കടുത്ത

ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന െക.എം. സലിംകുമാറിന്റെ ആത്മകഥയുടെ മൂന്നാം ഭാഗം. ഗോത്രജീവിതാന്തരീക്ഷവും ബാല്യവുമാണ് ഇൗ അധ്യായത്തിൽ എഴുതുന്നത്. കോടിക്കല്ലും നാളിയാനിയും നഗരത്തിലേക്കുള്ള എന്റെ പറിച്ചുനടലിന് മുമ്പായി, ബാല്യത്തെയും നാടിനെയും കുറിച്ച് അൽപംകൂടി പറയാനുണ്ട്. അമ്മയുടെ ഇളയ സഹോദരങ്ങളായ കൊലുമ്പനും ചന്ദ്രനും സഹോദരി നീലിയും അച്ഛന്റെ സഹോദരങ്ങളായ രാമനും വെള്ളാനുമെല്ലാം ഞാൻ പഠിക്കുന്ന സ്കൂളിൽ ഉണ്ട്. എല്ലാം എന്നെക്കാൾ 10-20 വയസ്സ് മൂത്തവർ. അമ്മയുടെ ഒരു സഹോദരൻ രാമൻ പ്രായമേറിയതിനാൽ നിശാ പാഠശാലയിലും പോകുന്നുണ്ട്. അക്ഷരങ്ങളോടുള്ള ആഭിമുഖ്യമാണ് പ്രേരണ....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന െക.എം. സലിംകുമാറിന്റെ ആത്മകഥയുടെ മൂന്നാം ഭാഗം. ഗോത്രജീവിതാന്തരീക്ഷവും ബാല്യവുമാണ് ഇൗ അധ്യായത്തിൽ എഴുതുന്നത്.
കോടിക്കല്ലും നാളിയാനിയും
നഗരത്തിലേക്കുള്ള എന്റെ പറിച്ചുനടലിന് മുമ്പായി, ബാല്യത്തെയും നാടിനെയും കുറിച്ച് അൽപംകൂടി പറയാനുണ്ട്. അമ്മയുടെ ഇളയ സഹോദരങ്ങളായ കൊലുമ്പനും ചന്ദ്രനും സഹോദരി നീലിയും അച്ഛന്റെ സഹോദരങ്ങളായ രാമനും വെള്ളാനുമെല്ലാം ഞാൻ പഠിക്കുന്ന സ്കൂളിൽ ഉണ്ട്. എല്ലാം എന്നെക്കാൾ 10-20 വയസ്സ് മൂത്തവർ. അമ്മയുടെ ഒരു സഹോദരൻ രാമൻ പ്രായമേറിയതിനാൽ നിശാ പാഠശാലയിലും പോകുന്നുണ്ട്. അക്ഷരങ്ങളോടുള്ള ആഭിമുഖ്യമാണ് പ്രേരണ. എന്നാൽ, നിരക്ഷരർക്ക് അക്ഷരങ്ങളും അക്കങ്ങളും എളുപ്പം വഴങ്ങുന്നില്ല. ഒരു അക്ഷരമോ അക്കമോ സ്വായത്തമാക്കാൻപോലും ദിവസങ്ങൾ വേണ്ടിവരുന്നു. ഒരേ കാര്യത്തിനായിത്തന്നെ നിരന്തരവും കഠിനവുമായി ക്ലേശിക്കേണ്ടിവരുന്നു. സ്കൂൾ മറ്റൊരു ലോകമാണ്. ഞങ്ങളുടെ ഭാഷയും വേഷവും പെരുമാറ്റങ്ങളും സ്വഭാവങ്ങളുമൊന്നും അതിനോട് ഇണങ്ങുന്നില്ല. സ്കൂളിൽ അച്ഛനെന്നാണ് എഴുതേണ്ടത്.
അവിടെ മുത്തനും മുത്തിയും മുത്തശ്ശനും മുത്തശ്ശിയുമാകുന്നു. ആഴത്തിലുള്ള കുഴമറിയലുകളുണ്ട്. പരമ്പരാഗതമായ തങ്ങളുടെ സമ്പ്രദായങ്ങൾ പരിഹസിക്കപ്പെടുകയുംചെയ്യുന്നു. ഭക്ഷണങ്ങളും പാർപ്പിടങ്ങളും വരെ. അധ്യാപകർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അധീശത്വമായിട്ടാണ് മുന്നിൽ നിൽക്കുന്നത്. മാറിയ ലോകം പലർക്കും അസഹ്യമായിത്തീരുന്നു. ചിലർ അധ്യാപകരോട് നേരിട്ടുതന്നെ കലഹിച്ച് സ്കൂൾ വിട്ടുപോകുന്നു. മറ്റു ചിലർ നിശ്ശബ്ദരായി പിൻമാറി. ഒരു വർഷംപോലും തികക്കാതെയാണ് എന്റെ കൊച്ചപ്പൻമാർ സ്കൂൾ വിട്ടത്. നിരക്ഷരരായി വന്നവർ നിരക്ഷരരായിത്തന്നെ തിരിച്ചുപോയി. അമ്മയുടെ സഹോദരി നീലി മാത്രം അഞ്ചുവരെയെത്തി. ഇക്കാലത്ത് ഊരാളിമാർക്കിടയിൽനിന്നും വളരെ അപൂർവമായി മാത്രം അതിനപ്പുറത്തേക്ക് പോകുന്നു –പത്താംക്ലാസ് പൂർത്തിയാക്കൽ ഇല്ലതന്നെ. അക്ഷരങ്ങൾ വഴങ്ങിയതുകൊണ്ടാവും ഒരുപക്ഷേ എന്റെ അതിജീവനം സാധ്യമായത്.
കോടിക്കല്ലിനു താഴെ സ്വന്തം അധീനതയിലുള്ള വിശാലമായ ഭൂമിയിലാണ് താമസം എങ്കിലും അത് കൃഷിഭൂമിയല്ല. പ്ലാവും മാവും പോലുള്ള ഫലവൃക്ഷങ്ങളും കവുങ്ങും കുരുമുളകു ചെടികളും മറ്റുമാണ് സ്ഥിരവാസത്തിനുള്ള ലക്ഷണം. അതും വീടിനു ചുറ്റും മാത്രം. കൃഷിയും സ്ഥിരവാസവും ആരംഭിച്ചെങ്കിലും നായാട്ട് അവസാനിപ്പിച്ചിട്ടില്ല. മാറിമാറിയുള്ള ധാന്യകൃഷിയാണ് മുഖ്യം. കൊച്ചുന്നാളിലെ സന്തോഷം അധികകാലം നിലനിൽക്കാറില്ല. പിന്നെ അന്നത്തെ പട്ടിണി അകറ്റാനുള്ള ശ്രമത്തിലാണ്. കാട്ടുമൃഗങ്ങളും കിഴങ്ങുകളും തേടിയുള്ള പോക്ക് കാട്ടിലേക്ക്. ഒരു സമൂഹം മറ്റൊന്നായി പരിണമിക്കുന്നവരായി.
അമ്മവീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു. അച്ഛനില്ലാത്തതിന്റെ തീവ്ര പരിഗണന. മുത്തശ്ശനും മുത്തശ്ശിക്കും പേരക്കിടാവ്, അമ്മാവൻമാർക്ക് മരുമകൻ, കുഞ്ഞമ്മമാർക്ക് മകൻ. പട്ടിണിയായിരുന്ന നാളുകളിലും സ്നേഹത്തിന്റെ സംരക്ഷിതവലയം. അല്ലെങ്കിൽത്തന്നെ ഭർത്താവ് മരിച്ചപ്പോൾ കൂടെയുണ്ടായിരുന്ന അഞ്ചു മക്കളോടൊപ്പം മുത്തശ്ശിയെ വിവാഹം കഴിച്ച് അവരെയെല്ലാം സ്വന്തം മക്കളായി കരുതിയ ആളായിരുന്നു മുത്തശ്ശൻ. ഗോത്ര സംസ്കൃതിയിലെ നീതിബോധം. അപ്പോൾ ഭാര്യ മരിച്ച മുത്തശ്ശന് രണ്ട് പെൺമക്കളുമുണ്ടായിരുന്നു. പഠനം എങ്ങനെയായാലും സ്കൂളിൽ പോക്ക് നിർബന്ധമായിരുന്നു. ഉച്ചക്ക് കിട്ടുന്ന കഞ്ഞിയും ചമ്മന്തിയും വലിയൊരു പ്രേരണയായി. മുത്തശ്ശന്റെ വകയിലുള്ളൊരു സഹോദരൻ പറക്കാനത്ത് രാമൻ ആയിരുന്നു പാചകക്കാരൻ.
നാളിയാനി മലഞ്ചെരുവിന്റെ കിഴക്കനതിർത്തിയിലെ കാവൽക്കാരനെപ്പോലെ തല ഉയർത്തിനിൽക്കുന്ന കോടിക്കല്ലിനെയും അനുബന്ധമായി കോഴിപ്പള്ളിയെ തൊട്ടുരുമ്മി കിടക്കുന്ന പാറക്കെട്ടുകളെയും തഴുകിനിൽക്കുന്ന വനപ്രദേശത്തിന്റെയും മുളംകാടുകളുടെയും തുടർച്ചയാണിത്. കാട്ടുകോഴികൾ ചിലച്ചുതുള്ളുന്ന ആസ്വാദ്യകരമായ പ്രഭാതങ്ങൾ. അധികമകലെയല്ലാതെ മലമുകളിലെത്തുന്ന കാട്ടാനകളുടെ അലർച്ചകളിൽ ഞെട്ടുന്ന രാവുകൾ.
1957ലെ രൂക്ഷമായ കാലവർഷം ദുരന്തപൂർണമായൊരു ഓർമ ബാക്കിവെച്ചാണ് പെയ്തൊഴിഞ്ഞത്. കോഴിപ്പള്ളി ഉരുൾപൊട്ടലിൽ നിരവധിപേർ ഒലിച്ചുപോയി. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പന്നിമറ്റം കുളമാവ് റോഡിന്റെ പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ്, അവർ അന്തിയുറങ്ങിയ വനത്തിനുള്ളിലെ ഷെഡിനോടൊപ്പം ഒലിച്ചുപോയത്. കുത്തഴിച്ച ചാക്ക്, കാട്ടുകമ്പിൽ കെട്ടിയുണ്ടാക്കിയ സ്ട്രെച്ചറിൽ മൂടിപ്പുതച്ച് കാട്ടുവഴിയിലൂടെ ചുമന്നുകൊണ്ടുപോകുന്ന ഒരാളുടെ പുറത്ത് കാണാമായിരുന്ന വെളുത്ത കാലുകൾ ഒരിക്കലും മനസ്സിൽനിന്ന് മാഞ്ഞുപോയില്ല. മറ്റുള്ളവരുടെയും ശവസംസ്കാരം കോഴിപ്പള്ളിയിൽത്തന്നെ നടന്നു.
മാറിവന്ന കുമാരൻ സാറിനെ കുട്ടികൾക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. തല്ലും ശാസനയുമില്ല. എന്നോട് അദ്ദേഹത്തിന് പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. മുത്തശ്ശന്റെ അഭാവത്തോടെ ചില ദിവസങ്ങളിൽ തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. നാട്ടിൽനിന്നെത്തുന്ന അധ്യാപകർ ഏതെങ്കിലും മല അരയ വീടുകളിലാണ് താമസം. മറ്റ് കുട്ടികൾക്ക് കിട്ടാത്ത എന്തോ ഒന്ന്, സന്തോഷവും അഭിമാനവും തോന്നി. പത്താം ക്ലാസുകാരനായ കെ.പി. കുമാരന്റെ ആദ്യ നിയമനമായിരുന്നു അത്. നാളിയാനിയിലെ പട്ടികജാതി/ പുലയ വിഭാഗത്തിൽപ്പെട്ട ആളായിരുന്നു. എറണാകുളം ജില്ലയിലെ രാമമംഗലം സ്വദേശി. ഞാൻ പ്രീഡിഗ്രിക്ക് എറണാകുളത്ത് പഠിക്കുമ്പോൾ കാണാൻ ഹോസ്റ്റലിൽ എത്തി. കടമക്കുടിയിലുള്ള അവരുടെ ബന്ധുവീട്ടിലേക്ക് എന്നെയും കൂട്ടി. രാമമംഗലത്തെ സ്വന്തമായി പണിത വീട്ടിൽ പിന്നീടൊരിക്കൽ ഞാൻ പോയി. റിട്ടയർ ചെയ്തതിനുശേഷം കെ.പി.എം.എസിന്റെ സംസ്ഥാന നേതാക്കളിൽ ഒരാളായി അദ്ദേഹം. ഹൃദയസ്പർശിയായ ബന്ധം.
പാഠപുസ്തകം അല്ലാതെ ഞാൻ കാണുന്ന ആദ്യകൃതി അനന്തപൂർണമായ പ്രണയത്തെ ചിത്രീകരിക്കുന്ന ‘സരോജയുടെ കൈകളും ശങ്കരന്റെ സന്യാസവു’മാണ്. എങ്ങുനിന്നോ കിട്ടിയതാണ്. ലഘുലേഖ പോലൊരു ചെറിയ പാട്ടുപുസ്തകം. പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി ചാത്തൻ മാസ്റ്റർ 1958ൽ സ്കൂളിൽ എത്തുന്നത് ഒരു ആഘോഷത്തിന്റെ അന്തരീക്ഷത്തിലായിരുന്നു. മന്ത്രിയെ കാണാനുള്ള ആവേശമായിരുന്നു എല്ലാവർക്കും. കുളിച്ച് വേഷം മാറി നേരത്തേതന്നെ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും എത്തി. സ്വതഃസിദ്ധമായ വേഷത്തിൽ കോന്നൻ മുത്തനും. കൗപീനധാരിയുമൊന്നിച്ച് മന്ത്രി ഫോട്ടോ എടുത്തത് സംസാരവിഷയമായിരുന്നു. പൊലീസും മന്ത്രിയും ഒക്കെയുള്ള ലോകം ആദ്യമായി കൺമുന്നിൽ.
നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞു. കോടിക്കല്ലിലെ വാസം അവസാനിക്കുകയാണ്. നാളിയാനി മലഞ്ചെരിവ് ഇറങ്ങിയെത്തുന്ന കാട്ടാറ് കടന്നാൽ തേവരുപാറയായി. തുടർന്ന് കുന്നംമല കയറ്റമാണ്. ഇരുവശത്തും എഴുപുല്ലും പാറപ്പുല്ലും തിങ്ങിനിൽക്കുന്ന ഊടുവഴി. ദേഹമാകെ മുറിയും. കുത്തനെയുള്ള കയറ്റത്തിൽ തളരുന്നവർക്ക് ആശ്രയമായി വൃദ്ധരായ രണ്ട് ഈട്ടിമരങ്ങൾ. ഒറ്റയാൻ തേക്കിന്റെ ചുവട്ടിലെത്തിയാൽ ചരിവിലൂടെ സഞ്ചരിച്ച് വീട്ടിലെത്താം. വിസ്തൃതമായ ഈ പ്രദേശം കുന്നംകുടിയിലെ ഊരാളിമാരുടെ ഭൂമിയാണ്. കുന്നംമലക്ക് അരിക് തീർക്കുന്ന തുമ്പച്ചി പാറക്കും കരിപ്പലങ്ങാടിനും തൊട്ടുതാഴെ ഒരിക്കലും വറ്റാത്ത നീരുറവക്കിടയിലാണ് കുന്നംകുടി. സ്കൂളിൽനിന്നും വീട്ടിൽനിന്നുമൊക്കെ നോക്കിയാൽ തല ഉയർത്തിനിൽക്കുന്ന ഭീമാകാരനായ ഒറ്റയാൻ തേക്കും പച്ച പുതച്ചു പരത്തി വിരിഞ്ഞുനിൽക്കുന്ന ഈട്ടിമരവും കാണാം. അവ ചൂണ്ടിക്കാണിച്ചാണ് എന്റെ പിറന്ന വീടിന്റെ സ്ഥാനം കാണിക്കുന്നത്.
തേവരുപാറയിൽനിന്ന് അരയകുടിയിലൂടെ വീട്ടിലേക്ക് മറ്റൊരു വഴിയുമുണ്ട്. കുത്തനെയുള്ള കയറ്റമില്ല. മേത്തൊട്ടിയിലെ മുത്തശ്ശി മൂന്നാംതലമുറയിലെ എന്നെയും കൂട്ടി ജീവിതാന്ത്യത്തിലൊരിക്കൽ ഈ വഴിയിലൂടെ നടന്നുകയറുമ്പോൾ പെരുങ്കാടുകളും ആനയും കടുവയും കരിങ്ങോളി പാമ്പും (രാജവെമ്പാല), പട്ടിണിയും രോഗങ്ങളും പ്രകൃതിദുരന്തങ്ങളും നിറഞ്ഞ അനുഭവങ്ങളും കേട്ടറിവുകളും പറയുന്നതിനിടയിൽ അരയൻമാർ താമസിക്കുന്ന ഫലഭൂയിഷ്ഠമായ ഈ പ്രദേശങ്ങൾ വെട്ടിയും വിതച്ചും വിളവെടുത്തും പെറ്റും ചത്തും കടന്നുപോയ തന്റെ മുൻ തലമുറയെക്കുറിച്ച് അയവിറക്കുമായിരുന്നു. എന്റെ അമ്മയെ ശൈശവകാലത്തുതന്നെ തങ്ങൾ കുന്നംകുടിക്ക് കൊടുത്തതാണെന്നും അവരാണ് വളർത്തിയതെന്നും പറഞ്ഞിരുന്നു.

മാറ്റകൃഷിയോടൊപ്പം സ്ഥിരവാസമുറപ്പിച്ചവർ തോടുകളും പാറകളും വൃക്ഷങ്ങളുമെല്ലാം അതിരുകളാക്കി ഭൂമി പങ്കുെവച്ചു സ്ഥിരകൃഷി തുടങ്ങി. നിങ്ങളുടേതെന്നും ഞങ്ങളുടേതെന്നും എന്റെയെന്നും നിന്റെയെന്നുമുള്ള ചിന്ത ശക്തിപ്പെട്ടു. അച്ഛന്റെ തലമുറയിൽപ്പെട്ടവരായിരുന്നു ആദ്യത്തെ സ്ഥിരം കൃഷിക്കാർ. കുന്നംകാർക്കു പുറമെ വാളിയാംപ്ലാക്കൻ, തൊണ്ടിവേലിക്കൽ, തോളത്തിൽ എന്നീ കുടുംബങ്ങളുമുണ്ട്.
ഒരു പ്രഭാതത്തിൽ കൈയിലൊരു ചൂരൽവടിയുമായി ഭ്രാന്തമായ അവസ്ഥയിൽ പ്രത്യക്ഷപ്പെട്ട കൊച്ചച്ഛൻ (വളർത്തച്ഛന്റെ സഹോദരൻ) എന്റെ ഭയവും സങ്കടവുമായി. മുമ്പൊരിക്കൽ വയറുവേദന മാറാതിരുന്നപ്പോൾ കുപ്പിമരുന്നുമായി വന്നത് കൊച്ചച്ഛനാണ്. അറക്കുളത്തു പോയി ഡോക്ടറെ കണ്ടു വാങ്ങിയതാണെന്ന് പറഞ്ഞു വീടിനു ചുറ്റും എന്തോ പറഞ്ഞും പിറുപിറുത്തും നടക്കുകയാണ്. വീട്ടിൽ കയറുന്നില്ല. മുതിർന്നവർക്ക് ഭയവും സംശയവും ഇല്ല. കൊച്ചച്ഛൻ മന്ത്രവാദം പഠിക്കുകയാണ്. വെളിവുകേടും കാട്ടുസഞ്ചാരവുമെല്ലാം അതിന്റെ ഭാഗമാണ്. ഇക്കാലത്ത് വീട്ടിൽ കയറാനോ അവിടെനിന്ന് ശുദ്ധജലംപോലും കഴിക്കാനോ പാടില്ല. ഇരവി മുത്തന്റെ ചെകുത്താൻമാരാണ് കൊണ്ടുനടക്കുന്നത്. മുത്തൻ കൊച്ചച്ഛന്റെ അമ്മാവനും എന്റെ മുത്തച്ഛനുമാണ്. പേരുകേട്ട മന്ത്രവാദി. മനുഷ്യന്റെ രോഗങ്ങൾ മാത്രമല്ല, മലകൃഷി നശിപ്പിക്കുന്ന പെരുച്ചാഴികളെയും കാട്ടാനകളെപ്പോലും വിലക്കുന്ന മന്ത്രവാദി. അടുത്ത തലമുറയിലേക്ക് മന്ത്രവാദം കൈമാറുകയാണ്. പഠിച്ചുകഴിഞ്ഞാൽ സ്ഥിതി മാറിക്കൊള്ളും.
കുരുമുളകും കവുങ്ങും തെങ്ങും കാപ്പിയും നിറയെ പ്ലാവുകളും അങ്ങിങ്ങായി കശുമാവും മാവുമൊക്കെയുള്ള സമ്മിശ്രമായൊരു കൃഷിയിടമായിരുന്നു അച്ഛന്റേത്. പത്തു പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കാഞ്ഞാറ്റിൽനിന്ന് തലച്ചുമടായാണ് തെങ്ങിൻതൈകൾ മല കയറ്റിക്കൊണ്ടുവരുന്നത്. നൂറോളം തൈകൾ പിടിച്ചു. സമൃദ്ധമായ കുരുമുളകുമുണ്ട്.
മീനച്ചിൽ താലൂക്കിൽനിന്ന് തൊടുപുഴയിലെത്തി തുമ്പിച്ചി മല കയറി ഫോറസ്റ്റ് അതിർത്തിക്കരികെ പാറക്കെട്ടുകൾക്ക് പിറകെ കുടുംബവുമായി പാർപ്പുറപ്പിച്ച ചാമല പാപ്പൻ (ഔസേപ്പ്) ഊരളികുടിയിൽ വശത്തിന്ന് കൃഷി ചെയ്തും പശു വളർത്തിയുമാണ് ജീവിച്ചത്. അച്ഛന്റെ അഭ്യുദയകാംക്ഷി ആയിരുന്നു. അച്ഛൻ കവിളുവാർപ്പ് (ഒരുതരം കാൻസർ) രോഗിയായപ്പോൾ പാപ്പന്റെ സഹായത്താലാണ് പെരിയപുറത്ത് ചികിത്സ തേടിപ്പോയത്. കഷ്ടിച്ചുമാത്രം എഴുത്തും വായനയും അറിയാവുന്ന പാപ്പന് കണക്ക് നല്ല വശമായിരുന്നു. അളവും തൂക്കവും കൂട്ടലും കുറക്കലുമെല്ലാം അമ്മയെ പഠിപ്പിച്ചത് പാപ്പനായിരുന്നു. കുരുമുളകിന് നല്ല വില കിട്ടിയ കാലത്ത് സ്വർണമാലയും കമ്മലും മുക്കുത്തിയുമെല്ലാം അമ്മക്കും അച്ഛന് കടുക്കൻ വാങ്ങാനും കൂട്ട് പാപ്പനായിരുന്നു. കല്ലുമാലയുടെയും പിച്ചള മൂക്കുത്തിയുടെയും കാലത്തുനിന്നുള്ള വിടപറച്ചിൽ. പൊതു ആവശ്യത്തിനായി കപ്പ വാട്ടുന്ന ചെമ്പും ചെമ്പുപാത്രങ്ങളും ഓട്ടുപാത്രങ്ങളും വാങ്ങി. അപസ്മാര രോഗം ബാധിച്ച് ശയ്യാവലംബിയായി കഴിയുമ്പോൾ കാണാൻ വന്ന സമ്പന്നനായ പുളിക്കൻ പാപ്പനോട് കുറച്ച് പണം കടംചോദിച്ചിട്ട് താൻ മരിച്ചുപോവുകയാണെങ്കിൽ അതും ഈ കുഞ്ഞു കടുത്ത തരുമെന്ന് എന്നെ നോക്കി പറയുകയുണ്ടായി. അന്ന് ഞാൻ കോളജിൽ ഒന്നാംകൊല്ലം പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു.
അച്ഛന്റെ മരണം കവിളുവാർപ്പുകൊണ്ടാണെങ്കിലും രോഗം വന്നത് വാളിയാംപ്ലാക്കൽ തേനൻ മുത്തൻ (കുടിയിലെ ഏറ്റവും മുതിർന്നയാളും മന്ത്രവാദിയും) കൂടോത്രം ചെയ്തതുകൊണ്ടാണെന്നാണ് അമ്മയും അമ്മയുടെ അച്ഛന്റെ ബന്ധുക്കളും വിശ്വസിച്ചിരുന്നത്. മുതൽ ഉണ്ടായപ്പോൾ തുടങ്ങിയ കണ്ണുകടിയാണിതെന്ന് അമ്മ പറയുമായിരുന്നു. ഇത് രണ്ട് കുടുംബങ്ങൾ തമ്മിൽ അകൽച്ചയിലേക്കും ശത്രുതയിലേക്കും സംഘർഷത്തിലേക്കും നയിച്ചു. പിൻതലമുറയിലും.
1940കളിൽ നാടാകെ പടർന്നുപിടിച്ച കോളറ കുന്നംകുടിയിലുമെത്തി. ഛർദിയും വയറിളക്കും ബാധിച്ച് തൊണ്ടിവേലി കുടുംബത്തിൽ പലരും മരിച്ചു. മരിച്ചവരെ മറവുചെയ്യാൻ ആളില്ലാതായിപോലും. ഉദിരംബോക്ക് ആയിരുന്നുവെന്നാണ് ഗോത്രഭാഷ്യം. അതിനും കാരണം വാളിയംപ്ലാക്കൽക്കാരുടെ കൂടോത്രംതന്നെ. നാലാം ക്ലാസ് കഴിഞ്ഞ എന്നെ പൂച്ചപ്ര ഗവ. യു.പി സ്കൂളിലാണ് ചേർത്തത്. അഞ്ചാം ക്ലാസ് തുടങ്ങിയിട്ടേയുള്ളൂ. ഇംഗ്ലീഷ് കൂടി പഠിക്കണം. ഇറക്കം ആയതിനാൽ ഓടിയും ചാടിയും മിനിറ്റുകൾകൊണ്ട് സ്കൂളിൽ എത്തും. അഞ്ചാം ക്ലാസിൽ കഞ്ഞി അനുവദിക്കാത്തതുകൊണ്ട് ഉച്ചഭക്ഷണം കൊണ്ടുപോകണം. വീട്ടിലെത്തിയാൽ വൈകിട്ട് എഴുത്തും വായനയും. എന്നാൽ അതിലെ ശരി മാത്രമല്ല, തെറ്റുകളും കണ്ട് മാതാപിതാക്കൾ സന്തോഷിച്ചു. തിരുത്തലുകൾ ഇല്ലാത്ത ലോകം.
അഞ്ചാം ക്ലാസിൽ തോറ്റത് വീട്ടിൽ ബുദ്ധിമുട്ടുണ്ടാക്കി. നാളിയാനിയിൽ തോൽക്കാതെ പഠിച്ചതായിരുന്നുവെന്ന് നെടുവീർപ്പ്. പിണങ്ങുകയും ശാസിക്കുകയുമെല്ലാം ചെയ്യുന്നത് വിലക്കപ്പെട്ടതുപോലെ ആയിരുന്നു അച്ഛൻ. പഠനത്തിൽ എന്നോളം നിലവാരമില്ലാത്ത പത്മനാഭനും മാധവിയുമെല്ലാം ജയിച്ചത് ഞാൻ സംശയിച്ചില്ല. അവരാരും എസ്.എസ്.എൽ.സി വരെ പോലും എത്തിയില്ലെന്നത് മറ്റൊരു കാര്യം.
ഹമീദ് സാറായിരുന്നു ഹെഡ്മാസ്റ്റർ. കൃത്യമായി ക്ലാസിൽ ചെല്ലാതിരുന്നതിന്റെ പേരിൽ ശാസനയും മർദനവും കിട്ടി. ഇറങ്ങി ഇരിക്കാൻ പറയും. െബഞ്ചിൽ കയറി നിൽക്കാനായിരുന്നു ഒരിക്കൽ ഉത്തരവ്. കോളജിൽ പഠിക്കുമ്പോൾ സുഭാഷ് ചന്ദ്രബോസ് പാർക്കിൽ െവച്ച് ടൂറിനായി കൊണ്ടുവന്ന കുട്ടികൾക്കിടയിൽ യാദൃച്ഛികമായി കണ്ടുമുട്ടിയ എന്നെ അദ്ദേഹം അടുത്ത് വിളിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തന്റെ വിദ്യാർഥി ആണെന്ന അഭിമാനത്തോടെ.
വേനൽക്കാലം ആകുമ്പോൾ വെള്ളിയാഴ്ച കൂടി അവധിയെടുത്ത് മൂന്നുദിവസം കാടുകയറുന്ന സ്വഭാവം ഇക്കാലത്തുണ്ടായി. ഒന്നാംക്ലാസ് പോലും പൂർത്തിയാകാത്തവിധം നാളിയാനിയിൽനിന്ന് കടന്നുകളഞ്ഞ വെള്ളാനെ പോലുള്ളവർ കൂട്ടിനുണ്ട്. പക്ഷികളെയും ചെറുമൃഗങ്ങളെയും പിടിക്കുന്നതിന് ഊരാളിമാർക്കിടയിലുള്ള സങ്കേതങ്ങളുമായാണ് ബോക്ക്. കാട്ടിലെ ജീവികളും കാട്ടുകിഴങ്ങുകളും പക്ഷികളുമടക്കം ലഭ്യമായതെന്തും ചുട്ടുതിന്നും, കാട്ടുറവകളിലെ നീര് കുടിച്ചും കാട്ടുവള്ളികളിൽ ഊഞ്ഞാലാടിയും മൂന്ന് നാൾ.
അച്ഛനുമമ്മയും ഉണരുന്നതിനു മുമ്പെ വീട് വിടും. സന്ധ്യ മയങ്ങുമ്പോൾ വീട്ടിലെത്തും. മുഖം കറുപ്പിക്കലും വഴക്കും വകവെക്കില്ല. കുന്നിൻചരിവുകൾക്കിടയിലെ കിഴുക്കാംതൂക്കായ നീർച്ചാലുകളിലൂടെ പാറക്കല്ലുകൾ ഉരുട്ടിവിടുന്നതിനിടയിൽ ഒരു കല്ലിനടിയിൽ കണ്ട അണലി പാമ്പിനെ കെട്ടിവലിച്ച് വീട്ടിൽ കൊണ്ടുവന്നത് വലിയ വിഷയമായി. കളി കാര്യമായി. എന്നാൽ പാമ്പിനടുത്ത് ഇഴഞ്ഞുനീങ്ങിയ കുഞ്ഞുങ്ങൾ അണലി പ്രസവിക്കുകയാണെന്ന അറിവ് നൽകി.
തേനും കാട്ടുകിഴങ്ങുമെല്ലാം എന്നും ഇഷ്ടമായിരുന്നെങ്കിലും കൂടുെവച്ച് പിടിച്ച് പുറമടിയിലേക്കിടുന്ന ചെങ്കുണ്ടൻ കാവിയും (കുണ്ട്= വാലറ്റം) വെളുത്ത പുള്ളികൾ കൊണ്ടലങ്കരിച്ച കുളക്കോഴിയുടെയും, പ്രഭാതത്തിൽ ചൂളംവിളിച്ച് ഉണർത്തുന്ന കാക്കയേക്കാൾ സുന്ദരിയായ ചൂളിയുണ്ടയും, കൂട്ടംതെറ്റാതെ സഞ്ചരിക്കുന്ന കരിയിലപ്പടയും, ഉപ്പന്റെയും (ചകോരം) എല്ലാം ഞെരിഞ്ഞമരുന്ന തലകൾ അറിയാതെ തന്നെ മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു. വെരുകും മരപ്പട്ടിയും അണ്ണാനും എലിയുമെല്ലാം ഭക്ഷണമായിരുന്നുവെങ്കിലും അവയോടൊന്നും വലിയ താൽപര്യം തോന്നിയിരുന്നില്ല. ഓലിയിൽ (വെള്ളമെടുക്കുന്ന ചെറിയ കുളം) അകപ്പെട്ട ഒരു കൂട്ടം ഉറുമ്പുകളെ കരകയറ്റിവിടാൻ ഏറെനേരം ചെലവഴിച്ച ഓർമ എന്നും പിന്തുടർന്നിരുന്നു.
മനസ്സിൽ പതിഞ്ഞ ആദ്യത്തെ അധികാരരൂപം ഫോറസ്റ്റ് ഗാർഡ് നാരായണപിള്ളയുടേത്. കാക്കിയിട്ട വനപാലകൻ വീട്ടിലേക്ക് ഇറങ്ങിവന്നപ്പോൾത്തന്നെ അമ്മ അനിയത്തിയെയും കൂട്ടി വീട്ടിൽ കയറി. ഞാനും വെള്ളാനും മുറ്റത്ത് നിന്നു.
‘‘എവിടെടാ അച്ഛൻ?’’
പേടിപ്പെടുത്തുന്ന ചോദ്യം. മറുത്തു പറയുന്നതിനു മുമ്പ് പോയി വിളിച്ചുകൊണ്ടുവരാൻ കൽപന. കാട്ടിൽ മുളവെട്ടുകയായിരുന്ന അച്ഛനെ ഉടനെ പോയി വിളിച്ചുകൊണ്ടുവന്നു. തലയിൽ കെട്ടിയ മുണ്ടെടുത്ത് കക്ഷത്തിൽ െവച്ച് കൈകൾ കൂപ്പി അധികാരിയുടെ മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന അച്ഛൻ ജീവിതത്തിലുടനീളം രോഷാകുലമായ ഒരോർമയായിരുന്നു.
വേളൂർ കൂപ്പുണ്ടാക്കാൻ തേക്കിൻതൈ ശേഖരിക്കുന്നതിനും ആളെ കൂട്ടി വേളൂരെത്തിക്കുന്നതിനുമുള്ള ഓർഡറുമായിട്ടാണ് നാരായണപിള്ളയുടെ വരവ്. ഭക്ഷണം മാത്രമുള്ള കൂലിയില്ലാത്ത ജോലിയായിരുന്നു അത് –അടിമപ്പണി.
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വനപാലകരായിട്ടല്ല, വനത്തിന്റെ ഉടമകളായിട്ടാണ് ആദിവാസികൾ കണ്ടിരുന്നത്. തമ്പുരാൻ എന്നാണ് അരയൻമാരും ഊരാളിമാരും വിളിച്ചിരുന്നത്. ആദിവാസികൾക്കിടയിൽനിന്ന് തന്നെ പുരുഷൻമാരെയും കാണിക്കാരൻമാരെയും െവച്ചാണ് ഇവർ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്.
തല്ലാനും കൊല്ലാനും അധികാരമുള്ളവർ. അച്ഛന്റെ കൊച്ചച്ഛൻമാരിലൊരാളെ തങ്ങളുടെ ധിക്കാരത്തിന്റെ പേരിൽ ഫോറസ്റ്റുകാർ തല്ലിക്കൊന്നതാണ്. അദ്ദേഹത്തിന്റെ ഭാര്യ കരിക്കിമുത്തി നാലഞ്ചുകൊല്ലം മുമ്പ് മരിക്കുമ്പോഴും മനസ്സിൽ സൂക്ഷിച്ചൊരു ദുഃഖം.
കുടുംബത്തിന്റെ അധീനതയിലുണ്ടായിരുന്ന കാടുകളും മറ്റു കൃഷിസ്ഥലങ്ങളും ഇക്കാലത്ത് ഫോറസ്റ്റുകാർ അരയൻമാർക്ക് വിറ്റു. ഭൂമി കൈവശപ്പെടുത്താൻ അരയൻമാർ ഊരാളികളുമായിട്ടുള്ള കുടുംബബന്ധങ്ങൾപോലും ഉപയോഗിച്ചു. പിന്നിലുള്ളവരെ മുന്നിലുള്ളവർ കീഴടക്കുന്ന ചരിത്രത്തിന്റെ പ്രാകൃത രീതി. മുത്തശ്ശനും അച്ഛനുമെല്ലാം ഈ സന്ദർഭത്തിൽ നിസ്സഹായരായി നടക്കുന്ന കാഴ്ച കണ്ടു. ഫോറസ്റ്റുകാർ തല്ലിക്കൊന്ന മുത്തശ്ശന്റെ ഭാര്യ മാത്രം കുടുംബത്തിൽ ഇതിനെ ചോദ്യംചെയ്തു. വേട്ടയാടിയും വിനോദിച്ചും നടന്ന കാടുകളും മറ്റു കൃഷിസ്ഥലങ്ങളുമെല്ലാം കൈവിട്ടുപോകുന്നത് അസഹനീയമായിരുന്നു. ഇതിനെ ചോദ്യംചെയ്ത കുട്ടിക്കാലത്തിന് അച്ഛനിൽനിന്ന് സ്നേഹപൂർവം എനിക്ക് കിട്ടിയ ഉത്തരം ‘‘ഭൂമി നിന്റെ അപ്പന്റേതാണോ’’യെന്ന മറുചോദ്യമായിരുന്നു.

ഈയിടക്കാണ് എന്റെ കുഞ്ഞനുജത്തി രാജമ്മ മരിച്ചതും. ഇടക്ക് അമ്മയുടെ പുറത്ത് മാറാപ്പിലുറങ്ങുന്ന പ്രായം. വൈകീട്ട് ഞങ്ങളൊന്നിച്ച് ഓലിക്കൽ പോയി കുളിച്ചുവന്നതാണ്. രാത്രി പനി തുടങ്ങി. രാവിലെ കുറഞ്ഞതുപോലെ ആയിരുന്നു. അന്നുതന്നെ പനിയും വിറയലും മറ്റ് അസ്വസ്ഥതകളും കുഞ്ഞിനെ നിതാന്തനിദ്രയിലാക്കി.
അമ്മ പാട്ടുമാടത്തിലായിരുന്നു (പ്രസവകാലത്തും മെൻസസ് കാലത്തും സ്ത്രീകൾക്ക് പാർക്കാനുള്ള വീട്). മരണസമയത്ത് കുഞ്ഞിന്റെ അടുത്ത് ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, മൃതശരീരം ദൂരെനിന്ന് മാത്രം കാണേണ്ടിവന്ന ഹതഭാഗ്യ. ഗോത്രാചാരത്തിന്റെ ഭീതിദമായ ഓർമ. കുട്ടിക്കാലം ദുഃഖകാലമാക്കിയ മരണം. ചികിത്സ കിട്ടാതെ മരിച്ചുതീർത്തവർക്കിടയിൽ ഇന്ന് എന്റെ കൊച്ചനിയത്തി കൂടി. മുത്തശ്ശൻ മന്ത്രം ജപിച്ച് കുഞ്ഞുനെറ്റിയിലും പൊടി കൈകളിലും പൂശിയ ഭസ്മവും പാഴായി.
പിന്നീടൊരിക്കൽ ഇതേ മുത്തശ്ശൻ കൂടോത്രം ചെയ്തതുകൊണ്ടാണ് എന്റെ ശരീരം എപ്പോഴും ക്ഷീണിച്ചിരുന്നതെന്നാണ് മറ്റൊരു മന്ത്രവാദിയുടെ കണ്ടെത്തൽ. അച്ഛനുമമ്മയുമെല്ലാം വിശ്വസിച്ചെങ്കിലും എനിക്ക് ബോധ്യം ആയില്ല. രണ്ടാൾ പൊക്കത്തിലുള്ള മാടത്തിൽ ഏണി വഴി വലിഞ്ഞുകയറി ഞാൻ ചെല്ലുമ്പോൾ ഗുഹക്കുള്ളിൽ ഇരിക്കുന്നവണ്ണം ഇഷ്ടമറിഞ്ഞ് ചുട്ട കാട്ടുകിഴങ്ങും കൂണും ഉള്ളതെല്ലാം പങ്കുെവച്ചുതരുന്ന ആളായിരുന്നു മുത്തശ്ശൻ. പല വേനലുകളിലും കത്തി ചാമ്പലായി ആ മാടം.