്കാരെയും ഗോത്രവർഗക്കാരെയും ഹൈന്ദവവത്കരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതിനുള്ളൊരു മാർഗമായിരുന്നു.

ഗോത്രസമൂഹങ്ങളിൽനിന്ന് ശുദ്ധാശുദ്ധ സങ്കൽപവും ആർത്തവവിലക്കും പിതൃമേധാവിത്വവും എൻഡോഗമിയും ​ശൈശവ വിവാഹവുമെല്ലാം സ്വന്തമാക്കിയ ഹിന്ദൂയിസം ഹിന്ദുനാമധേയങ്ങളും മനുനീതിയും ഹൈന്ദവ ധർമശാസ്ത്രങ്ങളും വർണജാതി വ്യവസ്ഥയും തിരിച്ചുനൽകി. പ്രായം നിശ്ചയിക്കപ്പെട്ടതുപോലെ ഗോത്രനാമങ്ങളും തിരുത്തി. അധ്യാപകർക്ക് അതിനുള്ള അധികാരം നൽകി. അക്ഷരത്തോടുള്ള അഭിനിവേശം ഗോത്രങ്ങളിൽ സംശയമുണ്ടാക്കിയില്ല. മല അരയന്മാർ ഒരു നൂറ്റാണ്ടു മുമ്പുതന്നെ ഗോത്രനാമങ്ങൾ ഉരിഞ്ഞുകളഞ്ഞ് ഹിന്ദു-ക്രിസ്ത്യൻ നാമധാരികളായി മാറിത്തുടങ്ങിയിരുന്നു. അവർക്കിടയിൽ പൂർത്തീകരിക്കപ്പെട്ട ഒരു പ്രക്രിയയായിരുന്നു. ഊരാളിമാരിലേക്കും പേരുമാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശി. അതിൽപെടാത്ത ഒരാളായിരുന്നു ഞാൻ. നീലി കുഞ്ഞമ്മയെപ്പോലെ അപൂർവം ചില സ്ത്രീകളും. കടുത്തയെന്ന ട്രൈബൽ സ്വത്വത്തോടൊപ്പം അപ്പന്റെയും വീടിന്റെയും ആദ്യക്ഷരങ്ങൾ ചേർത്ത് ഞാൻ കെ.എം. കടുത്തയായി. 1949 മാർച്ച് 10ന് എന്റെ ജന്മദിനമായി രേഖപ്പെടുത്തി.

(തുടരും)

News Summary - KM Salim kumar biography