Begin typing your search above and press return to search.

എ​ന്റെ കുട്ടിപ്രണയം

എ​ന്റെ കുട്ടിപ്രണയം
cancel

പ്രണയത്തെയും വിവാഹത്തെയും കുറിച്ച് എഴുതുകയാണ് ഈ അധ്യായത്തിൽമനുഷ്യ സംസ്കൃതിയിലെ ഏറ്റവും വലിയ പ്രഹേളികകളിലൊന്നാണ് വിവാഹം. ചരിത്രത്തിലൊരിക്കലും അതിന് ഏകതാനമായൊരു രൂപമില്ല. പൊതുസമ്മതം ആവശ്യമുള്ളപ്പോൾ തന്നെ രഹസ്യ സമ്മതമായും അത് നിലനിൽക്കുന്നു. പ്രണയാർദ്രമായ ജീവിതവുമായി മാത്രമല്ല, ദുരന്തങ്ങളായും ഏറ്റുമുട്ടലുകളായും കലാപങ്ങളായും അത് മനുഷ്യനെ പിന്തുടരുന്നു. ഇന്നും അങ്ങനെയൊരു ദുരന്ത വാർത്ത കണ്ടു. പ്രണയത്തിന് ഒരു പെൺകുട്ടിക്ക് ലഭിച്ച വധശിക്ഷയെക്കുറിച്ച്. ദുരഭിമാനക്കൊല. കർണാടകയിലെ മുഗൂരി ഗ്രാമത്തിലാണ് സംഭവം. ഒരു ദലിത് യുവാവിനെ പ്രേമിച്ചതിന്റെ പേരിൽ സുവർണ എന്ന പെൺകുട്ടിയെ അവളുടെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
പ്രണയത്തെയും വിവാഹത്തെയും കുറിച്ച് എഴുതുകയാണ് ഈ അധ്യായത്തിൽ

മനുഷ്യ സംസ്കൃതിയിലെ ഏറ്റവും വലിയ പ്രഹേളികകളിലൊന്നാണ് വിവാഹം. ചരിത്രത്തിലൊരിക്കലും അതിന് ഏകതാനമായൊരു രൂപമില്ല. പൊതുസമ്മതം ആവശ്യമുള്ളപ്പോൾ തന്നെ രഹസ്യ സമ്മതമായും അത് നിലനിൽക്കുന്നു. പ്രണയാർദ്രമായ ജീവിതവുമായി മാത്രമല്ല, ദുരന്തങ്ങളായും ഏറ്റുമുട്ടലുകളായും കലാപങ്ങളായും അത് മനുഷ്യനെ പിന്തുടരുന്നു.

ഇന്നും അങ്ങനെയൊരു ദുരന്ത വാർത്ത കണ്ടു. പ്രണയത്തിന് ഒരു പെൺകുട്ടിക്ക് ലഭിച്ച വധശിക്ഷയെക്കുറിച്ച്. ദുരഭിമാനക്കൊല. കർണാടകയിലെ മുഗൂരി ഗ്രാമത്തിലാണ് സംഭവം. ഒരു ദലിത് യുവാവിനെ പ്രേമിച്ചതിന്റെ പേരിൽ സുവർണ എന്ന പെൺകുട്ടിയെ അവളുടെ അച്ഛനും സഹോദരങ്ങളും ബന്ധുക്കളും ചേർന്ന് യുവാവിന്റെ വീട്ടിൽ കെട്ടിത്തൂക്കി കൊന്നതിന്റെ വാർത്ത. അച്ഛൻ ഒരു സാധാരണ പൗരനല്ല. ഒരിക്കൽ രാജ്യത്തിന്റെ ഭരണസാരഥ്യം വഹിച്ച ജനതാദളിന്റെ പ്രാദേശിക നേതാവാണ്.

ഗോത്രപരതയുടെ രൂഢമൂലമായ തായ് വേരുകളുള്ളൊരു സ്ഥാപനമാണ് ഇന്നും കുടുംബം. തന്മൂലം ജാതികളുടെയും ഉപജാതികളുടെയും മതങ്ങളുടെയും ബലിഷ്ഠമായ കെട്ടുപാടുകളിലാണ് ഓരോ വിവാഹവും നടക്കുന്നത്. അതിനെ ഭേദിക്കുവാൻ ശ്രമിക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാവിധികൾക്കോ ദുരന്തങ്ങൾക്കോ വിധേയമാവുകതന്നെ ചെയ്യും.

ഗോത്രനിയമം പാലിച്ച് മു​ത്തച്ഛൻമാരിലൊരാൾ എനിക്കായി വളർത്തുന്ന മുറപ്പെണ്ണിനെ കണ്ടുകൊണ്ടാണ് എന്റെ ബാല്യകാലം പിന്നിട്ടത്. ​അതൊഴിവായപ്പോൾ രക്ഷിതാക്കൾ ഗോത്രത്തിൽനിന്നുതന്നെ മറ്റൊരു വിവാഹം ആലോചിച്ചു. അപ്പോഴൊന്നും വിവാഹം അജണ്ടയായിരുന്നില്ലായെന്നതുകൊണ്ടല്ല, അതിന്റെ ഗോത്രപരതയെ നിഷേധിക്കണമെന്നുണ്ടായിരുന്നു. സഞ്ചാരവഴികളിൽ സ്വാഭാവികമായി സംഭവിക്കേണ്ട ഒരു കാര്യമായിട്ടാണ് വിവാഹത്തെ കണ്ടത്. അതൊരു കണ്ടെത്തലാണ്. മനസ്സിനു മാത്രമല്ല ആശയങ്ങൾക്കും ഇണങ്ങുന്നതായിരിക്കണം ജീവിതസഖി. സൗഹാർദങ്ങൾക്കും ബന്ധങ്ങൾക്കുമിടയിലൂടെയുള്ള ഒരന്വേഷണമായിരുന്നു വിവാഹം. അതി​ന്റെ ഭാഷ നിശ്ശബ്ദമായിരുന്നു. അതിനിടയിലാണ് എനിക്ക് ഇഷ്ടമുള്ള ഒരു പെൺകുട്ടി എന്റെ വിവാഹത്തെക്കുറിച്ച് ആരാഞ്ഞത്. ഇടവട്ടത്ത് രാഘവന്റെ സഹോദരി ജി. ആനന്ദവല്ലി. തങ്ങളിലേക്കുതന്നെ ആഴ്ന്നിറങ്ങുന്ന വിവാഹാന്വേഷണമായി അത് മാറി. ചോദ്യങ്ങളും ഉത്തരങ്ങളും തിരിച്ചറിവുകളുമായി നിലവിലുണ്ടായിരുന്ന സാഹോദര്യബന്ധങ്ങൾക്കപ്പുറത്തേക്ക് മനസ്സുകൾ കടന്നുപോയി.

വിവാഹത്തെക്കുറിച്ചുള്ള ആലോചനകൾക്ക് മൂർത്തരൂപം വന്നു. ഞാനറിയാതെ തന്നെ എന്നിലെ സ്വാധീനശക്തിയായൊരു പെൺകുട്ടിയായിരുന്നു ആനന്ദവല്ലി. ജയിലിൽനിന്ന് വന്ന എന്നെ ഏറെ ആരാധനയോടെയാണ് അവൾ നോക്കിക്കണ്ടത്. തടവറ ജീവിതത്തെക്കുറിച്ചും മർദന​ങ്ങളെക്കുറിച്ചുമെല്ലാം ചികഞ്ഞറിഞ്ഞ് ഞെട്ടുകയും അഭിമാനിക്കുകയുംചെയ്തിരുന്നു. ഒരു സഹയാത്രികയുടെ മനസ്സോടെ. ജയിൽമോചിതനായ എന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഡോക്ടറെ കാണുന്നതിന് പിന്നിൽ അവളുടെ ഉത്കണ്ഠയു​മുണ്ടായിരുന്നു. അനുജത്തി പുഷ്പവല്ലി പ്രീഡിഗ്രിക്ക് തോറ്റപ്പോൾ തുടർന്ന് പഠിക്കാനും നനഞ്ഞൊലിച്ച വീട് ഒരിക്കൽ കെട്ടിമേയുന്നതിനും സഹായിക്കുവാൻ പ്രേരിപ്പിച്ചത് അവളായിരുന്നു. കടത്തിൽ കുടുങ്ങിയ അച്ഛനെ ഒരിക്കൽ സഹായിച്ച​തിനോട് യോജിപ്പില്ലായിരുന്നു. അച്ഛൻ കുടുംബത്തിന്റെ ഉത്തരവാദിത്തം ഒട്ടും വഹിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. വല്ലപ്പോഴും ഊടുവഴികളിലൂടെ വീട്ടിലേക്ക് നടന്നടുക്കുമ്പോൾ ഓടിവന്ന് ഒപ്പം ആനയിക്കുന്ന നിഷ്കളങ്കമായ സ്വാതന്ത്ര്യം എന്റെ മനസ്സി​ന്റെയും ശരീരത്തിന്റെയും മേലുള്ള സ്വാധീനമാക്കിക്കൊണ്ടാണ് അവൾ വിവാഹത്തെക്കുറിച്ച് ആരാഞ്ഞത്.

ഇടവട്ടത്ത് കൊച്ചുതറയിൽ ഗോപാലന്റെയും പങ്കജാക്ഷിയുടെയും മകളായിരുന്നു ആനന്ദവല്ലി. അഞ്ചു മക്കളിൽ മൂന്നാമത്തെയാൾ. രാഘവനും പ്രകാശനുമാണ് മൂത്തവർ. പുഷ്പവല്ലിയും പ്രസാദും ഇളയവർ. രാഘവന് ആയിടക്ക് ഫോറസ്റ്റിൽ ജോലികിട്ടി. അച്ഛനമ്മമാരും പ്രകാശനും കൂലിവേലക്കാരാണ്. കുടികിടപ്പവകാശം കിട്ടിയ ഒരു തുണ്ടു ഭൂമിയിൽ മണ്ണുപിടിച്ചുയർത്തിയ തറയിൽ ഒരു മുറിയും, അടുക്കളയും ചാർത്തും തിണ്ണയുമുള്ള ഒരോലപ്പുര വീട്. വീടിന്റെ മുന്നിൽ തിണ്ണയോട് ചേർന്ന് ഒരു തെങ്ങുണ്ട്. പിന്നിൽ ചാഞ്ഞുനിൽക്കുന്നൊരു പേരമരം. ഒരുവശത്ത് ഒറ്റച്ചുവട്ടിൽ കായ്ച്ചുതുടങ്ങിയ രണ്ട് തൈപ്ലാവുകൾ. മറുവശത്ത് മുറ്റത്തോട് ചേർന്ന് നാട്ടുതോട്ടിലേക്ക് ചേരുന്ന ഒന്നു രണ്ട് ആൾ താഴ്ചയുള്ള ഒരു തോട്. അതിന്റെ കരയിൽ നിരന്നുനിൽക്കുന്ന കൈത​ച്ചെടികൾ അടുക്കളക്ക് ഒരു മറയാണ്. ഒരിക്കൽ മൂവാറ്റുപുഴയാർ കലിയിളകി ഒഴുകിയപ്പോൾ മുങ്ങിക്കൊണ്ടിരുന്ന ഇടവട്ടത്തെ വീടിന്റെ തിണ്ണയിൽനിന്ന് കുട്ടനമ്മാവന്റെ വള്ളത്തിൽ ഞാൻ വട്ടയാറിൽ വൈക്കം റോഡിലിറങ്ങിയിട്ടുണ്ട്.

രാഷ്ട്രീയമൊന്നുമില്ലെങ്കിലും അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലത്ത് ഗൗരീദാസൻ നായരെപ്പോലുള്ളവരുടെ സ്റ്റഡി ക്ലാസുകളിൽ പ​ങ്കെടുത്തിട്ടുണ്ട്. അഞ്ചു തേങ്ങ കുടികിടപ്പുകാരായിരുന്ന സി.കെ. വിശ്വനാഥനെപ്പോലുള്ളവരുടെ കുടുംബാംഗങ്ങളാണ് കമ്യൂണിസ്റ്റ് പാർട്ടികൊണ്ട് നേട്ടമുണ്ടാക്കിയതെന്നാണ് അച്ഛന്റെ പക്ഷം. അമ്മയുടെ സഹോദരൻ മണകുന്നം വാവ കോൺഗ്രസ് പ്രവർത്തകനും കൃഷിക്കാരനുമാണ്. അകന്നൊരു സഹോദരൻ ഇടവട്ടം ഗോപാലൻ കോൺഗ്രസ് നേതാവും. മറ്റൊരു സഹോദരൻ കുമാരൻ ഇടവട്ടത്തെ പുലയർക്കിടയിൽ സർക്കാർ ശമ്പളം പറ്റുന്ന ആദ്യത്തെ ആളാണ്; അധ്യാപകൻ. അമ്മ ഏഴാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തെ പുതിയ ജീവിതത്തിന്റെ സാധ്യതയായി ഗൗരവമായി കാണുന്നവരുടെ തലമുറയിൽപ്പെട്ടതായിരുന്നു പങ്കജാക്ഷിയും ഗോപാലനും. തങ്ങൾ പരമ്പരാഗത തൊഴിലിൽ ഏർപ്പെടുമ്പോഴും അടുത്ത തലമുറയെ അതിൽനിന്ന് വിലക്കി. അർധ പട്ടിണിക്കിടയിലും കൂലിവേലയിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമുപയോഗിച്ച് മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുവാൻ തീവ്രമായി ശ്രമിച്ചു. അമ്മക്കായിരുന്നു അതിലേറെ പ്രതിബദ്ധത. ഒരിക്കലും പെൺകുട്ടികളെ അവർ പാടത്തേക്കയച്ചില്ല.

70കളുടെ തുടക്കത്തിൽ രാഘവനുമൊത്ത് അവരുടെ വീട്ടിലെത്തുമ്പോൾ അഞ്ചിലോ ആറിലോ പഠിക്കുന്ന സുന്ദരിയായൊരു ബാലിക ആയിരുന്നു ആനന്ദവല്ലി. വാത്സല്യപൂർവം ഞാനവളെ ‘കുട്ടി’ എന്നാണ് വിളിച്ചിരുന്നത്. എടീ എന്നത് അതിന്റെ വിശേഷണമായി. രക്തബന്ധുക്കളായ ചില സഹോദരിമാരെയും അവരെപ്പോലെ തോന്നിയ അപൂർവം ചിലരെ​യും മാത്രമേ ആ വിശേഷണത്തോടെ വിളിച്ചിരുന്നുള്ളൂ. പിൽക്കാലത്താകട്ടെ ഈ വിശേഷണം മകൾക്കുപോലും ചാർത്തിയില്ല, എന്റെ ഭാഷയിൽനിന്ന് എടുത്തുകളയുകയും ചെയ്തു.

 

ഉന്മേഷവും ചുറുചുറുക്കുമുള്ളൊരു പെൺകുട്ടിയായിരുന്നു ആനന്ദവല്ലി. തന്നേക്കാൾ ഏറെ പ്രായം കുറഞ്ഞ അനി​യത്തിയെ നോക്കി പീടികയിൽ പോയും വെള്ളം കോരിയും വസ്ത്രം കഴുകിയും ഭക്ഷണമുണ്ടാക്കിയും പണമില്ലെങ്കിൽ അരിയോ മറ്റോ കടം വാങ്ങാൻ അയൽപക്ക​േത്തക്ക് പാഞ്ഞും വീട്ടിലും പരിസരങ്ങളിലുമവൾ പാറിപ്പറന്നു നടന്നു. സമപ്രായക്കാരും മുതിർന്നവരുമായി കൂട്ടുകൂടിയും ഇളയവരെ ലാളിച്ചും എല്ലാവരുമായി അവൾ സൗഹൃദത്തിലായിരുന്നു. വട്ടമുഖവും തിളങ്ങുന്ന വലിയ കണ്ണുകളും നുണക്കുഴികളും നീളൻ തലമുടിയുമുള്ള കറുപ്പും വെളുപ്പുമല്ലാത്തൊരു സുന്ദരിയായ ബാലികയായിരുന്നു അവൾ.

എന്നാൽ, ജയിൽമുക്തനായി ഞാൻ ചെല്ലുമ്പോൾ അവളുടെ ഉന്മേഷവും പ്രസരിപ്പുമെല്ലാം ചോർന്നുപോയിരുന്നു. സന്ധിവാതം പിടിപെട്ട് കാൽപാദങ്ങളിലും, മുഖത്തുമെല്ലാം നീരാണ്. വിട്ടുമാറാത്ത പനി. അലോപ്പതിയും ആയുർവേദവുമെല്ലാം പരീക്ഷിച്ചെങ്കിലും രോഗം മാറിയില്ല. പത്താം ക്ലാസിലായപ്പോൾ പലപ്പോഴും ക്ലാസിൽ പോക്കു തന്നെ മുടങ്ങി. എസ്.എസ്.എൽ.സി തോറ്റു. വീണ്ടുമെഴുതിയെങ്കിലും കിട്ടിയില്ല. സഹപാഠികളായ അനുജത്തിയും കൂട്ടുകാരായ രാജുവും മനോഹരനുമെല്ലാം വിജയികളായി കോളജിലെത്തി. പഠിക്കാൻ താനും ഒട്ടും മോശം അല്ലായിരുന്നുവെങ്കിലും രോഗവും കുടുംബസാഹചര്യങ്ങളും തന്നെ പരാജയപ്പെടുത്തിയെന്ന ദുഃഖത്തിലായിരുന്നു. ഒപ്പം തന്നോട് വീട്ടുകാർ വിവേചനപരമായി പെരുമാറുന്നുവെന്ന തോന്നലും അവളിൽ വളർന്നുവന്നു. 5 രൂപയേ വേണ്ടിയിരുന്നുള്ളൂവെങ്കിലും രോഗത്തിന് മാസാമാസം ചെയ്യേണ്ടിയിരുന്ന പെനിഡ്യൂൾ ഇൻജക്ഷൻ മുടങ്ങിയിരുന്നു. അത് കൃത്യമായി ചെയ്യാമെന്ന് ഉറപ്പു കൊടുക്കുകയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പോയി വിദഗ്ധനായൊരു ഡോക്ടറെ കണ്ട് അഭിപ്രായമാരായുകയുംചെയ്തു. ഇൻജക്ഷൻ പിന്നെ മുടങ്ങിയില്ല. യഥാർഥത്തിൽ ആ ഇൻജക്ഷൻ എടുക്കാൻ പോകുമ്പോൾ അവർക്ക് കൂട്ട് ആവശ്യമായിരുന്നു. അത്ര വലിയ ക്ഷീണവും അസ്വസ്ഥതയും ഉണ്ടായിരുന്നു, മുമ്പതുണ്ടായില്ലെന്ന് സങ്കടം പറഞ്ഞു.

വൈക്കം താലൂക്ക് ഹോസ്പിറ്റലിൽനിന്ന് ഇൻജക്ഷൻ എടുത്ത് അതിന്റെ ക്ഷീണം മാറുമ്പോൾ ഭക്ഷണവും കഴിച്ച് ഞങ്ങൾ സ്റ്റാൻഡിൽ ​െവച്ച് പിരിയും. അതുപോലെ തന്നെ തോറ്റ വിഷയങ്ങൾക്ക് ഗൈഡുകൾ വാങ്ങി കൊടുത്ത്, ഇടയ്ക്ക് വീട്ടിൽ ചെന്ന് ക്ലാസെടുത്തും പഠനത്തിൽ ഞാൻ മേൽനോട്ടം വഹിച്ചു. രോഗത്തെയും വീട്ടുകാരുടെ വിവേചനങ്ങളെയും മറികടക്കുവാനുള്ള വാശിയോടെ അവൾ പഠിച്ചു. റിസൽട്ട് അറിയുന്ന ദിവസം ഞാനും വീട്ടിൽ ഉണ്ടായിരുന്നു. ജയി​െച്ചന്നറിഞ്ഞപ്പോൾ അവളാകെ സന്തോഷിച്ചു. ​പക്ഷേ, വീട്ടിലാരും അറിഞ്ഞ ഭാവം കാണിച്ചില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. പ്രത്യേകിച്ചും വിദ്യാഭ്യാസത്തെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അമ്മ. ചില രക്ഷിതാക്കൾ അങ്ങനെയാണ്. മക്കളെയെല്ലാം ഇതുപോലെ വളർത്താനാണ് ശ്രമിക്കുന്നതെങ്കിലും അവർ വിജയിക്കുന്നവർക്കൊപ്പമായിരിക്കും. കോളജിൽ പോകണമെന്ന അവളുടെ ആഗ്രഹത്തെയും അവർ പിന്തുണച്ചില്ല. ഞാൻ തന്നെ മുൻകൈയെടുത്ത് തലയോലപ്പറമ്പ് ഡി.ബി കോളജിൽ പ്രവേശനം കിട്ടി. തന്റെ ജൂനിയറായി ചേച്ചി ചെന്നിരിക്കുന്നത് അനിയത്തി പുഷ്പവല്ലി മാനഹാനിയായിട്ടാണ് കണ്ടത്.

കുടുംബത്തെ ഒരു വിപ്ലവകാരിയെപ്പോലെ അവൾ വിമർശിച്ചു. ചോദ്യംചെയ്തു, ആക്രമിച്ചു. പരസ്യമായും അല്ലാതെയും. അതൊരു പോരാട്ടമായിരുന്നു. അതിനായി തന്റെ സൗഹൃദബന്ധങ്ങളെയും അവൾ ഉപയോഗിച്ചു. അച്ഛനും മൂത്ത ചേട്ടനുമെല്ലാം അതിന് വിധേയമായി. അവരുടെ നടത്തിപ്പുകാരിയായിരുന്ന അമ്മയായിരുന്നു പ്രത്യക്ഷ എതിർപക്ഷം. തന്നിഷ്ടക്കാരിയും അഹങ്കാരിയുമായി അവളെ വീട്ടിൽ മുദ്രകുത്തി. കുടുംബത്തിനെതിരെ ആരംഭിച്ച ഈ ഏകാംഗ പോരാട്ടത്തിന്റെ പിൻബലം ഞാനാണെന്ന മട്ടിൽ വീട്ടുകാർ എനിക്കെതിരെയും തിരിഞ്ഞു. എനിക്കെതിരായ സംഭാഷണങ്ങൾ തുടർന്നപ്പോൾ പ്രൊട്ടക്ടറായിരുന്ന അവളുടെ നീക്കം വീണ്ടും വീട്ടുകാരെ പ്രകോപിപ്പിച്ചു.

കുടുംബത്തിന്റെ കുറ്റവിചാരണ എന്റെ മുന്നിലായിരുന്നു. അച്ഛനാണ് തന്നെ ഏറെ സ്നേഹിച്ചിരുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് പണിയെടുത്തു കിട്ടുന്നതിന്റെ സിംഹഭാഗവും വ്യക്തിപരമായി വിനിയോഗിക്കുന്ന രീതിയെ കുറ്റപ്പെടുത്തി. വേലക്കൂലിയെ പറ്റി ചോദിച്ചാൽ കയർക്കും. തരുന്നത് വാങ്ങാനേ പറ്റൂ. രണ്ടു നേരമേ വീട്ടിൽ ഭക്ഷണമുള്ളൂ. അച്ഛനെ പോലുള്ളവർ ഭക്ഷണത്തിന് ചായക്കടയെ ആശ്രയിക്കും. വീട്ടിലെ ഭക്ഷണം സമയത്ത് കിട്ടിയില്ലെങ്കിൽ കോപിച്ച് ബഹിഷ്‍കരിക്കും. സ്വന്തം വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത വിവാഹം ആയതിനാൽ ഭാര്യവീട്ടിൽ താമസിക്കേണ്ടി വന്ന ആളാണ്. കളിയായിപ്പോലും അതേക്കുറിച്ചു പറഞ്ഞാൽ പൊട്ടിത്തെറിക്കും. അമ്മയുമായി കലഹിച്ച് ചിലപ്പോൾ വീടുവിട്ട് നടക്കുന്നത് കണ്ടിട്ടുണ്ട്. ത​ന്റെ ഛായയിലുള്ളൊരു പെൺകുട്ടി ഭർത്താവ് മരിച്ചൊരു ഈഴവ സ്ത്രീയിൽ ഉണ്ടെന്ന് ജനസംസാരമുണ്ട്. ഇങ്ങനെ പോകുന്നു അച്ഛനെതിരായ ആരോപണങ്ങൾ.

തനിക്കേറെ സ്നേഹവും ബഹുമാനവും മൂത്തചേട്ടൻ രാഘവ​നോ​ടാണെന്ന് ചൂണ്ടിക്കാട്ടി രാഘവന്റെ സ്വഭാവവ്യതിയാനത്തെ വിമർശിച്ചു. ചെറിയ കുറ്റങ്ങൾക്കുപോലും അച്ഛൻ ചേട്ടൻമാരെ പിടിച്ചുകെട്ടി തല്ലുന്നത് കണ്ടിട്ടുണ്ട്. രംഗം ശാന്തമാകുമ്പോൾ സാന്ത്വനവും സഹായവുമായിരുന്നു താൻ. എല്ലാ അച്ഛനമ്മമാരും അങ്ങനെയാണ്. രാത്രിയായാൽ ഭാര്യയെ തല്ലുകയും പകൽ തന്റെ കാണപ്പെട്ട ദൈവമാണ് ഭാര്യയെന്നു പറയുകയും ചെയ്യുന്ന ആളാണ് അയൽവാസിയായ പവിത്രൻ ചേട്ടന്റെ അച്ഛൻ. കടുത്ത കമ്യൂണിസ്റ്റുമാണ്. രാഘവൻ ചേട്ടന് കോളജിൽ പ്രവേശനം കിട്ടിയപ്പോൾ ഞങ്ങളൊക്കെ സന്തോഷിച്ചു. കോളജിൽനിന്ന് സ്റ്റൈപൻഡ് കിട്ടിയപ്പോൾ എറണാകുളത്തുനിന്ന് ഉടുപ്പുകൾ വാങ്ങി കൊണ്ടുവന്നു. അവധിക്കാലത്ത് അച്ഛനോടൊപ്പം പാടത്ത് കളപൂട്ടാൻ പോകും. പവിത്രൻ ചേട്ടനായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാരൻ. അമ്മയുടെ അകന്നൊരു സഹോദരി അവിവാഹിതയായ അമ്മയായപ്പോൾ കുട്ടിയുടെ പിതൃത്വം സ്ഥാപിച്ചെടുക്കുന്നതിനായി സമരം നടത്തിയത് അവരുടെ മുൻകൈയിലാണ്.

60കളുടെ അവസാനം പത്താംക്ലാസ് പാസായ അപൂർവം ചില പുലയ സ്ത്രീകളിൽ ഒരാളായിരുന്നു അവർ. വയലാറെന്നറിയപ്പെടുന്ന ഈഴവനായൊരു സി.പി.എമ്മുകാരന്റെ മകനായിരുന്നു പ്രതി. പ്രശ്നമായപ്പോൾ അയാൾ നാടുവിടുകയും വിവാഹിതനാവുകയും ചെയ്തു. എസ്.എൻ.ഡി.പിക്കാരാണ് സഹായിച്ചത്. അയാൾക്കെതിരായി വീട്ടുപടിക്കൽ നടന്നൊരു സമരം അവസാനിച്ചത് 5 സെന്റ് ഭൂമി നൽകാമെന്ന വ്യവസ്ഥയിലായിരുന്നു. പുലയരും പരവരും തങ്ങളെ അവഹേളിക്കാൻ നടത്തുന്ന നീക്കമായിട്ടാണ് ഈഴവർ ഇതിനെ കണ്ടത്. ഒരിക്കൽ ഈഴവർ തല്ലിച്ചതച്ച് നാട്ടുതോട്ടിലേക്ക് തള്ളിയിട്ട തെങ്ങുകയറ്റ തൊഴിലാളിയായൊരു യുവാവിനെ രക്ഷിച്ചത് ചേട്ടനാണ്. മറവൻ തുരുത്തിൽനിന്ന് നടന്നുവരികയായിരുന്ന തന്റെ അച്ഛനെ പിന്നാലെ കൂടി വഴിനീളെ പുലഭ്യം പറയുകയും മർദിക്കുകയുംചെയ്ത ആളെ നാട്ടുതോട്ടിലെ കുളക്കടവിൽ ​െവച്ച് വെട്ടിവീഴ്ത്തിയത് ത​ന്റെ കൺമുന്നിൽ ​െവച്ചായിരുന്നു.

വെട്ടുകൊണ്ടയാൾ ഈഴവനും വെട്ടിയ ആൾ പരവനുമായതുകൊണ്ട് ആളുകൾ ചേരിതിരിഞ്ഞു. വെട്ടുകൊണ്ടയാളെ ഈഴവർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മർദനമേറ്റ് വെള്ളത്തിൽ കിടന്നയാളെ സഹായിക്കാൻ ആരുമുണ്ടായില്ല. അംഗസംഖ്യ കുറവായതിനാൽ ഈഴവർക്ക് മുന്നിലെത്താൻ പരവർക്ക് ധൈര്യമുണ്ടായിരുന്നില്ല. അപ്പോഴാണ് താൻ അറിയിച്ചിട്ട് ചേട്ടൻ ഓടിയെത്തി ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയത്. ഈഴവർക്ക് അതിൽ അമർഷമുണ്ടായെങ്കിലും പുലയരുമായൊരു ഏറ്റുമുട്ടലിന് അവർ തയാറായില്ല. അംഗബലംകൊണ്ട് തുല്യരായതുകൊണ്ട്. അപ്പോഴെല്ലാം ചേട്ടനെക്കുറിച്ച് വലിയ അഭിമാനമായിരുന്നു. ഉദ്യോഗം കിട്ടിയപ്പോൾ ചേട്ടന്റെ സ്വഭാവത്തിൽ വലിയ വ്യതിയാനമുണ്ടായി.

ചേട്ടന്റെ കാലടിയിലെ സുഹൃത്തുക്കളെല്ലാം മദ്യപാനികളാണ്. ചേട്ടനും മദ്യപിക്കുന്നുണ്ട്. ഉദ്യോഗസ്ഥരായ അയ്യപ്പൻകുട്ടിച്ചേട്ടനും ലതച്ചേച്ചിയും വിവാഹിതരായപ്പോൾ വീട്ടിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ വഴക്കുകേൾക്കേണ്ടിവന്നത് താനാണ്. വീട്ടിന്റെ ശോചനീയാവസ്ഥ ലതച്ചേച്ചിയിൽനിന്ന് മറച്ചുവെക്കുന്നതിനുള്ള വ്യഗ്രതയായിരുന്നു ഇതിന് പിന്നിൽ. അയ്യപ്പൻകുട്ടി സഹോദരിയെ കെട്ടിച്ചയച്ച വീടായിട്ടും ഇങ്ങനെ ചിന്തിക്കുവാൻ കഴിയുന്നത് എന്തുകൊണ്ടാണ്. ഹിപ്പോക്രസിയാണിത്. തന്റെ വിവാഹത്തെപ്പറ്റി വീട്ടിൽ പറയുന്നതു കേൾക്കാം. അതു താനല്ലേ തീരുമാനിക്കേണ്ടത്. വീട്ടിൽ കുറച്ചുനാളായി നിൽക്കുന്ന അച്ഛന്റെ അനന്തരവൻ ശരിയല്ല. അമ്മയുമായും അനുജത്തിയുമായും ചേർന്ന് അയാൾ തന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു. അതൊരു ഗൂഢാലോചനയാണ്. ഇങ്ങനെ പോകുന്നു കുടുംബത്തെക്കുറിച്ചുള്ള കുറ്റവിചാരണ.

സഹജമായ സ്വാതന്ത്ര്യബോധത്തോടൊപ്പം സത്യസന്ധതയും സ്വഭാവശുദ്ധിയും സ്വാഭിമാനബോധവും പ്രതിബദ്ധതയും ഉള്ള ഒരു പെൺകുട്ടിയായിരുന്നു ആനന്ദവല്ലി. സ്വന്തം ജീവിതസങ്കൽപങ്ങൾക്കനുസരിച്ച് ശരിയും തെറ്റും തിരിച്ചറിയുന്ന, ത​ന്റെ ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുവാനും അത് നേടിയെടുക്കുവാനും അവൾ ശ്രമിച്ചു. കുടുംബബന്ധങ്ങൾക്കുള്ളിലെ സ്വേച്ഛാധികാര കേന്ദ്രങ്ങളെയും ജീർണതകളെയും ചോദ്യംചെയ്യുവാൻ ധീരതയുള്ളൊരു പെൺകുട്ടിക്ക് മാത്രമേ തന്റെ സ്വാതന്ത്ര്യത്തെ പറ്റി ചിന്തിക്കാനാവൂ. രക്തബന്ധത്തിന്റെ പേരിൽ കുടുംബത്തിൽ ഇടംനേടി തന്നെ നിയന്ത്രിക്കാനും അപമാനിക്കാനും ശ്രമിക്കുന്ന അച്ഛന്റെ അനന്തരവനെ പുറത്താക്കാനുള്ള ശ്രമം കുടുംബഘടനക്കുള്ളിലെ ജീർണതക്കെതിരായ നീക്കമായിരുന്നു. മുറച്ചെറുക്കനും മുറപ്പെണ്ണുമെന്ന ഭാവനകൂടി ഉൾപ്പെടുന്ന ഈ ബന്ധം വിവാഹപൂർവ ലൈംഗികബന്ധത്തിനും പെൺകുട്ടികളെ ചൂഷണംചെയ്യുന്നതിനുമുള്ള ഒരുപാധിയാണ്. ഇത്തരം ബന്ധങ്ങളിലൂടെ തകർന്നുപോയ കുടുംബങ്ങളുണ്ട്, ജീവിതങ്ങളുണ്ട്. രണ്ടു പെൺകുട്ടികളുള്ളൊരു വീട്ടിലാണ് യാതൊരു വിവേചനവും ഇല്ലാതെ തങ്ങാൻ അയാൾക്ക് അവസരമൊരുക്കി കൊടുത്തിരിക്കുന്നത്. അയാളെ വീട്ടിൽ നിർത്തരുതെന്നാവശ്യപ്പെട്ടുകൊണ്ട് അച്ഛന് ഞാനൊരു കത്തെഴുതി, ആനന്ദയുടെ നിർബന്ധത്തിന് വഴങ്ങി. അതിന് ഫലമുണ്ടായി.

 

നാട്ടുതോട്ടിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചക്കാലം കരിപ്പലങ്ങാടുണ്ടായിരുന്ന രാഘവ​ൻ ചേട്ടൻ പറഞ്ഞുകേട്ട അനുഭവങ്ങളുണ്ട്. അച്ഛനുമൊരിക്കൽ കരിപ്പലങ്ങാട് ​പോയിട്ടുവന്ന് അവിടത്തെ കാര്യങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്. വിവാഹം എന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വദേശത്തിന്റെ നഷ്ടമാണ്. മ​റ്റൊരർഥത്തിൽ ദേശം തീർത്ത അതിർത്തികൾ ഭേദിക്കാനുള്ള അവസരമാണ്. ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്കുള്ള പറിച്ചുനടീലാണ്. എന്നാൽ താൻ എത്തുന്ന ദേശത്തെക്കുറിച്ചും ദേശവാസികളെക്കുറിച്ചും നേരറിവുകളൊന്നുമില്ല. ദല്ലാളൻമാരുടെ ബോധ്യങ്ങളിലൂടെയാണ് അവൾ ഭാവി ദേശത്തെക്കുറിച്ച് അറിയുന്നത്. വിവാഹത്തോടുകൂടി മാത്രമേ അവർക്ക് ഭർതൃദേശത്ത് പ്രവേശനം ഉള്ളൂ. എന്റെ വീടും നാടും കാണണമെന്നത് ആനന്ദവല്ലിയുടെ ഒരാഗ്രഹമായിരുന്നു. ഒന്നിച്ചു ജീവിക്കാൻ ആലോചിച്ചതോടെ ഈ ആഗ്രഹത്തിന്റെ നിർവഹണം അനിവാര്യമായിത്തീർന്നു.

അങ്ങനെയാണ് അനുജത്തി പുഷ്പവല്ലിയോടൊപ്പം ഇടുക്കിക്ക് പോയത്. തന്റെ ഭാവിദേശം നേരിട്ടറിയാൻ ഒരു പടിഞ്ഞാറൻ ഗ്രാമത്തിൽനിന്ന് കിഴക്കൻ കുഗ്രാമത്തിലേക്കുള്ളൊരു യാത്ര. മൂലമറ്റത്തുനിന്നും വളഞ്ഞും പുളഞ്ഞുമുള്ള മലകയറ്റം ഉത്കണ്ഠപ്പെടുത്തിയെങ്കിലും ഒരു അനുരാഗ യാത്രയുടെ ഹരത്തോടെ ആസ്വദിച്ചു. രണ്ടുദിവസം കരിപ്പലങ്ങാട്ട് താമസിച്ചു. ഭൂപ്രകൃതിയും കാലാവസ്ഥയും ഭക്ഷണവും മാത്രമല്ല മനുഷ്യപ്രകൃതിയിലും വ്യത്യാസങ്ങളുണ്ട്. എല്ലാം നേരിടാമെന്ന മട്ടിൽ സന്തുഷ്ടയായിട്ടാണ് മടക്കയാത്ര നടത്തിയത്. മണ്ണിൽ പണിയെടുത്തു ജീവിക്കാമെന്ന് മാത്രമായിരുന്നു ഞാൻ കൊടുത്ത ഉറപ്പ്. എന്റെ സഹയാത്രികയായി എപ്പോഴും വേണമെന്നതായിരുന്നു എനിക്ക് കിട്ടേണ്ടിയിരുന്ന ഉറപ്പ്. അത് ഞാൻ ചോദിക്കാതെ അവൾ തരികയോ ചെയ്തില്ല.

അവളുടെ സ്നേഹവും ബഹുമാനവും നിറഞ്ഞ യൗവനവും സൗന്ദര്യവും സ്വതന്ത്ര ചിന്തയും യുക്തിബോധവും സാംസ്കാരിക നിലവാരവും വടിവൊത്ത കൈയക്ഷരങ്ങൾപോലും എനിക്കിഷ്ടമായിരുന്നു. കണ്ടും അറിഞ്ഞും ഇടപെട്ടും വളർന്നു വന്നൊരു പ്രണയകാലത്തിന്റെ തുറന്നുപറച്ചിലായിരുന്നു ഈ സന്ദർഭം, താരതമ്യേന ശൂന്യതയിൽനിന്നുണ്ടാകുന്നൊരു ജീവിതമാണ്. പ്രത്യാശകളും ആശങ്കകളും പങ്കിട്ടു. അറിയാതിരിക്കാനും കാണാതിരിക്കാനും കഴിയാത്തൊരു മാനസികാവസ്ഥയിലേക്ക് ഇത് ഞങ്ങളെ നയിച്ചു. അന്നെനിക്ക് 30 വയസ്സും ആനന്ദക്ക് 22 വയസ്സുമായിരുന്നു. അവളാണ് എന്റെ പ്രായം ആദ്യം ചോദിച്ചത്. എന്നാൽ, 30 വയസ്സായി എന്നു പറഞ്ഞ് തന്റെ പുറകെ നടന്നതാരാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. എനിക്ക് എന്റെ മുന്നിലോ എന്റെ ഒപ്പമോ നടക്കുന്ന ഒരു കൂട്ടുകാരിയെയാണ് വേണ്ടിയിരുന്നത്. അത് ഞാൻ ആനന്ദവല്ലിയിൽ കണ്ടു.

യാത്രക്കിടയിലും കരിപ്പലങ്ങാട് താമസിക്കുന്നതിനിടയിലും ഞങ്ങളുടെ പെരുമാറ്റങ്ങളിലും ഇടപെടലുകളിലും പുഷ്പവല്ലിക്കുണ്ടായ ന്യായമായ സംശയങ്ങളും ആശങ്കകളും വീട്ടിലറിഞ്ഞതോടെ പ്രണയരഹസ്യം കലാപമായി. വീട്ടിലേക്കുള്ള എ​ന്റെ സന്ദർശനം വിലക്കപ്പെട്ടു. ഇത്തരം കാര്യങ്ങൾ അറിഞ്ഞ് അണ്ണൻ തിരുവനന്തപുരത്തുനിന്ന് എത്തി, സൗഹാർദമായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വഴങ്ങിയില്ല. വ്യക്തമായ കാരണങ്ങൾ ഒന്നും പറയുന്നില്ലെങ്കിലും അവർ ഞങ്ങളുടെ ബന്ധത്തെ ശക്തമായി എതിർത്തു. അന്ന് സായാഹ്നത്തിൽ കാട്ടിക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ മുറ്റത്ത് മണൽവിരിപ്പിൽ അപ്പച്ചനുമൊത്തിരുന്ന് ഇനിയെന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോൾ അണ്ണൻ പറഞ്ഞു, ‘‘മറ്റു വഴികളൊന്നുമില്ല; ആനന്ദ വരുമെങ്കിൽ വിളിച്ചുകൊണ്ടുപോവുക.’’ വിവാഹത്തിന്റെ ഏറ്റവും ലളിതവും എന്നാൽ, മനുഷ്യബന്ധങ്ങളുടെ പ്രാകൃതകാലത്ത് ഏറ്റവും സംഘർഷാത്മകവുമായ രൂപം. മനസ്സും ശരീരവും പരസ്പരം കൈമാറിയ പ്രണയിനികൾക്ക് മുന്നിൽ മറ്റൊരു അഭിപ്രായം അണ്ണന് അസാധ്യമായിരുന്നു.

ഇവിടെ പുരുഷന്റെ സന്നദ്ധതമാത്രം പോരാ, സ്ത്രീയുടെ ദൃഢമായ തീരുമാനവും വേണം. ദേശത്തോടൊപ്പം കുടുംബത്തിന്റെയും ഗോത്രത്തിന്റെയും ജാതിയുടെയുമെല്ലാം ഭേദനമാണ്. താൻതന്നെ തന്റെ ജീവിതം തീരുമാനിക്കുന്ന സന്ദർഭമാണിത്. കൂട്ടത്തിലെ ഒരംഗം കൂട്ടത്തിൽനിന്ന് വ്യത്യസ്തത നേടുകയും വ്യതിചലിക്കുകയും മാറുകയുംചെയ്യുന്നു. സ്വത്വമാറ്റമാണിത്. പ്രണയാർദ്രമായൊരു ബന്ധത്തിന്റെ വൈയക്തിക സുഖാനുഭൂതിക്കുള്ളിൽതന്നെ രക്തബന്ധങ്ങളുടെ വിച്ഛേദനത്തിന്റെ നീറ്റലും സ്ത്രീ അനുഭവിക്കേണ്ടിവരുന്നു. ജനിച്ച ദേശത്തേക്കുള്ള മടങ്ങിവരവ് ഒരു വിവാഹവും മുടക്കുന്നില്ല. പക്ഷേ, കുടുംബത്തെയും ജാതിയെയും ഗോത്രത്തെയും നിഷേധിച്ചുള്ള ഒരു വിവാഹം പിന്നീ​ടൊരു തിരിച്ചുവരവ് അസാധ്യമാക്കുന്നു. ലിഖിതവും അലിഖിതവുമായ എല്ലാ വ്യവസ്ഥകളും മനുഷ്യവ്യക്തിയെ ബന്ധനസ്ഥ/ ബന്ധനസ്ഥനാക്കുന്നത് ഇത്തരം വിലക്കുകൾ നിലനിർത്തിക്കൊണ്ടാണ്. എന്നാൽ, അതിനെ മറികടക്കുന്നതിനുള്ള ഉത്ബുദ്ധരായ വ്യക്തികളുടെ സ്വാത​േന്ത്ര്യച്ഛയും നിശ്ചയദാർഢ്യവുമാണ് എല്ലാ വ്യവസ്ഥിതികളുടെയും പുനർനിർമിതിയുടെ മുഖ്യമായൊരു വശം. എന്തുകൊണ്ടാണ് നക്സലൈറ്റായ സലിംകുമാറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് രോഗശയ്യയിലായിരിക്കെ എഴുത്തുകാരനായ അരുൺ ചോദിച്ചപ്പോൾ ‘‘ഒരു വലിയ ആളെ വിവാഹം കഴിക്കണമെന്നതായിരുന്നു തന്റെ സ്വപ്ന’’മെന്ന് ആനന്ദവല്ലി പറയുന്നുണ്ടായിരുന്നു.

തങ്ങളുടെ ഭാവനക്കും സാധ്യതകൾക്കുമിടയിൽനിന്നാണ് ഓരോരുത്തരും സ്വന്തം സ്വപ്നങ്ങൾ നെയ്യുന്നത്. വലുപ്പവും ചെറുപ്പവുമെല്ലാം ക​ണ്ടെത്തുന്നത്. ജയിലിൽനിന്നെത്തിയ നക്സ​െലെറ്റായ എന്നിലാണവൾ തന്റെ സങ്കൽപത്തിലെ ആ വലിയ മനുഷ്യനെ കണ്ടെത്തിയത്. കൂലിവേലക്കപ്പുറത്തേക്ക് സ്വന്തം പെൺകുട്ടികളെ വിഭാവനംചെയ്ത രക്ഷിതാക്കൾ ന്യായമായ ഒരു സർക്കാർ ഉദ്യോഗസ്ഥനെ പ്രതീക്ഷിക്കുന്നുണ്ട്. താഴേത്തട്ടിൽനിന്ന് ഔന്നത്യത്തിലേക്കുള്ള സുരക്ഷിതമായ വഴിയാണിത്. എന്നാൽ, എന്റെ തലമുറയിൽപെട്ട കീഴ്ത്തട്ടിൽനിന്നുള്ള വിദ്യാസമ്പന്നരുടെ പൊതു രീതിയിൽനിന്ന് ഭിന്നമായി സർക്കാർ ഉദ്യോഗം തന്നെ വേണ്ടെന്നു​െവച്ച്, വീടും നാടും വിട്ട്, ദരിദ്രർക്കിടയിലൂടെ വിപ്ലവസ്വപ്നങ്ങളുമായി അലഞ്ഞുതിരിഞ്ഞു നടന്നൊരു യൗവനമായിരുന്നു എന്റേത്. എന്നെ ആദ്യം കാണുമ്പോൾ ‘ഒരന്ധൻ’ ചേട്ടന്റെ കൂടെ വരുന്നുണ്ടെന്ന് താൻ അമ്മയോട് പറഞ്ഞതായി അയാൾ പറഞ്ഞിട്ടുണ്ട്. എന്റെ കോങ്കണ്ണും വേഷവിധാനങ്ങളും പ്രഥമദൃഷ്ട്യാ സൃഷ്ടിച്ചൊരു ഇമേജായിരുന്നു അത്. അതിനെയെല്ലാമവൾ സ്നേഹിക്കുകയും ആരാധിക്കുകയുംചെയ്തെന്ന് വ്യക്തം.

(തുടരും)

News Summary - km salim kumar biography