ആദ്യത്തെ ജയിൽവാസം

അടിയന്തരാവസ്ഥക്കാലത്ത് പിടിക്കപ്പെട്ട് ക്രൂരമർദനമേറ്റതിന്റെയും തുടർന്ന് അനുഭവിച്ച ജയിൽവാസത്തിന്റെയും ഒാർമ എഴുതുന്നു. അക്കാലത്തെ നിയമവിരുദ്ധ കസ്റ്റഡികളും ജയിലും കോടതിയുമെല്ലാം എന്തായിരുന്നുവെന്ന് ഇൗ അനുഭവസാക്ഷ്യത്തിൽ വായിക്കാം. വീട്ടിൽനിന്നും എന്റെ കുഞ്ഞനുജത്തി ഹേന പറിച്ചുതന്ന റോസാപ്പൂവും കൈയിൽ പിടിച്ച് ഒരു മൂളിപ്പാട്ടും പാടി വളരെ ശാന്തനായി നടന്നുപോകവെയാണ് ഒരു കൊടും കുറ്റവാളിയെപ്പോലെ സർക്കിൾ ഇൻസ്പെക്ടർ അലക്സും സംഘവും എന്നെ കരിപ്പലങ്ങാടുനിന്നും കസ്റ്റഡിയിലെടുത്തത്. യഥാർഥത്തിൽ ഈ നടപടിക്ക് സാക്ഷികളുണ്ടായിരുന്നുവെങ്കിലും മഫ്തിയിലായിരുന്നു പൊലീസുകാരെന്നതുകൊണ്ട്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അടിയന്തരാവസ്ഥക്കാലത്ത് പിടിക്കപ്പെട്ട് ക്രൂരമർദനമേറ്റതിന്റെയും തുടർന്ന് അനുഭവിച്ച ജയിൽവാസത്തിന്റെയും ഒാർമ എഴുതുന്നു. അക്കാലത്തെ നിയമവിരുദ്ധ കസ്റ്റഡികളും ജയിലും കോടതിയുമെല്ലാം എന്തായിരുന്നുവെന്ന് ഇൗ അനുഭവസാക്ഷ്യത്തിൽ വായിക്കാം.
വീട്ടിൽനിന്നും എന്റെ കുഞ്ഞനുജത്തി ഹേന പറിച്ചുതന്ന റോസാപ്പൂവും കൈയിൽ പിടിച്ച് ഒരു മൂളിപ്പാട്ടും പാടി വളരെ ശാന്തനായി നടന്നുപോകവെയാണ് ഒരു കൊടും കുറ്റവാളിയെപ്പോലെ സർക്കിൾ ഇൻസ്പെക്ടർ അലക്സും സംഘവും എന്നെ കരിപ്പലങ്ങാടുനിന്നും കസ്റ്റഡിയിലെടുത്തത്. യഥാർഥത്തിൽ ഈ നടപടിക്ക് സാക്ഷികളുണ്ടായിരുന്നുവെങ്കിലും മഫ്തിയിലായിരുന്നു പൊലീസുകാരെന്നതുകൊണ്ട് പൊലീസ് എന്നെ കസ്റ്റഡിയിൽ എടുത്തുവെന്നതിന് യാതൊരു തെളിവുമുണ്ടായിരുന്നില്ല. ഓരോ അറസ്റ്റിന്റെ പിന്നിലും ഓരോ കൊലപാതകത്തിന്റെ കഴുകൻ കണ്ണുകൾ പതിയിരുന്നുവെന്നതാണ് ഇതിനർഥം. റിപ്പബ്ലിക്കിന്റെ ഒരലങ്കാരമെന്നതിനപ്പുറം ഡെമോക്രസിക്ക് പ്രസക്തിയുണ്ടായിരുന്നില്ല.
കുളമാവിലെ ഐ.ബിയിലെത്തിച്ച് അലക്സും സംഘവും ചോദ്യംചെയ്യലിന്റെ റിഹേഴ്സലിന് തുടക്കമിട്ടു. പൊലീസുകാരുമായി സഹകരിക്കാത്ത കുറ്റവാളിയായി എന്നെ പ്രഖ്യാപിക്കപ്പെട്ടു. കരിപ്പലങ്ങാടുനിന്ന് കുളമാവ് ചെറുതോണി വഴി മുമ്പൊരിക്കലും പോയിട്ടില്ലാത്ത ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലൂടെ കറക്കി കോട്ടയം നാഗമ്പടത്തിനടുത്തുള്ള ഡിവൈ.എസ്.പി ഓഫിസിലെത്തിച്ചു. തങ്കപ്പൻ നായരായിരുന്നു ഡിവൈ.എസ്.പി. അദ്ദേഹത്തിന്റെ ഓഫിസ് ഒരു മർദനകേന്ദ്രമായിരുന്നുവെന്നു മാത്രമല്ല, മർദക പരിശീലനകേന്ദ്രവുമായിരുന്നു. പൊലീസ് ക്യാമ്പിൽനിന്ന് പ്രത്യേകം വിളിച്ചുവരുത്തിയ ഒരു സംഘം യുവാക്കളായ പൊലീസ് ചെന്നായ്ക്കളുടെ വലയത്തിനുള്ളിലേക്കാണ് സി.ഐ അലക്സ് എന്നെ തള്ളിവിട്ടത്. ഉടുവസ്ത്രം എല്ലാം ഉരിയിച്ചു. ഒരു ധിക്കാരിയെന്ന് മുൻകൂട്ടി വിധിക്കപ്പെട്ട എന്നെ ശരീരഭാഷകൊണ്ട് ചോദ്യംചെയ്യാൻ ഈ ചെന്നായ്ക്കൂട്ടത്തോട് അയാൾ ആവശ്യപ്പെട്ടു. മർദനം അയാൾ തുടങ്ങിവെച്ചു. യുവ പൊലീസുകാർക്കുള്ളിലെ മൃഗങ്ങൾ ഉണർന്ന് അവർ എന്നെ പിച്ചിച്ചീന്താൻ തുടങ്ങി. വട്ടമിട്ട് ഓലപ്പന്ത് കളിക്കുന്ന കുട്ടികളെ നോക്കി പിതാവ് രസിക്കുന്ന ലാഘവത്തോടെ ഡിവൈ.എസ്.പി തങ്കപ്പൻ നായർ എന്റെ യൗവനത്തെ കടിച്ചുപറിക്കുന്നത് ആസ്വദിച്ചു. ഉള്ളംകാലുകൾ അടിച്ചുതകർത്തു. മുക്കാൽ മണിക്കൂറെങ്കിലും നീണ്ട കൊടിയ മർദനത്തിനുശേഷം ഒരിരുട്ടറക്കുള്ളിൽ അടച്ചുപൂട്ടി. എന്നെ കസ്റ്റഡിയിലെടുക്കുന്ന സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ ശ്രീധരൻ നായർ ഇടിമുറിക്കുള്ളിൽനിന്ന് പുറത്തേക്ക് വലിച്ചിഴക്കപ്പെട്ട എന്നെ കണ്ട് മേലാളർക്കെതിരെ ക്ഷുഭിതനായി പിറുപിറുക്കുന്നുണ്ടായിരുന്നു: ‘‘നീയൊക്കെ അനുഭവിക്കു’’മെന്ന്. ഭൂമിയിലോ നരകത്തിലോ; അത് അദ്ദേഹത്തിന് വിടാം.
വേദനകൊണ്ട് പുളഞ്ഞ എന്റെ വിലാപങ്ങളും രോദനങ്ങളും കേട്ട് ഭീതിയുടെ പാതാളത്തിൽ വിറങ്ങലിച്ചിരുന്ന നാല് യുവാക്കൾ എന്നെ തള്ളിയ ഇരുട്ടറയ്ക്കുള്ളിൽ ഉണ്ടായിരുന്നു. പോത്തുമറ്റംകാരൻ പാപ്പച്ചനും വണ്ണപ്പുറംകാരൻ കെ.കെ. മണിയും പാറത്തോട്ടുകാരൻ പ്രഭാകരനും മാങ്കുളംകാരൻ ദേവസ്യയും. പ്രഭാകരനെയാണ് പൊലീസ് ആദ്യം പിടികൂടിയത്. പോത്തുമറ്റം പാപ്പച്ചനും ഞാനും അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് പ്രഭാകരനുമായി ബന്ധപ്പെട്ടിരുന്നു. പിന്നാലെ പാപ്പച്ചൻ അറസ്റ്റുചെയ്യപ്പെട്ടു. അതേ തുടർന്ന് ഞാനും പിടിയിലായി. മണി വി.എസ്. നാരായണനുമായി നേരത്തേ ബന്ധമുള്ള ആളായിരുന്നു. ദേവസ്യ ആകട്ടെ പ്രസ്ഥാനവുമായി യാതൊരു ബന്ധവും ളള്ള ആളായിരുന്നില്ല. ഹരിപ്പാട്ടുകാരനായ കോൺസ്റ്റബിൾ ഭദ്രൻ ‘നപ്സൽ’ എന്ന് വിളിച്ചായിരുന്നു ദേവസ്യയെ പരിഹസിച്ചിരുന്നത്. നക്സൽ എന്ന് പറയാൻ ദേവസ്യക്ക് അറിയില്ലായിരുന്നു. എന്നെക്കൂടി ഉൾക്കൊള്ളുവാനുള്ള നീളം ഞങ്ങളെ അടയ്ക്കാൻ ഒരുക്കിയ ഇരുട്ടറയ്ക്ക് ഉണ്ടായിരുന്നില്ല. നിവർന്ന് കിടക്കാനുള്ള വീതിയുമില്ല. ഒന്നരയടി നീളവും അതിന്റെ ഇരട്ടിയിലുള്ള കിളിവാതിലുപോലൊരു ജനലിലൂടെ ആയിരുന്നു പുറംലോകം കണ്ടത്. അവിടൊരു സ്റ്റൂളിൽ ഏതെങ്കിലും കാവൽക്കാരുണ്ടാകും. ആദ്യ നാളുകളിൽ കാവൽക്കാരിൽ ചിലർ വിദ്യാഭ്യാസത്തിലല്ല തെറിയിൽ ഡിഗ്രിയെടുത്തവരായിരുന്നു. താഴിട്ടുപൂട്ടിയ ഇരുട്ടറയ്ക്ക് പുറത്ത് രാവും പകലും ആയുധമേന്തിയ മറ്റ് കാവൽക്കാരുമുണ്ട്.
രണ്ടാഴ്ചയോളം ഡിവൈ.എസ്.പി ഓഫിസിലെ ഔദ്യോഗിക ജീവിതം എല്ലാ ദിവസവും തുടങ്ങുന്നത് എന്നെ മർദിച്ചുകൊണ്ടായിരുന്നു. ഭീതിദമായ ദിനരാത്രങ്ങൾ. മർദകരുടെ ആക്രോശങ്ങളും ആക്രമണങ്ങളും ശരീരഭാഷകളും ദുഃഖസ്വപ്നങ്ങൾ തീർത്ത് ഞെട്ടിക്കുന്ന തളർന്നുമയങ്ങുന്ന ശരീരവും മനസ്സും. രണ്ടാമത്തെ ദിവസമായിരുന്നു അതിഗംഭീരം. അടിച്ചുതകർത്ത കാൽവെള്ളകളിലേക്ക് വീണ്ടും ചൂരൽ ആഞ്ഞുവീശി. മനുഷ്യന്റെ ക്രൂരതകൾക്ക് അതിരുകളില്ലല്ലോയെന്ന് തോന്നിയ സ്വാനുഭവം. അപ്പോൾ പീഡാനുഭവങ്ങളിലൂടെ മരണത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും മരണത്തെ മുഖാമുഖം കണ്ട് മടങ്ങിയെത്തിയവരും ഇക്കാലത്ത് അനുഭവിച്ച ഭീതിയുടെയും വേദനയുടെയും ആഴമെന്തായിരിക്കും.
എവിടെയെങ്കിലും അറസ്റ്റ് ചെയ്യപ്പെടുന്നവർ ഞാനുമായിട്ട് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ മർദനം ഉറപ്പാണ്. വളർത്തുമൃഗങ്ങൾക്ക് മലമൂത്രവിസർജനം നിഷേധിക്കപ്പെടുന്നില്ല. എന്നാൽ തടവറയ്ക്കുള്ളിലെ മനുഷ്യന്റെ സ്ഥിതി അതല്ല. മനുഷ്യനായിപ്പോയതിൽ ദുഃഖിക്കേണ്ടിവരുന്ന സ്ഥിതി. സഞ്ചാരവും ഭക്ഷണവും മാത്രമല്ല മലമൂത്ര വിസർജന സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെട്ടു. മൂത്രമൊഴിക്കണമെന്നു പറയുന്നവരോട് സായുധരായ പൊലീസുകാർ വലിച്ചുകുടിക്കാൻ ആവശ്യപ്പെടുന്നു.
ജീവൻ നിലനിർത്താനുള്ള ഭക്ഷണമായിരുന്നു അനുവദനീയമെങ്കിലും ആദ്യ നാളുകളിലെ ഭീകരതക്ക് അയവുവന്നപ്പോൾ സ്റ്റേഷൻ ഡ്യൂട്ടിക്ക് വരുന്നവരുടെ ബാക്കിവരുന്ന കഞ്ഞിയും കടലക്കറിയും അവർ ഞങ്ങൾക്ക് തരുമായിരുന്നു. ഒരർഥത്തിൽ ഉച്ചിഷ്ടം. എന്നാൽ, പട്ടിണിയുടെ മഹാദുരന്തകാലത്ത് മറക്കാനാവാത്ത സ്വാദിഷ്ഠമായ വിഭവങ്ങൾ. മനുഷ്യാന്തസ്സിന്റെ സെമിത്തേരിയാണത്. അവിടെ വിജയിക്കുന്നത് ആർത്തിപിടിച്ച ശരീരഭാഗങ്ങളാണ്. അന്തസ്സല്ല. ഇടുക്കി വെള്ളിയാമറ്റം സ്വദേശിയായ ജോസഫ് സാറിനെ ഒരു ദിവസമേ സ്റ്റേഷനിൽ ഇരുത്തിയുള്ളൂ. അദ്ദേഹത്തിന് ഞാനുമായിട്ടല്ലാതെ മറ്റാരുമായും ബന്ധമില്ലായിരുന്നു. ഞങ്ങളുമായി ബന്ധമില്ലെന്നാണ് ജോസഫ് സാർ പൊലീസിനോട് പറഞ്ഞിരുന്നത്. ഞാൻ പറഞ്ഞതും അദ്ദേഹത്തിന് അനുകൂലമായതുകൊണ്ട് വിട്ടയക്കപ്പെട്ടു. അദ്ദേഹം പിന്നീട് വന്ന മൂന്ന് തവണയും ഞങ്ങൾക്ക് ഭക്ഷണം വാങ്ങിത്തന്നു. രണ്ടുമാസത്തിനിടയിൽ ഒരു നേരമെങ്കിലും ഭക്ഷണം കിട്ടിയ മൂന്നു നാൾ. മദ്യഷാപ്പിനെതിരെ നടന്ന ജനകീയ സമരത്തിന്റെ മുൻനിരയിൽ നിന്ന അദ്ദേഹത്തിനെ 80കളിൽ തടിയമ്പാട്ടിലെ മദ്യലോബി അതിദാരുണമായി കൊലപ്പെടുത്തി.
നിയന്ത്രണവിധേയമല്ലാത്ത ഓരോ ആവശ്യവും മനുഷ്യനെ ആർത്തിപിടിപ്പിക്കുക മാത്രമല്ല, കൂടുതൽ അവഹേളിതനാക്കുമെന്നും എനിക്ക് തോന്നിയത് തടവറക്കുള്ളിലാണ്. പൊലീസുകാർ വലിച്ചെറിയുന്ന കുറ്റിബീഡി തടവറയിലേക്ക് കാലുകൊണ്ട് തട്ടിയിടാൻ പറയുന്ന പ്രഭാകരന്റെയും ദേവസ്യയുടെയും രൂപം മായാത്തതായിരുന്നു. അപമാനകരമായ ഈ അവസ്ഥയിൽ അൽപം അസഹ്യതയോടെ ഞാൻ ദേവസ്യയോട് സംസാരിച്ചതിലെ പരിഭവത്തിന് അദ്ദേഹം അറക്കുള്ളിലെ മൂലയിൽ ചുരുണ്ടുകൂടിയിരുന്ന് എനിക്കെതിരെ പിറുപിറുക്കുന്നുണ്ടായിരുന്നു. എനിക്ക് ഭക്ഷണത്തോടുള്ള ആർത്തിപോലെയായിരുന്നു ദേവസ്യക്കും പ്രഭാകരനും ബീഡിയോടുള്ള ആർത്തി.

ഈ സമയത്ത് പൊലീസുകാരല്ലാത്ത ഞങ്ങൾ കണ്ട ഏക വ്യക്തി ജോസഫ് സാറായിരുന്നു. അടിയന്തരാവസ്ഥയുടെ ഭീതിമൂലം മാത്രമല്ല, ഞങ്ങളെ തേടിയെത്തുന്നവർ ആരുമുണ്ടായിരുന്നില്ല. പാപ്പച്ചനും മണിയും ഞാനും ദലിതർ ആയിരുന്നു. പ്രഭാകരൻ ചെത്തുകാരനും ദേവസ്യ കൂലിവേലക്കാരനും. എന്റെ അനുഭവങ്ങളിൽ വീട്ടുകാർ ഒരിക്കലും പങ്കാളികളാകരുതെന്ന വിചാരത്തിലായിരുന്നു ഞാൻ. അതിഭീകരതയിലേക്ക് അവർ വലിച്ചിഴക്കപ്പെടുന്നത് എനിക്ക് ആലോചിക്കാൻ കഴിയുന്നതായിരുന്നില്ല. ഞാൻ പറഞ്ഞുകൊടുത്തിട്ട് ആരും തടവിലായില്ലായെന്നത് ആശ്വാസകരമായിരുന്നു.
ആഴ്ചകൾ കടന്നുപോയി. വിടുതലില്ലെന്ന് ഉറപ്പായി. സാഹചര്യങ്ങളുടെ പിൻമുറുക്കം അയയുന്നത് പ്രാഥമികാവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചുകൊണ്ടുള്ള പൊലീസ് നീക്കത്തിൽനിന്ന് മനസ്സിലായി. മലമൂത്ര വിസർജനംപോലും ഞങ്ങളുടെ മുന്നിൽ മുട്ടിൽ ഇഴവെക്കുന്നതിനുള്ള ആയുധങ്ങളായി പൊലീസുകാർ ഉപയോഗിക്കുകയായിരുന്നു. എനിക്ക് അഭിമാനം തോന്നിയത് എന്റെ ശരികളെ തെറ്റുകളാക്കാൻ എനിക്കുമേൽ നടന്ന ശാരീരികവും മാനസികവുമായ ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്നതാണ്. അവസാന നാളുകളിൽ ഒരിക്കൽ ഡിവൈ.എസ്.പി തങ്കപ്പൻ നായർ എന്നോട് പറഞ്ഞു, ‘‘സലിംകുമാറിന് ജോലി കിട്ടാതിരിക്കാൻ ഇത് തടസ്സം ആകില്ല. ഞാൻ സഹായിക്കാം.’’ എനിക്ക് പുച്ഛം തോന്നി. അയാളുടെ (DySP) ഭാര്യയുടെ സമ്മതം ഉണ്ടെങ്കിലേ നിങ്ങളുടെ കാര്യത്തിലൊരു തീരുമാനമാകൂവെന്നായിരുന്നു ഈ സമയത്ത് എ.എസ്.ഐ ശ്രീധരൻ നായരുടെ അടക്കിപ്പിടിച്ച കമന്റ്.
പരസ്പരം അറിയുമെങ്കിലും നാറുന്ന ശരീരങ്ങളായിരുന്നു ഞങ്ങളുടേത്. ‘‘കുളിച്ചില്ലെങ്കിലെന്താ നമ്മളല്ലേ അനുഭവിക്കുന്നത്’’ എന്ന് ഞാനൊരിക്കൽ സഹവാസികളോട് പറഞ്ഞു. ശരീരത്തിൽ കൈയോടിച്ചാൽ വിയർപ്പും ബീഡിപ്പുകയുമെല്ലാം ചേർന്ന് മരിച്ച ബാഹ്യചർമം ഉരുണ്ടുകളിക്കുന്നത് കാണാം. അസ്ഥികൂടങ്ങൾക്കുമേൽ ജടപിടിക്കാറായ തലമുടിയും താടിരോമങ്ങളും നീണ്ടുവളർന്ന നഖങ്ങളുമെല്ലാം പൊലീസുകാർക്ക് ആസ്വാദ്യകരമായിരുന്നു. ഒരുദിവസം ഞങ്ങളെ രാജകീയമായി കുളിക്കാൻ അനുവദിച്ചു. ‘‘ഇവനൊെക്ക ആരാകുമെന്ന് ആർക്കറിയാ’’മെന്ന് പറഞ്ഞുകൊണ്ട് ഒരു പൊലീസുകാരൻ എന്റെ തലയിൽ വെള്ളമൊഴിക്കുന്നുണ്ടായിരുന്നു. അടുത്തദിവസം ബാർബർഷോപ്പിൽ കൊണ്ടുപോയി മുടിവെട്ടിച്ചു. സെൻട്രൽ ജയിലിലേക്കാണെന്ന് ശ്രീധരൻ നായർ സൂചന നൽകിയിരുന്നു. ഒരു സായാഹ്നത്തിൽ തിരുവനന്തപുരം പൂജപ്പുര ജയിലിൽ എത്തത്തക്കവണ്ണം കോട്ടയത്തുനിന്നൊരു പൊലീസ് വാൻ പുറപ്പെട്ടു. 59 ദിവസത്തെ തടങ്കൽ ജീവിതത്തിന്റെ തുടർച്ചയിലേക്കുള്ള യാത്ര. അപ്പോൾ അടിയന്തരാവസ്ഥ നാലുമാസം പിന്നിട്ടിരുന്നു.
കൂടുതൽ ഭീകരമായ അനുഭവങ്ങളാണ് ജയിലിൽനിന്ന് പ്രതീക്ഷിച്ചത്. നടപടി ഉറപ്പാണെന്ന് ഞങ്ങൾ കരുതി. ഒന്നുമുണ്ടായില്ല. കൈവശമുള്ളതെല്ലാം ഏറ്റെടുത്ത് ജയിൽപുള്ളികളാക്കി, മിസ തടവുകാരായ നക്സെലെറ്റുകളെയും ആർ.എസ്.എസുകാരെയും പാർപ്പിക്കുന്ന സി ബ്ലോക്കിലേക്ക് കൊണ്ടുപോയി. തൊട്ടുതന്നെ സി.പി.എമ്മുകാരെ പാർപ്പിക്കുന്നു. വെള്ളവും കക്കൂസുമെല്ലാം പൊതുവാണ്. നക്സെലെറ്റുകളുടെ സെല്ലിന് അഭിമുഖമായി തന്നെയാണ് ആർ.എസ്.എസുകാരെ പാർപ്പിച്ചിരുന്നത്. അതേ ലൈനിൽ തന്നെ തങ്ങൾക്കനഭിമതരെന്നു തോന്നുന്നവരെ ഏകാന്ത തടവിൽ പാർപ്പിക്കാനായി പ്രത്യേകിച്ച് ചില സെല്ലുകളുമുണ്ട്. ഭക്ഷണത്തിനുശേഷം ഞങ്ങളെ ഓരോ മുറിയിലടച്ചു. പായും ഷീറ്റും കൂജയും തന്നിട്ടുണ്ട്. മൂത്രവിസർജനം മുറിയിൽതന്നെ. ഭീതിയകന്നൊരു രാത്രി.
രാവിലെ ആറുമണിക്ക് മുറി തുറന്നു. പ്രഭാതകൃത്യങ്ങൾക്ക് വാട്ടർ ടാങ്കിനടുത്തെത്തിയപ്പോൾ തല വെട്ടിയാൽ വിപ്ലവം നടക്കുമെന്ന് കരുതുന്നവരാണോയെന്ന് മുൻഗാമികളായി ജയിലിലെത്തിയ സത്യദാസിന്റെയും ദിലീപിന്റെയും ചോദ്യം. കിളിമാനൂർ-കുമ്മിൾ കേസുകളിൽ വെറുതെ വിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്യപ്പെട്ടവരാണ് ഞങ്ങൾ എന്നമട്ടിൽ ഞാനും പാപ്പച്ചനും നിന്നപ്പോൾ അവർ അസന്തുഷ്ടരായിരുന്നു. പിന്നീടാണറിഞ്ഞത് അവരെല്ലാം ചാരുമജൂംദാറിന്റെ ഉന്മൂലന സമരത്തെ തള്ളിപ്പറയുന്നവരായിരുന്നു. കുന്നിക്കൽ നാരായണന്റെ ആരാധകരായിരുന്ന നെടുമങ്ങാട്ടുകാരൻ ലളിതദാസും തിരുനെല്ലി കരുണാകരന്റെ ബന്ധുവായ ‘സ്ട്രീറ്റ്’ പത്രാധിപൻ സുഭാഷ് ചന്ദ്രബോസും ഈ നിലപാടുകാരായിരുന്നു.
അടുത്തുതന്നെ കോട്ടയത്തെ മറ്റൊരു മർദന കേന്ദ്രത്തിൽനിന്ന് തൊടുപുഴ സ്വദേശി വഴുതനപ്പള്ളി പാപ്പച്ചൻ, കുളമാവിൽനിന്ന് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ രാജ്മോഹൻ, ചങ്ങനാശ്ശേരിയിൽനിന്ന് സദാശിവനും രാജുവും കോട്ടയം പ്രവിത്താനം സ്വദേശി കരുണാകരൻ, അദ്ദേഹത്തിന്റെ സഹോദരൻ, പാല പൈക സ്വദേശി കുറിയ വൈദ്യൻ, അദ്ദേഹം പുനലൂർ ടൗണിൽ ആയുർവേദ ചികിത്സ നടത്തിയിരുന്നു, കുറുപ്പുന്തറക്കാരായ ഈശ്വരനും കുട്ടപ്പനും, നീണ്ടൂർക്കാരനായ അഡ്വ. ചാക്കോ, ആലപ്പുഴയിൽനിന്ന് രവി, വർഗീസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവരും വെടുക്കലിൽനിന്ന് ഗോപാലൻ, കുട്ടനാട്ടിൽനിന്ന് ലെനിൻ, ഹരിപ്പാടുനിന്ന് വേലായുധൻ, പത്തനംതിട്ട ഇലത്തൂരിൽനിന്ന് രമേശും സുരേഷും, പുനലൂർ സുകുമാരനും കൂട്ടരും, തൃശൂർ കൊടുങ്ങല്ലൂരിൽനിന്ന് അഡ്വ. മേഘനാഥൻ തുടങ്ങിയ പലരും വന്നു. ദീർഘനാളത്തെ ശാരീരികവും മാനസികവുമായ പീഡനങ്ങൾമൂലം കോലങ്ങളായി മാറിയ മനുഷ്യശരീരങ്ങളായിരുന്നു ഇവർ. കുന്തക്കാലിൽ വളഞ്ഞുവളഞ്ഞുകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്ന അഡ്വ. മേഘനാഥന്റെ കോലം ക്ഷയരോഗം കാർന്നെടുത്ത് അസ്ഥിപഞ്ജരമായി പിരിഞ്ഞുപോയ എന്റെ പിതൃസഹോദരൻ കടുത്തയെ മനസ്സിലേക്ക് കൊണ്ടുവരുമായിരുന്നു.
മനുഷ്യജീവിതത്തിന്റെ ഭീതിദമായൊരു മുഖമാണ് ജയിൽ. ടെറർ ആണ് അതിന്റെ സാധാരണ കാലത്തെ നിയമം. അസാധാരണ സന്ദർഭങ്ങളിൽ ടെററും ടോർച്ചറും. വിദ്യാർഥിയായിരിക്കുമ്പോൾ തന്റെ ഇളയ സഹോദരിയെ നിരന്തരം ശല്യംചെയ്ത യുവാവിനെ കുത്തിക്കൊന്ന അബു, മുങ്ങിക്കൊണ്ടിരുന്ന കാറിനുള്ളിൽനിന്ന് ജീവനുവേണ്ടി യാചിച്ചയാളെ ഞെക്കിക്കൊന്ന് ആഭരണക്കവർച്ച നടത്തിയ യുവാവ്, ഭാര്യവധത്തിൽ ശിക്ഷ കഴിഞ്ഞ് മടങ്ങിയ തന്നെ വിവാഹംചെയ്ത മറ്റൊരു സ്ത്രീയെക്കൂടി കൊന്ന് ജയിലിലെത്തിയ മധ്യവയസ്കൻ, സ്വന്തം കുറ്റകൃത്യങ്ങളുടെ ഭാരവുമായി ജയിലിൽ ജീവിക്കുന്ന മനുഷ്യരുടെ നിര ഇങ്ങനെ നീളുന്നു. (ശിക്ഷിക്കപ്പെടാതെ കുറ്റവാളികളെന്ന നിലയിൽ മിസ തടവുകാരുടെ ദൈനംദിന പരിഗണനകൾ സാധാരണ തടവുകാരിൽനിന്ന് വ്യത്യസ്തമായിരുന്നു. എന്നിരിക്കിലും സി.പി.എമ്മുകാരെയോ ആർ.എസ്.എസുകാരെയോ പോലെ നക്സെലെറ്റുകൾ പരിഗണിക്കപ്പെട്ടിരുന്നില്ല. ഇന്ന് ജയിലിലാണെങ്കിലും നാളെ കേരളം ഭരിക്കേണ്ടവരാണ് സി.പി.എം നേതാക്കൾ.)
ഇത്തരക്കാരാണ് ഞങ്ങൾക്ക് ഭക്ഷണം പാകംചെയ്തിരുന്നതും വിളമ്പിയിരുന്നതും. അടിമകളായ മല്ലയുദ്ധക്കാരെ ഓർമിപ്പിക്കുന്ന ശരീരഘടനകളോടുകൂടിയവരാണ് അവരിൽ ചിലർ. സമയാസമയങ്ങളിൽ കഴകളിൽ തൂങ്ങിയാടുന്ന വലിയ കുട്ടളങ്ങളിൽ ഭക്ഷണവും വഹിച്ചുകൊണ്ട് സംഘമായി അവർ എത്തും. അവരുടെ പുഴുക്കും ഉള്ളി തീയലും ചെറുപയറുകറിയും, മട്ടൻകറിയുമെല്ലാം സ്വാദിഷ്ഠമായിരുന്നു. പട്ടിണിയിലൂടെയും പട്ടിണിക്കാർക്കിടയിലൂടെയും രണ്ടു മാസത്തെ കൊടും പട്ടിണിയിലൂടെയുമെല്ലാം കടന്നുപോയവർക്ക് ഇങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരിക്കൽ വാട്ടർ ടാങ്കിനടുത്തുവെച്ച് കോട്ടയം ഏറ്റുമാനൂർ സ്വദേശിയും കർഷകത്തൊഴിലാളി നേതാവും ദലിതനുമായ അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.പി. ദേവസ്യ പൊറാട്ടയും ഇറച്ചിയും കിട്ടാത്തതിലുള്ള ദുഃഖം എന്നോട് പങ്കുവെക്കുന്നുണ്ടായിരുന്നു. അപ്പോൾ സമ്പന്നമായ സാഹചര്യത്തിൽനിന്ന് ജയിലിലെത്തുന്നവരുടെ സ്ഥിതി എന്താവും.
എന്നാൽ, ഈ ഭക്ഷണം പാകംചെയ്ത് വിളമ്പിത്തരുന്നവർക്ക് അത് കഴിക്കുന്നവരുടെ മുഖത്ത് നോക്കാനുള്ള സ്വാതന്ത്ര്യമില്ല. അതാണ് ജയിൽ. പുറകിൽ കാവൽക്കാരുമുണ്ട്. ജയിൽ വാർഡന്മാർ. ജയിൽ സൂപ്രണ്ടിന്റെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുമെങ്കിലും തടവുകാർക്ക് മുന്നിൽ വാർഡൻ ആണ് സൂപ്രണ്ട്. ജയിലിനുള്ളിലെ കോവിലിൽനിന്ന് എല്ലാ ദിവസവും ചന്ദനം ചാർത്തിയെത്തുന്ന ഞങ്ങൾക്കിടയിൽ ‘56’ എന്ന അപരനാമമുള്ള എല്ലുപിടിച്ചൊരു വാർഡൻ വിചാരിക്കുന്നത് അയാളുടെ കുടുംബസ്വത്താണ് ജയിലെന്നാണ്. രാജഭരണത്തിൽനിന്ന് ഒസ്യത്തായി കിട്ടിയ ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഫ്യൂഡൽ മാടമ്പി മനോഭാവത്തിന് യാതൊരു ഭംഗവും വന്നിരുന്നില്ല.
ജയിൽ വിമുക്തനായ ഉടൻ യാദൃച്ഛികമായി ഇയാളെ കിഴക്കേകോട്ടയിൽ െവച്ച് കണ്ടപ്പോൾ ഭരണാധികാരത്തിന്റെ എല്ലാ ഗർവുകളും നഷ്ടപ്പെട്ട് പരുങ്ങുന്നതും നല്ലപിള്ള ചമയാൻ ശ്രമിക്കുന്നതുമെല്ലാം ഞാൻ അവജ്ഞയോടെ കണ്ടു.
ഓരോരുത്തരും തങ്ങളുടേതായ വഴികളിലൂടെയാണ് സമയം തള്ളിനീക്കിയിരുന്നത്. ചിലർ വായനയിലൂടെയാണ് സമയത്തെ അതിജീവിക്കുന്നത്. രസികനും എന്നാൽ ക്ഷിപ്രകോപിയുമാണ് സ. ലളിതദാസ്. പ്രമേഹരോഗി. ജയിൽ കോമ്പൗണ്ടിനുള്ളിൽ തിളങ്ങുന്ന ഒരുതരം കല്ലുകളുണ്ട്. അവക്കിടയിൽനിന്ന് വിലപിടിപ്പുള്ളവ തിരഞ്ഞാണ് അദ്ദേഹം സമയത്തെ മറികടക്കുന്നത്.
മനുഷ്യർക്കിടയിൽ പ്രത്യയശാസ്ത്ര കലഹങ്ങൾക്ക് അന്ത്യം വിധിക്കാനാവില്ല. വിവിധ ചിന്താധാരകൾക്കിടയിലും ഒരേ ചിന്താധാരക്കുള്ളിലും അതിനുള്ള സാധ്യതകളുണ്ട്. ദേശാഭിമാനിയും ചിന്തയുമെല്ലാം മാർക്സിസ്റ്റ് പാർട്ടി നേതാക്കളിൽനിന്നുതന്നെ വാങ്ങി വായിച്ചിട്ട് അവരെ വിമർശിക്കുകയായിരുന്നു നക്സെലെറ്റുകളുടെ ഒരു പണി. ഒരിക്കൽ ഇ.എം.എസിനെ ഇത്തരത്തിൽ വിമർശിച്ചത് പാർട്ടി നേതാക്കൾക്ക് അസ്വസ്‍ഥതയുണ്ടാക്കി. അല്ലെങ്കിൽതന്നെ തങ്ങളുടെ സ്വസ്ഥത കെടുത്തുന്നവരായിട്ടാണ് അവർ നക്സെലെറ്റുകളെ കാണുന്നത്. അതിനുപുറമെയാണ് ഒരുദിവസം മാർക്സിന്റെ ‘ഗുണമോൺ ’തിയറിയുമായി ലളിതദാസ് കൊല്ലം ജില്ലയിൽനിന്നുള്ള സി.പി.എം നേതാവ് പത്മലോചനനെ സമീപിച്ചത്.
നക്സെലെറ്റ് പ്രസ്ഥാനത്തിലേക്ക് വരുന്നതിനു മുമ്പുതന്നെ ലളിതദാസിന് പത്മലോചനനുമായി ബന്ധമുണ്ടായിരുന്നു. സൗഹൃദപൂർവം പത്മലോചനനെ ലളിതദാസ് മച്ചാൻ എന്നാണ് വിളിച്ചിരുന്നത്. മച്ചാൻ മാർക്സിന്റെ ഗുണമോൺ തിയറി വായിച്ചിട്ടുണ്ടോ എന്ന ലളിതദാസിന്റെ ചോദ്യത്തിന് പത്മലോചനൻ ഉണ്ടെന്ന് മറുപടി നൽകി. മാത്രമല്ല, പുസ്തകം വീട്ടിലുണ്ടെന്നും. രസികനായ ലളിതദാസ് പരോളിൽ പോകുമ്പോൾ ഈ കൃതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഗൗരവം വിടാതെ ലളിതദാസ് ഈ കാര്യം ചില മാർക്സിസ്റ്റ് നേതാക്കളെയും നക്സെലെറ്റുകളെയും അറിയിച്ചു. ‘ഗുണമോൺ തിയറി’. കേട്ടവരിലെല്ലാം ചിരി പടർത്തി. അമളി പറ്റിയ പത്മലോചനനും മാർക്സിസ്റ്റ് നേതാക്കളും ജയിലിൽെവച്ച് നക്സെലെറ്റുകൾക്കെതിരായി സ്വീകരിക്കാവുന്ന ഏറ്റവും കുറഞ്ഞ നടപടി സ്വീകരിച്ചു. നക്സെലെറ്റുകൾക്ക് പുസ്തകം കൊടുക്കാൻ പാടില്ലെന്നു തീരുമാനിച്ചു.

സ്വന്തം സഖാക്കളുടെ പാണ്ഡിത്യ ഗർവിനുണ്ടായ തിരിച്ചടി അവർക്ക് അസഹനീയമായിരുന്നു. അതേസമയം അക്ഷരത്തിനുവേണ്ടി ദാഹിക്കുന്ന യുവാക്കൾക്ക് പുസ്തകം വിലക്കിയാലോ. അതും ഇ.എം.എസിനെപ്പോലുള്ളവരുടെ കൃതികൾ. എസ്. രാമചന്ദ്രപിള്ള അടക്കമുള്ള നേതാക്കളാണ് അത് ചെയ്തത്. സി.പി.എമ്മുകാരെ എ ക്ലാസ് തടവുകാരായി പ്രഖ്യാപിക്കപ്പെടുകയും കൂടുതൽ സുഖസൗകര്യങ്ങളോടുകൂടി മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയതിനുശേഷവും പുതുതായി കൊണ്ടുവരുന്ന സഖാക്കളെ ഞങ്ങളുടെ സി ബ്ലോക്കിൽ നാലഞ്ചുദിവസം പാർപ്പിച്ചാണ് മാറ്റുന്നത്. സുപ്രസിദ്ധ കാഥികനായിരുന്ന വി. സാംബശിവനും ആനത്തലവട്ടം ആനന്ദനുമെല്ലാം ഇവ്വിധം സി ബ്ലോക്കിൽ വന്നുപോയവരാണ്. ഇവർ ബ്ലോക്ക് മാറുമ്പോൾ പുസ്തകം എത്തിച്ചുതരാമെന്ന് വാഗ്ദാനംചെയ്തിരുന്നുവെങ്കിലും അത് നടപ്പായില്ല. അക്ഷരം വിലക്കുന്ന പാർട്ടി തീരുമാനം അനുസരിക്കാൻ അവരും ബാധ്യസ്ഥരായിരുന്നു.
കമ്യൂണിസ്റ്റുകാരുടെ പാണ്ഡിത്യഗർവിനെക്കുറിച്ച് നക്സെലെറ്റുകൾക്കിടയിൽതന്നെ ഈ കാലത്ത് ജയിലിൽ കേട്ടൊരു കഥയുണ്ട്. വെള്ളത്തൂവൽ സ്റ്റീഫനെപ്പറ്റിയായിരുന്നു അത്. അന്ന് സ്റ്റീഫനായിരുന്നു കേരളത്തിൽ ഏറെ അറിയപ്പെട്ടിരുന്ന നക്സ െലെറ്റ് നേതാവ്. സ്റ്റീഫന് ജയിലിൽ െവച്ച് മാർക്സിസ്റ്റ് കൃതികൾ വായിക്കാൻ കഴിയുന്നില്ലപോലും. അതും മലയാള കൃതികൾ. കാരണം ജയിലിന് വെളിയിൽവെച്ചുതന്നെ അദ്ദേഹം അവയെല്ലാം വായിച്ചുകഴിഞ്ഞതാണ്. പിന്നെ തന്റെ ഇംഗ്ലീഷ് പ്രാഗല്ഭ്യം വെളിപ്പെടുത്തുകയും വേണം.
സി.പി.എമ്മുകാർ അക്ഷരവിലക്കേർപ്പെടുത്തിയപ്പോൾ ആർ.എസ്.എസുകാരനായ ഭീമഭട്ട് മാതൃഭൂമിയും മലയാള മനോരമയും ഇന്ത്യൻ എക്സ്പ്രസുമെല്ലാം വായിക്കാൻ തരുമായിരുന്നു. ഭഗവദ് ഗീതയും മഹാഭാരതവുംപോലുള്ള ഹൈന്ദവ കൃതികൾക്ക് അവർ വിലക്കേർപ്പെടുത്തിയിരുന്നില്ല. വൈക്കം ഗോപകുമാറും, തൊടുപുഴ ചാലങ്കോട് രാജനും (അയ്യപ്പദാസ്) ജയിൽ വിമുക്തരായതിനുശേഷവും കാണുമ്പോൾ സൗഹൃദം പുലർത്തുന്നവരായിരുന്നു. ആർ.എസ്.എസ് സഹയാത്രികനായതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട നെയ്യാറ്റിൻകര സ്വദേശി റിട്ട. ലെ. കേണൽ മാധവൻ നായർ ഈ മുറിയിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു. കുടുംബത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നതിൽ ഏറെ ദുഃഖാകുലനായൊരു മനുഷ്യൻ. ഒരിക്കൽ വായിച്ചുകൊണ്ടിരുന്ന എന്റെ മടിയിൽ തലവെച്ച് മയങ്ങിപ്പോയ അദ്ദേഹം പെട്ടെന്ന് ‘‘എന്റെ മോനെ’’ എന്ന് വിളിച്ചുകൊണ്ട് ഞെട്ടിത്തെറിച്ചത് ഞാനോർക്കുന്നു. വർഷങ്ങൾക്കുശേഷം എറണാകുളം പബ്ലിക് ലൈബ്രറിയുടെ അടുത്തുവെച്ച് അദ്ദേഹത്തെ കണ്ടു. മകളെ എറണാകുളത്ത് വിവാഹംചെയ്തെന്ന് പറഞ്ഞു. വാർധക്യം ഏറെ ബാധിച്ചിരുന്നു.
ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനകത്ത് സാമൂഹികനീതിയുടെ പ്രശ്നം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ജയപ്രകാശ് നാരായണനെപ്പോലുള്ളവർക്കൊപ്പം നേതൃത്വം നൽകിയ അശോക് മേത്തയെപ്പോലുള്ള ജനാധിപത്യ സോഷ്യലിസ്റ്റുകളും ജയിലിലായി. ഒരു രാത്രിയിൽ ഹരിപ്പാട്ടുകാരനായ മധ്യവയസ്കൻ വേലായുധൻ സഖാവിനെ ഒറ്റ സെല്ലിലേക്ക് മാറ്റി. കൂടെയുള്ള തന്നേക്കാൾ മുതിർന്ന പ്രഭാകരൻ സാറിനെ കൈയേറ്റംചെയ്തതിനാണ് മാറ്റിപ്പാർപ്പിക്കൽ. വേലായുധൻ സഖാവ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പ്രഭാകരൻ സാർ നായർ സമുദായ അംഗവും. തന്റെ നടപടി ന്യായീകരിച്ചുകൊണ്ട് വേലായുധൻ സഖാവ് പറഞ്ഞത് പ്രഭാകരൻ സാർ തെന്ന ജാതീയമായി ആക്ഷേപിക്കാൻ ശ്രമിച്ചുവെന്നായിരുന്നു. ആർ.എസ്.എസുകാരനായ നമ്പൂതിരിക്കു മാത്രമല്ല നക്സലൈറ്റുകാരനായ നായർക്കും തുറസ്സായൊരു സഹവാസത്തിനിടയിൽ അധീശത്വ ജാതിബോധത്തെ മറികടക്കാനാവുന്നില്ലെന്ന് ചിന്തിപ്പിച്ച ഒരനുഭവമായിരുന്നു അത്.